Slider

എന്റെ ഇഷ്ടങ്ങൾക്കൊന്നും...........

0
"എന്റെ ഇഷ്ടങ്ങൾക്കൊന്നും ഈ വീട്ടിൽ ഒരു സ്ഥാനവും ഇല്ലേ, എന്തുപറഞ്ഞാലും വേണ്ട എന്നാ മറുപടി മാത്രം. എനിക്കും ഉണ്ട് ആഗ്രഹങ്ങളും ഇഷ്ടങ്ങളും..."
ഇത്രയും പറഞ്ഞുകൊണ്ടാവൾ പൊട്ടി കരയുകയാണ്, ആരാണെന്നു ചോദിച്ചാൽ എന്റെ ചേച്ചി...
അവളുടെ ചെറിയൊരു ആഗ്രഹമാണ് ഒരു മുക്കുത്തി ഇടണമെന്ന്.പക്ഷെ അച്ഛനും അമ്മയും സമ്മതിച്ചില്ല...
സ്കൂളിൽ പോകുന്ന കുട്ടിയ്ക്ക് എന്തിനാ മുക്കുത്തി. വലുതായിട്ടു നോക്കാമെന്നാണ് അമ്മ പറയുന്നത്..
പക്ഷെ ഇതൊന്നും അവൾ കേൾക്കുന്ന മട്ടില്ല, അവൾ കരച്ചിലോട് കരച്ചിലാണ്...
പക്ഷെ ആ കരച്ചിലിന് ഒരു പ്രയോജനവും ഉണ്ടായില്ല...
അന്നവൾ പത്താംക്ലാസിൽ പഠിക്കുകയാണ് ഞാൻ എട്ടാംക്ലാസ്സിലും...
അവളുടെ കൂട്ടുകാരികൾ മുക്കുത്തിയിട്ടു ക്ലാസ്സിലേക്ക് വരുന്നത് കണ്ടിട്ടാണ്, അവൾക്ക് ആ ആഗ്രഹം പൊട്ടിമുളച്ചത്...
ഇടയ്ക്കു കണ്ണാടിയ്ക്കുമുന്നിൽ ചെന്ന്, പൊട്ടെടുത്തു മൂക്കിൽ വെച്ച് ഭംഗി നോക്കുന്നത് കാണാറുണ്ട്. അവൾക്കു മുക്കുത്തി നന്നായി ചേരും ഒരുപാടു ഇഷ്ടവുമാണ്...
പക്ഷെ പറഞ്ഞിട്ടെന്തു കാര്യം മൂക്ക് കുത്താൻ അമ്മ സമ്മതിക്കില്ല...
കുറച്ചു ദിവസം ഇതിന്റെ പേരിൽ പിണങ്ങി നടന്നിട്ടും, ഒരു ഫലവും ഉണ്ടായില്ല...
അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോൾ അവളെന്നോട് പറഞ്ഞു..."ഡാ ഉണ്ണി വീട്ടിൽ ആർക്കും എന്നോട് സ്നേഹമില്ല ഇത്രയൊക്കെ പറഞ്ഞിട്ടും കരഞ്ഞിട്ടും ആരും എന്റെ ആഗ്രഹം സാധിച്ചു തന്നില്ല.."
അവൾ പറയുന്നതുകേട്ടു എനിക്ക് വിഷമം തോന്നി, ഞാനവളോട് പറഞ്ഞു...
"നിന്റെ ആഗ്രഹം ഞാൻ നടത്തി തരട്ടെ..."
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
"പിന്നെ ഒന്ന് പോടാ ചെക്കാ നടക്കുന്ന കാര്യം വല്ലതും പറയ്..."
"നീ കണ്ടോ ചേച്ചിയെ നിന്റെ ആഗ്രഹം ഞാൻ നടത്തി തരും സത്യം....!
"നിനക്ക് മാത്രമേ എന്നോട് സ്നേഹമുള്ളു അല്ലെ ഉണ്ണി..."
എന്തോ അവളങ്ങനെ പറഞ്ഞപ്പോൾ ഒന്നുകൂടെ സ്നേഹം എനിക്ക് കൂടി..
എന്തായാലും അവളുടെ ആഗ്രഹം നടത്തികൊടുക്കണം, ചെറിയൊരു ഒരു സർപ്രൈസും കൊടുക്കണം...
എന്തായാലും ഇന്ന് രാത്രി തന്നെ അവളുടെ ആഗ്രഹം നടത്തികൊടുക്കാമെന്നു വിചാരിച്ചു.
അന്നുരാത്രി അവൾ കിടക്കുന്ന റൂമിലേക്ക് പോയി. അവളെയൊന്നു നോക്കി, എന്നിട്ടു മനസ്സിൽ പറഞ്ഞു എന്റെ ചേച്ചിയുടെ ആഗ്രഹം ഞാൻ നടത്താൻ പോകുകയാണ്..
പിന്നെ ഒന്നും നോക്കിയില്ല കൈയിലിരിക്കുന്ന നാരങ്ങാ മുള്ളുകൊണ്ടു അവളുടെ മൂക്കിൽ നന്നായി ഒന്നു കുത്തി...
പിന്നെ അവിടെ ആകെപ്പാടെ ഒരു കരച്ചിലിന്റെ ശബ്‌ദവും ബഹളവും,.
"അമ്മേ ഓടി വായോ എന്നെകൊല്ലുന്നേ.., "
ഇതുകേട്ട് അമ്മ ഓടിവന്നു നോക്കുമ്പോൾ മൂക്കിലൂടെ ചോരയൊലിക്കുന്ന അവളെയാണ് കാണുന്നത്.
അമ്മയാകെ പേടിച്ചിട്ടു ചോദിച്ചു..
"എന്തുപറ്റി മോളെ.."
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.."ആ കൊരങ്ങൻ എന്റെ മൂക്കിൽ എന്തോ കൊണ്ട് കുത്തി അമ്മേ..."
അമ്മയുടെ നോട്ടം കണ്ടു ഞാൻ അവിടെന്ന് സ്ഥലംവിട്ടു അടികിട്ടുമെന്നു പേടിച്ച്...
അന്നുരാത്രി അച്ഛനും അമ്മയും അവളെയുംകൊണ്ടു അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി...
ഇതൊന്നും അറിഞ്ഞിട്ടില്ല എന്നാ മട്ടിൽ ഞാൻ കിടന്നുറങ്ങി...
രാവിലെ ഉറങ്ങിയെണീക്കുമ്പോൾ അടികിട്ടുമോ എന്നൊരു പേടിയുണ്ടായിരുന്നു..
എന്നാലും പതുക്കെ ഞാൻ എണീറ്റ് അടുക്കളായിലേക്കുപോയി..
അമ്മ അവിടെ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്.
വലിയ സീനൊന്നും ഇല്ലെന്ന് തോന്നിയപ്പോൾ..
അമ്മയെ പതുക്കെ ഞാൻ വിളിച്ചു. "അമ്മേ ചായ ഉണ്ടോ..!
എന്നിട്ട് ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ..ഞാൻ അമ്മയോട് ചോദിച്ചു..
"അവളെവിടെ അമ്മേ..!"
"ചായ അവിടെ ഉണ്ട് ,ഇന്നലെ നീ അവളെയെന്താ ചെയ്തത് ചെക്കാ..."
"അതുപിന്നെ ഞാൻ അവളുടെ ആഗ്രഹം നടത്തികൊടുത്തതാ അമ്മേ....!
ഇതുകേട്ട് അവൾ അടുക്കളെയിലേക്ക് കേറി വന്നു..
അവളെകണ്ടു ഞാനൊന്നു ഞെട്ടി, ചിരിയും വന്നു, മൂക്കിൽ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു മുക്കുത്തിയ്ക്കു പകരം..
അവൾ എന്നോട് ചോദിച്ചു.."എന്തിനാടാ കൊരങ്ങാ നീ ഇങ്ങനെ ചെയ്തത്.."
ഞാൻ പതുക്കെ അവളുടെ മൂക്കിൽ പിടിച്ചിട്ടു പറഞ്ഞു..
"എന്റെ ചേച്ചിയുടെ മൂക്ക് കുത്തണമെന്ന ഒരാഗ്രഹം ഞാൻ നടത്തി തന്നതല്ലേ. പിന്നെ വിളിക്കാതെ മൂക്കിൽ കുത്തിയത് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാ.."
ഇതുകേട്ടവൾ അടുക്കളയിൽ നിന്നും ഒരു വിറകുകൊള്ളിയെടുത്തു എന്നെ തല്ലാൻ ഓടിപ്പിച്ചു....
ഇങ്ങനെയും ഒരു സർപ്രൈസ് കൊടുക്കാം..
മുക്കുത്തിയിടാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ആങ്ങള സർപ്രൈസ് തരുന്നതായിരിക്കും...
ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക..
നാരങ്ങാ മുള്ളുകൊണ്ടു കാതുകുത്താൻ മാത്രമല്ല, മൂക്കും കുത്താം...
(ശുഭം)
സ്നേഹത്തോടെ...ധനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo