നഴ്സിംഗ് പഠനം കഴിഞ്ഞു ഞാൻ ആദ്യമായി ജോലിക്ക് ചേർന്നത് കൊല്ലത്തെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു . ആദ്യ വർഷം ട്രെയിനി ആയും അതിനു ശേഷം സ്റ്റാഫ് നഴ്‌സ് ആയും അവിടെ തുടർന്നത് നീണ്ട അഞ്ചു വർഷങ്ങൾ ആണ് .
സത്യത്തിൽ എന്താണ് ഒരു നഴ്‌സ് എന്നും എന്തൊക്കെയാണ് ഒരു നഴ്സിന്റെ ഉത്തരവാദിത്തങ്ങൾ എന്നുമൊക്കെ ഞാൻ മനസിലാക്കിയത് അവിടെ വച്ചാണ് . ഈ പറഞ്ഞ അടിസ്ഥാന കാര്യങ്ങളൊക്കെ ആദ്യ വർഷത്തെ പാഠ ഭാഗങ്ങളിൽ തന്നെ പ്രതിപാദിക്കുന്നുണ്ട് എങ്കിലും ഒരു റെഗുലർ കോളേജിൽ പോകുന്ന ലാഘവത്തോടെ മഹത്തായ ആ മൂന്നു വർഷങ്ങൾ അലമ്പി തീർത്ത എനിക്ക് എങ്ങെനെ പിടികിട്ടാനാണ് ആരാണ് എന്താണ് എന്തിനാണ് നഴ്‌സ് എന്നൊക്കെ ? എന്റെ ആ വിവരക്കേടിന് ഞാൻ കടപ്പെട്ടിരിക്കുന്നത് അന്നത്തെ എല്ലാ തരികിടകൾക്കും എനിക്കൊപ്പം നിന്ന എന്റെ ആ ഏഴംഗ സംഘത്തൊടു മാത്രം !!
മറക്കാൻ കഴിയാത്ത പല ഓർമ്മകളും സമ്മാനിച്ച ആ മൂന്നു വർഷങ്ങൾ തന്നെയാണ് എന്റെ ജീവിതത്തിലെ സുവർണ്ണ കാലം എന്ന് പലപ്പോഴും തോന്നാറുണ്ട് .
എങ്കിലും ഒരു നഴ്‌സ് ആയി.... ജോലിക്കാരി....എന്ന ചെറിയൊരു ജാഡയൊക്കെ ആയി കഷ്ടപ്പാടിന്റെയും ..
ഉത്തരവാദിത്തത്തിന്റെയും ... ഒക്കെ ഭാരം ചുമന്ന തുടർന്നുള്ള അഞ്ചു വർഷങ്ങളും എനിക്കു പ്രീയപ്പെട്ടതു തന്നെ .. അന്നുണ്ടായ ഒരു കുഞ്ഞബദ്ധം ഇപ്പോൾ ഓർമ്മ വരുന്നു .
ഒരു ഹോസ്പിറ്റൽ ആകുമ്പോൾ പകലും രാത്രിയും ഒക്കെ ഡ്യൂട്ടി ഉണ്ടാവുമല്ലോ . പക്ഷേ നൈറ്റ് ഡ്യൂട്ടിക്ക് ഉറങ്ങാൻ അനുവാദം ഉള്ള ആദ്യത്തെയും അവസാനത്തെയും ആശുപത്രിയിലാണല്ലോ ജോലി ചെയ്യുന്നത് എന്നോർത്ത് പുളകം കൊണ്ട് നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്ന കാലം .
ഉറങ്ങാൻ അനുവാദം ഉണ്ടായിരുന്നു എന്നുള്ളത് ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് വളരെ വൈകി ആണെന്ന് പറഞ്ഞാൽ ഇനി ആരെങ്കിലും വിശ്വസിക്കുമോ എന്തോ !!
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ക്യാന്റീനിൽ നിന്ന് അപ്പോം മുട്ടയും ഒക്കെ തട്ടി ഹോസ്റ്റലിലേക്കുള്ള ഒരു യാത്ര ഉണ്ട് . ഒരു അഞ്ചാറു കിലോമീറ്റർ ഉണ്ടാവും ഞങ്ങൾ താമസിച്ചിരുന്ന പ്രതിഭ ഹോസ്റ്റലിലേയ്ക്ക് . പക്ഷേ, നിലവിളി ശബ്ദം ഇട്ട് ആംബുലൻസ് മാത്രം ഓടിക്കുന്ന ഗോകുലൻ എന്ന കരുമാടിക്കുട്ടൻ കണ്ണടച്ചു തുറക്കുന്നതിനു മുൻപ് ഞങ്ങളേ ഹോസ്റ്റലിന്റെ മൂന്നിൽ എത്തിച്ചിരിക്കും . ഉറക്കച്ചടവൊന്നുമില്ലാതെ കിട്ടുന്നിടത്ത് എവിടെയെങ്കിലും മുറുക്കി പിടിച്ചു ശ്വാസം വിടാൻ പോലും മറന്ന് ഇരിക്കുന്ന ഞങ്ങൾ "ഇറങ്ങിക്കോ "എന്നുള്ള ഗോകുലന്റെ അലർച്ചയിൽ കണ്ണു തുറക്കുമ്പോൾ കാണുന്നത് ഞങ്ങളുടെ പ്രതിഭാ ഹോസ്റ്റൽ ആയിരിക്കും
ഈ പ്രതിഭ എന്നുള്ളത് ഞങ്ങളുടെ ഹോസ്റ്റലിന്റെ തറവാട്ടു പേരൊന്നുമല്ല കേട്ടോ . ആ കെട്ടിടം പ്രതിഭ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നതിനാൽ ഞങ്ങൾ അങ്ങനെയൊരു നാമകരണം ചെയ്തു എന്നു മാത്രം . ഹോസ്റ്റൽ എന്ന പേരൊന്നും ഒട്ടും ചേരില്ലാത്ത വിശാലമായ ഒരു നാലുകെട്ടും പ്രകൃതി രമണീയമായ പരിസരവും ആയിരുന്നു അത് . ഗേറ്റ് കടന്നു ചെല്ലുന്നത് പച്ചപ്പുല്ല് നിറഞ്ഞ വലിപ്പം കൂടിയ മുറ്റത്തേയ്ക്കാണ് . ഇടത്തു വശത്തു ഒരു ചെറിയ മതിൽ കെട്ടി വേർതിരിച്ച ചെറിയ ക്ഷേത്രവും അതിനോട് ചേർന്ന് പിന്നിലായി ഒരു കാവും . പുറകിൽ ആകാശം മുട്ടെയുള്ള കോൺക്രീറ്റ് മതിൽ . വലത്തു വശത്ത് അധികം ഉയരമില്ലാത്ത ഒരു മതിലും അതിനപ്പുറം ഒരു വലിയ ഇരുനില വീടും . അവിടെ താമസിക്കുന്നതോ ഞങ്ങൾ അന്നു വരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരു പോലീസുകാരനും ഫാമിലിയും . ഞങ്ങൾക്ക് ആകെയുള്ള അയൽക്കാർ ..പറയുമ്പോൾ എല്ലാം പറയണമെന്നല്ലേ ? അതൊരു സാധാരണ കുഞ്ഞു പോലീസൊന്നുമല്ല .. കൊല്ലം ക്രൈം ബ്രാഞ്ച് എസ് പി ആണ് ആള് .. പുലിയാണെന്നൊക്കെ ശത്രുക്കള് വെറുതേ പറയുന്നതാ .. നല്ല തങ്കപ്പെട്ട മനുഷ്യൻ ആണെന്നേ ..
അവരുടേം ഞങ്ങളുടേം ഒക്കെ മുറ്റത്ത് കുറേ മാവുകൾ ഉണ്ട് . വേറെ കൃഷിയൊന്നും കാണാനും ഇല്ല . മൂന്നാലു മാവെങ്കിലും ഇല്ലാത്ത ഒറ്റ വീടു പോലും ആ ഏരിയായിൽ എവിടെയും ഞാൻ കണ്ടിട്ടില്ല . ഈ കൊല്ലം കാർക്ക് മാങ്ങയിൽ ആരെങ്കിലും കൈവിഷം കൊടുത്തോ എന്നു പോലും സംശയിച്ചിരുന്നു മറ്റു ജില്ലക്കാരായ ഞാനുൾപ്പെടുന്ന അന്തേവാസികൾ .
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഞങ്ങളോട്
"ഉറക്കമില്ലാത്ത ജോലിം കഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ? എന്റെ പൊന്നുമോൾ പോയി കിടന്നോ .. "എന്നു പറയാനൊന്നും അവിടെ ആരുമില്ല . ഞങ്ങളെ കൂടാതെ അവിടെ ആകെയുള്ളത് ഒരു നാഗവല്ലി പ്രേതം മാത്രം. ഈ നാഗവല്ലി ആരാണ് എന്നല്ലേ ?
ഒരു വലിയ നാലുകെട്ടിലാണ് ഞങ്ങളുടെ വാസം എന്നു പറഞ്ഞല്ലോ . തീർച്ചയായും അതിന്റെ ഉടമ ഒരു പഴയ കാല ജന്മിയാവും .. അല്ല , ആണെന്നാണ് കേട്ടറിവ് .. അവിടെയും ഉണ്ടായിരുന്നു ഒരു വാല്യക്കാരി .. അവൾ സുന്ദരിയോ നർത്തകിയോ നാഗവല്ലി എന്ന പേരുള്ളവൾ ആയിരുന്നോ എന്നൊന്നും ആർക്കും അറിയില്ല . ഒരു പാവം മലയാളി മങ്ക ആയിരുന്നു എന്നതു മാത്രമാണ് ലഭ്യമായ വിവരം . ഏതോ ദുർബല നിമിഷത്തിലാവണം ആ വാല്യക്കാരി പെണ്ണ് നാലുകെട്ടിന്റെ തെക്കിനിയിൽ ജീവൻ ഒടുക്കി എന്നു പറയപ്പെടുന്നു . മണിച്ചിത്രത്താഴ് സിനിമ കണ്ടതിന്റെ ഒരു ഹാങ്ങോവറിൽ ആവണം ആ നാലുകെട്ടിന്റെ തെക്കിനിയും വടക്കിനിയും ഒന്നും എവിടെയാണെന്ന് ഒരു നിശ്ചയവുമില്ലാത്ത ഞങ്ങൾ ആ പെൺകുട്ടിക്ക് നാഗവല്ലി എന്ന പേരും ഇട്ട് , അവൾ മരണപ്പെട്ട മുറിയെ ആദ്യം തെക്കിനിയും പിന്നീട് ഞങ്ങളുടെ പ്രയർ ഹോളുമാക്കി മാറ്റി . കുരിശു കണ്ടാൽ ഓടാത്ത പ്രേതമൊന്നും നിലവിൽ ഇല്ല എന്ന ചിന്തയാണ് ഞങ്ങളുടെ ബുദ്ധിപരമായ ആ നീക്കത്തിനു പിന്നിൽ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ .
അങ്ങനെ ഒരു ദിവസം നൈറ്റ് ഡ്യൂട്ടി ഓക്കെ കഴിഞ്ഞു വളരെ ക്ഷീണിതരായി റൂമിലെത്തിയ ഞങ്ങൾ എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കി കഴിക്കണമല്ലോ എന്നു കരുതി അതിന് വേണ്ട അത്യാവശ്യസാധനങ്ങൾ ഒക്കെ കടപ്പാക്കട ചന്തയിൽ പോയി വാങ്ങി വന്നു. നേരത്തെ സൂചിപ്പിച്ച കഷ്ടപ്പാടിന്റെ ഒന്നാം ഘട്ടം .. അടുക്കളയിലെ അത്യാവശ്യ കാര്യങ്ങളൊക്കെ തീർത്ത് ചന്തയിൽ നിന്നും വാങ്ങിയ മത്തിയുമായി ഞങ്ങൾ മൂന്നംഗ സംഘം നാലുകെട്ടിന്റെ വലതു വശത്തുള്ള മുറ്റത്തെത്തി . ഞങ്ങളുടെ കൂട്ടത്തിലെ പാചക രത്‌നം നിലത്ത് കുത്തിയിരുന്ന് മീൻ നന്നാക്കാൻ തുടങ്ങി .
അതേ സമയം ബാക്കി ആയ ഞങ്ങള് രണ്ടു് പേര് മത്തി പീര വയ്ക്കണോ അതൊ മുളകിട്ടു വയ്ക്കണോ എന്നുള്ള കൂലംകഷമായ ചർച്ചയിൽ ആയിരുന്നു .
ഇതു കേട്ട് നിലത്തു കുത്തിയിരുന്നു മീന്റെ തല വെട്ടുന്നവളുടെ ഒരു ആത്മഗതം .
"ഇങ്ങനെ രണ്ടു് ഭൂലോക തോൽവികൾ !!
പൊട്ടൻ ആട്ടം കണ്ടത് പോലെ എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ . നേരിൽ കാണാൻ അവസരം കിട്ടിയത് ഇപ്പോഴാന്നു മാത്രം "
"നീ എന്തൂട്ട് തേങ്ങയാ കണ്ടത് ? "എന്നും പറഞ്ഞു ചുറ്റിനും നോക്കിയ തൃശൂർകാരി ചങ്കിന്റെ കണ്ണിൽ നൂറു വോൾട്ട് ബൾബിന്റെ പ്രകാശം കണ്ട ഞാനും നോക്കി , അല്ല കണ്ടു തലയ്ക്കു മുകളിൽ തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും തൂങ്ങിയും ഒക്കെ കിടക്കുന്ന മൂത്തു പഴുക്കാറായ മാങ്ങകൾ !!! ആനന്ദലബ്ധിക്കിനി എന്തു വേണം ? .. ഈ ബുദ്ധി നമുക്കെന്താ ദാസാ നേരത്തേ തോന്നാഞ്ഞേ എന്നും പറഞ്ഞു മാങ്ങയിട്ട മത്തിക്കറി എന്ന അന്തിമ തീരുമാനത്തിൽ ഞങ്ങളെത്തിച്ചേർന്നു ..
അടുത്ത സീനിൽ ഞങ്ങളിൽ രണ്ടു് പേർ അധികം ഉയരമില്ലാതെ പടർന്നു നിൽക്കുന്ന മാവിലും മൂന്നാമത്തവൾ നിലത്തും ആണ് . നിലത്തു നിൽക്കുന്നവളുടെ നിർദേശം അനുസരിച്ച് കയ്യും കാലും കമ്പും ഒക്കെ വച്ചു സാഹസികമായി ഞങ്ങൾ മാങ്ങ പറിക്കാൻ ശ്രമം തുടങ്ങി . ആകെ കിട്ടിയത് രണ്ടു് മൂന്നു മാങ്ങാ കുഞ്ഞുങ്ങൾ .. ദേഷ്യം വരാതിരിക്കുമോ ?
"അവളൊരു ഗ്രേറ്റ് ഐഡിയയും കൊണ്ടു വന്നേക്കുന്നു " എന്നു വളരേ സോഫ്റ്റ് ആയിട്ടൊന്നു പറഞ്ഞു
പോയി . പക്ഷേ ആവേശം കുറച്ചു കൂടുതൽ ആയിരുന്നു എന്നു മനസിലായത് ഞങ്ങളുടെ ഒച്ച കേട്ട് പുറത്തേയ്ക്കു വന്ന ഏമാനെ കണ്ടപ്പോഴാണ് . ശരിക്കും ഞെട്ടിപ്പോയി .. യുവകോമളനായ ഐ പി എസുകാരനേ പ്രതീക്ഷിച്ച ഞങ്ങളുടെ മൂന്നിലെയ്ക്കെത്തിയത് മധ്യവയസു കഴിഞ്ഞ കറുത്തു തടിച്ച ഒരു കഷണ്ടിക്കാരൻ !! അയ്യോ എന്തൊരു ദാരിദ്ര്യം ? ഇതിലും നല്ലത് ഇവിടുന്നു വീണു നടുവൊടിഞ്ഞു കിടക്കുന്നതായിരുന്നു എന്ന് മാവിന്റെ കൊമ്പിലിരുന്ന ഞങ്ങളുടെ അന്തരംഗം അലമുറയിടുന്നത് നിലത്തു നിന്നവൾക്ക് കേൾക്കാനായില്ല .
"നിങ്ങളൊക്കെ പെൺകുട്ടികൾ തന്നെയാണോ ? ഞങ്ങടെ നാട്ടിലൊന്നും ഈ പ്രായത്തിലുള്ള പെൺകുട്ടികൾ മരത്തിൽ കയറില്ല ."
ആ പറച്ചില് കേട്ടാലറിയാം .. കണ്ടത് പോലെയല്ല . പാവം ..
സില്ലി ബോയ് !!!
"പിന്നെ ഏതു പ്രായാക്കാരാ ചേട്ടാ നിങ്ങടെ നാട്ടിൽ മരംകേറികൾ ? " തികട്ടി വന്ന ചോദ്യം വിഴുങ്ങിയ ഞങ്ങൾ പിന്നെ കണ്ടത് ഒരു തനി പോലീസുകാരെനെയാണ് .
"മര്യാദയ്ക്ക് താഴെയിറങ്ങിക്കോ വേഗം .. ഇനി മേലിൽ ഈ പണിക്കു നിക്കരുത് . കേട്ടല്ലോ ."
ഞങ്ങൾ ഉടൻ തന്നെ അനുസരണയുള്ള കുഞ്ഞാടുകളായി മാറി .
തിരിച്ചു മുറിയെലെത്തിയ ഞങ്ങൾക്ക് ദേഷ്യം സങ്കടം നിരാശ എല്ലാം കൂടി ഒന്നിച്ചു വന്നു .
"പോലീസിനെ കണ്ടപ്പോൾ കവാത്തു മറന്നു എന്നാരാ പറഞ്ഞെ ? അതു തെറ്റല്ലേ ? അങ്ങനൊക്കെ പറയാൻ പാടുണ്ടോ ? പോലീസിനെ കണ്ടപ്പോൾ മാങ്ങാ പറിക്കാൻ മറന്നു എന്നല്ലേ ശരിക്കും ? "
വീണ്ടും പാചകത്തിന്റെ ആത്മഗതം ..
"ഈ പഴഞ്ചൊല്ലു തെണ്ടിയേ ഞാനിന്നു കൊല്ലും ." എന്നും പറഞ്ഞു അവൾക്കു നേരേ ചാടിയ മറ്റവൾ പാചകത്തിന്റെ കയ്യിലെ മീൻ മുറിച്ച കത്തിയുടെ മൂർച്ചയിൽ ശാന്തയായി . പക്ഷേ ശാന്തയും ഞാനും ഒറ്റകെട്ടായി ആ നിമിഷം തീരുമാനിച്ചു ... "മോനേ. എസ് പീ ഞങ്ങളിന്നു മാങ്ങയിട്ടു മത്തി വച്ചിരിക്കും . അതും ഏമാന്റെ മാങ്ങ തന്നെ " എന്ന് . അല്ല പിന്നെ . ഞങ്ങളോടാ കേരളാ പോലീസിന്റെ കളി ?
കുറച്ചു സമയം കഴിഞ്ഞ് അതായത് ഒരു രണ്ടു് മണിക്കൂറിനു ശേഷം പൂർവാധികം ശക്തരായി ഞങ്ങൾ വീണ്ടും മാവിന്റെ ചുവട്ടിലെത്തി,ചുറ്റുപാടും നിരീക്ഷണം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി . പിന്നെ അധികം സംസാരം ഒന്നും ഉണ്ടായില്ല . ഒൺലി ആക്ഷൻ . മിണ്ടാതെ .. ഉരിയാടാതെ .. ഞങ്ങൾ ആ പുളിയുള്ള കിളിച്ചുണ്ടൻ മാങ്ങകൾ ലക്ഷ്യമാക്കി നീങ്ങി . ആദ്യം അധികം ഉയരമില്ലാത്ത ആ ഇട മതിലിൽ കയറി നിന്ന് ഒരു ശ്രമം നടത്തി .
രക്ഷയില്ല !!! ഞാനൊന്നു നോക്കി .. അവളെന്നേയും നോക്കി ...പിന്നെ ഞങ്ങൾ കോറസ്സായിട്ടു നോക്കിയപ്പോൾ കണ്ടു ...ദാ കിടക്കുന്നു പോലീസേമാൻറെ വണ്ടി .. അതും മതിലിനോട് ചേർന്ന് .. ഞങ്ങൾക്ക് സേഫ് ആയിട്ടു മാങ്കോ പറിക്കാൻ തന്നെ .. അല്ലെങ്കിൽ പിന്നെ കാർ പോർച്ചിൽ നിന്ന് ഇത് ഇത്രേം നീക്കി ഇടുമോ ? ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ ചൊല്ലി അവൾ മെല്ലെ ആ പോലീസ് ജീപ്പിന്റെ മുകളിലേയ്ക്കു കയറി നിന്നു .. ഞാൻ സഹായ വാഗ്ദാനവുമായി ആ മതിലിന്റെ മുകളിലും. . ആദ്യത്തെ മാങ്ങാ തന്നെ അവളുടെ കയ്യിൽ നിന്നും വഴുതി അത്യാവശ്യം നല്ല ശബ്ദത്തോടെ ജീപ്പിന്റെ ബോണറ്റിൽ കൂടി താഴേയ്ക്ക് പതിച്ചു . പൊട്ടി വീണതു പോലെ ഏമാന്റെ ജിമ്മി പട്ടി താഴെ നിന്നു കുരയോട് കുര ..
"ഹും .. ഞങ്ങളു കൊടുക്കുന്ന മീന്റെ ഹെഡ് തിന്നു തടിച്ചു കൊഴുത്താ ഇരിക്കുന്നെ . എന്നിട്ടും നിന്നു നാടിളക്കുന്നത് കണ്ടോ ? ഒരു നന്ദിയില്ലാത്ത വർഗം. പോട പട്ടീ !" ഞങ്ങൾ പുച്ഛം വാരി വിതറി ..
പാചകം കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു പഞ്ചൊല്ലിനുള്ള സ്കോപ്പുണ്ടായിരുന്നു .
"അരീം തിന്ന് ആശാരിച്ചിയേം കടിച്ചിട്ടും .."
സംതിങ് സ്റ്റാർട്ടിങ് ലൈക് ദാറ്റ് . അതല്ലല്ലോ ഇവിടുത്തെ വിഷയം എന്നു തിരിച്ചറിഞ്ഞ ഞങ്ങൾ വീണ്ടും ജോലിയിൽ വ്യാപൃതരായി .
മുകളിൽ ഉള്ള കൊമ്പിൽ നിന്നു മാങ്ങ പറിക്കാൻ നോക്കിയ അവൾ ഷോക്കടിച്ചതു പോലെ നിൽക്കുന്നത് കണ്ടു നോക്കിയ എനിക്കും അടിച്ചു മുട്ടൻ ഒരു ഷോക്ക് .
എസ് പീ സാർ അവരുടെ വീടിന്റെ മട്ടുപ്പാവിൽ കയ്യും കെട്ടി നിന്ന് താഴേയ്ക്കു നോക്കി ഞങ്ങളുടെ പരാക്രമം കണ്ടു സായൂജ്യമടയുന്നു .. കേരളാ പോലീസിന്റെ കിഴിഞ്ഞ ബുദ്ധിയിലും ആത്മാർത്ഥതയിലും അഭിമാനം കൊണ്ട് നിർവൃതിയടഞ്ഞു തൊണ്ട വരണ്ടു ഞങ്ങൾ നിന്നു .
ഞാൻ മെല്ലെ അവളുടെ നേരേ കൈ നീട്ടി . മതിലിൽ കയറാൻ ഒരു കൈ സഹായം ആണ് ഞാൻ ഉദ്ദേശിച്ചത് . അന്നേരം സ്റ്റാർട്ട് .. ആക്ഷൻ എന്നൊക്കെ പറയാനുള്ള ശക്തിയൊന്നും എനിക്കില്ലെന്നും അതൊരു സിറ്റുവേഷൻ ആക്ഷൻ ആയി എടുക്കാത്തത് അവളുടെ മാത്രം തെറ്റാണെന്നും അറിയാവുന്ന അവൾക്കു പറയാൻ കൊള്ളാമോ ഞാൻ അവളേ പട്ടീടെ മുന്നിലേയ്ക്ക് തള്ളിയിട്ടെന്ന് .
കുറച്ചു നേരത്തേയ്ക്ക് എനിക്കൊന്നും ഓർമയുണ്ടായിരുന്നില്ല . പിന്നെ കേൾക്കുന്നത് ഇതാണ് .
"ടോമീ കം ഹിയർ .. എന്റെ കൊച്ചേ ആ പട്ടിയെ ഒന്നു വിട് . അല്ലെങ്കിൽ അതു ചത്തു പോകും ..".
ഒന്നും മിണ്ടാനാകാതെ മാവിൽ ചാരി വച്ചതു പോലെ ഇരുന്ന എനിക്കു ഒടുക്കത്തെ കൺഫ്യൂഷൻ . ഈ ടോമി ആരാ ? .ജിമ്മീടെ പേര് ഇനി ടോമീന്നോ മറ്റോ ആണോ ?അപ്പോൾ ടോമീടെ മുന്നിലോട്ടു വീണ അവളുടെ പേരിനി എന്താണോ ആവോ ?? അയ്യോ പേരിനെങ്കിലും അവള് ബാക്കി ഉണ്ടാവുമോ ?? കരഞ്ഞു കൊണ്ട് എഴുനേൽക്കാൻ പാഴ്ശ്രമം നടത്തിയ ഞാൻ കണ്ടു മുന്നിലേ ഗേറ്റ് തുറന്നു നല്ല മിടുക്കിയായി എന്റെ നേരേ വരുന്ന കൂട്ടു പ്രതിയെ .
"പോടീ ദുഷ്ടേ " എന്നും പറഞ്ഞു എനിക്കൊരു തള്ളും തന്ന് പൊടിയും തട്ടി അവള് കയറിപ്പോയി .
നിലത്തു നിന്നും എഴുനേൽക്കാൻ ഒരു ശ്രമം കൂടി നടത്തുന്നതിന് ഇടയിൽ ഞാൻ കണ്ടു സുരക്ഷിതമായി അവളുടെ കയ്യിലിരിക്കുന്ന മൂന്നാലു മാങ്ങകൾ !!
ബോണറ്റിൽ തട്ടി താഴെ വീണത് ഒരേ ഒരു മാങ്ങ .. അപ്പൊൾ ആ ബാക്കിയുള്ള മാങ്ങയൊക്കെ എവിടെ നിന്നാവും അവൾക്കു കിട്ടിയിട്ടുണ്ടാവുക ? ഉത്തരം കിട്ടാത്ത ആ ചോദ്യവും പേറി ഞാനിന്നും അലയുകയാണ് സുഹൃത്തുക്കളേ, അലയുകയാണ് ..
സീമ ബിനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക