കുറച്ചു ദിവസമായി വിചാരിക്കുന്നു ഒരു കത്തെഴുതണമെന്ന്....ജോലിത്തിരക്കുകൾക്കിടയിൽ സമയം കിട്ടാതെ പോയി...ഇപ്പോൾ എഴുതണം എന്ന് തീരുമാനിച്ചുറച്ചതുകൊണ്ട് സമയം ഞാൻതന്നെ ഉണ്ടാക്കിയെടുത്തു.....നിന്നെക്കുറിച്ചോർക്കുമ്പോൾ അത് എന്റെ ബാല്യകാലം കൂടി ഓർക്കുന്നതിന് തുല്യമാണ്.. എന്റെ ബാല്യത്തെക്കുറിച്ച് ഇപ്പോഴും ഓർക്കുമ്പോൾ അതിൽ നിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്...എത്രയെത്ര നല്ല കാഴ്ചകളാണ് നീ എനിക്ക് സമ്മാനിച്ചത്...നിന്നിലൂടെയാണ് ഞാൻ രാമായണം എന്തെന്നും മഹാഭാരതം എന്തെന്നും അറിഞ്ഞത്....നിനക്കറിയാമോ ഇപ്പോഴും ഏതെങ്കിലും രാമായണ കഥ വായിച്ചാൽ എന്റെ മനസ്സിൽ അതിലെ കഥാപാത്രങ്ങളുടെ മുഖത്തിന്റെ സ്ഥാനത്ത് ഓർമ്മവരുന്നത് നീ അന്ന് കാണിച്ചുതന്ന മുഖങ്ങളാണ്. ചില ദിവസങ്ങളിൽ സിനിമയോ ചിത്രഗീതമോ ഒക്കെ കാണുമ്പോൾ ഇടയ്ക്ക് വച്ച് 'ഈ പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു' എന്ന തലക്കെട്ട് സ്‌ക്രീനിൽ തെളിയുമ്പോൾ സത്യം പറയട്ടെ...എനിക്ക് വളരെ ദേഷ്യം തോന്നിയിട്ടുണ്ട്.....തിരനോട്ടം എന്ന പരിപാടി എനിക്ക് തന്നിരുന്ന പരിപാടികളെക്കുറിച്ചുള്ള അറിയിപ്പ്...മറക്കാൻ സാധിക്കുന്നില്ല ഇന്നും....എനിക്ക് വളരെ കൃത്യമായി അറിയാമായിരുന്നു ഏതൊക്കെ ദിവസങ്ങളിൽ ഏതൊക്കെ കാഴ്ചകളാണ് നീ ഒരുക്കിയിരിക്കുന്നതെന്ന്. അടുത്തയാഴ്ച വീണ്ടും ആ ദിവസം എത്തും വരെ എന്തൊരു ആകാംക്ഷയായിരുന്നു. എത്രയെത്ര ഞായറാഴ്ചകളിൽ സ്‌കൂളിൽ പോകുന്നതിനു പോലും ഞാൻ ഇത്ര നിഷ്ഠയോടെ എഴുന്നേറ്റുകാണില്ല,,പക്ഷെ ഞാൻ ഉറങ്ങിപ്പോയാൽ ജംഗിൾ ബുക്ക് കാണാൻ സാധിക്കില്ല എന്ന് വിചാരിച്ച് രാവിലെ നേരത്തെ ഉണർന്നിരുന്നത്, അതുപോലെ തന്നെ വൈകുന്നേരം ആകാൻ കാത്തിരുന്നിട്ടുണ്ട് ഞാൻ..നിന്റെ ആ അമ്പിളിക്കല കറങ്ങുന്നതു കാണാനും ആ ഈണം കേൾക്കുവാനുംവേണ്ടി..അതിനു ശേഷം വരുന്ന സിനിമ എന്ന മായാജാലം കാണാൻ ഞാൻ അമ്മയുടെ 'ഹോംവർക്ക് ചെയ്താലേ സിനിമ കാണാൻ സാധിക്കൂ' എന്ന ബ്ലാക്‌മെയ്‌ലിനിങ്ങിനു അടിയറവു പറഞ്ഞിട്ടുണ്ട്...അതുപോലെ ചിത്രഗീതം, ചിത്രഹാർ,,,അങ്ങനെ എന്തൊക്കെ.....നീ കാണിച്ചു തന്നിരുന്ന പരസ്യചിത്രങ്ങൾ ഇന്നലെയെന്നപോലെ ഇപ്പോഴും വളരെ ശക്തമായി മനസ്സിൽ തങ്ങി നിൽക്കുന്നു...ഇപ്പോഴും ഫേസ്ബുക്കിൽ ആരെങ്കിലും പഴയ പരസ്യചിത്രങ്ങളുടെ പോസ്റ്റുകൾ ഇടുമ്പോൾ ഞാൻ വളരെ ആവേശത്തോടെ അത് ഷെയർ ചെയ്യാറുണ്ട്..നിനക്കറിയാമോ? ഞാൻ ആ സമയത്ത് സ്ഥിരമായി കണ്ടിരുന്ന 'അലിഫ് ലൈല' എന്ന ഹിന്ദി പരമ്പര കാണാൻ ഒരു ദിവസം അച്ഛൻ സമ്മതിച്ചില്ല..പരീക്ഷ അടുത്തിരിക്കുന്നു എന്ന കാരണത്താൽ...അന്ന് രാത്രി മുഴുവനും കരഞ്ഞ് എനിക്ക് പനി പോലും വന്നു... ഹിന്ദി എന്റെ വളരെ ഇഷ്ടപ്പെട്ട ഭാഷകളിലൊന്നായി തീർന്നതിനും നിനക്ക് പങ്കുണ്ട്...നിന്നിലൂടെയാണല്ലോ ഞാൻ ഹിന്ദി സിനിമകൾ കണ്ടത്.. ഞായറാഴ്ച ഉച്ചയ്ക്കുള്ള ആ വാർത്താപരിപാടി....സംസാരശേഷി ഇല്ലാത്തവർക്ക് വേണ്ടി ഒരാൾ പ്രത്യേകം കൂടെ ഇരുന്ന് സംപ്രേഷണം ചെയ്തിരുന്ന ആ വാർത്താ പരിപാടി എത്രയോ ഞായറാഴ്ചകളിൽ ഞാൻ കൗതുകപൂർവ്വം നോക്കിയിരുന്നിട്ടുണ്ട്. വളരെയധികം നന്ദിയുണ്ട്... ഇനി ഒരു ക്ഷമാപണമാണ്...നീ ഇത്രയൊക്കെ എനിക്ക് തന്നിട്ടും ഞാൻ എത്ര വേഗത്തിലാണ് നിന്നെ മറന്നത്!...നിനക്ക് പകരം എനിക്ക് ധാരാളം പുതിയ കൂട്ടുകാരെ കിട്ടി...ഞാൻ അതിൽ മതി മറന്ന് ആസ്വദിച്ചു....നിന്റെ വില എന്റെ മുന്നിൽ ചെറുതായി ചെറുതായി വന്നു...പക്ഷെ അതിനു ഞാൻ കൊടുക്കേണ്ടി വന്നതോ? സിനിമ കാണാൻ കാത്തിരുന്ന ആ ആകാംക്ഷ നിറഞ്ഞ മനസ്സ് എനിക്ക് നഷ്ടപ്പെട്ടു....ചിത്രഗീതത്തിൽ കൂടി മാത്രം ഞാൻ കേട്ടിരുന്ന ആ പാട്ടുകൾ...അവ കാണാനായി ഞാൻ മാറ്റിവച്ചിരുന്ന എന്റെ സമയം...അതും എനിക്ക് നഷ്ടപ്പെട്ടു...ഇപ്പോൾ എനിക്ക് പാട്ടുകൾ കൈയെത്തും ദൂരത്താണ്....എപ്പോൾ വേണമെങ്കിലും കാണാം..കേൾക്കാം....എന്റെ കുഞ്ഞുങ്ങൾക്ക് നിന്റെ വില അറിയില്ല..ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു...ശരിയായ കാലഘട്ടത്തിൽ...എന്നെ ഈ ഭൂമിയിൽ വരാൻ അനുവദിച്ചതിന്, എന്നും ഓർമ്മയിൽ നില്ക്കാൻ തക്കവണ്ണം ഒരു ബാല്യകാലം സമ്മാനിച്ചതിന്....വീണ്ടും നിനക്ക് നന്ദി പറഞ്ഞുകൊണ്ട് നിർത്തുന്നു.. ----സ്വന്തം ആരാധിക
By Uma Rajeev
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക