Slider

കിഴക്കുദിച്ച താരകം.

0

കിഴക്കുദിച്ച താരകം... ദിക്കുകള്‍തികച്ചുംആപേക്ഷികമാണെന്ന് മലഞ്ചെരുവിലെ ആകാശക്കീറില്‍ ഉദിച്ചുയരുമ്പോള്‍ കുഞ്ഞുനക്ഷത്രത്തിനറിയില്ലായിരുന്നു. വിജനമായ വഴിത്താരകളില്‍ മിഴിനട്ട് ആരെങ്കിലും വഴിയറിയാതെ അലയുന്നുണ്ടോ എന്നോര്‍ത്ത് വെറുതെ മിന്നിക്കൊണ്ടിരുന്നു. ക്രിസ്തുമസ് കഴിഞ്ഞതോടെ നക്ഷത്രവിളക്കുകള്‍ അപ്രത്യക്ഷമായിരിയ്ക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ മങ്ങിക്കാണുന്ന വെളിച്ചം റോസ് മേരിയുടെ മുറിയില്‍ നിന്നായിരുന്നു. ഞെട്ടിയുണര്‍ന്ന് ലൈറ്റിട്ടതാണ്. ഉറങ്ങിയതായിരുന്നില്ല, അറിയാതെ മയങ്ങിപ്പോയതാണ്. രാത്രി പാതിയും പിന്നിട്ടിരിയ്ക്കുന്നു. കണ്ണീര്‍ തുടച്ച് അവള്‍ വേഗം വേഷം മാറി. ഒരുമാസം മുമ്പ് ഇതേപോലൊരു രാത്രിയാണ് തന്റെ ജീവിതം താറുമാറായതെന്നോര്‍ത്തപ്പോള്‍ വീണ്ടും കണ്ണുനിറഞ്ഞു. അലക്സിനോടൊത്തുള്ള വിവാഹജീവിതത്തിന് ആറുമാസമേ ആയുസ്സുണ്ടായിരുന്നുള്ളു. താനൊരമ്മയാവുന്നുവെന്നറിഞ്ഞ നിമിഷം സന്തോഷം അടക്കാനാവാതെ അലക്സിനെ മൊബൈലില്‍ വിളിച്ചറിയിച്ചതാണ്. ഇതാ എത്തികെട്ടോ എന്നു പറഞ്ഞ് ബൈക്കില്‍ പാഞ്ഞുവന്നതാണ്. കാത്തിരുന്ന തന്റെ ഫോണിലേയ്ക്ക് പിന്നെ വന്ന വിളി പോലീസിന്റേതായിരുന്നു. അപകടത്തെത്തുടര്‍ന്ന് ആശുപത്രിയിലാണെന്നറിഞ്ഞ് ഓടിയെത്തിയപ്പോഴേയ്ക്കും മോര്‍ച്ചറിയിലേയ്ക്കു മാറ്റിയ വിറങ്ങലിച്ച ശരീരമാണ് കാണാന്‍ കഴിഞ്ഞത്. പിന്നീട് ഒരര്‍ദ്ധബോധാവസ്ഥയിലാണ് അലക്സിന്റെ ശവസംസ്ക്കാരചടങ്ങുകള്‍ നടന്നതറിയുന്നത്. വാടകവീട്ടില്‍ നിന്നും അലക്സിന്റെ അനിയനും കുടുംബവും താമസിയ്ക്കുന്ന തറവാട്ടുവീട്ടിലേയ്ക്ക് വന്നിട്ട് ഒരുമാസമാവുന്നതേയുള്ളു. അകലെയുള്ള തന്റെ വീടിനെക്കുറിച്ചോര്‍ത്ത് റോസ് മേരി നടുങ്ങി. അപ്പന്റെ മദ്യാസക്തിയും, രണ്ടാനമ്മയുടെ ക്രൂരതയും മാത്രംകണ്ടുവളര്‍ന്ന ബാല്യകൗമാരങ്ങള്‍. പരിമിതമായ വിദ്യാഭ്യാസം കൊണ്ടുകിട്ടിയ സെയില്‍സ്ഗേള്‍ ജോലിയുമായി നിറംമങ്ങിയ ദിനങ്ങള്‍ നീങ്ങുന്നതിനിടയ്ക്കാണ് അലക്സിനെ കണ്ടുമുട്ടുന്നത്. പരിചയം പ്രണയമായപ്പോഴും വിശ്വാസം കൂടിയതേയുള്ളു. അതുകൊണ്ടാണ് ഒരുതിരിച്ചുപോക്കുണ്ടാവില്ലെന്നറിഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. മനസ്സില്ലാ മനസ്സോടെ പള്ളിയില്‍ വിവാഹത്തിന് കൂടിയെങ്കിലും ഇനിയങ്ങോട്ട് സ്വന്തവും ബന്ധവും പറഞ്ഞു വരേണ്ടന്ന് അപ്പന്‍ തീര്‍ത്തുപറഞ്ഞതാണ്. ഭര്‍തൃഗൃഹത്തില്‍ വലിയ അകല്‍ച്ചയൊന്നും കണ്ടില്ലെങ്കിലും അല്പം വിട്ടുനില്‍ക്കാനായിരുന്നു അലക്സിന്റെ തീരുമാനം. അങ്ങിനെയാണ് ഒരു വാടകവീട്ടില്‍ ജീവിതം തുടങ്ങിയത്. സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജോലിയുമായി ധാരാളം യാത്രകളുണ്ടായിരുന്നെങ്കിലും അധികവും രാത്രി തിരിച്ചെത്താന്‍ അലക്സിനു കഴിയുമായിരുന്നു. ഇടയ്ക്കെല്ലാം അനിയനും കുടുംബവും അമ്മയും വീട്ടില്‍ വന്നന്വേഷിയ്ക്കും. ചിലപ്പോഴൊക്കെ അങ്ങോട്ടും പോകാറുണ്ട്. സന്തോഷം നിറഞ്ഞ ദിനങ്ങള്‍ ഓടിമറഞ്ഞതറിഞ്ഞതേയില്ല. ഏതാണ് സ്വപ്നം, ഏതാണ് യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയാനാവാതെ റോസ് മേരി അന്ധാളിച്ചുനിന്നു. ഉള്ളിലൊരു കുരുന്നുജീവനും തന്നോടൊപ്പം കരഞ്ഞുവളരുന്നുണ്ടെന്ന ഓര്‍മ്മവരുമ്പോള്‍ എന്തെങ്കിലും കഴിച്ചെന്നു വരുത്തി പ്രാര്‍ത്ഥനയോടെ ഒതുങ്ങിക്കൂടുകയായിരുന്നു. ഭര്‍തൃസഹോദരന്റെ കണ്ണിലെ വന്യമായ തിളക്കം സ്നേഹത്തിന്റേതല്ലെന്നു തിരിച്ചറിഞ്ഞ നിമിഷം റോസ് മേരി മനസ്സിലുറച്ചു. ഇനി മുന്നോട്ടില്ല, എല്ലാവഴികളും അവസാനിച്ചിരിയ്ക്കുന്നു. ശബ്ദമുണ്ടാക്കാതെ മുറി തുറന്ന് പിന്‍വാതിലിലൂടെ പുറത്തുകടന്ന്, ഗേറ്റ് ഒച്ചയുണ്ടാക്കാതെ അകത്തി റോഡിലേയ്ക്കിറങ്ങി. കാലുകള്‍ വലിച്ചുവെച്ച് നടക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നരയ്ക്കുള്ള ചെന്നൈഎക്സ്പ്റസ്സിന്റെ വേഗതാളമാണ് അവളുടെ മനസ്സിലുണ്ടായിരുന്നത്. ഒരു ഞെട്ടലോടെ മിന്നിയ നക്ഷത്രക്കണ്ണില്‍ തെളിഞ്ഞത് റോസ് മേരിയുടെ കണ്ണീര്‍ത്തുള്ളികള്‍മാത്രം. വിശന്ന് ദാഹിച്ച് അവളുടെയുള്ളിലെ കുഞ്ഞുജീവന്‍ തളര്‍ന്നുറക്കം തുടങ്ങിയിരുന്നു. ഇരുളിന്റെ മറവില്‍ പാളങ്ങള്‍ക്കരികില്‍ നിര്‍വ്വികാരയായി റോസ് മേരി എത്രനേരം നിന്നുവെന്നറിയില്ല. പാഞ്ഞുവരുന്ന രണ്ടു തീക്കണ്ണുകളെ പ്രതീക്ഷയോടെ ഏന്തിനോക്കിയ അവളുടെ മിഴികളില്‍ നക്ഷത്രം ഓടിച്ചെന്നു മിന്നിനിന്നു. അപ്പോളതിന് ഒരു കൊച്ചുകുഞ്ഞിന്റെ ഓമനമുഖമായിരുന്നു. അതിനെ അറിയാതെ പിന്‍തുടര്‍ന്ന്, എങ്ങോട്ടോ എന്തിനോ എന്നറിയാതെ റോസ് മേരി നടന്നു. അവളിപ്പോള്‍ നില്ക്കുന്നത് അല്പമകലെയുള്ള കന്യാസ്ത്രീമഠത്തിനു മുന്നിലെ വലിയമണിയില്‍ നിന്നൂര്‍ന്നു കിടക്കുന്ന കയറില്‍ പിടിച്ചുകൊണ്ടാണ്. അകത്തൊരു മുറിയില്‍ മദര്‍സുപ്പീരിയര്‍ ഗാഢനിദ്രയിലും സ്വപ്നം കാണുന്നത് കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയെക്കാണാന്‍ കിഴക്കുനിന്ന് നക്ഷത്രത്തെ പിന്‍തുടര്‍ന്നെത്തി സ്തുതിയ്ക്കുന്ന രാജാക്കന്മാരേയും മാലാഖമാരേയുമാണ്. മദറിന്റെ കണ്‍പോളകളെ വിടര്‍ത്താനായി അടുത്തുപോയി മിന്നിമിന്നിത്തെളിഞ്ഞ് നക്ഷത്രം വിളിച്ചു.. ഉണരൂ..വേഗം എഴുന്നേല്‍ക്കൂ..മുന്‍വാതില്‍ തുറക്കൂ മദര്‍.. അവിടെ ഉള്ളില്‍തുടിയ്ക്കുന്ന ജീവനോടൊപ്പം സ്വന്തംജീവനും ത്യജിയ്ക്കാനുള്ള മനസ്സുമായി നിസ്സഹായയായ ഒരമ്മ നില്‍പ്പുണ്ട്. അവരെ സ്വീകരിയ്ക്കൂ.. സംരക്ഷിയ്ക്കൂ.. ഓരോ ജനനവും തിരുപ്പിറവിപോലെ ആഘോഷിയ്ക്കേണ്ടതല്ലേ? ഓരോശിശുവിലും രക്ഷകനെകണ്ടെത്താന്‍ ശ്രമിയ്ക്കൂ. മദര്‍ വേഗം പുറത്തു വന്ന് മുന്‍വാതില്‍ തുറന്നു. മണിയടിയ്ക്കാനുള്ള ശക്തിപോലുമില്ലാതെ തളര്‍ന്നു നില്‍ക്കുന്ന റോസ് മേരിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് അകത്തേയ്ക്കു കയറ്റി.. വരൂ കുഞ്ഞേ.. നല്ല ക്ഷീണമുണ്ടല്ലോ! അല്പം വിശ്രമിയ്ക്കൂ.. കുടിയ്ക്കാനെന്തെങ്കിലുമെടുക്കാം.. എന്നിട്ടു വിവരങ്ങളെല്ലാം പറയണം. ഒന്നുകൊണ്ടുംപേടിയ്ക്കേണ്ട. റോസ് മേരി കണ്ടത് മദറിനുമപ്പുറം അകത്തളത്തിലെ രൂപക്കൂട്ടില്‍ ഉണ്ണിയെക്കയ്യിലേന്തി മറുകൈനീട്ടി വിളിയ്ക്കുന്ന കന്യാമാതാവിന്റെ പ്രതിമയാണ്. സൂക്ഷിച്ചുനോക്കവേ ആ കണ്ണിലെ അലിവില്‍ ഒരു നക്ഷത്രത്തിളക്കം കണ്ട് അവള്‍ തരിച്ചുനിന്നു. നേരം പുലരുന്നതേയുള്ളു. അല്പം മങ്ങിയാണെങ്കിലും ഒന്നുകൂടി മിന്നി നക്ഷത്രം താഴേയ്ക്കു നോക്കി.. അതെ, വഴികള്‍ ഒരുപാടുണ്ട്.. നേരായ വഴിയാണ് കണ്ടെത്തേണ്ടത്, അതു തന്നെയാണ് കാട്ടിക്കൊടുക്കേണ്ടത്. ചാരിതാര്‍ത്ഥ്യത്തിന്റെ പുഞ്ചിരിയോടെ താരകം മെല്ലെ ആകാശച്ചെരുവിലെവിടെയോ വിലയിച്ചു. കിഴക്ക് ഇനിയുദിയ്ക്കേണ്ടത് സൂര്യനാണല്ലോ!! രാധാസുകുമാരന്‍..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo