വീണുടഞ്ഞ ആത്മാക്കൾ
************************
************************
മഞ്ഞുപെയ്യുന്ന താഴ്വാരത്തിലെ പുൽനാമ്പുകൾക്കു മുന്നിൽ വീണുടഞ്ഞ കണങ്ങളൊക്കെ, നെഞ്ചുനീറി കരഞ്ഞു വിടവാങ്ങേണ്ടി വന്ന ആത്മാക്കളുടെ കണ്ണുനീർ ആയിരിക്കുമോ ?.
വീണുചിതറിയവയിൽ ചിലതു പുൽക്കൊടി തുമ്പിൽ തൂങ്ങി വീഴാൻ ഒരുങ്ങി നിൽക്കുന്നത് നമ്മൾ കാണുന്നതല്ലേ.
വീണുടയുന്നതിന് മുൻപേ തങ്ങളുടെ കഥ അവർ പുൽനാമ്പിനോട് പറഞ്ഞിരിക്കാം, അതുകൊണ്ടായിരിക്കാം അവരെ ചുമലിലേറ്റുന്ന പുൽനാമ്പുകൾ തല കുനിച്ചു നിൽക്കുന്നത്.
ജീവിതം പൂത്തുലഞ്ഞ നാളിൽ മാനം കവർന്ന കരിവണ്ടിന്റെ കണ്ണുകുത്തിപ്പൊട്ടിച്ച പനിനീർപ്പൂവ് ആയിരുന്നോ നീ, ഞാനറിഞ്ഞില്ലാലോ എന്ന് പുൽനാമ്പു സഹതപിക്കുമ്പോൾ ആയിരിക്കാം മഞ്ഞുകണം അവരെയും വിട്ട് മണ്ണിൽ വീണ് ചിതറുന്നത്.
പൊടിമണ്ണിൽ വീണ് ഗോളമായി ഉരുണ്ട്, അവസാന പിടച്ചിലും നിലച്ചു ആ മണ്ണിൽ പരന്നു അലിഞ്ഞു ചേരുമ്പോൾ, അവരുടെ കാണാതെ പോയ വേദനകളെ ഓർത്തു പുൽനാമ്പു തലയുയർത്തി നിന്ന് സൂര്യനോട് പരാതി പറഞ്ഞിരിക്കാം.
അതുകൊണ്ടല്ലേ പുലർകാല സൂര്യൻ പുൽനാമ്പിനെ പുൽകി നിൽക്കുന്ന മഞ്ഞുകണങ്ങളെ തന്റെ വർണങ്ങൾ വാരിവിതറി മനോഹരിയാക്കി നമുക്ക് മുന്നിൽ നിർത്തുന്നത്. ചിതറി വീഴുന്നതിൻ മുൻപേ അവർ അൽപമെങ്കിലും സന്തോഷിക്കട്ടെ അല്ലെ.......
അനിലൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക