നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബോഡിഷേയ്‌മിംഗ്‌


2003 ആഗസ്റ്റ് മൂന്നാം തിയതി വെള്ളിയാഴ്ച്ച... ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം...എന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ദിവസം...
അന്നാണ് വിനയന്റെ കരുമാടിക്കുട്ടൻ റിലീസ് ആയത്‌...

അതുവരെ ഇടയ്ക്കും തെടയ്ക്കും മാത്രം കറുമ്പാന്നു വിളിച്ചിരുന്ന എന്റെ കൂട്ടുകാർക്ക് പുതിയൊരു പേര് കണ്ടുപിടിച്ചു കൊടുത്ത ദുഷ്ടനായിരുന്നു വിനയൻ....
നല്ല തങ്കത്തിന്റ നിറമാണ് എന്റെ അമ്മച്ചിക്ക്... അത്തച്ചിക്കു നല്ല കരിവീട്ടിയുടെ നിറവും.. രണ്ടു പേരും കൂടെ ഒരുമിച്ചു നിന്നാൽ ചെസ്സ് ബോർഡ് ആണോ എന്ന് തെറ്റിദ്ധരിച്ചു പോകും..

ഞങ്ങൾ മൂന്നു മക്കളിൽ അത്തച്ചീടേ നിറം അതുപോലെ കിട്ടിയതു എനിക്കായിരുന്നു.. ഒരുപക്ഷേ അതുക്കും മേലെ...

അമ്മാ... അമ്മച്ചിക്ക് ഒരു വെളുത്ത ആളെ കെട്ടിക്കൂടായിരുന്നോ... കറുത്തവൻ എന്ന കോംപ്ലക്സ് തികട്ടി വരുമ്പോളൊക്കെ ചോദിച്ചിട്ടുണ്ട് ഞാൻ.. ഒന്നല്ല ഒരായിരം വട്ടം.. അപ്പോളൊക്കെ നല്ല പെടയും കിട്ടിയിട്ടുണ്ട്....

കരുമാടി ഞങ്ങടെ ടീമിലാ..
എടാ കരുമാടീ...
എടാ കരുമാടീ ടിക്കറ്റ് എടുക്കണേ...
അങ്ങനെ കളിക്കളത്തിലും ബസ്സിലും കല്യാണ വീട്ടിലും എന്നു വേണ്ട ആളും പരിസരവും നോക്കാതെ ആ പേര് എല്ലാരും വിളിക്കാൻ തുടങ്ങി...

ആദ്യമൊക്കെ ഭയങ്കര സങ്കടം തോന്നിയിട്ടുണ്ട്.. പിന്നെ പിന്നെ ഞാൻ അതിനോട് താദാത്മ്യം പ്രാപിച്ചു പയ്യെ പയ്യെ എന്റെ പേര് ഞാൻ തന്നെ മറന്നു തുടങ്ങി..

കാലം അങ്ങനെ കടന്നു പോയി... പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു.. റിസൾട്ടും വന്നു... കൊട്ടപ്പടി മാർക് വാങ്ങിയത് കൊണ്ടു അടുത്തുള്ള സ്കൂളിൽ ഒന്നും അഡ്മിഷൻ കിട്ടിയില്ല...
കിട്ടിയതോ വീട്ടിൽ നിന്നും 25 കിലോമീറ്റർ മാറി മറ്റൊരു സ്ഥലത്തു...
ദിവസം രണ്ടു ബസ് കയറണം സ്കൂളിൽ എത്താൻ..

പതിനൊന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസം..മേഴ്‌സികുട്ടി ടീച്ചർ വന്നു ഓരോ വിദ്യാർഥികളുടെയും പേര് വിളിക്കാൻ തുടങ്ങി..
അഫ്‌സൽ ബഷീർ
എബിൻ ബാബു..
ബബില്ലു ജേക്കബ് ബാബു..
സിന്റോ തോമസ്
ദിലീപ് ബേബി ജോർജ്..
റോബിൻ കെ ഫ്രാൻസിസ്..
അങ്ങനെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ എന്റെ പേരും വന്നു..
സായൂജ് നാസറുദ്ധീൻ...
ഹോ....എന്തൊരു സുഖം...സ്വന്തം പേര് കേട്ടിട്ട് ലോകത്തിൽ ആരും ഇത്രയും സന്തോഷിച്ചിട്ടുണ്ടാവില്ല..
പുതിയ സ്കൂൾ പുതിയ സ്ഥലം പുതിയ കൂട്ടുകാർ.. ജീവിതത്തിലെ 2 വർഷം ഭേഷായിട്ടു അങ്ങനെ കടന്നു പോയി..
കരുമാടി എന്നുള്ള എന്റെ പേരും അങ്ങനെ വിസ്‌മൃതിയിലേയ്ക്കാണ്ട് പോയി..

പ്ലസ്ടു കാലം കഴിഞ്ഞു കോളേജിൽ ചേർന്നു.. കേരളത്തിന്റെ പല കോണുകളിൽ നിന്നും കൂട്ടുകാരായി..
ആഘോഷത്തിന്റെ നാളുകൾ..

ക്ലാസ്സ്‌ കഴിഞ്ഞു സൊറ പറഞ്ഞിരുന്ന ഒരു വൈകുന്നേരം നിനച്ചിരിക്കാതെ ജീവിതത്തിൽ ഏറ്റ അടുത്ത പ്രഹരം...
എടാ കരുമാടീ നീ ഇവിടെ ആണോ പഠിക്കുന്നെ...
ഉസ്കൂളിൽ സീനിയർ ആയിട്ടു പഠിച്ച അജ്മൽ...

അളിയാ എന്നാ ഉണ്ട് സുഖമല്ലേ... ആ നീയും ഇവിടെ ആണോ പഠിക്കുന്നെ..ഒന്നും സംഭവിക്കാത്തത് പോലെ ഓടി അവന്റെ അടുത്തേയ്ക്കു ചെന്ന്.. കെട്ടി പിടിച്ചു..
ചെവിയിൽ പറഞ്ഞു.. എടാ പന്നക്കഴുവേറി... നിർത്തിയില്ല..നല്ല ഡിഗ്രി കൂടിയ പല തെറികളും ഒറ്റ ശ്വാസത്തിൽ വിളിച്ചു..( അതിവിടെ എഴുതാൻ ഒരൽപ്പം മടി)..
എവിടുന്നു കെട്ടി എടുത്തേട നിന്നെ ഇപ്പൊ.. എന്തിനാടാ നാറി എന്നോട് നീ ഇതു ചെയ്തത്..

എടാ അത്.. ഒരുപാട് നാള് കൂടി നിന്നെ കണ്ടപ്പോ.. അറിയാതെ വിളച്ചു പോയി.. നീ എന്നോട് ക്‌ഷമിക്കളിയാ..

എടാ.. ഞാൻ വിളിച്ചത് ആരും ശ്രദ്ധിച്ചിട്ടില്ല.. നീ ഒരു കാര്യം ചെയ്യ് പതുക്കെ സ്‌കൂട്ടായിക്കോ .. ദെയ്‌ ഒരു ബസ്‌ വരുന്നു വിട്ടോ വിട്ടോ.. നാളെ ഒന്നുമറിയാത്ത പോലെ വന്നാൽ മതി.. ഒരു തെണ്ടിയും ഓർത്തിരിക്കില്ല....

ഒരു തെണ്ടിയും ഓർത്തിരിക്കില്ല...( അജ്മലിന്റെ ആ വാക്കുകൾ എന്റെ ചെവിയിൽ ഒരു എക്കോ ആയി റിപ്പീറ്റ്‌ മോഡിൽ ഓടിക്കൊണ്ടേയിരുന്നു)

പതിവിലും മഞ്ഞുള്ള പ്രഭാതം.. കുട്ടിക്കാനം പാവപ്പെട്ടവരുടെ ഊട്ടി ആണെന്ന് പറയുന്നത് ശരിയാ...

കോളേജ് മഞ്ഞിൽ മൂടി കിടക്കുന്നു..
ക്ലാസ്റൂം ലക്ഷ്യമാക്കി ഞാൻ നീങ്ങി തുടങ്ങി...

നോക്കുന്നവരെല്ലാം ഒരു ആക്കിയ മട്ടിൽ ചിരിക്കുന്നത് പോലെ... എന്തോ..എനിക്ക് തോന്നുന്നതാണോ... ആയിരിക്കാം..

ഒന്നും സംഭവിക്കാത്ത പോലെ നേരെ സീറ്റിൽ പോയിരുന്നു... എല്ലാരും ക്ലാസ്സിലേക്ക് എത്തി തുടങ്ങുന്നതെ ഉള്ളു..

അളിയാ നേരത്തെ ആണല്ലോ..
അസ്സൈന്മെന്റ് എഴുതിയായിരുന്നോ??
നീ എന്താ അളിയാ ഇന്ന് നേരത്തെ????
പല പല ചോദ്യങ്ങൾ.. എല്ലാത്തിനും ഉത്തരം ഒരു ചിരിയിൽ ഒതുക്കി...

ഹോ അപ്പൊ അജ്മൽ പറഞ്ഞതു പോലെ ആരും ശ്രദ്‌ധിച്ചില്ല...ഭാഗ്യം...

"കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വള ഇട്ടു കൈ കൊട്ടു....
കരുമാടിക്കുട്ടനും നന്ദിനി കുട്ടിക്കും ആറ്റു നോറ്റുണ്ടായ കല്യാണം..."

വിനയൻ പിന്നെയും ചതിച്ചാശാനെ...

ആശ്വാസത്തിന്റെ നെടുവീർപ്പിന് അധികം ആയസ്സുണ്ടായിരുന്നില്ല... ക്ലാസ്സു മുഴുവൻ ഒന്നടങ്കം പാടുന്നു....

അതൊരു തുടക്കമായിരുന്നു...അങ്ങനെ വിസ്‌മൃതിയിലാണ്ട് പോയ എന്റെ പേര് വീണ്ടും പൊങ്ങി...

കരുമാടി...കറുപ്പൻ... മത്തി..കരിമത്തി.. കോളേജിൽ പല പല പേരുകളിൽ ഞാൻ അറിയപ്പെട്ടു..

കാക്ക തേങ്ങാ പൂള് കൊത്തിക്കൊണ്ടു പോണേ....
ദേ ഷർട്ടും പാന്റും മാത്രം നടന്നു വരുന്നേ...
അങ്ങനെ.. അങ്ങനെ അധിക്ഷേപത്തിന്റെ മൂന്നു വർഷങ്ങൾ...

കാലം കടന്നു പോയി.. ജീവിതം കരു പിടിപ്പയ്ക്കാനുള്ള തന്ത്രപ്പാടിൽ എത്തിപ്പെട്ടത്.. ദുബായിൽ...

എന്തോ... പച്ചവെള്ളം കുടിച്ചാലും തടി വെക്കുന്ന നാട്..

ഓരോ മാസവും 3 കിലോ വെച്ചു കൂടാൻ തുടങ്ങി തൊലി വികസിക്കുന്നത് കൊണ്ടാണോ എന്തോ... കറുപ്പിന്റെ വിവിധയിനം ഷെയ്‌ടുകൾ മാറി ഒരൽപ്പം ഭേദപ്പെട്ട പരുവത്തിൽ എത്തി..

പക്ഷെ അപ്പോഴും പ്രശ്നങ്ങൾ തീർന്നില്ല..
ടാ തടിയാ.. പൊണ്ണത്തടിയാ.. എന്നാ തടിയാടാ..

അതെ, മീഡിയം ആയിരുന്ന എന്റെ ഷർട്ട് റഗുലർ, ലാർജ്, എസ്ട്ര ലാർജ്, XXL ഒക്കെ ആയി...

നാളുകൾ കൂടി കാണുന്ന കൂട്ടുകാർ ഹസ്തദാനത്തിനു പകരം എന്നാ തടിയാടാ...എന്നു ചോദിക്കാൻ തുടങ്ങി..

ഏതോ അന്യഗ്രഹ ജീവിയെ കാണുന്നത് പോലെയുള്ള മുഖഭാവങ്ങൾ..

ഒത്തുചേരലുകളും സൗഹൃദ സ്ദസ്സുകളും ഞാൻ വെറുത്തു തുടങ്ങി.. ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളും, തടിയും നിറവും പറഞ്ഞു വേദനിപ്പിക്കാനാണ് എല്ലാർവർക്കും താത്പര്യം..

ഒരാളെ അയാളുടെ ശരീരഘടനയും നിറവും വെച്ചു താറടിക്കാതെ മനുഷ്യനായി കണ്ടു തുടങ്ങൂ സുഹൃത്തേ..

വാൽകഷ്ണം:-
ഈ കാലകട്ടത്തിലെ കാൻസർ ആണ് ബോഡിഷേയ്‌മിംഗ്‌ നിർത്താം നമുക്ക് ഈ ശീലം.. എല്ലാരും മനുഷ്യരാണ് ഭായ്...

✍️

Sayooj Nazarudeen

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot