Slider

#വസന്തകാലത്ത്_കൊഴിഞ്ഞ_ഇല

0

അവളുടെ മുടിയിലെ കാച്ചെണ്ണ മണം അകന്നകന്ന് പോയപ്പോളാണ് ഞാൻ ഞെട്ടിയുണർന്നതും,കാളിങ് ബെല്ലിലെ പല്ലി ചിലച്ചതും.കണ്ണട തപ്പിയെടുത്ത് വച്ച് ഞാൻ വാതിൽ തുറന്നപ്പോൾ വക്രിച്ച ചിരിയൊരണ്ണം ഫിറ്റ് ചെയ്ത് ഒരുത്തൻ.
"മാഷ്ക്ക് ഒരു കൊറിയറുണ്ട് ".
വിറയാർന്ന വിരലുകൾ അനുസരണകേട്ട് കൈപ്പറ്റ് രേഖ നീട്ടി പിൻതിരഞ്ഞപ്പോളും പിടക്കുന്ന ഗാന്ധിത്തല കൊതിച്ച് കൊറിയാറുകാരൻ മഞ്ഞളിച്ച ചിരിയുമായി നിന്നു.
ഇതിപ്പോ ആരാണ് തനിക്കൊരു സമ്മാനമായക്കാനെന്ന ചിന്തയിൽ പൊതിയഴിച്ചപ്പോൾ "വസന്തകാലത്ത് കൊഴിഞ്ഞ ഇല"ക്ക് താഴെ നിരയൊത്ത അക്ഷരങ്ങൾ പ്രിയദർശിനി കൈതോട്ട്‌. നെഞ്ചിലൊരു പുഞ്ചിരിയുതിരുന്നു. പണ്ട് തൊട്ടേ ഇങ്ങനെയാണ് അവളെഴുതുന്ന വരികളുടെ ആദ്യ വായനക്കാരൻ ഞാനാണ്.ഇത് എന്‍റെ മുറപ്പെണ്ണ് കാന്താരിയുടെ ചെറു നോവലാണ്.വളരേ കാലങ്ങൾക്ക് ശേഷമാണ്‌ അവളുടെ പുസ്തകങ്ങളെനിക്ക് കിട്ടുന്നത്.ഒരുപക്ഷെ എന്‍റെ കണ്ണെത്തും മുമ്പ് തുളസി അവയൊക്കെ ചാരമാക്കിക്കാണണം.
തുളസിയുടെ നാവുളിയേറ്റ് പിടഞ്ഞാണ് വർഷങ്ങൾക്ക് മുമ്പ് പ്രിയ ഇവിടുന്നിറങ്ങിപ്പോയത്. ഇന്നിപ്പോൾ ഒന്ന് തട്ടിക്കയറാൻ പോലും അവളെടുത്തില്ല.എന്നെ തനിച്ചാക്കി പാതിയായവൾ പോയിട്ട് കൊല്ലമൊന്നാവുന്നു,32 കൊല്ലം എത്ര വേഗം കൊഴിഞ്ഞു പോയി..!!
ശങ്കരേട്ടന്റെ മാട്രിമോണിയൽ ബാഗിൽ നിന്ന് തുളസിയെ തിരഞ്ഞെടുത്തിട്ട്
"ഇത് മതി ദേവേട്ടാ,ഏട്ടന് മാച്ചാ..."
എന്ന് പ്രിയ പറഞ്ഞതായിരുന്നു അവസാന വാക്ക്,അന്നാണ് അവളുടെ പുഞ്ചിരിയിൽ ലോകം കണ്ടവൻ അടിതെറ്റി വീണുപോയത്.പ്രിയയുടെ മനസ്സിൽ താൻ ഏട്ടനാണെന്ന ചിന്തയിൽ ആ വണ്_വെ പ്രണയത്തെ കുഴിച്ചു മൂടി അവൾ ചൂണ്ടിക്കാണിച്ചവളെ കെട്ടി.
നിത്യ കന്യകയായ അവളെനിക്ക് മുടങ്ങാതെ എഴുത്തുകളെഴുതി.അടിച്ചുവാരലിനിടയിൽ എന്‍റെ കൗമാര കാമനകളുടെ അക്ഷര രൂപം എന്‍റെ സഹധർമ്മിണിയുടെ കണ്ണിലുടക്കും വരെ,ഞാൻ തിരിച്ചും.
കനി പ്ലേ സ്കൂളിൽ നിന്ന് വരുമ്പോഴും ഞാൻ വായനയിലായിരുന്നു.കനി എന്‍റെ മകന്റെ കുഞ്ഞാണ്‌.ഈ കുറുമ്പികോതയിലാണ് ഇപ്പോളെന്റെ ലോകം.ഇന്നവളേ ശ്രദ്ധിച്ചതേ ഇല്ല.ഓർമ്മകൾക്കൊപ്പം പിന്നോട്ടു കുതിക്കുമ്പോൾ പ്രായം കിതക്കുകയോ വർത്തമാനത്തിൽ ഇടറുകയോ ചെയ്തില്ല.പ്രിയയിലെ പതിനേഴുകാരി അടുത്തിരുന്ന്‌ വാതോരാതെ വർത്തമാനമെഴുതുമ്പോൾ മറ്റെന്തോർക്കാൻ?.ഓരോ താളുകൾ മറിയുമ്പോഴും നെഞ്ചിടിപ്പുയരുന്നത്
ഞാനറിഞ്ഞു.പ്രിയ എന്നും തനിച്ചതായിരുന്നതിന്റെ,കാരണം വർഷങ്ങൾക്ക് ശേഷം തിമിരം മൂടിയ കണ്ണുകളാൽ വായിക്കിച്ചെടുക്കേ, അവളെ മാറോടടക്കാൻ വല്ലാതെ കൊതിച്ചു.
പറയാതെ പോയവയെ കഥയിലൊളിപ്പിച്ചു പൂർണ്ണ വിരാമമിടുന്നവൾ ഒരിക്കലെന്റെ പ്രണയമായിരുന്നില്ലേ...? മറുപകുതിയിൽ കേൾക്കാൻ കൊതിച്ചവയൊക്കെ കഥയായിരിക്കുന്നു... ഒപ്പം കഥാകാരിയുടെ നീല മഷി പുരണ്ട കൈപ്പടയും.
"ദേവേട്ടാ,ഒന്ന് കാണണം അടുത്ത മാസം പിറന്നാളല്ലേ..?? ഞാൻ ഗുരുവായൂർ വരും. വടക്കേ നടയിൽ കാത്തുനിൽക്കും.
സ്വന്തം, പ്രിയ "
പിന്നിലേക്കോടി തളർന്നൊരു പുഞ്ചിരിയോടെ, ചാരുകസേരയിൽ കിടക്കവേ അവളുടെ മുടിയിഴകളുടെ കാച്ചെണ്ണ മണം അടുത്തടുത്ത് വരുന്നു..
"എന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും... നിന്നെ ഞാൻ സ്നേഹിച്ചിരുന്നു... രാത്രി പകലിനോടെന്ന പോലെ... യത്ര ചോദിപ്പൂ ഞാൻ.."
സെൽ ഫോൺ പാടി തീരും മുമ്പേ മരുമകൾ ഫോണെടുക്കുന്നു.. ടി.വിയിൽ ഫ്ലാഷ് ന്യൂസ് ഒഴുകുന്നു..
"എഴുത്തുകാരി പ്രിയദർശിനി കൈതോട്ട് അന്തരിച്ചു അമ്പത്തിരണ്ട് വയസ്സായിരുന്നു....."
ചായം പുരണ്ട ചെടികളിൽ വാർത്ത തുടരുന്നു. ഓർമ്മയുടെ അപ്പൂപ്പൻ താടികൾക്കിടയിൽ വസന്തത്തിൽ കൊഴിഞ്ഞ ഇല തേടി ഞാൻ തപ്പി തടഞ്ഞു വീഴുന്നു...
#ആർച്ച_കൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo