Slider

.................ഞാൻ കണ്ട സ്വപ്നം.................

1

.................ഞാൻ കണ്ട സ്വപ്നം.................
ഇന്നലെ നിദ്രയുടെ ആഴത്തിൽനിന്നുമെന്നെ ഉണർത്തി ഒരു മാലാഖ കൈയ്യിൽ അണയാത്ത മെഴുകുതിരിയും കത്തിച്ചുപിടിച്ച് ഞാനുമായി മേലോട്ടുയർന്നു...
ഞാൻ നോക്കുമ്പോൾ എനിക്ക് ചിറകുകൾ മുളച്ചിരിക്കുന്നു. എന്റെ നോട്ടംകണ്ട് മാലാഖ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു മുകളിലേയ്ക്കെത്തണമെങ്കിൽ പറക്കണം അതിന് ചിറകുകൾവേണം. എന്തോ ഒരു പ്രത്യേക അവസ്ഥയിൽ ഞാൻ മാലാഖയ്ക്കൊപ്പം പറന്നു മുകളിലേയ്ക്കു പൊക്കോണ്ടിരുന്നു. എനിക്കപ്പോൾ ഭാരം ഒരുകുഞ്ഞു പഞ്ഞിക്കഷണത്തിന് തുല്യമായിരുന്നു...
നല്ല തൂവെള്ള വസ്ത്രമായിരുന്നു ഞാൻ ധരിച്ചിരുന്നപ്പോൾ. അതിൽ ഞാൻ വളരെയധികം സുന്ദരനായി കാണപ്പെട്ടു. മേഘങ്ങളും നക്ഷത്രങ്ങളും ഞങ്ങൾക്ക് വഴിയൊരുക്കി തന്നു. നിമിഷനേരങ്ങൾകൊണ്ടു ഞങ്ങൾ ഒരു സുന്ദരമായ സ്ഥലത്തെത്തി...
ഒരു പുഷ്പാലംകൃത ഉദ്യാനമായിരുന്നത്. നിറയെ അന്തരീക്ഷത്തിൽ മാദകഗന്ധം നിറഞ്ഞു നിൽക്കുന്നു. എന്നെ അവിടെയേൽപ്പിച്ചിട്ട് ആ മാലാഖ മറ്റൊരിടത്തേയ്ക്ക് പറന്നുപോയി...
അപ്പോൾ മറ്റൊരു മാലാഖ വന്നെന്നെ ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ആ മുറിക്കു വെളിയിൽ റെജിസ്ട്രേഷൻ ഓഫീസെന്നു എഴുതിവച്ചിരുന്നു. അവിടെ ഒരു ബുക്കിൽ എന്നെക്കുറിച്ചുള്ള ഡീറ്റെയിൽസ് എഴുതിവച്ചിരിക്കുന്നിടത്ത് ഒപ്പിടാൻ മാലാഖ ആവശ്യപ്പെട്ടു. ഞാൻ ഒപ്പിട്ടു കൊടുത്തു. കമ്പ്യൂട്ടറിനേക്കാൾ വേഗതയിൽ കാര്യങ്ങൾ നടക്കുന്നു...
അപ്പോളെക്കിനും മറ്റൊരു മാലാഖയെന്നെ കൂട്ടികൊണ്ടു പോകാൻവന്നു. എല്ലാം യാന്ത്രികമായിട്ടു നടക്കുന്നതുപോലെയെനിക്ക് തോന്നി. മാലാഖമാരുടെയെല്ലാം മുഖത്തെപ്പൊളും സന്തോഷത്തോടെയുള്ള ചിരി പ്രത്യക്ഷപ്പെട്ടിരുന്നു...
വലിയൊരു മുറി. അതിൽ നിറച്ചു പല വർണ്ണങ്ങളിലുള്ള ബുക്കുകൾ അടുക്കി വച്ചിരിക്കുന്നു. ലൈബ്രറിപോലെ തോന്നി എനിക്കത് കണ്ടിട്ട്. അതിൽ നിന്നും 6/08/1979 എന്ന ബുക്കെടുത്തെന്റെ കൈയ്യിൽവച്ചു തന്നിട്ട് മന്ദസ്മിതത്തോടെ മറ്റൊരു റൂമിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ വലിയൊരു സ്ക്രീൻ. അതിന്റെ പവ്വർ സ്വിച്ച് ഓൺ ചെയ്തിട്ട് 06/08/1979 എന്ന ചാനൽ ഓൺ ചെയ്തിട്ട് റിമോട്ട് എന്നേയേൽപ്പിച്ചിട്ട് മാലാഖ മുറിവിട്ടിറങ്ങിപ്പോയി...
എഴുതി കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യംതന്നെ എന്നെക്കുറിച്ചുള്ള ഒരു ബയോഡാറ്റയാണ് തെളിഞ്ഞു വന്നത്. അതിന് ശേഷം സ്ക്രീനിൽ ഒരു ചോരകുഞ്ഞിന്റെ മുഖം തെളിഞ്ഞുവന്നു കൂടെയൊരു കരച്ചിലും. അതേ ആ കുഞ്ഞ് ഞാനായിരുന്നു. മുപ്പത്തിയാറ് വർഷങ്ങൾക്കു പിന്നിൽ എന്റെ ഓമനത്തമുള്ളമുഖം ഞാൻ ഇമചിമ്മാതെ നോക്കിനിന്നു. എന്റെ മോൻപിറന്നു വീണപ്പോൾ കണ്ട അതേമുഖം ഞാനെന്നിൽ കണ്ടു. എന്റെമോൻ വളർന്നു വരുന്നതുപോലെയുള്ള എന്റെ കുട്ടിക്കാലം...
അങ്ങനെ ജീവിതത്തിലെ ഓരോ കുഞ്ഞുകുഞ്ഞു കാലഘട്ടവും ഞാൻ സിനിമയിലെന്നതുപോലെ കാണാൻ തുടങ്ങി. ഓരോ ബാല്യകാല ചെയ്തികളും കണ്ടു വന്നപ്പോൾ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നിത്തുടങ്ങി. കാരണം നിഷ്കളങ്ക ബാല്യമായിരുന്നു എന്റേത്...
ബാല്യം കഴിഞ്ഞ് കൗമാരത്തിലെത്തിയപ്പോൾ കാലഘട്ടത്തിനൊരു കളർഫുൾടച്ചുണ്ടായത് ഞാനറിഞ്ഞു. പൊടിമീശക്കാരനിലേയ്ക്കുള്ള എന്റെ വളർച്ചയും ചെയ്തികളും. അവിടെയുമെനിക്കിഷ്ടപ്പെട്ടു. കാരണം കൗമാരപ്രായക്കാർക്കുണ്ടാകുന്ന ചാപല്യങ്ങളേ എനിക്കുമുണ്ടായിരുന്നുള്ളു...
പിന്നീട് യൗവ്വന കാലഘട്ടത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ പലതരത്തിലുള്ള അനുഭവങ്ങൾ ഞാൻ കാണാനിടയായി. അതിൽ നല്ലതും ചീത്തയുമെനിക്ക് കാണാനിടയായി. അറിഞ്ഞും, അറിയാതെയും ചെയ്തു പോകുന്ന തെറ്റുകൾ കണ്ടപ്പോൾ എനിക്കിങ്ങനെയൊരു യൗവ്വനകാലമുണ്ടായിരുന്നല്ലോയെന്നോർത്തു മനസ്സു വിഷമിച്ചു...
അങ്ങനെ ഇന്നലെവരെയുള്ള കാര്യങ്ങൾ സ്ക്രീനിൽ കാണിച്ചതിനുശേഷം ഒരു ചോദ്യം തെളിഞ്ഞുവന്നു നിന്നു ചോദ്യചിഹ്നത്തോടെ?...
" ഇതിൽ നിനക്കേത് കാലഘട്ടത്തിലേയ്ക്ക് തിരിച്ചു പോകാനാണ് താത്പര്യം"?
അവിടെയെന്തു മറുപടി കൊടുക്കണമെന്നെനിക്കാലോചിക്കേണ്ടി വന്നിലധികം. നേരേ റിമോട്ടിന്റെ കീപാഡിൽ ഞാനെന്റെ വിരലുകൾ കൊണ്ടെഴുതി ബാല്യകാലമെന്ന്. സ്ക്രീനിലത് തെളിഞ്ഞുവന്നു...
നിഷ്കളങ്കരായ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കുന്നതിൽപരമൊരു ജീവിതം വേറൊന്നുമില്ലെന്ന അറിവ് എന്റെ ജീവിതസിനിമയിൽ നിന്നും എനിക്ക് ലഭിച്ചു...
പിന്നെ സ്ക്രീനിൽ എന്റെ വലത്തേ കൈപ്പത്തി വലതുവശത്തും, ഇടത്തേ കൈപ്പത്തി ഇടതുവശത്തും പ്രത്യക്ഷപ്പെട്ടു. അതിൽ വലത് കൈയ്ക്കുള്ളിൽ ഞാൻ ചെയ്ത നന്മകളും, പുണ്യ പ്രവൃത്തികളും നിറഞ്ഞിരിക്കുന്നു. ഇടത് കൈയ്ക്കുള്ളിൽ ഞാൻ ചെയ്ത തിന്മകളും, ദുഷ്ടതയും,കളങ്കവുമെല്ലാം കുത്തിനിറച്ചിരിക്കുന്നു...
പിന്നതിൽ നിന്നും ഒരു തിന്മയ്ക്ക് ഒരു നന്മയെന്ന കണക്കിൽ ഓരോ കൈയ്യുടെയും ഭാരം കുറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ വലതുകൈ ശൂന്യമായി എന്നിട്ടും ഇടത്കൈയ്യിൽ വിരലിലെണ്ണാവുന്നത് ബാക്കിയായി കിടക്കുന്നു...
എന്റെ മനസ്സു ശരിക്കും മരവിച്ചിരുന്നു. അപ്പോൾ കണ്ണഞ്ചിക്കുംവിധം വലിയൊരു പ്രകാശം ആ മുറിയിലെനിക്കനുഭവപ്പെട്ടു. ഒരശ്ശരീരി എനിക്കു കേൾക്കാൻ കഴിഞ്ഞു. വളരെ സൗമ്യവും, ശാന്തവും, എന്നാൽ ദൃഡതയുമുള്ളതുമായ ശബ്ദത്തിൽ എന്നോടുചോദിച്ചു
" നിന്റെ ഇടത്തേ കൈയ്യിൽ അവശേഷിച്ചിരിക്കുന്ന അഴുക്ക് കഴുകി കളയാൻ ഞാൻ നിനക്കൊരവസരം തരുന്നു അതിനു നീ തിരഞ്ഞെടുത്ത ബാല്യകാലത്തിലേയ്ക്ക് നിനക്ക് തിരിച്ചുപോകാം"...
പത്തു ദിവസത്തിനുശേഷം നിന്റെ വലതകൈ നിറച്ചുകൊണ്ടു നിനക്കിവിടെ പ്രവേശിക്കാം അപ്പോൾ നിനക്ക് ബോധ്യമാകും യഥാർത്ഥ സ്വർഗ്ഗം ഭൂമിയിലല്ലയെന്ന കാര്യം. ഇവിടെ നിനയ്ക്കായ് സ്വർഗ്ഗവാതിലുകൾ തുറന്നു കിടന്നിരിക്കും. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുന്നതിന് തുല്യമായിരിക്കുമെന്നകാര്യം നിനക്കിപ്പോൾ ബോധ്യമായി കാണുമല്ലോ...
അതേ, എനിക്കെന്റെ ബാല്യകാലത്തിലേയ്ക്ക് തിരിച്ചുപോയി നന്മകൾ ചെയ്ത് വലകരത്തിന്റെ ഭാരംകൂട്ടണം എനിക്കു തന്നിരിക്കുന്ന പത്തു ദിവസംകൊണ്ട്. എനിക്കും കുഞ്ഞുങ്ങളേപ്പോലെയാകണം കാരണം കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്.
"നിങ്ങൾ കുഞ്ഞുങ്ങളേപ്പോലെ നിഷ്കളങ്കരാകുവിൻ നിങ്ങൾക്കു സ്വർഗ്ഗരാജ്യം ലഭിക്കുമെന്ന " ബൈബിൾവചനം നിറവേറ്റണമെനിക്ക്...
കണ്ടതൊരു മിഥ്യാസ്വപ്നമെങ്കിലും കണ്ണുത്തുറക്കാനിതു മതിയെന്നകാര്യം ശരിക്കും വാസ്തവമാണ്...
NB : ഇങ്ങനെയൊരു തിരിച്ചുപോക്കിനവസരം നമുക്ക് കിട്ടിയെന്നുവരില്ല ആയതിനാൽ, കഴിവതും വലതുകരത്തിന്റെ ഭാരംകൂട്ടി ഇടതുകരത്തിന്റെ ഭാരം കുറയ്ക്കാൻ നോക്കാം നമുക്ക്....
.......................📝 മനു.......................
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo