Slider

#അഡാര്‍-പ്രണയം

0
#അഡാര്‍-പ്രണയം
ഡാ... നിനക്കെന്താ എന്നെ കല്യാണം കഴിച്ചാല്...?
ഹ ഹ ഹ... അത് പൊള്‍ച്ച്...
ഈ പടലങ്ങാ പോലെത്തെ മോന്തേം അതിന്റെ മോളില് മുരിങ്ങാക്കോല് പോലെത്തെ ഒരു മൂക്കും മത്തങ്ങാ പോലെത്തെ രണ്ട് ഉണ്ടക്കണ്ണുമുള്ള നിന്നെയൊക്കെ ആര് കെട്ടാനാ പെണ്ണേ...?
മിനിമം കാഴ്ചയിലെങ്കിലുമിത്തിരി സൗന്ദര്യണ്ടാര്‍ന്നേല്‍ ആലോയ്ക്കാര്‍ന്നു...
ഇതിപ്പൊ എന്നെപ്പോലൊരു മൊഞ്ചന് നിന്നെപ്പോലൊരുത്തി ചേരൂല്ലെന്നേ...
ഓഹ്... ഇപ്പൊ അങ്ങനായല്ലേ...?
ഇത്രം ദിവസവും ലോകത്തിലെ ഏറ്റവും വല്യ മൊഞ്ചത്തി ഞാനാണ് എന്നു പറഞ്ഞതും നീ തന്നെയായിരുന്നില്ലേ....?
കല്യാണത്തിന്റെ കാര്യം പറയുമ്പൊ മാത്രം ഞാന്‍ ലോകത്തിലെ ഏറ്റവും വല്യ വിരുപിയും...
ഹും... ആയിക്കോട്ടെ... എന്നെ നീ കല്യാണം കഴിക്കണ്ട... പ്രശ്നം തീര്‍ന്നില്ലേ...??
പക്ഷേ ഒരു കാര്യണ്ട്... എന്നെ നിനക്ക് കെട്ടാന്‍ പറ്റൂല്ലേല്‍ വേറൊരുത്തിനേയും നീ കെട്ടൂല്ല..
അതിനുള്ള ആള് ഞാന്‍ തന്നെയാ... ഹും...!!!
ഒന്നു പോടി... അതൊക്കെ നിന്റെ തോന്നലാണ് പെണ്ണേ...!!
ഉവ്വ്... എന്റെ തോന്നല് തന്നെയാ... എന്റെ തോന്നലുകളെല്ലാം ഇതുവരെ നടന്നിട്ടുമുണ്ട്...
അതോണ്ട് മോന്‍ ഭീഷണിപ്പെടുത്തൊന്നും വേണ്ട...!!!
എന്നാ ശെരി... നീ വെച്ചോ... ഞാന്‍ നാളെ വിളിക്കാം...
ഉം...
ഹൊ... പ്രണയിക്കുന്നുണ്ടേല്‍ ഇങ്ങനത്തെ ഒരുത്തീനെ പ്രണയിക്കണം...
ഒന്ന് പറയുമ്പൊഴേക്കും നാല് തിരിച്ചു പറയുന്ന ഒരു കാന്താരിപ്പെണ്ണിനെ...
ദിവസത്തില്‍ ഒരു തവണ മാത്രമേ ഞാന്‍ അവളെ വിളിക്കാറുള്ളൂ...
വിളിച്ച് കഴിഞ്ഞാല്‍ ആദ്യം അവള്‍ക്കറിയേണ്ടത് അവളെ കല്യാണം കഴിക്കാന്‍ പറ്റോന്നാണ്...
ഒറ്റയടിക്ക് സമ്മതാണെന്ന് പറഞ്ഞാല്‍ അവളൊന്നു കൂടി അഹങ്കരിക്കും....
അതും കൂടി കാണാനുള്ള മനക്കരുത്തില്ലാത്തോണ്ടാണ് ഓരോന്ന് പറഞ്ഞ് അവളെ ശുണ്ഢി പിടിപ്പിക്കുന്നത്...
അതും ഒരു രസമാണ്...
അവളെ കല്യാണം കഴിച്ച് കൂടെ കൂട്ടണമെന്ന് അവളേക്കാള്‍ കൂടുതല്‍ ആഗ്രഹം എനിക്കുണ്ടെന്ന് അവള്‍ക്കറിയില്ലല്ലോ...
ചില രാത്രികളില്‍ ഈ പ്രവാസത്തിന്റെ ഒറ്റപ്പെടലില്‍ ഞാന്‍ ആഗ്രഹിച്ചു പോവാറുണ്ട് അവള്‍ കൂടെയുണ്ടായിരുന്നെങ്കിലെന്ന്..
ഒന്നു ചേര്‍ത്തി നിര്‍ത്തി അവളോട് എന്റെ സങ്കടങ്ങളും വിഷമങ്ങളും പങ്കുവെച്ചെങ്കിലെന്ന്...
പക്ഷേ... അവളെ സ്വന്തമാക്കണമെങ്കില്‍ വേണ്ടപ്പെട്ടവരെയെല്ലാം വെറുപ്പിക്കേണ്ടി വരും എന്നോര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ പതറും...!!
ഒന്നും വേണ്ടിയിരുന്നില്ലെന്ന് വരെ തോന്നിപ്പോവും...
ചില ദിവസങ്ങളില്‍ കൊച്ചു കുട്ടികളെപ്പോലെ ചിണുങ്ങിക്കൊണ്ട് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും പടച്ചോനേ ഈ പെണ്ണിന്റെ മുലകുടി വരെ ഇതുവരെ മാറീട്ടില്ലേ എന്ന്...!!
അതിനും വേണ്ടി ചില ദിവസങ്ങളില്‍ കല്യാണം കഴിച്ചാലുള്ള വരും വരായ്കള്‍ അവള്‍ തന്നെ പറയുന്നതു കേള്‍ക്കുമ്പോള്‍ തോന്നും കാര്യങ്ങള്‍ അതിന്റെതായ ഗൗരവത്തിലെടുക്കാനുള്ള കാര്യപ്രാപ്തിയുള്ളവളാണെന്ന്....!!
ചില ദിവസങ്ങളിലാണെങ്കിലോ എല്ലാം ഒരു തമാശ രൂപത്തില്‍ ഒഴുക്കിക്കളയുന്നത് കാണുമ്പോള്‍ തോന്നും ഇവളെന്നെയിട്ട് കുരങ്ങ് കളിപ്പിക്കാണോ എന്ന്...!!
എന്തായാലും അവളോട് സംസാരിച്ചിരിക്കാന്‍ നല്ല രസമാണ്... സമയം പോവുന്നതേ അറിയില്ല...
ഉരുളയ്ക്കുപ്പേരി പോലുള്ള അവളുടെ മറുപടി കേള്‍ക്കുമ്പോള്‍ ചില സമയങ്ങളില് ചൊറിഞ്ഞു വരും...
കരണക്കുറ്റി നോക്കി ഒന്നു പൊട്ടിക്കാന്‍ തോന്നും...
പക്ഷേ... അവളെ തമാശക്കാണേല്‍ കൂടി ഒന്നു നുള്ളി നോവിക്കാന്‍ പോലും കഴിയില്ലെന്നുള്ള കാര്യം അവള്‍ക്കറിയില്ലല്ലോ...!!
ഒരു ദിവസം അവളുടെ പ്രതികരണം അറിയാന്‍ വേണ്ടി ഞാന്‍ പറഞ്ഞു...
ഡീ... നീ പറയാറില്ലേ... കല്യാണക്കാര്യം...
അതങ്ട് ഉറപ്പിച്ചാലോ...?
ഏത്... കല്യാണക്കാര്യം...?
നമ്മുടെ കല്യാണക്കാര്യം തന്നെ പെണ്ണേ...!!
ഉവ്വ്... ഈ മത്തങ്ങാ പോലത്തെ മോന്തമ്മേല് കുന്നിക്കുരുവോളം പോലെത്തെ രണ്ട് കണ്ണും താജ്മഹല് പോലെത്തെ കള്ളത്താടിയും
കുത്തബ്മിനാര്‍ പോലെത്തെ മൂക്കും വീരപ്പന്റെ പോലെത്തെ മീശയും ഉള്ള നിന്നെയൊക്കെ ഞാന്‍ കല്യാണം കഴിച്ചാല്‍ പെറ്റതള്ള വരെ സഹിക്കൂല്ലെന്നേ...!!
ഓഹോ... അതേ നാണയം കൊണ്ട് തന്നെ തിരിച്ചടിച്ചൂല്ലേ.... ??
അല്ലാതെ പിന്നെ...
കല്യാണം കല്യാണം ന്ന് പറഞ്ഞ് കുറേ നിന്റെ പിന്നാലെ നടന്നതല്ലേ ഞാന്‍...
ഇനി കുറച്ച് നീ എന്റെ പിന്നാലെ നടക്ക്... ഹും...!!
അല്ലെടാ... എനിക്കൊരു സംശയം...?
എന്നെ കെട്ടുന്ന കാര്യം ഞാന്‍ പറയുമ്പോള്‍ നീ വല്യ ഡയലോഗൊക്കെ അടിക്കാറുണ്ടല്ലോ...
നിന്റെ വലത്തെ നെഞ്ചില് ഒരാളുണ്ടെന്നോ...
ആ ആള് തെരുവില് തെണ്ടിനടക്കുന്ന പെണ്ണിനെ കാണിച്ച് അവളാണ് മോനേ ഇനി നിന്റെ പെണ്ണെന്നു പറഞ്ഞാല്‍ നീ അവളെത്തന്നെ കെട്ടുമെന്നോ,
ഒരു പണക്കാരിപ്പെണ്ണിനെയാണ് ആ ആള് കാണിച്ചു തന്നതെങ്കില്‍ അവളെ നീ കെട്ടേണ്ടിവരുമെന്നോ....
അങ്ങനെ എന്തൊക്കെയോ പറയാറുണ്ടല്ലോ...?
ഇപ്പൊ... ആ വലത്തെ നെഞ്ചിലിരിക്കുന്ന ആള് ഇടത്തെ നെഞ്ചിലിരിക്കുന്ന ഈ എന്നെക്കെട്ടാന്‍ സമ്മതം മൂളിയോ...??
ഒന്നു പോടീ... ഞാന്‍ നിന്റെ മനസ്സിലിരിപ്പറിയാന്‍ വേണ്ടി വെറുതെ ഒന്ന് തട്ടി നോക്കിയതല്ലേ...??
എന്റുമ്മ കാണിച്ചു തരുന്ന പെണ്ണിനെ മാത്രേ ഞാന്‍ കെട്ടൂ...!!
എന്നാലും ഞാന്‍ കരുതിയത് ഞാനിങ്ങനൊക്കെ പറഞ്ഞാല്‍ നിനക്ക് സന്തോഷാവുമെന്നാ...
ഇതിപ്പൊ പട്ടിയെ തച്ച് പല്ലിളി കാണേണ്ടി വന്ന പോലെയാല്ലോ...???
ഹ ഹ ഹ... ഇപ്പൊ മനസ്സിലായില്ലെ മോനേ... നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ് ഞാനെന്ന്...??
ഹും... എന്നോടാ അവന്റെ കളി...!!
ഓ... ശെരി... ഒരു ഹെഡ്മാസ്റ്ററ് വന്നിരിക്കുന്നു...
തീരെ ബുദ്ധിയില്ലെന്നുള്ള കാര്യം എനിക്ക് മാത്രമല്ലെ അറിയുള്ളൂ... ഇനി നാട്ടുകാരെ കൂടി അറിയിക്കണോ പോത്തേ...??
സത്യത്തില്‍ എന്നോടുള്ള അവളുടെ അതിരു കവിഞ്ഞുള്ള സ്നേഹം തന്നെയാണ് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ എന്നെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നത്...
ഒരു ദിവസം അവളോട് സംസാരിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞെന്നു വരും...
അതില്‍ കൂടുതല്‍ അവളോട് മിണ്ടാതെയും തല്ലുണ്ടാക്കെതെയും എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന് എനിക്കറിയില്ല...
കാരണം അവളൊടെനിക്കുള്ളതും അവള്‍ക്കെന്നോടുമുള്ളതും പരിശുദ്ധ പ്രണയമാണ്...
തേച്ചാലും മായ്ച്ചാലും പോവാത്ത സത്യമുള്ള പ്രണയം...!!
ഒരുമിച്ച് ജീവിക്കല്‍ മാത്രമല്ല പ്രണയം...
വിട്ടു കൊടുക്കലും പ്രണയം തന്നെയാണെന്ന് അവളിലൂടെ ഞാനറിഞ്ഞു...!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo