Slider

ഇങ്ങനെ..... പിരിയാനായിരുന്നെങ്കിൽ... ================================ (ഭാഗം-2)

0
ഇങ്ങനെ..... പിരിയാനായിരുന്നെങ്കിൽ...
================================
(ഭാഗം-2)
അവര് പോയി കുറച്ച് കഴിഞ്ഞപ്പോൾ മുറ്റത്തൊരു കാലനക്കം കേട്ട് വന്നു നോക്കിയതാ ലക്ഷ്മിയമ്മ...
കണ്ണുകളെ വിശ്വസിക്കാനായില്ല അവർക്ക്.
ഒരു പെൺകുഞ്ഞിന്റെ കൈ പിടിച്ച് മുറ്റത്തതാ രേവു നിൽക്കുന്നു...
ഒട്ടും പ്രതീക്ഷിക്കാത്തൊരു കാഴ്ച....
അവർ ഓടിച്ചെന്ന രേവൂനെ ചേർത്തു പിടിച്ചു "മോളേ... രേവൂ... എത്ര നാളായി നിന്നെയൊന്ന് കണ്ടിട്ട്. "
നിറഞ്ഞ വാത്സല്യത്തോടെ ആ അമ്മ അവളെ തലോടികൊണ്ട് ചോദിച്ചു.
"അമ്മയും മറന്നില്ലേ എന്നെ " അതായിരുന്നു അവളുടെ മറുപടി
" മറക്കാനോ.. മോളേ... നല്ല കാര്യായി.... എന്നും തോന്നാറുണ്ട് നിന്നെയൊന്ന് കാണണോന്ന്, രജനിയെ കാണുമ്പോ നിന്റെ വിശേഷങ്ങളൊക്കെ ചോദിക്കാറുണ്ട്, നീ വന്നൂ ന്നറിഞ്ഞ് ഞാനൊരു ദിവസം വന്നതാ വീട്ടിലേക്ക, അപ്പോഴേയ്ക്കും മോള് പോയിരുന്നു "
"അതൊക്കെ ഏടത്തി പറഞ്ഞമ്മേ.. "
"ഇന്നിതാ ഞാനങ്ങോട്ട് വരാൻ നോക്കാ... നിന്നെയൊന്ന് കാണാൻ "
" അതു വെറുതെ...."
"അല്ല മോളെ... സത്യം...
ഗിരി പറഞ്ഞു ഇന്നലെ നിന്നെ അമ്പലത്തിൽ കണ്ടെന്ന്, ഇന്ന് നിന്നെ വന്ന് കാണണോന്ന് എന്നെ പറഞ്ഞേൽപ്പിച്ചിരിക്കാ അവൻ "
" എത്ര കാലം കൂടീട്ടാ ഗിരിയേട്ടനെ ഒന്ന് കണ്ടത്, എന്നിട്ടും എന്നോടൊന്ന് ശരിക്കും മിണ്ടിയത് പോലൂല്ല ഗിരിയേട്ടൻ" അവള് പരിഭവം പറഞ്ഞു
മറുപടിയെന്നോണം അമ്മ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു.
"അല്ലാ.... വന്നിട്ട് മുറ്റത്ത് തന്നെ നിൽക്കാണ്ടോ നിയ്യ്.... വാ...കേറി വാ..."
അപ്പോഴാണ് കൂടെയുള്ള കുഞ്ഞിനെ അമ്മ ശരിക്കും ശ്രദ്ധിച്ചത്
" ഈ കുഞ്ഞ്? " ചോദ്യ രൂപത്തിൽ ലക്ഷ്മിയമ്മ രേവൂനെ നോക്കി.
ആ കുഞ്ഞിന്റെ കവിളിൽ ലക്ഷ്മിയമ്മ തലോടികൊണ്ട് ഓമനിച്ചു.
" എന്നെറെ മോളാ..."
സംശയഭാവത്തിൽ ലക്ഷ്മിയമ്മ രേവൂനെ തന്നെ നോക്കി
" അതേ... അമ്മേ... എന്റെ മോള് ശിവാനി " പുഞ്ചിരിച്ചോണ്ട് രേവു പറഞ്ഞു.
"വാ... മോളിങ്ങ് വാ..." അമ്മ അവരെ അകത്തേക്ക് കൂട്ടികൊണ്ടു പോയി.
" മോള് ഇവിടിരുന്ന് കളിച്ചോട്ടെ.." മാളുന്റെ കളിപ്പാട്ടങ്ങളൊക്കെ എടുത്ത് കൊടുത്തിട്ട് ലക്ഷ്മിയമ്മ പറഞ്ഞു.
" എന്തൊക്കെയാ മോളേ അവിടുത്തെ വിശേഷങ്ങൾ.... പറയ്... കേൾക്കട്ടെ.. "
"അവിടെന്ത് പുതിയ വിശേഷം... ഒന്നൂല്ല... എല്ലാം പഴയ പോലെ തന്നെ....
അല്ലമ്മേ ...ഗിരിയേട്ടനും ഭാര്യയുമൊക്കെ എവിടെ? കണ്ടില്ലല്ലോ..."
" അവളിന്ന് വീട്ടിൽ പോയതാ.. ദാ.പ്പോ അങ്ങോട്ടിറങ്ങ്യേതേയുള്ളൂ.... ഗിരി അവരെ ബസ് സ്റ്റാന്റിൽ വിടാൻ പോയതാ... അവനിപ്പോ വരും"
"അതെയോ... ഒന്ന് കാണാൻ പറ്റീലാലോ "
രേവുനെ ആകപ്പാടെ നോക്കി കൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു " നീയങ് വല്ലാണ്ടായല്ലോ രേവൂ... എന്താ നിനക്ക് നല്ല സുഖോല്ലേ..?
"ഏയ് അസുഖൊന്നുല്ലമ്മേ.. "
" പിന്നെന്താ നീയിങ്ങനെ ക്ഷീണിച്ചത്....?"
" ക്ഷീണിച്ചോ..? ആർക്കറിയാം കാലം എനിക്കായ് തന്ന ക്ഷീണ്ടായിരിക്കും " ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
" മഹേന്ദ്രൻ ഇങ്ങോട്ട് വരാറില്ലേ?" അമ്മ വീണ്ടും ചോദ്യം ഉന്നയിച്ചു.
" ഇല്ല " അവളുടെ മറുപടി പതിഞ്ഞതായിരുന്നു
" ഈ കുഞ്ഞ് ആരുടേതാ രേവൂ.. "
" മഹിയേട്ടന്റെ കുഞ്ഞാ..."
അത് കേട്ടപ്പോ അമ്പരപ്പോടെ ലക്ഷ്മിയമ്മ രേവുനെയൊന്ന് നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്നോണം രേവു പറഞ്ഞു " അതെ... അമ്മേ... എന്റെ ഭർത്താവിന്റെ കുഞ്ഞാ... ഇപ്പോ എന്റെയും... അതൊക്കെ ഒരു കഥയാ... പറയാണെങ്കിൽ ഒരുപാടുണ്ട്, അതൊക്കെ പോട്ടെ, എന്തൊക്കെയാ ഇവിടുത്തെ വിശേഷങ്ങൾ " രേവു വിഷയം മാറ്റാനായി ശ്രമിച്ചു.
" ഇവിടുത്തെ വിശേഷങ്ങളവിടെ നിൽക്കട്ടെ.. മോളിത് പറ.. എന്താ നീയീ പറഞ്ഞെ, എനിക്കൊന്നും മനസ്സിലായില്ല... ഞാനല്ലേ ചോദിക്കുന്നെ രേവൂ... പറ നിയ്യ് "
"അമ്മക്കറിയാലോ മഹിയേട്ടൻ ആദ്യം വിവാഹം കഴിച്ചതാണെന്ന് "
"ങും " കുറ്റബോധം കലർന്നൊരു മൂളൽ... അമ്മയൊന്നു മൂളി
" അവരുടെ മോളാ ശിവാനി "
"ആദ്യ ഭാര്യ ബന്ധം വേർപെടുത്തിയതല്ലേ?"
"അങ്ങനെയൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്, പക്ഷേ കാര്യങ്ങൾ അങ്ങനൊന്നുമല്ലാന്ന് മനസ്സിലാക്കാൻ കുറേ ദിവസമൊന്നും വേണ്ടി വന്നില്ല, കല്യാണം കഴിഞ്ഞ് മണിക്കൂറുകൾ മാത്രേ വേണ്ടി വന്നുള്ളൂ.. അന്ന് തന്നെ മഹിയേട്ടൻ എന്നോട് പറഞ്ഞു, അദ്ദേഹത്തിന് എന്നെ ഒരു ഭാര്യയായി കാണാൻ സാധിക്കില്ലെന്ന്, ആ മനസ്സിലും ജീവിതത്തിലും എനിക്കൊരു സ്ഥാനവുമില്ലെന്ന്....
അമ്മേ ടേം അച്ഛന്റെം വീട്ടുകാരുടേം നിർബന്ധത്തിനു മുന്നിലുള്ള ഒരു വാശി മാത്രമായിരുന്നു എന്റെ കഴുത്തിൽ കെട്ടിയ താലി..
പിന്നൊരു ആജ്ഞ കൂടി പുറപ്പെടുവിച്ചു. അദ്ദേഹത്തിന്റെ ഒരു കാര്യത്തിലും ഇടപെടരുത്, ഒരു ഭാര്യയായി നിന്ന് ഒരു കാര്യവും ചെയ്ത് കൊടുക്കാനും പാടില്ലായെന്ന്...
അതിനൊക്കെ ശമ്പളത്തിന് ഒരാളെ വെച്ചിട്ടുണ്ടെന്ന് "
" ങ്ഹും... " ഒന്ന് നെടുവീർപെട്ട് കൊണ്ട് രേവു തുടർന്നു
"മോനെ കല്യാണം കഴിപ്പിച്ചതുകൊണ്ട് ശമ്പളം കൊടുക്കാതെ ഒരു ദാസിയെ കിട്ടിയല്ലോ... അത്ര തന്നെ "
ഇതൊക്കെ കേട്ടപ്പോ ലക്ഷ്മിയമ്മ ആകെ വല്ലാതായി... എന്ത് പറയണോന്ന് അറിയാതായി...
" ആ വീടിനോടും വീട്ടുകാരോടും പൊരുത്തപെടാനാവാതെയാ ആദ്യ ഭാര്യ അവിടുന്ന് പോയത്... ഒടുക്കം ആ ബന്ധം ഡിവോഴ്സിൽ എത്തിയതായിരുന്നു..
എങ്കിലും അവൾക്ക് മഹിയേട്ടനെ ജീവനായിരുന്നു, മഹിയേട്ടന് തിരിച്ചും.... പിന്നെ മഹിയേട്ടനെ കുറ്റം പറയാൻ പറ്റ്വോ അമ്മേ..
പരസ്പരം സ്നേഹിച്ച് കഴിഞ്ഞിരുന്ന അവരെ എന്തിന്റെയൊക്കെയോ പേരിൽ വേർപിരിച്ചത് ആ വീട്ടുകാരല്ലേ...
അവർക്കാർക്കും ഒന്നും നഷ്ടപെടാനില്ലല്ലോ...
അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞു, ഭാര്യയെ ഒരു നിമിഷം പോലും മറക്കാൻ പറ്റില്ലെന്ന്..
ആദ്യമൊക്കെ ചില ദിവസങ്ങളിലേ വീട്ടിൽ വരാതിരുന്നുള്ളൂ...
പിന്നീടങ്ങോട്ട് ചില ദിവസങ്ങളിൽ മാത്രേ വരാറുള്ളൂ എന്നായി...
പിന്നെ ആ വലിയ വീടിന്റെ ഒരു കോണിൽ ഞാനും ജീവിക്കുന്നു എന്നേയുള്ളൂ.. ആർക്കും വേണ്ടാത്തൊരു ജന്മമായി..
ആരോടും ഒന്നും പറയാറില്ല.. ഏടത്തിയുടെ മുന്നിൽ വല്ലപ്പോഴും സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അഴിക്കാറുണ്ടായി നും.. എല്ലാം കേട്ട് കഴിഞ്ഞ് ഏടത്തി ഇരുന്ന് കരയും, അല്ലാതെ ആ പാവം എന്ത് ചെയ്യാനാ... എനിക്ക് വേണ്ടി ഒരിക്കൽ വാദിച്ചതിന്റെ പേരിൽ ന്റെ ഏടത്തിയ്ക്ക് വലിയ നഷ്ടല്ലേണ്ടായത്..
എന്നിട്ടും അതൊന്നും മനസ്സിൽ വെച്ച് പെരുമാറാതെ കിടന്ന കിടപ്പിലുള്ള അച്ഛനെ നോക്കി ജീവിക്കല്ലേ ആ പാവം "
രേവൂ ന്റെ കണ്ണുകൾ നിറഞ്ഞു, അമ്മ കാണാതെ അവൾ കണ്ണ് തുടച്ചു.
അവിടെയും ഉണ്ട് ഒരേടത്തി, എന്റെ ഏടത്തീന്റെ നേരെ വിപരീതം...
ഒരു ദീർഘനിശ്വാസത്തോടെയവൾ പറഞ്ഞു "
" അപ്പോ ബന്ധം പിരിഞ്ഞിട്ടും അവൻ....?" ലക്ഷ്മിയമ്മ വാക്കുകൾ പൂർത്തിയാക്കാതെ രേവൂനെ നോക്കി
"ലീഗലി ഡിവോഴ്സ് ആയന്നേ ഉള്ളൂ... അവൾക്കൊപ്പം തന്യാ കഴിഞ്ഞിരുന്നത്...
കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഈ കുഞ്ഞിനെ കൂട്ടി വീട്ടിൽ വന്നിട്ട് എന്നോട് പറഞ്ഞു ' രേവതീ.... ഇനിയീ കുഞ്ഞിനെ നോക്കി കൊള്ളണമെന്ന് '
അന്ന് ആദ്യമായിട്ട് മഹിയേട്ടൻ എന്റെ പേര് വിളിച്ചു... ആ നിമിഷം വരെ എന്നെയൊന്ന് പേര് ചൊല്ലി വിളിച്ചിട്ടില്ല..
ആരാണെന്നോ... എന്താണെന്നോ എന്നോട് പറഞ്ഞില്ല.. ഞാനുട്ട് ചോദിച്ചൂല്ല..
പിന്നീടറിഞ്ഞു മഹിയേട്ടന്റെ ഭാര്യ ശിശിര മരിച്ചു പോയെന്ന്... ക്യാൻസർ ആയിരുന്നത്രേ.. അവരുടെ മോളാ ശിവാനി...
അന്നു മുതൽ ഞാനൊരമ്മയാണ്.... ഭാര്യ ആയില്ലെങ്കിലും ഞാനൊരമ്മയാണിന്ന്, ശിവാനി എന്നെ 'അമ്മേ' ന്ന് വിളിക്കും... ആ വിളിയിൽ ഞാനെല്ലാം മറക്കും.
ആർക്കൊക്കെയോ വേണ്ടി വെച്ചുവിളമ്പി , വിഴുപ്പലക്കി ജീവിച്ച എന്റെ പാഴ്ജീവിതത്തിലേക്ക് അന്നു മുതലൊരു പ്രതീക്ഷ വന്നു... അതു വരെ ഏതോ ഒഴുക്കിനൊപ്പം ഒരു പൊങ്ങുതടി പോലെ ഒഴുക്വായിരുന്നു ഞാൻ... താത്കാലിക മെങ്കിലും എനിക്കിന്നൊരു സന്തോഷം കിട്ടി.. അമ്മയെന്ന വലിയൊരു സ്ഥാനത്തെത്തിയ സന്തോഷം..
കുറച്ചു നാളേക്കെങ്കിലും എനിക്കൊരു പ്രതീക്ഷ കൈവന്നില്ലേ.... എന്റെ മോളെ നല്ലത് പറഞ്ഞ് കൊടുത്ത് വളർത്താം എന്നുള്ള പ്രതീക്ഷ, നാളെ ബുദ്ധി ഉറക്കുമ്പോൾ ഇവളും എന്നെ വിട്ട് പോകുവായിരിക്കും'... എന്നാലും അതുവരെയെങ്കിലും എനിക്ക് ചേർത്ത് പിടിക്കാലോ നെറ മോളെ....
അത് മതി .... അത്രയൊക്കെയേ വേണ്ടൂ.... ചെറിയ ചെറിയ സ്വപ്നങ്ങളൊക്കെയേ എന്നും ഉണ്ടായിരുന്നുള്ളൂ... സ്വപ്നങ്ങൾ എനിക്കെന്നും സ്വപ്നങ്ങൾ മാത്രമായിരുന്നു'.. ഒരിക്കലും കൈ എത്തി പിടിക്കാൻ പറ്റാത്തത്ര അകലെ......."
നിറകണ്ണുകളോടെ നിന്ന രേവുനെ ലക്ഷ്മിയമ്മ കെട്ടിപ്പിടിച്ച് കരഞ്ഞു..
" ക്ഷമിക്ക് മോളേ എന്നോട്.... തെറ്റ് പറ്റിപ്പോയി ഈ അമ്മയ്ക്ക്.. "
"എന്താ അമ്മേ.... എന്താ ഇങ്ങനൊക്കെ പറയുന്നേ.. "
" സത്യാ മോളേ ... നിന്റെ നല്ലതേ അന്ന് ഗിരി ഓർത്തുള്ളൂ.... ഇവിടുത്തെ പട്ടിണിയിലേക്കും കഷ്ടപ്പാടിലേക്കും നിന്നെ വിളിച്ചോണ്ട് വരാൻ അവന് പേടി ആയിട്ടാ...
നിനക്ക് കിട്ടുന്ന നല്ല ജീവിതം അവനായിട്ട് തല്ലിക്കെടുത്തണ്ടല്ലോന്ന് വിചാരിച്ചിട്ടാ...
ഞങ്ങൾ നാല് ജന്മങ്ങൾക്കിടയിലേക്ക് നിന്നെ കൊണ്ടുവരാൻ അവൻ ആലോചിച്ചതാ... കഴിഞ്ഞില്ല അവന്, കെട്ടുപ്രായം തികഞ്ഞ ചേച്ചിക്കും അനിയത്തിക്കും ഇടയിലേക്ക് എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കുന്ന മോളെ വിളിച്ചോണ്ട് വരാൻ മടി ആയിട്ടല്ല... പേടി ആയിട്ടാ...
അവനൊരു ജോലി കിട്ടി കഷ്ടപാടൊക്കെ നീങ്ങി യപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു....
ചെലപ്പോ ഞാനൊന്ന് തീർത്ത് പറഞ്ഞിനെങ്കിൽ അവൻ നിന്നെ കൂടെ വിളിച്ചേനേ.... എല്ലാം എന്റെ തെറ്റാ... നെറ മോള് ഈ അമ്മയോട് ക്ഷമിക്ക് " രേവൂ ന്റെ ഇരുകരങ്ങളും പിടിച്ച് ആ അമ്മ വിതുമ്പി..
"എന്താ അമ്മേയിത്... ഒന്നും പറഞ്ഞിട്ട് കാര്യോല്ല... എല്ലാം ഓരോ വിധിയാണ്.... എനിക്കിപ്പോ ഒന്നിലും ഒരു വെഷമോംല്ല... ഒരു പരാതീംല്ല... ആദ്യമൊക്കെ സങ്കടായിരുന്നു , ആരും കാണാതെ കരയും. ഇപ്പോ... ഇപ്പോ... കണ്ണീരും ഇല്ല... പിന്നെ ഒരുതരം മരവിപ്പായിരുന്നു....
ഇപ്പോ ഇതൊക്കെ അമ്മ ചോദിച്ചതുകൊണ്ട് എന്നോടങ്ങ് പറഞ്ഞു പോയതാ..
പിന്നെ അമ്മ ഇതൊന്നും ഗിരിയേട്ടനോട് പറയണ്ടാട്ടോ... ഗിരിയേട്ടൻ ഒന്നും അറിയരുത് " അവൾ പറഞ്ഞു.
"ങും " അമ്മയെന്ന് മൂളി
"മോളിരിക്ക... ഞാൻ ചായ എടുക്കട്ടെ" കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ടവർ പറഞ്ഞു.
"ഞാനൊന്ന് മോളെ നോക്കട്ടെ"
രേവു ഹാളിലേക്ക കടന്നപ്പോൾ എല്ലാം കേട്ട് പ്രതിമ കണക്കെ നിൽക്കുന്ന ഗിരിയെ ആണവൾ കണ്ടത്.
''ആ... ഗിരിയേട്ടൻ വന്നോ...?, അവര് പോയല്ലേ?"
തെല്ലും ഭാവമാറ്റമില്ലാതെ രേവു ചോദിച്ചു.
"ങും... പോയി "
"അനൂനെ ഞാൻ കണ്ടിട്ടുണ്ട് ഒരിക്കൽ, പക്ഷേ പരിചയ പെട്ടില്ല... ഏടത്തി കാട്ടി തന്നതാ.. "
"ങും.. " ആ ഒരു മൂളൽ വീണ്ടും മറുപടിയായ് ഗിരി നൽകി
മറ്റൊന്നും ചോദിക്കാതെ രേവു തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോ ഗിരി വിളിച്ചു
" രേവൂ..... "
ആ പഴയ വിളി.... നിറഞ്ഞ സ്നേഹത്തോടെ ഗിരിയേട്ടൻ പണ്ട് വിളിക്കാറുള്ളതുപോലെ... വർഷങ്ങൾക്ക് ശേഷം ദാ.... വീണ്ടും തന്റെ കാതുകളെ തേടിയെത്തിയിരിക്കുന്നു....
കണ്ണിൽ നിന്നും ചോർന്നു പോയ നിറങ്ങൾ അവളുടെ കണ്ണിൽ ഓടിയെത്തി ഏഴു വർണ്ണങ്ങൾ തീർത്തിരിക്കുന്നു... ആ ഒരൊറ്റ വിളിയിൽ.......
അതെ.... ആ ഒരൊറ്റ നിമിഷത്തേക്കെങ്കിലും അവൾ ആ പഴയ രേവു ആയി.....ഗിരിയും....
സന്തോഷത്തിന്റെ തിരയിളക്കം അവളുടെ കണ്ണിൽ ഒരു നിമിഷത്തേക്ക് പാഞ്ഞെത്തി.....
"ഗിരിയേട്ടൻ ഒന്നും അറിയരുത്...... അല്ലേ... രേവൂ"
ആ ഒരു ചോദ്യം അവളൊട്ടും പ്രതീക്ഷിച്ചതല്ല.
അമ്മയോട് പറഞ്ഞതെല്ലാം ഗിരി കേട്ടെന്ന് ഒരു ഞെട്ടലോടെ അവൾക്ക് മനസ്സിലായി...
"ഗിരിയേട്ടാ... ഞാൻ "
" ശരിയാ.... ഗിരിക്ക് അതിനുള്ള അർഹതയില്ലല്ലോ.... രേവൂന്റെ കാര്യങ്ങളറിയാൻ ഗിരിക്ക് എന്ത് അർഹതയാ ഉള്ളത്.... അല്ലേ.... "
"ഗിരിയേട്ടാ.... ഞാനങ്ങനൊന്നും വിചാരിച്ച് പറഞ്ഞതല്ല.... എന്തിനാ വെറുതെ..... "
"സത്യം അതാണ് രേവൂ.... നിന്നോട് സുഖാണോന്ന് ചോദിക്കാനുള്ള അർഹത പോലും എനിക്കില്ല, അറിയാം എനിക്കത്.... മറവിയുടെ ഭാണ്ഡത്തിലേക്ക് എടുത്തു വെക്കപെടേണ്ട പഴയൊരു ചിത്രം ... അതാണ് ഞാൻ.... എങ്കിലും..........."
അടക്കിപ്പിടിച്ച സങ്കടങ്ങളൊക്കെ കണ്ണീരായ് ഒഴുകി.....
" മറക്കാനോ..... ഗിരിയേട്ടാ ഞാൻ..... ആ ഓർമ്മകൾ.... അത് മാത്രമാണ് ഇന്നുമെന്നെ ജീവിപ്പിക്കുന്നത്,
മറവിയുടെ ഭാണ്ഡത്തിലേക്ക് എടുത്ത് വെക്കാൻ കഴിയ്യോ എനിക്കാ ഓർമ്മകളൊക്കെ......
ഇല്ല ഗിരിയേട്ടാ..... ഇന്നീ നിമിഷം വരെ ഓർമ്മകളുടെ ഭാണ്ഡത്തെ നെഞ്ചോട് ചേർത്തുവെച്ച് നടന്നിട്ടേയുള്ളൂ...... അതും കൂടി ഇല്ലായിരുന്നെങ്കിൽ ഞാനൊരുപക്ഷേ....."
അവൾ പൂർത്തിയാക്കിയില്ല.
" നീറ്റലുകൾ സഹിക്കാതാവുമ്പോൾ ഞാൻ ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കും, ഓർമ്മകൾ മുന്നിലെത്തുമ്പോൾ ഇന്നിന്റെ നോവും നാളെയുടെ ആധിയും വിട്ടകലും......
ഞാനും അനുഭവിച്ചിരുന്നല്ലോ ഇത്രയും സന്തോഷങ്ങൾ എന്ന് ഓർക്കും...
ഇപ്പോ എനിക്ക് സുഖാണ്, സന്തോഷണ്ട് "
" ഇത്രയൊക്കെ സഹിച്ച് എന്തിനാ നീ അവിടെ പിടിച്ച് നിൽക്കുന്നത് " വേദനയോടെയാണവൻ ചോദിച്ചത്.
" വീട്ടിലേക്ക് വന്നിട്ടെന്താ... ജയേട്ടനും അച്ഛനുമൊക്കെ ഒരു ഭാരമാവാനല്ലേ..... എന്തിനാ വെറുതെ അവരെക്കൂടി വെഷമിപ്പിക്കുന്നെ...... ഇതാവുമ്പോ ആർക്കും ഒരു ഭാരമാവാതെ ആ വീടിന്റെ ഒരു കോണിൽ മരണം വരെ കഴിയാലോ.... എന്റെ സങ്കടങ്ങൾ എനിക്ക് മാത്രം സ്വന്തമായാൽ മതിയല്ലോ..." പുഞ്ചിരി വരുത്തി കൊണ്ടവൾ പറഞ്ഞു.
" എല്ലാ അറിഞ്ഞപ്പോ ജയേട്ടൻ എന്നെ വിളിക്കാൻ വന്നതാ, കൂടെ വരാൻ പറഞ്ഞു, ഞാനില്ലാന്ന് പറഞ്ഞു, എന്റെ ജീവിതം ഇനി യാ വീട്ടിലാണെന്ന് ഞാനുറപ്പിച്ചു, ഇനിയൊരു പരീക്ഷണത്തിനുള്ള ശേഷി എനിക്കില്ലായിരുന്നു..
ജയേട്ടൻ പറഞ്ഞു അച്ഛനോടും ജയേട്ടനോടുമുള്ള വാശിയാണെനിക്കെന്ന്,
ചെലപ്പോ ആയിരിക്കും.... ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ കൈവിട്ട് പോയൊരു വിഡ്ഢി പെണ്ണിന്റെ വാശി ആയിരിക്കും...
ഒന്നു വാശി കാണിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വേണ്ടേ എനിക്ക്.... "
എന്താണിതിന് ഗിരി പറയേണ്ടത്, അവന് ഒന്നും പറയാനുണ്ടായിരുന്നില്ല....
മൗനം തളം കെട്ടി കിടന്ന അവിടേക്ക് ലക്ഷ്മിയമ്മ ചായയുമായെത്തി...
ശിവാനിമോൾക്ക് ചായയും പലഹാരവും അടുത്തിരുത്തി ലക്ഷ്മിയമ്മ തന്നെ കൊടുത്തു.
ചായ കുടിക്കുന്നതിനിടെ രേവു പറഞ്ഞു " എത്ര കാലായി അമ്മേന്റെ ചായ കുടിച്ചിട്ട് "
ഗിരിയും ലക്ഷ്മിയമ്മയും പരസ്പരം ഒന്ന് നോക്കി.
" എന്നാ ഇനി ഞാൻ പോട്ടെ.... സമയൊരുപാടായില്ലേ വന്നിട്ട്.... ഒട്ടും പ്രതീക്ഷിക്കാതെ നിങ്ങളെയൊക്കെ കാണാനായല്ലോ.... അനൂനെ കാണാൻ പറ്റിയില്ല, ഇനി എപ്പോഴെങ്കിലും കാണാം...
നാളെ ഞാൻ പോകും, ഇനി ഈ അടുത്ത കാലത്തൊന്നും ഒരു വരവുണ്ടാവില്ല, ഇത് തന്നെ ഏടത്തി വിളിച്ച് കാല് പിടിച്ചിട്ട് വിട്ടതാ അവിടുന്ന്....
പോട്ടെ അമ്മേ.... " അമ്മേടെ കൈ പിടിച്ച് കൊണ്ടവൾ പറഞ്ഞു.
"വാ... മോളേ നമുക്ക് പോകാം "
ഗിരി ശിവാനിയെ ഒന്നു തലോടി
"ഗിരിയേട്ടാ.... പോട്ടെ"
'"ങും " പ്രാണൻ പോകുന്ന വേദനയോടെ അവനൊന്ന് മൂളി
നനവ് പടർന്ന മിഴികളുമായി നിൽക്കുന്ന അമ്മയെ ഗിരിയൊന്ന് നോക്കി..
രേവുവും മോളും കണ്ണിൽ നിന്ന് മറയുന്നതു വരെ അവരിരുവരും നോക്കി നിന്നു.....
" എല്ലാം അറിഞ്ഞിട്ടും ..... ഒരു വാക്ക്..... ഒരു വാക്കെന്നോട് പറയായിരുന്നില്ലേ അമ്മേ..... കാലം നമുക്കൊരു നല്ല ജീവിതം തന്നു തുടങ്ങിയപ്പോഴെങ്കിലും ഒന്ന് പറഞ്ഞൂടായിരുന്നോ.... മറ്റൊരു പെണ്ണിനെ എന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടുന്നതിന് മുമ്പ് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ ...... എന്നാലെങ്കിലും ആ കൈ പിടിച്ച് കൂടെ കൂട്ടിയേനെ ഞാൻ...... "
" മോനേ...... ഞാൻ...... ഞാനിതൊന്നും ......." പൂർത്തിയാക്കാത്ത ആ ഒരു വാക്ക് മാത്രമേ ആ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ.....
"ആരുമറിയാതെ അവള് ഉള്ളിലൊതുക്കുന്ന ആ തേങ്ങലുകളിൽ നിന്നടരുന്ന ചെറിയൊരു കണ്ണീർ കണം പോലും എന്നെയിനി നന്നായി നനയിക്കും.....
അല്ലാതെ ... ഇനിയെനിക്കൊന്നും ചെയ്യാനില്ലല്ലോ അമ്മേ.... "ഇരു കൈയ്യും നിവർത്തി കൊണ്ട് ഗിരി പറഞ്ഞു...
അപ്പോഴും അവന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു ആ ചോദ്യം...
"ഇങ്ങനെ...... പിരിയാനായിരുന്നെങ്കിൽ....... ഗിരിയേട്ടാ....... "
(ശുഭം) സൗമ്യ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo