Slider

*** പ്രഹേളിക***

0
*** പ്രഹേളിക***
----------------------------
എന്‍റെ പ്രിയപ്പെട്ട വായനക്കാരെ....ഞാന്‍ നിങ്ങളോട് ക്ഷമചോദിക്കുന്നു...! ഒരു കഥയെഴുതാനുള്ള എന്‍റെ ശ്രമം പരിപൂര്‍ണ്ണതയിലെത്തുമോ. അതോ, പതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമോ...? എന്ന് ഞാന്‍ സന്ദേഹപ്പെടുന്നു. അതുകൊണ്ടാണ് ആദ്യം തന്നെ ഞാന്‍ നിങ്ങളോട് ക്ഷമാപണം നടത്തിയത്.
അവളെക്കുറിച്ചെഴുതുമ്പോള്‍ ഞാന്‍ ആകുലനാണ്. എവിടെ നിന്ന് തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നീ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിന്നെ എന്തിനാണ് താങ്കള്‍ എഴുതുവാന്‍ ആരംഭിച്ചത്...? എഴുതുവാന്‍ പോകുന്ന വിഷയത്തെ അല്‍പ്പകാലമെങ്കിലും മനസ്സിലിട്ട് പരുവപ്പെടുത്താമായിരു
ന്നില്ലേ...? ഒരു കഥ, അത് ആദ്യം ഹൃദയത്തിലും, പിന്നീട് പേപ്പറിലുമാണ് പകര്‍ത്തേണ്ടത്... തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. അറിയാം..., എനിക്കെല്ലാം അറിയാം. നാളെയെങ്കിലും എനിക്ക് സമാധാനമായി ഉറങ്ങണം. ഉറക്കം ശാരീരിക ആരോഗ്യത്തിനും, മാനസീക ആരോഗ്യത്തിനും അത്യാവശ്യമായ കാര്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ...? തുടര്‍ച്ചയായി ഉറക്കം നഷ്ടപ്പെട്ട് ഒരു ചിത്തഭ്രമം ബാധിച്ചവനായി ജീവിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാവാം കാലവിളംമ്പം കൂടാതെ എന്‍റെ ചിന്തകളെ പേപ്പറില്‍ പകര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചത്.
കൃത്യം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഹരിത എന്നെ ആദ്യമായി വിളിച്ചത്. അന്നവള്‍ വളരെ അസ്വസ്ഥയായിരുന്നു. പുലരാന്‍ നേരം അവളൊരു സ്വപ്നം കണ്ടിരുന്നുവത്രെ... പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നാണല്ലോ പൊതുവെയുള്ള വിശ്വാസം. ഇത്തിരി സൈക്കോളജിയും, അത്യാവശ്യം കൗണ്‍സിലിങ്ങും വശമുള്ളതുകൊണ്ടാവാം ഇത്തരമൊരു കാര്യം അവള്‍ എന്നെ വിളിച്ച് പറഞ്ഞത്.
ഈ സ്വപ്നങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതവുമായി മിക്കപ്പോഴും യാതൊരു ബന്ധവും ഉണ്ടാകാറില്ലല്ലോ...? അതുകൊണ്ടാണല്ലോ അവയെ നാം ഉറങ്ങുമ്പോള്‍ മാത്രം കാണുന്നത്.
ഒരാഴ്ച്ച കഴിഞ്ഞ് അവള്‍ വീണ്ടും വിളിച്ചപ്പോഴും അതെ സ്വപ്നത്തെപ്പറ്റിയാണ് പറഞ്ഞത്. അപ്പോള്‍ മുതലാണ് പ്രശ്നത്തിന്‍റെ ഗൗരവം ഞാന്‍ മനസ്സിലാക്കുന്നത്.
വെള്ള ചുവരുകളുള്ള വിശാലമായ ഒരു കിടപ്പുമുറി. അതിന്‍റെ മധ്യത്തിലായി ഇട്ടിരിക്കുന്ന വെളുത്ത നിറമുള്ള കട്ടില്‍. അതിലെ കിടക്കവിരിക്കും, തലയണയ്ക്കും വെളുത്ത നിറം തന്നെയാണ്. വെളുത്ത കൊതുക് വല കട്ടിലിനുചുറ്റും മൂടപ്പെട്ടിരിക്കുന്നു. അതിനുള്ളില്‍ നഗ്നയായി കിടക്കുകയാണ് അവള്‍. അവളുടെ അടുത്ത് തന്നെ മറ്റൊരാളും കിടക്കുന്നുണ്ട്. അയാളും നഗ്നനാണ്. കൊതുകുവലയുടെ സുഷിരങ്ങളിലൂടെ നോക്കുമ്പോള്‍ അയാളുടെ മുഖം വ്യക്തമല്ല. ഒരു കാര്യം ഉറപ്പാണ്. എന്തായാലും അത് അവളുടെ ഭര്‍ത്താവല്ല. ആയിരുന്നെങ്കില്‍ അതൊരു സാധാരണ സ്വപ്നം മാത്രമായിരുന്നേനെ... നടന്നതും നടക്കേണ്ടതുമായ ഒരു സാധാരണ സംഭവം. ആ സ്വപ്നത്തിന്‍റെ അസാധാരണത്വം അയാളാണ്. മുഖം വ്യക്തമല്ലാത്ത അയാള്‍.
അതൊരു വൃത്തികെട്ട സ്വപ്നമായി എനിക്ക് തോന്നിയില്ല. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അവള്‍ അന്യപുരുഷനൊപ്പം നഗ്നയായികിടക്കുന്നു...! അതിലെന്താണിത്ര നെറ്റി ചുളിക്കാന്‍...! അതൊരു സ്വപ്നം മാത്രമാണ്.! കേവലം ഒരു സ്വപ്നം. നാം നിത്യേന കാണുന്ന നല്ലതും, ചീത്തയുമായ അനേകം സ്വപ്നങ്ങളില്‍ ഒന്നുമാത്രം. എന്ന് പറഞ്ഞ് ഞാന്‍ അവളെ സമാധാനിപ്പിച്ചു.
ആ സ്വപ്നത്തിന്‍റെ രഹസ്യം തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍. ആ രഹസ്യം കണ്ടെത്തേണ്ടിയിരിക്കുന്നു...!
വളരെ കുറഞ്ഞ കാലത്തെ പരിചയം മാത്രമെ എനിക്ക് ഹരിതയുമായുള്ളൂ. ഞങ്ങള്‍ അടുത്തടുത്ത നാട്ടുകാരാണ്. എന്നാലും വളരെ അപൂര്‍വ്വമായി മാത്രമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളൂ. പറഞ്ഞുവരുമ്പോള്‍ അവള്‍ എന്‍റെ വളരെ അകന്ന ബന്ധുകൂടിയാണ്.
ആ സ്വപ്നത്തിന്‍റെ രഹസ്യമറിയണമെങ്കില്‍ എനിക്ക് അവളുമായി സംസാരിക്കണമായിരുന്നു. സായാഹ്ന സവാരിക്കിടയില്‍ നടത്തുന്ന വെറുമൊരു സൗഹൃദ സംഭാഷണങ്ങളല്ല. മറിച്ച് ഹൃദയം കൊണ്ടുള്ള സംസാരം. അതിന് ഹൃദയത്തിന്‍റെ ഭാഷ അറിയണം. സംസാരിക്കുന്നയാളിനും, കേള്‍ക്കുന്നയാളിനും. വളരെപ്പെട്ടന്നുതന്നെ ഞങ്ങളാഭാഷ ഹൃദിസ്ഥമാക്കി.
പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ ഞാന്‍ അവളെ ആഴത്തില്‍ മനസ്സിലാക്കാന്‍ തുടങ്ങി.
അവളുമായി ഒറ്റയ്ക്കിരുന്ന് അധിക നേരം സംസാരിക്കാന്‍ എനിക്ക് ഭയം തോന്നി. എന്‍റെ അവയവങ്ങള്‍ പോലെ സുപരിചിതമായ ജന്മനാട്ടിലും സദാചാരകണ്ണുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു. ഇന്ന് ഞാനത് മനസ്സിലാക്കുന്നു... അമ്മയുടെ മടിത്തട്ടുമാത്രമാണ് അവരുടെ കഴുകന്‍ കണ്ണുകള്‍ എത്താത്ത ഈ ഭൂമിയിലെ ഏക ഇടം.
അവളെ കുറിച്ച് പറയാം. അവളൊരു സാധാരണ വീട്ടമ്മയാണ്. കറുപ്പിനോടടുത്ത നിറം. അല്ലെങ്കിലും ഈ നിറത്തിലെന്തിരിക്കുന്നു. ''വെളുത്ത സുന്ദരി കറുത്ത വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു.'' എന്നു പറയുന്നതുപോലെയാണ് നിറങ്ങളുടെ കാര്യം ചേരേണ്ടതിനോട് ചേര്‍ന്നാലെ ഏത് നിറവും സുന്ദരമാവുകയുള്ളൂ. ഇല്ലെങ്കില്‍ അവ മഹാവൃത്തികേടാണ്.
മുഖക്കുരു മായാത്ത കവിളും, മേല്‍ചുണ്ടിനെ തോട്ടു തൊട്ടില്ല എന്ന നിലയിലുള്ള നീളന്‍ മൂക്കും അവളുടെ ആകര്‍ഷണീയതയായി.
ഡിഗ്രി പഠനം മുഴുമിപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. കോളെജില്‍ അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നു. പക്ഷെ വീട്ടുകാരുടെ എതിര്‍പ്പുകള്‍മൂലം അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അതുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസമെടുത്തു. ജീവിതത്തില്‍ ഒരു തവണ മാത്രം കണ്ട ഒരുവന്‍ അവളുടെ ഭര്‍ത്താവായി. പതിനെട്ടാം വയസ്സില്‍ അവള്‍ ഭാര്യയും, പത്തൊന്പതാം വയസ്സില്‍ അവള്‍ അമ്മയുമായി.
ദാമ്പത്ത്യ ജീവിതത്തെപ്പറ്റിയും, ലൈംഗികതയെപ്പറ്റിയും വേണ്ടത്ര പരിജ്ഞാനമില്ലതെ വിവാഹിതയാകുന്ന ഈ ലോകത്തിലെ അനേകം കോടി സ്ത്രീകളില്‍ ഒരുവള്‍ മാത്രമായിരുന്നു അവള്‍. കാലം അവള്‍ക്ക് അപരിചിതമായവയെല്ലാം സുപരിചിതമാക്കി.
സ്ത്രീ വിവാഹിതയാവാനും, അമ്മയാവാനും എന്തിനാണ് ഈ ലോകം ഇത്ര തിടുക്കം കാട്ടുന്നത്...? സമയം കൊടുക്കാമായിരുന്നു...! അവള്‍ക്കൊരല്‍പ്പമെങ്കിലും സമയം കൊടുക്കാമായിരുന്നു. നഷ്ടപ്പെട്ടുപോയ ആ ചുരുങ്ങിയ കാലയളവിന്‍റെ ബലത്തില്‍ ഒരുപാട് പെണ്‍ തുമ്പികള്‍ അവരുടെ കണ്ണാടിചിറകുകള്‍ വിരിച്ച് മാനം മുട്ടെ പാറിപ്പറന്നേനെ...
അവളുടെ ഭര്‍ത്താവ് വളരെ നല്ലവനാണ്. യാതൊരു ദുശ്ശീലങ്ങളും അയാള്‍ക്കുണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും അവളെ പുകഴ്ത്തി. ഇത്രയും ഉത്തമനായ ഒരാളെ ലഭിക്കാന്‍ നീ പുണ്യം ചെയ്യണം എന്നവര്‍ അസൂയ്യപ്പെട്ടു. ചുണ്ടിലെ പുഞ്ചിരിമായാതെ തന്നെ അവളതെല്ലാം കേട്ടുനിന്നു.
വിദേശത്താണെങ്കിലും അയാള്‍ അവള്‍ക്കും, കുട്ടികള്‍ക്കുമുള്ള ചിലവുകാശ് കൃത്യമായി അയച്ചുകൊടുക്കും. ആഴ്ച്ചയില്‍ ഒരിക്കള്‍ ഫോണ്‍വിളിക്കും. കുട്ടികളോട് സംസാരിക്കും. പക്ഷെ അവളതുകൊണ്ടൊന്നും തൃപ്തയായിരുന്നില്ല.
സ്ത്രീയെ തൃപ്തിപ്പെടുത്തുക വളരെ നിസ്സാരമായ കാര്യമാണ്. എന്നിട്ടും അയാള്‍ ആ ഉദ്യമത്തില്‍ എന്തുകൊണ്ടോ പരാജയപ്പെട്ടു. സത്യത്തില്‍ അവിടെ പരാജയപ്പെട്ടത് അവനല്ല മറിച്ച് അവളാണ്. അവള്‍ മാത്രം...
ഹരിത അവളുടെ വിശാലമായ പുരുഷ സൗഹൃദങ്ങളില്‍ ഉത്തമന്‍മാരെ തിരഞ്ഞു. നിങ്ങള്‍ അവളെ തെറ്റിദ്ധരിക്കരുത്.! ദുര്‍മ്മാര്‍ഗ്ഗ സഞ്ചാരിയായി കാണുകയുമരുത്. അത് അവള്‍ ഒരിക്കലും സഹിക്കില്ല. ഒരാളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് മുന്‍ധാരണയോടെയുള്ള സമീപനമാണ്.
നിര്‍മ്മലമായ പ്രണയവും, അവളെ കേള്‍ക്കാന്‍ ഒരു കാതും തേടി അവള്‍ അലഞ്ഞു. ഉത്തമന്മാരെ കണ്ടെത്താന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഒാരോ പിടിവള്ളിയും പൊട്ടി താഴെ വീഴുമ്പോഴും അവള്‍ ബലമുള്ളതെന്ന് തെറ്റിദ്ധരിച്ച് അടുത്തവയിലേക്ക് കയറിപ്പിടിച്ച് സുരക്ഷിതയാവാന്‍ ശ്രമം നടത്തി. പരാജയം സമ്മതിക്കാനോ , തിരിഞ്ഞുനടക്കാനോ അവള്‍ തയ്യാറായില്ല.. കാരണം ജീവിതത്തെ അവള്‍ അത്രമാത്രം പ്രണയിക്കുന്നു.
ലോകം കണ്ട ഏറ്റവും ഉത്തമനായ പുരുഷനായിരുന്നില്ലേ ശ്രീരാമന്‍ എന്നിട്ടും എന്തേ അഗ്നിശുദ്ധിവരുത്തിയ സീതയെ അവന്‍ സ്വീകരിച്ചില്ല... ? ഈ സമൂഹത്തിന് വേണ്ടത് ഉത്തമകളായ സ്ത്രീകളെ മാത്രമാണ്...!
ഹൃദയം തുറന്ന് സംസാരിച്ചപ്പോള്‍ ഹരിത കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെ... ഈ ശാന്തത താല്‍ക്കാലികമാണ്. അടിത്തട്ടില്‍ വലിയ ചുഴികളുണ്ട്. എപ്പോള്‍ വേണമെങ്കിലും അവള്‍
അണപ്പൊട്ടിയൊഴുകാം. എപ്പോള്‍ വേണമെങ്കിലും ചുറ്റുമുള്ളവയെ ഭൂമിക്കടിയിലാക്കാം.
ഈ കഥയ്ക്ക് ഒരു പര്യവസാനം എഴുതാന്‍ എനിക്കാവില്ല. കാരണം ഇത് കഥയല്ല. അവളുടെ ജീവിതമാണ്. യഥാര്‍ത്ഥ ജീവിതത്തിന്‍റെ നൂറിലൊരംശം പോലും സങ്കീര്‍ണ്ണതകളും, നാടകീയതകളും ഒരു കഥകളിലുമില്ല.
അവളുടെ ജീവിതത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ഭയമുണ്ട്. അവള്‍ ചിലപ്പോള്‍ ആത്മഹത്യ ചെയ്യും. അല്ലെങ്കില്‍ ഒരു മനോരോഗിയായി മാറും. ഒരു മനഃശാസ്ത്രജ്ഞനും പിടികിട്ടാത്ത മഹാ പ്രഹേളികയാണ് മനുഷ്യന്‍റെ മനസ്സ്...!
(ദിനേനന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo