-----------------------------------
ബസ്സിറങ്ങി സ്ഥിരം നടക്കുന്ന ആ നടപ്പാതയിലൂടെ അവളുടെ കയ്യും പിടിച്ചു ജോലി സ്ഥലത്തേക്ക് നടക്കുമ്പോഴും അവൾ മുറുമുറുപ്പ് നിർത്തിയിരുന്നില്ല.
"എത്ര പറഞ്ഞാലും മനസിലാവില്ലെങ്കിൽ എന്താ ചെയ്യാ? അടുത്ത മാസം നാട്ടിൽ പോവാനുള്ളപ്പോ ഈ മാസം എന്തിനാ ഒരു യാത്ര?"
ഇന്ന് രാവിലെ തുടങ്ങിയതാണ് ഈ യുദ്ധം. ശൂന്യതയിൽ നിന്നും വിഷയങ്ങൾ കണ്ടു പിടിച്ചു യുദ്ധം ചെയ്യാൻ ഇവളെ കഴിഞ്ഞേ ഉള്ളു ആരും! അടുത്തൊന്നും ഇത് അവസാനിക്കുന്ന മട്ടും ഇല്ല.
"ഒന്നിട വിട്ടുള്ള മാസം നാട്ടിൽ പോവുക പതിവല്ലേ, അടുത്ത മാസം പോണത് സുനീടെ കല്യാണത്തിനല്ലേ. അതൊരു സ്പെഷ്യൽ ഒക്കേഷൻ ആയി കണ്ടാൽ മതി"
"അതന്ന്യാ ഞാനും ചോദിക്കുന്നെ.. അങ്ങനെ ഒരു സ്പെഷ്യൽ ഒക്കേഷൻ ഉള്ളപ്പോ എന്തിനാ ഈ മാസം പോണേന്ന്? ഒരു തവണ പതിവ് തെറ്റിച്ചൂന്നു വച്ച് എന്ത് വരാനാ?"
"അവർക്കൊക്കെ വിഷമാവും.. അവർക്ക് ആകെ ഉള്ള സന്തോഷം നമ്മൾ ചെല്ലുമ്പോ അല്ലെ"
"അപ്പൊ രണ്ടു മാസം അടുപ്പിച്ചു പോവുമ്പോ ഇവിടത്തെ കാര്യങ്ങൾ കൊളാവുന്നതോ? അല്ലെങ്കിലോ രണ്ടറ്റം മുട്ടിക്കാൻ പറ്റുന്നില്ല, ഈ മാസം ലോണും സ്കൂൾ ഫീസും എല്ലാം ഉണ്ട്"
"അത് നമ്മളല്ലേ.. നമുക്ക് അഡ്ജസ്റ്റ് ചെയ്‌യാടോ"
"എനിക്ക് മടുത്തു ഈ അഡ്ജസ്റ്മെന്റ്"
"ഹമ്."
എതിരെ വന്ന ഒരു പയ്യൻ വല്യ തിരക്കിലായിരുന്നു എന്ന് തോന്നുന്നു. പോവുന്ന പോക്കിൽ അവന്റെ ഷോൾഡർ എന്റെ മേലെ ശക്തിയായി തന്നെ ഒന്ന് ഇടിച്ചു. ബാലൻസ് തെറ്റി ഒന്ന് വീഴാൻ തുടങ്ങിയ എന്നെ അവൾ പിടിച്ചു.
"സോറി..സോറി.. സോറി.." അവൻ തിരിഞ്ഞു നിന്ന് തിടുക്കത്തിൽ പറഞ്ഞു. "ഒന്നും പറ്റിയില്ലല്ലോ" അവൻ വീണ്ടും.
ഞാൻ മറുപടി പറയാതെ ഒന്ന് നോക്കിയേ ഉള്ളു..
"കണ്ണ് കണ്ടൂടെ.." അവൾ അവന്റെ നേരെ തിരിഞ്ഞു യുദ്ധം തുടങ്ങും മുൻപ് ഞാൻ അവളുടെ കയ്യിലെ പിടുത്തം അല്പം മുറുക്കി. അപ്പോഴേക്കും 'സോറി' എന്ന ഔപചാരികത കഴിഞ്ഞു അവൻ മുന്നോട്ടു പോയിരുന്നു.
"എന്തേലും പറ്റിയോ?"
"ഹേയ്"
"നോക്കി നടന്നൂടെ നിങ്ങക്ക്"
"ഉം"
"എന്ത് പറഞ്ഞാലും ഒരു കും"
അല്പം നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല. പിന്നെ അവൾ വീണ്ടും തുടങ്ങി.
"നോക്ക്.. ഈ മാസം പിള്ളേരുടെ ഫീസ് മാത്രല്ല.. അടുത്ത മാസം സുനീടെ കല്യാണത്തിനും വെറും കയ്യോടെ ചെല്ലാൻ പറ്റോ? അത് കഴിഞ്ഞാ പിന്നേം ഇല്ലേ കാര്യങ്ങൾ..."
അവൾ നിർത്താൻ ഭാവമില്ല.. പൂതി തീരുന്ന വരെ പറയട്ടെ.. എനിക്ക് വയ്യ കേൾക്കാൻ..
നഗരത്തിന്റെ തിരക്കിലൂടെ നടക്കുമ്പോൾ അവളുടെ സംസാരത്തിനു ഒരു പിറുപിറുപ്പിന്റെ സ്വഭാവം ആയിരിക്കും. പക്ഷെ അത് ഹൃദയത്തിൽ പതിക്കുന്നത് കാതടിപ്പിക്കുന്ന ഉച്ചത്തിലും. എന്നിട്ടും ഞാൻ മനസ് കൊണ്ട് കാതുകൾ കൊട്ടിയടച്ചു ചുറ്റും നോക്കി.
നഗരത്തിലെ പ്രധാന പാതകളിൽ ഒന്നാണ് അത്. മുട്ടിയും മൂളിയും ഒന്നിന് പുറകെ ഒന്നായി ചെറുതും വലുതുമായ വാഹനങ്ങൾ നീങ്ങുന്നു. ഇടയ്ക്കു വരി തെറ്റിക്കുന്ന ഓട്ടോകളെയും ബൈക്കുകളെയും മറ്റുള്ളവർ ഹോൺ അടിച്ചു ഭയപ്പെടുത്താൻ ശ്രമിക്കുന്നു. ചിലർ വാഹനത്തിൽ നിന്നും കൈ പുറത്തിട്ടു വഴക്കു പറയുന്നു. പക്ഷെ ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. എല്ലാവരും ഒരു ഒഴുക്കിൽ എന്ന പോലെ മുന്നോട്ട്!
പരസ്പരം അറിയാത്തവർ!. എന്നിട്ടും എനിക്ക് തോന്നിയിട്ടുണ്ട്. മുന്നിലും പിന്നിലുമായി നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ തമ്മിൽ, കൂട്ടമായി അങ്ങോട്ടും ഇങ്ങോട്ടും ഈ നടപ്പാതയിലൂടെ നടക്കുന്ന മനുഷ്യർ തമ്മിൽ മുഖം നോക്കാതെ തന്നെ പരസ്പരം എന്തൊക്കെയോ സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന്. ഹോർണിലൂടെയും ഇന്ഡിക്കേറ്ററിലൂടെയും തട്ടലിലൂടെയും മുട്ടലിലൂടെയും മാത്രമല്ല, അതിനേക്കാളെല്ലാം ശ്രാവ്യവും ദൃശ്യവും ആയ നിർവചിക്കാൻ കഴിയാത്ത എന്തോ ഒരു മാധ്യമത്തിലൂടെ ചില സംവാദങ്ങൾ ഇവിടെ നിരന്തരം നടക്കുന്നുണ്ട്. അതിലേക്കു കാതോർത്താൽ നഗരത്തിന്റെ മറ്റു ബഹളങ്ങളെല്ലാം വെറുതെയാണെന്നു തോന്നും.
പക്ഷെ.. പക്ഷെ.. ആ സൂക്ഷ്മവും പക്ഷെ വ്യക്തവും ആയ സംവാദത്തിൽ നിന്നും എല്ലാവരും മുഖം തിരിക്കുന്നു. അത് ശ്രവിക്കാൻ നല്ല ക്ഷമയും ശാന്തമായ മനസും ആവശ്യമാണ്. അതാണ് ആർക്കും ഇല്ലാത്തതും!
ഇവിടെ മനുഷ്യർ സൃഷ്ടിച്ച ശബ്ദദൃശ്യ ബാഹുല്യത്തിൽ ഹൃദയങ്ങളുടെ സംവാദങ്ങൾ പതുങ്ങിപോയിരിക്കുന്നു.
ഈ മനുഷ്യക്കടലിൽ ഈ ഒരാൾക്കും ഒരാളോടും ഒരിറ്റു പോലും സ്നേഹമില്ല, പ്രണയമില്ല, അനുകമ്പയില്ല, കരുണയില്ല.. ഇതൊക്കെയാണല്ലോ അല്ലെ ഹൃദയത്തിന്റെ ഭാഷ!
സ്നേഹ ശൂന്യമാണ് സംവാദങ്ങൾ, പ്രണയ ശൂന്യമാണ് നോട്ടങ്ങൾ.. അർത്ഥ ശൂന്യമാണ് ഹസ്തദാനങ്ങൾ, ഹൃദയശൂന്യമാണ് അഭിവാദ്യങ്ങൾ!
സർവ്വരും സ്വാർത്ഥരാണ്. ഞാനും ഇവളും ഈ കാണുന്ന എല്ലാവരും!
എന്റെ ഇഷ്ടങ്ങൾ, എന്റെ ലാഭങ്ങൾ, എന്റെ നഷ്ടങ്ങൾ, എനിക്ക് എനിക്ക്.. ഞാൻ ഞാൻ..
ഞാൻ എന്നിലേക്കൊതുങ്ങുമ്പോൾ എല്ലാം എന്നിലേക്കൊതുങ്ങുന്നു. എനിക്ക് ചുറ്റും ഈ പുരുഷാരം നിസ്സാരമാവുന്നു. ഒരു ഭീമാകാരനായ ഞാൻ മാത്രമായി ഈ ലോകം ചുരുങ്ങുന്നു!
ഹോ.. ഭ്രാന്തൻ ചിന്തകൾ!
തിക്കി തിരക്കി പരസ്പരം വഴി കൊടുത്തും വഴി തടഞ്ഞും നീങ്ങുന്ന മനുഷ്യർ വീണ്ടും എന്റെ ശ്രദ്ധ ക്ഷണിച്ചു. ഞാൻ ഓരോരുത്തരെയായി ശ്രദ്ധിക്കാൻ ശ്രമിച്ചു. പ്രഭാതത്തിന്റെ പ്രസരിപ്പും തുടിപ്പും ഉള്ള ഒരാൾ പോലും ഇല്ല! ദൈവത്തിന്റെ മനോഹര സൃഷ്ടികൾ അവരുടെ ഏറ്റവും മനോഹരമായ കഴിവ് മറന്നു പോയിരിക്കുന്നു. ചിരിക്കാനുള്ള കഴിവ്!.
ഒരാളുടെ കണ്ണിൽ പോലും തിളക്കം ഇല്ല. ഒരാൾ പോലും സ്വസ്ഥനല്ല! ഗൗരവം ഘനീഭവിച്ചു തൂങ്ങിയ കണ്ണുകളും കവിളുകളും.
എന്തോ ഒന്ന് കൈവിട്ടു പോവാതിരിക്കാനുള്ള ഓട്ടത്തിലാണ് എല്ലാം. ആ എന്തോ ഒന്ന് അവരുടെ ജീവിതം തന്നെയാണോ? അതെയെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്ര തിടുക്കം? എന്തിനാണ് ഇത്ര പരിഭ്രമം?
സ്കൂൾ യൂണിഫോം ഇട്ട ഒരു ഏഴു വയസുകാരിയുടെ കൈപിടിച്ച് വലിച്ചു കൊണ്ട് വരുന്ന ആളുകളെ വകഞ്ഞു മാറ്റി ഓടുന്ന ഒരു അച്ഛൻ!. അയാളുടെ ഒപ്പം എത്താൻ ആ കുഞ്ഞു നല്ലപോലെ കഷ്ടപ്പെടുന്നുണ്ട്. അവൾ നടക്കുകയല്ല, അച്ഛനൊപ്പം എത്താൻ ഓടുകയാണ്. പക്ഷെ എന്തിന്? ഈ കുരുന്നു പ്രായത്തിൽ അവൾ എന്തിന് അച്ഛന്റെ വേഗത്തിൽ ഓടണം? ചിന്തിക്കാൻ നേരമില്ല. അവൾ ഒന്ന് വേഗത കുറച്ചപ്പോൾ അയാൾ തിരിഞ്ഞു നോക്കി കണ്ണുരുട്ടുന്നു! എന്തോ അപരാധം ചെയ്ത പോലെ അവൾ വീണ്ടും ഓടുന്നു.
അടുത്തത് ഒരമ്മയെ ഓട്ടോയിൽ കയറ്റുന്ന മകനാണ്! 'വേഗം.. വേഗം.. ശബ്ദം വ്യക്തമല്ലെങ്കിലും എനിക്ക് അവന്റെ ചുണ്ടനക്കം വായിക്കാം" കാൽ ഉയർത്തി ആ ഓട്ടോയിൽ വക്കാൻ ആ 'അമ്മ നന്നേ കഷ്ടപ്പെടുന്നുണ്ട്. അയാൾ അതൊന്നും അറിഞ്ഞ മട്ടില്ല.. 'വേഗം.. വേഗം'. അയാളോടൊപ്പം ആ ആ ഓട്ടോക്കാരനും ആ ഓട്ടോയുടെ പുറകിൽ അസ്വസ്ഥരായി നിൽക്കുന്ന മറ്റു വാഹനങ്ങളും ഒളിയിടുന്നു. 'വേഗം.. വേഗം'
സുന്ദരിയായ ഒരു പെണ്ണ്.. ആഹാ.. അവളുടെ മുഖത്തു പ്രസരിപ്പുണ്ട്, അതോ കൃത്രിമമായ എന്തെങ്കിലും ചായം വാരിപ്പൂശി അങ്ങനെ വരുത്തിയതാണോ? അവളും തിരക്കിലാണ്. നടത്തത്തിന്റെ വേഗം കൊണ്ടാവണം രാവിലെ ആയിട്ടും അവളുടെ കക്ഷത്തിൽ വിയർപ്പു പൊടിഞ്ഞത്. പെട്ടന്ന് ഞാൻ അവളെ ശ്രദ്ധിക്കുന്ന കണ്ണുകളെ ശ്രദ്ധിച്ചു.
ഹോ.. അവളെ കണ്ണുകൾ കൊണ്ട് പാനം ചെയ്യുന്ന ആണുങ്ങൾ! അവളെ അസൂയയോടെ അളക്കുന്ന പെണ്ണുങ്ങൾ! കാമവും അസൂയയും.
സ്നേഹം.. സ്നേഹമെവിടെ? പ്രണയമെവിടെ?
അവളെ വിടാതെ എന്ന പോലെ മുട്ടി മുട്ടി ഒരാൾ പിന്തുടരുന്നുണ്ട്. അയാളുടെ ലക്ഷ്യവും മറ്റൊന്നാവില്ല! ഞാൻ.. ഞാനേതു കണ്ണുകൊണ്ടാണ് അവളെ നോക്കിയത്? ആവോ.. ഞാൻ പെട്ടന്ന് തന്നെ എന്നിൽ നിന്നും മുഖം തിരിച്ചു.
സത്യമാണ്. ഓരോ മനുഷ്യരും ഇവിടെ യന്ത്രങ്ങളാണ്. വെറും യന്ത്രങ്ങൾ!
സ്നേഹമില്ലാത്ത .. പ്രണയമില്ലാത്ത.. അനുകമ്പയില്ലാത്ത.. വാത്സല്യമില്ലാത്ത യന്ത്രങ്ങളുടെ നഗരം! പരാതികളുടെ പരാക്രമങ്ങളുടെ പരാധീനതകളുടെ സമൃദ്ധിയിൽ തിങ്ങി ഞെരുങ്ങിയ നഗരം! ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. എനിക്കൊന്നും കാണണ്ട!
പെട്ടന്ന് എന്റെ കയ്യിൽ അവളുടെ കൈത്തലം അല്പം അമർന്നു. ഒരു റിമോട്ട് കൺട്രോളിൽ അമർത്തിയെന്നത് പോലെ ചുറ്റുപാടുകളിൽ നിന്നെല്ലാം ബന്ധം വിച്ഛേദിക്കപ്പെട്ടു ഞാൻ ആ വിരൽ തുമ്പത്തെ മർദ്ദത്തിലെത്തി. ഞാൻ അവളിലേക്ക് തിരിച്ചെത്തി.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്തു ഒരു കുസൃതി ചിരി.
"സോറി" .. അവൾ പറഞ്ഞു.
"രാവിലത്തെ ട്രെയിനിൽ ടിക്കറ്റ് എടുത്താ മതീട്ടാ, അങ്ങനെയാവുമ്പോ ഉച്ചക്ക് ഊണ് വീട്ടീന്ന് അച്ഛന്റേം അമ്മേടേം കൂടെ ആവാം" നാട്ടിലേക്ക് പോവാനുള്ള അപ്പ്രൂവൽ ആണ്!
അറിയാതെ തന്നെ ഞങ്ങളുടെ വിരലുകൾ ഒന്നുകൂടെ പരസ്പരം കൊരുത്തു.
ആ ചിരി എനിക്കറിയാം. വർഷങ്ങൾക്ക് മുൻപ് ഈ നഗരം എനിക്ക് സമ്മാനിച്ചതാണ് ഈ കുസൃതി ചിരി.
ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവർ. എന്നും പരസ്പരം ചിരിക്കുന്നവർ. എന്നോ ഒരു കാര്യവും ഇല്ലാതെ മിണ്ടി തുടങ്ങി. അത് പിന്നെ പതിവായി. കാരണമില്ലാത്ത സംവാദങ്ങൾക്ക് ഒരു കുഴപ്പമുണ്ട്. അത് പിന്നീട് വലിയ കുഴപ്പം പിടിച്ച കാരണങ്ങളിലേക്ക് നമ്മളെ എത്തിക്കും. അത് പോലെ തന്നെ സംഭവിച്ചു. പരസ്പരം അറിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി; അതൊരു വെറും സൗഹൃദമാവില്ല എന്ന്. വേണ്ടെന്നു രണ്ടു പേർക്കും തോന്നിയില്ല. തടയാൻ ആരും വന്നും ഇല്ല. ദിവസം ചെല്ലും തോറും തീവ്രമാവുന്ന ലളിത സുന്ദരമായ അനുരാഗം!
പ്രണയത്തിന്റെ തീവ്രതയിൽ പിന്നീട് വന്ന തടസങ്ങളെല്ലാം നിഷ്പ്രഭമായി. അധികം താമസിക്കാതെ ഞാൻ ആ ചിരി സ്വന്തമാക്കി. അന്ന് മുതൽ ഇന്ന് വരെ എന്റെ വലം കയ്യിൽ അവളുടെ ഇടതുകൈയുണ്ട്! മക്കൾ ജനിച്ചതും, പ്രായം ഒരല്പം ഏറിയതും, അതോടൊപ്പം കുറച്ചു പ്രാരാബ്ധങ്ങൾ കൂടെ കൂടിയതും ഒന്നും അതിനൊരു തടസ്സമായില്ല.
തളരുമ്പോഴെല്ലാം കൂടെ നിൽക്കുന്ന, ഉണർന്നു പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്ന ആ ചിരി എന്നത്തേയും പോലെ ഇന്നും മനസ്സിൽ വെട്ടം നിറച്ചു.
ദൂരെ എങ്ങു നിന്നോ വന്ന തണുത്ത ഒരു കാറ്റ് ഞങ്ങളുടെ തഴുകി കടന്നു പോയി. അതിൽ നിന്നും ഒരല്പം തണുപ്പ് ഞാൻ എന്റെ ഉള്ളിലേക്കെടുത്തു. ആഹാ! വല്ലാത്ത ഒരു സുഖം!
"സ്വപ്നം കാണാതെ വേഗം വാ.. മഴ പെയ്യുംന്നു തോന്നുണു" അവൾ കൈ പിടിച്ചു വലിച്ചു.
"പെയ്യട്ടെ.. കുടയുണ്ടല്ലോ.."
"അയ്യടാ... എനിക്ക് വയ്യ നനഞ്ഞൊട്ടി ദിവസം മുഴുവൻ ഇരിക്കാൻ."
"എനിക്ക് മഴയത്തു നടക്കണം"
"വട്ടു തന്നെ!"
അതിനു ഞാൻ മറുപടി പറഞ്ഞില്ല. അവൾ വേഗത്തിൽ നടന്നും ഇല്ല. അധികം കാത്തു നിർത്തിക്കാതെ മഴ പെയ്തു. കുട നിവർത്തിയപ്പോൾ അവൾ എന്നോട് ഒന്നുകൂടെ ചേർന്ന് നടന്നു.
"പുതുമണ്ണിന് പുത്തൻ മണമായ് ചാറ്റൽ മഴ ചാരുമ്പോൾ
ഇടവഴിയിൽ ഒരു കുടയിൽ നിൻ കൂടെ നടക്കാൻ മോഹം"
ഞാൻ ആ കാതിൽ മൂളി..
"ഇത് ചാറ്റൽ മഴയല്ല. പേമാരിയാ.. വേഗം നടക്ക്"
മഴത്തുള്ളികൾ വീണ മനസ്സിൽ നിത്യയവ്വനമായ അനുരാഗം വീണ്ടും തളിരിട്ടു.
ആര് പറഞ്ഞു ഇവിടെ സ്നേഹമില്ലെന്ന്? ആര് പറഞ്ഞു ഇവിടെ പ്രണയം ഇല്ലെന്ന്?
പരസ്പരം കോർത്തു പിടിച്ചിരിക്കുന്ന ഈ കൈവിരലുകളിൽ തുടിക്കുന്ന സ്പന്ദനങ്ങൾ ആണ് പ്രണയം! മഴ കൊള്ളാതിരിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടി പിടിക്കുന്ന കരുതലാണ് സ്നേഹം! അറിയാതെ തന്നെ ചുണ്ടത്ത് വന്നെത്തിയ പാട്ടിന്റെ ഈരടികൾ ആണ് അനുരാഗം!
എനിക്ക് ചുറ്റുമുള്ള ചിത്രങ്ങൾ പെട്ടന്ന് മാറി!
തന്റെ തിരക്കുകൾക്കിടയിലും മകളെ കൈ വിടാതെ സ്കൂൾ വരെ എത്തിക്കുന്ന അച്ഛന്റെ മനസിലെ സ്നേഹം എന്തെ ഞാൻ കാണാതെ പോയത്?
ദൂരെയുള്ള ഏതോ ഗ്രാമത്തിൽ നിന്നും നഗരത്തിലെ വലിയ ആശുപത്രിയിൽ അമ്മയെ ചികിത്സിക്കാൻ കൊണ്ട് വന്ന മകന്റെ സ്നേഹം എന്തെ ഞാൻ കാണാതെ പോയത്?
ആ സുന്ദരിപ്പെണ്ണിനെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് പിൻതുടരുന്ന ആ നക്ഷത്രക്കണ്ണുള്ള ചെറുപ്പക്കാരൻ.. അവന്റെ കണ്ണിൽ കാമമല്ല.. അത് പ്രണയമായിരുന്നു!
ആവോ.. അറിയില്ല.. ഒരുപക്ഷെ.. എല്ലാം.. എല്ലാം പ്രതിഫലനങ്ങൾ ആണ്!എന്റെ.. എന്റെ മനസിന്റെ പ്രതിഫലനങ്ങൾ!
എന്നാലും അതൊന്നും മിഥ്യയല്ല.. ഞാൻ ഈ നിമിഷം അനുഭവിക്കുന്ന പ്രണയം സത്യമെന്നു എനിക്ക് ഉറപ്പുള്ളിടത്തോളം മറ്റുള്ളവരിൽ ഞാൻ കാണുന്ന സ്നേഹവും പ്രണയവും സത്യമാണ്!
02/09/2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക