നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#തിരിച്ചറിയാതെ


#തിരിച്ചറിയാതെ
'' ഹെലോ .... ഇല്ല ... കാലത്ത് മംഗലാരത്തിനു ബീമാനം കീഞ്ഞിട്ട് പോരെക്കെത്തുമ്പൾക്കും നേരം ഉച്ച കഴിയും ... ഈടെ എല്ലാരും ബന്നിട്ടിണ്ട് ... ഇപ്രാവശ്യം മൂന്നു മാസം ലീവ് ഇണ്ടാകുമെന്നു ചൊല്ലീന് ... ബന്നിട്ട് എന്തോ പേപ്പറെല്ലാം നേരെയാക്കാനുണ്ടല്ലോ .. അന്നിട്ട് എന്നേം മോനെയും കൊണ്ടോവാന്നു ചൊല്ലീട്ടുണ്ട് .. ഇന്നാ ശരി .. ഇക്ക ബന്നിട്ട് അങ്ങട് ബരണ്ട് .. പിന്നെ വിളിക്കണ്ട്ട്ടോ.... ''
ഷാഹിന വളരെ ഉത്സാഹത്തിലാണ് .അവളുടെ അൻവർ ഇന്ന് വരും . അവനെ കാണാനായി , അവനെ വരവേൽക്കാനായി അവളും വീടും ഒരുങ്ങിയിരിക്കുകയാണ് . അതിന്റെ വിശേഷങ്ങൾ ബന്ധുക്കളോട് പങ്കുവെക്കുകയായിരുന്നു അവൾ . അവളുടെ മനസ്സിന്റെ സന്തോഷം മുഖത്ത് കാണാം . അവന്റെ വധുവായി അണിഞ്ഞൊരുങ്ങി വന്നതിനു ശേഷം ഇപ്പോഴാകും അവളിത്ര അണിഞ്ഞൊരുങ്ങുന്നത് . മാൻ മിഴികളിൽ കരി മഷി കൊണ്ട് അവൾ കവിതകൾ എഴുതി . അവന്റെ കണ്ണിനു കുളിർമ നൽകാൻ അവൾ കയ്യിൽ മെഹന്തിയണിഞ്ഞു . അവനെ കുറിച്ചാലോചിക്കുമ്പോൾ തന്നെ അവളുടെ മുഖത്ത് നാണം വിരിയുന്നുണ്ട് . കാത്തിരിപ്പു തുടരുകയാണ് .. സുഖമുള്ള കാത്തിരിപ്പ് .
കല്യാണം കഴിഞ്ഞു മകനെ ഗർഭം ധരിച്ച സമയമാണ് അൻവറിനു ദുബായിൽ ജോലിക്കുള്ള അവസരം വരുന്നത് . വിസക്കുള്ള കാര്യങ്ങൾക്ക് വേണ്ടി ഒരുപാടലഞ്ഞതിനു ശേഷമാണ് അവൻ യാത്ര തിരിച്ചത് . മകനെ നേരിൽ കാണാൻ അവനിത് വരെ കഴിഞ്ഞിട്ടില്ല . ജോലിയിലെ പ്രശ്നങ്ങൾ കാരണം ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി മൂന്നു വർഷത്തോളം അവനവിടെ കഴിഞ്ഞു .
അൻവറിന്റെ ഉമ്മക്കിപ്പോൾ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ട് . എന്നാലും മകന് ഇഷ്ട വിഭവങ്ങൾ ഒരുക്കാൻ അവർ മുൻ പന്തിയിൽ തന്നെയുണ്ട് . അവൻ വിളിച്ചപ്പോൾ ഉമ്മ ചോദിച്ചതാ എന്താ മോന് കഴിക്കാൻ ഉമ്മ ഉണ്ടാക്കേണ്ടതെന്നു . ബിരിയാണി പ്രിയനാണ് അവനെങ്കിലും അവൻ ഉമ്മയോട് ആവശ്യപ്പെട്ടത് ഉമ്മയുടെ കൈകൊണ്ടുണ്ടാക്കിയ തേങ്ങാ ചോറാണ് . തേങ്ങാ ചോറും ഇറച്ചി കറിയുമൊരുക്കി ആ ഉമ്മയും തന്റെ മകനെ കാണാൻ കാത്തിരിക്കുകയാണ് .
വിമാന താവളത്തിലേക്ക് കൂട്ടി കൊണ്ട് പോകാൻ പോയവർക്ക് ആ ഉമ്മ ഇടക്കിടക്ക് വിളിക്കുന്നുണ്ട് . അതിന്റെ വിവരങ്ങൾ അറിയാൻ ഷാഹിന ചുറ്റി പറ്റി അവിടെ നിൽക്കുന്നുണ്ട് . വീട്ടിൽ അൻവറിന്റെ സഹോദരിമാരുടെയും മക്കളുടേയുമെല്ലാം ബഹളം ഒരു ഉത്സവ പ്രതീതിയുണ്ടാക്കുന്നുണ്ട് . മാമൻ കൊണ്ട് വരുന്ന സമ്മാനങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് ആ കുരുന്നുകൾ . അവർക്കിടയിൽ അവരുടെ രണ്ടു വയസ്സുകാരൻ ഹാദിയുമുണ്ട് .
*********
സമയം ഏറെയായി .. വിമാനത്തവാളത്തിലേക്കു പോയവർ മടങ്ങി വരുന്നത് കാണുന്നില്ല . വിളിച്ചിട്ട് ആരും ഫോൺ എടുക്കുന്നുമില്ല . പലപ്പോഴും ഫോൺ തിരക്കിലാണെന്ന മറുപടിയാണ് ലഭിക്കുന്നത് . എന്ത് പറ്റിയെന്നു ആശങ്കയിലാണ് മുതിർന്നവർ . കുട്ടികൾ പക്ഷെ അവരുടെ കളികളിൽ തന്നെ മുഴുകിയിരിക്കുകയാണ് . . ഷാഹിനയുടെ മുഖത്തെ തെളിച്ചം നഷ്ടപ്പെട്ടു തുടങ്ങി .. എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ മനസ്സ് പറഞ്ഞു .
വീടിനു ചുറ്റും ആളുകൾ അങ്ങിങ്ങായി കൂടി നിൽക്കുന്നു . പലരും പലതും അടക്കം പറയുന്നു . മുറിക്കകത്തു ഷാഹിനയും ഉമ്മയും മരവിച്ച പോലെ കിടക്കുകയാണ് . ആശ്വസിപ്പിക്കാൻ വരുന്നവരുടെ ആശ്വാസ വാക്കുകൾക്ക് പക്ഷെ അവരെ ആശ്വസിപ്പിക്കാനാകുന്നില്ല .
അൻവർ ..... അവന്റെ യാത്ര അവസാനിച്ചിരിക്കുന്നു .. പലരുടെയും സ്വപ്നം പാതിയിൽ മുറിഞ്ഞത് പോലെ അവന്റെയും സ്വപ്നം അവസാനിച്ചിരിക്കുന്നു . ഒപ്പം അവനെ സ്വപ്നം കണ്ടു കഴിഞ്ഞ കുടുംബത്തിന്റെയും . വിമാനം റൺവെയിൽ നിന്നും തെന്നി മാറി അഗ്നിക്കിരയായപ്പോൾ ചാമ്പലായത് പലരുടെയും പ്രതീക്ഷകളും നാളെകളുമായിരുന്നു .
*********
അൻവർ യാത്രയായിട്ടു രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു . അവന്റെ മൃതശരീരം കാണാനായി നാടൊന്നാകെ കാത്തിരിക്കുകയാണ് . അവനു വേണ്ടി പള്ളി തൊടിയിൽ ആറടി മണ്ണിൽ കബറിടം വരെ ഒരുങ്ങി . പക്ഷെ മൃതദേഹം മാത്രം ഇനിയും ലഭിച്ചില്ല . ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ പോയപ്പോൾ അതിൽ അൻവറിന്റെ മൃതശരീരം തിരിച്ചറിഞ്ഞതാണ് . പക്ഷെ വിമാന യാത്രക്കാരുടെ രേഖയിൽ അൻവർ എന്ന പേരിൽ ഒരു യാത്രക്കാരൻ ഇല്ലായെന്നത്‌ കൊണ്ട് തന്നെ ബന്ധുക്കളുടെ അവകാശ വാദത്തെ പാടെ നിരാകരിക്കുകായാണ് അധികാരികൾ ചെയ്തത് .
മുനീർ പാടത്തൊടികയിൽ ...... അതാണ് അവന്റെ പാസ്സ്പോർട്ടിലെ പേര് . അഡ്രസ്സും വ്യാജമായി ഉണ്ടാക്കിയത് തന്നെ . സ്വന്തം പേരിൽ പാസ്പോര്ട്ട് എടുക്കാൻ ചില പ്രശ്ങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് അവൻ വ്യാജ പാസ്പോര്ട്ട് എടുത്തത് . അത് കൊണ്ട് തന്നെ മോർച്ചറിയിൽ തിരിച്ചറിയാത്തവരുടെ ഇടയിൽ നിന്നും ബന്ധുക്കളാൽ തിരിച്ചറിഞ്ഞിട്ടും അവരിലെത്താതെ , ഉമ്മയുടെയും ഭാര്യയുടെയും മകന്റെയും അന്ത്യ ചുംബനമേൽക്കാതെ അവന്റെ ബൗധിക ശരീരം മുനീർ പാടത്തൊടികളുടെ ഇല്ലാത്ത ബന്ധുക്കളെ തേടി മോർച്ചറിയിൽ കാത്തിരിക്കുന്നു .. ഒരു അനാഥനെ പോലെ .......
#സസ്നേഹം #ഹഫി_ഹഫ്സൽ_ Hafi Hafsal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot