നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാവ

Image may contain: 1 person, sunglasses and closeup
********
മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാന്‍ പകല്‍ നേരങ്ങളില്‍ കിടന്നുറങ്ങാറുണ്ട്‌.കൂടുതല്‍ ദിവസങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ പകലുറങ്ങുന്ന ദിവസങ്ങള്‍ മൂന്നും നാലുമായി കൂടും.എനിക്ക് ഒന്നും ചെയ്യാനില്ല എന്ന് ഞാന്‍ പറഞ്ഞത് വെറുതെയല്ല.തോട്ടത്തിലെ കൃഷിപ്പണികള്‍ നോക്കാന്‍ ഒരു സൂപ്പര്‍വൈസറും പണിക്കാരുമുണ്ട്.അടുക്കളയിലെ ജോലി ചെയ്യാന്‍ രണ്ടു വേലക്കാരികളുണ്ട്.എനിക്ക് ഒരു മകള്‍ മാത്രമേയുള്ളൂ.അവള്‍ ഇപ്പോള്‍ ന്യൂസിലണ്ടിലാണ്.എങ്കിലും പണമിടപാടുകള്‍ എല്ലാം അവള്‍ ഓണ്‍ലൈന്‍ വഴി ചെയ്യും.അല്ലെങ്കില്‍ത്തന്നെ പണം വളരെയധികം എന്റെ അലമാരയില്‍ ഇരുപ്പുണ്ട്‌.എന്റെ ഭര്‍ത്താവ് കഴിഞ്ഞവര്‍ഷം മരിച്ചുപോയി.മരിച്ചു പോയി എന്ന് പറയുന്നത് എന്ത് വിരസമായ ഒരു വര്‍ത്തമാനമാണ്.ഞാന്‍ മരിച്ചു എന്ന് ആരെങ്കിലും പറയുന്നത് കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമില്ല.കര്‍ത്താവില്‍ നിദ്രപ്രാപിച്ചു...അതും വളരെ ബോറാണ്.ഒരു പൂ കൊഴിഞ്ഞു പോയി ,അല്ലെങ്കില്‍ നല്ല മഴയാരുന്നു എന്നൊക്കെ പറയുമ്പോലെ ,എന്തെങ്കിലും ലളിതമായ ,എന്നാല്‍ കുറച്ചുകൂടി സുന്ദരമായ പദങ്ങള്‍ മരണത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
ചിലപ്പോള്‍ മൂന്നും നാലും ദിവസം ഞാന്‍ മുറിയില്‍തന്നെ ചിലവഴിക്കും.ദിവസത്തില്‍ ഒരുപ്രാവശ്യം മാത്രമേ ഞാന്‍ അത്താഴം കഴിക്കൂ.ഉറക്കത്തിന്റെ ഇടവേളകളില്‍ കുടിക്കാന്‍ ,ഒരു വലിയ ഫ്ലാസ്ക് നിറയെ കാപ്പി വേലക്കാരി എന്റെ മുറിയില്‍ വയ്ക്കും.കര്‍ട്ടനുകള്‍ താഴ്ത്തി ഞാന്‍ ഉറങ്ങും.മുറിയില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട കാര്യമില്ല.റബ്ബറും ,വീട്ടിയും തേക്കും ഇടതിങ്ങി വളര്‍ന്നുനില്‍ക്കുന്ന തോട്ടത്തിന്റെ നടുവിലാണ് ഞാന്‍ താമസിക്കുന്ന ബംഗ്ലാവ്. തണുപ്പു പടർന്ന വായു.ഭര്‍ത്താവ് മരിച്ചപ്പോള്‍ ഞാന്‍ എല്ലാത്തിന്റെയും അവകാശിയായി.പക്ഷെ അതെനിക്ക് ഒരു സന്തോഷമോ ,അല്ലെങ്കില്‍ ഒരു വലിയ സ്വത്തിന്റെ ഉടമസ്ഥ എന്നാ ചിന്തയോ ഒന്നും നല്‍കുന്നില്ല.കഴിഞ്ഞ നാല്പതു കൊല്ലം ഭര്‍ത്താവായിരുന്നു എല്ലാത്തിന്റെയും ഉടമസ്ഥന്‍.എന്റെയും .അതിനു ഇരുപത് കൊല്ലം മുന്‍പ് ഞാനൊന്നിന്റെയും ഉടമ ആയിരുന്നില്ല.എന്റെ പിതാവായിരുന്നു എന്റെ ഉടമസ്ഥന്‍.ഇപ്പോഴിതാ അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ,നിങ്ങള്‍ എന്തിന്റെയോ ഉടമസ്ഥയായിരിക്കുന്നു.നിങ്ങള്‍ക്ക് അത് ആസ്വദിക്കാന്‍ കഴിയില്ല.ഏറെ വര്‍ഷങ്ങള്‍ ,ഒരു വാടകവീട്ടില്‍ കഴിഞ്ഞതിനു ശേഷം ആ വീട് നിങ്ങളുടെ സ്വന്തമാണ് എന്ന് നിങ്ങള്‍ ഒരു ദിവസം അറിയുകയെങ്കില്‍ നിങ്ങള്‍ എങ്ങിനെ പ്രതികരിക്കും ?ഒരു തണുത്ത സന്തോഷമായിരിക്കും നിങ്ങളുടെ ഉള്ളില്‍ തോന്നുക.മണമില്ലാത്ത കാട്ടുപൂക്കളെപ്പോലെ.
എന്റെ ഉറക്കവും വളരെ വിരസമാണ്.ആരുമില്ലാത്ത ഒരു മണ്‍റോഡിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്നത് പോലെ.ആ നടപ്പ് ഒരിക്കുലും തീരുന്നില്ല.
ഈ വലിയവീട്ടില്‍ ,എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വസ്തുവേ ഉള്ളു.അത് ഒരു കടും ചുവപ്പ് നിറമുള്ള പാവക്കുട്ടിയാണ്.എന്റെ മകള്‍ക്ക് കുഞ്ഞായിരിക്കുമ്പോള്‍ ,അവള്‍ക്ക് കളിക്കാനായി ഞാന്‍ എവിടുന്നോ കൊണ്ട്കൊടുത്ത ഒരു പാവ.എന്റെ മകള്‍ ആ പാവയെ സ്നേഹിച്ചു.അവള്‍ അതിനെ കൊഞ്ചിച്ചു.അതിനെ ഊട്ടി.അതിനെ കുളിപ്പിച്ചു.അവള്‍ പാവയെ പരിചരിക്കുന്നത് പോലെ ഞാന്‍ അവളെയും പരിചരിച്ചു.എന്നാല്‍ എന്റെ മകള്‍ വലുതായി.പാവ വലുതായില്ല.എന്റെ മകള്‍ പാവയെ മറന്നു.എനിക്ക് എന്റെ മകളെ മറക്കാന്‍ കഴിഞ്ഞില്ല.എനിക്കിപ്പോഴും അവള്‍ ആ പാവയെ പരിചരിക്കുന്ന കൊച്ചുകുട്ടിയാണ്.എന്നാല്‍ ആ വിചാരം എന്റെ ,തീരെ അപരിചിതമായ ചെല്ലാന്‍ ഭയക്കുന്ന കോണുകളില്‍ ഒതുങ്ങിയിരിക്കുന്നു.
അതിനുള്ള കാരണം യഥാര്‍ത്ഥത്തില്‍ അവള്‍ അങ്ങിനെയല്ല എന്നുള്ള ബോധ്യമാണ്.അവളിപ്പോള്‍ ന്യൂസിലാന്‍ഡിലെ ഒരു വലിയ ടെക്നോളജി കമ്പനിയുടെ അധിപയാണ്.അവള്‍ക്ക് ഇപ്പോഴുള്ളത് ഭര്‍ത്താവ് ഒരു സായിപ്പാണ്‌.ആദ്യത്തെ ഭര്‍ത്താവിനെ അവള്‍ വേര്‍പിരിയാന്‍ കാരണം എനിക്കറിയില്ല.ഇപ്പോഴത്തെ ഭര്‍ത്താവിനെയും അവള്‍ വേര്‍പിരിയാന്‍ സാധ്യതയുണ്ട്.അവളുടെ കമ്പനിയുടെ ആസ്ഥാനം ന്യൂസിലാണ്ടില്‍ ആണെങ്കിലും അവള്‍ സ്ഥിരമായി വിദേശരാജ്യങ്ങള്‍ സഞ്ചരിക്കുന്നു.മിസൈലുകളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോണിക്ക് നിയന്ത്രണ സംവിധാനങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണ് അവളുടേത്‌.
“സിറിയയില്‍ ഉപയോഗിച്ച മിസൈലുകളില്‍ എഴുപതു ശതമാനത്തിലും ഞങളുടെ കമ്പനിയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.”ഒരിക്കല്‍ അവള്‍ ആരോടോ ഫോണില്‍ പറയുന്നത് ഞാന്‍ കേട്ടു.
ചുവന്ന വെല്‍വെറ്റ് വയര്‍ ഉള്ള ,ചെമ്പന്‍ തലമുടിയും ,നീലക്കണ്ണുകളും ഉള്ള പേരില്ലാത്ത ആ പാവയെ അവള്‍ക്ക് വളരെ ഇഷ്ടമായിരുന്നു.പാവക്ക് അവളെയും ഇഷ്ടമായിരിക്കണം.കുട്ടികളെ കൊല്ലുന്ന ആയുധങ്ങള്‍ ഉണ്ടാക്കുന്ന എന്റെ മകള്‍ മറ്റാരോ ആണ്.എന്റെ മകള്‍ പണ്ടേ എവിടെയോ മറഞ്ഞു.എങ്കിലും അവളെ എന്റെ മനസ്സിന്റെ വെളിച്ചം കുറഞ്ഞ ഇടങ്ങളില്‍നിന്ന് പുനസൃഷ്ടിക്കാന്‍ ഞാനാ പാവയെ ഇടയ്ക്കിടെ ഇപ്പോഴും പരിചരിക്കും.
ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് ഇന്നലെയാണ്.എനിക്ക് പറയത്തക്ക ആശങ്കകളോ,വിഷാദമോ ഉണ്ടെന്നു തോന്നുന്നില്ല.എങ്കിലും മരണം ,അനസ്യൂതമായ ഒരുറക്കം തന്നെയാണ്.എന്റെ ഭര്‍ത്താവ് രണ്ടു വര്‍ഷമായി ഉറങ്ങുന്നു.ഞാനും രണ്ടു വര്‍ഷമായി എന്റെ മുറിയില്‍ ഉറക്കത്തിലാണ്.എങ്കിലും എന്റെ ഭര്‍ത്താവിനു എന്നെപോലെ ഇടയ്ക്കിടെ ഉണരാണോ ,മേശപ്പുറത്തെ ഫ്ലാസ്കില്‍ വച്ചിരിക്കുന്ന കാപ്പി കുടിക്കാനോ കഴിയില്ല.ഇടക്ക് വെളുപ്പിന് മൂന്നുമണിക്ക് ഉണന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഓറഞ്ചു പൊളിച്ചു അതിന്റെ അല്ലികള്‍ മണത്തുനോക്കി കഴിക്കാന്‍ കഴിയില്ല.പേരില്ലാത്ത എന്റെ മകളുടെ പാവയെ കൊഞ്ചിക്കാന്‍ കഴിയില്ല.കാരണം അദ്ദേഹം ഉറങ്ങുന്നത് സെമിത്തേരിയിലും ഞാന്‍ ഉറങ്ങുന്നത് എന്റെ വീട്ടിലുമാണ്.
എങ്കിലും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് ,എന്റെ നീണ്ട ഉറക്കങ്ങള്‍ എന്റെ ജീവിതത്തിനു വരുത്തുന്ന നഷ്ടങ്ങളാണ്.മരിച്ചു കഴിഞ്ഞാല്‍ പുനര്‍ജനിക്കുമെന്നു ചിലര്‍ പറയുന്നുണ്ട്.ഞങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ചു അന്തിമവിധി ദിവസമാണ് മരിച്ചവര്‍ ഉയിര്‍ക്കുന്നതും അവരെ നല്ലവരായും കെട്ടവരായും വേര്‍തിരിക്കുന്നത്.എങ്കിലും അയ്യായിരം വര്‍ഷവും പതിനായിരം വര്‍ഷവും അന്തിമവിധിക്കായി കാക്കുക എന്നത് ,അത് തുലോം ചെറിയ ഒരു ജീവിതത്തിന്റെ ഫലമായി ശിക്ഷ അനുഭവിക്കുക എന്നത് വളരെ കഠിനമാണ്.പുനര്‍ജന്‍മമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.ചിലപ്പോള്‍ നാം ഒരു ഉറുമ്പായി ജനിക്കാം .അല്ലെങ്കില്‍ പുഴുവായി.അല്ലെങ്കില്‍ പൂമ്പാറ്റയായി.എന്റെ കെട്ടിയവനു ഇതിനെക്കുറിച്ച് ഒന്നും ഒരു ധാരണയോ ചിന്തയോ ഒന്നുമുണ്ടായിരുന്നില്ല.അദ്ദേഹം റബര്‍ വിലയെക്കുറിച്ചും കൂപ്പില്‍ നിന്ന് തടി ലേലം ചെയ്യുന്ന ബിസിനസ്സില്‍ നിന്ന് പണം സമ്പാദിക്കുന്നതിനെക്കുറിച്ചും മാത്രം ചിന്തിച്ചു.നല്ല ഭക്ഷണവും മദ്യവും കഴിക്കുന്നത് ആ മനുഷ്യനെ സന്തോഷിപ്പിച്ചു.നല്ല തെളിച്ചമുള്ള ഒരു വൈകുന്നേരം സ്കോച്ച് വിസ്കി മൂന്നു പെഗ് കഴിച്ചു ,ഉണങ്ങിയ ഇറച്ചി രുചിയോടെ ചവച്ചു തിന്നുകൊണ്ടിരിക്കെ ,നെഞ്ചു വേദന വന്നു കുഴഞ്ഞുവീണാണ് അദ്ദേഹം മരിച്ചത്.
എങ്കിലും ആ മുഖത്ത് മരണഭയമുണ്ടായിരുന്നില്ല.ജനാല തുറന്നിട്ടിരുന്നു.തോട്ടത്തില്‍ സ്വര്‍ണ്ണനിറമുള്ള ഒരു സന്ധ്യ അവസാനിക്കുകയായിരുന്നു.അതിന്റെ പ്രകാശം എന്റെ ഭര്‍ത്താവിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണര്‍ത്തി.മരണത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്ത് പ്രതിഫലിച്ച ആ സ്വര്‍ണ്ണനിറമുള വൈകുന്നേരമാണ് എന്റെ ഓര്‍മ്മയില്‍ തെളിയുന്നത്.എത്രയും വേഗം മരണത്തിനു ശേഷമുള്ള ദിവസങ്ങള്‍ കാണുവാന്‍ ,ഒരു പുഴുവോ പൂമ്പാറ്റയോ ആകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഈ നിദ്രയുടെ മണമുള്ള പകലുകള്‍ ഞാന്‍ മടുക്കുന്നു.
എങ്കിലും ആത്‌മഹത്യ എന്നത് എന്റെ മകള്‍ക്ക് ഒരു അപമാനം ഉണ്ടാകുന്ന ഒന്നാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.ഒരു സ്വാഭാവികമരണം എന്ന് തോന്നിക്കുന്ന ഒരു ആത്മഹത്യക്ക് ഞാന്‍ പ്ലാന്‍ ചെയ്തു.ഒട്ടും വേദനയില്ലാത്ത ,എന്നാല്‍ സ്വഭാവിക മരണം എന്ന് തോന്നിക്കുന്ന ആത്മഹത്യക്ക് വേണ്ടിയുള്ള മാര്‍ഗങ്ങള്‍ ഞാന്‍ ആലോചിച്ചു.
തീപിടുത്തം.എങ്ങിനെ തീപിടുത്തം ഉണ്ടായി എന്ന് ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല.പക്ഷേ അത് വേദനാജനകമാകില്ലേ ?അവിടെയാണ് എന്റെ ബുദ്ധി പ്രവര്‍ത്തിച്ചത്.ഉറക്കഗുളിക കഴിച്ചു ആദ്യമേ മരണത്തിലേക്ക് രക്ഷപെടും.അതിനുശേഷം എന്നെ തീവന്നു തഴുകും.ആളുകള്‍ ഞാന്‍ തീപിടുത്തത്തില്‍ പെട്ട്പോയതാന്നു വിചാരിക്കും.പകലാണ് ഇത് നടക്കുന്നതെങ്കില്‍ വളരെ എളുപ്പമാകും.ഞാന്‍ പകല്‍ ഉറങ്ങുന്നത് കൊണ്ട് ആരും സംശയിക്കില്ല.കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാവുകയില്ല.എന്റെ മകളുടെ അഭിമാനത്തിനു ഭംഗം വരുകയുമില്ല.
അങ്ങിനെ ഞാന്‍ എല്ലാം പ്ലാന്‍ ചെയ്തു.നിയന്ത്രിതമായ് തീപിടുത്തം ഉണ്ടാക്കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കി.പരിപാടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസം വേലക്കാരോട് അവധിയെടുക്കുവാന്‍ ആവശ്യപ്പെട്ടു.
എല്ലാം തയ്യാറായി.
അപ്പോഴാണ്‌ ,കുറച്ചകലെ റോഡില്‍ ഒരു ബഹളം കേള്‍ക്കുന്നത്.ഒരു വാഹനം ബ്രേക്ക് ചവിട്ടുന്ന ശബ്ദം.
ഞാന്‍ മെല്ലെ ഗേറ്റിലേക്ക് നടന്നു.ഇങ്ങനെ നടക്കുമ്പോള്‍ ,ഒരു സ്വപ്നത്തിലൂടെയാണ് ഞാന്‍ നടക്കുന്നത്.മരണത്തിന്റെ തണുപ്പ് ഇപ്പോള്‍ത്തന്നെ എന്റെ പാദങ്ങള്‍ അറിയുന്നു.
അതൊരു വൃദ്ധയാണ്.എണ്‍പത് -എണ്പത്തഞ്ചു വയസ്സ് പ്രായം വരും.കഴുത്തില്‍ സ്വര്‍ണ്ണമാല ,കാതില്‍ പഴയ മോഡല്‍ സ്വര്‍ണ്ണക്കടുക്കന്‍.വൃദ്ധ നടന്നു പോകുന്ന വഴി ,ഒരു വാഹനത്തിന്റെ മുന്‍പില്‍ അറിയാതെ വീണുപോയി.അവര്‍ക്ക് നടക്കാന്‍ സാധിക്കുന്നില്ല.
ആളുകള്‍ അവരെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
“എനിക്ക് വെള്ളം താ...”വൃദ്ധ കരയുന്നു.കൊഞ്ചിക്കരയുന്ന ഒരു കുട്ടിയുടെ വാശി ആ ശബ്ദത്തില്‍ കലര്‍ന്നിരിക്കുന്നു.ആളുകള്‍ അപ്പോഴാണ്‌ ഗേറ്റില്‍ നില്‍ക്കുന്ന എന്നെ കണ്ടത്.പതിവില്ലാതെ പുറത്തുനില്‍ക്കുന്ന എന്നെ നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയുക പോലുമില്ല.
പൊടുന്നനെ വൃദ്ധ ആളുകളുടെ കൈ വെട്ടിച്ചു റോഡിലേക്ക് ഓടാന്‍ തുടങ്ങി.വേറെ ഒരു വാഹനം പാഞ്ഞു വന്നത് ബ്രേക്കിട്ടു.
വൃദ്ധ കുറച്ചു അകലെയുള്ള ഒരു വീട്ടില്‍നിന്ന് ചാടിപ്പോന്നതാണ്.അതോ വീട്ടുകാര്‍ അവരെ ഇറക്കിവിട്ടതോ ?അത് അറിയില്ല.അല്‍ഷിമേഴ്സാണ്.അവര്‍ക്ക് ഒരു കൊച്ചുകുട്ടിയുടെ ഓര്‍മ്മയെ ഇപ്പോഴുള്ളൂ.അല്ല.അവര്‍ ഇപ്പോള്‍ ഒരു കൊച്ചുകുട്ടി തന്നെയാണ്.ആരോ അവരുടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്.
“ചേച്ചി,കുറച്ചു വെള്ളം കൊടുക്കാമോ ?”ആരോ ചോദിക്കുന്നു.
ഞാന്‍ അവരെ വീട്ടിലേക്ക് കൊണ്ട് വന്നു.വൃദ്ധ പതുപതുത്ത സോഫയില്‍ ഇരുന്നു ചിരിച്ചു.ഇരിക്കുമ്പോള്‍ താഴ്ന്നുപോകുന്ന സോഫ.പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി അവര്‍ ചിരിച്ചു.ഒരു നിമിഷം പോലും അവര്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല.അവര്‍ മുറികള്‍ക്കിടയിലൂടെ ഓടാന്‍ തുടങ്ങി.അവരെ അടക്കി ഒരിടത്തു ഇരുത്താന്‍ ഞാന്‍ പാട്പ്പെട്ടു.
“എനിക്ക് വിശക്കുന്നു...”വൃദ്ധ കരയുവാന്‍ തുടങ്ങി.
ഞാന്‍ ഫ്രിഡ്ജിൽനിന്ന് ഭക്ഷണം എടുത്തു ചൂടാക്കി.അവര്‍ അത് കഴിക്കാന്‍ കൂട്ടാക്കിയില്ല.ഒടുവില്‍ നിര്‍ബന്ധിച്ചു ഞാന്‍ അവരെ അത് കഴിപ്പിച്ചു.അതിനുശേഷം വെള്ളം കുടിപ്പിച്ചു.വീണ്ടും അവര്‍ ചാടി എഴുന്നേറ്റപ്പോഴാണ് ഞാന്‍ ആ പാവയുടെ കാര്യം ഓര്‍ത്തത്‌.
“കണ്ടോ ..നല്ല പാവ..”ഞാന്‍ പാവ വൃദ്ധക്ക് കാണിച്ചു കൊടുത്തു.അവരുടെ കണ്ണുകള്‍ വിടര്‍ന്നു.അവരത് വാങ്ങി അതിന്റെ വേല്‍വെറ്റ് വയറിലൂടെ ചുളിവു വീണ വിരലുകള്‍ കൊണ്ട് തലോടി.
“ഇവള്‍ക്ക് പാല് കൊടുക്കണം,കുളിപ്പിക്കണം ,”വൃദ്ധ ആ പാവയെ കളിപ്പിക്കാന്‍ തുടങ്ങി.അവര്‍ ഇപ്പോള്‍ അടങ്ങിയിരിക്കുന്നു.അവരുടെ ശ്രദ്ധ ആ പാവയിലാണ്.
പഞ്ചായത്ത് മെമ്പറുടെ ഫോണ്‍ വന്നു.
“നല്ല പൈസയുള്ള വീട്ടുകാരാ...പക്ഷേ മക്കള് നോക്കത്തില്ല.ഇതിപ്പോ നമ്മള്‍ നാട്ടുകാരുടെ ബാദ്ധ്യതയായി.”
“അപ്പൊ വീട്ടുകാര് വരില്ലേ...”
“അത്..വരാന്‍ സാധ്യത കുറവാണ്.ഒരു അഗതിമന്ദിരംകാര് ഏറ്റിട്ടുണ്ട്.ഇന്ന് ബുദ്ധിമുട്ടില്ലെങ്കില്‍ ...ഇന്നൊരു രാത്രി അവിടെ അവരെ കിടത്താന്‍ പറ്റുമോ ?അഗതിമന്ദിരംകാര്‍ നാളെ വന്നു കൊണ്ട് പൊക്കോളും.”
“അവര്‍ എത്രനാള്‍ ഇവരെ നോക്കും.?”
“അതറിയില്ല.ആരെങ്കിലും സ്ഥലം കൊടുത്താല്‍ പഞ്ചായത്ത് നമ്മുടെ ഇവിടെ ഒരു നല്ല വൃദ്ധമന്ദിരം പണിയാന്‍ തയ്യാറാണ്.അതിനുള്ള ഫണ്ടും മറ്റു കാര്യങ്ങളുമുണ്ട്.ആരെങ്കിലും മുന്നിട്ടിറങ്ങണ്ടെ ?”
അല്പം കൂടി സംസാരിച്ചിട്ടു ഞാന്‍ ഫോണ്‍ വച്ച്.തിരികെ വന്നപ്പോള്‍ അവര്‍ ആ പാവ നെഞ്ചില്‍ ചേര്‍ത്ത് വച്ച് ഉറക്കമായി കഴിഞ്ഞിരുന്നു.അവരുടെ ശുഷ്ക്കിച്ച നെഞ്ചിലിരുന്നു ആ പാവ എന്നെ നോക്കി കളിയാക്കി ചിരിച്ചു.
(അവസാനിച്ചു)
AnishFrancis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot