Slider

*അയിഷ മെഹറിൻ *

0

*അയിഷ മെഹറിൻ *
.
പഴയ ബാച്ചിലെ സ്‌കൂൾ ചെയർമാൻ വിളിച്ചു പറഞ്ഞാണ് ഞാൻ വിവരം അറിഞ്ഞത്. സ്‌കൂളിൽ നിന്നും ആ വർഷം പഠിച്ചിറങ്ങിയവരിൽ നല്ല നിലയിൽ എത്തിയ ചിലരെ ആദരിക്കുന്നു പോലും ,ഈ ആദരിക്കൽ ചടങ്ങിന് ഒരാളായി എന്നെ ക്ഷണിച്ചത് കൊണ്ട് തന്നെ നല്ല നില എന്നത് കൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണെന്നു എനിക്ക് ഒട്ടും മനസ്സിലായില്ല.
എഴുത്തുകളും ,സംവാദങ്ങളും ,ചർച്ചകളും , പ്രധിഷേധങ്ങളും എല്ലാമായി മടുത്തു തുടങ്ങിയ ജീവിത ചര്യകളിൽ നിന്നും ഓർമ്മകളിലേക്ക് ഒരു തിരിച്ചു നടത്തം നല്ലതെന്ന തോന്നലിൽ നിന്നും വരാമെന്നു പറഞ്ഞു ഞാൻ ഫോൺ വെച്ചു.വരില്ല എന്ന് വാശി പിടിക്കാനോ ജാഡ കാണിക്കാനോ മാത്രം തക്കതായ ഒരു വളർച്ചയോ എനിക്ക് ഉണ്ടായിട്ടില്ലതാനും .പോവുക തന്നെ.
.
കെട്ടിടങ്ങൾ പലതും രൂപ മാറ്റങ്ങൾ സംഭവിച്ചെങ്കിലും സ്‌കൂൾ മണിക്കും പഴയ ഓഫീസിനു മുന്പിലെ നെല്ലി മരത്തിനും കോട്ടമൊന്നും വന്നു കാണാത്തതിൽ സന്തോഷം തോന്നി.. ഓടി നടന്നു ക്ലാസ് എടുത്തിരുന്ന എന്റെ ഗുരുക്കന്മാരൊക്കെ പരസഹായം ഇല്ലാതെ നടക്കാൻ കഴിയാത്ത വിധം പ്രായം അവരെ തളർത്തിയിരിക്കുന്നു. നേര് പറഞ്ഞാൽ എക്കാലത്തും ആദരിക്കപ്പെടേണ്ടവർ ഇവർ തന്നെയല്ലേ ..ലോകത്തിനു ഗരുക്കന്മാർ നൽകുന്ന സംഭാവനെയേക്കാൾ വലുതായെന്തുണ്ട് . ..
.
സംഘാടകൻ വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടക്ക് എന്റെ പേര് കൂടെ വിളിച്ചു കേട്ടപ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ട് ഞാൻ വേദിയിലേക്ക് കയറിച്ചെന്നു . ഒരു റോസാ പൂവുമായി മുഖശ്രീത്വമുള്ള ഒരു കൊച്ചു സുന്ദരി എന്നെ സ്വീകരിച്ചു . ആ കുട്ടിയുടെ മുഖത്തു കണ്ണെടുക്കാൻ തോന്നാത്ത അത്രക്ക് എന്തോ ഒന്ന് എന്റെ മനസ്സിനെ പിടിച്ചുലക്കുന്നുണ്ട്,,,
വെള്ള വിരിച്ച കസേരയിൽ അർഹത ഇല്ലാത്തവനെ പോലെ ഇരുന്നു ആ മോളെ അടുത്ത് വിളിച്ചു പേര് ചോദിച്ചു ,
=സുന്ദരികുട്ടിടെ പേരെന്താ ?
" ആയിഷ മെഹറിൻ"
എന്റെ ഡോക്ടറുമ്മ തരാൻ പറഞ്ഞതാണീ പൂവ് .
കടൽ ഭിത്തിയിൽ ആഞ്ഞടിച്ച തിരയെപ്പോലെ ആ പേര് എന്നെ പൊള്ളിച്ചു. "ആയിഷ മെഹറിൻ "
കസേരയിലെ വെള്ളത്തുണി എന്റെ ദേഹത്തോട് കൂടെ മൂടപ്പെടുന്ന പോലെ .
ആരോ കൊണ്ട് തന്ന വെള്ളത്തിൽ സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാൻ ഇരുന്നു.
.
'രണ്ടു വാക്ക് ' സംസാരിക്കാൻ എന്ന പതിവ് പ്രഹസനത്തോടെ മൈക്കിനരികിലേക്ക് വിളിച്ചു സംഘാടകൻ അദ്ദേഹത്തിന്റെ കടമ വൃത്തിയാക്കിയ നിർവൃതിയിൽ മഞ്ഞ നിറമുള്ള പല്ലുകാണിച്ചൊരു ചിരിയും നൽകി മൈക്ക് എനിക്ക് നൽകി.
.
ആദ്യമായി സ്‌കൂൾ യുവജനോത്സവത്തിനു പദ്യം ചൊല്ലാൻ സ്റ്റേജിൽ കയറിയ ആ അഞ്ചാംക്ലസ്സു കാരന്റെ കൈവിറയലോടെ ഞാൻ മൈക്ക് എടുത്തു..
അർഹതില്ലാത്തൊരു ആദരിക്കപ്പെടലിന്റെ അമ്പരപ്പും ,ഇതിലേക്ക് എത്തിച്ച സാഹചര്യങ്ങളെ പറ്റിയും കുട്ടികളോട് സംസാരിച്ചു. എന്റെ മാത്രം നൊമ്പരങ്ങൾ വരച്ചു വെച്ചോരു പുസ്തകം ഇറക്കിയിട്ടുണ്ട് . കുറച്ചു പബ്ലിസിറ്റിയും അതിലുപരി മറ്റാർക്ക് എങ്കിലും പ്രചോദനം ആവട്ടെ എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ "പഠിക്കേണ്ടവർക്കൊരു കൈത്താങ്ങ് " എന്ന പദ്ധതിയുടെ കീഴിൽ സൗജന്യമായി പഠിക്കുന്ന കുട്ടികളെ പറ്റി സംസാരിച്ചു . ഇത് രണ്ടുമാണ് ഇന്ന് നല്ലനിലയിൽ എന്ന ഈ സ്ഥാനം നൽകി എന്നെ ആദരിക്കപ്പെടാന് കാരണമായെങ്കിൽ സന്തോഷം മാത്രേ ഉള്ളു. എഴുതി തെളിയാൻ കൊതിക്കുന്ന യുവഎഴുത്തുകാർക്ക് സാമൂഹിക മാധ്യമങ്ങൾ നൽകുന്ന മികച്ച അടിത്തറയെ പറ്റിയും ഞാൻ എഴുതി തുടങ്ങിയ കവിതകൾ ഗ്രൂപ്പിനെ പറ്റിയും പരിചയപ്പെടുത്തി മറ്റു അതിഥികളുടെ പേരുകൾ വായിക്കുന്നതിനടക്കാണ് ആ പേര് കണ്ണിലുടക്കിയത് .' ഡോക്ടർ -------" ആ പേരും പൂവ് തന്ന കൊച്ചു സുന്ദരിയുടെ പേരും കൂടെ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി .
സംഘടകൻ അടുത്ത് വന്നു പറഞ്ഞു ഡോക്ടർ------ ഒരു എമെർജെൻസി വന്നു തിരിച്ചു പോയി ഡോക്റ്ററുടെ മോളാണ് താങ്കളെ സ്വീകരിച്ചത്.
ആയിഷ മെഹറിൻ ഇപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ട് . എനിക്കതൊരു പൊള്ളലാണ് . പ്രായത്തിന്റെ ചാപല്യങ്ങളിൽ ക്‌ളാസ് മുറികളിൽ ഒതുങ്ങിപ്പോയ ,അല്ലെങ്കിൽ ന്യായീകരണമില്ലാത്ത കാരണങ്ങളാൽ കണ്ടില്ലെന്നു നടിച്ച എന്റെ പ്രണയത്തിലേക്ക് തെറിച്ചു വീഴുന്ന കനൽ ചീളുകളാണ് ആ മോളുടെ പുഞ്ചിരി .
ഈ സ്റ്റേജിനു പുറകിൽ കാണുന്ന എന്റെ പത്താം ക്‌ളാസ്സ്‌ ചുമരുകൾക്കിടയിൽ വർഷങ്ങൾക്ക് മുൻപ് സൗഹൃദത്തിന്റെ അകമ്പടിയൊന്നുമില്ലാതെ പരസ്പരം പറയാതെ പ്രണയിച്ചിരുന്ന രണ്ടു കുട്ടികളുണ്ടായിരുന്നു. ഡോകടർ ആവാൻ കൊതിച്ചവളും കുടുംബം നോക്കാൻ വിധിക്കപ്പെട്ടവനും .രണ്ടുപേരും വിധി കൽപ്പിക്കപ്പെട്ടത് ചെയ്തു തീർത്തപ്പോൾ നഷ്ടപ്പെട്ടത് മനസ്സിൽ കൊണ്ട് നടന്ന നേരുള്ള ഒരിഷ്ടത്തെ .ജീവിതത്തിൽ വിജയിച്ചപ്പോൾ സ്വപ്നങ്ങളിൽ പരാജയപ്പെട്ട രണ്ടാളുകൾ , ..
തടഞ്ഞു നിർത്താൻ കഴിയാതെ ഓർമ്മകളുടെ കുത്തൊഴുക്കിൽ നിന്നും ഇങ്ങോട്ടു വരാൻ തീരുമാനിച്ച നിമിഷത്തെ ശപിച്ചു, ആ മോളുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു കൊണ്ട് ഞാൻ ഇറങ്ങി നടന്നു ,
ആയിഷ മെഹറിൻ- എന്റെ ഹൃദയത്തിൽ നിന്റെ പുഞ്ചിരി മരണം വരെ ഉണ്ടാവും മോളെ .ഞാനും നിന്റെ ഡോകടറുമ്മയും ഒരുകാലത്തു കൊണ്ട് നടന്നിരുന്ന ഒരു സ്വപ്നമായിരുന്നു മോളെ നിന്റെ പേര് .പൂർണ്ണതയിൽ എത്താതെ ചിതയിലേക്ക് എടുക്കപ്പെട്ട ഞങ്ങളുടെ സ്വപ്നങ്ങളിൽ ഒന്ന് .
.
എന്നെ കാത്തു നിന്ന അംബാസിഡർ കാർ ഒരു നിമിഷം ഒരു ശവമഞ്ചലായി എനിക്ക് തോന്നി എത്രയും വേഗം ഇരുട്ട് കൂടുതലുള്ള ഭൂമിയുടെ ഏതെങ്കിലും ഒരു അറ്റം ലക്ഷ്യമാക്കി ഞാൻ യാത്ര തുടർന്നു ,മുന്നിലൂടെ ചീറിപ്പാഞ്ഞു പോയൊരു ചെറുകാറിൽ എന്റെ തടിച്ചി പാറുവിന്റെ കണ്ണുകൾ ഞാൻ ഒരിക്കൽ കൂടെ കണ്ടു ..
ഈ നന്മയുടെ വെളിച്ചം എന്നെ ഭ്രാന്തനാക്കുന്നു ..യാത്ര ഇരുട്ടിലേക്ക് തന്നെയാവട്ടെ.....
.
-അൻവർ മൂക്കുതല-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo