നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദാഹം


ദാഹം
______
അമ്മാ...... അമ്മാ.....
പുറത്തു നിന്നുള്ള വിളി കേട്ടാണ് ഞാൻ ഉണർന്നത്.
ഡാ സുമേഷേ ആരാന്ന് നോക്കിക്കെ
അടുക്കള ജോലിക്കിടയിൽ അമ്മ വിളിച്ചു പറഞ്ഞു.
മകരമാസത്തിലെ ഇളംതണുപ്പിൽ അതും ഈ പുലർവേളയിൽ മൂടിപ്പുതച്ചു സുഖലോലുപനായി കിടന്ന ഞാൻ.....
നാശം ആരാണാവേ ഇത്ര രാവിലെ പ്രാകിക്കൊണ്ട് എഴുന്നേറ്റു.
ഇന്ന് തണുപ്പ് ഇത്തിരി കൂടുതൽ തന്നെ
കൈകൾ കൂട്ടിത്തിരുമി
മുറി വിട്ടു.
വാതിൽ തുറക്കുന്നതിനിടയിൽ വീണ്ടും ആ വിളി അമ്മാ.......
ഈശ്വര....
ഇങ്ങേരെ ആണല്ലോ ഇന്നും കണി.
വലതു കൈ നീട്ടിപ്പിടിച്ച് തന്റെ മുന്നിൽ നിൽക്കുന്നു.
അതെ ഇന്ന് വെള്ളിയാഴ്ച
എല്ലാ വെള്ളിയാഴ്ച ദിവസവും അയാൾ വരും.
എഴുപത് വയസ്സ് പ്രായം വരും
ആരോഗ്യം തീരെ ക്ഷയിച്ചിട്ടില്ല, പൂർണ്ണമായും വെളുത്ത തലമുടി അടുത്തിടെയെങ്ങാനും
ഷേവ് ചെയ്തത് കൊണ്ടാകും മുഖത്ത് വെളുത്ത കുറ്റി രോമങ്ങൾ
കഴുത്തിൽ ഒരു കറുത്ത ചരടിൽ കോർത്ത പുലിനഖം
അർത്ഥ നഗ്നൻ. നഗ്നപാതൻ കണ്ണുകൾക്ക് നന്നേ ചെറുപ്പം.
മോനേ അൽപ്പം വെള്ളം കുടിക്കാൻ
ആരാടാ സുമേഷേ .....
അയാൾ ചോദിച്ചതും അമ്മ അകത്ത് നിന്ന് വിളിച്ച് ചോദിച്ചതും ഒരുമിച്ചായിരുന്നു.
ആ കിളവനാ അമ്മേ
ഓ .........
വെള്ളിയാഴ്ച രാവിലെ തന്നെ കെട്ടി എടുത്തോളും
വീട് മുടിയാനായിട്ട്
ഒന്നും കൊടുക്കണ്ട,
ഇവിടൊന്നും ഇരിപ്പില്ല അടുക്കളയിൽ നിന്നും അമ്മയുടെ പ്രാക്ക്
അശരീരി പോലെ മുഴങ്ങി.
അയാൾ തല കുനിച്ചു
മോനേ എനിക്കൊരു ഗ്ലാസ്സ് വെളളം മതി നല്ല ദാഹം.
ദയനീയമായ ആ നോട്ടം ഞാൻ അടുക്കളയിലേക്ക് ചെന്നു.
റാക്ക് തുറന്ന് ഒരു ഗ്ലാസ്സെടുത്തു
അയാൾ പോയോ അമ്മയുടെ ചോദ്യം
ഇ...ഇല്ല ഒരു ഗ്ലാസ്സ് വെള്ളം....
ആർക്ക്
അയാൾ ചോദിക്കുന്നു ഗ്ലാസ്സിലേക്ക് പൈപ്പിൽ നിന്നും വെള്ളം നിറക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലെ പച്ചവെള്ളം പോലും കൊടുത്ത് പോകരുത്
അങ്ങേർക്ക് കൊടുത്ത് കോളായിപ്പോയി.
നീ ആവാതിൽ അങ്ങടച്ചേക്ക്
കുറേ നേരം നിന്നിട്ടയാൾ പൊയ്ക്കോളും.
അല്ലെങ്കിലും ഇപ്പോ ഇക്കൂട്ടരെ ഒന്നും വിശ്വസിക്കാൽ കൊള്ളില്ല. അമ്മ സംഹാര താണ്ഡവം തുടങ്ങി
അമ്മേ ഒരു ഗ്ലാസ്സ് വെള്ളമല്ലേ ഞാൻ ഇത് കൊടുത്തോട്ടെ
അമ്മയുടെ നോട്ടം...
ഗ്ലാസ്സ് തിരിച്ച് വച്ച് ഞാൻ പുറത്തുവന്നു.
അതേ ഇവിടൊന്നും ഇരിപ്പില്ല വെള്ളം പോലും,
പുറത്ത് കിടക്കുന്ന കാറിനെയും, ബൈക്കിനേയും, ആ വലിയ വീടിനെയും സാക്ഷി നിർത്തി ഞാൻ കള്ളം പറഞ്ഞു.
അയാൾ ഒന്നു ചിരിച്ചു. ഇതെത്ര കണ്ടതാ എന്നൊരു ഭാവം.
വാതിൽ അടഞ്ഞു.
അയാൾ പോയോ?
ഉം അമ്മയുടെ ചോദ്യത്തിന് ഞാനൊന്ന് മൂളി.
തിരികെ റൂമിലേക്ക് നടന്നതും പുതപ്പിനടിയിലേക്ക് ചുരുണ്ട് കൂടിയതും യാന്ത്രികമായിരുന്നു.
മനസ്സ് ശൂന്യം.
.....................
എട്ടു ബഡ്റൂമുള്ള രണ്ട് നില വീടിന്റെ ചായിപ്പിൽ നിന്നും മാധവൻ എഴുന്നേറ്റു പുറത്ത് നല്ല തണുപ്പ്
പ്രക്യതി യോട് പൊരുത്തപ്പെട്ട ആ ശരീരത്തിന് തണുപ്പ് ബാധകമല്ല. ചിലപ്പോൾ പുറത്തെ തണുപ്പിനേക്കാൾ അയാളുടെ മനസ്സ് തണുത്തു മരവിച്ചത് കൊണ്ടാകാം.
സമീപത്തുള്ള പട്ടിക്കൂട്ടിൽ സ്വർണ്ണ നിറമാർന്ന പാത്രത്തിൽ പാൽ ഒഴിച്ചു കൊണ്ട് അവൾ പറഞ്ഞു 'കൈസറേ കുടിക്ക് മോനേ'
മോളേ ഒരു എനിക്കൊരു ചായ....
പിന്നേ..... ചായ കെട്ടിയവളോട് പറ കെളവാ ചായ തരാൻ
അവൾ തിരിഞ്ഞു നടന്നു.
എന്താ വിനീതേ........
കണ്ണാടിക്ക് മുന്നിൽ നിന്നും വെളുത്തു വരുന്ന മീശ രോമങ്ങൾ തിരഞ്ഞ് പിടിച്ച് മുറിക്കുന്നതിനിടയിൽ ഉല്ലാസ് ചോദിച്ചു.
ഒന്നൂല്ലേ ട്ടാ കെളവന് ചായ കൊടുത്തപ്പോൾ എന്റെ മെക്കിട്ട് കയറാൻ വരുന്നു. ചൂടില്ല പോലും.
അവളുടെ കല്ലുവച്ച നുണ
ചൂട് പാൽ നക്കിക്കുടിക്കുന്ന കൈസറിനെ നോക്കി അയാൾ നിന്നു.
...................................
"ദേ ഇങ്ങോട്ട് നോക്കിയേ"
"മാധവേട്ടാ കണ്ടോ നമ്മുടെ മോൻ എന്നെ ചവിട്ടുന്നു."
ഉന്തി വരുന്ന വയറിലെ താളങ്ങൾ ചൂണ്ടിക്കാട്ടി നളിനി പറഞ്ഞു.
പിന്നേ നീ തീരുമാനിച്ചാൽ മതിയോ മോനാണെന്ന് . അത് മോളാ നീ നോക്കിക്കോ.
അയ്യടാ..... .. മാധവേട്ടാ തർക്കിക്കണ്ട മോനാണ്. അവൻ വളർന്ന് വലുതായി നമുക്ക് തണലാകും.
ഡീ മോളാണെങ്കിൽ വയസ്സുകാലത്ത് വീണു കിടന്നാൽ നോക്കാനെങ്കിലും കാണും അതറിയില്ലെ .
പേറ്റുനോവ് അറിഞ്ഞവൾക്കേ... സ്നേഹിക്കാൻ പറ്റും. നിന്നെപ്പോലെ.
നളിനി ഒന്ന് ചിരിച്ചു
പ്രസവമുറിയിൽ നിന്നും ജീവനോടെയും ജീവനില്ലാതെയും പുറത്തേക്ക്.
മോൻ തന്നെ....... നളിനീ കാണാൻ നീ ഇല്ലാതെ പോയല്ലൊ.
ജനിച്ചപ്പോളെ കൊന്നു.
എന്നെ അവൻ കൊല്ലാതെ കൊല്ലുന്നു.
പേറ്റുനോവറിഞ്ഞവൾ ആണ് വിനീതയും.
ഒരമ്മയുടെ സ്നേഹം കിട്ടാഞ്ഞിട്ടാകും ഉല്ലാസിന് ഭാര്യയുടെ വാക്കിനപ്പുറം ഇല്ല
ഉല്ലാസേട്ടാ ഇന്ന് വെള്ളിയാഴ്ചയാണ്.
ആ ബാങ്കിൽ പൈസ അടക്കേണ്ട ദിവസം മറക്കണ്ട.
അവസാന തുള്ളി പാലും തീർന്നു. പാത്രം തറയിൽ കിടന്ന് കര കര ശബ്ദത്തിൽ ഉരഞ്ഞു.
അയാൾ പതിയെ പുറത്തേക്ക് നടന്നു
ദാഹിക്കുന്നു അമ്മേ ഒരു ഗ്ലാസ്സ് വെള്ളം
എന്നൊരു ചൂടാ പുറത്തെ പൊള്ളുന്ന വെയിലിൽ നിന്നും കയറി വന്ന ഞാൻ പറഞ്ഞു.
അമ്മയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി .
വായിലേക്ക് ഒഴിച്ചു.
ഇറക്കാൻ പറ്റുന്നില്ല.
എങ്ങനെ, ........പറ്റുന്നില്ല. പരിശ്രമിച്ചു
വെള്ളം കുടിക്കാൻ മറന്നു പോയ പോലെ.......
കഴുത്തിൽ എന്തോ തടസ്സം......
ദാഹിക്കുന്നു.........., തൊണ്ട വരളുന്നു , ............പറ്റുന്നില്ല
വായിൽ നിന്നും പുറത്തേക്ക് അത് ഒഴുകുന്നു .
വെള്ളം......... വെള്ളം........
ശ്വാസം മുട്ടുന്നു വെള്ളം......
അമ്മാ...... അമ്മാ.....
ഞെട്ടിയുണർന്നു
അമ്മാ... അമ്മാ.......
ഡാ സുമേഷേ പോയി നോക്ക് ഇന്ന് വെള്ളിയാഴ്ച അല്ലെ പാവം ആ മാധവനായിരിക്കും
കയറി ഇരിക്കാൻ പറ
ചായ ഇപ്പോൾ കൊണ്ട് വരാന്ന് പറ
ഒരു മോനുണ്ടായിട്ടെന്താ .. കാര്യം... കഷ്ടം
ആകാംഷയോടെ ഞാൻ വാതിൽ തുറന്നു .
സ്വന്തം
Sk Tvpm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot