Slider

::ചെമ്പൻക്കുന്നിലെ യക്ഷി:: ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ഭാഗം 2

1
::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
ഭാഗം 2
ഭൂതക്കാലത്തിന്റെ നീറുന്ന ചിന്തകളിലേക്കാണ് ആ അപ്പൂപ്പനും കൊച്ചുമകളും തിരിത്തെളിച്ചതെന്ന് മറ്റാരെക്കാളും ശ്രീക്കുട്ടനറിയാമായിരുന്നു.
" പ്രകാശേട്ടാ നമ്മുക്ക് പോയല്ലോ ബാക്കിയൊക്കെ അവരു ചെയ്ത്തോളും."
പ്രകാശൻ എതിരൊന്നും പറഞ്ഞില്ല.
"പ്രകാശാ നീ പോകുവാണോ? നിന്റെ ബൈക്ക് രവി എടുത്തോണ്ട് പോയി. "
"വണ്ടിയങ്ങ് വീട്ടിലെത്തിച്ചാ മതിയെന്ന് പറഞ്ഞേക്ക് എന്റെ കാറിൽ പോയ്ക്കോളാം അച്ചായാ ഞങ്ങൾ."
"ഓ.. ആയിക്കോട്ടേ. ചങ്കും ചങ്കൂടി ചേർന്നപ്പോൾ പിന്നെ അവനു നമ്മളെ വേണ്ട."
ശ്രീക്കുട്ടൻ ഒന്നു ചിരിച്ചു. പ്രകാശൻ തിരിഞ്ഞുപ്പോലും നോക്കതെ നടന്നു.
കാറിൽ കയറിയിരുന്നെങ്കിലും പ്രകാശന്റെ മനസ്സ് നിയന്ത്രണങ്ങൾക്കുമപ്പുറമായിരുന്നു. ശ്രീക്കുട്ടന് പ്രകാശന്റെ മനസ്സ് വായിക്കാൻ കഴിയുന്നുണ്ടായിരുന്നു. പ്രകാശനെ അവന്റെ ഓർമ്മകൾക്ക് വിട്ട് കൊടുത്തിട്ട് ശ്രീക്കുട്ടനും മൗനം പാലിച്ചു.
***
ആദിത്യ വിലാസം ദേവസ്വം ബോർഡ് കോളേജ്. പൂരത്തിനൊരുങ്ങിയിറങ്ങിയ ഗജവീരനെപ്പോലെ തലയുയർത്തിപ്പിടിച്ചുള്ള നിൽപ്പ് തന്നെയൊരു ചന്തമാണ്.
കോളേജ് ജീവിതം അതൊരു ഉത്സവമായിരുന്നു.
ആ ഉത്സവനാളുകളിലാണ് വെള്ളാരം കണ്ണുക്കാരി പ്രകാശന്റെ പ്രിയതമയാകുന്നത്. പ്രണയം തുറന്ന് പറയാൻ തോന്നിയ പേടി, അത് സൗഹൃദമെന്ന മുഖംമൂടിയ്ക്ക് പിന്നിൽ മറഞ്ഞു നിൽക്കാൻ അവനെ നിർബന്ധിതനാക്കി. തന്റെ കളിക്കൂട്ടുക്കാരി രേണുകയിലൂടെയാണ് അവളുമായൊരു സൗഹൃദത്തിന് പോലും കഴിയുന്നത്.
"എടാ പ്രകാശാ രാജേട്ടന്റെ കാര്യം നീ വീട്ടിൽ പറയുമെന്ന് ഭീക്ഷണിപ്പെടുത്തിയത് കൊണ്ടു മാത്രമാണ് ഞാൻ ഇതിന് കൂട്ട് നിൽക്കുന്നത്. ടാ കന്യാസ്ത്രീയാവാൻ മഠം തീരുമാനിച്ച പെണ്ണാണ്ണവൾ"
" മഠം തീരുമാനിച്ചതല്ലേ ഉള്ളൂ ആയില്ലല്ലോ. നീ ഞാൻ പറയുന്നത് കേട്ടാ മതി."
"കൂടുതൽ പേടിപ്പിക്കല്ലേ, പറഞ്ഞേക്കാം "
"പേടിപ്പിക്കാനോ, നീയെന്റെ പൊന്നല്ലയോടി, നിന്നോടല്ലാത്തെ ആരോടു പറയാനാടാ ഞാനിത്?"
"അയ്യോ അവന്റെയൊരു സോപ്പിങ്ങ്. ങ്ഹാ ദേയ് വരുന്നു അവൾ. ഒരു കാര്യം പറഞ്ഞേക്കാം ഞാൻ മുട്ടിച്ച് തരും ബാക്കിയൊക്കെ നിന്റെ കൈയ്യിലാ കേട്ടല്ലോ."
"ഉം "
"ഹായ് രേണുക ചേച്ചി വന്നിട്ട് ഒത്തിരിയായോ? ഞങ്ങൾക്കാ ജോസഫ് സാറിന്റെ ക്ലാസായിരുന്നു. പഠിപ്പിച്ച് കൊതിതീരാത്ത മനുഷ്യൻ."
" സൂപ്പർ ബോറിംഗ് ആരുന്നെന്ന് ചുരുക്കം. ഇതാണ് പ്രകാശൻ ഞാൻ പറയാറില്ലേ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ പറ്റി. "
"അയ്യോ ഇതാരുന്നോ?''
ആ ചോദ്യം പ്രകാശനെ തെല്ലൊന്ന് അമ്പരപ്പെടുത്തി.
" അതെന്താ ഞാൻ പ്രകാശനായാൽ പറ്റില്ലേ?"
പ്രകാശനു സംസാരം തുടങ്ങി വയ്ക്കാനുള്ള യൊരു കച്ചിത്തുരുമ്പായിരുന്നു അത്
"അതല്ല ഞാൻ ചേട്ടനെ ഒരുപാട് കണ്ടിട്ടുണ്ട്. രേണുകേച്ചി പറഞ്ഞ് ഒരുപാട് കേട്ടിട്ടുമുണ്ട്. പക്ഷേ കണ്ടാളും കേട്ടാളും ഒന്നാന്ന് ഇപ്പോഴാ അറിഞ്ഞേ. "
അവളുടെ സംസാരം അവർക്കിടയിൽ ചിരിയുണർത്തി.
"അപ്പോഴേ കണ്ടാളും മിണ്ടിയയാളും കൂടി ഇവിടിരി എനിക്കിത്തിരി പണിയുണ്ട്. തനിക്ക് അടുത്ത ഹവർ ആരുടെ ക്ലാസാ ?
"ലീന മിസ്സിന്റെ, മിസ്സ് ലീവായോട് ഫ്രീയാണ്. ചേച്ചിയ്ക്കോ?"
" പഠിപ്പിര് ഭൂതത്തിന്റെ, ജോസഫ് മാർക്കോസ് കുന്നേൽ. അതുകൊണ്ട് നിനക്കൊരു ഗുണമുണ്ടായി. കത്തിവയ്ക്കാൻ ഇവനുണ്ടാകും കൂട്ടിന്. ഇവനൊക്കെ അങ്ങേരുടെ ക്ലാസ് എപ്പിഡപ്പിയാ."
" രേണു എന്റെ റെക്കോർഡ് വെച്ചോടി?''
"ഹോ അവന്റെ ചോദ്യം കേട്ടത്തോന്നും അവൻ റെക്കോർഡ് എല്ലാം എഴുതി എന്നെ ഏൽപ്പിച്ചേക്കുവാണെന്ന്. തമ്പുരാന്റെ റെക്കോർഡ് എല്ലാം എഴുത്തി ഇന്നലെത്തന്നെ വെച്ചാരുന്നു. എനിക്ക് ഇനി കുറച്ച് കൂടിയുണ്ട്. ഇന്ന് ലാസ്റ്റ് ദിവസമാണ്. "
അവൾ തലേന്ന് അവളുടെ റെക്കോർഡ് ചെയ്തത് പ്രകാശൻ കണ്ടതാണ്. ഇത് അവനു വേണ്ടി ഒഴിഞ്ഞു കൊടുത്തതാണെന്നും അറിയാം. അവൾ നടന്ന് പോകുന്നത് അവൻ നോക്കിയിരുന്നു. രേണുക പോയതിൽ പിന്നെ ഒരു നിശബ്ദത അവരിൽ തളംകെട്ടി. പറയാൻ ഒരുപാട് ഉണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തത് പോലെ.
പ്രകാശൻ കസേരയിൽ നിന്നും എണീറ്റു.
"വാ നമ്മുക്ക് ഒന്ന് നടക്കാം."
" പ്രകാശോ ടാ മോനേ ഇലക്ഷൻ ഒക്കെ വരുവാണേയ്."
" അത് ഞാനെറ്റന്നേ. റഫീക്കേ പിന്നൊരു കാര്യം നീയൊക്കെ ജയിച്ചാലും ഇല്ലേല്ലും എന്റെ കാര്യം നടക്കണം പറഞ്ഞേക്കാം."
"അതൊക്കെ ഏറ്റടാ."
"അത് ആ SYK യുടെ നേതാവല്ലേ. അപ്പോ പ്രകാശേട്ടൻ SYK ആണല്ലേ."
"അല്ലെന്റെ കന്യാസ്ത്രീ കൊച്ചേ, നമുക്ക് ഒരു പാർട്ടിയുമില്ല, ഈ പാർട്ടിക്കാർക്ക് വേണ്ടി മുദ്രവാക്യം എഴുതി കൊടുക്കും. അത്രേയുള്ളൂ ഇലക്ഷനായാൽ ഈ കോളേജിലെ സ്റ്റാർ പിന്നെ നമ്മളല്ലേ."
"ഹോ അപ്പോ എഴുതുമോ?"
"അതൊക്കെ വിട് കവിയരങ്ങിൽ പാടിയ കവിത ആരുടെയായിരുന്നു."
''ഏതോ ഒരു പ്രകാട്, പക്ഷേ സൂപ്പർ വരികൾ ആയിരുന്നു. കഴിഞ്ഞ വർഷത്തെ മാഗസ്സിനിൽ കണ്ടതാ. എന്താ ഇഷ്ടപ്പെട്ടോ. "
" സ്വന്തം കവിത മറ്റൊരാൾ പാടി കേൾക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണേയ്."
"ങ്ങേയ് സ്വന്തം കവിതയോ ദേയ് വെറുതേ പുളു പറയല്ലേ. "
"ഇതിപ്പോ ഞാൻ DNA ടെസ്റ്റ് നടത്തി കാണിയ്ക്കേണ്ടി വരുവോ?
പ്രകാശൻ.D യെ ചുരുക്കി ഞാനുണ്ടാക്കിയതാണ് പ്രകാട് എന്ന പേര്."
"അയ്യോ എന്റെ യേശുവേ എനിക്ക് വിശ്വസിക്കാൻ വയ്യ. എന്റെ മാതാവേ ചേട്ടാ നിങ്ങളു വലിയ എഴുത്തുക്കാരനാവും അത്ര നല്ല എഴുത്താണ്."
അവരുടെ സംസാരങ്ങൾ വരിതെറ്റാതെ പോകുന്ന ഉറുമ്പിൻ കൂട്ടത്തെപ്പോലെ ഒന്നിനു പിറകേ ഒന്നായി ഗമിച്ചു കൊണ്ടേയിരുന്നു. കോളേജ് ദിനങ്ങൾ പലതായി കടന്നുപോയി. പല ദിനങ്ങളിലും കോളേജിലെ ആ വലിയ വാകമരച്ചുവട്ടിൽ കെട്ടിയിട്ട കൽപ്പടവുകൾ അവർക്കായി മാത്രമായി ഒഴിഞ്ഞുകിടന്നു. അവിടെ ചേർന്നിരുന്ന നിമിഷങ്ങളിൽ ഇടയ്ക്കെങ്കിലും അവരുടെ ഹൃദയങ്ങൾ ശൂന്യമായി. നിവർത്തിയിട്ട വെള്ള പേപ്പർ പോലെ ശൂന്യം. പ്രണയം തുറന്ന് പറയാൻ മടിച്ച പ്രകാശിന്റെ മനസ്സ് അവളുടെ അകൽച്ചകളെ ഭയന്നു. ശൂന്യത പ്രണയത്തെ ചൂണ്ടി കാണിച്ചാലൊന്ന് നിനച്ച് അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. എന്തിനു വേണ്ടിയെന്ന് പ്പോലും അറിയാത്ത കുറേ അർത്ഥമില്ലാത്ത സംസാരങ്ങൾ.
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി അവളോടുള്ള പ്രണയം സൗഹൃദമായി മാത്രം നിലനിർത്താനേ പ്രകാശനു കഴിഞ്ഞുള്ളൂ.
കോളേജ് ദിനങ്ങൾ കഴിയാൻ പോകുന്നു. ഇനി എണ്ണിയെടുക്കാവുന്ന നാളുകൾ. പ്രകാശന്റെ ഹൃദയം തീച്ചൂളയിൽ എന്നവണ്ണം എരിഞ്ഞമരാൻ തുടങ്ങി.
ഹൃദയത്തിലേക്ക് രണ്ട് രക്തക്കുഴലുകളാണെന്ന് അവനറിയാം. സിരയും ധമനിയും. എന്നാൽ അവനിൽ അത് ഒന്നു മാത്രമായി അവളോടുള്ള പ്രണയം വഹിക്കുന്ന കുഴൽ. ആ ഹൃദയം ത്തുടിച്ചത് പോലും അവളുടെ സ്നേഹത്തിന് വേണ്ടിയായിരുന്നു. ഇഴപ്പിരിയാത്ത വിധം അവനിലേക്ക് പിണഞ്ഞു കിടന്ന വള്ളിയായിരുന്നു അവൾ.
"പറയണം എല്ലാം തുറന്ന് പറയണം നഷ്ടപ്പെടുത്താൻ വയ്യ. അവൾ ഇല്ലാത്തെയായാൽ പിന്നെ ഞാനില്ല."
നിനക്ക് പറയാൻ ബുദ്ധിമുട്ടാണേൽ ഇനി ഞാൻ പറയാം എന്ന രേണുകയുടെ സപ്പോർട്ട് കൂടിയായപ്പോൾ പ്രകാശൻ മനസിലുറപ്പിച്ചു. ഒരു പള്ളിയ്ക്കും അവളെ വിട്ട് കൊടുക്കില്ലെന്ന്.
കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ അവളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അവൾ പറ്റില്ലെന്ന് പറഞ്ഞാൽ ഭ്രാന്ത് പിടിക്കും. ചിന്തകളുടെ തിരമാലകൾ തേനിച്ച കൂട്ടത്തെപ്പോലെ അവന്റെ തലച്ചോറിൽ മൂളിപ്പറന്നു.
പെട്ടെന്നാണ് ഒരു കൈവന്ന് അവന്റെ പുറത്ത് തട്ടിയത്. ചിന്താപ്രളയത്തിൽ നിന്നും ഞെട്ടിത്തിരിഞ്ഞപ്പോൾ പിറകിൽ രേണുക.
" എന്താടി മനുഷ്യനെ പേടിപ്പിക്കുന്നേ?"
"ഒന്ന് തൊട്ടാൽ പേടിയ്ക്കാൻ ഉള്ളതേയുള്ളോ നീ."
" എന്താ കാര്യമെന്ന് പറയടീ ഉരുളത്തെ."
" കാര്യം ചേന, അവളിന്ന് വന്നിട്ടില്ല അത്രതന്നെ."
" വന്നില്ലേ അതെന്താ?"
" പള്ളി പോയി ചോദിക്ക്, അവർക്കേ അറിയൂ എനിക്കറിയില്ല. അന്നേ ഞാൻ പറഞ്ഞേയാ ഇതൊന്നും വേണ്ടാന്ന്."
" നിന്റെ കയ്യിൽ അവളുടെ നമ്പർ ഉണ്ടോ?"
"അവളുടെ കയ്യിൽ സതി ചേച്ചിടെ നമ്പർ ഞാൻ കൊടുത്തായിരുന്നു. അല്ലാതെ അവൾ മoത്തിലെ നമ്പരൊന്നും തന്നില്ല."
തലച്ചോറിനുള്ളിൽ തേനീച്ചക്കൂട്ടങ്ങൾ കുത്തി വേദനിപ്പിക്കാൻ തുടങ്ങി.
" ഹോ എനിക്ക് ഭ്രാന്ത് പിടിക്കുന്നു."
" ഇന്നൊരു ദിവസം സമാധാനിയ്ക്ക് നീ, നാളെ അവൾ വരുമല്ലോ."
പിണഞ്ഞു കിടന്ന വള്ളികളിൽ ഒന്ന് കരിഞ്ഞുണങ്ങി മണ്ണിൽ ലയിക്കുന്ന പോലെത്തോന്നി. അവൻ ഏകനായ പോലെ.
കോളേജ് വരാന്തകളിൽ ഉയർന്ന് കേട്ട മുദ്രവാക്യങ്ങൾ, സൗഹൃദങ്ങള്‍, അടിപ്പിടിബഹളങ്ങള്‍, കോളേജ് ഡേ, കാന്റീനിലെ സുന്ദര നിമിഷങ്ങൾ, കാന്റീൻ ബാബു ചേട്ടന്റെ പഴക്കമുള്ള പഴംപ്പൊരിയും, പൊറോട്ടയും കറിയും, കന്യാസ്ത്രീ കൊച്ചിന്റെ അടുക്ക് പാത്രത്തിൽ തനിക്കായി മാത്രം കൊണ്ട് വരാറുള്ള കള്ളപ്പം, പ്രണയത്തെ സൗഹൃദമാക്കി മാറ്റി തണലേകിയ വാകമരങ്ങള്‍, കൽപ്പടവുകൾ,ക്ലാസ്സ് കട്ട് ചെയ്തു അവളുമായി ചിലവഴിച്ച നിമിഷങ്ങൾ, അവളുടെ വെണ്ണാരം കണ്ണുകളുടെ തിളക്കം, ഒളിച്ചും പാത്തും ഉള്ള നല്ല സോയപ്പൻ വൈനടി, കോളേജ് രാഷ്ട്രീയത്തില്‍ ഉണ്ടായ തല്ലുകളിൽ ചുമ്മാതെ ഇടിച്ചു കയറി കീറി പറിച്ച ഉടുപ്പുകൾ, ആര്‍ട്ട് ഫെസ്റ്റിവലിൽ അവൾ പാടിയ കവിത, കോളേജ് ടൂര്‍, അങ്ങിനെ അങ്ങിനെ പലതും അവന്റെ മനസിലൂടെ ശരവേഗത്തിൽ ഓടി മറഞ്ഞു. എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രമാകാൻ പോകുന്നു. ഒരിക്കലും തിരിച്ചു കിട്ടിത്ത ഈ ദിനങ്ങളോടൊപ്പം ആ വെള്ളാരം കണ്ണുകൾ ദൂരേക്ക് ഓടി മറയുന്നതവൻ കണ്ടു. എവിടെയെക്കേയോ ഒരു നൊമ്പരം. നീറിപ്പുകഴുന്ന ഉള്ളം. കണ്ണുകൾ ചാലുകൾ സൃഷ്ടിക്കാൻ തുടങ്ങി.
കൊഴിയാൻ തുടങ്ങുന്ന ഓര്‍മ്മകളിൽ മനസ്സില്‍ അവൾ മാത്രം നിറഞ്ഞു നിന്നു.
അവളില്ലാത്ത ആ ദിനം കഴിഞ്ഞു. അടുത്ത ദിനവും ഉദിച്ചസ്തമിച്ചു, അവൾ വന്നില്ല. മൂന്നാം ദിനവും പിറന്നു. അവൾ ഇന്നും വന്നില്ല. ഇനി കാത്ത് നിൽക്കാൻ നിവർത്തിയില്ല. വർക്ക്ഷോപ്പിലെത്തി രാജനോട് കാര്യമെല്ലാം പറഞ്ഞു. നേരുത്തേ രേണുകയെല്ലാം പറഞ്ഞിട്ടുള്ളത് കൊണ്ട് വലിച്ചു നീട്ടലിന്റെ ആവിശ്യം വന്നില്ല. രണ്ടുപേരും കൂടി രാജന്റെ സ്കൂട്ടറിൽ മഠം ലക്ഷ്യമാക്കി പാഞ്ഞു.
മഠം, രണ്ടാൾ പൊക്കത്തിൽ മതിൽക്കെട്ടിയിട്ടിരിക്കുന്നു. അകത്തുള്ള ഒരു കുഞ്ഞിനെ പോലും കാണാൻ കഴിയുന്നില്ല. ഗേറ്റിൽ ഒരു കിളവൻ സെക്യൂരിറ്റി. ആദ്യത്തെ രണ്ടു തവണത്തെ ഞങ്ങളുടെ റൗണ്ട് അടിയിൽ സംശയം തോന്നിയ അയാൾ മൂന്നാമത് വന്നപ്പോൾ ഇരുന്നിടത്ത് നിന്ന് ഒന്ന് എഴുന്നേറ്റു. രാജു സ്കൂട്ടർ നിർത്താതെ പാഞ്ഞു പോരുന്നു.
" അയാളോട് ഒന്നു ചോദിച്ചു കൂടാരുന്നോ അവളെയൊന്നു കാണാൻ പറ്റുമെന്ന്."
" വേണ്ടടാ പ്രകാശാ, അത് വിഡ്ഢിത്തമായി പോകും. കഴിഞ്ഞ രണ്ട് തവണയും ഇവിടെ കന്യാസ്ത്രീകളാവാൻ നിന്നവർ ഒളിച്ചോടിപ്പോയ ചരിത്രം ഉണ്ട്. അവർക്കിന്നി നമ്മളെ സംശയം വല്ലതും തോന്നിയാൽ ഇവർ അവളെ ഇവിടെ നിന്നും മാറ്റും പിന്നെയൊരു രക്ഷയുമില്ല."
"പിന്നെ ഇനി എന്താണൊരു മാർഗ്ഗം?"
"നീ ടെൻഷൻ ആവണ്ടാ നമ്മുക്ക് നാളെ രേണുകേ പറഞ്ഞു വിടാം അവളാകുമ്പോൾ കാര്യങ്ങൾ നന്നായി ചെയ്തു കൊള്ളും."
"ടീ രേണു നീ പോകുന്നില്ലേ?"
"നേരമൊന്ന് വെളുത്തോട്ടെടാ, 7 മണി പോലും ആയില്ല."
"നീ ഒരുങ്ങാൻ നോക്ക് ഒരുങ്ങി തീരുമ്പോ പോകാനുള്ള സമയമാകും."
"ഞാൻ പോണിലെന്ന് വെച്ചല്ലോ അപ്പോ ഒരുങ്ങേണ്ടല്ലോ"
"ടീ ചുമ്മാ തമാശ കാണിയ്ക്കല്ലേ."
"രേണുകേ നിനക്ക് ഫോണുണ്ട്." സതി ചേച്ചിയാണ് വിളിച്ച് പറഞ്ഞത്.
"ഉം ചെല്ലടി ചെല്ല് എന്നിട്ട് പോണില്ലെന്ന് നീ അവനോട് പറ അവൻ നിനക്കുള്ളത് തരും."
സതി ചേച്ചിയുടെ വീട്ടിൽ രേണുകയെ വിളിക്കാറുള്ള ഒരേയൊരാൾ രാജനായിരുന്നു.
ഫോണിംഗ് പ്രോഗ്രം കഴിഞ്ഞ് രേണു നേരെ വന്നത് പ്രകാശന്റെ അടുത്തേക്കായിരുന്നു.
അവൾ അവന്റെ അടുത്ത് പടിയിൽ ചാരിയിരുന്നു.
"എന്താടി പുല്ലേ നിനക്കൊരു സങ്കടം നിന്നെ അവൻ വേണ്ടാന്ന് പറഞ്ഞോ? പോയവരെല്ലാം പോകട്ടേടി. നീ ഒരുങ്ങി പോകാൻ നോക്ക്."
" അവളു പോയടാ."
"ഏതവൾ''
" നിന്റെ വെള്ളാരംകണ്ണി കന്യാസ്ത്രീ കൊച്ച്."
"അവളെവിടെ പോയെന്ന്,?"
" അവളാ ഇപ്പോ വിളിച്ചേ അവർക്ക് കന്യാസ്ത്രീയാവാൻ ഏതോ ഒരു കോഴ്സ് ഉണ്ടെന്ന്. ആ കോഴ്സിന് പോയി അവൾ ഇനി രണ്ടു വർഷം കഴിഞ്ഞേ വരൂ. നിന്നോട് പറഞ്ഞേക്കണെന്ന് പറഞ്ഞു. "
പ്രകാശൻ കൈയിലിരുന്ന ചായ ഗ്ലാസ് നിലത്തെറിഞ്ഞു പൊട്ടിച്ചു. ഒരു ഭ്രാന്തനെ പോലെ അവൻ ചാടിയേണിറ്റു.
" ഇല്ല ഞാൻ സമ്മതിയ്ക്കില്ല. എന്നെ വിട്ട് എവിടെയും പോകാൻ ഞാൻ അനുവദിക്കില്ല. എന്നിൽ നിന്ന് അകറ്റി അവർക്ക് അവളുടെ ശവമേ ഇവിടുന്ന് കൊണ്ട് പോകാൻ കഴിയൂ."
പ്രണയം അവനെയൊരു ഭ്രാന്തനാക്കിയെന്ന് രേണുക തിരിച്ചറിഞ്ഞു. അവൾ ഇടറിയ ശബ്ദത്തോടെ അവനെ വിളിച്ചു.
'' പ്രകാശാ... "
(തുടരും)

Sumitha
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo