JIsa Pramod
സാനിറ്റൈസറും ഗ്ലൗസും ഇട്ടതിനു ശേഷം കസേരയിൽ ഇരുന്നു അവൾ പി പി ഇ കിറ്റിന്റെ കോട്ടിന്റെ കാലുകൾ കയറ്റി, എഴുന്നേറ്റ് നിന്ന് ശ്രദ്ധാപൂർവ്വം സിപ് വലിച്ചിടുന്നതിനിടയിലും കൈ അറിയാതെ കല്ലിച്ചു കിടക്കുന്ന മാറിൽ കൊണ്ടു. വേദനയുടെ ഈരേഴു പതിനാലു ലോകങ്ങളും കണ്ടപോലെ തോന്നി അവൾക്ക്. തലകറങ്ങുന്നത് പോലെ തോന്നിയപ്പോൾ കസേരയിൽ ഇരുന്നു. അപ്പോഴാണ് ഡ്യൂട്ടി കഴിഞ്ഞ് രമ്യ അങ്ങോട്ടെത്തിയത്.
"ശാരി, വേഗം ചെല്ലട്ടോ, നിനക്കിന്നു പുതിയ കേസ് ആണ് "
പറഞ്ഞു കഴിഞ്ഞാണവൾ ശാരിയുടെ മുഖത്തേക്ക് നോക്കിയത്. വേദന തിന്ന് വിളർത്ത മുഖം.
"എന്താടി വേദനിക്കുന്നുണ്ടൊ, ബ്രെസ്റ്റ് പമ്പ് യൂസ് ചെയ്യായിരുന്നില്ലേ "
"ചെയ്തടി, പിന്നെയും പെട്ടെന്ന് നിറഞ്ഞു കല്ലിക്കുന്നു. എന്റെ മോന് വിശക്കുന്നുണ്ടാകും "
ശാരിയുടെ കണ്ണുകൾ നിറഞ്ഞു.
"ലീവിന്റെ കാര്യം നീയൊന്നു കൂടി ചോദിക്ക് ഡോക്ടറോട് "
"പ്രസവാവധി കഴിഞ്ഞ് കയറിയിട്ട് മൂന്നു ദിവസമല്ലേ ആയുള്ളൂ. അതിന്റിടയ്ക്ക് ഈ ലോക്ക്ഡൌൺ വരുമെന്ന് ആരറിഞ്ഞു. "
ശാരി തിടുക്കത്തിൽ മാസ്ക്കും ഫേസ് കവറും ധരിച്ചു ഐസൊലേഷൻ വാർഡിലേക്ക് നടന്നു. ചെല്ലുമ്പോൾ ഡോക്ടർ എത്തിയിരുന്നു. പുതിയ കേസാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ്. അമ്മയ്ക്കും അച്ഛനും നെഗറ്റീവ് ആണ്. ഇന്നലെ ദുബായിൽ നിന്ന് എത്തിയതേ ഉള്ളു ആ കുടുംബം.
പ്രാഥമിക പരിശോധന കഴിഞ്ഞ് ഡ്യൂട്ടി അവളെ ഏൽപ്പിച്ചു ഡോക്ടർ പോകാനൊരുങ്ങിയപ്പോൾ
അവൾ നിസ്സഹായതയോടെ ഡോക്ടറെ നോക്കി. ഫേസ് കവറിനുള്ളിൽ കൂടി ആ കണ്ണുകളിലെ ദൈന്യത ഡോക്ടർ കാണുന്നതെങ്ങിനെ.
"ഡോക്ടർ "അവൾ വിളിച്ചു.
"യെസ് പറയൂ "
"ഡോക്ടർ എനിക്കെങ്ങനെയെങ്കിലും ലീവ് തരാമോ, മോന്റെ കാര്യം അറിയാമല്ലോ "
"സീ ശാരി, എനിക്ക് തന്റെ അവസ്ഥ മനസിലാവും, പക്ഷെ ഇപ്പൊ ഡ്യൂട്ടി ആണ് വലുത്, സ്റ്റാഫും കുറവാണ്. രണ്ട് ദിവസം കഴിഞ്ഞ് നോക്കാം "
ഒന്നു നടന്നതിന് ശേഷം തിരിഞ്ഞ് നിന്ന് ഡോക്ടർ പറഞ്ഞു.
"ലീവ് ആക്കിയാലും ഏഴ് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞേ തനിക്കു പോകാൻ പറ്റൂ "
അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ ഉറങ്ങുന്ന കുഞ്ഞിനടുത്തേക്ക് ചെന്നു. അവളുടെ മോന്റെ അതെ പ്രായം.
പാവം കുഞ്ഞ്. അച്ഛനും അമ്മയും അരികത്തില്ലാതെ ഏതോ അപരിചതരുടെ അടുത്ത്. തന്റെ മോന്റെ അടുത്ത് അവന്റെ അച്ഛനും അമ്മാമ്മയുമൊക്കെ ഉണ്ടല്ലോ.
പെട്ടെന്ന് കുഞ്ഞുണർന്നു കരയാൻ തുടങ്ങി. അവൾ ശ്രദ്ധാപ്പൂർവം കുഞ്ഞിനെ എടുത്തു. പതുക്കെ കൈയിൽ വച്ചു താരാട്ടി. കുഞ്ഞു കരച്ചിൽ നിറത്തി കണ്ണ് തുറന്ന് നോക്കി. പി പി ഇ കിറ്റിൽ മൂടി നിൽക്കുന്ന അവളുടെ രൂപം കണ്ടിട്ടാണോ എന്തോ വീണ്ടും കരച്ചിൽ തുടങ്ങി. ഒരുകണക്കിന് കുഞ്ഞിനെ ആശ്വാസിപ്പിച്ചു അവൾ കട്ടിലിൽ കിടത്തി. ഒരു പാത്രത്തിൽ സെറിലാക്ക് കലക്കി കുഞ്ഞിന് കൊടുത്തു.
മോനും അമ്മ ഇതുപോലെ എന്തെങ്കിലും കൊടുക്കുന്നുണ്ടാകും. ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കൂ എന്നുറപ്പിച്ചിരുന്നതാണ്.ഇപ്പൊ തിളപ്പിച്ചാറ്റിയവെള്ളവും പഞ്ഞപ്പുല്ല് കുറക്കും ഒക്കെ കൊടുത്ത് തുടങ്ങി. മോനെ കുറിച്ചോർത്തപ്പോൾ അവളുടെ മാറിടങ്ങൾ പിന്നെയും വിങ്ങി.ഒന്നു ബാത്‌റൂമിൽ പോണെങ്കിൽ പോലും ഇനി ഡ്യൂട്ടി ടൈം കഴിയണം. പി പി ഇ കിറ്റിനുള്ളിൽ വിങ്ങുന്ന മാറിടങ്ങളിൽ നിന്ന് പാൽ കിനിഞ്ഞു അവളുടെ ഉടുപ്പ് നനഞ്ഞു കൊണ്ടിരുന്നു.
കുറച്ചു സമയം കൊണ്ട് തന്നെ അവൾ ആ കുഞ്ഞുമായി പെട്ടെന്നടുത്തു.കുഞ്ഞിന് അവളെയും ഇഷ്ടപെട്ടെന്നു തോന്നുന്നു. ഇപ്പോൾ കരച്ചിൽ കുറഞ്ഞിരിക്കുന്നു. അവൾ പാട്ടുപാടിയും കിലുക്കാംപെട്ടി കിലുക്കിയും കളിപ്പിക്കുമ്പോൾ കുഞ്ഞു മതിമറന്നു ചിരിക്കാൻ തുടങ്ങി.
ഡ്യൂട്ടി കൈമാറാതെ അവൾ കുഞ്ഞിന്റെ പരിചരണം പൂർണ്ണമായും ഏറ്റെടുത്തു. അവളെ എടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ പ്രാണൻ പിടയുന്ന വേദനയിലും അവൾ ആശ്വാസം കണ്ടെത്തി. രണ്ട് ദിവസം കഴിഞ്ഞിട്ടും ലീവ് ശരിയായില്ല . ഒരാഴ്ച അങ്ങനെ കടന്നു പോയി.ദിവസങ്ങൾ കൊണ്ട് അവൾ ആ കുഞ്ഞിന് അമ്മയെ പോലെ ആയി മാറിയിരുന്നു. കുഞ്ഞിന്റെ രണ്ടാമത്തെ കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു.
ഡിസ്ചാർജ് ചെയ്ത് കുഞ്ഞിനെ കൊണ്ടു പോകുന്ന ദിവസം അവൾ ആരും കാണാതെ കരഞ്ഞു.
നിരീക്ഷണ മുറിയിലെ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി ശാരി ഇരുന്നു. പുറത്ത് ചുട്ടുപൊള്ളുന്ന വെയിൽ വീണുകിടക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രം. കഴിഞ്ഞ ഏഴ് ദിനങ്ങൾ അവൾ കടിച്ചിറക്കിയത് എങ്ങനെയെന്ന് അവൾക്കു കൂടിയറിയില്ലായിരുന്നു. ഡ്യൂട്ടിയിൽ ആ കുഞ്ഞെങ്കിലും ഉണ്ടായിരുന്നു ഒരാശ്വാസമായി. ഇതിപ്പോൾ ഈ നിരീക്ഷണമുറിയിൽ കല്ലിച്ച ഹൃദയവും മാറുമായി ഏഴ് ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. രാത്രിയും പകലും മഴയും വെയിലുമറിയാതെ ഫോണിൽ മാത്രം ആശ്വാസം കണ്ടെത്തിയ ദിനങ്ങൾ. ഇത് മറ്റൊരു കാത്തിരിപ്പ് കൂടിയാണ്. കൊറോണ ടെസ്റ്റ് റിസൾട്ട് ഇന്നറിയാം. നെഗറ്റീവ് ആയിരിക്കുമെന്ന് തന്നെ അവൾ ഉറച്ചു വിശ്വാസിക്കുന്നു. കാരണം അവൾക്കവളുടെ കുഞ്ഞിനെ കാണണം, അവനു നിറയുവോളം പാൽ ചുരത്തണം.
അവളുടെ വിചാരങ്ങളെ തടസപ്പെടുത്തികൊണ്ട് ഫോൺ റിംഗ് ചെയ്തു. ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നാണ്.
അവൾ മിടിക്കുന്ന ഹൃദയത്തോടെ ഫോൺ എടുത്തു.
"ശാരി " അപ്പുറത്ത് നിന്ന് നിസ്സഹായമായ ഒരു വിളി അവളുടെ കാതിൽ പതിച്ചു.
"പോസിറ്റീവ് ആണോ ചേച്ചി " അവൾ ഇടർച്ചയോടെ ചോദിച്ചു.
"അതേടാ, നീ ടെൻഷൻ ആവല്ലേ " അപ്പുറത്ത് നിന്ന് ആശ്വാസിപ്പിക്കുന്ന സ്വരം.
ഒന്നുംമിണ്ടാതെ അവൾ ഫോൺ വച്ചു പിന്നെയൊരു പൊട്ടിക്കരച്ചിലായിരുന്നു. ഹൃദയം തകർന്ന് അവൾ ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു. നിറഞ്ഞു വിങ്ങുന്ന മാറിൽ നിന്നു പാൽ കിനിഞ്ഞു കൊണ്ടിരുന്നു. ദൂരെയെങ്ങോ ഒരു പിഞ്ചു പൈതൽ അമ്മിഞ്ഞക്കായി കരയുന്നുണ്ടായിരുന്നു.
@ജിസു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക