നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീതു


നീതു
"നോ, വേണ്ട കിരൺ "
"എന്താ നീതൂ ഇത്? ഇഷ്ടമല്ലെ നിനക്കെന്നെ? എന്നെ വിശ്വാസമില്ലെ?"
" ഉണ്ട്. പക്ഷെ എന്റെ സ്നേഹവും വിശ്വാസവും ഇങ്ങനെ തെളിയിക്കണോ ഞാൻ? നീ വീട്ടിലേക്ക് വിളിച്ചപ്പോൾ നിന്റെ അമ്മയും ചേച്ചിയും ഇവിടെ കാണുമെന്ന് കരുതിയാണ് വന്നത്. അവരിവിടെ ഉണ്ടാകില്ലെന്നുറപ്പുള്ളത് കൊണ്ടാ നീയെന്നെ ഇവിടെ കൊണ്ട് വന്നത് അല്ലെ? എന്നെ വീട്ടിൽ കൊണ്ടു വിടു കിരൺ. അല്ലെങ്കിൽ വേണ്ട ഞാൻ പോയ്ക്കോളാം."
"നോക്ക് നീതു. ഇതു പോലെ ഒരവസരം നമുക്കിനി കിട്ടില്ല. പ്ലീസ്"
'' അവസരം. അത് നീയായിട്ടുണ്ടാക്കിയതല്ലെ?"
"അല്ല. അവരിവിടെ കാണുമെന്നാ ഞാൻ കരുതിയത്. സത്യം. കമോൺ . ഒരു പ്രാവശ്യം. ഒരിക്കൽ മാത്രം . പിന്നെ ഞാൻ നിന്നെ നിർബന്ധിക്കില്ല."
"അതു കഴിഞ്ഞാൽ ഒന്നുകിൽ നീയെന്നെ ഉപേക്ഷിക്കും. അല്ലെങ്കിൽ ബ്ലാക് മെയിൽ ചെയ്യും അല്ലെ?"
" ഇല്ല നീതു. അങ്ങനെയാണോ നീയെന്നെ പറ്റി കരുതിയത്? രണ്ട് വർഷമായില്ലെ നമ്മൾ തമ്മിൽ ഇഷ്ടത്തിലായിട്ട്?ഒരിക്കലെങ്കിലും വേണ്ടാത്ത രീതിയിൽ പെരുമാറിയിട്ടുണ്ടോ ഞാൻ?"
"അപ്പോൾ ഇതോ? എന്നിട്ടെന്തെങ്കിലും സംഭവിച്ചാൽ നമ്മളെന്തു ചെയ്യും? അതു വല്ലതും നീയാലോചിച്ചോ? "
"എന്ത് സംഭവിക്കാൻ? അതിനല്ലെ മോളേ പ്രൊട്ടക്ഷൻ ?"
" അപ്പോഴെല്ലാം പ്ലാൻ ചെയ്ത് വന്നതാണല്ലെ? നീ നേരത്തേ ചോദിച്ചില്ലെ ഇഷ്ടത്തേയും വിശ്വാസത്തേയും കുറിച്ച്. ഇപ്പോൾ നീ തന്നെ അതെല്ലാം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് . ഞാൻ പോട്ടെ...
"നീതൂ നിൽക്ക്. സമ്മതിച്ചു. ഞാനെല്ലാം പ്ലാൻ ചെയ്തത് തന്നെയാണ് . അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ? നോക്ക്, ഒന്നും സംഭവിക്കില്ല. 98% ഇഫെക്ടീവ്. "
" അതായത് നൂറു പേരുപയോഗിച്ചാൽ രണ്ട് പേർ ഗർഭിണികളാവാമെന്ന്. അതുണ്ടാക്കിയ കമ്പിനിക്ക് അതൊരു സ്റ്റാറ്റിസ്റ്റിക്സ് മാത്രമാണ്.അത് എനിക്കാണ് സംഭവിക്കുന്നതെങ്കിൽ? എന്നെ സംബന്ധിച്ച് നൂറു ശതമാനവും അപ്പോൾ ഞാനാവില്ലെ?"
" ഡബിൾ പ്രൊടെക്ഷനായാലോ? കഴിക്കാനുള്ള ടാബ്‌ലറ്റ് ഞാൻ വാങ്ങിത്തരാം."
"കിൽ പിൽ? അതെന്താ ചെയ്യുന്നതെന്നറിയാമോ? നിന്നോടുള്ള സ്നേഹം കൊണ്ട് നീ പറഞ്ഞതനുസരിച്ച് നിന്നെ സ്നേഹിക്കുമ്പോൾ ജനിക്കുന്ന കുഞ്ഞിനെ കൊന്നുകളയണോ? എങ്ങനെയാ നിനക്കിതൊക്കെ പറയാൻ തോന്നുന്നത്?"
" നീതൂ ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. നീ മാത്രമിങ്ങനെ ബലം പിടിച്ച്..... "
"ആരാ എല്ലാവരും? കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത പ്ലസ് വണ്ണിലെ പെൺകുട്ടിയോ? അവളുടെ ഫോട്ടോ എടുത്ത് സ്കൂളിൽ എല്ലാവർക്കും വിതരണം ചെയ്തവനോ? നിന്റെ ക്ലാസ്സിലെ പഠനം മതിയാക്കി പോയ പെൺകുട്ടിയോ? ആ കുട്ടിയുടെ ഗർഭത്തിനുത്തരവാദിയോ?
ഇതെല്ലാം കണ്ടിട്ടും പഠിച്ചില്ലെങ്കിൽ നമ്മൾ വെറും മന്ദബുദ്ധികളാവില്ലെ കിരൺ ?"
" നീതൂ.... "
"ഇവിടെ വരുന്നത് വരെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. നിന്റെ പെണ്ണാണെന്ന് പറയാൻ അഭിമാനമായിരുന്നു. ജീവിതാവസാനം വരെ നീയെന്റെ കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നു. ജയത്തിലും തോൽവിയിലും ഉയർച്ചയിലും താഴ്ചയിലും ഒരു താങ്ങായി കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എല്ലാം നശിപ്പിച്ചില്ലെ നീ ഒരു നിമിഷം കൊണ്ട്. "
"കരയാതെ നീതു. നീ കരയുന്നത് കാണാൻ വയ്യ. ഞാനുണ്ടാവും നിന്റെ കൂടെ എന്നും. എന്റെ ഒരു മോഹം പറഞ്ഞതല്ലേ ഞാൻ"
"എന്നും? എന്നുമുണ്ടാവുമോ? നിന്റെ മോഹം ഞാൻ സാധിച്ചു തന്നിട്ട് എന്തെങ്കിലും സംഭവിച്ചാൽ? അപ്പോഴും എന്റെ കൂടെയുണ്ടാകുമോ? നമ്മൾ വെറും പ്ലസ് റ്റു വിദ്യാർത്ഥികളാണെന്ന് നീ മറന്നോ? എന്റെ വീട്ടിൽ നിന്ന് എന്നെ പുറത്താക്കിയാൽ നീ സ്വീകരിക്കുമോ? നിന്റെ വീട്ടുകാർ സമ്മതിക്കുമോ?"
'' അങ്ങനെയൊന്നും സംഭവിക്കില്ല. അഥവാ സംഭവിച്ചാൽ ഞാനുണ്ടാകും കൂടെ. ഉറപ്പ്. "
" വേണ്ട. ഇപ്പോഴത്തെ കാര്യം സാധിക്കാനുള്ള ഉറപ്പ് അല്ലെ? ആത്മാർത്ഥമായാണ് അതു പറഞ്ഞതെങ്കിൽ സന്തോഷം. പക്ഷെ അപ്പോൾ നമ്മുടെ ഭാവിയെന്താകും? പ്ലസ് ടു പോലും കഴിയാതെ ഞാനൊരമ്മയും നീയച്ഛനുമാകും. ഞങ്ങളെ സംരക്ഷിക്കാൻ പഠനം ഉപേക്ഷിക്കേണ്ടി വരും. നിന്റെ കരിയർ സ്വപനങ്ങൾ ഉപേക്ഷിക്കേണ്ടി വരുമ്പോൾ നീയെന്നെ വെറുക്കാൻ തുടങ്ങും."
" ഇത്രയൊക്കെ ആരാ ചിന്തിക്കുന്നത്?"
" ചിന്തിക്കണം കിരൺ. ഞാൻ ചിന്തിക്കുന്നു. ഞാനിങ്ങനെയൊക്കെയാണ്. ഇങ്ങനെയാവാനെ എനിക്ക് കഴിയൂ. അറിയില്ലെ നിനക്കത്?"
"കിരൺ ഞാനൊന്നു ചോദിച്ചോട്ടെ? കുറെ നാൾ കഴിഞ്ഞ് നിന്റെ സ്വപ്നം പോലെ ജോലിയൊക്കെ കിട്ടിയിട്ട് വിവാഹം കഴിക്കുമ്പോൾ ആ പെൺകുട്ടി കന്യകമായിക്കണമെന്ന് നിനക്കാഗ്രഹമില്ലെ?"
" കന്യക . ഇന്നത്തെ കാലേത്ത അതൊരു അതിമോഹമാണ്. പിന്നെ ഒരു പത്ത് വർഷം കഴിഞ്ഞിട്ടുള്ള കാര്യം പറയണോ നീതു ?
" അത് ഞാനാണെങ്കിലോ കിരൺ ? അതിന് നീ അത് വരെയൊന്നും ചിന്തിച്ചില്ലാലേ? ഒരു ടീനേജ് ഫാന്റസി. അത് മാത്രമാണല്ലേ ഞാൻ? പറഞ്ഞത് നന്നായി. ഞാൻ, ഞാൻ പോവാ. ഇനിയെന്നെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്. ബൈ കിരൺ. ഗുഡ് ബൈ. "
കിരണിന്റെ മൊബൈലിൽ അപ്പോഴും മെസേജുകൾ വരുന്നുണ്ടായിരുന്നു.
"എങ്ങനെയുണ്ട് നിന്റെ ചരക്ക്?"
" എവിടെ ഫോട്ടോസ് ?"
"വേഗം. ഞങ്ങളിവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. "
പക്ഷെ അവനപ്പോൾ ചിന്തിച്ചത് വിലയറിയാതെ കൈവിട്ടു പോയ മാണിക്യത്തെ കുറിച്ചായിരുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot