Slider

നട്ടുച്ചക്കൊരു ദൈവം..

0
നട്ടുച്ചക്കൊരു ദൈവം..
സുനു
(കഥ)
കോളിംഗ് ബെല്‍ ശബ്ദം കേട്ട് വന്ന് വാതില്‍ തുറന്ന പെണ്‍കുട്ടി കണ്ടു പുറത്ത്, കൈയ്യിലൊരു സ്റ്റീല്‍ പ്ലേറ്റും മുഖത്തതിന്‍റെ തിളക്കവുമായി ഒരു പയ്യന്‍ നില്‍ക്കുന്നു.
ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാനാവാത്ത, ആകര്‍ഷകവും മാംസളവുമായൊരു മുഖവും ശരീരവുമായിരുന്നു അവന്‍റേത്. മോഡിയായി വസ്ത്രം ധരിച്ചിരുന്ന അവന് ഇരുപത് വയസ്സ് തോന്നിക്കുമായിരുന്നു. അപരിചിതത്വത്തോടെ തന്നെ നോക്കിനില്‍ക്കുന്ന പെണ്‍കുട്ടിയോടവന്‍ തന്‍റെ ആണും പെണ്ണുമല്ലാത്ത പതിഞ്ഞ ശബ്ദത്തില്‍
'കഴിക്കാനെന്തെങ്കിലും തരുമോ..'
എന്നു ചോദിച്ചു.
അവന്‍റെ മുഖമപ്പോള്‍ ലജ്ജകലര്‍ന്നൊരു പുഞ്ചിരിയോടെ കുനിഞ്ഞിരുന്നു.
'ഇല്ല' എന്ന മറുപടിയോടെ വാതില്‍ ചാരിയാലും അതേ പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്നൊരു മുഖഭാവമായിരുന്നു അവന്‍റേത്.
പെണ്‍കുട്ടിയപ്പോള്‍ മറുപടിയൊന്നും പറയാതെ വീടിനുള്ളിലേയ്ക്ക് മുഖം തിരിച്ച് അമ്മയെ വിളിച്ചു. രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും അമ്മ വിളികേള്‍ക്കാഞ്ഞപ്പോള്‍ അല്‍പം അക്ഷമയോടെ വീടിനുള്ളിലേക്കവള്‍ പോകാന്‍ ഭാവിച്ചതും അടുക്കളയില്‍ നിന്നും കൈകഴുകിയ വെള്ളം ഒരു ടൗവ്വലില്‍ തുടച്ചുകൊണ്ട് അമ്മഅവിടേയ്ക്ക് വന്നു. ആരാടീ എന്നുള്ള ചോദ്യം അവരുടെ മുഖത്തുണ്ടായിരുന്നു.
പുറത്ത് നില്‍ക്കുന്ന പയ്യനെ കണ്ട് ഒന്നും മനസ്സിലാകാതവര്‍ മകളെ നോക്കി. അവളൊന്നും പറയാഞ്ഞപ്പോഴവര്‍ അത്ര മയമില്ലാത്തൊരു ശബ്ദത്തില്‍ അവനോട് തന്നെ
'എന്താരുന്നു...'
എന്ന് ചോദിച്ചു.
പുഞ്ചിരി തുടരുന്നതിനിടയില്‍ തന്‍റെ ആവശ്യം ആവര്‍ത്തിക്കാന്‍ അവന്‍ വൈകിയ ഒരു നിമിഷം, പെണ്‍കുട്ടി അല്‍പം കുസൃതിയോടെ അമ്മയുടെ ചെവിയിലതു പറഞ്ഞു.
അവരുടെ മുഖഭാവത്തിനപ്പോഴൊരു അയവ് വന്നു. വീണ്ടുമവനത് പറഞ്ഞെങ്കിലും മുഴമുഴുമിപ്പിക്കാനാവാതെ തപ്പിത്തടഞ്ഞു.
അവരവനെ ശരിക്കുമൊന്ന് നോക്കി വിലയിരുത്തി. ഉച്ചച്ചൂടില്‍ അവനാകെ വിയര്‍ത്തൊലിക്കുകയായിരുന്നു. അവന്‍റെ ദേഹത്തെ ജലാംശമല്ലാതെ വശ്യമായ രൂപ ഭംഗിയില്‍ നിന്നും ഒരു തുള്ളിപോലും ഉരുകിയൊലിച്ചിരുന്നില്ല.
അവനെ മാത്രം നോക്കി ഒരന്തിമ വിധിക്ക് മുതിരാതവര്‍ അവനു പിന്നില്‍ വെയില്‍ തിളച്ചു പൊന്തുന്ന മുറ്റത്തേക്കും, ഗേറ്റ് കടന്ന് പുറത്തേയ്ക്ക് പോകുന്ന വഴിയിലേക്കും നോക്കി, അവര്‍ക്കപരിചിതമായ കാഴ്ചകളൊന്നുമവര്‍ അവിടെ കണ്ടില്ല.
"കേറി വാ"
എന്നവനോട് പറഞ്ഞു കൊണ്ടവര്‍ അകത്തേയ്ക്ക് തിരിഞ്ഞു നടക്കാന്‍ ഭാവിച്ചു. എന്നാല്‍ അതേ നിമിഷം തന്നെ വല്ലാത്തൊരസ്വസ്ഥതയും ആശങ്കയും അവരുടെ ഉള്ളിലിഴയാന്‍ തുടങ്ങി. പ്രധിരോധിക്കാനാവാത്ത ഏതോ ഒരദൃശ്യ ശക്തിക്ക് താന്‍ അടിപ്പെട്ടുപോകുകയാണോ എന്നവര്‍ ഭയന്നു. അതിനെ സ്വന്തം മനക്കരുത്തുകൊണ്ട് അതിജീവിക്കുന്ന ഒരു നിമിഷം ശബ്ദമുയര്‍ത്തി : "വേണ്ട അവിടെ നിന്നാ മതി". എന്നവനോട് പറഞ്ഞു പോകുമോ എന്നുമവര്‍ ഭയപ്പെട്ടു. പെണ്‍കുട്ടിയപ്പോള്‍ കുറച്ചുകൂടി ഉള്ളിലേയ്ക്ക് കടന്ന് നിന്നൊന്ന് തിരിഞ്ഞു നോക്കി. കരിനീല നിറത്തിലുള്ള കുട്ടിപാവാടയ്ക്ക് താഴെ അവളുടെ കൊഴുത്തുരുണ്ട കാലുകള്‍ അനാവൃതമായിരുന്നു.
വേണോ വേണ്ടയോ, വേണോ വേണ്ടയോ എന്ന ആശങ്കയോടെ നീങ്ങിയ അവര്‍ക്ക് പിന്നാലെ തന്‍റെ പുഞ്ചിരി വിടാതെ അവനും നീങ്ങി. പെണ്‍കുട്ടി ഇടക്കിടെ തിരിഞ്ഞവനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു. തനിക്കും അമ്മയ്ക്കും അവന്‍റെ ചെവിക്കൊപ്പമേ ഉയരമുള്ളൂ എന്നവള്‍ കണ്ടു.
സുഗന്ധലേപനങ്ങളുടേതൊന്നുമല്ലാത്ത, ഏതോ കാട്ടു പൂക്കളുടേതു പോലെ നേര്‍ത്തൊരു ഗന്ധം അവിടമാകെ പരന്നിരുന്നു. അടുക്കളയില്‍ നിന്നുമപ്പോള്‍ കൈയ്യിലെന്തോ വാരി വായിലിട്ട് ചവച്ചുകൊണ്ട് പത്ത് പന്ത്രണ്ട് വയസ്സ് പ്രായം വരുന്ന ഒരാണ്‍കുട്ടി അവിടേക്ക് ഓടി വന്നു.
ആരെന്നോ എന്തെന്നോ അറിയാത്തൊരു പകപ്പ് അവന്‍റെ മുഖത്തപ്പോഴുണ്ടായി.
അമ്മയെ മുട്ടിയുരുമ്മി അവരുടെ കൈകള്‍ക്കിടയിലൂടെ കൈകോര്‍ത്തു പിടിച്ചായിരുന്നു ഇപ്പോള്‍ പെണ്‍കുട്ടിയും നീങ്ങിയിരുന്നത്. മകള്‍ പറഞ്ഞതൊന്നുമവരപ്പോള്‍ കേട്ടില്ല. ഏതു നിമിഷവും താനോ തന്‍റെ മകളോ പിന്നില്‍ നിന്നും ആക്രമിക്കപ്പെട്ടേക്കാം എന്ന പേടി അവരുടെ നെഞ്ചിടിപ്പ് കാതിലേക്കുയര്‍ത്തി.
ആണ്‍കുട്ടിയും ഓടിച്ചെന്നപ്പോള്‍ അമ്മയുടെ വലതു ഭാഗം ചേര്‍ന്ന് നടന്നുകൊണ്ട് ആരാമ്മീദ്..? എന്ന് അടക്കി ചോദിച്ചു.
അവന്‍റെ കടന്നു വരവ് അവര്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കി, പെണ്‍കുട്ടിക്കാകട്ടെ അവനപ്പോഴവിടെ ഒരു ശല്യമായാണ് തോന്നിയത്. അവന്‍ ചോദ്യമാവര്‍ത്തിച്ചപ്പോള്‍
'അതൊരാള്',
എന്നവര്‍ ശബ്ദമുയര്‍ത്തി പറഞ്ഞു.
അടുക്കള എത്തിയതും പെണ്‍കുട്ടി അമ്മയെ വിട്ട് ഒരാഗ്യം കാട്ടും പോലെ വാഷ് ബേസന് നേരെ നീങ്ങുകയും അവരവനോട്
കൈ കഴുകിക്കോ..
എന്ന് പറയുമ്പോള്‍ അവള്‍ വാഷ് ബേസനരുകില്‍ നിന്നും നീങ്ങി നിന്ന് അത് കാട്ടി കൊടുക്കുകയും ചെയ്തു. ഭക്ഷണം വിളമ്പാന്‍ അമ്മ കണ്ണ് കാട്ടിയതും അത്യുല്‍സാഹത്തോടെ അവള്‍ ഭക്ഷണം വിളമ്പാന്‍ പോയി, അമ്മയുടെ ആശങ്കയും സംശയവും വളര്‍ത്താന്‍ പോന്നത്ര തിടുക്കം അവളുടെ മുഖത്തും ചലനങ്ങളിലുമുണ്ടായിരുന്നു.
അവന്‍ കൈ കഴുകുമ്പോള്‍ ഒരു പ്രധിരോധത്തിനുള്ള അകലമിട്ടവര്‍ ഇമചിമ്മാതെ അവനെത്തന്നെ നോക്കി നിന്നു. തന്‍റെ രൂപഭാവങ്ങള്‍ക്ക് യോജിക്കാത്ത വിധം അവന്‍റെ വിരലുകളില്‍ ചെളിമണ്ണ് കുഴഞ്ഞ് പിടിച്ചിരുന്നു. അതവന്‍ കൈകള്‍ കൂട്ടിയുരച്ച് വാഷ് ബേസനിലേക്ക് കഴുകി, ചോരയുടെ ഇളം നിറം പോലത് വാഷ് ബേസനില്‍ വീണ് ഒഴുകിപ്പോയി.
അവന്‍റെ രൂപഭാവങ്ങളും വസ്ത്ര ധാരണവും പരിമളവുമെല്ലാം അവനേതോ സമ്പന്ന കുടുംബത്തിലെ സന്തതിയാണെന്ന് തോന്നിക്കുമായിരുന്നു. അവര്‍ക്ക് അവനെക്കുറിച്ചാലോചിച്ച് ഒരെത്തും പിടിയും കിട്ടിയില്ല. അവനെ ചൂഴ്ന്ന് നില്‍ക്കുന്ന നിഗൂഡതയുടെ ചുരുളഴിക്കാന്‍ പോന്ന ചോദ്യങ്ങളൊന്നും അവരുടെ നാവുവിട്ട് പുറത്ത് വന്നുമില്ല.
ഭക്ഷണമെടുത്ത് ടേബിളില്‍ വച്ച ശേഷം പെണ്‍കുട്ടി വന്ന് വീണ്ടും അമ്മയെ മുട്ടിയുരുമ്മി നിന്നു. അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ടവന്‍ കൈകഴുകി വന്ന് തന്‍റെ കൈയ്യിലെ സ്റ്റീല്‍ പ്ലേറ്റ് മുന്നില്‍ വച്ച ശേഷം തറയിലേയ്ക്ക് ചമ്രം പടഞ്ഞിരുന്നു.
'ഇവിടെയിരുന്നോളൂ'
അല്‍പം മുന്‍പോട്ട് കടന്ന് നിന്ന് ടേബിളിലേക്ക് കൈകാട്ടിക്കൊണ്ടവര്‍ പറഞ്ഞു.
'വേണ്ട ഇവിടെ മതി.'
തന്‍റെ ലജ്ജ കലര്‍ന്ന പുഞ്ചിരിയോടെ അവന്‍ പറഞ്ഞു. പെണ്‍കുട്ടി ഒരു നിമിഷമൊന്ന് മടിച്ചു നിന്ന ശേഷം അമ്മയുടെ അനുവാദത്തിന് കാത്ത് നില്‍ക്കാതെ ടേബിളില്‍ നിരത്തിവെച്ചിരുന്ന ചോറും കറികളും ഒന്നൊന്നായെടുത്ത് അവന് മുന്നില്‍ തറയിലേയ്ക്ക് വെച്ചു കൊടുത്തു. അതില്‍ മീന്‍ പൊരിച്ചതും സാമ്പാറും തോരന്‍ കറിയും അച്ചാറുമുണ്ടായിരുന്നു. അവനത് കൊതിയോടെ തന്‍റെ പ്ലേറ്റിലേക്ക് പകര്‍ന്ന് വെച്ച് രുചിയോടെ കഴിച്ചു തുടങ്ങി. ചോറിനും കറിക്കുമപ്പുറമുള്ളതെല്ലാം വിസ്മരിച്ചപോലെ. തനിക്കു ചുറ്റും മൂന്ന് ജോഡി കണ്ണുകളും മൂവായിരം ചിന്തകളും വലം വെച്ച പറക്കുന്നത് കാണാതെ...
എന്തോ പുന്നാരം പറഞ്ഞടുത്തു കൂടിയ അനുജനെ പെണ്‍കുട്ടി ദേഷ്യത്തോടെ തള്ളിയകറ്റി, അതോടെ അവര്‍ക്കിടയില്‍ ചെറുപ്പകാലം മുതല്‍ക്കേ വളര്‍ന്ന് വന്നിരുന്ന കീരിയും പാമ്പുമുണര്‍ന്ന് പതുക്കെ ചീറ്റിതുടങ്ങി. അനിയനവളെ പിച്ചിനോവിച്ചിട്ട് ഓടിയകന്ന് കൊഞ്ഞനം കാട്ടിയപ്പോഴവള്‍ അവനു നേരേ പല്ലിറുമ്മിക്കൊണ്ടെന്തോ പിറുപിറുത്തു.
അമ്മയപ്പോഴതുകണ്ട് അവനെ മാറി പോകാന്‍ ശകാരിച്ചു. അവനതനുസരിക്കാതെ തന്‍റെ കുറുമ്പും കോക്രിയുമായി അവരെ ചുറ്റിപ്പറ്റിനിന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞതുമവന്‍ അപ്പോഴവിടേക്ക് പൊട്ടി വീണതുപോലെ മുഖമുയര്‍ത്തിനോക്കി, മൂന്ന് നോട്ടങ്ങളേറ്റുവാങ്ങി അവന്‍റെ മുഖം ചുവന്ന് തുടുത്തു. പെട്ടന്നൊരു ധൈര്യത്തില്‍ മുന്‍പോട്ട് കടന്നു നിന്ന് പെണ്‍കുട്ടി :" ചോറ് കുറച്ചൂടെടുക്കാം" എന്നു പറഞ്ഞു. അമ്മെ ഒന്ന് നോക്കുക പോലും ചെയ്യാതാണവളത് പറഞ്ഞത്.
"മതി, മതി, മതി" ....
എന്ന് പറഞ്ഞവന്‍ ഗ്ലാസ്സിലെ വെള്ളമെടുത്ത് ദാഹത്തോടെ കുടിച്ചു. വെയിലിനും ദേഹത്തിനുമിടയിലാ വീടിന്‍റെ മേല്‍ക്കൂര ഇല്ലാത്തതുപോലവന്‍ വിയര്‍ത്തൊഴുകുകയായിരുന്നു.
പ്ലേറ്റുമായവന്‍ കൈ കഴുകുവാന്‍ എഴുന്നേറ്റപ്പോള്‍ അമ്മയുടെ ആധികൂടി. അവന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കിനി ഏതാനും സെക്കന്‍റുകള്‍ മാത്രമേ ഉള്ളുവെന്ന തോന്നല്‍ അവരുടെ നെഞ്ചിടിപ്പുകൂട്ടി, കൈകാലുകളുടെ ബലം ചോര്‍ത്തി.
അവന്‍ കൈയ്യും മുഖവും പ്ലേറ്റും കഴുകിക്കൊണ്ടിരിക്കെ എന്തെങ്കിലുമൊരു അപകട സൂചന നല്‍കി മകളെ അവിടെ നിന്നും മാറ്റിവിടാനാവാത്ത എന്തോ അദൃശ്യ ശക്തിക്കടിമപ്പെട്ടെന്നപോലെ അവര്‍ സ്തംഭിച്ച് നിന്നുപോയി. ഭയം കൊണ്ടവരുടെ തൊണ്ട വരണ്ടു.
മകളപ്പോള്‍ ഇമചിമ്മാതവനെ നോക്കി, അവനില്‍ മുഴുകി നില്‍ക്കുന്നതവര്‍ കണ്ടു, അവളുടെ സ്വയം നഷ്ടപ്പെട്ടു നില്‍ക്കുന്ന അങ്ങനൊരു അകൃഷ്ടഭാവം അവരാദ്യം കാണുകയായിരുന്നു. തന്‍റെ മകളൊറ്റക്കൊരു ലോകം പേറുന്ന സ്ത്രീയായി മാറുന്നതവര്‍ കണ്ടറിഞ്ഞു.
ദിവ്യത്വത്തിനപ്പുറം അവന്‍ ആണാണോ പെണ്ണാണോ എന്ന സംശയം അവര്‍ക്ക് വീണ്ടുമുണ്ടായി, പക്ഷെ അത്തരം കുറുക്കു വഴികള്‍ കൊണ്ടൊന്നും അവന്‍റെ മായിക വലയത്തില്‍ നിന്നും രക്ഷപെടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, കൈയ്യും മുഖവും കഴുകി അവന്‍ തൊട്ടടുത്തെത്തിയപ്പോഴുമവര്‍ അതേ നിശ്ചലമായ നില്‍പ്പ് തുടര്‍ന്നു. അവന്‍റെ ദേഹത്തെവിടെയെങ്കിലും നിന്ന് ഒരു കുരിശിന്‍റെയോ കുറിയുടയോ അടയാളം പരതി അവരുടെ കണ്ണുകള്‍ അവന്‍റെ മേല്‍ ഓടിനടന്നെങ്കിലും നിഗൂഡത നിറഞ്ഞ ഒരു പുഞ്ചിരിയല്ലാതെ അവനിലേക്കൊരു താക്കോല്‍ പഴുതു പോലും അവര്‍ക്ക് കണ്ടെത്താനായില്ല. അതോടെ അവന്‍റെ മാന്ത്രിക പ്രഭാവത്തിന് താന്‍ മുഴുവനായും കീഴ്പെട്ടു കഴിഞ്ഞതായി അവര്‍ക്ക് തോന്നി.
പുറത്തേക്ക് നടക്കാന്‍ ഭാവിച്ചു കൊണ്ടവന്‍ ആരോടെന്നില്ലാതെ തന്‍റെ പതിഞ്ഞ സ്വരത്തില്‍
'പോട്ടെ'..
എന്നു പറഞ്ഞു.
എന്നിട്ട് ലജ്ജയില്‍ കുതിര്‍ന്ന ഒരു പുഞ്ചിരിയോടെ പുറത്തേയ്ക്ക് നടന്നു. അവന്‍ 'പോട്ടെ' എന്ന് പറഞ്ഞത് തന്നോട് മാത്രമായിട്ടാകാഞ്ഞതില്‍ പെണ്‍കുട്ടിക്ക് കുറച്ച് പരിഭവം തോന്നി.
അവന്‍ പുറത്തേക്ക് നടക്കവെ അവന്‍റെ മായിക വലയത്തിലകപ്പെട്ടിട്ടെന്നപോലെ പെണ്‍കുട്ടിയും ആണ്‍കുട്ടിയും അവന്‍റെ പിന്നാലെ നയിക്കപ്പെട്ടു. രണ്ട് സ്വപ്നാടകരെപോലെ. അമ്മയപ്പോള്‍ അവന്‍റെ മാന്ത്രിക ശക്തി ഭേദിച്ചിട്ടെന്നപോലെ മകളെ പേരെടുത്ത് വിളിച്ചു. ഒരു താക്കീതിന്‍റെ ശബ്ദത്തില്‍. അവളുമപ്പോള്‍ ഒരു സ്വപ്നത്തില്‍ നിന്നുമുണര്‍ന്നതുപോലെ ഞെട്ടിത്തിരിഞ്ഞുനോക്കി.
അവനാകട്ടെ ഒന്ന് നില്‍ക്കുകയോ, പിന്‍തിരിഞ്ഞ് നോക്കുകയോ ചെയ്യാതെ, തന്‍റെ പതിഞ്ഞ കാലടികളും പുഞ്ചിരിയുമായി പുറത്തേക്ക് തന്നെ നടന്ന് പോയി, എല്ലാം തന്‍റെ വെറും തോന്നലായിരുന്നു എന്ന് അമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മകനും അവനു പിന്നാലെ വീടിന് വെളിയിലേക്ക് പോയി. അപരിചിതനും അല്‍പം അസാധാരണത്വവുമുള്ള ഒരതിഥിയെ അനുഗമിക്കാനുള്ള സ്വാഭാവിക കൗതുകത്തോടെ.
അവരെ വിട്ടൊഴിഞ്ഞു പോകുന്ന ഭയം തൊട്ടടുത്ത ചുവരുകളെ ചെറിയ പ്രകമ്പനത്തോടെ പിടിച്ച് കുലുക്കുന്നതായവര്‍ക്ക് തോന്നി, അവര്‍ക്കൊരു ക്ഷീണവും തലചുറ്റലുമനുഭവപ്പെട്ടു. നിലത്തേയ്ക്ക് വീണുപോകുമോയെന്ന് തോന്നിയെങ്കിലും നെഞ്ചില്‍ കൈ വെച്ചാശ്വസിച്ചുകൊണ്ട് അവരാ തോന്നലിനെ അവഗണിക്കാന്‍ ശ്രമിച്ചു. അവന്‍ പോയ വഴിക്ക് നഷ്ടബോധത്തോടെ കണ്ണ് നട്ട് നില്‍ക്കുന്ന മകളൊന്നും അറിഞ്ഞില്ലെന്നതിലവര്‍ സന്തോഷം കണ്ടു. എങ്കിലും ഏതു നിമിഷവും നിലത്തേയ്ക്ക് വീണുപോയേക്കാവുന്നൊരു ബലക്ഷയം അവരുടെ കൈകാലുകളെ വിറകൊള്ളിച്ചുകൊണ്ടിരുന്നു.
അവനു പിന്നാലെ വീടിന് വെളിയിലേയ്ക്ക് പോയ ആണ്‍കുട്ടിയപ്പോള്‍ മുറ്റത്തുനിന്നും അവ്യക്തമായ ശബ്ദത്തില്‍ എന്തോ വിളിച്ചു പറയുന്നത് കേട്ടു. മകള്‍ ഓടിയതിനു പിന്നാലെ അവര്‍, വീണ് കിടക്കുന്നിടത്തുനിന്നും എണീറ്റെന്നപോലെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഊര്‍ജ്ജത്തോടെ പുറത്തേക്കോടി.
അവിടെ മതിലിനോരം ചേര്‍ന് ഏതാനും മരത്തൈകള്‍ നട്ടുവെച്ചിരിക്കുന്നു. തീരെ ചെറിയ തൈകള്‍, മുറ്റത്തിനോരം ചേര്‍ന്ന് പലയിടത്തായി. ആകാംഷ കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ പെണ്‍കുട്ടി അതിനടുത്തേക്ക് ഓടിച്ചെന്നു. പിന്നാലെ അമ്മയും.
വെയിലേറ്റ് വരണ്ട മണ്ണിന്‍റെ കാഠിന്യം വെള്ളമൊഴിച്ച് കുതിര്‍ത്ത്, ചെറിയൊരു കമ്പോ കുറ്റിയോ കൊണ്ട് മണ്ണിളക്കിയായിരുന്നു തൈകള്‍ ഓരോന്നും നട്ട് വെച്ചിരുന്നത്, പൈപ്പില്‍ നിന്നു വെള്ളമെടുക്കാനുപയോഗിച്ച വലിയൊരു ചിരട്ടയും പുതുമണ്ണിനൊപ്പം അവിടെ കാണപ്പെട്ടു.
തൈകളോരോന്നിനും ചെറിയ ചുള്ളല്‍ കമ്പുകളൊടിച്ച് വേലിയും നാട്ടിയിരുന്നു. കത്തുന്ന ഉച്ചവെയിലിലും വാടാതാ തൈകള്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
ഒരു സ്കൂള്‍ ടീച്ചറായിരുന്ന അമ്മ തന്‍റെ വാര്‍ദ്ധക്യവും അതിനുമീതെ തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങളും കണ്ടു. അവര്‍ മാത്രമായിരുന്നില്ല, അവരുടെ ഭര്‍ത്താവും മക്കളും ചെറുമക്കളും വീടും അതിന്‍റെ ശാന്തിയും സമാധാനവുമെല്ലാം ആ തണലിനു താഴെ ഉണ്ടായിരുന്നു.
അമ്മ പെട്ടന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ മകനോട് പറഞ്ഞു :
''മോനൂ അമ്മേടെ പേഴ്സീന്നൊരു നൂറ് രൂപ എടുത്തോണ്ട് ഓടി വാ വേഗം...''
ആരോ നടന്നു മറയുന്ന തിടുക്കം അവരുടെ വാക്കുകളിലുണ്ടായിരുന്നു.
മകന്‍ പോയി പണവുമായി വന്നപ്പോഴവര്‍ തിടുക്കം വിടാതെ പറഞ്ഞു. "മോന്‍ ഓടിപോയിത് ഇവിടെ വന്നിട്ട് പോയ ആള്‍ക്ക് കൊടുത്തിട്ട് വാ വേഗം..."
അമ്മയത് പറഞ്ഞ് മുഴുമിപ്പിക്കും മുന്‍പേ ആണ്‍കുട്ടി കൈയ്യില്‍ ചുരുട്ടിപ്പിടിച്ച നൂറ് രൂപ നോട്ടുമായി മുറ്റം വിട്ട് പുറത്തേക്കോടി, അവന്‍ ഓടി പോയ വഴിക്ക് നോക്കി നിന്ന പെണ്‍കുട്ടിക്കപ്പോള്‍ താനൊരു ആണ്‍കുട്ടിയായി ജനിക്കാത്തതില്‍ വല്യ നിരാശ തോന്നി.
ഏതാനും മിനിറ്റുകള്‍ക്കകം തന്നെ പോയ അതേ വേഗത്തില്‍ ആണ്‍കുട്ടി ഓടി കിതച്ച് മുറ്റത്തേക്ക് കയറി വന്നു. അവന്‍റെ കൈയ്യിലാ ചുരുട്ടിപ്പിടിച്ച നൂറ് രൂപ നോട്ടുമുണ്ടായിരുന്നു.
"കണ്ടില്ലമ്മീ ഞാനങ്ങ് റോഡ് വരെ പോയി"..
കിതപ്പിനിടയിലവന്‍ പറഞ്ഞൊപ്പിച്ചു.
പെണ്‍കുട്ടിയപ്പോള്‍ അവിടെക്കിടന്നിരുന്ന, അവന്‍റെ വിരല്‍പാടിന്‍റെ നനവു പതിഞ്ഞ വലിയ ചിരട്ട എടുത്തുകൊണ്ടുപോയി പൈപ്പില്‍ നിന്നും വെള്ളം പിടിച്ച് മരതൈകളിലേക്ക് തളിച്ചൊഴിച്ചു. അത് തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നുള്ള രീതിയില്‍.
"മോളേ ഉച്ചക്ക് നനക്കല്ലേടീ... വാടും രാവിലേം വൈകിട്ടും നനക്കണം."
മകളോടവര്‍ പറഞ്ഞു. എന്നിട്ടവരതിലെ തളിരും കിളികളും പൂക്കളെയും സ്വപ്നം കണ്ടു. ഇരുണ്ട ഒരു വന പ്രകൃതിയുടെ സ്വച്ഛതയും...

Sunu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo