Slider

അനുപാതം - 2 Final Part


കല്യാണം കഴിഞ്ഞു ഒരുമാസം കഴിഞ്ഞു അമ്മ എന്നെ വിട്ടു പോയി.. ആ സമയമൊന്നും നന്ദേട്ടനോട് മനസ് തുറന്നു സംസാരിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല..

പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു എല്ലാം സംസാരിക്കാൻ ഇരുന്നു.. അമ്മാവൻ പക്ഷെ അതിന് തടയിട്ടു..

തന്റെ വിദ്യാഭ്യാസയോഗ്യത പത്താംക്ലാസ് ആണെന്ന് അമ്മാവൻ അവിടെ എല്ലാവരോടും പറഞ്ഞു പരാതിയത്..

അതൊക്കെ കൊണ്ട് അക്ഷരഭ്യാസം ഇല്ലാത്തവളാണെന്നൊക്കെ പറഞ്ഞു അമ്മായിയമ്മ അവഹേളിക്കാൻ തുടങ്ങി..

മാത്രമല്ല തന്റെ സ്ഥാനം അടുക്കളയിൽ ഒതുങ്ങി.. നന്ദേട്ടനോട് എന്തെങ്കിലും സംസാരിക്കാൻ വന്നാൽ മൈൻഡ് പോലും ചെയ്യാറില്ല..

അതിനിടയിൽ ഗർഭിണിയായി.. വല്യ പരിഗണന ഒന്നും കിട്ടിയില്ല.. പ്രസവത്തിന്റെ അന്നുപോലും വീട്ടിലെ സകല ജോലിയും ചെയ്തു ..

മോള് ജനിച്ചെപിന്നെ മറ്റെല്ലാം മറന്നു മോൾക്ക് വേണ്ടി മാത്രം ജീവിക്കാൻ തുടങ്ങി.. പരാതിയോ പരിഭവമോ പറയാതെ സ്വയം ചുരുങ്ങി ജീവിച്ചു..

വർഷങ്ങൾ ദേ 20കഴിഞ്ഞു.. ഇന്നും എന്റെ സങ്കടങ്ങൾ പോലും പങ്കുവയ്ക്കാൻ ആരുമില്ലാത്തവളായി ഞാൻ.. "

പറഞ്ഞു തീർത്തപ്പോഴേക്കും അവൾ കരഞ്ഞു പോയി ...

പിന്നെ ആർക്കും മുഖം കൊടുക്കാതെ വിൻഡോയിലേക്ക് തല ചായ്ച്ചു കണ്ണുകളടച്ചു..

മൂന്നുപേരിലും സങ്കടവും കുറ്റബോധവും നിറഞ്ഞു..

ശരിയാണ് ഒരിക്കൽ പോലും സ്നേഹത്തോടെ ചേർത്ത് പിടിച്ചിട്ടില്ല ഒരുകാര്യവും അന്വേഷിച്ചിട്ടില്ല..

പക്ഷെ തങ്ങൾക്ക് മൂന്നാൾക്കും ഒരു വയ്യായ്ക വന്നാൽ നിഴൽ പോലെ കൂടെ ഉണ്ടാവും.. പിന്നെ വീണ്ടും പഴയ പോലെ..

വീട്ടിലെത്തിയതും ചെന്ന് ഡ്രസ് മാറി പാറു വേഗം തന്നെ കിടന്നു.. തന്റെ കൂട്ടുകാരെ തിരിച്ചു കിട്ടിയ സന്തോഷം കണ്ണുനീരായി ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..

അടുത്ത് വന്നു കിടന്നു കൊണ്ട് യദു സംസാരിച്ചു..

"നാളെ പുറത്ത് പോകാം.. ഒരു ബര്ത്ഡേ പാർട്ടി ഉണ്ട്.. ഒരു പത്തര ആകുമ്പോൾ ഇറങ്ങണം.. അതോണ്ട് ഫുഡ് ഒന്നും വയ്ക്കേണ്ട.. "

"ഞാനില്ല.. അങ്ങനെ പതിവില്ലല്ലോ.. "

തിരിഞ്ഞു നോക്കാതെ പറഞ്ഞു.

"നാളെ ഒരുദിവസം.. പ്ലീസ്.. "

കെഞ്ചും പോലെ പറഞ്ഞു.. സാധാരണ ചോദ്യോ പറച്ചിലോ ഒന്നും ഉണ്ടാവാറില്ലാത്തതാണ്..

ശരി..
അത്ര മാത്രം പറഞ്ഞവൾ കണ്ണുകളടച്ചു കിടന്നു..
രാവിലെ മറ്റുള്ളവർ ഒരുങ്ങി.. പാറു സാരി ഒക്കെ ഉടുത്തു അധികം ഒരുക്കമൊന്നുമില്ലാതെ ഇറങ്ങി..

"അമ്മ ഫ്രണ്ടിൽ കയറിക്കോ.. "

കാറിനരികിൽ എത്തിയപ്പോൾ മക്കൾ പറഞ്ഞു..

"ശീലങ്ങൾ ഒന്നും മാറ്റേണ്ട കാര്യമില്ല.. ഇതുവരെ എങ്ങനെ ആണോ അത്പോലെ മതി ഇനിയങ്ങോട്ടും.. "

അതും പറഞ്ഞു പിൻസീറ്റിൽ കയറിയിരുന്നു..

അവളുടെ നെഞ്ചാകെ വിങ്ങുന്നുണ്ടായിരുന്നു.. ഇന്നലെ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ സന്തോഷിച്ചേനെ..

പക്ഷെ ബിച്ചുവും തനുവും വീണ്ടും തന്നിലേക്കെത്തിയപ്പോൾ അറിഞ്ഞ സത്യങ്ങൾ അതാണീ സ്നേഹത്തിന് കാരണമെങ്കിൽ അത് തനിക്ക് വേണ്ട..

പഴയ വാശിക്കാരി പാറു ഉയിർത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു..

പിന്നെ സംസാരമൊന്നുമില്ലാതെ യാത്ര തുടങ്ങി..

കാർ ചെന്നുനിന്നത് ഒരു ഇരുനില വീടിന് മുന്നിലാണ്..
വണ്ടി കാർപോർച്ചിലേക്ക് നിർത്തിക്കൊണ്ട് യദു ഇറങ്ങി..

പിന്നാലെ പാറുവും മക്കളും..

അപ്പോഴേക്കും വീടിനകത്തുനിന്ന് ബിച്ചു ഇറങ്ങിവന്നു..

"ആ കൃത്യസമയത്തുതന്നെ എത്തിയല്ലോ..
വരു.."

എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു കൊണ്ട് ബിച്ചു പറഞ്ഞു..

എവിടെയോ പോകാൻ ഒരുങ്ങിയപോലെ ആയിരുന്നു ബിച്ചു..

പാറു അവനെ പെട്ടെന്ന് പ്രതീക്ഷിച്ചില്ല.. ബിച്ചു അടുത്ത് വന്നു ചിരിച്ചു..

എന്നിട്ട് പാറുവിനെ കെട്ടിപ്പിടിച്ചു..

"ഹാപ്പി ബര്ത്ഡേ പാറു"

അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി..
പെട്ടന്ന് കണ്ണുകൾ നിറഞ്ഞു..

"നീ മറന്നിട്ടില്ലല്ലേ..? "

"അങ്ങനെ മറക്കാൻ പറ്റുമോ..

നിന്റെ പിറന്നാൾ ഒക്കെ ഞങ്ങൾ മറക്കുമെന്ന് തോന്നുന്നുണ്ടോ ടീ.."

രണ്ടുപേരുടെയും കണ്ണുകളിൽ നീർമണി അടർന്നുവീഴാൻ ഒരുങ്ങി നിന്നിരുന്നു..

പാറുവിന്റെ പിറന്നാൾ ആണെന്ന ഷോക്കിലാണ് മക്കളും യദുവും.. ഒരിക്കൽ പോലും ആഘോഷിക്കാത്ത ദിവസം.. അല്ലെങ്കിൽ അന്വേഷിച്ചിരുന്നോ ഒരുവട്ടമെങ്കിലും...

യദുവിന് കുറ്റബോധം തോന്നി.. തലേന്ന് അവളെപ്പറ്റി പറഞ്ഞപ്പോൾ സത്യത്തിൽ താൻ വെറുമൊരു തോൽവി ആണെന്ന് മനസിലായത്..

അപ്പോഴേക്കും തനൂ ഇറങ്ങി വന്നു..

" എടാ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ ആദ്യം വിഷ് ചെയ്യാമെന്ന് എന്നിട്ട് നീ എന്തിനാ ആദ്യം ചെയ്തത്..? "

ബിച്ചുവിനോട് അവൾ ദേഷ്യപ്പെട്ടു..

ബിച്ചുവും പാറുവും അവളെ നോക്കി ചിരിക്കാൻ തുടങ്ങി..

"നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ തനു കുട്ടാ.."

"അങ്ങനെ ഞാൻ മാറിയ ശരിയാകുമോ..? "

ഇല്ലേയില്ല.. നീ ആ പഴയ കുശുമ്പി തനു ആയാൽ മതി.. എനിക്കും അതാണ് ഇഷ്ടം.. "

"ഞങ്ങളിപ്പോഴും അങ്ങനെ തന്നെയാ നിനക്കല്ലേ മാറ്റം.. ഭയങ്കര ഗൗരവം സൈലന്റ്.. "

അത് കേട്ടപ്പോൾ പാറുവിന്റെ മുഖം വാടി.. ബിച്ചു തനുവിനെ കൂർപ്പിച്ചു നോക്കി..

തെറ്റ് ചെയ്ത കുട്ടിയെപ്പോലെ അവൾ തല താഴ്ത്തി...

പിന്നെ പാറുവിനെ കെട്ടിപിടിച്ചു രണ്ടു കവിളിലും മുത്തം നൽകി..

"പിറന്നാൾ ഉമ്മകൾ.. "

അവരുടെ സ്നേഹത്തിൽ പാറുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..

തനു അത് തുടച്ചു കൊടുത്തു എന്നിട്ട് അവളുടെ കൈയിൽ പിടിച്ചു
വലിച്ചകത്തേക്ക് ചെന്നു.. പിന്നാലെ ബിച്ചുവും യദുവും മക്കളും..

സോഫയിൽ പിടിച്ചിരുത്തി അവളുടെ തോളിൽ ചാരി ഇരിക്കാൻ തുടങ്ങി തനു..

"യദു സോറിട്ടോ.. ഇന്നലെ ഇവളുടെ പിറന്നാൾ ഇവിടെ ആഘോഷിക്കാം എന്ന് പറയാഞ്ഞതിൽ..

സർപ്രൈസ് ആവട്ടെ എന്ന് കരുതി.. നിങ്ങളുടെ ആഘോഷം ഞങ്ങൾ മുടക്കി അല്ലെ.."

"ഏയ്.. ഞങ്ങൾ അല്ലെങ്കിലും വൈകുന്നേരം പുറത്തു പോകാമെന്നു കരുതിയതാ.. "

ഇടർച്ച മറച്ചുവച്ചുകൊണ്ട് യദു പറഞ്ഞു..
പാറു യദുവിനെ ഒന്ന് നോക്കി പിന്നെ കൂട്ടുകാരിലേക്ക് ശ്രദ്ധ തിരിച്ചു..

അപ്പോഴേക്കും കുടിക്കാനുള്ളതുമായി ഒരു സ്ത്രീ വന്നു..

"ഇവിടെ ജോലിക്ക് നിൽക്കുന്നതാ.."

തനു പറഞ്ഞു..

പാറു അവർക്കൊരു പുഞ്ചിരി നൽകി..
ജ്യൂസും പലഹാരങ്ങളും മുന്നിൽ നിരന്നു..

തനിക്കേറ്റവും ഇഷ്ടമുള്ളത് മാത്രമാണ് അവിടെ നിരന്നിരിക്കുന്നത് എന്ന് പാറുവിന് മനസിലായി..

"പാറുവിന്റ ഇഷ്ടങ്ങൾ മാത്രമേ ഞങ്ങൾക്കറിയുള്ളൂട്ടോ.. അതാ അവൾക്കിഷ്ടമുള്ളത് വാങ്ങിയത്.. "

യദുവിനോടായ് ബിച്ചു പറഞ്ഞു..

"അല്ല തനു നിങ്ങടെ മക്കൾ..?"

"ഓ ഇപ്പഴെങ്കിലും ചോദിച്ചല്ലോ.. "

മുഖം വീർപ്പിച്ചു കൊണ്ട് തനു പറഞ്ഞു..

അപ്പോഴേക്കും ഒരു പെൺകുട്ടി ഇറങ്ങി വന്നു..

നേരെ പാറുവിന്റെ അടുത്തിരുന്നു എന്നിട്ട് രണ്ടു കവിളിലും ഉമ്മ നൽകി..

"ഹാപ്പി ബര്ത്ഡേ പാറൂമ്മേ.. "

പാറു അവളെത്തന്നെ നോക്കി.. തനുവിനെ പോലെതന്നെയാ അവളും കാണാൻ..

"താങ്ക്സ്.. മോൾടെ പേരെന്താ..? "

"ഞാനും പാറുവാ.. ഇവര് രണ്ടാളും കുട്ടിപ്പാറു എന്നാ വിളിക്കാറ്.. ഇടയ്ക്ക് കുഞ്ഞി എന്നും.. ശരിക്കും പേര് പാർവി.. "

"നിന്റെ പേരിനോട് സാമ്യമുള്ളത് വേണമെന്ന് തോന്നി അതാ..

മാത്രമല്ല നിന്റെ കുറച്ചു സ്വഭാവങ്ങളും ഇവൾക്കുണ്ട്..

ഫ്രണ്ട്സിനു വേണ്ടി വഴക്കിടുവാ,
എന്തെങ്കിലും തെറ്റ് ചെയ്തു കഴിഞ്ഞാൽ അച്ഛനേം അമ്മേം സോപ്പ് ഇട്ട് ചാക്കിലാക്കുക..,

പിന്നെ അലമ്പിനായാലും എല്ലാകാര്യത്തിനും മുന്നിൽ നിൽക്കുക..

ചിലപ്പോൾ നീതന്നെയാണെന്ന് തോന്നും..

ഇപ്പൊ മെഡിസിന് പഠിക്കുന്നു സെക്കന്റ്‌ ഇയർ.."

ബിച്ചു പറഞ്ഞു..

"ഇനി ഒരാൾ കൂടിയുണ്ട്.. പവൻ.. പ്ലസ്‌ ടു ആണ്..

അവൻ തറവാട്ടിലാ.. നമ്മുക്കങ്ങോട്ട് പോവാം..

ആഘോഷം അവിടെയാ.."

"എന്താഘോഷം..? "

"നിന്റെ പിറന്നാൾ തന്നെ അല്ലാതെന്ത്.. "

"അതിന് ആഘോഷം ഒന്നും വേണ്ട.. നിങ്ങളെ രണ്ടാളെയും തിരിച്ചു കിട്ടിയത് തന്നെ ഏറ്റവും വലിയ സന്തോഷമാ..

അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട.. "

"അത് നീ പറഞ്ഞാൽ മതിയോ..? അമ്മേനേം അച്ഛനേം ഒന്നും കാണണ്ടേ നിനക്ക്..? "

വേണമെന്ന് പാറു പറഞ്ഞു..

"യദുവിന് ബുദ്ധിമുട്ട് ഉണ്ടോ..? കുടുംബവീട്ടിൽ ചേട്ടനും കുടുംബവും അച്ഛനുമമ്മയുമുണ്ട്..

അവർക്കും ഇവളെ കാണണമെന്നുണ്ട്.. പണ്ടും ഞങ്ങളെ രണ്ടാളെക്കാളും ഇഷ്ട്ടം അമ്മയ്ക്ക് ഇവളോടാണ്..

കണ്ടെന്നു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം.."

"അതിന് കുഴപ്പമില്ല.. പോകാം.. "

അപ്പൊ തന്നെ എല്ലാവരും ഇറങ്ങി..

"പാറു ഞങ്ങടെ ഒപ്പം പോന്നോട്ടെ.. കുഞ്ഞിയെ നിങ്ങൾ കൂടെ കൂട്ടിക്കോ.. വഴി അവൾ പറഞ്ഞു തരും.. "

യദു സമ്മതിച്ചു..

അങ്ങനെ എല്ലാവരും വണ്ടിയിൽ കയറി.. യദുവിന്റെ കാർ ആദ്യം മുന്നോട്ടു പോയി..

ബിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്യാതെ പിന്നിലേക്ക് നോക്കി ഇരുന്നു തനുവും..

പാറു രണ്ടാളെയും നോക്കി..

"കാര്യം മനസിലായി കാണുമല്ലോ പാറൂട്ടന്.. അപ്പൊ തൊടങ്ങിക്കോ.. ഇരുപത് വർഷത്തെ കാര്യം.. "

"എന്ത് കാര്യം.. ആസ് യൂഷ്വൽ എല്ലാവരെയും പോലെ കല്യാണം കുടുംബം കുട്ടികൾ..

അങ്ങനെ അങ്ങനെ.. "

"ആണോ.. പക്ഷെ നീ ഹാപ്പി അല്ലല്ലോ പാറു.. മക്കളോട് പോലും ഒരകൽച്ച ആണല്ലോ..
എന്താ കാര്യം.. എന്തായാലും പറഞ്ഞിട്ടേ ഈ വണ്ടി മുന്നോട്ടു പോവൂ..

അവരിപ്പോ അവിടെ എത്തും.. "

പാറു നിശബ്ദയായി.. അത് രണ്ടുപേരിലും ദേഷ്യം വരുത്തി..

"പാറു.. "
ബിച്ചു ഒച്ചയെടുത്തു..
അപ്പോഴേക്കും മുന്നിലെ സീറ്റിലേക്ക് മുഖമോളിപ്പിച്ചു പാറു കരഞ്ഞു..

തനു പിന്നിലേക്ക് വന്നു അവൾക്കരികിൽ ഇരുന്നു.. അവളെ സമാധാനിപ്പിച്ചു..

അവസാനം പാറു തന്റെ മനസിന്റെ ഭാരം അവരിലേക്ക് ഇറക്കി വച്ചു..

രണ്ടു പേർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.. യദുവിനോട് ദേഷ്യം തോന്നി..

"ഇതിന്റെ പേരിൽ എന്റെ മക്കളോടോ നന്ദേട്ടനോടോ വെറുപ്പ് കാണിക്കരുത്..

എന്റെ എന്ന് പറയാൻ എനിക്കിപ്പോ അവരെയുള്ളു.. പിന്നെ നിങ്ങളും.. മറന്നതല്ല.. ഒരുപക്ഷെ ഏറ്റവും കൂടുതൽ ഓർക്കുന്നത് നിങ്ങളെ രണ്ടാളെയുമാണ്..

ഒരു പനി വന്നാൽപോലും നിങ്ങളിലരെങ്കിലും അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതാറുണ്ട്..

അന്വേഷിക്കാൻ എനിക്ക് പറ്റിയില്ല സോറി.. "

"മതി കരഞ്ഞത്.. പോയി മുഖം കഴുകി വാ.. ഇനി എന്ത് കാര്യത്തിനും ഞങ്ങളെ വിളിച്ചാൽ മതി.. "

ബിച്ചു ഗൗരവത്തിൽ പറഞ്ഞു..

പിന്നെ അവർ അവിടുന്നു യാത്ര തിരിച്ചു.. കുടുംബവീട്ടിൽ എത്തിയപ്പോഴേക്കും ബിച്ചുവിന്റെ ചേട്ടൻ വിശ്വനാഥനും ഭാര്യ ശ്രുതിയും ഒക്കെ അവരെയും കാത്തു നിൽപ്പുണ്ടായിരുന്നു..

"ഏട്ടത്തി.. വിശ്വേട്ട.. "

രണ്ടാളെയും വിളിച്ചു കൊണ്ട് അവൾ അവർക്കടുത്തേക്ക് വന്നു..

"ഓഹ് മറന്നിട്ടില്ല അല്ലെ.. "

വിശ്വൻ കപട ഗൗരവത്തോടെ ചോദിച്ചു..

അവൾ മുഖം കുനിച്ചു നിന്നപ്പോൾ ശ്രുതി അവളുടെ തോളിൽ തട്ടി..

"ഇത്രയും നാൾ കാണാത്തതിന്റെ പരിഭവം ആണ്.. സാരല്ല.. അല്ലെങ്കിലും നീ കുഞ്ഞു പെങ്ങളല്ലേ..

എന്നിട്ട് നിങ്ങൾക്കൊരു ആവശ്യം വന്നപ്പോൾ പോലും നീ വന്നില്ലല്ലോ.. "

"അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു.. ഒന്നിനും പറ്റിയില്ല.. "

വിശ്വനെ നോക്കിക്കൊണ്ടാണ് പറഞ്ഞത്..

എല്ലാവരും അകത്തു കയറി..

വിശ്വനും യദുവും സംസാരിച്ചിരിപ്പുണ്ട്..

മക്കൾ കുട്ടിപ്പാറുവായി കമ്പനിയായി.. കൂടെ അപ്പു എന്ന പവനും വിശ്വേട്ടന്റെ മകൻ ആരോമലും ഉണ്ട്.. അവൻ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്..

മൂത്തത് ആരവ് ആണ്.. അവനിപ്പോ യു കെ യിലാണ്. അവിടെ ജോബ് ചെയുന്നു..

ശ്രുതി മക്കളേ പരിചയപ്പെടുത്തി തന്നു.. അപ്പു കൈയിൽ പിടിച്ചു നിന്നു..

"മമ്മയ്ക്കും പപ്പയ്ക്കും എന്നും പാറൂനെ പറ്റി പറയാനേ നേരമുള്ളൂ.. ഒരുദിവസം ഒരു പ്രാവശ്യമെങ്കിലും കേൾക്കാം ഈ പേര്..

അതോണ്ട് ഞാൻ പാറൂന്നേ വിളിക്കൂട്ടോ.. "

കൊഞ്ചലോടെ അവൻ പറഞ്ഞു..

"അതിനെന്താ നീ അങ്ങനെ വിളിച്ചോ.. നീ എന്റെ മോനല്ലേ.. "

അവന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.. അപ്പോഴാണ് ഒരാളനക്കം കേട്ടത്..

തിരിഞ്ഞു നോക്കിയപ്പോൾ നിറകണ്ണുകളോടെ അമ്മ നിൽപ്പുണ്ട്..

"അമ്മക്കുട്ടി.. "
ഓടിച്ചെന്നു കെട്ടിപിടിച്ചു..

"വേണ്ട എന്നെയാരും തൊടണ്ട.. കാണുമ്പോഴേ ഈ വിളി ഉള്ളു.. അല്ലെങ്കിൽ നമ്മളെ ഒക്കെ ഓർക്കുന്നുപോലും ഉണ്ടാവില്ല.. "

മൂക്ക് പിഴിഞ്ഞു കൊണ്ട് അവർ പറഞ്ഞു..

"ശാരദ കുട്ടി പിണങ്ങി ബിച്ചു.. ശോ..
അവരുടെ രണ്ടു കവിളിലും പിച്ചി വലിച്ചു കൊണ്ട് പറഞ്ഞു..

"നോവുന്നെടി.."

അമ്മ ഒച്ചയെടുത്തപ്പോൾ കൈവിട്ടിട്ട് പിച്ചിയ ഇടത്ത് ചുണ്ടുചേർത്തു..

"നീ ആ പഴയ പാറു തന്നെ.. "

അമ്മ പറഞ്ഞു..

"അപ്പായി എവിടെ..? "

"കിടപ്പിലാ.. അധികം സംസാരമൊന്നുമില്ല.. സ്ട്രോക്ക് വന്നതാ..

വാ കാണാം.. നീ വരുന്ന കാര്യം പറഞ്ഞിട്ടില്ല.. നോക്കാം എങ്ങനെ എന്ന് .."

പാറുവിനോപ്പം യദുവിനെയും മക്കളെയും കൂട്ടി അകത്തേക്ക് ചെന്നു..

"അപ്പായി.. "

പാറുവിന്റെ വിളി കേട്ടപ്പോൾ അയാൾ കണ്ണുതുറന്നു അവളെ നോക്കി.. കുറച്ചു നേരം അങ്ങനെ നിന്നു..

കണ്ണുകൾ നിറഞ്ഞു വന്നു..

"പാ.. റു.. "
ബദ്ധപ്പെട്ട് അയാൾ വിളിച്ചു..

എല്ലാവരുടെയും കണ്ണുകൾ തിളങ്ങി..

പാറു അയാൾക്കരികിൽ ഇരുന്നു.. എന്നിട്ട് ശോഷിച്ച ആ കൈകളിൽ തലോടി കൊണ്ടിരുന്നു..

"നിങ്ങളെ ആരേം മറന്നതല്ല.. അങ്ങനെ ആയിപോയി.. അമ്മ എല്ലാം ഒളിച്ചു വച്ചു ജീവിച്ചു.. മരണം അടുത്തപ്പോൾ എന്റെ കല്യാണം നടത്തി.. പിന്നെ.. പിന്നെ അച്ഛന്റെ അടുത്തേക്ക് പോയി..

അതിന് ശേഷം എന്നിലേക്ക് തന്നെ ഞാൻ ഒതുങ്ങി പോയി.. എല്ലാരേം ഒരുപാട് മിസ് ചെയ്തിരുന്നു.. "

എല്ലാരോടും കൂടിയെന്നപോലെ അവൾ പറഞ്ഞു..

പിന്നെ പരിഭവങ്ങളും സങ്കടങ്ങളും മാറി ആഘോഷത്തിലേക്ക് എത്തി..

കേക്ക് കട്ട്‌ ചെയ്തു.. അമ്മയും ശ്രുതിയുമൊക്കെ കൂടി സദ്യ ഒരുക്കിയിരുന്നു.. എല്ലാവരുമൊരുമിച്ച് കഴിച്ചു..

അപ്പോഴേക്കും മക്കളും യദുവും അവരുമായി അടുത്തു..

"ഇനി ഒരു ഡാൻസ് ആയാലോ?? "

ശ്രുതി ആണ് അത് ചോദിച്ചത്..

"പിന്നെന്താ.. "

എല്ലാവർക്കും സമ്മതം..

"അപ്പൊ നമ്മുടെ പഴയ ഡാൻസർമാർ മുന്നോട്ടു വന്നേ.. "

പാറുവിനെയും തനുവിനെയും ബിച്ചു മുന്നിൽ നിർത്തി..
എല്ലാവരും ആകാംക്ഷയോടെ നിന്നു..

യദുവിന്റെ കണ്ണുകൾ പാറുവിലായിരുന്നു..

ചിലപ്പോൾ മൂളിപ്പാട്ടൊക്കെ കേൾക്കാറുണ്ട് പക്ഷെ അത് അപ്രതീക്ഷിതമായി കേട്ടതാണെന്ന് മാത്രം..

നൃത്തം അവൾക്കറിയാം എന്നത് പുതിയ അറിവാണ്.. അല്ലെങ്കിലും അവളെപ്പറ്റി എല്ലാം പുതിയ അറിവല്ലേ..

പാറു കുറെ എതിർക്കാൻ ശ്രമിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിന്നെതിർത്തു..

അവസാനം പഴയ ഒരു സെമി ക്ലാസിക്കൽ ഡാൻസ് പൊടിതട്ടിയെടുത്തു രണ്ടുപേരും ആടിത്തിമിർത്തു..

എല്ലാവരും കണ്ണുചിമ്മാതെ കണ്ടിരുന്നു.. തനു ഇടയ്ക്ക് മതിയാക്കി പാറുവിനെ നോക്കി അവൾ ലയിച്ചു കളിക്കുന്നുണ്ട്..

ആ പഴയ പാറുവാണ് മുന്നില്ലെന്ന് ഒരുവേള തോന്നിപോയി..

പാട്ടവസാനിച്ചപ്പോൾ അവൾ നമസ്കരിച്ചു ചുറ്റിലും നോക്കി.. തനു അവളെ കെട്ടിപിടിച്ചു..

"ഞാൻ തോറ്റുപോയി.. ഇടയ്ക്ക് കുഞ്ഞിടെ കൂടെ കൂടുമായിരുന്നു അത്ര തന്നെ.. നീയോ പ്രാക്ടീസ് ചെയ്യാറുണ്ടോ..? "

"മ്മ് എന്നും ഇവര് പോയി കഴിഞ്ഞാൽ ഒന്നുരണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്യും.. "

"അത് നിന്റെ ഡാൻസ് കണ്ടപ്പോൾ മനസിലായി..."

പിന്നെ എല്ലാവരും അനുമോദിച്ചു.. മക്കൾ അവളുടെ രണ്ടു കൈകളിലും പിടിച്ചു അവൾക്കൊപ്പമിരുന്നു..

അവൾക്കത് സന്തോഷമായിരുന്നു..

പിന്നെയും കളിചിരികൾ ആ വീട്ടിൽ നിറഞ്ഞു നിന്നു...

രാത്രി ആയപ്പോഴാണ് തിരികെ പോയത്.. ഇനി ഇടയ്ക്കങ്ങനെ കൂടണമെന്ന് തീരുമാനമെടുത്തു ഇറങ്ങും മുൻപ്..

വീട്ടിൽ എത്തിയപ്പോൾ പഴയ പടിയായി പാറു.. അവളിലേക്ക് ചുരുങ്ങി..

"ഞങ്ങളോട് ദേഷ്യണോ..? "

കുറച്ചു ദിവസം കഴിഞ്ഞിട്ടും അവൾക്ക് മാറ്റമില്ലെന്ന് മനസിലായപ്പോൾ മക്കൾ ചോദിച്ചു..

"എനിക്കാരോടും ദേഷ്യമൊന്നുമില്ല..

പിന്നെ നിങ്ങൾക്കിപ്പോ ഈ അമ്മ സ്നേഹം വന്നത് എന്നെപ്പറ്റി എല്ലാം അറിഞ്ഞിട്ടല്ലേ..

അല്ലായിരുന്നെങ്കിൽ ഈ ജീവിതകാലം മുഴുവൻ എന്നെ അകറ്റി നിർത്തില്ലായിരുന്നോ..?

എന്റെ വിഷമം അത്ര വേഗം മാറില്ല.. അതിനർത്ഥം നിങ്ങളോടൊക്കെ ഇഷ്ടമില്ലാതതാണെന്ന് കരുതരുത്..

എന്നെങ്കിലും ഞാൻ മാറുമായിരിക്കും.. "

മക്കൾ പിന്നൊന്നും പറഞ്ഞില്ല.. പകരം അമ്മയെ സ്നേഹിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ കുറച്ചു നേരം അമ്മയോടൊപ്പം ചിലവഴിച്ചു..

ഓരോന്ന് ചോദിച്ചു സംസാരിച്ചു.. അതിനെല്ലാം അവൾ മറുപടി പറയുകയും ചെയ്യും..

അങ്ങനെ നാളുകൾ കടന്നു പോയി..

ഒരു ദിവസം അപ്രതീക്ഷിതമായി ബിച്ചുവും തനുവും വന്നുകയറി.. പാറു ആ സമയം ഉച്ചയ്ക്കുള്ളത് ഒരുക്കുവായിരുന്നു..

ഞായറാഴ്ച ആയത് കൊണ്ട് എല്ലാവരും ഉണ്ട് വീട്ടിൽ..

തലേന്ന് വിളിച്ചു സംസാരിച്ചിട്ട് കൂടി വരുന്ന കാര്യം അവർ പറഞ്ഞിരുന്നില്ല..

അവൾ പരിഭവത്തോടെ അവരെ നോക്കി..

പിന്നെ അവർക്ക് വേണ്ടി എന്തൊക്കെയോ ഉണ്ടാക്കാൻ തുടങ്ങി..

ഭക്ഷണം എല്ലാം കഴിഞ്ഞു സംസാരിച്ചിരിക്കുമ്പോഴാണ് ബിച്ചു യദുവിനോട് അക്കാര്യം പറഞ്ഞത്..

"പാറു ഇനിയും വീട്ടിൽ ഇരിക്കുന്നത് എന്തോ ശരിയല്ലെന്ന് തോന്നുന്നു.. ഇവൾ ജോലിക്ക് പോകുന്നതിൽ
യദുവിന്റെ അഭിപ്രായം എന്താ..? "

"ഞാനും അക്കാര്യത്തെ കുറിച്ച് ആലോചിക്കുവായിരുന്നു.. അവളെ മനസിലാക്കാതെ എന്നും വേദനിപ്പിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു..

അമ്മയ്ക്ക് അടുക്കളയിൽ ഒതുങ്ങി കൂടുന്ന മരുമകളെ വേണമെന്ന് പറഞ്ഞു..

അമ്മ തന്നെയാ ഇവളെ കണ്ടുപിടിച്ചത്.. അധികം പഠിക്കാത്ത പെണ്ണ് മതിയെന്ന് പറഞ്ഞതും അമ്മയാണ്..

പക്ഷെ എനിക്ക് താല്പര്യമില്ലായിരുന്നു.. പക്ഷെ അമ്മയെ എതിർക്കാനും പറ്റിയില്ല..

അവർ കാണിച്ചുതന്ന പെണ്ണിനെ താലികെട്ടി കൂടെക്കൂട്ടി..

പക്ഷെ ദേഷ്യമായിരുന്നു.. അവളോടും അമ്മയോടും ഈ ലോകത്തോട് തന്നെയും..

മറ്റാരോടും കാണിക്കാൻ പറ്റാത്തത് കൊണ്ട് ഇവളോട് മൗനമായി പടപൊരുതി..

അമ്മ എന്നും ഇവളെ കുറ്റം പറയുമായിരുന്നു.. വിദ്യാഭ്യാസമില്ലാത്തവൾ എന്ന് പരിഹസിക്കുമായിരുന്നു..

എന്തോ മരുമക്കളോട് പോരെടുത്താലേ നല്ല അമ്മായിയമ്മ ആവൂ എന്നൊരു തോന്നൽ ആവും..

അവൾ കരഞ്ഞപ്പോൾ പോലും സമാധാനിപ്പിക്കാൻ ഞാൻ നിന്നിട്ടില്ല..

പിന്നെ അനിയന്മാരുടെ വിവാഹം കഴിഞ്ഞു.. പക്ഷെ അവരോടു അമ്മയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..

രണ്ടാളും സ്ട്രോങ്ങ്‌ ആയിരുന്നു മാത്രമല്ല അനിയന്മാർ ഭാര്യമാർക്ക് സപ്പോർട്ടും ആയിരുന്നു..

അവൾ പിന്നെയും ഒരു വേലക്കാരിയായി അവിടെ തുടർന്നു..

പിന്നെ രണ്ടാമത്തെ കുഞ്ഞും സ്കൂളിൽ പോകാറായപ്പോൾ ഞാൻ തന്നെ മുൻകൈ എടുത്തു വീട് മാറിയതാണ്..

പക്ഷെ അവളെ അംഗീകരിക്കാനോ മനസ് തുറക്കാനോ തയ്യാറാവാതെ കുഞ്ഞുങ്ങളിലേക്ക് മാത്രമായി ഞാൻ ഒതുങ്ങി..

പക്ഷെ എല്ലാം തെറ്റാണെന്ന് മനസിലാക്കാൻ ഒത്തിരി വൈകി..

അത് കൊണ്ടാവാം ഇന്നും ഞങ്ങൾക്കിടയിൽ ആ അകൽച്ച ഉള്ളത്..

ഇനിയെങ്കിലും അവളുടെ ഇഷ്ട്ടം നടക്കണം.. അവൾക്ക് താല്പര്യമുണ്ടെങ്കിൽ ജോലിക്ക് പോകണം..

നിങ്ങളുടെ ആ പഴയ പാറു ആവണം.. എനിക്കും അതാണ് ആഗ്രഹം.. "

യദു പറഞ്ഞത് ഉൾക്കൊള്ളാൻ ആവാതെ പാറു നിന്നു..

"താങ്ക്സ് യദു.. പാറു നിനക്ക് ഒരു ജോലി ഞങ്ങൾ തരാം.. ഗസ്റ്റ് ലക്ചർ ആയിട്ട്..

എല്ലാം ഒന്ന് പൊടി തട്ടിയെടുക്കാൻ ഞങ്ങൾ ഒരാളെ നിനക്ക് തരാം.. ചെറിയൊരു ട്യൂഷൻ..

അത് കഴിഞ്ഞു ജോലിക്ക് കയറാം.. നോക്കിയിട്ട് പറ്റുന്നില്ലെങ്കിൽ വിട്ടേക്ക്.."

പാറുവിന് ഒന്നും പറയാനായില്ല.. സന്തോഷം കൊണ്ട് ഉള്ളു വിങ്ങിപൊട്ടി..

അങ്ങനെ വർഷങ്ങൾക്കിപ്പുറം അവൾ ജോലിക്ക് കയറി.. മക്കളും യദുവും ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്..

കൂടാതെ വീട്ടിലെ ജോലി പോലും നാലാളും ഷെയർ ചെയ്തു ചെയ്യാൻ തുടങ്ങി.. അത് കൊണ്ട് തന്നെ അധികം ഭരമില്ലായിരുന്നു..

പാറുവും മനസ് കൊണ്ട് യദുവിലേക്കും മക്കളിലേക്കും അടുക്കാൻ തുടങ്ങി..

ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ സന്തോഷം ഇന്ന് കുടുംബത്തിൽ നിറഞ്ഞു നിന്നു..

കൂടാതെ ഇടവും വലവും അവളുടെ ആത്മാർത്ഥ സുഹൃത്തുക്കളും ഉണ്ട്.. പഴയ പോലെ വഴക്കടിച്ചും സ്നേഹിച്ചും പരിഭവിച്ചുമൊക്കെ ആ ബന്ധം മുന്നോട്ടു പോയി..

പാറുവിന്റെ മനസും മുഖവും പാർവണേന്ദു പോലെ തിളങ്ങി നിന്നു..

==============

ശുഭം 

Written By Chethana Rajeesh


both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo