Slider

കണ്ണാടി ഭാഗം - 2

0
കണ്ണാടി ഭാഗം - 2
---------------------------
ഋഷിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി. അവൻ ഒന്നും മിണ്ടാതെ തന്നെ നിന്നു. അച്ഛൻ മുഖമുയർത്തുന്നത് പോലുമില്ല. അൽപ നേരത്തിന് ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ അച്ഛൻ അവനോട് ചോദിച്ചു.
ആരാണിത്..?
അവൻ അച്ഛനെ സൂക്ഷിച്ചു നോക്കി. അച്ഛന്റെ മുഖത്തെ ഭാവം എന്താണെന്ന് വായിച്ചെടുക്കാൻ ഋഷി ശ്രമിച്ചു. പക്ഷെ അവന് ഒന്നും കണ്ടെത്താനായില്ല. ആദ്യത്തെ ഞെട്ടലിൽ നിന്നുമുള്ള അച്ഛന്റെ ഭാവപ്പകർച്ചയിൽ ഋഷിക്ക് അത്ഭുതം തോന്നി. ചോദ്യത്തിന് മറുപടി പറയാതെ അവൻ മൗനമായി നിന്നതേ ഉള്ളു.
ആരാണിത്? നീ എന്താ ഒന്നും മിണ്ടാത്തത്?
പിന്നെയും അച്ഛന്റെ ചോദ്യം. ഋഷിക്ക് ആകെ വല്ലായ്മ തോന്നി. അച്ഛൻ എന്തൊക്കെയോ തന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവന് തോന്നി. തത്കാലം അതിനെപ്പറ്റി ആരായേണ്ടതില്ലെന്നവൻ നിശ്ചയിച്ചു.
ഇത്... ഇതാണ് ഞാൻ സ്വപ്നത്തിൽ കാണുന്ന പെൺകുട്ടി. ഈ മുഖം എന്റെ മനസ്സിൽ നിന്നും മായുന്നില്ല.
അച്ഛൻ ഋഷിയെ നോക്കി. അച്ഛന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിൽക്കുകയാണ് അവൻ. അച്ഛൻ പെട്ടെന്ന് നോട്ടം പിൻവലിച്ചു. ഒരു പരിഭ്രമത്തോടെയായിരുന്നു അച്ഛന്റെ പെരുമാറ്റം. അവൻ അത് സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു.
നീ... ആവശ്യമില്ലാത്തതൊന്നും ആലോചിക്കേണ്ട. വെറുതെ ഓരോന്ന് മനസ്സിൽ ഇട്ട് പെരുപ്പിക്കണ്ട... സ്വപ്നം അല്ലെ... അത് കാര്യമാക്കണ്ട...വിട്ടു കള...
അത്രയും പറഞ്ഞ് ധൃതിയിൽ അച്ഛൻ മുറിയിൽ നിന്നും എഴുന്നേറ്റ് പോയി. എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്ന് ഉറപ്പായി അവന്. പക്ഷെ ഇപ്പോൾ അതേപ്പറ്റി ചോദ്യം ചെയ്യുന്നത് ഉത്തമമല്ലെന്ന് അവന് തോന്നി. അവൻ ആ ചിത്രത്തിലേക്ക് നോക്കി. ഇവളെ അച്ഛന് അറിയുമായിരിക്കണം. അല്ലാതെ അദ്ദേഹം ഇത്രക്കും അസ്വസ്ഥനാവേണ്ട കാര്യമെന്താണ്? എല്ലാ ചോദ്യങ്ങൾക്കും ഒരുത്തരം തരാൻ അച്ഛന് കഴിഞ്ഞേക്കും എന്ന ആശ്വാസത്തിൽ അവൻ നിന്നു.
ദിവസങ്ങൾ പോകവേ അച്ഛൻ ഋഷിയിൽ നിന്നും ഒഴിഞ്ഞു മാറാൻ തുടങ്ങിയിരുന്നു. ഒന്നും അറിയാത്ത മട്ടിൽ അവൻ നടന്നെങ്കിലും അച്ഛനെ അവൻ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അച്ഛനിലെ മാറ്റം അവനെ കൂടുതൽ ആശങ്കയിലാഴ്ത്തി. സംശയ നിവാരണത്തിനായി അവൻ അമ്മയെ സമീപിച്ചു.
ഒരു പുതിയ ചിത്രം വരച്ചത് കാണിക്കും പോലെ അവൻ ആ ചിത്രം അമ്മയെ കാണിച്ചു. പക്ഷെ അമ്മയിൽ നിന്നും ആശാവഹമായ പ്രതികരണം ഒന്നുമുണ്ടായില്ല. അച്ഛനിൽ കണ്ടത് പോലെ ഞെട്ടലോ പരിഭ്രമമോ അമ്മ പ്രകടിപ്പിച്ചില്ല. മറ്റു സുഹൃത്തുക്കളെപ്പോലെ അമ്മയും ഇതാരാണെന്ന് ചോദിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല. പതിവ് മറുപടി തന്നെ അമ്മയ്ക്കും അവൻ നൽകി. അച്ഛന് മാത്രമേ ഈ വിഷമഘട്ടത്തിന് ഉത്തരം തരാൻ കഴിയൂ എന്ന് ഋഷി ഉറപ്പിച്ചു.
അച്ഛനിൽ നിന്നും വിവരങ്ങൾ അറിയുക എന്ന ഉദ്ദേശത്തോടു കൂടി തന്നെ അവൻ ഈ വിഷയം അച്ഛന്റെ മുന്നിൽ അവതരിപ്പിച്ചു.
അച്ഛാ... ഞാൻ ആ സ്വപ്നം പിന്നെയും കണ്ടു...
അച്ഛന്റെ മുഖത്ത് അന്നത്തെപോലെ വീണ്ടും ഒരു ഞെട്ടൽ ഉണ്ടായി. അരുതാത്തത് എന്തോ സംഭവിച്ചപോലുള്ള ഭാവം. പക്ഷെ അടുത്ത നിമിഷം തന്നെ അതിവിദഗ്ധമായി അച്ഛൻ അതിനെ മറച്ചു പിടിച്ചു.
ഏത് സ്വപ്നം?
അന്ന് ഞാൻ പറഞ്ഞില്ലേ...? ആ പെൺകുട്ടിയെ ഞാൻ വീണ്ടും സ്വപ്നം കണ്ടു.
എനിക്കെന്തോ ആ മുഖം മറക്കാൻ കഴിയുന്നില്ല...
അച്ഛന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാൻ പോലുമാവാതെ ഋഷി അച്ഛനെ തന്നെ നോക്കി നിന്നു. പക്ഷെ അപ്രതീക്ഷിതമായി അച്ഛൻ വല്ലാതെ ക്ഷോഭിച്ചു.
നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ... എല്ലാം വിട്ടുകളയാൻ... നീ പിന്നെയും അതൊക്കെ ഓർത്തോണ്ടിരിക്കുകയാണോ...?
പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ഋഷി ഒന്ന് പതറിയെങ്കിലും സംയമനം വീണ്ടെടുത്ത് അവൻ സംസാരിച്ചു.
എനിക്കത് മനസ്സിൽ നിന്നും പോകുന്നില്ല അച്ഛാ... ഞാൻ കുറെ ശ്രമിച്ചു നോക്കി. പക്ഷെ...
വേണ്ടാത്തത് ഓരോന്ന് മനസ്സിൽ വച്ചോണ്ട് വീണ്ടും പഴയ പോലെ ഓരോന്ന് ചെയ്തു കൂട്ടിക്കോ...
അച്ഛന്റെ ആ മറുപടി ഋഷിയിൽ ഒരുപാട് ചോദ്യങ്ങൾ ജനിപ്പിച്ചു. പക്ഷെ പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞു പോയ ഒരു ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. അവൻ അച്ഛനെ നോക്കി. എന്താണ് താൻ ചെയ്തുകൂട്ടിയത്? ഇത്രക്കും അച്ഛൻ ദേഷ്യപ്പെടാൻ എന്താണ് കാരണം?
ഒന്നിനും അവന് ഉത്തരം കിട്ടിയില്ല.
എന്താണ് അച്ഛാ... എന്താണ് ഞാൻ ചെയ്തു കൂട്ടിയത്? അച്ഛന് ആ പെൺകുട്ടിയെ അറിയാമോ?
അച്ഛൻ ഒന്നും മിണ്ടിയില്ല. അവൻ പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടേ ഇരുന്നു.
എനിക്കൊന്നും അറിയില്ല. ആരെയും അറിയില്ല. നീ ഓരോന്ന് ആലോചിച്ച് കഷ്ടപെടണ്ട. എല്ലാം മറന്നു കളഞ്ഞേക്ക്...
അത്രയും പറഞ്ഞ് അച്ഛൻ വീണ്ടും അവിടെനിന്നും പോയി. ആ മറുപടിയിൽ അവന് ഒട്ടും തൃപ്തി തോന്നിയില്ല. അച്ഛന്റെ മുന്പത്തേയും ഇപ്പോളത്തെയും പെരുമാറ്റത്തിൽ ഋഷിക്ക് എന്തൊക്കെയോ കൂട്ടിവായിക്കാനായി. ഈ സ്വപ്നത്തിനും തന്റെ സംശയങ്ങൾക്കും ഇവൾ ആരെന്ന ചോദ്യത്തിനും അച്ഛന് ഉത്തരം തരാൻ കഴിയും എന്ന് ഋഷി ഉറപ്പിച്ചു. ഇനിയും ഈ ടെൻഷൻ കൊണ്ട് നടക്കാൻ ഋഷി ഒട്ടും താല്പര്യപ്പെട്ടില്ല. അവൻ അച്ഛന്റെ അടുക്കലേക്ക് നടന്നു.
(തുടരും)

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo