Slider

ലാൽ സലാം ഭഗവാനേ.........കഥ (A Story By Shaju Vijayan)

0
ലാൽ സലാം ഭഗവാനേ.........കഥ (A Story By Shaju Vijayan)
***********************************************************
"സത്യഭാമേ, ഈയിടെയായി മഹാരാജാവിന്റെ മനസ്സിലെ വ്യാകുലത എന്നെയും വ്യാകുലയാക്കുന്നു. അതിന്റെ ഹേതു അദ്ദേഹത്തോട് ഒന്നു ചോദിച്ചു മനസ്സിലാക്കിയാലും."
സത്യഭാമ, "രുഗ്മിണി ജ്യേഷ്ഠത്തിയോട് പറയാത്ത കാര്യങ്ങൾ എന്നോടും അദ്ദേഹം അരുളാറില്ലല്ലോ!!"
രുഗ്മിണി, "അദ്ദേഹത്തിന്റെ പുകള് ഭാരതമാകെ ആര്യൻമാരെന്നോ, ദസ്യുക്കൾ എന്നോ ഭേദമില്ലതെ പരക്കുമ്പോൾ, അദ്ദേഹം വിഷ്ണുവിന്റെ അവതാരം എന്നും, ആദിപരാശക്തിയായ പാർവതീദേവിയുടെ പുനഃർജന്മെമെന്നും ഒക്കെ പാണന്മമാരും, വണിക്കുകളായ ബഞ്ചാരകളും പാടിപ്പുകഴ്ത്തുമ്പോൾ, എന്തേ നമുക്കു മാത്രം ഒരു മനുഷ്യന്റെ എല്ലാ ബലങ്ങൾക്കും ഒപ്പം ബലഹീനതകളും ഉള്ള ഒരു ഭർത്താവായി മാത്രം തോന്നുന്നത്?"
സത്യഭാമ, "അതുമാത്രമല്ല , അദ്ദേഹം സാക്ഷാൽ പരബ്രഹ്മ്മം തന്നെയാണെന്നല്ലേ, വന്ദ്യവയോധികരായ മുനി ശ്രേഷ്ഠൻമ്മാർ പോലും അരുളുന്നത്. പുകൾപെറ്റ യോഗികൾ പോലും അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണു നമസ്കരിക്കുമ്പോൾ, മോക്ഷം നേടിയ തൃപ്തിയാൽ മടങ്ങുമ്പോൾ, 'കൃഷ്ണ, കൃഷ്ണ' എന്നു നാമം ഉരുവിട്ട് സായൂജ്യം അടയുമ്പോൾ, എൻ മനസ്സിലും അങ്ങനെയുള്ള ശങ്കകൾ ഫണം വിടർത്തിയിട്ടുണ്ട്."
രുഗ്മിണി, "യശോദാമ്മ പോലും പറയുന്നത്, ഉണ്ണിക്കണ്ണൻ മണ്ണുത്തിന്നുമ്പോൾ, അടിക്കാൻ ചെന്നപ്പോൾ അമ്മയെ വായതുറന്ന് ത്രിലോകവും കാട്ടി എന്നാണല്ലോ? ഒരുപക്ഷേ അമ്മയുടെ ഓമനക്കണ്ണൻ മണ്ണുതിന്നുന്നത് കണ്ട്‌, അമ്മക്കു പറ്റിയ നൈമിഷികമായ ബോധക്ഷയവും ആയിക്കൂടെന്നില്ല!!! ഒരുപക്ഷേ അമ്മയുടെ ഓമനയായ ആ കുസൃതിക്കുട്ടൻ കാട്ടിയ മായാജാലവും ആയിക്കൂടെ?"
സത്യഭാമ, "ഗോപാലനേയും ജ്യേഷ്ഠത്തിയേയും ഒരുമിച്ചു കണ്ട ശ്രീരാമ ഭക്തനായ ഹനുമാനും, ത്രേതായുഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെയും, പത്‌നി സീതാദേവിയേയും ഒരുമിച്ചു കണ്ടതുപോലെയാണ് തോന്നിയത്. ഇപ്പോൾ പ്രജകളും രാജാവിൽ വിഷ്ണുവിനേയും, ജ്യേഷ്ഠത്തിയിൽ വിഷ്ണു പത്നിയായ ലക്ഷ്മീദേവിയെയും ആണ് കാണുന്നത്."
രുഗ്മിണി, "ഗോപാലപത്നി ജാംബവതിഅനുജത്തിയും പറയുന്നത് കേട്ടു, അവളുടെ അച്ഛൻ ശ്രീരാമ ഭക്തനായ ജാംബവാനും, രാജാവും തമ്മിൽ നടന്ന ദ്വന്ദയുദ്ധത്തിൽ, പ്രായക്കൂടുതൽ കൊണ്ട്‌ ചിരഞ്ജീവി എന്നു വിശ്വസിക്കുന്ന, അവളുടെ അച്ഛൻ തോൽക്കേണ്ടി വന്നപ്പോൾ താൻ ശ്രീരാമനോട് തന്നെയാണ് തോൽക്കുന്നതായി തോന്നിയത്രേ!! പക്ഷെ അവൾക്കും, മനുഷ്യന്റെ എല്ലാ ചാപല്യങ്ങളുമുള്ള ഒരു പതി എന്നല്ലാതെ ഒരു ദിവ്യത്വവും, അമാനുഷികതയും അദ്ദേഹത്തിൽ ദർശിക്കാനായിട്ടില്ല. ഒരുപക്ഷേ, നീയും കണ്ണന്റെ പ്രിയപത്നി അകാൻ നിമിത്തമായായത്‌, ആ ഒരു കൃഷ്ണ- ജാംബവ കൂടിക്കാഴ്ചയും, ആ അമൂല്യ വജ്രമായ സ്യമന്തകം മണിയും അല്ലേ? "
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, സൂര്യ ഭക്തനായ എന്റെ അച്ഛൻ സത്രജിത്തിന്, സൂര്യ ഭഗവാൻ കൊടുത്തു എന്നു പറയുന്ന ആ അമൂല്യ വജ്രം, ഒരിക്കൽ ശ്രീ കൃഷ്ണൻ, തന്റെ മാതൃപിതാവും, ദേവകി അമ്മയുടേയും, മാതുലനും ദുഷ്ടനും ആയിരുന്ന കംസന്റേയും പിതാവുമായ ഉഗ്രസേനൻ അപ്പൂപ്പനെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അച്ഛൻ അതിന്‌ തയ്യാറാകാതെ സ്യമന്തകം, ചിറ്റപ്പൻ പ്രസേനന് നൽകി. അതും ധരിച്ചുവേട്ടയ്ക്കു പോയ ചിറ്റപ്പനെ ഒരു സിംഹം കൊന്ന്‌ ആ അമൂല്യ രത്നം കൈക്കലാക്കി. സിംഹത്തെ കൊന്ന്, ജാംബവതിയുടെ പിതാവ് ജാംബവാനച്ഛൻ അത്‌ സ്വന്തമാക്കി. പ്രസേനൻ ചിറ്റപ്പൻ തിരികെ വരാതായപ്പോൾ ചിറ്റപ്പനെ കൊന്ന്, സ്യമന്തകം കൈക്കലാക്കിയത് ശ്രീ കൃഷ്ണൻ ആണെന്ന് നാട്ടിൽ ആരോ പറഞ്ഞു പരത്തി. തന്റെ നിരപരാധിത്വം തെളിയിക്കാൻ കാട്ടിലേക്കുപോയ രാജാവ് 28 ദിവസം നീണ്ടുനിന്ന ദ്വന്ദയുധത്തിനൊടുവിൽ ജാംബവാൻ അച്ഛനെ തോൽപ്പിച്ച് സ്യമന്തകം വീണ്ടെടുത്തു. യുദ്ധതിനൊടുവിൽ രാജാവിൽ ശ്രീ രാമനെ ദർശിച്ചു എന്ന് പറഞ്ഞ് തൃപ്തനായ ജാംബവാനച്ഛൻ മകൾ ജാംബവതിയെ ഭാര്യയായി കൊടുത്തു. എന്റെ അച്ഛൻ സത്രജിത്തിനെ സ്യമന്തം തിരിച്ചേല്പിച്ചപ്പോൾ സന്തുഷ്ടനായ അച്ഛൻ എന്നെയും കണ്ണന് ഭാര്യയായി കൊടുത്തു."
രുഗ്മിണി, "രാജാവിന്റെ ജനനത്തോടനുബന്ധിച്ചും പല ആദ്‌ഭുതങ്ങളും സംഭവിച്ചതായി പ്രജകൾ പറയുന്നുണ്ടല്ലോ?
ദേവകിയമ്മയുടേയും, വാസുദേവർ അച്ഛന്റെയും കാരാഗൃഹത്തിൽ പിറന്ന ആറുപൈതങ്ങളേയും കംസൻ മാതുലന്റെ കല്പനപ്രകാരം നിഷ്കരുണം വധിച്ചപ്പോൾ, ഏഴാമത് ഗർഭംധരിച്ച ഭ്രൂണം ദേവകിയമ്മയിൽ നിന്നും ചെറിയമ്മ രോഹിണീദേവിയിലേക്കു മാറിയത് കൊണ്ടാണ് ജ്യേഷ്ഠൻ ബലരാമൻ ജീവിച്ചിരിക്കുന്നത് എന്നല്ലേ കേൾവി? അതുപോലെ രാജാവിന്റെ ജനനം നടക്കുമ്പോൾ കാരാഗൃഹത്തിന്റെ വാതിലുകളും, വസുദേവർഅച്ഛന്റെ കൈകാൽവിലങ്ങുകളും തനിയേ തുറക്കുകയും, അഴിയുകയും ചെയ്തത്കൊണ്ടാണ് ഉണ്ണിക്കണ്ണനെ യശോദാമ്മയുടെ അരികിൽ കിടത്തി, യശോദാമ്മയുടെ അരികിൽ നിന്ന്‌ അവർ പ്രസവിച്ച പെൺകുഞ്ഞിനെ ദേവകിയമ്മയുടെ അരികിൽ കൊണ്ടുചെന്ന്‌ കിടത്തുവാൻ കഴിഞ്ഞത് എന്നും കേൾക്കുന്നു. രാജവാകാൻ വേണ്ടി കംസൻമാതുലൻ, രാജാവായിരുന്ന ഉഗ്രസേനനപ്പൂപ്പനെ കരാഗൃഹത്തിൽ അടച്ചെങ്കിലും അപ്പൂപ്പനോട് കൂറും, മനുഷ്യത്വവും ഉള്ള കരാഗൃഹ ഭൃത്യന്മാർ തന്നെ ഇതൊക്കെ ചെയ്തതും ആകാമല്ലോ. ബലരാമ ജ്യേഷ്ഠന്റെ ജനനത്തിനു ഹേതുവായ ചെറിയമ്മയുടേയും അച്ഛന്റെയും കണ്ടുമുട്ടലും അങ്ങനെ ആയിക്കൂടെന്നില്ലല്ലോ?"
സത്യഭാമ, "അപ്പോൾ യശോദാമ്മയ്ക്കും, നന്ദഗോപരച്ഛനും പിറന്ന ആ പെൺകുഞ്ഞ്, കാളീ ദേവിയുടെ രൂപംപൂണ്ട് മുകളിലേക്ക്‌ പറന്നുപോയതായും പറയുന്നുണ്ടല്ലോ?"
രുഗ്മിണി, "കൊല്ലാൻ കൊടുത്തയച്ച കുഞ്ഞിനെ, ആ പൊന്നോമനയുടെ മുഖത്ത് ദേവീരൂപം ദർശിച്ച് രക്ഷപെടുത്തിയ ഒരു മനുഷ്യത്വവുമുള്ള ഭൃത്യൻ പറഞ്ഞ നന്മയ്ക്കുവേണ്ടിയുള്ള നുണയും ആകാമല്ലോ? നാത്തൂനും അർജുനപത്നിയുമായ സുഭദ്ര ആ കുഞ്ഞായിക്കൂടെ, അനുജത്തീ?"
സത്യഭാമ, "ആകാം. അതുപോലെ അദ്ദേഹം, തന്നെ പൂജിക്കുവാൻ ആരോടും പറയുന്നുമില്ല. രസികനായ അദ്ദേഹം കാട്ടുന്ന ചില മായാജാലങ്ങളും, പലരും അദ്ദേഹത്തിൽ പരമാത്മാവിനേ ദർശിക്കുവാനുള്ള ഒരു ഹേതുവാകാം."
രുഗ്മിണി, "അദ്ദേഹം തന്നെ പൂജിക്കുവാൻ ആരോടും പറയുന്നില്ലെന്നുമാത്രമല്ല, ഹോമങ്ങൾക്കും യാഗങ്ങൾക്കും അദ്ദേഹം എതിരുമാണ്. അതുകൊണ്ടല്ലേ, വൃന്ദാവനടുത്തുള്ള ഗോവർദ്ധനഗിരിയുട താഴെയുള്ള കൃഷിക്കാരായ യാദവരോട്, മഴയുടേയും, ഇടിയുടെയും ദേവനായ ഇന്ദ്രനെ പ്രസാദിപ്പിക്കുവാൻ വേണ്ടിയുള്ള ഹോമങ്ങളും യാഗങ്ങളും അല്ല മറിച്ച്, അദ്ധ്വാനം അല്ലെങ്കിൽ സൽക്കർമ്മങ്ങളാണ് ജീവിതവിജയത്തിന്റ് ആധാരശില എന്ന്‌ ഉദ്ഘോഷിച്ചത്. ഹോമങ്ങളും, യാഗങ്ങളും നിർത്തിക്കഴിഞ്ഞുണ്ടായ പേമാരിയേയും, വെള്ളപ്പൊക്കത്തേയും അവർ ഇന്ദ്രകോപം എന്നുകരുത്തിയപ്പോൾ, രാജാവ് നേരിട്ടുചെന്നല്ലേ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്? വള്ളങ്ങളും, പൊങ്ങുതട്ടികളും ഇറക്കി പ്രജകളേയും, കന്നുകാലികളേയും ഗോവർധനഗിരിയുടെ മുകളിൽ കെട്ടിയ സുരക്ഷിത താവളങ്ങളിൽ എത്തിച്ച്‌ അദ്ദേഹം തന്റെ രാജധർമ്മം നിറവേറ്റിയപ്പോഴും, സന്തുഷ്ടരായ പ്രജകൾ അദ്ദേഹത്തിൽ ദൈവീകത ദർശിച്ച് അതിശയോക്തിയായി പറഞ്ഞതായിരിക്കില്ലേ, അദ്ദേഹം ഗോവർദ്ധനഗിരിയെ ഉയർത്തി കുടയാക്കിയെന്ന്? അതുമല്ലെങ്കിൽ മിന്നലിൽനിന്നു രക്ഷനേടാൻ ബുദ്ധിശാലിയായ രാജാവ്‌ അവിടെ ലോഹ നിർമിതമായ ഏതോ സ്തൂപത്തെ ഉയർത്തിയതായിരിക്കില്ലേ പർവതം ഉയത്തിയതായി അവർക്കുതോന്നിയത്? "
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, എനിക്കും അങ്ങനെയാണ് തോന്നുന്നത്. അല്ലെങ്കിൽ, പേമാരിയിൽ ഗോവർദ്ധനത്തെ ഉയർത്തി കുടയാക്കിയാലും, താഴ്ന്ന നിലത്തിലേയ്ക്കുവീഴുന്ന ജലത്താൽ ഉണ്ടാകുന്ന പ്രളയത്തിൽ നിൽക്കുന്നതിനെക്കാളും, യുക്തിയുടെ ഭാഷയിൽ ചിന്തിക്കുമ്പോൾ, പർവ്വതത്തിന്റെ മുകളിൽ കെട്ടിയ കുടിലുകളിൽ താമസിക്കുവാനേ, പ്രായോഗിക വാദിയും, ബുദ്ധിമനുമായ രാജാവ് തീരുമാനം എടുക്കുകയുള്ളുവെന്ന് എനിക്കും തോന്നുന്നു."
രുഗ്മിണി, "ആശ്രിത വത്സലനായ, സ്ത്രീകളെ വന്ദിക്കുന്ന, സ്ത്രീകളെ സ്നേഹിക്കുന്ന ഗോപാലൻ, ഒരു കുഞ്ഞായിരിക്കുമ്പോഴും, ഒരു സ്തീയായ പൂതനയെ വധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അല്ലെങ്കിൽ കൂടി രാക്ഷസിയെങ്കിലും ഒരു സ്‌തീയായ പൂതനക്കും മാതൃത്വത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ മുലയൂട്ടൽ, വിഷം പുരട്ടി നടത്തുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല."
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, അങ്ങനെ ഒരു കർമ്മം ചെയ്യാൻ നിയോഗിച്ച പൂതന, ഉണ്ണിക്കണനേക്കണ്ട്, തന്നിലെ മാതൃത്വം ഉണർന്നപ്പോൾ, ആ പാപം ചെയ്യാനാവാതെ കൊണ്ടുവന്ന വിഷം കുടിച്ചാത്മഹത്യ ചെയ്തതാവാം."
രുഗ്മിണി, "നകരാസുര നിഗ്രഹത്തിന് രാജാവവിനൊപ്പം ഗരുഡ രൂപത്തിൽ കെട്ടിയ രഥത്തിൽ നീ കൂടിയല്ലേ പോയത്. നകരാസുരനെ നിഗ്രഹിച്ച്, അയാൾ അടിമകളാക്കിയിരുന്ന പതിനാറായിരത്തിഒരുനൂറ് സ്ത്രീകൾക്ക് സംരക്ഷണം നൽകിയപ്പോൾ, അദ്ദേഹത്തിന്റെ ദൈവികത്വവും, ആദ്‌ഭുതസിദ്ധികളും പാടി പുകഴ്ത്തുന്ന പ്രജകൾ തന്നെയല്ലേ ആ സ്ത്രീകളെ അദ്ദേഹം വിവാഹം ചെയ്തുവെന്ന അപവാദം പറഞ്ഞുപരത്തിയത്?"
സത്യഭാമ, "നമ്മൾ വിചാരിച്ചാൽ അവരുടെ വായ മൂടിക്കെട്ടാൻ കഴിയുകയില്ലല്ലോ ജ്യേഷ്ഠത്തീ !!"
രുഗ്മിണി, "എന്നും കളിച്ചും, ചിരിച്ചും, മായാജാലങ്ങൾ കാട്ടുന്ന കണ്ണനിൽ, പ്രജകളുടെ ഇടയിൽ മന്ദസ്മിതത്തോടെയും, നിസ്സംഗതയോടേയും കാണുന്ന രാജാവ് ഇയിടെയായി, കൊട്ടാരത്തിനകത്തു നമ്മേ കാണിക്കുന്നില്ലെങ്കിലും, ആ മനസ്സിൽ ഏതോ വ്യാകുലത ഞാൻ കാണുന്നു. മഹാഭാരത യുദ്ധത്തിന് ശേഷമാണ് അദ്ദേഹത്തിൽ ഈ വ്യത്യാസം എന്നു തോന്നുന്നു."
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, മഹാഭാരത യുദ്ധത്തിൽ ശരീരം വെടിഞ്ഞ നൂറ്റിയറുപത്തിയാറുകോടി ഇരുപതിനായിരം ജീവനുകൾ, അത് ഭൂമീദേവിയുടെ ഭാരം കുറയ്ക്കാൻ, ശ്രീ കൃഷ്ണൻ തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയതാണ് എന്ന് മുനിമാരും, മഹായോഗികളും അരുളുമ്പോൾ, ആ മരണങ്ങൾ, അതിന്റെ ഓർമകൾ അദ്ദേഹത്തെ വേട്ടയാടുന്നു എന്നാണ് എനിക്കു തോന്നിയത്."
രുഗ്മിണി, "എനിക്കും തോന്നി. ആ യുദ്ധം ഒഴിവാക്കാൻ, യുദ്ധത്തിന്റെ തിക്തഫലങ്ങൾ ആരെക്കാട്ടിലും അറിയാവുന്ന രാജാവ് കഴിവതും ശ്രമിച്ചതല്ലേ. യുദ്ധം അനിവാര്യം അയപ്പോഴും, അദ്ദേഹം പക്ഷം ചേരാതെ പാണ്ഡവർക്കു തന്റെ സാന്നിദ്ധ്യവും, കൗരവർക്ക് തന്റെ സേനയെയും നൽകി, നേതാക്കന്മാർക്കും, നായകന്മാർക്കും ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം മാതൃകയാകുകയായിരുന്നു. തന്റെ ആശ്രിതരെ അദ്ദേഹം ഒരിക്കലും കൈവിട്ടിട്ടുമില്ല. ആശ്രിതരുടെ ദുഃഖം എന്നും അദ്ദേഹത്തിന്റെയും ദുഃഖമാണ്. ആ ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി സുസ്മേരവദനനായി ഇടപെടുമ്പോഴും ആ മനസ്സിലെ വേദന ആ നെഞ്ചിൽ തലവെച്ച് ഞാൻ അറിയാറുണ്ട്."
സത്യഭാമ, "അദ്ദേഹത്തിന്റെ വേദന അറിയാൻ സഖിയായ രാധക്കേ ഒരു പക്ഷേ കഴിയുകയുള്ളു. രാജ്യഭാരം ഏറ്റെടുത്തിൽ പിന്നെ അവളുടെ അഭാവവും അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ടാവാം. സംഭോഗവേളകളിലെ, അതിന്റെ ആനന്ദമൂർച്ഛയിൽ, ആത്മാവ് കാമ, ക്രോധ, ലോഭ, മോഹങ്ങളിൽ നിന്നകലുന്ന ആ നിമിഷങ്ങളിൽ, അദ്ദേഹത്തിന്റെ ഹൃദ്യമിടിപ്പുകൾ 'രാധേ, രാധേ' എന്നു മന്ത്രിക്കുന്നത് ഞാൻ കേൾക്കാറുണ്ട്. അദ്ദേഹത്തിന്റെ മനസ്സിലെ ആ മന്ത്രങ്ങൾ, കൃഷ്ണഭക്തർ ഏറ്റു വിളിക്കുന്നു. വാമൊഴിയായും, വരമൊഴിയായും ആ മന്ത്രം, അല്ലെങ്കിൽ ആ മനസ്സിന്റെ വിങ്ങലുകൾ, ഒന്നും ആഗ്രഹിക്കാതെയുള്ള യഥാർഥ പ്രണയത്തിന്റെ തേങ്ങലുകൾ, മണ്ണിൽ മനുഷ്യൻ ഉള്ളത്രയും കാലം, തലമുറകൾ കൈമാറി കൃഷ്ണഭക്തന്മാർ ഏറ്റുവിളിക്കും."
ഗോവർദ്ധന പർവ്വതത്തിന്റെ പരിക്രമയുടെ ഇരുപത്തഞ്ചിൽ ഏതാണ്ട് പത്തു കിലോമീറ്റർ നഗ്നപാദനയി താണ്ടിയ ഞാനും ഏറ്റുവിളിച്ചു " രാധേ, രാധേ."
എന്റെ യുക്തിവാദ ചിന്തകളും, കൃഷ്ണഭക്തിയും മുഴച്ചിരിക്കാത്ത രീതിയിൽ യോജിപ്പിക്കുവാൻ ആ രുഗ്മിണീ-സത്യഭാമ സംഭാഷണത്തിലൂടെ ഒരു പരിശ്രമം, പരിക്രമ സമയത്ത് മേയാൻ വിട്ട മനസ്സ് ചെയ്യുകയായിരുന്നു.
മറ്റൊരു ചോദ്യവും എന്റെ ഉള്ളിൽ രൂപപ്പെട്ടു. അതും ആ സ്‌ത്രീരത്നങ്ങളിലൂടെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, ആ മലയുടെ മുകളിൽ, ഒരു മരത്തണലിൽ ഓടക്കുഴലുമായി കാലികളെ മേയിക്കുന്ന കണ്ണനെയും, ദൂരെ അവനെത്തിരയുന്ന രാധയേയും മാത്രമേകാണാനുള്ളു.
ഈ ഹനുമാനും, ജാംബവാനും ഒക്കെ ആരെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു.
ഞാൻ, "ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന ഹോമോസാപ്പിയൻസ് എന്ന ഇന്നത്തെ മനുഷ്യന്‌ തൊട്ടു മുൻപുള്ള ഹോമോഹാബിൽസ് എന്ന ആദിമ മനുഷ്യൻ പുരാതന ശിലായുഗം വരെ ജീവിച്ചിരുന്നു എന്നു ശാസ്ത്രം പറയുമ്പോൾ, അവയിൽ ചിലവയൊക്കെ അതുകഴിഞ്ഞും, കാടുകളിലും, ഗുഹകളിലും താമസിച്ചിരുന്നു എന്നുവേണം കരുതാൻ. മനുഷ്യനോട് വളരെ സാദൃശ്യമുള്ള ഹോമോഹാബിൽസിന്റെ ശരീരം ഏറെ രോമാവൃതമാകയാൽ അവയെ വാനരന്മാരായും, കരടികളായും ഒക്കെ അന്നത്തെ കഥകൾ, അല്ലെങ്കിൽ കാവ്യങ്ങൾ എഴുതിയ മുനികളോ, എഴുത്തുകരോ ചിത്രീകരിച്ചിരിക്കാം. കാഴ്ച്ചയിൽ പ്രായം കണക്കാക്കാൻ കഴിയാത്തതുകൊണ്ടാവാം ഇവരിലെ പലരേയും ചിരഞ്ജീവികളായി കരുതപ്പെട്ടത്."
പരിക്രമ ഏതാണ്ട് ഏഴുകിലോമീറ്റർ ബാക്കിയുള്ളപ്പോൾ കണ്ട കടയിൽ നിന്നും ഒരു ഉരുള ഭാങ്കും ഒരു ഗ്ലാസ്സ് പാലും കുടിച്ച്, കുറെ സന്യാസിമാരൊത്ത് ബാക്കി പരിക്രമ നടത്തിയപ്പോൾ, ശിലയുഗത്തിലെ ഹോമോഹാബിൽസ് "രാധേ, രാധേ" എന്നുറക്കെ വിളിച്ച് ചുറ്റും നൃത്തം ചെയ്യുകയായിരുന്നു. ശ്രീകൃഷ്ണൻ മുന്നിൽ വന്ന്‌ 'സഖാവേ' എന്നുവിളിച്ചു. ഒരു നിമിഷം അറ്റൻഷനിൽ നിന്ന് "ലാൽ സലാം ഭഗവാനേ" എന്നു പറയാൻ തുടങ്ങുമ്പോഴേക്കും അങ്ങു ദൂരെ രാധക്കൊപ്പം, ഗോവർദ്ധനഗിരിയുടെ മുകളിൽ അദ്ദേഹം എത്തിയിരുന്നു.
A Story by ..........ഷാജു വിജയൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo