Slider

#അച്ഛൻ....!!

0

#അച്ഛൻ....!!
____________________________
ഗ്ലാസ് ഡോർ തുറന്ന് ശീതീകരിച്ച ഹാളിലേക്ക് കയറിയപ്പോഴും രഘുവിന്റെ മനസ്സുമാത്രം തണുത്തിരുന്നില്ല..!
വല്ലാത്തൊരു മരവിപ്പ്..., ശരീരവും മനസ്സും ആകെക്കൂടെ കലുഷിതമായൊരവസ്ഥ...!
എവിടെയാണ് തനിക്ക് പിഴച്ചത്...? അല്ലെങ്കിൽ എവിടെനിന്നുമാണ് തനിക്ക് എല്ലാം കൈവിട്ടു പോയത്...!?
ഉത്തരം കിട്ടുന്നില്ല..!
ഇത്രയും നാൾ അതന്വേഷിച്ചിരുന്നുമില്ല..!
സമയമില്ലായിരുന്നു ഒന്നിനും.., കാരണം എല്ലാം നേടിയവന്റെ സംതൃപ്തിയായിരുന്നല്ലോ ഇതുവരെ..!
എന്നിട്ടോ...? എന്നിട്ടെന്താ നേടിയത്...? എല്ലാം കൂട്ടി കിഴിച്ചു നോക്കിയാൽ ബാലൻസ് ഷീറ്റിൽ മിച്ചമായിട്ടെന്താ ഉള്ളത്...?
അക്കങ്ങൾ അടുക്കിവച്ച അൽപ്പം ചില നാണയത്തുട്ടുകളല്ലാതെ...!?
എല്ലാം ത്യജിച്ചത് അതൊന്നിനു വേണ്ടി മാത്രമായിരുന്നു... അവസാനം അതെല്ലാം സ്വരുകൂട്ടി വച്ചിട്ടും തനിക്കു വേണ്ടത് മാത്രം നേടിയെടുക്കാൻ അതിനെകൊണ്ടാവുന്നില്ലല്ലോ.!
തീപിടിച്ച ചിന്തയുമായി അയാൾ ഗ്ലാസ് ഡോറിലൂടെ പുറം കാഴ്ചയിലേക്ക് കണ്ണു പായിച്ചു.
ഒരു കാഴ്ചയും കണ്ണിലും മനസ്സിലും തറയുന്നില്ല..., ആകെ തെളിയുന്നത് ഒരേയൊരു മുഖം മാത്രം.. പച്ച പുതപ്പണിഞ്ഞു ആശുപത്രി കിടക്കയിൽ നിർവികാരനായി കിടക്കുന്ന അച്ഛന്റെ രൂപം മാത്രം.
കാതിൽ അലയടിക്കുന്നത് ഘനമേറിയതെങ്കിലും പ്രതീക്ഷ കൈവിട്ടുപോയ അദ്ദേഹത്തിന്റയാ ബലഹീന സ്വരം മാത്രം..!
"അല്ലല്ലോ സാറേ.. കാൽ തെന്നിപോയതാ... പല കാര്യങ്ങളിലും എന്റെ സൂക്ഷ്മതയെ കളിയാക്കി ആയിരം കണ്ണാ നിങ്ങൾക്കെന്ന് ഇവളെപ്പോഴും പറയാറുള്ളതായിരുന്നു... എന്തോ.., അന്നാ കണ്ണുകളൊന്നും എന്നെ രക്ഷിക്കാൻ കഴിഞ്ഞു കാണില്ല."
അച്ഛനൊന്നു നിർത്തി എന്നിട്ട് തന്റെ നേരെ നോക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല... മനസ്സ് അനുവദിച്ചു കാണില്ല..! അതായിരുന്നിരിക്കാം സത്യം.
പോലീസുകാരൻ കാതു കൂർപ്പിച്ചു അച്ഛന്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചു നോക്കിനിന്നു. അച്ഛൻ തുടർന്നു..!
"നിലവിളി കേട്ടു ഭാർഗവി ഓടി എത്തിയിരുന്നെങ്കിലും എന്താ സംഭവിക്കുന്നതെന്ന് എനിക്കും വ്യക്തമില്ലായിരുന്നു, അവൾ വന്നതു കാരണം തറയിൽ തല്ലിയലച്ചു ജീവൻ പോയില്ല എന്നതു ഭാഗ്യം, പാതി ഭാരം അവളുടെ മേലായതു കാരണം ഇവിടെയും എനിക്കവളെ കൂട്ടിനു കിട്ടി..., അല്ലായിരുന്നേൽ..." അച്ഛൻ കണ്ണുകൾ ഇറുക്കെയടച്ചപ്പോൾ കണ്ടു ആ കൺ കോണിലൂടെ പതിയെ രണ്ടുതുള്ളി താഴോട്ട് കിനിഞ്ഞിറങ്ങുന്നത്, അച്ഛൻ പതിയെ തലചെരിച്ചു തൊട്ടടുത്ത ബെഡിൽ യന്ത്രങ്ങളുടെ സഹായത്താൽ നിശ്ചലം കിടക്കുന്ന അമ്മയെ പാളിനോക്കി. ശേഷം ഇടർച്ചയില്ലാതെ കൂട്ടി ചേർത്തു.
"പുറത്തായതു കാരണം ഇവനെ വിളിച്ചു വരുത്തിയത് ഇന്ദുവാ, ഇവന്റെ ഭാര്യ. അല്ലാതെ നിങ്ങൾ ഉദ്ദേശിക്കും പോലെ ഇവൻ... ഹേയ് അങ്ങനൊന്നും ഇല്ല... തലേ ദിവസം ചെറിയൊരു വഴക്കുണ്ടായി എന്നതു നേരാ... എങ്കിലും അവനങ്ങനെയൊന്നു ചെയ്യില്ലാന്നേ... ഒന്നുല്ലേലും ഞാനവന്റെ അച്ഛനല്ലേ... ഇവനെകൊണ്ട് അതിനൊന്നും ഒക്കത്തില്ലാന്നേ..."
"ഉം..!" അച്ഛൻ പറഞ്ഞു നിർത്തിയപ്പോ തന്നെനോക്കി നീട്ടിയൊന്നു മുളിയിട്ട് മഹസ്സർ തയ്യാറാക്കൽ നിർത്തി പോലീസുകാർ പുറത്തേക്കു നടന്നു.
ആരായിരുന്നു അവർക്ക് കംപ്ലയിന്റ് കൊടുത്തതെന്നറിയില്ല, അതിനത്രകണ്ടു പ്രസക്തി ഇല്ലായിരുന്നു, കാരണം അച്ഛനും മകനും തമ്മിലുള്ള വഴക്കിനെ പറ്റി കൊച്ചു കുഞ്ഞുങ്ങൾക്കു വരെ അറിയാവുന്നതായിരുന്നല്ലോ...?
"അടിച്ചു കൊന്നതാ സ്വന്തം തന്തയേ... പക്ഷെ ജീവൻ ബാക്കിയായി... തള്ളയുടെ മേളിലൂടെ വീണതു കാരണം ബോധം വരാതെ കിടക്കുന്നത് കണ്ടില്ലേ... പക്ഷെ മൊഴി അവനനുകൂലമാവാതിരുന്നെങ്കിലല്ലേ നമുക്ക് എന്തേലും ചെയ്യാനൊക്കു..." പുറത്തേക്കു നടക്കുന്നതിനിടയിൽ പോലീസുകാർ അടക്കം പറയുന്നത് ശരിക്കും കേൾക്കാൻ കഴിഞ്ഞിരുന്നു.
അതു ശരിയുമായിരുന്നല്ലോ...!
അടിച്ചു കൊന്നതായിരുന്നോ അതോ ഒരു കൈ അബദ്ധം പറ്റിയതോ...?
ചോദ്യം തന്നോടുതന്നെ ആയതു കാരണം ഒരുത്തരം കണ്ടെത്താൻ അവൻ നന്നേ പാടുപെട്ടു.
"കളിച്ചു കളിച്ചു നീ കൈവിട്ട കളിയിലെത്തിയിരിക്കുന്നു മോനേ... പക്ഷെ ഇതച്ഛൻ സമ്മതിച്ചു തരില്ല..., നിന്റെ നന്മക്കുവേണ്ടി എന്റെ ആയുസ്സത്രയും പണിപ്പെട്ടുണ്ടാക്കിയത് മുഴുവൻ നീയായിത്തന്നെ നശിപ്പിച്ചു... എനിക്കതിൽ സങ്കടമില്ല, പക്ഷെ ഇത്...! അതിവളുടെ സ്വത്താ...
ഇനിയും എത്രനാൾ ഉണ്ടായിരിക്കും എന്നതൊരൂഹവുമില്ല, പക്ഷെ അന്തിയുറങ്ങാൻ ഇവൾക്കീ കൂരയുണ്ടെന്ന ആശ്വാസത്തിൽ ഞങ്ങൾക്ക് കണ്ണടക്കാലോ.
നീ കളിക്കേ... കുടിക്കേ... എന്താച്ചാ ആയിക്കോ... പക്ഷെ ഇവൾ സമ്മതിച്ചാലും ഇതു ഞാൻ സമ്മതിച്ചു തരില്ല."
പ്രമാണം ഇന്ദുവിന്റെ കൈകളിൽ നിന്നും തട്ടിപറിച്ചുകൊണ്ട് അച്ഛനതു പറഞ്ഞപ്പോ മുറിവേൽപ്പിച്ച വേട്ട മൃഗത്തെപ്പൊലെയായിമാറിയിരുന്നു താൻ, പക്ഷെ വിട്ടുകൊടുക്കാൻ മനസ്സില്ലാതെ സ്വന്തം അച്ഛനെ സർവ്വശക്തിയുമെടുത്ത് ആഞ്ഞു തള്ളിക്കൊണ്ടത് പിടിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും, ആ ഒരുനിമിഷത്തേക്ക് അച്ഛന്റെ കാലൊന്നു തെന്നി പോയിരുന്നു.
തന്റെ കണ്ണുകളിലപ്പോ മിന്നിമറഞ്ഞ ആരാച്ചാരുടേതുപോലൊരു തിളക്കം പക്ഷെ തനിക്കുപോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല ....!
ഈ സമയമത്രയും സ്റ്റെയർ കേസിനു കീഴെ ഇതെല്ലാം കണ്ടു മൗനമായി നിന്നിരുന്ന അമ്മയുടെ കണ്ഠമിടറി ഒരു നിലവിളി പുറത്തേക്കു വന്നിരുന്നോ...!?
അവൻ നേരെ ഹോസ്പിറ്റൽ വരാന്തയിലേക്കു നടക്കാൻ തുനിഞ്ഞതും അച്ഛനവന്റെ കയ്യിൽ പിടിച്ചു.
അവൻ തിരിഞ്ഞു നിന്ന് പാതി ചലനമറ്റ് കിടക്കുന്നയാ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ദയനീയമായ ആ മുഖം കണ്ടതും അവനിൽ സങ്കടം ഘനീഭവിക്കാൻ തുടങ്ങി.
തന്റെ അച്ഛൻ...!
തന്നിൽ ഒരുപാട് പ്രതീക്ഷയർപ്പിച്ച വ്യക്തി..!
തനിക്കുവേണ്ടി മാത്രം ജീവിച്ചു മരിക്കാൻ നിയോഗിക്കപ്പെട്ട ജന്മം.!!
അവസാനം തന്റെ എല്ലാ ആഗ്രഹങ്ങൾക്ക് മുന്നിലും സ്വയം ജീവിതം ത്യജിച്ച മനുഷ്യ രൂപം.!!!
'രഘു... മോനേ...! ഈ പോക്ക് നല്ലതിനല്ലല്ലോഡാ..!' എന്നു ക്ലെബ്ബിൽ മെമ്പർഷിപ്പെടുത്ത അന്ന് ദീർഘവീക്ഷണത്തോടെ അച്ഛൻ പറഞ്ഞതായിരുന്നു, പക്ഷെ കേട്ടില്ല. അവസാനം സമ്പാദ്യമെല്ലാം കൂടെയുള്ളവർ ചീട്ടു വിരിച്ചു കൊണ്ട്പോകുന്നതു കണ്ടപ്പോഴും ഒരുപാട് ഉപദേശിച്ചിരുന്നു, കേട്ടില്ല എന്നല്ല കേൾക്കാൻ മനസ്സനുവദിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അവസാനം എല്ലാം കൈവിട്ടുപോകുമെന്നായപ്പോ ആകെ ഉണ്ടായിരുന്ന പുരയിടം ഇന്ദുവിന്റെ പേരിലെഴുതി ഭദ്രമാക്കാൻ ഒരു വിഫല ശ്രമം നടത്തി. പക്ഷെ അത് തന്റെ ജീവനുതന്നെ ഭീക്ഷണിയായിമാറും എന്നറിഞ്ഞു കാണില്ല.
അച്ഛൻ തലയിണക്കടിയിൽ നിന്നുമൊരു കവറെടുത്തു തനിക്കു നേരെ നീട്ടി. അച്ഛനെന്തോ പറയാൻ തുനിഞ്ഞപ്പോ തടഞ്ഞുകൊണ്ട് ആ കവർ അതേ തലയിണക്കു കീഴിലേക്കുതന്നെ തിരികെ വച്ചുകൊണ്ട് പുറത്തേക്കിറങ്ങി നടക്കുമ്പോ മനസ്സിലാകെ കനലെരിയുകയായിരുന്നു, ഒരു നീറ്റലോടെയാണെങ്കിലും ആ കവറിനുള്ളിൽ അച്ഛൻ ഭദ്രമാക്കി വച്ചത് ഇന്ദുവിനുതന്നെയിരിക്കട്ടെ എന്ന സത്യം ആ നിമിഷം മുതൽ മനസ്സ് അംഗീകരിക്കാൻ തയ്യാറാവുകയായിരുന്നു.
ഇത്രയും നാൾ കണ്ണടച്ചിരുട്ടാക്കിയ പാപഭാരങ്ങളുടെ വേദന ഉമിത്തീ പോലെ അവന്റെ ഇടനെഞ്ചിൽ കിടന്നു നീറി പുകയാൻ തുടങ്ങി.
എല്ലാത്തിലുമുപരി അച്ഛനെന്ന സത്യം..!
അതിന്റെ വിലയെന്താണെന്ന് കാലങ്ങൾക്ക് ശേഷം മനസ്സിലായി തുടങ്ങിയിരിക്കുന്നു.
അതൊരു കവചമായ് ഇത്രയും നാൾ തനിക്കു ചുറ്റും ഉണ്ടായപ്പോ താനനുഭവിച്ച സംരക്ഷണം....! അതിന്റെ കരുത്ത്...! പരിലാളനം...! അതെല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.
പക്ഷെ താൻ വൈകിപ്പോയോ...? എല്ലാം തന്നിൽ നിന്നും പിടിവിട്ടു പോവുകയാണോ...!?
"നീ കരയാൻ പാടില്ലെടോ... നീ കരഞ്ഞാ അതീ അച്ഛനു സഹിക്കാൻ കഴിയില്ല മോനേ.." അമ്മയുടെ ചിതക്ക് കൊള്ളിവച്ചു കഴിഞ്ഞ നിമിഷം തന്റെ ചുമലിൽ കൈവച്ചുകൊണ്ടതു പറഞ്ഞപ്പോ ചങ്കു തകർന്നു പോയിരുന്നു.
പിന്നീടാ അച്ഛന്റെ മുഖത്തു നോക്കാൻ ധൈര്യമില്ലായിരുന്നു.
അവനൊരു ദീർഘ നിശ്വാസമെടുത്തു.
എല്ലാ പ്രതീക്ഷകളും തകർത്തെറിഞ്ഞ ഒരു താന്തോന്നിയായ മകനായി വീണ്ടുമതേ അച്ഛന്റെ മുന്നിലേക്ക്...!
അവൻ വാച്ചിൽ നോക്കിയ ശേഷം പതിയെ എണീറ്റു.
ഇനിയെങ്കിലും ജീവിച്ചു തുടങ്ങണം, ഒരു പച്ചയായ മനുഷ്യനായിട്ട്, ആ ചിന്ത അവനെ വല്ലാതെ മെതിക്കാൻ തുടങ്ങിയിരുന്നു.
കാറിനരികിലേക്ക് നടക്കുമ്പോ അറിയാതെ അവന്റെ ശ്രദ്ധയാ ഇരുളിലേക്കു തിരിഞ്ഞു, നടന്നുകൊണ്ടു തന്നെ അവൻ കാര്യങ്ങൾ വീക്ഷിക്കാൻ തുടങ്ങി.
കാണാൻ സുന്ദരിയെങ്കിലും വൃത്തിഹീനയായി വസ്ത്രം ധരിച്ച ഒരു കൊച്ചു സുന്ദരി, പ്രായം പത്തു പന്ത്രണ്ടു വയസ്സിൽ കൂടില്ല, അവളുടെ മുഖഭാവം കണ്ടാലറിയാം പേടിച്ചരണ്ട മട്ടുണ്ട്, തൊട്ടരികിലായി
പ്രായം ചെന്നതും അൽപ്പം നര കയറിയതുമായൊരാൾ, അയാൾ ഇടക്കിടക്ക് കർക്കശ ഭാവത്തിൽ എന്തൊക്കെയോ അയാൾക്കഭിമുഖമായി നിൽക്കുന്ന അൽപ്പം കഷണ്ടി കയറി വാർധക്യത്തോടടുത്ത മാർവാടിയെന്നു തോന്നുന്ന വ്യക്തിയോട് പറഞ്ഞു കൊണ്ടിരിക്കുന്നു.
തമിഴും ഹിന്ദിയും കലർത്തികൊണ്ട് എന്തെല്ലാമോ പറയുന്നുണ്ടെങ്കിലും രഘുവിനൊന്നും വ്യക്തമാകുന്നില്ലായിരുന്നു.
ഇടക്കിടെ മധ്യവയസ്കൻ സംസാരത്തോടൊപ്പം അവളെ ആഞ്ഞു തല്ലിക്കൊണ്ടിരിന്നു, ഒപ്പം അവളുടെ മുടിക്കുത്തിൽ പിടിച്ചു ഒരു പ്രത്യേക ശൈലിയിൽ കശക്കി മുറുക്കാൻ ചവച്ചുകൊണ്ടിരിക്കുന്ന ആ വൃദ്ധന്റെ മുന്നിലേക്ക് വലിച്ചിടുകയും ചെയ്തു കൊണ്ടിരിക്കുന്നു.
രഘു കാറിൽ കയറിയെങ്കിലും അതുവരെ തന്നെ വേട്ടയാടപ്പെട്ടിരുന്ന സർവം മറന്നു ആ മൂവർ സംഘത്തിന്റെ ഓരോ നീക്കങ്ങളും സസൂക്ഷ്മമം വീക്ഷിക്കാൻ തുടങ്ങി.
ആ കൊച്ചു കുട്ടി പേടിച്ചുകൊണ്ട് അയാളുടെ പിറകിലേക്കൊളിക്കാൻ ശ്രമിച്ചെങ്കിലും, വീണ്ടും അയാളവളെ വലിച്ചു കിളവന്റെ മുന്നിലേക്കിട്ടു.
അവൾ അനുസരിക്കാതെ വന്നപ്പോ കൈ നിവർത്തി ആ കുഞ്ഞു കവിളത്ത് ശക്തിയോടെ ഒന്നു പൊട്ടിക്കുകയും ചെയ്തു. രഘു അറിയാതെ സ്വന്തം കവിൾത്തടം തടവിപ്പോയി.
അൽപ്പം കഴിഞ്ഞു എന്തോ പറഞ്ഞുകൊണ്ടയാൾ ഇരുളിൽ മറഞ്ഞപ്പോ രഘു പതിയെ കാറിൽ നിന്നുമിറങ്ങി അങ്ങോട്ടടിവച്ചു.
"ഇന്ത മട്ടും നോക്കാതയ്യാ.. പുതുസ്സാ പൊണ്ണ്.... ഉങ്കൾക്ക് നാ കൊഞ്ചം കമ്മിയാ പേസിട്ടിറിക്കെ..." ആവശ്യക്കാരനെ കണ്ടുകിട്ടിയതും മാർവാഡിയിലെ കച്ചവടക്കാരൻ സടകുടഞ്ഞെണീറ്റു.
"ആപ്കേലിയെ തോടാ സസ്ഥാമേ മിലേഗാ ജീ....!" അയാൾ അവനിൽ ആവേശം ജനിപ്പിക്കുംപോലെ പറഞ്ഞു.
നല്ല തമിഴും ഹിന്ദിയും കലർന്ന വിലപേശൽ തുടങ്ങിയപ്പോ രഘുവിന്റെയുള്ളിൽ ഇത്രയും നാൾ ഉറങ്ങിക്കിടന്ന മനുഷ്യൻ പതിയെ തലപൊക്കാൻ തുടങ്ങി.
തുടർന്ന് ആ മാർവാഡയിൽനിന്നും അറിയാൻ കഴിഞ്ഞ സത്യം ശരിക്കും അവനെ ഞെട്ടിച്ചു കഴിഞ്ഞിരുന്നു.
സ്വന്തം ചോരയിൽ കുതിർത്ത ആ പിഞ്ചു ബാലികയെ ഇയാളുടെ മുന്നിലേക്ക് വലിച്ചെറിയപ്പെട്ടത് സ്വന്തം അച്ഛനാലാണെന്ന തിരിച്ചറിവ് രഘുവിൽ വല്ലാത്ത ഭയപ്പാടാണ് സൃഷ്ട്ടിച്ചു കളഞ്ഞത്.
ഇത്രയും നാൾ അയാൾക്കു വേണ്ടി പലരുടെയും ദാഹം തീർത്ത ഭാര്യ എന്ന സ്ത്രീ എന്നെന്നേക്കുമായി കളം വിട്ടൊഴിഞ്ഞപ്പോ, അന്തിപട്ടിണിയകറ്റാൻ ആ കാപാലികൻ സ്വന്തം മകളുടെ നെയ് മേനിയുമായ് അതേ രാത്രിയിൽ തന്നെയാ മാർവാടിയുടെ മുന്നിലെത്തുകയായിരുന്നു.
രഘു അവളെയൊന്നു പാളി നോക്കി, വേട്ടക്കാരനെ കണ്ട പേടമാൻ കണക്കെ അവൾ മാർവാടിയുടെ പിറകിലേക്കൊളിച്ചു.
"കിതർ ജാരെ തും...? ഇഥർ...! ഇഥർ....! ആഘേ രുക്കോ.." മാർവാടി മുന്നിലേക്ക് വിരൽചൂണ്ടികൊണ്ട് ആക്രോശിച്ചു. അനുസരിക്കാതെ വന്നപ്പോളയാൽ അവളെപിടിച്ചു മുന്നിലേക്ക് വലിച്ചിഴച്ചു.
നിസ്സഹായയായി നിൽക്കുന്ന അവളുടെയാ പിഞ്ചു കണ്ണുകളിൽ മിഴി ബാഷ്പ്പം നിറയുന്നതു കണ്ടപ്പോ രഘുവിന്റെ ഉള്ളൊന്നു പിടഞ്ഞു.
കണ്ണുനീർ കറ പറ്റിപ്പിടിച്ച അവളുടെയാ കവിൾത്തടങ്ങളിൽ നോക്കി അയാളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചനിമിഷം അവളൊന്നു ഗദ്ഗദപ്പെട്ടു.
"ഒരച്ഛനാവാനുള്ള ഭാഗ്യം ദൈവം നിങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് മനപ്പൂർവമായിരിക്കാം, അല്ലായിരുന്നേൽ നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളിലൂടെ ദൈവം ഈ ജന്മം മുഴുവൻ നിങ്ങളെ ശിക്ഷിച്ചേനേ...!!" ജീവിതത്തിലെവിടെയോ വെച്ചു ഇന്ദു മനസ്സറിഞ്ഞു പ്രാകിയത് വീണ്ടും കാതുകളിലേക്ക് ഇരമ്പി വന്നു.
രഘു രണ്ടടി മുന്നോട്ടു വച്ചു അവളുടെയാ ശോഷിച്ച കൈ തണ്ടയിൽ പിടുത്തമിട്ടു, ഒരായിരം ചോദ്യങ്ങൾ സ്ഫുരിക്കുന്ന കണ്ണുകളോടെ നിസ്സഹായയായിട്ടവൾ രഘുവിനെ തന്നെ തുറിച്ചു നോക്കി.
ഒന്നു കുതറുകയോ എതിർക്കുകയോ ചെയ്യാതെ അവൾ നിശ്ചലം നിന്നെങ്കിലും ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയവും സങ്കടവുംമെല്ലാം വക്കിടിഞ്ഞ തടാകം പോലെ അവളുടെ കണ്ണുകളിലൂടെ ധാരയായി ഒഴുകാൻ തുടങ്ങിയിരുന്നു.
രഘു ആ കണ്ണുകൾ പതിയെ തുടക്കാൻ ശ്രമിച്ചു, അയാൾ ഓർക്കുകയായിരുന്നു.
കണ്ടുമുട്ടിയത് യാദൃശ്ചികമായിരിക്കാം, എങ്കിലും എവിടെയോ ഏതോ ഒരു ചങ്ങലക്കണ്ണി തങ്ങളെ തമ്മിൽ ബന്ധിക്കുന്നപോലെ. ഒരേ ദിശയിലൂടെ സഞ്ചരിക്കുന്ന രണ്ടു നിഴൽ കണക്കെ വല്ലാത്തൊരു ബന്ധം തങ്ങൾക്കിടയിൽ കെട്ടി പിണയുന്നുണ്ടോ...!?
ഉണ്ടായിരിക്കാം..., കാരണം പണത്തിനുവേണ്ടി അച്ഛനെ നിരന്തരം വേട്ടയാടപ്പെട്ട മകനായിരുന്നു ഒന്നെങ്കിൽ മറ്റൊന്ന് പണത്തിനുവേണ്ടി അച്ഛനാൽ വേദനിപ്പിക്കപെട്ട മകളാണെന്നു മാത്രം.
രഘു അവളെയും പിടിച്ചു കാറിനുനേരെ അടിവച്ചു, തോർന്നൊലിക്കുന്ന കണ്ണുമായ് തന്റെ വിധി എന്തെന്ന് ഊഹിക്കാൻ പോലും കഴിയാതെ ഒരു അറവുമാടിനെ പോലെ അവളും അയാളെ അനുഗമിച്ചു.
കരഞ്ഞു തളർന്ന അമ്മയുടെ മുഖവും, ക്രോധത്താൽ ചുവന്ന കലങ്ങിയ അച്ഛന്റെ കണ്ണുകളും, ആർത്തിപൂണ്ട രഘുവിന്റെ മുഖവും അവളുടെ മാനസിൽകിടന്നു മിന്നിമറയാൻ തുടങ്ങി.
ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ ആ കുഞ്ഞു മനസ്സിനെ കീറി മുറിക്കുന്നുണ്ടായിരുന്നു. എങ്കിലും വിധി നടപ്പിലാക്കപ്പെട്ട ഒരു കുറ്റവാളിയെ പോലെ താഴ്ത്തപ്പെട്ട തലയുമായി രഘുവിനെ അനുഗമിക്കാൻ മാത്രമേ അവൾക്കാകുമായിരുന്നൊള്ളു.
നോട്ടു കെട്ടുകൾ തിരിച്ചും മരിച്ചും നോക്കി തിളങ്ങുന്ന കണ്ണുമായ് കിളവനും ആ വണ്ടിയിൽ കയറിയതും അതു പതിയെ മുന്നോട്ടുരുളാൻ തുടങ്ങി.
കാർ കുറച്ചൽപ്പം ദുരം പിന്നിട്ടതും രഘു കാർ നിർത്തി.
"എതുക്ക് സന്ദേഹം സാർ...?" മാർവാടി പുരികം ചുളിച്ചു.
രഘു തുറന്നു വച്ചിരിക്കുന്ന വിദേശ മദ്യഷോപ്പ് ചൂണ്ടി പേഴ്സിൽ നിന്നും നാലഞ്ചു നോട്ടുകൂടി എടുത്തു.
സംഗതി മനസ്സിലായതും വൃത്തികെട്ടൊരു ചിരിയോടെ അയാൾ കാറിൽനിന്നുമിറങ്ങി, പിന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മുന്നോട്ട് നടന്നു.
അയാൾ ഷോപ്പിലെത്തിയതും രഘു രണ്ടാമതൊന്നു ചിന്തിക്കാതെ കാർ മുന്നോട്ടെടുത്തു.
കിലോമീറ്ററുകളോളം ആ വാഹനം മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. വീടെത്തും വരെ പിന്നെ രഘു പിന്തിരിഞ്ഞു നോക്കിയതേ ഇല്ല.
വാഹനത്തിന്റെ മുഴക്കം കേട്ടു ഉമ്മറത്തേക്കിറങ്ങിവന്ന ഇന്ദുവിന്റെ കണ്ണുകളിൽ അറപ്പും അമർഷവും തെളിഞ്ഞു കാണാമായിരുന്നെങ്കിലും, പക്ഷെ രഘുവിന്റെ പിറകിൽ നിന്നും പേടിച്ചരണ്ടൊരു കുഞ്ഞുരൂപം വെട്ടത്തേക്കു ഇറങ്ങി വന്നതും ആശ്ചര്യംകൊണ്ടവളുടെ കണ്ണുകൾ വിടർന്നു വന്നു.
രഘു അവളുടെ പിഞ്ചു കൈപിടിച്ചു ഇന്ദുവിന്റെ മുന്നിലേക്ക് മാറ്റി നിർത്തി. എന്നിട്ടവളുടെ കണ്ണുകളിലേക്കു നോക്കികൊണ്ട്‌ പറഞ്ഞു.
"എന്റെ മോളാ ഇന്ദു.. അല്ല... നമ്മുടെ... നമ്മുടെ മോളാ... അങ്ങനെയേ ഇനി ഇവളെ കാണാവൂ... അച്ഛനാവാനുള്ള ഭാഗ്യം ദൈവം എനിക്കു തന്നില്ലെന്നു നേരാ... പക്ഷെ ആ കടം... അതിന്നതോടെ ദൈവം തന്നെ അങ്ങു നികത്തി"
ഇന്ദുവിന്റെ ചിരി വിളറിപ്പോയിരുന്നു, എവിടെ നിന്നെന്നോ... എങ്ങനെയെന്നോ ഒന്നും അന്വേഷിക്കാതെ അവൾ ഓടിചെന്ന് രഘുവിനരികിൽ പേടിച്ചരണ്ട് നിൽക്കുന്ന ആ കൊച്ചു സുന്ദരിയുടെ നെറുകയിൽ മതിവരുവോളം മുത്തം നൽകി.
"തെറ്റായിരുന്നു ഇന്ദു... ഇതുവരെ ചെയ്തോണ്ടിരുന്നതെല്ലാം തെറ്റായിരുന്നു..., ഒരു തിരിച്ചറിവുണ്ടാവാൻ അൽപ്പം വൈകിപ്പോയി..., പക്ഷെ ഇപ്പൊ... ഇപ്പൊ എനിക്ക് ജീവിക്കാൻ കൊതിയാവാ... ജീവിക്കണം എനിക്ക്..., അച്ഛനെ ബഹുമാനിക്കുന്നൊരു മകനായിട്ട്, ഈ മോളേ പൊന്നുപോലെ സ്നേഹിക്കുന്നൊരച്ഛനായിട്ട്. എന്നിട്ട് ഇതുവരെ മോശം പറഞ്ഞവരെകൊണ്ടെല്ലാം തിരുത്തി പറയിപ്പിക്കണം... അതിന്... അതിന്... നീയെന്റെ കൂടെ ഉണ്ടായിരിക്കണം ഇന്ദു.."
"രഘുവേട്ടാ...!" സന്തോഷംകൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ ഇന്ദു ഇറുക്കെയടച്ചു.
"അമ്മയില്ലാതെ പോയല്ലോ ഇന്ദു ഇതു കാണാൻ... വെറുക്കുന്നുണ്ടാവും എന്നെ... അത്രക്ക്... അത്രക്ക് അനുഭവിച്ചല്ലേ പോയത്..."
"സാരല്ല രഘുവേട്ടാ... അവസാനം മനസ്സു മാറിയല്ലോ... അമ്മ ക്ഷമികാണ്ടിരിക്കില്ല.. എങ്കിലും നമ്മുടെ അച്ഛനുണ്ടല്ലോ നമ്മുടെകുടെ... വാ..." അവൾ അവരെ കൈ പിടിച്ചു അച്ഛൻ കിടക്കുന്ന റൂമിനു നേരെ നടന്നു.
"ങ്ങാ... രഘു... മോനേ നീ വന്നോ..." ആളനക്കം കേട്ടു അച്ഛൻ തലതിരിച്ചു നോക്കി.
രഘു ഓടിച്ചെന്നു അച്ഛന്റെ കാലിൽ വീണ് വിങ്ങി വിങ്ങി കരഞ്ഞു.
"ഡാ... മോനേ... അച്ഛനറിയാടാ നിന്നേ... നീ എത്രയൊക്കെ വളർന്നു വലുതായാലും എനിക്കെന്നും നീ എന്റെയാ പഴയ രഘുതന്നെയാഡാ... നിന്റെ ശരീരം മാത്രേ വളർന്നിട്ടുള്ളു... എന്റെ മനസ്സിലിപ്പഴും നീയാ പഴയ കൊച്ചു കുഞ്ഞു തന്നാ..."
രഘു തലയുയർത്താതെ അതേ പടിയിരിന്നു.
"ഒന്നും മനസ്സിൽ വച്ചു വെറുതെ ദണ്ണപ്പെടണ്ടാ.., അച്ഛനതെല്ലാം എന്നേ മറന്നെടാ... കൊച്ചു കുഞ്ഞായപ്പോ ഇതൊന്നും അല്ലായിരുന്നു നിന്റെ വികൃതികൾ... ഓർക്കണുണ്ടോ നീയ്...?" ആ വൃദ്ധൻ സങ്കടങ്ങളിലൂടെയും ചിരിക്കാൻ ശ്രമിച്ചു.
അവൻ പതിയെ തലയുയർത്തി.
"അച്ഛനെന്നെയൊന്നു ശപിച്ചുടെ അച്ഛാ...? എന്റെ ഒരാശ്വാസത്തിനു വേണ്ടിയെങ്കിലും..."
"അതിന് നീ തെറ്റൊന്നും ചെയ്തില്ലല്ലോ...? ഉണ്ടങ്കീതന്നെ അതീ അച്ഛന് പൊറുക്കാവുന്നതേ ഒള്ളൂ മോനേ..." ചിരി വിടാതെ അത്രയും പറഞ്ഞുകൊണ്ടയാൾ അവനരികിൽ പേടിച്ചരണ്ട് നിൽക്കുന്ന ആ കൊച്ചിനെ നോക്കി.
"അച്ഛാ... എന്റെ... എന്റെ മോൾ...!" ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ രഘു അവളെ അച്ഛനരികിലേക്കു ചേർത്തു നിർത്തി.
അയാളവളുടെ കൈകളിൽ പിടിച്ചു "എന്താ കുട്ടീടെ പേര്...?"
അവൾ തലതിരിച്ചു രഘുവിനെ പാളിനോക്കി.
"പേര് സൊല്ലിക്കൊട്...!" അയാൾ അവളെ തഴുകിക്കൊണ്ട് പറഞ്ഞു.
"ഭാർഗവി...!" മറുപടി പറഞ്ഞപ്പോ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കവും സുരക്ഷിതത്വവുമെല്ലാം പ്രതിഫലിച്ചു നിന്നിരുന്നു.
രഘുവിന്റെ മനസ്സിലേക്കു പക്ഷെ ഒരു വെള്ളിടിയായാണ് അവളുടെ വാക്കുകൾ വന്നു തറച്ചത്, ഒപ്പം ഒരുമാത്ര സറ്റയർ കേസിനു കീഴെ നിസ്സഹായയായി തന്നെത്തന്നെ നോക്കി നിൽക്കുന്ന അമ്മയുടെ മുഖം ഒരു മിന്നായം പോലെ അവന്റെ മനസ്സിലൊന്നു മിന്നി മറഞ്ഞു.
പിന്നെ സഹിക്കാൻ കഴിഞ്ഞില്ലവന്, സർവം തകർന്ന് മുട്ടിലിഴഞ്ഞുകൊണ്ടവൻ അവളെ വാരിപ്പുണർന്നു, ഒപ്പം ഭ്രാന്തമായൊരാവേശത്തിൽ ആ കൊച്ചു ശരീരം കെട്ടിപ്പിടിച്ചു ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ അവൻ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു..!
തൊട്ടടുത്ത കട്ടിലിൽ കിടന്ന് ഇതിനെല്ലാം മൂകസാക്ഷിയായ ആ വൃദ്ധൻ തന്റെ കൈകളുയർത്തി അവന്റെ മുടിയിഴയിലൂടെ പതിയെ വിരലോടിച്ചുകൊണ്ടിരുന്നു. ഈ സമയമെല്ലാം സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ എന്നറിയില്ല അദ്ദേഹത്തിന്റെ ഇരു കണ്ണുകളും രണ്ടു കൊച്ചരുവികളായി നിറഞ്ഞൊഴുകികൊണ്ടേയിരിക്കുകയായിരുന്നു.
ശുഭം
_____________________
✍️ഷാൻ ബാബു ഓടക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo