നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനുപാതം


നാലരയുടെ അലാറം അടിച്ചപ്പോൾ പാറു കണ്ണു തുറന്നു.. വേഗം അലാറം ഓഫ്‌ ചെയ്തു എണീറ്റു..

ഫ്രഷ് ആയി നേരെ അടുക്കളയിലോട്ട്..

അടുക്കള വാതിൽ തുറന്നാൽ മതിലിനപ്പുറം പൂന്തോട്ടമാണ് അതിൽ വിവിധ തരത്തിലുള്ള ചെടികളും ചെറുമരങ്ങളുമുണ്ട്..

ഇടയിലായി ഇരിക്കാനുള്ള ബെഞ്ചും സെറ്റ് ചെയ്തിട്ടുണ്ട്.. അതിനപ്പുറം പുഴയാണ്..

ഈ പൂന്തോട്ടവും പുഴയുടെ തീരവും പിന്നെ ഒരുപോലെയുള്ള മനോഹരമായ പത്തിരുപതു വില്ലകളും അതിനപ്പുറം വലിയൊരു മതിലും സെക്യൂരിറ്റിയും..

പുറത്ത് മറ്റൊരു ലോകം.. ഈ വില്ലയിലേക്ക് താമസം മാറിയിട്ട് കൊല്ലം മൂന്നായി..

ഭർത്താവ് യദുനന്ദൻ പ്രസിദ്ധമായ vts ഗ്രൂപ്പിൽ സീനിയർ എൻജിനീയറാണ്..

പ്രൊമോഷൻ കിട്ടിയപ്പോൾ വാങ്ങിയതാണ് ഈ വില്ല. കുട്ടികൾക്കും ഭർത്താവിനും ഈ സിറ്റിയും ഇവിടുത്തെ ജീവിതവുമാണ് ഇഷ്ട്ടം..

നാട്ടിലെ യദുവിന്റെ വീട്ടിലേക്ക് പോകുന്നത് പോലും വർഷത്തിൽ രണ്ടോ മൂന്നോ തവണ.. അതും മൂന്നാല് ദിവസത്തിൽ കൂടുതൽ അവിടെ തങ്ങില്ല..

അവൾ ഫ്രിഡ്ജിൽ നിന്ന് സാധനങ്ങൾ ഒക്കെ പുറത്തേക്ക് എടുത്തു.. പുറത്തു ഇരുട്ട് തന്നെയാണ്..

അടുത്ത വില്ലകളും ഇരുട്ടിൽ ആഴ്ന്നു കിടപ്പുണ്ട്.. ഈ വെളുപ്പിന് മറ്റാര് എഴുന്നേൽക്കാനാണ്...

തലേന്ന് അരിഞ്ഞു വച്ച കഷ്ണങ്ങളും ഉണ്ടാക്കി വച്ച ചോറും എടുത്തു അവൾ ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ തുടങ്ങി..

പണ്ടൊക്കെ സ്കൂളിലും കോളജിലും ചോറും ചമ്മന്തിയും തോരനും അച്ചാറും ഒക്കെയാണ് പിള്ളേർ കൊണ്ടോവാറു..

ഇന്ന് സ്റ്റൈൽ ഒക്കെ മാറിയില്ലേ.. നോൺവെജ് ഇല്ലാതെ അവർക്കാർക്കും തൊള്ളയിൽ നിന്നിറങ്ങില്ല..

മറ്റൊരു അടുപ്പിൽ രാവിലെത്തേക്കുള്ള കുറുമ തയാറാക്കാൻ തുടങ്ങി..

അത് കഴിഞ്ഞു ഒന്നിൽ അപ്പവും മറ്റൊന്നിൽ ചിക്കൻ പൊരിക്കാനും വച്ചു.. അതിനിടയിൽ കട്ടൻചായ ഉണ്ടാക്കി ഇടയ്ക്കിടെ മൊത്തി കൊണ്ടിരുന്നു..

ആറുമണി ആയപ്പോഴേക്കും അടുക്കളയിലെ ജോലി കഴിഞ്ഞു.. മക്കൾക്കും കെട്ട്യോനും കൊണ്ടുപോവാനുള്ളത് ടിഫിൻ ബോക്സിൽ ആക്കി..

ബ്രേക്ക്‌ ഫാസ്റ്റ് കാസറോളിൽ ആക്കി ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു..

പാത്രങ്ങൾ എല്ലാം കഴുകി അടുക്കള വൃത്തിയാക്കിയിട്ട് അവൾ പുറത്തിറങ്ങി..

വേഗത്തിൽ മുറ്റമടിച്ചുവാരി.. അധികം മുറ്റമൊന്നുമില്ല എങ്കിലും എന്നും രാവിലെ അടിച്ചു വാരിയില്ലെങ്കിൽ എന്തൊപോലെയാണ്..

അപ്പോഴേക്കും മക്കളൊക്കെ എണീറ്റു വന്നു.. ട്യൂഷൻ ഒക്കെയുണ്ട് രണ്ടാൾക്കും..

മൂത്തയാൾ ഇഷാനി എഞ്ചിനീയർ സെക്കന്റ്‌ ഇയർ സ്റ്റുഡന്റ് ആണ്.. കോളജ് അധികം ദൂരെയല്ലാതെയാണ്..

രണ്ടാമത്തവൾ ഇധിക.. പ്ലസ് വണിൽ.. അവളും അച്ഛന്റെ പാത പിന്തുടരുമോ എന്നറിഞ്ഞൂടാ..

അവർക്ക് രണ്ടാൾക്കും ആറരയ്ക്ക് ട്യൂഷൻ ഉണ്ട്.. എല്ലാം അച്ഛൻ ഏർപ്പാടാക്കിയതാണ്..

ഇഷാനിക്ക് ഫസ്റ്റ് സെമ്മിൽ മാർക്ക്‌ കുറവായത് കൊണ്ട് ഒരു ട്യൂഷൻ വച്ചതാണ്..

അവളാകണം കോളേജ് ടോപ് എന്നാണ് യദുവിന്റെ ആഗ്രഹം..

മക്കളെ പറ്റി എല്ലാ അച്ഛനമ്മമാരും ഇങ്ങനെ സ്വപ്നം കാണുമല്ലോ..

പക്ഷെ തനിക്കു അവരെ പറ്റി കൂടുതൽ സ്വപ്നങ്ങളില്ല.. ആകും പോലെ ആവട്ടെ എന്ന് കരുതുവാ..

എന്നെങ്കിലും അവർക്ക് തന്നെ ആവശ്യം വരുമ്പോൾ കൂടെ ഉണ്ടാവും.. ഒരു ബലമായി..

ഇധിക ദ്രിതിയിൽ ഒരുങ്ങി വരുന്നുണ്ട്..

അവൾക്ക് ഹോർലിക്‌സും ബ്രേക്ക്‌ ഫാസ്റ്റും വിളമ്പി വച്ചു.. എന്നിട്ട് അവളുടെ ടിഫിൻ ബോക്സ്‌ ബാഗിലേക്ക് വച്ചുകൊടുത്തു..

ഫോണിൽ നോക്കി ഭക്ഷണം കഴിക്കയാണ്..

"മുത്തേ.. കഴിക്കുമ്പോ ഫോണിൽ നോക്കല്ലേ.. "

അത് കേട്ടതും അവൾ തുറിച്ചു നോക്കി..

"ഇന്നത്തെ ട്യൂഷന്റെ കാര്യം ഡിസ്‌കസ് ചെയ്യാ അമ്മ.. പ്ലീസ് എന്റെ കാര്യത്തിൽ ഇടപെടരുതെന്ന് ഡാഡിയുടെ ഓർഡർ ഇല്ലേ.. പിന്നെന്താ.."

അത് കേട്ടപ്പോൾ മുഖമൊന്നു വാടി.. അത് കാണിക്കാതെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

"സോറി മോളെ.. "

കൂടുതൽ ഒന്നും പറയാതെ അടുക്കളയിലേക്ക് വലിഞ്ഞു.. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു..

ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു.. അപ്പോഴേക്കും മൂത്തയാൾ അടുക്കള വാതിൽക്കൽ വന്നൊന്ന് ചുമച്ചു ..

അതിന്റെ അർത്ഥമറിയാവുന്നത് കൊണ്ട് അവൾക്കുള്ള ഭക്ഷണം വിളമ്പി കൊടുത്തു.. കൊണ്ടുപോകാനുള്ളതും എടുത്തു വച്ചു..

എന്നിട്ട് മേലെ മക്കളുടെ മുറിയിലേക്ക് ചെന്നു.. എത്ര അടുക്കി വച്ചാലും പിറ്റേന്ന് നോക്കുമ്പോ പഴയ പോലെ ഉണ്ടാകും..

വീണ്ടും രണ്ടു മുറിയും അടുക്കി വച്ചു അടിച്ചു വാരിയിട്ടു..

കോറിഡോറും വൃത്തിയാക്കിയിട്ടു..
അപ്പോഴേക്കും അച്ഛനോട് യാത്ര പറഞ്ഞു മക്കളിറങ്ങിയിരുന്നു..

അവർ പോകുമ്പോൾ മുന്നിൽ ചെന്നു നിൽക്കാറില്ല.. ആ അവഗണന സഹിക്കാവുന്നതിലും അപ്പുറമാണ്..

താഴേക്ക് വരുമ്പോൾ യദു ടീവിയിൽ ന്യൂസ്‌ കണ്ടിരിക്കയാണ്..

അയാൾക്കുള്ളത് മേശപ്പുറത്ത് അടച്ചു വച്ചിട്ട് ബെഡ്‌റൂം ക്ലീൻ ചെയ്യാൻ പോയി.. പിന്നെ അലക്കാനുള്ളത് എല്ലാം മെഷീനിൽ ഇട്ടു..

മുകളിൽ മോപ് ചെയ്തു താഴേക്ക് വന്നു.. അപ്പോഴേക്കും കഴിച്ചെഴുന്നേറ്റ് പോയിരുന്നു യദു..

പത്രങ്ങൾ എല്ലാം സിങ്കിൽ കൊണ്ടിട്ടു.. എല്ലാം കഴുകി എടുത്തു..

യദു പോകും വരെ ഓരോ ജോലിയിൽ മുഴുകി.. പോകാൻ നേരം അടുക്കള വാതിൽക്കൽ വന്നു നിന്നു..

"വൈകിട്ടത്തേക്ക് പാസ്ത മതി.. ചിക്കൻ പാസ്ത.. "

അവൾ വെറുതെ തലയാട്ടി.. അയാൾ മുറ്റത്തേക്കിറങ്ങി..

വാതിലടച്ചു തിരിഞ്ഞതും അവൾ ദീർഘശ്വാസമുതിർത്തു..

സാധാരണ എല്ലാവരും കുടുംബത്തോടൊപ്പം ഇരിക്കാനാണ് ആഗ്രഹിക്കുക പക്ഷെ താനോ..?

അവർക്ക് താനൊരു അധികപ്പറ്റാണെന്ന ബോധമാവണം.. അവരിൽ നിന്നകന്നു നില്ക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്..

സത്യം പറഞ്ഞാൽ എന്തിനീ ജീവിതം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.. ജീവിതത്തെ അത്രമേൽ വെറുത്തു പോയിരിക്കുന്നു..

ഡൈനിങ്ങ് ടേബിളിനരികിൽ വന്നു..
അവർ കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തു കഴുകി വച്ചു..

ബാക്കിയുള്ള പണികളെല്ലാം തീർത്തു കുളിച്ചു വിളക്ക് വച്ചിട്ടാണ് അവൾ കഴിക്കാനിരുന്നത്..

ഇനി പ്രത്യേകിച്ച് ജോലി ഒന്നുമില്ല..
അവൾ നേരെ ടെറസിലേക്ക് പോയി..

അവിടെ അലക്കി വിരിക്കാനുള്ള സൗകര്യം ഉണ്ട്.. വെയിൽ കിട്ടാതിരിക്കാൻ ഷീറ്റ് കെട്ടിയിട്ടുമുണ്ട്..

പുഴയുടെ ഭാഗം കാണുന്ന നിലയിൽ ടെറസിൽ ഒരു സ്ഥലമുണ്ട്.. അവിടെയാണ് പാറുവിന്റെ ഇഷ്ട്ടസ്ഥലം..

തന്റെ മൊബൈലിൽ ഇഷ്ടഗാനം വച്ചിട്ട് സാരിതുമ്പ് എളിയിൽ കുത്തി നമസ്കരിച്ചു.. എന്നിട്ട് ഇഷ്ടഗാനത്തിനൊപ്പം ചുവടുവച്ചു..

മണിക്കൂറുകളോളം അവളതിൽ ലയിച്ചു.. വെയിലിന്റെ കാഠിന്യം കൂടുതലായപ്പോഴവൾ നൃത്തം മതിയാക്കി.. വിയർത്തൊലിച്ചു തുടങ്ങി..

തിരികെ വന്നു വീണ്ടും കുളിച്ചു എന്നിട്ട് റെഡിയായി പുറത്ത് പോയി..

വൈകിട്ടത്തേക്കുള്ള സാധനങ്ങൾ വാങ്ങണം.. സൂപ്പർ മാർകറ്റിൽ കയറി വേണ്ടതൊക്കെ വാങ്ങി വീണ്ടും വീട്ടിലേക്ക്..

ഉച്ച ഭക്ഷണത്തിനു ശേഷം പണികളിലേക്ക് വീണ്ടും.. വൈകുന്നേരം ഭർത്താവും മക്കളും വരുമ്പോഴേക്കും എല്ലാം റെഡിയായിരുന്നു..

അവർ കുളിച്ചു വന്നു മൂന്നാളും ഡൈനിങ്ങ് ടേബിളിന് മുന്നിൽ എത്തി..

ഭക്ഷണം വിളമ്പുമ്പോൾ പോലും അവളെ ശ്രദ്ധിക്കാൻ മൂന്നാളും പോയില്ല..

അവർക്ക് പരസ്പരം സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അച്ഛനും മക്കളും കൂട്ടുകാരാണ്.. അമ്മയാണ് പുറമ്പോക്ക്..

പക്ഷെ കുഞ്ഞു നാളിൽ അവർക്കമ്മ മതിയായിരുന്നു.. തികട്ടി വന്ന തേങ്ങലിനെ ശാസനയോടെ അടക്കി വച്ചു..

ഭക്ഷണം കഴിഞ്ഞു എല്ലാവരും അവരാരവരുടെ ലോകത്തിലേക്ക് ചെന്നു.. തനിക്കു മാത്രം ഇരുണ്ട ലോകം മുന്നിൽ..

പണികളൊതുക്കി മുറിയിൽ വന്നു കിടന്നു.. നേരം കുറച്ചു കഴിഞ്ഞപ്പോൾ യദുവും..

അയാളുടെ കൈകൾ അവളെ പൊതിഞ്ഞു.. അതിന്റെ അർത്ഥമറിയാമെന്നപോലെ അവൾ അയാളോട് ചേർന്നു കിടന്നു..

തന്നിലേക്ക് ഒരു നിമിഷമെങ്കിലും സ്നേഹത്തോടെ എത്തിച്ചേരുന്ന ആ നോട്ടത്തെ അവൾ മനസിലെക്കാവഹിച്ചുകൊണ്ട് അയാൾക്ക് വിധേയയായി കിടന്നു..

ഇതാണ് എന്നത്തേയും ജീവിതം.. മാറ്റമില്ലാതെ വര്ഷങ്ങളായി തുടർന്നു പോകുന്ന ദിനചര്യ..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പതിവില്ലാതെ ഒരു ദിവസം യദു വൈകുന്നേരം വന്നു പാറുവിനോട് സംസാരിച്ചു..

"വരുന്ന ശനിയാഴ്ച ഒരു പാർട്ടി ഉണ്ട്.. ഫാമിലി ഒക്കെ വരണമെന്ന് പറഞ്ഞിരുന്നു..

അത് കൊണ്ട് താൻ വേഗം ഒരുങ്ങു പാർട്ടിക്കുള്ള ഡ്രസ് ഒക്കെ വാങ്ങണം.. "

മറുത്തൊന്നും പറയാതെ ഒരുങ്ങി ഇറങ്ങി.. സാധാരണ അവർ മൂന്നുപേരുമാണ് പുറത്ത് പോകാറുള്ളത്.. ഇങ്ങനെ വല്ലപ്പോഴും മാത്രമേ തന്നെ കൂട്ടാറുള്ളു..

ഇഷാനി ചാടി കയറി മുന്നിൽ ഇരുന്നു.. പാറുവും ഇധികയും പിന്നിലും..

അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു.. പാറു ആണെങ്കിൽ പുറം കാഴ്ചയിൽ മുഴുകി ഇരുന്നു..

വലിയൊരു ടെക്സ്റ്റെയിൽസിന്റെ മുന്നിൽ വണ്ടി നിർത്തി.. മക്കൾക്കാണ് ആദ്യം വാങ്ങാൻ തുടങ്ങിയത്..

താൻ സെലക്ട്‌ ചെയ്യുന്നതൊക്കെ നോക്കുക പോലും ചെയ്യാതെ അവർ മാറ്റി വച്ചു.. അത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും വന്നു..

കുറെ നേരം നിന്നപ്പോഴേക്കും ബോർ അടിച്ചു..

അവരോടൊന്നും പറയാതെ സാരി സെക്ഷനിലേക്ക് ചെന്നു..

പാർട്ടി വെയർ സാരികളിലൂടെ കണ്ണോടിച്ചു..

അവസാനം ഇഷ്ടമായ ഒരെണ്ണം സെലക്ട്‌ ചെയ്തു.. ആരോടും ചോദിക്കേണ്ട കാര്യമില്ലല്ലോ.. അവളത് സെയിൽസ്ഗേലിനെ ഏൽപ്പിച്ചു..

അപ്പോഴേക്കും മക്കളുടെ സെലെക്ഷൻ കഴിഞ്ഞു സാരി സെക്ഷനിലേക്ക് വന്നു....

"അമ്മയ്ക്കുള്ളത് ഞങ്ങൾ സെലക്ട്‌ ചെയ്യാം.."

അവർ സാരി നോക്കാൻ തുടങ്ങി..

"എനിക്കുള്ളത് ഞാൻ എടുത്തു കഴിഞ്ഞു.. ഇനി പോകാം.. "

"അമ്മേടെ സെലെക്ഷൻ എങ്ങനെ ആയിരിക്കും എന്ന് നന്നായി ഞങ്ങൾക്കറിയാം..

ഇത് കല്യാണത്തിന് ഒന്നുമല്ല പാർട്ടിക്കാണ്. Vvip കൾ ഒക്കെ വരും..

ഗ്രാമവാസി ലുക്കിൽ അമ്മ വന്നാൽ ഡാഡിക്കാണ് കുറച്ചിൽ.. "

അത് കേട്ടതും സകല കണ്ട്രോളും പോയി.. മക്കൾക്കരികിൽ വന്നു അവർക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൾ സംസാരിച്ചു..

"നിങ്ങൾ പറഞ്ഞത് ശരിയാണ്.. എന്റെ ഒരു സെലെക്ഷൻ തെറ്റിപ്പോയി നിങ്ങടെ ഡാഡി.. അതും ഞാനായിട്ട് കണ്ടുപിടിച്ചതല്ല..

എന്നിട്ടും എല്ലാം സഹിച്ചു നിൽക്കുന്നത് നിങ്ങളെ രണ്ടാളെയും ഓർത്താണ്.. ആ നിങ്ങൾക്കും ഞാനൊരു കുറച്ചിലാണെങ്കിൽ എനിക്കൊന്നുമില്ല..

ഞാൻ സെലക്ട്‌ ചെയ്ത ഡ്രസ് ഇട്ടിട്ടു ഞാൻ വരും പാർട്ടിക്ക്.. എന്റെ കൂടെ നിങ്ങളുമുണ്ടാവും.. "

ആദ്യമായാണ് അമ്മയുടെ അങ്ങനെ ഒരു ഭാവം അവർ കണ്ടത്.. ഡാഡിയെ നോക്കിയപ്പോൾ അദ്ദേഹം മെൻസ് സെക്ഷനിലേക്ക് പോയിരുന്നു..

മക്കൾ പിന്നൊന്നും മിണ്ടാതെ നടന്നു..

അന്ന് രാത്രിയിൽ അമ്മ പറഞ്ഞ കാര്യങ്ങൾ അവർ ഡാഡിയെ അറിയിച്ചു.. അയാൾക്ക് ദേഷ്യം വന്നു..

മുറിയിൽ എത്തിയതും ദേഷ്യം മൊത്തം അവളിൽ തീർത്തു..

"സ്കൂളിന്റെ പടി പോലും കാണാത്ത കാൽ കാശിനു ഗതിയില്ലാത്ത നിന്നെ ഞാനന്ന് കെട്ടിയതാടി എന്റെ തെറ്റ്..

ഇവിടുത്തെ സുഖങ്ങളൊക്കെ നിനക്ക് കൂടിപ്പോയി അതാ ഇങ്ങനെ.. എന്റെ മക്കളോട് ഇനി എന്തെങ്കിലും പറഞ്ഞാൽ എന്റെ സ്വഭാവം മാറും.. പറഞ്ഞില്ലെന്നു വേണ്ട.. "

" ഞാൻ നിങ്ങടെ ഭാര്യയാണ് അല്ലാതെ വേലക്കാരിയോ അടിമയോ അല്ല.. അത് പോലെത്തന്നെ അവർ എന്റെയും മക്കളാണ്..

പിന്നെ എന്നെ കെട്ടിയ കാര്യം.. താലി കെട്ടിയെന്നും ഫിസിക്കൽ റിലേഷൻ ഉണ്ടെന്നും കരുതി നിങ്ങള് ഉത്തമ ഭർത്താവ് ആണെന്ന് കരുതരുത്..

ഭർത്താവിന് ഒരുപാട് ഉത്തരവാദിതമുണ്ട് ഭാര്യയോട്.. പരസ്പരം എല്ലാം ഷെയർ ചെയ്യുന്നവരാണ് ഭാര്യ ഭർത്താക്കന്മാർ..

അങ്ങനെ നോക്കിയാൽ നിങ്ങൾ വട്ടപ്പൂജ്യമാണ്.. പിന്നെ മക്കളുടെ കാര്യം..

ഞാൻ ഗർഭിണി ആയപ്പോൾ പോലും നിങ്ങളെനിക്ക് സ്പെഷ്യൽ കെയർ തന്നിട്ടില്ല..

എല്ലാവരും വയറ്റിലുള്ള കുഞ്ഞിനോട് സംസാരിക്കാറുണ്ട് ഒരിക്കൽ പോലും നിങ്ങളത് ചെയ്തിട്ടില്ല..

എനിക്കെന്തെങ്കിലും വേണോ എന്ന്പോലും ചോദിച്ചിട്ടില്ല..

അതൊക്കെ പോട്ടെ.. ഞാൻ പ്രസവവേദന അനുഭവിച്ച സമയത്തു പോലും ഒരു ആശ്വാസമായി കൂടെ നിന്നിട്ടുണ്ടോ ഇല്ല..

കുഞ്ഞു ജനിച്ചപ്പോൾ വന്നു കണ്ടു പോയി.. രണ്ടാളുണ്ടായപ്പോഴും അങ്ങനെ തന്നെ..

പിന്നെ അവരുടെ വളർച്ച.. രാവും പകലും റസ്റ്റ്‌ ഇല്ലാതെ ഞാനവരെ നോക്കിയത്..
ഒരു രാത്രി എങ്കിലും എനിക്ക് കൂട്ടിരുന്നിട്ടുണ്ടോ??

എന്തിന് അവരെ എടുത്തു കരച്ചിൽ നിർത്തിയിട്ടുണ്ടോ..?

അവർ ഇത്തിരി വലുതായപ്പോൾ എന്നെ അവരിൽ നിന്നകത്തി നിങ്ങടെ മാത്രം മക്കളായി വളർത്തി..

എനിക്ക് എന്റെ മക്കളേ ഒന്ന് വഴക്ക് പറയാൻ പോലും അവകാശമില്ലാതാക്കി.. "

അവൾ നിന്ന് കിതച്ചു..

പറഞ്ഞതൊക്കെ സത്യമായ കാര്യമാണ്.. പക്ഷെ ആദ്യമായാണ് അവളിങ്ങനെ വെട്ടിത്തുറന്നു ചോദിക്കുന്നത്..

മറുപടി ഇല്ലാതെ അയാൾ നിന്നു..

"ഇതിന്റെ പേരിൽ തല കുനിയണ്ട.. മക്കളോട് പറഞ്ഞേക്ക് അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടാൻ സ്വാതന്ത്ര്യം ഇല്ലാത്തിടത്തോളം എന്റെ ഒരു കാര്യത്തിലും അവർ അധികാരം കാണിക്കരുത് എന്ന്..

അവർക്ക് ഞാൻ വെറുമൊരു മെയ്ഡ് മാത്രമാണ്.. അതെനിക്കറിയാം.. അതങ്ങനെ തന്നെ നിന്നോട്ടെ.. "

അപ്പോഴേക്കും അവൾ കരഞ്ഞു പോയി.. വേഗം മുഖം കഴുകി വന്നവൾ കിടന്നു ...

കുറച്ചു കഴിഞ്ഞപ്പോൾ അയാളും വന്നു കിടന്നു.. അമ്മയെ ചീത്ത പറയുന്നത് കേൾക്കാൻ മുറിക്ക് പുറത്ത് രണ്ടാളും ഉണ്ടായിരുന്നു..

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർക്കൊരു സങ്കടം തോന്നി.. എന്ത് പറഞ്ഞാലും അമ്മയല്ലേ.. വിദ്യാഭ്യാസം ഇല്ലാത്ത, ഗ്രാമത്തിൽ വളർന്ന ആളാണ് അമ്മ..

എന്നും സാരി മാത്രം ഉടുത്തു അധികമാരോടും സംസാരിക്കാത്ത ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതം..

പിന്നെ അങ്ങോട്ടും ആവശ്യത്തിന് മാത്രമേ ഞങ്ങളും സംസാരിക്കാറുള്ളു.. എന്നും കൂട്ടിന് ഡാഡി ഉണ്ട്..

ബെസ്റ്റ് ഫ്രണ്ട് ഡാഡി ആണ്..

ആകെ കൂടെ അമ്മേടെ ഒരു നല്ല കാര്യമെന്തെന്ന് വെച്ചാൽ നല്ല കുക്ക് ആണ് അമ്മ..

ഏത് ഫുഡ് ഉണ്ടാക്കിയാലും അടിപൊളി ടേസ്റ്റ്..

അവരതൊക്കെ ഓർത്ത് മുറിയിൽ ചെന്നു..

പിറ്റേന്നും പാറു പതിവ് പോലെ എണീറ്റു.. തലേന്നത്തെ സംഭവം മറന്നപോലെ തന്നെയാണ് പെരുമാറ്റം..

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.. ഇന്നാണ് പാർട്ടി.. വൈകുന്നേരം അതും സ്റ്റാർ ഹോട്ടലിൽ വച്ച്..

വൈകുന്നേരം എല്ലാവരും ഒരുങ്ങി.. പാറു സാരി സിംഗിൾ പ്ളീറ്റിൽ ഇട്ട് മുടി ചീവി വിടർത്തിയിട്ടു..

കുറച്ചു വലിയ ഇയർ റിംഗ് ഇട്ട് പൊട്ടു മാത്രം തൊട്ട് സിന്ദൂരം തൊട്ടില്ല.. പിന്നെ താലി മാല.. കൈയിൽ നേർത്തൊരു വള മറുകൈയിൽ വാച്ച്..
അത്രയും മാത്രമായി ഒരുങ്ങി..

സ്വയം സംതൃപ്തി അടഞ്ഞവൾ പുറത്തേക്ക് വന്നു..

പുറത്ത് നിൽക്കുന്ന മൂന്നാളും അമ്പരപ്പോടെ അവളെ നോക്കി..

സാധാരണ ഒരുക്കങ്ങൾ ഒന്നുമില്ലാതെയാണ് പുറത്തിറങ്ങാറ്..

അവളവരെ മൈൻഡ് ചെയ്തില്ല.. കാറിൽ പതിവ് പോലെ പിന്നിൽ കയറിയിരുന്നു..

പാർട്ടി ഹാളിൽ vts ഗ്രൂപ്പിലെ ജോലിക്കാർ എല്ലാവരും ഉണ്ട്.. പരസ്പരം കുടുംബങ്ങങ്ങളെ ഒക്കെ പരിചയപ്പെടുത്തി കൊടുത്തു കുടിച്ചും കഴിച്ചുമൊക്കെ എല്ലാവരും നിൽക്കുന്നു..

പാറുവിനെ ആദ്യമായാണ് സ്റ്റാഫ് ഒക്കെ കാണുന്നത്.. സാധാരണ എന്ത് പരിപാടിക്കും അച്ഛനും മക്കളുമാണ് പോകാറ്.. അവളെ വിളിക്കാറുപോലുമില്ല..

"ഇത് ഇന്ദു.. എന്റെ ഭാര്യ.. "

പാറുവിനെ ചേർത്തു നിർത്തി പലർക്കും പരിചയപ്പെടുത്തി..

"ഇത്രയും സുന്ദരി ആയ ഭാര്യ ആയത് കൊണ്ടാണോ ഇതുവരെ ഭാര്യയെ ഒരു ഫങ്ഷനും കൊണ്ടുവരാഞ്ഞത്..? "

കൂടെ ജോലി ചെയ്യുന്ന ആരോ കമന്റ് പറഞ്ഞപ്പോൾ യദു ഒന്ന് ചിരിച്ചു.. പാറുവും..

അയാൾ അവൾക്ക് നേരെ കൈനീട്ടി..

"ജേക്കബ് വർഗീസ്.. യദുവിന്റെ സെയിം ഡിപ്പാർട്മെന്റ്.. "

അവൾ തിരിച്ചും ചിരിയോടെ കൈ നീട്ടി പറഞ്ഞു..

"പാർവണേന്ദു.. "
കുറച്ചു നേരം സംസാരിച്ചു.. മക്കൾക്ക് പരിചയമുള്ള കുട്ടികൾ ഒക്കെയുണ്ട് .

അവരൊക്കെ ഒരുമിച്ചിരുന്നു സംസാരിക്കാൻ തുടങ്ങി..

അവർക്ക് കുറച്ചു മാറി അവളുമിരുന്നു.. ജ്യൂസ്‌ കുടിച്ചു കൊണ്ടിരുന്നു..

പെട്ടന്ന് മുന്നിൽ ആരോ നിൽക്കും പോലെ തോന്നി അവൾ തലയുയർത്തി നോക്കി..

പെട്ടെന്ന് അവളെഴുന്നേറ്റു.. സങ്കടവും സന്തോഷവുമൊക്കെ ചേർന്നു വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൾ..

രണ്ടാളും പരസ്പരം മിണ്ടാതെ ഒരു നിമിഷം നിന്നുപോയി..

"സാർ.. ഇതാണ് വൈഫ്.. "

അങ്ങോട്ടേക്ക് വന്ന യദു അത് പറഞ്ഞപ്പോഴേക്കും പാറൂട്ടാ എന്നും വിളിച്ചു അയാൾ അവളെ കെട്ടിപിടിച്ചു..

യദു അമ്പരന്നു നോക്കി.. പാറു ആണെങ്കിൽ നിറഞ്ഞ കണ്ണുകളോടെ അവനെ ചേർത്ത് പിടിച്ചു..

നഷ്ടപ്പെട്ടുപോയതെന്തോ തിരികെ കിട്ടിയ സന്തോഷം രണ്ടു പേരിലുമുണ്ടായി..

"നീ ഏത് ഗുഹയിൽ ആയിരുന്നെടി..? എത്ര അന്വേഷിച്ചൂന്ന് അറിയ്യോ..? "

അവളെ അടർത്തി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ അവൻ പറഞ്ഞു..

"ബിച്ചു... "

കരച്ചിലിൽ വാക്കുകൾ പിടഞ്ഞു വീണുകൊണ്ടിരുന്നു..

പെട്ടന്ന് ബോധ്യം വന്നപോലെ ബിച്ചു യദുവിനെ നോക്കി..

"യദുവിന്റെ വൈഫ്‌ ആണല്ലേ പാറൂട്ടൻ.. അവളെന്റെ ആരാന്നു അറിയ്യോ..? എന്നെങ്കിലും ബിച്ചു എന്ന പേര് ഇവൾ പറഞ്ഞിട്ടുണ്ടോ..? "

കൊച്ചു കുഞ്ഞു പരിഭവം പറയുംപോലെ അവൻ ചോദിച്ചപ്പോൾ യദു ഇല്ലെന്ന് തലയാട്ടി..

ആദ്യമായാണ് വിശ്വജിത് എന്ന തങ്ങളുടെ ബോസിന്റെ ഇങ്ങനൊരു ഭാവം കാണുന്നത്..

"എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ആണിവൾ.. പെട്ടെന്നൊരു ദിവസം കാണാതായി.. അന്വേഷിച്ചപ്പോൾ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്ന്..

വേറൊന്നും അറിഞ്ഞില്ല.. പിന്നെ കാണുന്നത് ദേ ഇപ്പഴാ.. ഇരുപത് കൊല്ലത്തിനു ശേഷം.. "

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

അത് കണ്ടു മക്കളും അവർക്കരികിൽ വന്നു..

"എന്റെ മക്കളാ.. "

പാറു പറഞ്ഞു.. ബിച്ചു രണ്ടാളുടെയും തലയിൽ തഴുകി.. പിന്നെ യദുവിനെ നോക്കി..

"ഇവളെ കണ്ട എക്സിറ്റെമെന്റിൽ പെട്ടന്ന് കെട്ടിപിടിച്ചതാ സോറി.. "

'സാരമില്ല സാർ.. "

മറ്റൊന്നും യദുവിന്റെ നാവിനു വഴങ്ങിയില്ല..

"നിങ്ങളിവിടെ തന്നെ നിൽക്കു ഞാനിപ്പോ വരാം..

പാറൂട്ടാ.. നീ ഇവിടെ ഇരിക്ക് അങ്ങോട്ട്‌ നോക്കി.. ഞാൻ വിളിക്കുമ്പോൾ മാത്രെ എണീറ്റുവരാവൂ.. "

പാറുവിനെ പിടിച്ചിരുത്തി.. എന്നാൽ അവളുടെ കണ്ണുകൾ ചുറ്റിലും മറ്റാരെയോ തേടുന്നുണ്ടായിരുന്നു..

യദുവും മക്കളും അവിടെ ഇരുന്നു..

" ബിച്ചുവിന്റെ കമ്പനി ആണോ vts..?? "

യദുവിനോടായ് ചോദിച്ചു.. അതെയെന്ന് തലയാട്ടി.. നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു.. അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു..

അത് മൂന്നാളും കണ്ടു..

അപ്പോഴേക്കും ബിച്ചു ഭാര്യ തെന്നലിനെ വിളിച്ചു കൊണ്ട് വന്നു..

അവരെ കണ്ടതും യദു ചിരിയോടെ എഴുന്നേറ്റു..

"ആ യദു.. സുഖമല്ലേ..? "

പരിചിത ഭാവത്തിൽ തെന്നൽ ചോദിച്ചു.. അതെയെന്ന് മറുപടി നൽകി.. പിന്നെ മക്കളേ പരിചയപ്പെടുത്തി..

പിറകിൽ ഇരിക്കുന്ന കാരണം പാറുവിനെ കാണാൻ തെന്നലിന് കഴിഞ്ഞില്ല..

"തനു.. നിനക്കൊരു ഗിഫ്റ്റ് തരാൻ എനിക്ക് ആഗ്രഹമുണ്ട്.. ഇവിടെ എല്ലാരുടെയും മുന്നിൽ വച്ച്.. "

തെന്നലിന്റെ ഇരു ഷോൾഡറിലും പിടിച്ചു ബിച്ചു പറഞ്ഞു..

"ആണോ.. അതെന്ത് സമ്മാനം..? "

"നീ ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഏത് സമ്മാനം കിട്ടിയലാണ്..? "

തെന്നൽ ഒന്ന് കണ്ണടച്ച് തുറന്നു.. എന്നിട്ട് പറഞ്ഞു

"നമ്മുടെ പാ‌റൂട്ടനെ ഒരുനോക്ക് കാണണം.. ആ നിമിഷമായിരിക്കും ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുക.. "

തെന്നലിന്റെ കണ്ണുകൾ നിറഞ്ഞു വന്നു..

അവളുടെ വാക്ക് കേട്ടപ്പോൾ യദുവും മക്കളും ഒരുവേള അവരെ രണ്ടാളെയും നോക്കി.. പിറകിൽ ഇരുന്ന പാറു ആകെ വീർപ്പുമുട്ടിയിരിക്കയായിരുന്നു..

ബിച്ചു തെന്നലിന്റെ കൈ പിടിച്ചു പാറുവിന്റെ മുന്നിൽ കൊണ്ട് നിർത്തി..

പാറു ചാടി എഴുന്നേറ്റു തെന്നലിനെ കെട്ടിപിടിച്ചു.. മൂവരും കരയുകയായിരുന്നു..

എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായ്..

പെട്ടന്ന് തെന്നൽ അവളെ തട്ടി മാറ്റി മാറിനിന്നു..

"ബിച്ചു.. ഇവളോട് പോകാൻ പറ.. ഇത്ര കാലം എവിടെ ആയിരുന്നോ അങ്ങോട്ട്‌ തന്നെ പോകാൻ പറ.. എന്തിനാ വന്നേ.. "

ബിച്ചുവിനെ കെട്ടിപിടിച്ചു പറഞ്ഞു.. പാറു കണ്ണുകൾ തുടച്ചു കൊണ്ട് അവർക്കരികിലേക്ക് വന്നു..

എന്നിട്ട് ബലമായി തെന്നലിനെ ബിച്ചുവിൽ നിന്ന് മാറ്റി..

എന്നിട്ട് ബിച്ചുവിന്റെ കൈയിൽ കൈകൾ കൊണ്ട് വട്ടം പിടിച്ചു അവന്റെ തോളിൽ തലചായ്ച്ചു നിന്നു..

തെന്നലിന്റെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു..

"ബിച്ചൂ.. ഈ പെണ്ണിനൊരു മാറ്റവുമില്ലല്ലോ അമ്മച്ചിയായി.. "

ചിരിയോടെ പാറു അത് പറഞ്ഞു തെന്നലിനെ നോക്കി കണ്ണുകൾ രണ്ടും ചിമ്മി കാണിച്ചു..

ദേഷ്യം വന്ന തെന്നൽ പാറുവിന്റെ കവിളിൽ കടിച്ചു..

"അതെ അതെ ഇപ്പൊ ആ പഴയ കോളേജ് കുട്ട്യോളല്ല രണ്ടും.. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്.. "

ബിച്ചു പറഞ്ഞത് കേട്ടപ്പോഴാണ് രണ്ടാൾക്കും ബോധം വന്നത്.. പാറു പെട്ടന്ന് ബിച്ചുവിൽ നിന്ന് മാറി യദുവിനെ നോക്കി..

അവിടെ അമ്പരപ്പ് മാറിയിട്ടില്ല..

ബിച്ചു യദുവിനരികിലേക്ക് വന്നു..

"ഞങ്ങടെ ബെസ്റ്റ് ഫ്രണ്ട് ആണവൾ.. എട്ടാം ക്ലാസ്സ്‌ തൊട്ടുള്ള ബന്ധം.. ബാക്കി ഒക്കെ പിന്നെ സംസാരിക്കാം.. "

യദുവിന്റെ തോളിൽ തട്ടി ബിച്ചു ഹാളിന്റെ ഒത്ത നടുവിൽ വന്നു.. ഗ്ലാസിൽ സ്പൂൺ വച്ച് തട്ടി എല്ലാവരുടെയും ശ്രദ്ധ തിരിച്ചു..

"ലേഡീസ് ആൻഡ് ജന്റിൽമാൻ.. ഇന്നത്തെ ദിവസം അടിച്ചു പൊളിക്കാൻ ഉള്ളതാണ്..

നമ്മുടെ കമ്പനിയുടെ 15ആം വാർഷികം.. അതിനുമപ്പുറം ഞാനും എന്റെ പ്രിയതമയും ഈ നിമിഷം ഒരുപാട് സന്തോഷിക്കുന്നു..

ഒരിക്കൽ കൈയിൽ നിന്ന് നഷ്ടമായ നിധി തിരികെ കിട്ടിയിരിക്കുന്നു..

നിങ്ങളെല്ലാവരും കണ്ടതാണല്ലോ സ്നേഹ പ്രകടനം.. "

ബിച്ചു തനുവിനെയും പാറുവിനെയും അടുത്ത് വിളിച്ചു..

" ഞങ്ങൾ മൂന്നു പേര് പത്തുപതിമൂന്ന് വയസ് തൊട്ട് ഒരുമിച്ചു ആയിരുന്നു.. ഒരു മനസോടെ ജീവിച്ചവർ..

എന്തിനും ഏതിനും എപ്പോഴും കൂടെ ഉണ്ടായിരുന്നവർ..

അതിൽ തനു എന്റെ പ്രണയവും പാറു ഞങ്ങടെ ചങ്ക്, സഹോദരി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും..

അതിനും അപ്പുറം ഞങ്ങടെ ആത്മവിലാണ് അവൾക്ക് സ്ഥാനം.. ഇടയ്ക്ക് ഇവളങ്ങു അപ്രത്യക്ഷമായി.. പിന്നെ പൊങ്ങുന്നത് ഇന്നാണ്..

യദുനന്ദന്റെ ഭാര്യയാണ് പാറു.. സോറി പാർവണേന്ദു.. "

എല്ലാവരും അവരെ മൂന്നുപേരെയും നോക്കി..

"അപ്പൊ ശരി.. ബാക്കി ആഘോഷങ്ങൾ തുടങ്ങിക്കോളൂ.. "

വീണ്ടും എല്ലാവരും പഴയ പടി ആഘോഷത്തിലേക്ക് നീങ്ങി..

ബിച്ചുവും തനുവും പാറുവിനോപ്പം അവളുടെ കുടുംബത്തിന്റെ കൂടെ കൂടി..

"യദു.. എട്ടാം ക്ലാസ്സ്‌ തൊട്ടുള്ള കൂട്ടാണ് ഞങ്ങൾ മൂന്നുപേരും തമ്മിൽ..

പിജി വരെ ഒരുമിച്ചു ഒരേ കോളജിൽ പഠിച്ചതാ.. അതിന്റെ ഇടയിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി..

പാറു ആണ് ഫുൾ സപ്പോർട്ട്..

പിജി കഴിഞ്ഞ സമയത്തു വീട്ടിൽ ഞങ്ങടെ കാര്യം അറിഞ്ഞു.. ജാതി മതത്തിന്റെ പേരിൽ രണ്ടു വീട്ടിലും എതിർപ്പായിരുന്നു..

അങ്ങനെ ഞങ്ങളൊരു കടും കൈ ചെയ്തു.. അങ്ങ് ഒളിച്ചോടി..

ചെന്ന് ഇവളെ വിളിച്ചു എല്ലാം പറഞ്ഞു സെറ്റ് ആക്കി.. ലാൻഡ് ലൈനിലേക്കാണ് വിളിച്ചത്..

പിന്നെ ഇടയ്ക്ക് ഇവൾക്ക് കത്തയച്ചിരുന്നു..

പെട്ടന്ന് ലാൻഡ് ലൈനിൽ ഇവളെ കിട്ടാതായി കത്തിനും മറുപടി ഇല്ല.. പക്ഷെ നാട്ടിലേക്ക് വരാനുള്ള സാഹചര്യവുമല്ല..

അങ്ങനെ ഒരു കൊല്ലത്തിനു ശേഷമാണ് നാട്ടിൽ വന്നത്.. അപ്പോഴേക്കും വീട്ടുകാരൊക്കെ സെറ്റ് ആയി..

അങ്ങനെ ഇവളെ അന്വേഷിച്ചു വീട്ടിൽ ചെന്നപ്പോൾ അവിടെ വേറെ താമസക്കാർ.. വീട് അവർക്ക് വിറ്റതാണെന്ന് പറഞ്ഞു..

അവസാനം ഇവളുടെ അമ്മ വീട് അന്വേഷിച്ചു കണ്ടെത്തി.. അമ്മാവനെ കണ്ടു.. അയാൾ പറഞ്ഞു വിവാഹം കഴിഞ്ഞു എന്ന്..

അഡ്രസ്സ് ഒക്കെ ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു പിന്നെ ഞങ്ങളോട് ദേഷ്യപ്പെട്ടു.. അവളുടെ അമ്മയും അവിടെ ഇല്ലായിരുന്നു..

പിന്നെയും അറിയാവുന്ന ഇടതൊക്കെ അന്വേഷിച്ചു പക്ഷെ കണ്ടെത്തിയില്ല..

അവസാനം അവളായിട്ട് ഇങ്ങോട്ട് വരട്ടെ എന്ന് തീരുമാനിച്ചു..

ഇത്രയും നാളായിട്ട് ഞങ്ങളെ രണ്ടാളെയും പറ്റി ഇവളൊന്നും പറഞ്ഞിരുന്നില്ലേ..? "

അവന്റെ ചോദ്യത്തിന് മുന്നിൽ യദു പതറിപ്പോയി..

ഒരിക്കലും അവൾക്കൊരു സുഹൃത് ആയിരുന്നില്ല താൻ.. അവളുടെ ഒരു കാര്യവും തനിക്കറിയില്ല.. അവൻ കുറ്റബോധത്തിൽ മുഖം താഴ്ത്തി..

മക്കളും യദുവും അവൾ പിജി വരെ പഠിച്ചതാണെന്ന ഷോക്കിൽ തന്നെ ആയിരുന്നു..

"ബിച്ചു.. കഥകളൊക്കെ പിന്നെ പറയാം.. ഇനി നിങ്ങളെ രണ്ടാളെയും വിട്ടു ഞാൻ പോവൂല്ല അത് പോരെ.. "

പാറു ചിരിയോടെ പറഞ്ഞു..

"ഇനി നിന്നെ വിട്ടിട്ട് വേണ്ടേ..? "

ബിച്ചു ചിരിച്ചു..

"അല്ല എം എസ് സി ഫിസിക്സിൽ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് ഹോൽഡർ ഇപ്പൊ ഏത് പൊസിഷനിൽ ആണുള്ളത്..

നിന്റെ ആഗ്രഹം പോലെ ടീച്ചിങ് ആണോ അതോ അച്ഛന്റെ ആഗ്രഹം പോലെയോ..? "

അതും കൂടി കേട്ടപ്പോൾ മൂന്നാളുടെയും കണ്ണുതള്ളി..

അവരുടെ മുഖഭാവം തനുവും ബിച്ചുവും ശ്രദ്ധിച്ചിരുന്നെങ്കിലും കാണാത്തതായി ഭാവിച്ചു..

"അത് രണ്ടുമല്ല ബിച്ചു.. ഇന്ന് ഞാനൊരു വീട്ടമ്മ മാത്രമാണ്.. "

"വാട്ട്‌..? "

രണ്ടാളും ഒരേപോലെ ചോദിച്ചു..

"അതെ.. "

എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന് പാറുവിന് മനസിലായി..

"എല്ലാം ഞാൻ പറയാം പിന്നൊരിക്കൽ.. ഇന്നിവിടെ ആഘോഷിക്കാൻ വന്നതല്ലേ.. "

അവളുടെ മറുപടി അവരെ തൃപ്തരാക്കിയില്ലെങ്കിലും ചുറ്റിലും ആളുകൾ ഉള്ളത് കൊണ്ട് അവളെ അനുസരിക്കുന്നതാണ് നല്ലതെന്ന് തോന്നി..

അന്ന് പരിപാടി കഴിഞ്ഞു വീട്ടിലേക്ക് ഇറങ്ങും വരെ തനുവിന്റെ കൈകൾ പാറുവിന്റെ കൈയിൽ നിന്ന് പിന്നെ അടർന്നു മാറിയിരുന്നില്ല..

ഇനിയും കാണാമെന്നു യാത്ര പറഞ്ഞു പാറു കാറിൽ കയറി..

മക്കൾക്കും യദുവിനും അവളോട്‌ സംസാരിക്കാനുണ്ടായിരുന്നു പക്ഷെ എന്തോ ഒന്ന് അവരെ അതിൽനിന്നും പിൻവലിച്ചു കൊണ്ടിരുന്നു..

"അമ്മ പിജി ആയിരുന്നോ എന്നിട്ടെന്തേ പറയാഞ്ഞു..? "

ഇളയവളാണ്..

"ഇത് വരെ ആരും ചോദിച്ചിട്ടില്ല.. അതാ.. "

അലസമായി പാറു പറഞ്ഞൊഴിഞ്ഞു..

" എന്നാലും ഡാഡിയോട് പോലും പറഞ്ഞില്ലല്ലോ..? "

"നിങ്ങടെ ഡാഡിക്ക് എന്നെപ്പറ്റി എന്തെങ്കിലും അറിയുമോ എന്ന് ചോദിച്ചു നോക്ക്..

മനസ് തുറന്നെനോട് ഒരുവട്ടമെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക്..

പിന്നെ ഞാൻ എന്ത് പറയാനാ.. ഇന്ന് അച്ഛനുമമ്മയുമില്ലാത്ത അനാഥയാണ് ഞാൻ..

പക്ഷെ അവരുള്ളപ്പോൾ നിങ്ങൾക്ക് കിട്ടിയതിനേക്കാൾ നല്ലൊരു ബാല്യം എനിക്ക് കിട്ടിയിരുന്നു..

അച്ഛനുമമ്മയും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം.. പഠിക്കാനും മറ്റ് ആക്ടിവിടിസിനും ഒക്കെ എന്നും മുൻപന്തിയിൽ നിൽക്കുന്നൊരു പാർവണേന്ദു ഉണ്ടായിരുന്നു..

അവൾ തന്റെ ഭൂതകാലത്തിലേക്ക് വീണ്ടും നടന്നു..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എന്റെ പിജി ഫസ്റ്റ് ഇയർ ആണ് അച്ഛൻ മരിക്കുന്നത്.. ഒരു അപകടമരണം..

അത് എന്റെ കൊച്ചു കുടുംബത്തെ വല്ലാതെ ഉലച്ചു..

ഞാനും അമ്മയും ഞങ്ങളുടെ ലോകത്തിലേക്ക് ചുരുങ്ങി..

അച്ഛനില്ലായ്‌മ അത് അനുഭവിച്ചു തന്നെ അറിയണം.. എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് അച്ഛൻ.. അമ്മ പിന്നേം ഇടയ്ക്ക് വഴക്ക് പറയും..

എന്നാലും രണ്ടാളും എന്റെ രണ്ടു കണ്ണുകളായിരുന്നു..

പഠനം പോലും പാതിവഴിയാക്കി വീട്ടിൽ ചടഞ്ഞു കൂടി ഇരുന്നു.. അവിടുന്ന് എന്നെ മാറ്റിയത് ഇന്ന് കണ്ട ആ രണ്ടുപേരാണ്..

എന്റെ ഇടവും വലവും എന്തിനുമേതിനും അവരുണ്ടായിരുന്നു..

അച്ഛന്റെ ആഗ്രഹം പോലെ പഠിക്കണമെന്ന് പറഞ്ഞു എന്നെ കൺവെൻസ് ചെയ്തു..

വീണ്ടും കോളജിലേക്ക് പോയി തുടങ്ങി..

പഴയ പോലെ ആയില്ലെങ്കിലും അമ്മയ്ക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നിത്തുടങ്ങി..

വാശിയോടെ പഠിച്ചു.. റാങ്ക് വാങ്ങിച്ചു..
എക്സാം ഒക്കെ കഴിഞ്ഞ സമയത്താണ് ബിച്ചുവിന്റെയും തനുവിന്റെയും പ്രണയം വീട്ടുകാർ അറിയുന്നത്..

തനു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ബിച്ചു ഹിന്ദുവും.. രണ്ടാളുടെയും അച്ചന്മാർ തമ്മിൽ വാക്കെറ്റം വരെ ഉണ്ടായി..

അവസാനം രണ്ടാളും കൂടെ ഒളിച്ചോടാൻ തീരുമാനിച്ചു..

അവരെ ട്രെയിൻ കയറ്റി വിടുമ്പോൾ ഞാനറിഞ്ഞിരുന്നില്ല ഒരുപാട് അകലത്തിലേക്കാണ് അവരുടെ യാത്ര എന്ന്..

അവർ ഇടയ്ക്ക് വിളിക്കാറുണ്ട്.. അങ്ങനെ ഇരിക്കെ റിസൾട്ട്‌ ഒക്കെ വന്നു.. റാങ്ക് കിട്ടി.. കോളജിൽ അനുമോദനത്തിനൊക്കെ ചെന്നു..

അച്ഛന്റെ ആഗ്രഹം സാധിച്ചു എന്നൊരു അഭിമാനം ഉള്ളിലുണ്ടായി..

ടീച്ചിങ്ങിനോട് താല്പര്യമുണ്ട് അതിന് പോകാമെന്നു തീരുമാനിച്ചു.. പക്ഷെ വിധി എന്നൊന്നുണ്ടല്ലോ..

അങ്ങനെ ഒരുദിവസം അമ്മാവൻ വീട്ടിൽ വന്നു.. അച്ഛൻ മരിച്ചിട്ട് ജസ്റ്റ്‌ ഒന്ന് വന്നു പോയ ആളാണ്..

അമ്മ വിളിച്ചുവരുത്തിയതാണെന്നും കുറച്ചു നാൾ തറവാട്ടിൽ പോയി നിൽക്കാമെന്നും അമ്മ പറഞ്ഞു..

അമ്മയ്ക്ക് ഒരു മാറ്റം വേണമെന്ന് എനിക്കും തോന്നി.. ഒരു പറിച്ചുനടൽ..

അമ്മ ഇപ്പൊ പഴയ പോലെയല്ല..

പഴയ അമ്മയുടെ നിഴൽ മാത്രമാണ് ഇപ്പൊ.. അങ്ങനെ അങ്ങോട്ട്‌ പോയി..

ഒരു ദിവസം അമ്മയും അമ്മാവനും അമ്മായിയും എല്ലാവരും കൂടി എന്നെ വിളിച്ചു വരുത്തി എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു..

ഞാനതിനെ എതിർത്തു.. ആരാ എന്താ എന്ന് പോലും അറിയില്ല എനിക്ക്.. ദേഷ്യവും സങ്കടവും തോന്നി..

അമ്മയുടെ മാറ്റം ഉൾക്കൊള്ളാനായില്ല.. തിരിച്ചു വീട്ടിൽ പോകാമെന്നു വാശി പിടിച്ചപ്പോൾ അമ്മ പറഞ്ഞത് കേട്ട് തളർന്നു പോയി ഞാൻ..

"ആ വീട് വിറ്റു മോളെ.. "

"എന്തിന്..? "

"അച്ഛൻ സമ്പാദിച്ചത് ആ വീട് മാത്രമാണ്.. ഇനി നിന്റെ കാര്യത്തിനൊക്കെ പൈസ വേണ്ടേ..? പിന്നെ.. "

പാതിയിൽ അമ്മ നിർത്തി പക്ഷെ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാതെ പറഞ്ഞിരുന്നു..

അമ്മ ആകെ ക്ഷീണിച്ചു പോയിട്ടുണ്ട്.. പഴയ പ്രസാദമൊന്നുമില്ലാത്ത അമ്മ.. അച്ഛൻ മരിച്ചെപ്പിന്നെ ഇങ്ങനെ ആണ്..

അമ്മ പെട്ടന്ന് എഴുന്നേറ്റു അകത്തു പോയി ബാക്കി പറഞ്ഞത് അമ്മാവനാണ്..

"അവൾക്ക് ക്യാൻസർ ആണ് ഫൈനൽ സ്റ്റേജ്..

അറിഞ്ഞിട്ടിപ്പോ കുറച്ചു ആയതേയുള്ളു.. ടെസ്റ്റ്‌ ഒക്കെ ചെയ്തു..

പക്ഷെ റേഡിയേഷനോ കീമോയോ ഒന്നും ഇനി ഏൽക്കില്ല.. വെറുതെ ചെയ്തു ഇപ്പൊ ഉള്ള ആരോഗ്യം കൂടി കളയമെന്നേയുള്ളു..

ടെസ്റ്റിനും മറ്റുമായി പണം കുറെ ചിലവായി എന്റെ കൈയിൽ നിന്ന്.. അപ്പൊ അവളാണ് വീടും പറമ്പും വിൽക്കാൻ പറഞ്ഞത്..

നിന്റെ കല്യാണവശ്യത്തിനുള്ളത് മാറ്റിവച്ചിട്ട് ബാക്കി ഞാനെടുക്കും.. മരിക്കും വരെ എന്റെ പെങ്ങളെ ഞാൻ നോക്കിക്കോളാം..

അത് കൊണ്ട് അവളുടെ മരണത്തിന് മുൻപ് നിന്റെ കല്യാണം നടക്കണം..

അതവളുടെ കൂടെ സ്വപ്നമാണ്.. "

കേട്ടപ്പോൾ തകർന്നുപോയി.. അമ്മയും തന്നെ വിട്ടു പോവ്വാൻ നിൽക്കുന്നു.. അമ്മ കുറെ സമാധാനിപ്പിച്ചു..

അമ്മയുടെ അവസാനത്തെ ആഗ്രഹം എന്റെ വിവാഹമാണ്.. അങ്ങനെ അത് സാധിച്ചു കൊടുത്തു..

എല്ലാം പെട്ടെന്നായിരുന്നു.. രണ്ടാഴ്ച അതിനുള്ളിൽ എല്ലാം നടന്നു.. ഒരു മിന്നായം പോലെയാണ് തന്റെ ചെറുക്കനെ കണ്ടത്..

പിന്നെ കാണുന്നത് മണ്ഡപത്തിൽ വച്ചാണ്..

അതിനിടയിൽ ബിച്ചുവിനെയും തനുവിനെയും വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല..

അവരില്ലാതെ അങ്ങനെ ആ കല്യാണവും നടന്നു..

തുടരും.

ഇതും ഒരു ചെറിയ കഥയാണ് ഒരു പാർട്ട്‌ കൂടി കാണുള്ളൂ... കുറെ നാളായി മനസിലുള്ളതാണ്..

Written By Chethana Rajessh


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot