Slider

മമ്മൂട്ടി v / s മോഹൻ ലാൽ !

0
മമ്മൂട്ടി v / s മോഹൻ ലാൽ !
വിവാഹം ഉറപ്പിച്ച വേളയിൽ ഞാൻ പ്രവാസത്തിലായതിനാൽ ഭാവി വധുവിനോടെ അധികം സംസാരിക്കാൻ അവസരം കിട്ടിയില്ല. പെണ്ണുകാണലും ഉറപ്പിക്കലും എല്ലാം എടുപിടീന്ന് അങ്ങ് കഴിഞ്ഞു .വിവാഹത്തിന് രണ്ടു ദിവസം മുന്നേ നാട്ടിലെത്തി അവളോട് സംസാരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഞാനറിഞ്ഞത്. അവൾ ഒരു കട്ട ലാൽ ഫാൻ.
.ഞാനാണേലോ ഊണിലും ഉറക്കത്തിലും മമ്മൂക്ക എന്ന് ജപിക്കുന്ന കട്ട മമ്മൂക്ക ഫാൻ.
കെട്ടുന്ന പെണ്ണിന് മുടിവേണം നിറം വേണം എന്നൊക്കെ ബ്രോക്കറിനോട് പറഞ്ഞ കൂട്ടത്തിൽ ഒരു മമ്മൂക്ക ഫാനിനെ വേണമെന്ന് പറയാൻ വിട്ടുപോയി..അല്ലേലും പെൺ വിഷയത്തിൽ ഞാൻ വളരെ നെർവ്‌സ് ആണ്..
വിവാഹം കഴിഞ്ഞു ആദ്യരാത്രിയിൽ പാലുമായി നാണം കുണുങ്ങിവന്നു അവൾ മൊഴിഞ്ഞു –“ലാൽ സലാം”
തിരിയെ പറയാൻ ഒന്നും കിട്ടാതെ ഞാൻ അവളുടെ മുടിയിഴകൾ മാടിയൊതുക്കി ഒരു പാട്ടങ്ങു പാടി..
“എന്തിനു വേറൊരു സൂര്യോദയം നീയെൻ
പൊന്നുഷ സന്ധ്യയല്ലേ ?”
വിറയാർന്ന എന്റെ വിരലുകൾ മനോഹരമായ അവളുടെ വെളുത്ത വിരലുകളിൽ കൂട്ടിയിണക്കി വട്ടം കറങ്ങി അവളും പാടി..
“ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പഴത്തിൽ”
പുതു മോടിയായതിനാൽ വലിയ അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിച്ചില്ല
കല്യാണവും മധുവിധുവും കഴിഞ്ഞു ഞാൻ വീണ്ടും പ്രവാസത്തിലേക്കു മടങ്ങി.
പ്രവാസം നിർത്തി നാട്ടിലൊരു ചെറിയ കട തുടങ്ങാൻ ആലോചന തുടങ്ങിയപ്പോൾ അവൾക്കു ആ കടക്കു “കിലുക്ക”മെന്നു പേരിടണം പോലും... അത്യാവശ്യം കിലുക്കാംപെട്ടിയും കുട്ടി കളിപ്പാട്ടങ്ങളും ഉള്ള കടയാണ്.
കടക്കു “ഹിറ്റ്ലർ” എന്ന പേരിടണമെന്ന വാശിയിൽ ഞാൻ നിന്നു. നാട്ടിൽ നിന്നും കുറച്ചു നാൾ മാറിനിന്നതിനാൽ പേര് കേൾക്കുമ്പോൾ എല്ലാവരെയും ഒന്ന് വിറപ്പിക്കണം എന്ന ഉദ്ദേശ്യമേ അതിനു പിന്നിൽ ഉണ്ടായിരുന്നുള്ളു... എന്നാൽ പിന്നെ “ഭാസ്കർ ദി റാസ്കൽ” എന്നാവട്ടെ എന്നായി അവൾ..
“നീ പോടീ കൂതറെ”- എന്ന് ഞാനും
ഒടുവിൽ വീട്ടുകാർ ഇടപെട്ടു ലോട്ട് ഇടാമെന്നു തീരുമാനായി.. മമ്മൂക്ക എന്നെ കൈ വെടിഞ്ഞില്ല. അങ്ങിനെ ഞാൻ കട തുടങ്ങി - ഹിറ്റ്ലർ സ്റ്റേഷനെറിസ്
ഞങ്ങൾക്കൊരു മകൻ ജനിച്ചപ്പോൾ അവൾ പിന്നെയും തുടങ്ങി. കടക്കു മമ്മൂട്ടിയുടെ പേരല്ലേ.. മോന് മോഹൻ ലാൽ എന്ന് പേരിടണം പോലും..
അതൊക്കെ പഴയ പേരല്ലേ അവൻ വലുതാവുമ്പോൾ നമ്മളെ ചീത്തപറയും എന്ന് പറഞ്ഞു അവളെ ഒതുക്കാൻ ഞാൻ നോക്കി.
മമ്മൂക്ക എന്ന് പേരിടണമെന്നു ഒരു ഹിന്ദുവായ എനിക്കു പറയാൻ പറ്റില്ലലോ ..എന്നാൽ മാമുക്കോയ എന്നാക്കാം എന്നാ വിവരദോഷി പറയും
ഒടുവിൽ ലാലിൻറെ പേരിലെ ലാൽ മാത്രം കടമെടുക്കാമെന്നായി അവൾ.. അങ്ങിനെ ശ്രീ ലാൽ എന്ന പേര് ഞങ്ങൾ മകനിട്ടു....
ഞാൻ അവനെ ശ്രീകുട്ടാ എന്ന് വിളിച്ചപ്പോൾ അവൾ ലാലു എന്ന് വിളിക്കാൻ തുടങ്ങി. മോഹൻ ലാലിൻറെ 'അമ്മ അയാളെ അങ്ങിനെ യാണ് പോലും വിളിക്കുന്നത്... കാര്യം വിവരം കുറവാണേലും ലാലിനെ കുറിച്ച് ചോദിച്ചാൽ അവൾ അരച്ച് കലക്കി കുടിച്ച പോലെ ഏതുറക്കത്തിലും എന്തും പറയും. കല്യാണം കഴിഞ്ഞു കൊല്ലം മൂന്നായിട്ടും ഒരു മീൻ കറി നേരെ ചൊവ്വേ വെക്കാൻ അറിയാത്തവൾ . മോഹൻ ലാലിനെ ഗൂഗിളിൽ തിരയുന്ന നേരത്തു അമ്മച്ചിയുടെ അടുക്കളയിൽ കയറി വല്ല പാചകവും പഠിക്ക് എന്ന് പറഞ്ഞാൽ അവൾക്കൊട്ടു നേരമില്ല
മകൻ നടന്നു തുടങ്ങിയപ്പോൾ അവനൊരു ചെരിവുണ്ടോ യെന്നെനിക്കൊരു സംശയം.. ആണുങ്ങളെ പോലെ നിവർന്നു നടക്കെടാ എന്ന് ഭാര്യയുടെ മുന്നിൽ വെച്ചും മമ്മൂക്കയെ പോലെ നെഞ്ചു വിരിച്ചു നടക്കാൻ അവൾ ഇല്ലാത്തപ്പോഴും ഞാൻ അവനോട് ഓതി....
അവൻ വിരുതൻ.. ഭാര്യക്ക് വേണ്ടി ചരിഞ്ഞും എനിക്ക് വേണ്ടി നിവർന്നു നടക്കാൻ പഠിച്ചു കഴിഞ്ഞു .
മമ്മൂട്ടിയുടെ സിനിമ കുടുംബസമേതം ആദ്യദിവസം ഞാൻ പോയി കാണും."ഇന്ന് തന്നെ കണ്ടോ അല്ലേൽ പടം നാളെ കാണില്ല "എന്നായി അവൾ..
ലാലിൻറെ പടത്തിനു ഓരോ ഒഴിവു കഴിവ് പറഞ്ഞു നീട്ടി കൊണ്ടുപോവുമ്പോൾ അയാളുടെ സിനിമ ഓടുന്ന നൂറു ദിവസം! ഞാനെങ്ങനെ അവളുടെ മുഖത്ത് നോക്കും ?
മകന് നാല് വയസായി. തന്റെ പേര് പൃഥ്വി രാജെന്നോ നിവിനെന്നോ ഇട്ടിലല്ലോ എന്നാണവന്റെ പരാതി .എങ്കിലും നാലുവയസുകാരന്റെ ആരാധനാപാത്രം ഇവരൊന്നുമല്ല.. രണ്ടാമത്തെ മകൻ ജനിച്ചപ്പോൾ മൂത്തവന് വാശി.. അവന്റെ ആരാധന പാത്രത്തിന്റെ പേര് തന്നെ അനിയന് ഇടണമെന്നു . കുട്ടികളുടെ വാശി പറയാനുണ്ടോ ..
ഇതാ ഇപ്പോൾ മുറ്റത്തു ഓടിനടക്കുന്നു അവന്റെ അനിയൻ കൊച്ചു പ്രേമൻ!! Sanee John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo