നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റൂം നമ്പര്‍ 71


റൂം നമ്പര്‍ 71
************************************************************
കാരിത്താസ് ആശുപത്രിയിലേക്ക് നാന്‍സി പോയത് ഇരുണ്ടു മൂടിയ ഒരു ചൊവ്വാഴ്ച ദിവസമായിരുന്നു...മുണ്ടക്കയത്തു നിന്ന് മകന്റെ സ്കൂളില്‍ ചെന്നു അവനെയും കൂട്ടിയാണ് അന്ന് ആശുപത്രിയിലേക്ക് പോയത്.
അവര്‍ രാവിലെ പത്തു കഴിഞ്ഞപ്പോള്‍ കുമളിയില്‍ നിന്നു ‘കൊണ്ടോടി ‘ ബസ്സില്‍ യാത്ര തിരിച്ചു. വെളുത്ത നിക്കറും ഷര്‍ട്ടുമായിരുന്നു നാന്സിയുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ജോയലിന്റെ വേഷം.സ്കൂള്‍ യൂണിഫോം.
തലേ ദിവസത്തെ മഴയില്‍ തേയില തോട്ടങ്ങള്‍ തണുത്തു കിടന്നു.തോട്ടങ്ങള്‍ കടന്നു വന്ന കാറ്റ് മുഖത്തടിച്ചതും നാന്‍സി ഉറങ്ങി പോയി.എങ്കിലും അവളുടെ കൈ മടിയില്‍ ഇരുന്ന ബാഗില്‍ ഭദ്രമായിരുന്നു.അവളുടെ ജീവനോപാധിയായ ക്യാമറ അതിനുള്ളില്‍ ആണ്.
വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു നാന്സി്യെ ഉപേക്ഷിച്ചു പോയി.മകന്‍ ജോയലിനെ വളര്‍ത്താന്‍ നാന്‍സി ഒരുപാട് ജോലികളില്‍ എര്‍പെട്ടുനാന്സിെയുടെ മാതാപിതാക്കള്‍ കൂടി മരിച്ചതോടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായി...
വീടിനു അടുത്ത് ഒരു ബാലിക ആത്മഹത്യ ചെയ്തത് ആണ് നാന്സിയുടെ ജീവിതത്തില്‍ ക്യാമറ കടന്നു വരാന്‍ കാരണമായത്.പശുവിനെ ഇറക്കി കിട്ടാന്‍ അമ്മ പറഞ്ഞതിന്റെ ദു:ഖത്തിലാണ് ആ പതിനാലു വയസുകാരി മരിച്ചത്. കറുത്ത നിറമായിരുന്നതിനാല്‍ അവളുടെ അമ്മക്ക് അവളെ ഇഷ്ടമല്ലായിരുന്നു എന്നത് നാന്സിക്ക് അറിയാമായിരുന്നു.വീട്ടിലെ എല്ലാ ജോലിയും ആ കുട്ടിയെ കൊണ്ട് ചെയ്യിക്കുകയും ആ അവഗണനയുമായിരിക്കണം ആത്മഹത്യയിലേക്ക് നയിച്ചത്.
ജഡത്തിന്റെ ഫോട്ടോ എടുക്കാന്‍ പോലീസിനു ആളെ കിട്ടാതെ വന്നപ്പോഴാണ് അല്പം സ്വല്പം ഫോട്ടോഗ്രഫി അറിയാവുന്ന നാന്സി അപ്പന്റെ പഴയ ക്യാമറ കൊണ്ട് ആ ഫോട്ടോ എടുത്തത്‌.പശുവിനെ കെട്ടിയ ശേഷം ആത്മഹത്യ ചെയ്ത ബാലികയുടെ ശോകഭരിതമായ മുഖം അവള്ക്ക് ആദ്യത്തെ പ്രതിഫലം നല്കി .പിന്നീട് പോലീസ് അവളെ മരിച്ചവരുടെയും ,അപകടങ്ങളുടെയും ചിത്രങ്ങള്‍ എടുക്കാന്‍ വിളിച്ചു തുടങ്ങി.
മിക്ക ദിവസങ്ങളിലും അവള്ക്കു ജോലിയുണ്ടാകും.ജില്ലയിലെ മിക്ക പോലീസ് സ്റെഷനുകളിലും അവള്‍ പരിചിതയായി.ഒരു കൈനറ്റിക്ക് ഹോണ്ടയും നാന്സി വാങ്ങി.പോലീസിനു വേണ്ടി ജോലി ചെയ്യുന്നത് കൊണ്ട് അവള്ക്കു സുരക്ഷിതതവ്വും ഉണ്ടായിരുന്നു.കുറച്ചു തയ്യലും ഫോട്ടോഗ്രഫിയും കൊണ്ട് അവള്‍ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ശ്രമിച്ചു.
ഒരു ദു:ഖം മാത്രമേ നാന്സിക്ക് ഉണ്ടായിരുന്നുള്ളു.അത് മകന്‍ ജോയലായിരുനു.
ജോയലിനു ജനിച്ചപ്പോള്‍ മുതല്‍ ഒരു കാലിനു മുടന്തുണ്ടായിരുനു.അപ്പനില്ലാത്ത മുടന്തനായ ഒരു കുട്ടി.അവനും നാന്സിയും തമ്മില്‍ ഉള്ള ബന്ധത്തില്‍ ഒരു മൗനം നില നില്ക്കു ന്നതായി നാന്സിക്ക് ഇപ്പോഴും തോന്നിയിരുന്നു.അത് അപ്പന്‍ എന്ന ബിന്ദുവാണ് എന്നും ചോദ്യങ്ങള്‍ അവന്റെ ആത്മാവില്‍ ഉറഞ്ഞു കിടപ്പുണ്ടെന്നും നാന്സിക്ക് അറിയാമായിരുന്നു.
മുടന്തും അനാഥത്വവും അവനില്‍ പ്രായത്തില്‍ കവിഞ്ഞ ഒരു പക്വതയാണ് ഉണ്ടാക്കിയത് ആവശ്യമില്ലാതെ കളിപ്പാട്ടങ്ങള്ക്ക് വേണ്ടി വഴക്കുണ്ടാക്കാനോ,മമ്മിയെ ദു:ഖിപ്പിക്കുന്ന പെരുമാറ്റം ഉണ്ടാക്കതിരിക്കാനോ അവന്‍ ശ്രദ്ധ വച്ചു.മുടന്ത് ഉണ്ടായിരുന്നെകിലും അവനു നല്ല ഓര്‍മ്മശക്തിയും ബുദ്ധിയും ഉണ്ടായിരുന്നു.
ബസ് സമതലങ്ങള്‍ പിന്നിട്ടു.ജോയല്‍ പുറത്തേക്ക നോക്കി.ബസില്‍ ഇരിക്കുമ്പോള്‍ അവന്‍ പരമാവധി അകലേക്ക് കണ്ണുകള്‍ പായിക്കും
ദൂരെയാണ് കാഴ്ചകള്‍.അങ്ങ് ദൂരെ.എത്ര വലുതാണ്‌ ഭൂമി.
ഇന്നലെ രാത്രിയാണ്‌ മമ്മിയുടെ ഫോണില്‍ ആ കോള്‍ വന്നത്.ആരാണ് വിളിച്ചത് എന്നറിയില്ല.മമ്മിയുടെ ശബ്ദം ഇപ്പുറത്ത് നിന്ന് കേള്‍ക്കാമായിരുന്നു.ആരോ അസുഖം വഷളായി കാരിത്താസ് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നു.കേട്ടതില്‍ നിന്ന് അത്രയും മനസ്സിലായി.
ഫോണ്‍ വച്ചതിനു ശേഷം മമ്മി മുറിയില്‍ വന്നിരുന്നു.മമ്മിയുടെ മുഖം വികാരരഹിതമായിരുന്നു.ചില കൊലപാതകങ്ങള്‍,ആത്മഹത്യകള്‍,അപകടങ്ങള്‍ തുടങ്ങിയവയുടെ ജഡങ്ങള്‍ വല്ലാതെ പേടിപ്പിക്കുന്നവയാണ്.അങ്ങനെയുള്ള ചിത്രങ്ങള്‍ എടുത്തു വരുന്ന ദിവസമാണ് മുഖം അങ്ങനെയാവുന്നത്.പക്ഷെ രണ്ടു ദിവസമായി മമ്മി പനി കാരണം വീട്ടില്‍ തന്നെയാണ് എന്ന് അവന്‍ ഓർത്തു.ഒരു പക്ഷെ ആ ഫോണ്‍ കോള്‍ ?
ഉച്ച ആയപ്പോള്‍ അവര്‍ തിരുനക്കരയില്‍ എത്തി.ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസമായിരുന്നു. അന്നായിരുന്നു.അത് കൊണ്ട് തന്നെ ബസ്സുകളില്‍ സൂചി കുത്താന്‍ ഇടമില്ലായിരുന്നു.
കാത്തു നില്‍ക്കുന്നതിനിടയില്‍ നാന്സിക്ക് വീണ്ടും കോള്‍ വന്നു.അപ്പുറത്ത് നിന്നുള്ള സംസാരം കേട്ട് അവളുടെ മുഖം വിവര്‍ണ്ണമായി.
“റൂം നമ്പര്‍ എഴുപത്തിയൊന്ന് അല്ലെ...ഞങ്ങള്‍ ഇവിടെ തിരുനക്കര എത്തി.ഉടന്‍ എത്തും.”അവള്‍ ഫോണിലൂടെ പറഞ്ഞു.
“മോനെ റൂം നമ്പര്‍ എഴുപത്തിയൊന്നു മറക്കല്ലേ...”അവള്‍ ഓര്‍മ്മിക്കുവാനായി ജോയലിനോട് പറഞ്ഞു.
അവന്‍ തല കുലുക്കുന്നതിനടയില്‍ ബസ് വന്നു.നല്ല തിരക്ക്.
അവള്‍ ജോയലിനെ പുറകില്‍ കയറ്റി.കാലിനു വയ്യാത്തത് കൊണ്ട് അവനു സീറ്റ് കിട്ടി.അവൾ ബസ്സിന്റെ മുൻഭാഗത്ത് തിരക്കിനിടയിൽ തൂങ്ങി പിടിച്ചു നിന്നു.വണ്ടി നീങ്ങി.
കുറച്ചു സ്ടോപ്പുകള്‍ പിന്നിട്ട് ബസ് നിർത്തിയപ്പോള്‍ കാരിത്താസ് ഹോസ്പിറ്റലിലേക്ക് എന്ന ചൂണ്ടു പലക ജോയല്‍ കണ്ടു.മമ്മിയെ തിരക്ക് കാരണം കാണുന്നില്ല.അവന്‍ അരികില്‍ നിന്ന മനുഷ്യനോട് ഇവിടെയാണോ കാരിത്താസ് ഹോസ്പിറ്റലില്‍ പോകാന്‍ ഇറങ്ങണ്ടത് എന്ന് അന്വേഷിച്ചു.അയാള്‍ അതെ എന്ന് പറഞ്ഞു.
അവന്‍ എഴുന്നേറ്റതും അയാള്‍ അവന്റെ സീറ്റില്‍ ചാടി ഇരുന്നു.
വളരെ കഷ്ടപ്പെട്ട് തിരക്കിനിടയിലൂടെ ജോയല്‍ ഞൊണ്ടിയിറങ്ങി.അവന്‍ ഇറങ്ങിയതും വണ്ടി കുതിചു പാഞ്ഞു.
ഇറങ്ങി കഴിഞ്ഞപ്പോഴാണ് അവന്‍ മനസ്സിലാക്കിയത്.മമ്മി ഇറങ്ങിയിട്ടില്ല!!
ഒന്നു ഞെട്ടിയെങ്കിലും അവന്‍ അടുത്ത നിമിഷം ശാന്തനായി.
“കാരിത്താസ് സ്ടോപ്പ് ഇതല്ലേ ..?”അവന്‍ സ്ടോപ്പില്‍ കണ്ട ഒരു ചെറുപ്പക്കാരനോട്‌ ചോദിച്ചു.അയാള്‍ തല കുനിച്ചു മൊബൈല്‍ ഫോണില്‍ എന്തോ കുത്തി കൊണ്ടിരിക്കുകയായിരുന്നു.
“ഇതല്ല.ഇവിടെ നിന്നും നാലഞ്ചു സ്റ്റോപ്പ്‌ കൂടിയുണ്ട് കാരിത്താസ്.”തല ഉയർത്താതെ തന്നെ മറുപടി വന്നു.
അവന്‍ ആശയകുഴപ്പത്തിലായി.അവന്‍ കണ്ട ചൂണ്ടു പലക ഒരു പോക്കറ്റ് റോഡിലേക്ക് ഒന്നും അറിയാത്തത് പോലെ നോക്കി നിന്നു.അതിനു ചുവട്ടില്‍ ഒന്ന് രണ്ടു ഓട്ടോകള്‍ കാത്തു കിടന്നു.
തന്നെ കാണാതെ മമ്മി പരിഭ്രാന്തയാകും എന്ന് കരുതി ഒരു ഭീതിയുടെ തണുപ്പ് അവനെ വിഴുങ്ങി.അത് കൊണ്ട് തന്നെ ബ്രേക്ക് ഇല്ലാതെ പാഞ്ഞു വരുന്ന ടിപ്പര്‍ അവന്റെ കണ്ണില്‍ പെട്ടില്ല.അവന്‍ ആ ഓട്ടോകളുടെ അടുത്തേക്ക് ഓടിയതും പാഞ്ഞു വന്ന ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു എതീരെ വന്ന രണ്ടു വണ്ടികളെയും തട്ടി മറിഞ്ഞതും ഒരുമിച്ചായിരുന്നു.
നാന്സി കാരിത്താസ് സ്ടോപ്പില്‍ ഇറങ്ങി.ഇറങ്ങി കഴിഞ്ഞപ്പോള്‍ ജോയല്‍ ഇല്ല എന്ന് മനസ്സിലായി.
അവള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്ക്കു്മ്പോള്‍ കോള്‍ വന്നു.
അവള്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് ഓടി.
ജോയല്‍ പക്വത ഉള്ള കുട്ടിയാണ്.അവന്‍ എങ്ങിനെയെങ്കിലും ആശുപത്രിയിലേക്ക് എത്തും.കൂടാതെ റൂം നമ്പര്‍ എഴുപത്തിയൊന്നു അവന്‍ മറക്കുകയുമില്ല.അവള്‍ സ്വയം പറഞ്ഞു.
അവള്‍ ആശുപത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ ഒരു സ്ത്രീ അവളെ കാത്തു നിന്നിരുന്നു.
“വേഗം വാ...ഇനി അധികം സമയം ഒന്നുമില്ല എന്നാണു സിസ്റ്റര്‍ പറഞ്ഞത്..വലിച്ചു തുടങ്ങി..മോന്‍ വന്നില്ലേ...മരിക്കുന്നതിനു മുന്പ് അവനു ആ മുഖം ഒന്ന് കാണാമായിരുന്നു.”
മുറിയിലേക്ക് വേഗം നടക്കുന്നതിനിടയില്‍ ആ സ്ത്രീ പറഞ്ഞു.
“അവനു സ്റ്റോപ്പ് മാറി പോയി.വന്നോളും.”
അവര്‍ റൂം നമ്പര്‍ എഴുപത്തിയൊന്നില്‍ എത്തി.ബെഡില്‍ ട്യൂബുകളുടെ ഇടയില്‍ ഒരു പുരുഷന്‍ കിടന്നു.തകര്‍ന്ന വര്‍ഷങ്ങള്‍ പോലെ അയാളുടെ മുഖത്ത് നരച്ച കുറ്റിത്താടി വളര്ന്നു നിന്നു.ബെഡിനു അരികില്‍ ഒരു കന്യാസ്ത്രീ ഇരുന്നു.
അയാള്‍ ശ്വാസം ആഞ്ഞു വലിക്കുകയായിരുന്നു.
നാന്സി അയാളുടെ കട്ടിലിനു അരികില്‍ നിന്ന് അയാളുടെ മുഖത്തേക്ക് നോക്കി.അയാളുടെ കണ്ണുകള്‍ മുറിക്കു മുകളിലെ ഏതോ അജ്ഞാത ബിന്ദുവില്‍ കേന്ദ്രീകരിച്ചിരുന്നു.
അല്പു സമയം കഴിഞ്ഞപ്പോള്‍ ആ ശ്വാസം നിലച്ചു.കണ്ണുകള്‍ മുകളിലേക്ക് മറിഞ്ഞു.ഒരു നാടകത്തിനു തിരശീല വീണത്‌ പോലെ.
അറിയാതെ നാന്സിയുടെ കൈകള്‍ ബാഗിലെ ക്യാമറ തിരഞ്ഞു.
അവള്‍ മുറിക്കു പുറത്ത് വന്നു.ഇപ്പോള്‍ അര മണിക്കൂര്‍ കഴിഞ്ഞു..ജോയല്‍ ഇത് വരെ ആശുപത്രിയിലേക്ക് വന്നില്ല.അവളുടെ ഉള്ളിൽ ഒരു തിക്കു മുട്ടൽ തോന്നി.പെട്ടെന്നാണ് അവളെ പരിചയമുള്ള പോലീസുകാരനെ ഹാള്‍ വെയില്‍ കണ്ടത്.പുറത്തു അലാം മുഴക്കുന്ന ആംമ്പുലന്സുകളുടെ ശബ്ദം.
“ഹോ എന്റെ ഭാഗ്യം,കൃത്യ സമയത്ത് നാന്സിയെ കണ്ടു.താഴെ കാഷാലിറ്റി വരെ വരാമോ..ഒരു ആക്സിഡന്റ് കേസ് ഉണ്ട്.ഒന്ന് രണ്ടു ഫോട്ടോ വേണം.പോസ്റ്റ്‌ മോർട്ടത്തിനു മുന്പ്.” അയാള്‍ പറഞ്ഞു.
അവള്‍ അയാളുടെ പിറകെ ചെന്നു.
മൂന്ന് ശരീരങ്ങള്‍ ഉണ്ടായിരുന്നു.ഫോട്ടോകള്‍ എടുത്തു നാന്സി മുന്നോട്ടു നീങ്ങി. മൂന്നാമത്തെത് ഒരു ബാലന്റെ ആയിരുന്നു.
ക്യാമറയിലൂടെ ജോയലിന്റെ മുഖം നാന്‍സി കണ്ടു.അവള്‍ അവസാനമായി എടുക്കുന്ന ചിത്രമായിരുന്നു അത്.
ആ നിമിഷം നാന്‍സി തീർത്തും അനാഥയായി.റൂം നമ്പര്‍ എഴുപത്തിയൊന്നിലെ ഡെഡ്ബോഡിക്കൊപ്പം മകന്റെ ശരീരവും മോര്‍ച്ചറിയിലേക്ക് നീങ്ങുന്നത് അവള്‍ കണ്ടു.ഒരു നിർവ്വികാരത പൂപ്പൽ പോലെ മനസ്സിന്റെ ഭിത്തികളിൽ പടർന്നു പിടിച്ചത് അപ്പോഴാണ്.
മകന്റെ മരണത്തോടെ അവള്‍ മരിച്ചവരുടെ ചിത്രമെടുക്കുന്ന തൊഴില്‍ നിര്‍ത്തി..പിന്നെ കുമളിയിലെ വീട് ഉപേക്ഷിച്ചു.ആ ജില്ലയിലേക്ക് വീണ്ടും വരാന്‍ അവള്ക്ക് തോന്നിയില്ല.വയനാടിനു അടുത്ത് ഒരു കന്യാസ്ത്രീകള്‍ നടത്തുന്ന ആശ്രമത്തിലേക്ക് അവള്‍ പോയി.അത് വ്യദ്ധ കന്യാസ്ത്രീകളുടെ വിശ്രമസ്ഥലം കൂടിയായിരുന്നു.അവിടെ അവർ നടത്തുന്ന തയ്യല്‍ ശാലയില്‍ അവള്ക്ക് ജോലി ലഭിച്ചു.
വര്‍ഷങ്ങള്‍ അവള്‍ അവിടെ മൗനമായി വസ്ത്രങ്ങള്‍ തുന്നി കഴിച്ചു കൂട്ടി.ആ ആശ്രമം ഒരു കുന്നിന്‍ മുകളിലായിരുന്നു . കന്യാസ്ത്രീകള്‍ ധ്യാനത്തിനും വിശ്രമത്തിനും ദൂരെ നിന്നും അവിടെ വരുമായിരുന്നു.
അവളുടെ മുഖ ഭാവം കണ്ടിട്ടോ എന്തോ ഒരിക്കല്‍ അവിടെ വന്ന ഒരു കന്യാസ്ത്രീ അവളുമായി പരിചയപ്പെട്ടു.അവര്‍ വര്‍ഷങ്ങള്‍ നഴ്സ് ആയി ജോലി ചെയ്തിരുന്നു. ആ കന്യാസ്ത്രീക്ക് മാലാഖകളുടെ പോലെ പ്രകാശിക്കുന്ന കരുണാമയമായ മുഖമായിരുന്നു.
“ഓ,നാന്സി്യുടെ വീട് കുമളിയില്‍ ആണോ ..”അവർ ചോദിച്ചു.
“അതെ.”
“കുമളി എന്ന് കേള്ക്കുമ്പോള്‍ എനിക്ക് പെട്ടെന്ന് ഒരു ബാലന്റെ മുഖം ഓര്മ്മ വരും.ഞാന്‍ കുറച്ചു നാള്‍ കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.ചില ദിവസങ്ങളില്‍ ,ഞാന്‍ അവിടെ വച്ചു ഒരു മുടന്തന്‍ പയ്യനെ കാണുമായിരുന്നു.വെളുത്ത യൂണിഫോം ധരിച്ച കുട്ടി.അവന്‍ റൂം നമ്പര്‍ എഴുപത്തിയൊന്ന് അന്വേഷിച്ചു നടക്കുന്നത് കാണും.അവന്റെ മമ്മി കാത്തിരിക്കുന്നു എന്ന് പറഞ്ഞു മുടന്ത് കാലും വലിച്ചു വേഗം നടക്കും.എത്ര പറഞ്ഞാലും അവന്‍ ആ മുറിയില്‍ എത്തുകയുമില്ല.അവന്റെ വീട് കുമളിയില്‍ ആണെന്ന് ഒരിക്കല്‍ അവന്‍ പറഞിരുന്നു.”
അത് കേട്ട് കൊണ്ടിരുന്നപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.മകന്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ആദ്യമായാണ് നാന്സിയുടെ കണ്ണുകള്‍ നിറഞത്.നിർവികാരതയുടെ പൂപ്പൽ കെട്ടി നിന്ന ഹൃദയ ഭിത്തികൾക്കുള്ളിൽ തിളച്ചു മറിയുന്ന സങ്കടക്കടൽ പൊട്ടിയൊഴുക്കി.
അന്ന് രാത്രി മുഴുവൻ അവൾ കരഞ്ഞു. പിറ്റേന്ന് അവൾ ശാന്തയായി.ഒരു കരുത്ത് വന്നത് പോലെ.
അന്നു തന്നെ കന്യാസ്ത്രീകളോട് വിട പറഞ്ഞ് അവൾ കോട്ടയത്തേക്ക് തിരിച്ചു.അവള്‍ കാരിത്താസ് ആശുപത്രിയുടെ അരികില്‍ ഒരു മുറി എടുത്തു എല്ലാ ദിവസവും ആശുപത്രിയുടെ ഇടനാഴികളില്‍ മകനെ കാത്തു നിന്നു.ഒരിക്കലും അവള്‍ക്ക് മകനെ കാണാന്‍ സാധിച്ചില്ല.
പിന്നീട് അവള്‍ ആശ്രയമറ്റ രോഗികളെ പരിചരിച്ചു അവിടെ ത്തന്നെ കൂടി. ഒരു നിയോഗം പോലെ.പക്ഷെ പിന്നീട് അവൾ കരഞ്ഞില്ല.
നിങ്ങള്‍ ആ ആശുപത്രിയില്‍ എപ്പോഴെങ്കിലും പോവുകയാണെങ്കില്‍ ഇപ്പോഴും ചില ദിവസങ്ങളില്‍ കണ്ണുകളില്‍ പ്രതീക്ഷയുമായി ആ ഇടനാഴികളില്‍ ഒരു മധ്യവയസ്ക്കയെ കാണാന്‍ സാധ്യത ഉണ്ട്.എങ്കില്‍ ഒരു പക്ഷെ അത് മകനെ തിരയുന്ന ആ അമ്മയാവാന്‍ വഴിയുണ്ട്.
(അവസാനിച്ചു)

By 
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot