Slider

ദേവിയും ഞാനും

0
ദേവിയും ഞാനും
================
" ഉണ്ണീ "
"എന്തേ ദേവി "
"ഉച്ച പൂജ കഴിഞ്ഞു നടയടച്ചിട്ട് പതിവ് പോലെ ഉള്ളിൽ തന്നെ ഇരിക്കാനാണോ ഉണ്ണീ ഭാവം "
"പിന്നെ, പുറത്തെ വെയില് കണ്ടില്ലേ, എനിക്ക് വയ്യ. അല്ലെങ്കിൽ തന്നെ ഞാൻ എങ്ങോട് പോകാൻ. അല്ല, ഞാനീ ശ്രീകോവിലിനുള്ളിൽ ഇരിക്കുന്നതിന് ദേവിക്കെന്തെങ്കിലും ബുദ്ദിമുട്ടുണ്ടോ "
"എനിക്കെന്ത് ബുദ്ധിമുട്ട്. നീ ഇപ്പൊ കുറച്ചു കാലമായിട്ട് ഇത് തന്നെ അല്ലെ ചെയ്യാറ്, നിനക്ക് വിശക്കുന്നില്ലേ കോലോത്തു ചെന്നാൽ ഇത്തിരി എന്തെങ്കിലും കഴിക്കാലോ "
"ഞാൻ ഈയിടെയായി കോലോത്തുനിന്ന് വല്ലപ്പോഴുമല്ലേ കഴിക്കാറുള്ളു, എനിക്കാ ചെറിയമ്മയുടെ ആട്ടും തുപ്പും കേട്ടിട്ട് ചോറ് തിന്നണ്ട. പത്തിരുപത്തഞ്ചു വയസ്സായിട്ടും ഒന്നും സമ്പാദിച്ചു കൊണ്ട് ചെല്ലാത്തതിന്റെ കെറുവാ .. "
"മ്.. എന്നിട്ട് നീ ഇന്നലത്തെപോലെ ആരാന്റെ കന്നാരച്ചക്ക മോഷ്ടിച്ച് തിന്നാനാ ഭാവം?"
"അപ്പൊ അതും അറിഞ്ഞു, ല്ലേ.. വിശന്നിട്ട് കണ്ണുകാണാതായപ്പോൾ ചെയ്തതാ. അത് വേലീടെ പുറത്തേക്ക് നീങ്ങി നിന്നതല്ലേ "
" എന്റെ പൊന്നു മണങ്ങൂസേ എന്നിട്ട് എന്തായി, തൂറ്റല് പിടിച്ചു വലഞ്ഞില്ലേ നീയ്യ്.. അതേയ് കള്ളന്മാരെ പറ്റിക്കാൻ മരുന്ന് വെച്ച കന്നാരചക്കയായിരുന്നു.. "
"എന്നോടൊന്ന് പറയാർന്നൂട്ടോ,.. ആ... വേണം എനിക്കങ്ങനെ തന്നെ വേണം...... വല്ലോന്റേം മൊതല് കട്ട് തിന്നതിന്റെ ശിക്ഷയാ.. ഏതായാലും വയറൊന്ന് ശുദ്ധ്യായി .. . ദേ ഇന്ന് രാവിലെ ഇത്തിരി പച്ച വെള്ളം മാത്രേ കുടിച്ചിട്ടുള്ളു. രാവിലെ ദക്ഷിണ കിട്ടിയ പത്തു രൂപയുണ്ട് കയ്യിൽ, ഇന്ന് രാത്രി നായരുടെ കടയിൽ നിന്നും രണ്ട് ഇഡ്ഡലി കഴിക്കാൻ തികയും. "
"അല്ല ദേവി .., ഞാനാലോചിക്കുകയായിരിന്നു "
"എന്ത് "
"ഈ ദേവിമാർക്കെല്ലാം ശക്തി ഒരുപോലെ അല്ലേയെന്ന് "
"അതെന്താ നിനക്കിപ്പോൾ അങ്ങനെ ഒരു ചിന്ത"
"ചില അമ്പലങ്ങളിലെ തിരക്ക് കാണുമ്പോ എനിക്ക് ഇവിടുത്തോട് സഹതാപം തോന്നും. എത്രയാ ആളുകൾ... എന്തെല്ലാം വഴിപാടുകൾ.... നമുക്കിവിടെ ആകപ്പാടെ ഒരു ദിവസം നാലോ അഞ്ചോ ആളുകൾ തൊഴാൻ വരും.
വഴിപാടുകളുടെ കാര്യമാണേ പറയുകയും വേണ്ടല്ലോ. ... ദേവീം പട്ടിണി ഞാനും പട്ടിണി ".
"എന്നാ പിന്നെ നിനക്ക് ഭക്തരും വഴിപാടും കൂടുതൽ ഉള്ള അമ്പലത്തിൽ ശാന്തിക്ക് പൊയ്ക്കൂടേ"
"ഹെയ് .. അപ്പോഴേക്കും പിണങ്ങിയോ, ഞാനൊരു തമാശ പറഞ്ഞതല്ലേ"
"എടാ മരമണ്ടാ, അമ്പലം മാറീന്ന് വെച്ച് ദൈവങ്ങൾക്ക് ശക്തി വ്യത്യാസമൊന്നും ഉണ്ടാവില്ല .. നമ്മുടെ ഈ അമ്പലം ഒരു വയലിന്റെ നടുക്കല്ലേ. വയൽ വരമ്പിലൂടെ നടന്നു വേണ്ടേ ഇത് വരെ എത്താൻ. ആളുകൾക്ക് നടന്ന് എവിടെയും പോകുന്നത് ഇഷ്ടമല്ല. കാറ് അമ്പല മുറ്റം വരെ ചെല്ലണം. പിന്നെ ചില അമ്പലങ്ങളിലും ആരാധനാലയങ്ങളിലും ആളുകൾ പോകുന്നത് ഒരു വിനോദയാത്ര പോകുന്നത് പോലെയല്ലേ, ഭക്തി കൊണ്ടൊന്നുമല്ലാലോ .... പിന്നെ , അവര് പോകുന്നതും തൊഴുകുന്നതും നാലാള് കാണണം..
അല്ലെങ്കിലും അവനവൻറെ ഉള്ളിൽ തന്നെ അല്ലേ ഈശ്വരൻ കുടികൊള്ളുന്നത് .. "
"അല്ല ഒന്ന് ചോദിച്ചോട്ടെ .. അതെന്താ ഈ അമ്പലം വയലിന്റെ നടുക്ക് ആൾ സഞ്ചാരം ഇല്ലാത്ത സ്ഥലത്തു കൊണ്ടുവന്ന് വെച്ചത് "
"വയലിൽ ആൾ സഞ്ചാരം ഇല്ലാതായിട്ട് കുറച്ചു കാലമല്ലേ ആയുള്ളൂ, മൂന്ന് പൂ കൃഷിയിറക്കി കൊണ്ടിരുന്ന വയലുകളാണീ ചുറ്റും കാണുന്നവയെല്ലാം.. ഇപ്പോ അന്യ നാട്ടിലെ അടിമപ്പണി ചെയ്താലും സ്വന്തം നാട്ടിലെ വയലിലിൽ ഇറങ്ങുന്നത് നമ്മുടെ ആളുകൾക്ക് വല്ലാത്ത കുറച്ചിലല്ലേ. പണ്ട് ഈ അമ്പലത്തിന് ചുറ്റും ആളൊഴിഞ്ഞ നേരം ഉണ്ടായിരുന്നില്ല . വിളവ് കാത്തോളണേ എന്നും പറഞ്ഞു മൂന്ന് നേരോം ആളുകൾ ദേ .. ഈ നടയിലേക്ക് വരും , എന്തൊരു തിരക്കായിരുന്നു അന്നൊക്കെ "
“ഞാൻ മനസ്സിൽ സങ്കല്പിക്കുകയായിരുന്നു .. ഈ വയലുകളെല്ലാം നിറയെ നെൽക്കതിരുകൾ നിറഞ്ഞു നിൽക്കുന്നത്.. എത്ര മനോഹരം "
"ആഗ്രഹിച്ചത് കൊണ്ട് മാത്രം ഒന്നുമാകില്ല ഉണ്ണീ.. പരിശ്രമവും വേണം ".
"കോലോത്തെ കുറച്ചു കൃഷിസ്ഥലവുമുണ്ട് ദേ അവിടെ , വെറുതേ കാട് പിടിച്ചു കിടക്കുന്ന കാണുമ്പോൾ വല്ലാത്ത വിഷമം, ഞാൻ ഒരാൾ തനിച്ചെന്തു ചെയ്യാനാ..?.
"ഉണ്ണീ .. എന്നാ .. ഞാനൊരു കാര്യം പറഞ്ഞാൽ ചെയ്യുമോ"
"അതെന്താ ദേവിയമ്മേ അങ്ങിനെ ചോദിക്കുന്നെ,
പെറ്റു വീണപ്പോ തന്നെ അമ്മ പോയി, കുറച്ചു നാളിനുള്ളിൽ അച്ഛൻ വേറെ കെട്ടി,
ചെറിയമ്മയ്ക്ക് എന്നെ കാണുന്നത് തന്നെ ചതുർത്ഥിയാ ..
അവരുടെ മക്കളെയെല്ലാം നന്നായി പഠിപ്പിച്ചു .. എന്നെ നടതള്ളി ..
ഈ അമ്പലത്തിലാ ഞാൻ വളർന്നത്... ഓർമ്മയിലെ അമ്മയുടെ മുഖം ദേ ഇത് തന്നെ ..
ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യാത്തത് കൊണ്ടല്ലേ ശാന്തിപണീം കൊണ്ട് ഇവിടെ തന്നെ കൂടിയത്, എന്ത് വേണം എന്ന് ദേവിയമ്മ പറയൂ , ഞാൻ അനുസരണക്കേട് ഇതുവരെ കാട്ടീട്ടില്ലാലോ ".
" എങ്കിൽ പറയാം .. നാളെ മുതൽ കുറച്ചു നേരം നിന്റെ ആ വയലിൽ ഇറങ്ങി ജോലി ചെയ്യണം പറ്റാവുന്നോളം മതി, കുറച്ചു ദിവസം കഴിയുമ്പോ എവിടെ നിന്നെങ്കിലും അല്പം വിത്ത് സംഘടിപ്പിച്ഛ് ഒന്ന് വിതച്ചു നോക്കാം ഈ വയലുകൾ ഇങ്ങിനെ വെറുതെ കിടക്കുന്നത് കണ്ടിട്ട് എനിക്ക് ഒരു വല്ലായ്ക"
" ശരിയാ, എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്.. ഇതാവുമ്പോ ഇവിടെ നിന്ന് ദൂരെയെങ്ങും പോകുവേം വേണ്ട .. ദേവിയമ്മ പറഞ്ഞ പോലെ തന്നെ ചെയ്യാം.. പക്ഷെ വലിയ പ്രതീക്ഷ ഒന്നൂല്ല "
**********************
അടുത്ത നാൾ വൈകിട്ട് ..
"എന്തൊരു ഇരുട്ടാ ശ്രീകോവിലിൽ, തിരിയൊന്ന് കത്തിക്കാൻ ഇവിടെ വെച്ച തീപ്പട്ടിയും കാണുന്നില്ല.
എന്റെ ദേവിയമ്മേ .... ഇന്ന് മൊത്തത്തിൽ ഒരു നല്ല ദിവസം ആയിരുന്നു. വയല് തെളിച്ചു കൃഷിചെയ്യാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ അച്ഛന് വലിയ സന്തോഷം.... കുറച്ചു കാശുതന്ന് സഹായിക്കാം എന്നേറ്റു .. , ഒരുപാട് നാളുകൾക്ക് ശേഷം ചെറിയമ്മ ഇന്ന് തെളിഞ്ഞ മുഖത്തോടെ എനിക്ക് വയറു നിറയെ ചോറ് വിളമ്പി... പിന്നെ ഒരു വിശേഷം കൂടിയുണ്ട്...
ഇന്ന് രാവിലെ ഒരു സ്ത്രീ ഇല്ലത്ത് ജോലിയന്ന്വേഷിച്ചു വന്നു ..
ഒരു പത്തു നാല്പത്തഞ്ചു വയസ്സ് കാണും.. നല്ല ചുറുചുറുക്കും ആരോഗ്യവും..
അച്ഛൻ അവരെയും എന്റെ കൂടെ വായിലിലേക്കയച്ചു..
പാറുവമ്മ എന്നാ പേര്..
ചേറ്റിലിറങ്ങി ജോലി ചെയ്യാൻ എന്തൊരു ഉത്സാഹമായിരുന്നെന്നോ അവർക്ക് ..
ചെറുപ്പം മുതൽ കൃഷിപ്പണി ചെയ്തു നല്ല ശീലമുണ്ട്..
വയലിൽ അവരും ഞാനും മത്സരിച്ചു ജോലി ചെയ്തു.
വരമ്പെല്ലാം കെട്ടി ,വയലിലേക്ക് വെള്ളം വരുന്ന ചെറിയ തോടെല്ലാം നന്നാക്കി,
രണ്ടുദിവസം കഴിയുമ്പോ ട്രാക്ടർ വരും.
ഉഴുതുകഴിഞ്ഞാൽ പിന്നെ വിത്തെറിയാം ...
കരക്കാര് പലരും വന്നു കൗതുകത്തോടെ നോക്കുന്ന കണ്ടു..
നമ്മള് തുടങ്ങിവെച്ചാൽ ചിലപ്പോ അവരും കൃഷി തുടങ്ങുമായിരിക്കും.
അരീടെ വില ദിനം പ്രതി കൂടുകയല്ലേ .. .. എന്തായാലും നന്നായി .. "
ഹല്ലാ .. ഞാനിത്രയൊക്കെ പറഞ്ഞിട്ടും ദേവിയമ്മ എന്തേ ഒന്നും മിണ്ടാത്തത് ..
ആ .. തീപ്പെട്ടി കിട്ടി .. ദീപം തെളിക്കട്ടെ.....
അയ്യോ ഇതെന്താ വിഗ്രഹം മുഴുവൻ ചേറാണല്ലോ ....
ഇതെങ്ങിനെ പറ്റി .. വയലിൽനിന്ന് വന്നിട്ട് ഞാൻ അമ്പലക്കുളത്തിൽ മുങ്ങി നന്നായി ദേഹശുദ്ധി വരുത്തിയാതാണല്ലോ.."
" ഭയപ്പെടാതെ ഉണ്ണീ..
രാവിലെ മുതൽ ഞാനും വയലിൽ ഉണ്ടായിരുന്നല്ലോ ,നിന്റെ കൂടെ തന്നെ ...
എനിക്ക് ചന്ദനവും കളഭവും പൂശുന്നതിനേക്കാൾ ഇഷ്ടം ഈ വയലിലെ ചേറാ .. .. "
" പാറുവമ്മയായി എന്റെ കൂടെ ഉണ്ടായിരുന്നത് ദേവിയായിരുന്നല്ലേ .. എനിക്കൊരു സംശയം തോന്നിയതാ ... നന്ദിയുണ്ടട്ടോ ... ഒരുപാട് ..
രാവിലെ നമുക്ക് വീണ്ടും വയലിലിറങ്ങാം ഇപ്പൊ സന്ധ്യാദീപം തെളിക്കട്ടെ ......"
" ഓം ..
ശിവം ഭവത് കല്യാണം ആയുരാരോഗ്യ വര്ദ്ധനം
മമ ദുഖ വീനാശായ ശ്രീ സന്ധ്യാദീപം നമോസ്തുതെ
യാ ദേവീ സർവ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ"
By Saji.M.Mathews.
17/11/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo