'' ദേ അപ്പുറത്തു പണിക്കാര് വന്നിട്ടുണ്ട് ട്ടോ ''
അമ്മ അച്ഛനെ വിവരമറിയിക്കുന്നത് കേട്ട് ഞാൻ പറമ്പിലേക്കോടി . അങ്ങേതൊടിയിലെ മൂലയിലെ മുത്തശ്ശി മാവിന്റെ ചുവട്ടിൽ കുറച്ചു പേര് സംഘം ചേർന്ന് നില്പുണ്ട് . അവർക്ക് വേണ്ട നിർദേശം കൊടുക്കുന്നത് എന്റെ അച്ഛനും .
മാവു പൂത്ത് മാമ്പഴം കായ്ക്കുന്ന കാലത്ത് ആകാശമൊന്നു മുഖം കറുപ്പിച്ചാൽ എന്റെ ഉള്ളം തെളിയുമായിരുന്നു . കാറ്റോ മഴയോ ഇക്കിളി കൂട്ടി മുത്തശ്ശി മാവ് തന്റെ മാറിൽ ചേർത്ത് പിടിച്ചിരിക്കുന്ന മാമ്പഴം താഴെ എത്തിക്കും . നല്ല മധുരമുള്ള ആ മാമ്പഴം എത്ര കഴിച്ചാലും മതിയാകില്ല . അവിടെ ഞാനൊരു കൊതിയനായി മാറും . മാമ്പഴം കഴിക്കുമ്പോൾ കയ്യിലൂടെ ഒലിച്ചിറങ്ങുന്ന നീര് നക്കി കുടിക്കുന്നത് കാണുമ്പോൾ പലരും കളിയാക്കും . പക്ഷെ അത്ര മാത്രം രുചികരമായിരുന്നു മുത്തശ്ശി മാവിലെ മാമ്പഴത്തിന് . ആ മാവിന് മുറിച്ചു കളയാൻ പോകുന്നു . എന്റെ ഇളം മനസ്സിൽ എന്തോ വേദന തളം കെട്ടി .
'' അച്ഛാ ... വേണ്ട അച്ഛാ ... മുറിക്കല്ലേ എന്ന് പറ അച്ഛാ ''
എന്റെ കുഞ്ഞു നിലവിളികളൊന്നും അച്ഛൻ ചെവി കൊണ്ടില്ല . അച്ഛനിലെ കച്ചവടക്കാരൻ ആ സ്ഥലമെങ്ങനെ കെട്ടിടം നിർമിച്ചു വാടകക്ക് കൊടുക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു . അതിനു വേണ്ടി കരാര് കാരനെയും അച്ഛൻ വിളിച്ചു വരുത്തിയിട്ടുണ്ട് . അവർക്കു മുന്നിൽ എന്റെ തേങ്ങലിനു ശബ്ദത്തിനു ശക്തി പോരായിരുന്നു .
മുത്തശ്ശി മാവിന്നും മാമ്പഴം പ്രസാദിക്കാൻ മാറിൽ ചേർത്ത് പിടിച്ചിട്ടുണ്ട് . ഇന്നലെയും വൈകുന്നേരം ദൂരദർശനിലെ നാല് മണി സിനിമയുടെ ഇടവേളകളിൽ പല വട്ടം ഞാൻ മാവിൻ ചുവട്ടിലെത്തിയിരുന്നു . സിനിമ കഴിയുന്നത് വരെ കാത്തിരുന്നാൽ സിനിമ കാണാൻ വന്ന അയൽ വീട്ടിലെ കുട്ടികളും മാവിൻ ചുവട്ടിലേക്കോടും . ആർക്കാണ് മാമ്പഴം കഴിക്കാനുള്ള ഭാഗ്യം ലഭിക്കുക എന്ന് തീർച്ചയില്ലാത്തത് കൊണ്ടാണ് ഞാൻ എന്നും പരസ്യങ്ങളുടെ ഇടവേളകളിൽ മാവിൻ ചുവട്ടിലേക്കോടുന്നത് . ഇന്നലെ വൈകുന്നേരം വന്നപ്പോൾ മാമ്പഴമൊന്നും കാണാതെ വിഷമിച്ചിരുന്ന എന്റെ മുന്നിലേക്ക് മാവിൻ കൊമ്പിലിരുന്ന കാക്കയുടെ അശ്രദ്ധ കാരണമോ എന്തോ ഒരു മാമ്പഴം വീണതും . ഞാനതു ആർത്തിയോടെ കഴിച്ചതുമാണ് .
പണിക്കാരിൽ രണ്ടു പേര് മാവിൽ കയറി അതിന്റെ ശിഖരങ്ങൾ വെട്ടി മാറ്റി . താഴേക്ക് ശക്തിയോടെ വീഴുന്ന ശിഖരങ്ങൾക്കിടയിൽ നിന്നും കുറച്ചു മാമ്പഴം എന്റെ മുന്നിലേക്ക് തെറിച്ചു വീണു . ഞാൻ അതിൽ നിന്നും രണ്ടെണ്ണം കയ്യിലെടുത്തു . ഇന്നലെ വരെ കാത്തിരിക്കുന്നു കാത്തിരുന്നു ആർത്തിയോടെ കഴിച്ച അതെ മാവിലെ മാമ്പഴമാണ് ഇന്നിപ്പോൾ എന്റെ കൈകളിൽ . പക്ഷെ മാമ്പഴത്തിന്റെ നെറുകെ തലോടുക മാത്രമായിരുന്നു ഞാൻ ചെയ്തതത് . ഒരു വേള പോലും അതൊന്നു രുചിച്ചു നോക്കാൻ മാമ്പഴ കൊതിയനായ എനിക്ക് തോന്നിയതേയില്ല .
താഴെ പണിക്കാരിലൊരാൾ ഒരു മാമ്പഴം എടുത്തു കടിച്ചു . '' ഹോ എന്തൊരു പുളിയാ ? ''
'' പുളിയോ .. ഇതിലെ മാമ്പഴത്തിനോ ?.... നീ പല്ലു തേച്ചു കാണില്ല ... '' അച്ഛൻ അയാളെ ശകാരിച്ചു പാകമെത്തിയ ഒരു മാമ്പഴമെടുത്തു കടിച്ചു .
'' ശരിയാണല്ലോ .... ഇതെന്തു പറ്റി .. ഇന്നലെ വരെ നല്ല മധുരമുള്ള മാമ്പഴം ഞാൻ തിന്നതാണ് ..... ''
അച്ഛൻ ബാക്കി മാമ്പഴം ദൂരെയെറിഞ്ഞു ..
മുത്തശ്ശി മാവിന്റെ കണ്ണീരുപ്പായിരിക്കും മധുരമൂറുന്ന മാമ്പഴം പുളി രാസമാക്കിയതെന്നു എന്റെ കുഞ്ഞു മനസ്സ് പറഞ്ഞു.
ശിഖരങ്ങളെല്ലാം അറുത്ത് മാറ്റി , മാവ് തലയില്ലാതെ നിൽക്കുന്ന കാഴ്ച എന്റെ ഹൃദയത്തെ വല്ലാതെ വൃണപ്പെടുത്തി . മാവിന്റെ കഴുത്തിലും മാറിലും കാലിലുമെല്ലാം കയറുകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു . ഏതു നിമിഷവും ഉടലുകൾ വേർപിരിയാം ........
വീടിന്റെ ഉമ്മറത്തെ ചാരു കസേരയിൽ അച്ഛൻ ഇരിക്കുന്നുണ്ടെങ്കിലും ഇരിപ്പുറക്കുന്നില്ല . ഇന്നലെ വരെ ആ കസേരയിൽ ഇരുന്നു ഇളം കാറ്റിന്റെ തലോടലേറ്റ് ഒരു ചെറു മയക്കം അച്ഛന് പതിവുള്ളതാണ് . പക്ഷെ ഇന്ന് അച്ഛന്റെ ചാര് കസേരക്ക് തണുപ്പേകാൻ തണൽ വിരിച്ചിരുന്ന മുത്തശ്ശി മാവില്ല . അച്ഛൻ വിശറിയുമെടുത്ത് വീശി എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അകത്തേക്ക് പോയി .
തൊടിയിലെ ബഹളമെല്ലാം കഴിഞ്ഞിരിക്കുന്നു . ആളൊഴിഞ്ഞ പറമ്പിലേക്ക് ഞാൻ ചെല്ലുമ്പോൾ എനിക്ക് മാമ്പഴം ഞെട്ടരുത്ത് തരുന്ന കാക്കയാകാം മുത്തശ്ശി മാവിന്റെ അസ്ഥികൾക്ക് മുകളിലൂടെ കരഞ്ഞു കൊണ്ട് വട്ടമിട്ടു പറക്കുന്നുണ്ട് . ഇടയ്ക്കു താഴെ വീണു കിടക്കുന്ന മര ചില്ലകൾക്കു അരികത്തും പോയി നോക്കുന്നുണ്ട് . തീറ്റ തേടി വന്നതാണെങ്കിൽ താഴെ അതിനു കൊതി തിന്നാൻ ഇഷ്ടം പോലെ മാമ്പഴം വീണു കിടപ്പുണ്ട് . പക്ഷെ അതൊന്നും ഗൗനിക്കാതെ ആ കാക്ക അവിടെ എന്തോ തിരയുന്നതാണെന്നു എന്റെ ഇളം മനസ്സെന്നോട് പറഞ്ഞു .
ഞാൻ പതിയെ മരച്ചില്ലകൾക്കിടയിലൂടെ നടന്നു . ഇലയെല്ലാം വാടിയിരിക്കുന്നു . നാളെ തെങ്ങിന്റെ ചുവടു തുറക്കാൻ പണിക്കാരാരോ വരുന്നുണ്ട് . അവരോട് അച്ഛൻ പറഞ്ഞത് ഞാനും കേട്ടതാണ് . ഇലയെല്ലാം വെട്ടിയൊതുക്കി തെങ്ങിന് താഴെ തണുപ്പൊരുക്കാൻ . അൽപ സമയം കഴിഞ്ഞതും ഞാൻ അവിടെ ചില്ലകൾക്കിടയിൽ ഒരു കാക്ക കുഞ്ഞു വളരെ പ്രയാസപ്പെട്ടു കരയുന്നത് കണ്ടു . ആ കാക്ക കുഞ്ഞിന്റെ അമ്മയാകാം ഈ വട്ടമിട്ടു പറക്കുന്ന കാക്ക . ഒരു പക്ഷെ കുഞ്ഞുങ്ങൾക്ക് തീറ്റ തേടാൻ പോയപ്പോൾ അതറിഞ്ഞു കാണില്ല താൻ തിരിച്ചു വരുമ്പോൾ തന്റെ കുഞ്ഞും കൂടും പിന്നെ ഇത്ര കാലം ഒരാശ്രയമായി നില കൊണ്ടിരുന്ന മുത്തശ്ശി മാവും ഇനിയുണ്ടാകില്ല എന്ന് . മക്കളെ കുറിച്ച് ആധിയുള്ള ഒരമ്മക്ക് എങ്ങനെ തന്റെ കുഞ്ഞിനെ ഇത്തരം സാഹചര്യങ്ങളിൽ തനിച്ചാക്കി തീറ്റ തേടി പോകാനാകും . എന്റെ മനസ്സിലൊരായിരം ചോദ്യങ്ങൾ ഉയർന്നു .
ഞാൻ ആ കാക്ക കുഞ്ഞിനെ കയ്യിലെടുക്കുമ്പോൾ അവരുടെ തകർന്ന കൂടും , അതിൽ മറ്റൊരു കാക്ക കുഞ്ഞിനേയും കണ്ടു . മരവും കൂടും തകർന്നപ്പോൾ ആ കുഞ്ഞിന് തന്റെ ജീവനും നഷ്ടമായിരിക്കാം രണ്ടു കാക്ക കുഞ്ഞിനേയും ഞാൻ പുറത്തെടുക്കുന്നേരം 'അമ്മ കാക്ക കരച്ചിലുയർത്തി . അത് തിരിച്ചറിഞ്ഞിരിക്കും തന്റെ കുഞ്ഞുങ്ങളിൽ ഒന്ന് മാത്രമേ അവശേഷിക്കുന്നുള്ളുവെന്നു . കാക്കയുടെ കരച്ചിൽ കേട്ടാകാം മറ്റു കാക്കകളും പറന്നവിടെയെത്തി . എന്റെ അടുക്കൽ അക്രമിക്കാനെന്നോണം അവർ വരുന്നത് കൊണ്ട് ഞാൻ വീടിനകത്തേക്കോടി . അവരുടെ കണ്ണിൽ ഞാനും അവരുടെ ജീവിതം തകർത്ത മനുഷ്യ വംശത്തിൽ പെട്ടയാളാണ് .
'' എന്താടാ നന്ദു നിന്റെ കാലിൽ .... ? ''
അച്ഛന്റെ പരു പരുത്ത ശബ്ദം കേട്ട് ഞാൻ കാലിലേക്ക് നോക്കി . കുപ്പി ചില്ലോ മറ്റോ കൊണ്ടതാകും . ചോരയൊലിക്കുന്നുണ്ട് .
പക്ഷെ അച്ഛനോടുള്ള ദേഷ്യം കാരണം ഞാൻ അതൊന്നും കാര്യമാക്കാതെ മറുപടിയൊന്നും പറയാതെ അകത്തേക്ക് പോയി . 'അമ്മ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും ഞാൻ എണീറ്റില്ല.
'' ഇത്ര പെട്ടെന്ന് മാവ് മുറിക്കേണ്ടായിരുന്നു .. അവനു നല്ല സങ്കടമുണ്ട് '' എന്റെ വിഷമവും സങ്കടവും കണ്ടു 'അമ്മ അച്ഛനോട് പരിതപിച്ചു .
'' നീ എന്താ ഈ പറയണേ ... പിന്നെങ്ങനാ അവിടെ കെട്ടിടം പണിയാ .. ഇതെല്ലം അവനും കൂടി വേണ്ടിയല്ലേ .... എനിക്കിനി എത്ര കാലംന്നു വെച്ചാ '' .....
മൂന്നു ദിവസങ്ങൾക്ക് ശേഷം വീട്ടു വളപ്പിൽ ബന്ധുക്കളുടെയും നാട്ടുകാരുമെല്ലാം നിലയുറപ്പിച്ചുണ്ട് . പക്ഷെ അവരെല്ലാം നിശബ്ദരായി നിന്ന് അവർക്കിടയിൽ ഇരുന്നു കർമ്മം ചെയ്യുന്ന കർമ്മിയുടെ മന്ത്രങ്ങളും മറ്റും സസൂക്ഷം ശ്രദ്ധിക്കുകയായിരുന്നു .
'' ഇനി കൈ കൊട്ടി വിളിച്ചോളൂ ...... ബലി ചോറുണ്ണാൻ കാക്കയുടെ രൂപത്തിൽ നന്ദു വരും ................ ഹം വിളിച്ചോളൂ .. എല്ലാരും അല്പം അകലേക്ക് മാറി നിൽക്കാ ''
കർമ്മിയുടെ നിർദേശമനുസരിച്ചു കരഞ്ഞു കലങ്ങിയ കണ്ണുമായി അച്ഛനെന്നെ വിളിക്കുന്നുണ്ട് ..... അപ്പുറത്തെ തൊടിയിലെ മരച്ചില്ലയിൽ നിന്നും ഇതെല്ലം കണ്ടു കൊണ്ടിരുന്ന ഞാൻ , ബലി ചോറുണ്ണാൻ പറക്കാൻ നേരം മരം അതി ശക്തമായ ശബ്ദത്തോടെ നിലം പതിച്ചു . മറ്റു കാക്കകളോടൊപ്പം അടുത്ത വാസ സ്ഥലം അന്വേഷിച്ചു പറക്കുമ്പോഴും അച്ഛൻ അവിടെ കൈ കൊട്ടി വിളിക്കുന്നുണ്ട് ... വിഷം തീണ്ടി അകാല മരണം സംഭവിച്ച മകന് ബലി ചോറ് നൽകാൻ .... തെല്ലപ്പുറത്ത് അച്ഛൻ മുറിച്ചിട്ട മുത്തശ്ശി മാവിന്റെ അസ്ഥികൾ കൊണ്ട് എനിക്കായി ചിതയൊരുക്കിയതിന്റെ അവശേഷിപ്പുകൾ ബാക്കിയായി കിടപ്പുണ്ട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക