Slider

ഒരു ചായക്കഥ..☕️(Nothing serious)

0
ഒരു ചായക്കഥ..☕️(Nothing serious)
എന്നത്തേയുംപോലെ, പതിനൊന്നുമണി കഴിഞ്ഞപ്പോൾ ആകെയൊരു ഉന്മേഷക്കുറവ്.. സ്ഥിരംകുടിക്കാറുള്ള ചായ കിട്ടിയിട്ടില്ല..ചായ കിട്ടാതായിട്ടു ഇന്ന് ആറാമത്തെ ദിവസമാണ്‌...ഓഫീസിന് മുന്നിലെ ആ തട്ടുകട ഇന്നും അടഞ്ഞുതന്നെകിടക്കുന്നുണ്ട്...ആ അമ്മയ്ക്ക് എന്തെങ്കിലും അപകടം പറ്റിയോ ആവോ? അകാരണമായുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടേയിരിക്കുന്നു.....
പറയാൻമറന്നു, ഓഫീസിനു മുന്നിലുള്ള ആ പഴയതട്ടുകട...അതെ ചായക്കട എനിക്കും എന്റെസുഹൃത്ത് ബോബിക്കും ഏറെ പ്രിയപ്പെട്ടതാണ്, എന്തെന്നാൽ രാവിലെയും വൈകിട്ടുമുള്ള ചായകുടി എന്നും അവിടെനിന്നാണ്... നമ്മൾ ഉണർന്നിരിക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതെവിടെയാണ്.? അതെ ഓഫീസിലാണ്..ശരിയല്ലേ..? അപ്പോൾ വീട്ടുകാരുടെ സാമീപ്യത്തെക്കാളേറെ നമുക്ക് പ്രിയങ്കരമാവുന്ന പലതും ചിലപ്പോൾ ഓഫീസിലും അതുമായി ബന്ധപ്പെട്ടുമുണ്ടായേക്കാം...
അഞ്ചുവർഷമായി ആ തട്ടുകടയിൽ നിന്നാണ്‌ സ്ഥിരമായി ചായകുടിച്ചുകൊണ്ടിക്കുന്നത്..ആ കടയിലെ വയസ്സായഅമ്മ ഞങ്ങളെ മക്കളെപ്പോലെയാണ് കാണുന്നത്...
ഓഫീസിലാണെങ്കിൽ പൊടിചായകിട്ടും റേറ്റുംകുറവാണ്, പക്ഷേ പേപ്പർഗ്ലാസ്സിലാണ് കിട്ടുക... "വാക്സ്കോട്ടിങ്" പതുക്കെ ചൂട്‌കൊണ്ടുരുകിയിറങ്ങി പണിതരും..ഞങ്ങൾക്ക്പിടിക്കില്ല... അത്കുടിച്ചാൽ കുറച്ച്കഴിയുമ്പോൾ വയറുവേദനയാണ്...
പക്ഷേ ആ തട്ടുകടയിൽ നിന്നാവുമ്പോൾ ചായക്ക് പ്രത്യേക സ്വാദാ..ആ അമ്മ മധുരത്തിന്പുറമേ സ്നേഹവും ഇച്ചിരി ചേർക്കുന്നതുകൊണ്ടാവും...
സാധാരണ കൃത്യമായും രാവിലെ പതിനൊന്നു മണികഴിയുമ്പോൾ ഞങ്ങളാ തട്ടുകടയിൽ ഉണ്ടാവും....
ഇന്ന് മഴയുള്ളതുകൊണ്ടാവാം വല്ലാത്ത പരവേശം.. ഒരു ചൂടു ചായകിട്ടിയിരുന്നൂവെങ്കിൽ ഒന്നുഷാറായേനെ..മനസ്സാണെങ്കിൽ ഒരു പിടിയും തരണില്ല...പതുക്കെ ബോബിയെയുംവിളിച്ചു ബൈക്കുമെടുത്തു ഏതെങ്കിലുമൊരു ചായക്കട ലക്ഷ്യമാക്കിയിറങ്ങി.. കുറച്ചു ദൂരംപോയപ്പോൾ ഒരു ചായക്കട കണ്ടു.. ആ ചായക്കടയിൽനിന്നും ഓരോ ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബോബി അത്പറഞ്ഞത്...ഒന്നു തിരക്കിപോയാലോയെന്ന്...വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് അവർ പറഞ്ഞുതന്ന ചില ഓർമ്മകളൊക്കെ അവന്റെ മനസ്സിലുണ്ടെന്നുംപറഞ്ഞു.....പിന്നെ ഒന്നും നോക്കിയില്ലാ ഞാൻ വണ്ടിസ്റ്റാർട്ടാക്കി അവൻപറഞ്ഞവഴിയേ വച്ചുപിടിച്ചു..അല്ലറച്ചില്ലറ അന്വേഷണങ്ങൾക്കവസാനം വീട്കണ്ടുപിടിച്ചു..പക്ഷേ ഇനി കുറച്ച് കുന്ന്കയറിവേണം അവിടെയെത്താൻ... ബൈക്ക് തൽക്കാലം ഒരിടത്തേക്ക് ഒതുക്കിവച്ചു..പതുക്കെ മുകളിലേക്ക് നടന്നുകയറിത്തുടങ്ങി....
ആകെ വിജനമായ ഏരിയ,
കറുകപ്പുല്ലുകൾ അവിടവിടെ കൂട്ടമായി പൊന്തിനിൽക്കുന്നുണ്ട്..പെട്ടെന്നാണ് അതിനിടയിൽ നിന്നും ഒരു മുയൽക്കുട്ടി ഞങ്ങളെ ക്രോസ്സ് ചെയ്‌തു പാഞ്ഞോടിയത്..,ആദ്യം ഒന്നു ഞെട്ടിയെങ്കിലും
മുയലാണെന്ന് കണ്ടപ്പോൾ സമാധാനമായി..കാടുപിടിച്ചുകിടക്കുന്ന ആ കുന്നിന്റെ ഏറ്റവും മുകളിലായാണ് ഇടിഞ്ഞുവീഴാറായ ആ ഓലക്കുടിൽ.. ഒന്ന് ശക്തിയായി കാറ്റടിച്ചാൽ നിലംപൊത്തുന്നത്ര ബലമേ അതിനുണ്ടായിരുന്നുള്ളൂ...
മുൻവശത്തെ ഒറ്റവാതിൽ തുറന്ന്തന്നെ കിടക്കുന്നുണ്ട്....ആളുണ്ട് ഞങ്ങൾക്കുറപ്പായി. ഞങ്ങൾ ഉറക്കെ വിളിച്ചുചോദിച്ചു,"ആരുമില്ലേയിവിടെ....?"
ഒരിക്കൽക്കൂടി വിളിച്ചു..."ആരുമില്ലേ" അപ്പോഴേക്കും
അകത്തുനിന്നും ഒരു ആട്ടിൻകുട്ടി വാതിലിൽവന്നെത്തിനോക്കി.... "മ്മേ.."എന്നൊരു ശബ്ദമുണ്ടാക്കി അത് അകത്തേക്കോടിപ്പോയി... അപ്പോഴേക്കും മൂടിപുതച്ചദേഹവുമായി അമ്മ വാതിൽക്കലെത്തി.. ഞങ്ങളെ കണ്ടതും അവർ അതിശയത്തോടെ ഞങ്ങളെ ഉറ്റുനോക്കി..ഇതെന്തിനായിട്ടുള്ള വരവാണെന്ന ചോദ്യം ആ മുഖത്ത്നിന്നും വായിച്ചെടുക്കാമായിരുന്നു..അപ്പോഴേക്കും ഞങ്ങൾ അങ്ങോട്ട്‌കയറിപ്പറഞ്ഞു, 'ഞങ്ങൾ അമ്മയെ അന്വേഷിച്ചിറങ്ങിയതാ. അഞ്ചാറു ദിവസമായല്ലോ കണ്ടിട്ട്..അതുകൊണ്ട്‌ വന്നതാ..'അവർക്ക് വളരെയേറെ സന്തോഷമായി...അവർ ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടുപോയി....
അവർക്ക് കൗണ്ട് കുറയുന്ന പനിപിടിപെട്ടതും..മരുന്നു വാങ്ങാൻ ആശുപത്രിയിൽ പോയതും,അവരുടെ
മക്കളെക്കുറിച്ചും,ഇപ്പോൾ ഇത്തിരി പനികുറവുണ്ടെന്നും, വയ്യെങ്കിലും വാതോരാതെ സംസാരിച്ചു...
രണ്ടു പെണ്മക്കളാണവർക്കുള്ളതെന്നും..അവരുടെ ഭർത്താവ് നേരത്തെ തന്നെ മരിച്ചുപോയെന്നും..മക്കളെ വളരെ കഷ്ടപ്പെട്ടാണവർ കെട്ടിച്ചുവിട്ടതെന്നും..ഇരുവരും ഭർത്താക്കൻമാര്‌മൊത്തു ദൂരെയാണ് താമസ്സമെന്നും ഞങ്ങൾക്ക് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി.....
സംസാരത്തിനിടെ'അവർതന്നെ കഷ്ടിച്ചാണ് കഴിഞ്ഞുപോകുന്നതെന്നും,പിന്നെയെങ്ങനെയാ ഈ വയസ്സായ തള്ളയെ നോക്കുന്നതെന്നും..' പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾനിറഞ്ഞിരുന്നു....
"കട്ടൻ ഇട്ടു തരട്ടെ...." ആ അമ്മ പെട്ടെന്ന്‌ ചോദിച്ചു.. വേണ്ടന്നു ഞങ്ങൾ പറഞ്ഞു..കുറച്ചുനേരം കൂടി അവിടെതന്നെ സംസാരിച്ചിരുന്നു..ഒടുവിൽ ഇറങ്ങാൻ നേരം...എന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് ആയിരം രൂപയായിരുന്നു അതവർക്കങ്ങു കൊടുത്തു..അവർ വാങ്ങിക്കാൻ കൂട്ടാക്കിയില്ല.. ഞങ്ങൾ വളരെ നിർബന്ധിച്ചു അതേൽപ്പിച്ചു.. വാങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നോ... അറിയില്ല..
തിരിച്ചു താഴേക്കു നടക്കുമ്പോൾ എന്റെ മനസ്സുമുഴുവൻ എന്റെ അമ്മയായിരുന്നു...രാവിലെ ജോലിക്കായിറങ്ങുമ്പോൾ മുന്നിലൂടെ ഓരോ ചുള്ളിക്കമ്പുകളും പെറുക്കിക്കൂട്ടി വിറവുണ്ടാക്കി അടുപ്പിലേക്കെത്തിക്കാൻ ശ്രമിക്കുന്ന എന്റെ അമ്മയെ......
അതൊക്കെപ്പോട്ടെ ഇപ്പോൾ ഞങ്ങൾക്ക് ചായക്കൊപ്പം ഇടക്കിടക്ക് അഡീഷണൽ കടികൂടി കിട്ടാറുണ്ട്..എങ്ങനെയെന്നല്ലേ..? ആ അമ്മ പറയുന്ന കാരണം..പലഹാരമുണ്ടാക്കിയപ്പോൾ സൈസ് കുറഞ്ഞുപ്പോയെന്നും ആരും അത് വാങ്ങിക്കില്ലായെന്നും, അതുകൊണ്ട് "മക്കള്തന്നെ കഴിക്ക്‌" എന്നാണ്..ഫ്രീയായി..
ഹഹ.. അല്ലെങ്കിൽത്തന്നെ ആരാ സൈസ് കുറഞ്ഞത് വാങ്ങിക്കുന്നതല്ലേ..?
NB: ഇടയ്ക്കിടെ കൊളസ്‌ട്രോൾ ചെക്ക് ചയ്യണം അല്ലെങ്കിൽ പണിയാ...
(സ്നേഹത്തിന്റെ)
-Shajith-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo