
അമ്മേ.......
പാതിരാത്രിയിൽ ഗോപുവിന്റെ അലർച്ച കേട്ടു കല്യാണവീട് ഒന്നാകെ പ്രിയയുടെയും, ഗോപുവിന്റെയും മണിയറക്കു മുന്നിൽ ഓടിയെത്തി...
എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ ചവിട്ടിപൊളിക്കുക അല്ലാതെ മറ്റൊരു മാർഗ്ഗവും ആർക്കും തോന്നിയില്ല... മുറിക്കുള്ളിലെ കാഴ്ച ആ വീടിന്റെ തന്നെ ശ്വാസം നിന്നുപോകുന്ന തരത്തിൽ ഉള്ളതായിരുന്നു..
വെട്ടുകൊണ്ട് ചോരയിൽ കുളിച്ചു പ്രാണനു വേണ്ടി നിലത്തു കിടന്നു പിടയുകയാണ് ഗോപു.. രക്തം പുരണ്ട വാക്കത്തിയും കൈയിൽ പിടിച്ചു രൗദ്ര ഭാവത്തോടെ ആദ്യരാത്രിക്കായി ഒരുക്കിയ കട്ടിലിൽ ശിവപ്രിയ എന്ന പ്രിയയും...
മോനേ ഗോപു... എന്നു വിളിച്ചു കൊണ്ട് സാവിത്രിയമ്മ തലചുറ്റി നിലത്തേക്ക് വീണു.
ആദ്യമൊന്നു പകച്ചു പോയെങ്കിലും പെട്ടന്ന് തന്നെ മനഃസാന്നിധ്യം വീണ്ടെടുത്ത് ഗോപുവിന്റെ അനിയൻ കണ്ണനും, മറ്റു ബന്ധുക്കളും ചേർന്നു ഗോപുവിനെയും അമ്മയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി...
"അല്ലെങ്കിലും ഈ ആണും പെണ്ണും കെട്ടു നടക്കുന്നതിനെയൊന്നും കുടുംബത്തു കയറ്റാൻ കൊള്ളില്ലെന്നു പറഞ്ഞു കൊടുത്താൽ ആര് കേൾക്കാൻ "
ബന്ധുക്കളിൽ ആരോ റൂമിൽ നിന്നു വെളിയിലേക്ക് പോകുന്ന വഴി ഉറക്കെ പറയുന്നത് കേട്ടാണ് ശിവ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്...
ആണും പെണ്ണും കെട്ടവൾ.... വീണ്ടും വീണ്ടും അതേറ്റു പറഞ്ഞു ശിവ ഉറക്കെ... ഉറക്കെയുറക്കേ ചിരിച്ചു. കയ്യിലിരുന്ന വാക്കത്തിയോടൊപ്പം അവളും ഉരുണ്ടു നിലത്തേക്ക് വീണു...
അവിടമാകെ ഗോപുവിന്റെ രക്തം തളം കെട്ടി കിടന്നിരുന്നു... പച്ചചോരയുടെ ഗന്ധം മൂക്കിലേക്കടിച്ചപ്പോൾ ഭ്രാന്തമായൊരു ആവേശത്തോടെയവൾ ആർത്തു ചിരിച്ചു.... അല്ലെങ്കിലും രക്തം ഒഴുക്കുന്നത് തനിക്കൊരു ആശ്വാസവും, ഉന്മാദവും ആയിരുന്നല്ലോ...
പൊട്ടിച്ചിരികൾ ശിവയെ എത്തിച്ചത് ഇരുപത്തിയേഴു വർഷങ്ങൾക്കു മുൻപേ... മെക്കാനിക്കായ മോഹനനും, തയ്യൽക്കാരിയായ രാധാമണിക്കും പത്തു വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ശിവപ്രിയ എന്ന മകൾ ജനിച്ച കാലത്തേക്ക് ആണ്.
ഒരുപാടു ലാളിച്ചും, കൊഞ്ചിച്ചും പൊന്നുമോളെ അവർ വളർത്തി.. ചെറുപ്പം തൊട്ടേ അച്ഛന്റെയും അമ്മയുടെയും പ്രിയക്ക് ഇഷ്ടം ശിവ എന്നു വിളിച്ചു കേൾക്കാൻ ആയിരുന്നു.
പെൺകുട്ടികൾ പട്ടുപാവാടയും, പൊട്ടും, കരിമഷിയും , വളയും എല്ലാം ആഗ്രഹിച്ചു നടന്ന ഉത്സവപറമ്പിൽ അവൾ തേടിയത് ആൺവേഷങ്ങളും,കാറും, ജീപ്പും , ക്രിക്കറ്റ് ബാറ്റുമെല്ലാം ആയിരുന്നു...
മണ്ണപ്പം ചുട്ടും, കണ്ണുപൊത്തി കളിച്ചും സമപ്രായക്കാർ ആയ പെൺകുട്ടികൾ ബാല്യം ആഘോഷിച്ചപ്പോൾ ശിവ ആഗ്രഹിച്ചത് ആൺകുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാനും... പുഴയുടെ ആഴങ്ങളിൽ ഊളിയിട്ടു മീൻപിടിക്കാനും, മരം കയറാനുമൊക്കെയാണ്.
കുഞ്ഞിലേ അച്ഛനും, അമ്മയും ഈ ആൺവേഷം കെട്ടലൊക്കെ ആസ്വദിച്ചിരുന്നുവെങ്കിലും വലുതാകും തോറും അവരുടെ മനസ്സിലും ഭീതിയുടെ കനലുകൾ വീഴാൻ തുടങ്ങി..
ബോയ്‌കട്ട് ചെയ്തിരുന്ന മുടി നിർബന്ധിച്ചു നീട്ടാനും, ആൺവേഷങ്ങൾ മാറ്റി പെൺവേഷങ്ങൾ ഇടാനും ഒപ്പം ആൺകൂട്ടുകളിൽ നിന്നെല്ലാം മാറി പെൺകുട്ടികളോട് മാത്രം കൂട്ടുകൂടാനും ശിവ നിർബന്ധിതയായി.
ആ ചെറുപ്രായത്തിലേ ശരീരത്തിനും, മനസിനും ഇടയിൽ കിടന്നു ശിവ മാനസികമായി ഏറെ ബുദ്ധിമുട്ടി... കാഴ്ചയിൽ താനൊരു സ്ത്രീ... സ്ത്രീയുടേതായ എല്ലാ ശാരീരികാവസ്ഥയും തനിക്കുണ്ട് ... ആർത്തവമുണ്ട് ... പക്ഷെ മനസ്സുകൊണ്ട് ഒരു പുരുഷൻ .. ചിന്തയും, പ്രവർത്തിയും എല്ലാം ഒരു പുരുഷന്റേതു. സ്ത്രീയെന്നു വിളിച്ചോതി തന്നിലേക്കെത്തിയ ആർത്തവരക്തത്തെ അവൾ വെറുത്തു... അതുപോലെ സ്ത്രീയെന്ന അടയാളത്തെ ഉറപ്പിക്കുന്ന വളർന്നു വന്ന മാറിടങ്ങളും അവളിൽ അസ്വസ്ഥത നിറച്ചു..
പൊതുസ്ഥലത്തു ടോയ്‌ലെറ്റിൽ പോകേണ്ടി വരുമ്പോൾ പോലും സ്ത്രീ, പുരുഷൻ ഇതിൽ എവിടെ കേറുമെന്നതിനെ ചൊല്ലി അവളുടെ മനസ്സും, ശരീരവും തമ്മിൽ കലഹിച്ചു.
ശരീരം കൊണ്ട് സ്ത്രീയും ..മനസ്സു കൊണ്ട് പുരുഷനും... എന്താണ് തന്റെ അവസ്ഥയെന്ന് തിരിച്ചറിയാതെ ശിവ എന്ന മറ്റുള്ളവരുടെ പ്രിയ ആൾകൂട്ടത്തിൽ തനിയെ എന്ന പോലെ നാളുകൾ കഴിച്ചു കൂട്ടി...
ഹൈസ്കൂളിൽ എത്തിയതോടെ എല്ലാ കൗമാരക്കാരെയും പോലെ ശിവയുടെയും ലൈംഗിക ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങി.. പ്രണയമെന്ന വികാരം ശിവയുടെ മനസ്സിലും തോന്നി... പക്ഷെ മനസ്സു കൊണ്ട് ആണായ ആ സ്ത്രീ ശരീരത്തിന്റെ ആകർഷണം ഒരു പെൺകുട്ടിയോട് ആയിരുന്നു...
മടിച്ചു മടിച്ചു ആ പെൺകുട്ടിയോടത് തുറന്നു പറഞ്ഞപ്പോൾ അവളും കൂട്ടുകാരികളും ചേർന്ന് ഒരുപാടു ശിവയെ കളിയാക്കി ചിരിച്ചു... ഇവളാണോ ,പെണ്ണോ എന്നറിയണമല്ലോ എന്നു പറഞ്ഞു ബാത്‌റൂമിൽ വെച്ചു വസ്ത്രാക്ഷേപം നടത്തി അപമാനിച്ചു..
ഇതു പുറത്തു പറയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അവരുടെയൊരു സെർവന്റിനെ പോലെ കാലങ്ങളോളം കൊണ്ട് നടന്നു... തരം കിട്ടുമ്പോഴൊക്കെ പരസ്യമായും,രഹസ്യമായും അപമാനിക്കുന്നത് അവർക്കൊരു ഹരമായിരുന്നു... വസ്ത്രാക്ഷേപം നടത്തി രസിക്കുന്നതും അവർക്കൊരു വിനോദമായിരുന്നു. അപ്പോഴൊന്നും ചേരാത്ത മനസ്സിനും, ശരീരത്തിനും ഇടയിൽ കിടന്നു പിടഞ്ഞു വീർപ്പു മുട്ടുന്ന ഒരു ജീവനെ ആരും കണ്ടില്ല...
വലുതാകും തോറും ആണുംപെണ്ണും കെട്ടത്, ശിഖണ്ഡി, ഒൻപതു, ചാന്തുപൊട്ട് തുടങ്ങി പല പേരുകളും ചാർത്തി കിട്ടി തുടങ്ങി...
മകളുടെ അവസ്ഥ മറ്റുള്ളവർ കൂടെ തിരിച്ചറിഞ്ഞതോടെ അച്ഛനും, അമ്മയ്ക്കും ശിവ വെറുക്കപ്പെട്ടതായി ... അച്ഛൻ മുഴുക്കുടിയനായി. പരിഹാസവാക്കുകളും , കുത്തുവാക്കുകളുമായി അയൽക്കാരും, ബന്ധുക്കളും കളം നിറഞ്ഞാടിയപ്പോൾ അമ്മയ്ക്കും വേണ്ടാതായി ശിവയെ... ശെരിക്കും ഒറ്റപ്പെട്ടു.. സ്വന്തം വീട്ടിൽ വാടകക്ക് താമസിക്കേണ്ടി വന്ന പോലെ... സ്വന്തം അസ്തിത്വം തിരിച്ചറിയപ്പെടാതെ ശിവ അലഞ്ഞു...
ആ അവസ്ഥ പലരും മുതലെടുത്തു ട്യൂഷൻ സാറ് മുതൽ... വല്യച്ഛന്റെ മകൻ വരെ തന്നെ ശരീര സുഖത്തിനു ഉപയോഗിച്ച് തുടങ്ങിയപ്പോൾ മനം മടുത്തു നാടു വിടാൻ ഒരു ശ്രമം നടത്തി.... റെയിൽവേ സ്റ്റേഷനിൽ വെച്ചു പിടിച്ച പോലീസ് മാതാപിതാക്കളെയും കൂട്ടി കൗൺസിലിംഗിന് വിട്ടു... അവിടെ നിന്നു കിട്ടിയ ധൈര്യത്തിൽ ആരുടേയും പരിഹാസവും, കുത്തുവാക്കുകളും കാര്യമാക്കാതെ പഠിച്ചു... ജോലി നേടി... എന്നിട്ടും അച്ഛനുമമ്മക്കും വല്യ മാറ്റമൊന്നും ഉണ്ടായില്ല...
പഠിക്കും തോറും ട്രാൻസ്ജൻഡർ എന്ന അവസ്ഥയാണ് തന്റേതെന്നും ..അതൊരു മാനസിക രോഗമൊന്നും അല്ലെന്നും... ഈ അവസ്ഥയിൽ പലരുമുണ്ടെന്നും മനസിലായി തുടങ്ങിയത് ഒരു ആശ്വാസമായിരുന്നു എന്നാൽ ഇതൊന്നും സ്വന്തം അച്ഛനെയും അമ്മയെയും പോലും പറഞ്ഞു മനസ്സിലാക്കാൻ ശിവക്കായില്ല. ഈ അവസ്ഥയിലുള്ളവരുടെ കഥകളും, സിനിമയും, ഇന്റർവ്യൂകളുമൊക്കെ അവരെ കാണിക്കാൻ ശ്രമിച്ചിട്ടും അതൊന്നും ശ്രദ്ധിക്കാതെ... മാനസിക രോഗമാണെന്ന് പറഞ്ഞു സ്വന്തം അമ്മ പോലും ഒഴിവാക്കിയപ്പോൾ മാനസികമായി വീണ്ടും തകർന്നു...
അന്നൊക്കെ തനിക്കു ആശ്വാസമായി നിന്നത് ഫേസ്ബുക്കിലൂടെ ലഭിച്ചൊരു പ്രണയമായിരുന്നു .. മൂന്ന് പെണ്മക്കളുള്ള പ്രാരാബ്ദമുള്ള വീട്ടിലെ ഇളയ മകളായിരുന്നു അവൾ മീര... എന്നെപ്പറ്റി എല്ലാം തുറന്നു പറഞ്ഞും അറിഞ്ഞും ഞങ്ങൾ ഒരുപാടടുത്തു ..പലതവണ കണ്ടു.. മനസ്സും, ശരീരവും പങ്ക് വെച്ചു... ഡോക്ടറേ കണ്ടു ജൻഡർ ചേഞ്ച് ചെയ്യാൻ ഓപ്പറേഷൻ ചെയ്യുന്ന കാര്യം വരെ ആലോചിച്ചു... അതിനായി കൗൺസിലിംഗിന് പോയി... എന്റെ ശമ്പളത്തിന്റ നല്ലൊരു പങ്കും ഞാൻ അവൾക്കായാണ് ചിലവക്കോയിരുന്നത്... അവൾ മാത്രമായി എന്റെ ലോകം മാറി
പെട്ടന്നൊരുനാൾ എന്നെ തനിച്ചാക്കിയവൾ പോയപ്പോഴാണ് ഞാൻ തകർന്നു പോയത്.... പിന്നെയാണ് അവൾക്കു ഞാനൊരു ഇടത്താവളം മാത്രം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. വിവാഹം കഴിക്കണമെന്നു പറഞ്ഞു അവളെ തേടി ഞാൻ ചെന്നപ്പോൾ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞവളെന്നെ ആട്ടിയോടിച്ചു ...അവൾ വേറെ വിവാഹിതയായി..
ഡിപ്രെഷൻ ഒഴുക്കി കളയാൻ എന്നപോലെ കൈത്തണ്ട വരഞ്ഞു രക്തം കളയുന്നത് എന്നിലൊരാവേശം പോലെ ആയിരുന്നു... ശെരിക്കുമൊരാശ്വാസം...
അങ്ങനെ ഇരിക്കുമ്പോഴാണ് വീട്ടിൽ വിവാഹം ആലോചിച്ചത് ... പറ്റില്ല എന്നു വീട്ടിൽ പറഞ്ഞപ്പോൾ ഒരു കൈയിൽ കയറും പിടിച്ചു അമ്മ ആത്മഹത്യാ ഭീഷണിയുമായി നിന്നു...
അച്ഛനൊപ്പം ജോലി ചെയ്യുന്ന ഗോപുവിനെയാണ് അവർ വരനായി കണ്ടെത്തിയത് .. ഗോപുവിനോട് എന്റെ അവസ്ഥ തുറന്നു പറഞ്ഞപ്പോൾ അതൊക്ക പ്രായത്തിന്റെ ഇളക്കമല്ലേ മോളെ ഏട്ടന്റെ കയ്യിലേക്കൊന്ന് കിട്ടിക്കോട്ടേ എന്നു വഷളൻ ചിരിയും ചിരിച്ചയാൾ അതിനെ നിസ്സാരവത്കരിച്ചു.
അങ്ങനെ മനസ്സില്ലാമനസ്സോടെ അയാളുടെ താലിക്കു മുന്നിൽ ഞാൻ തല കുനിച്ചു.
അയാളെക്കൊണ്ട് എന്റെ ശരീരത്തിൽ തൊടിക്കില്ല എന്നുള്ള ഉറച്ച തീരുമാനം ഞാൻ എടുത്തിരുന്നു.. സ്വരക്ഷക്കൊരു കത്തിയും കയ്യിൽ കരുതിയാണ് ഞാൻ ആദ്യരാത്രിയിലേക്കു പ്രവേശിച്ചത്.
റൂമിലേക്ക് കയറി വന്നവൻ ഓർത്തില്ല ഈ പെൺശരീരത്തിനുള്ളിൽ കരുത്തുള്ള ഒരു പുരുഷനുണ്ടെന്നു.
റൂം അടച്ചത് മുതൽ അവൻ പരിഹാസം തുടങ്ങി...
കാണട്ടെ നിന്നിലെ ആണിനെ എന്നു പറഞ്ഞേന്റെ വസ്ത്രങ്ങളവൻ വലിച്ചഴിക്കാൻ തുടങ്ങി.
എതിർത്തപ്പോൾ അവനു വാശിയായി.
ബലത്തോടെ എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.. പലരിൽ നിന്നും മുറിവേറ്റ മനസ്സിനും, ശരീരത്തിനും താങ്ങാവുന്നതിലും അപ്പുറം അവൻ ചെയ്തു..
ഒടുവിൽ എന്നിൽ നിന്നു വേർപെട്ടവൻ പരിഹാസത്തോടെ വീണ്ടും എനിക്ക് നേരെ ചീറിയടുത്തു
എത്ര തുള്ളിയാലും നീയൊക്കെ വെറും പെണ്ണാണെടി എന്നു പറഞ്ഞെന്നിലേക്ക് പടരാൻ വീണ്ടും ശ്രമിച്ചപ്പോൾ കയ്യിലൊളിപ്പിച്ച കത്തിയുമായി അവനെ ഞാൻ ആഞ്ഞുവെട്ടി .ഒന്നല്ല പലവട്ടം.. അവന്റെ പിടച്ചിൽ എന്നിൽ ആവേശം പടർത്തി.
പൊട്ടിച്ചിരികൾ വീണ്ടും ആ മുറിയിൽ മുഴങ്ങി...
അപ്പോഴേക്കും പോലീസ് എത്തി... പതിയെ സമനില തെറ്റി തുടങ്ങിയ എന്നെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു....
അവിടെ നിന്നു പല നന്മ മരങ്ങളുടെയും തണലിൽ ശിവ ജീവിതത്തിലേക്കു തിരിച്ചു വന്നു... ഇവിടെ നിന്നിറങ്ങി ഞാനൊരിക്കലും ഇനി പഴയ ജീവിതത്തിലേക്കോ ബന്ധങ്ങളിലേക്കോ മടങ്ങില്ല എന്ന ദൃഢ നിശ്ചയത്തോടെ
എനിക്ക് ജീവിക്കണം... എന്നെപ്പോലെ ശരീരത്തിന് ചേരാത്ത മനസ്സുമായി ജീവിക്കുന്ന....ചാന്തുപൊട്ടെന്നും, ശിഖണ്ടിയെന്നുംവിളിച്ചു സമൂഹം അധിക്ഷേപിക്കുന്ന ജന്മങ്ങൾക്ക് തണലാകാൻ... മനസ്സിനും ശരീരത്തിനുമിടയിൽ കിടന്നു വീർപ്പുമുട്ടി ശ്വാസം കിട്ടാതെ പിടയുന്ന ജീവിതങ്ങൾക്ക് ആശ്വാസം പകരാൻ...
ട്രാൻസ്ജൻഡർ എന്നതൊരു മാനസിക രോഗമല്ലെന്നും ...അതൊരു ശാരീരികാവസ്ഥയാണെന്നും ..ഞങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്നും സമൂഹത്തോട് വിളിച്ചു പറയാൻ
അധിക്ഷേപിച്ചും , പരിഹസിച്ചും നിങ്ങൾ നാടുവിട്ടോടിക്കുന്ന സഹോദരങ്ങക്ക്..... അതുകൊണ്ട് മാത്രം ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ നിവർത്തികേട്ട് മടിക്കുത്തഴിക്കേണ്ടി വരുന്നവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ..
ഇപ്പാൾ നിങ്ങൾ ചോദിക്കും വയറു നിറക്കാൻ വേശ്യാവൃത്തി മാത്രമേ വഴിയുള്ളോ എന്നു... ഞങ്ങളെ കാണുമ്പോൾ പരിഹസിക്കാത്തവർ, ആട്ടിയോടിക്കാത്തവർ ആദ്യം കൈ ഉയർത്തു..ദുരുദ്ദേശം ഇല്ലാതെ ഞങ്ങൾക്ക് ഒരു ജോലി തരാൻ തയ്യാറുള്ളവർ ആരുണ്ട്...
അങ്ങനെ തിരിച്ചറിയപ്പെടാതെയും, അനസ്സിലാക്കപ്പെടാതെയും പോകുന്ന ഒരു വിഭാഗത്തിന് വേണ്ടി .. ആണും, പെണ്ണും പോലെ ട്രാൻസ്ജൻഡർ എന്നുള്ളതും ജീവിക്കാൻ അർഹതയുള്ള സമൂഹമാണെന്ന സത്യത്തിനു വേണ്ടി പോരാടാനായി... സർവോപരി ഇനിയെങ്കിലും എനിക്കു ഞാനായി ജീവിക്കാനായി... എനിക്ക് നിലകൊണ്ടെ പറ്റു....
അതെ.. എന്റെ അസ്തിത്വത്തിനായി എനിക്ക് നിലകൊണ്ടെ പറ്റു...
രചന : Aswathy Joy Arakkal
(ഞങ്ങൾക്ക് വേണ്ടി കൂടി എഴുതു ചേച്ചി എന്നൊരു ട്രാൻസ്ജൻഡർ സുഹൃത്തു പറഞ്ഞത് കൊണ്ട് എഴുതി നോക്കിയതാണ്... എത്രത്തോളം നിങ്ങളെയുൾക്കൊള്ളാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നറിയില്ല.. നിങ്ങൾ അനുഭവിക്കേണ്ടി വരുന്നതോർക്കുമ്പോൾ ഈ എഴുത്തു ഒന്നുമല്ലെന്ന് അറിയാം. എന്റെ ഒരു ശ്രമം ആണ്.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക... അവരുടെ ദുരവസ്ഥക്ക് വലിയൊരു കാരണം ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ അവരോടുള്ള മനോഭാവം ആണ്... സഹായിച്ചില്ലെങ്കിലും നമുക്കവരെ ഉപദ്രവിക്കാതിരിക്കാം.. മനസ്സിലാക്കിയില്ലെങ്കിലും നോവിക്കാതിരിക്കാം.ചൂഷണം ചെയ്തു ദ്രോഹിക്കാതിരിക്കാം.
പലരുടെയും ധാരണ ഇതൊരു മാനസിക രോഗമാണ് അതുകൊണ്ട് ചികിൽസിച്ചാൽ മാറും അല്ലെങ്കിൽ കല്യാണം കഴിച്ചാൽ മാറും എന്നെല്ലാമാണ്... അതുകൊണ്ട് എല്ലാം മറച്ചു വെച്ച് ഇവരെക്കൊണ്ട് ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിക്കുന്ന വീട്ടുകാർ ഏറെയാണ്... അതൊക്കെ രണ്ടു ജീവിതങ്ങളെ തകർക്കും എന്നല്ലാതെ ഈ അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടാകില്ല... ഇതവരുടെ വ്യക്തിത്വം ആണ്... അതു ചികിൽസിച്ചു മാറ്റം എന്നുള്ളത് വിഡ്ഢിത്തം ആണ്.)
By: Aswathy Joy Arackal
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക