Slider

മാപ്പ് !

0
മാപ്പ് !
ഇതൊരു ഏറ്റുപറച്ചിലാണ് ... ഇതിലെ ഞാൻ ഞാൻ തന്നെയാണ് !! അറിവില്ലായ്മ കൊണ്ട് ഒരിക്കൽ ചെയ്തുപോയ ഒരു തെറ്റ് ... അത് തിരുത്താൻ , അതൊന്ന് ഏറ്റുപറയാൻ സാധിച്ചില്ല ... അതിനു മുൻപേ അവർ പോയി!
വർഷങ്ങൾക്ക് മുൻപ് ... പ്രീ ഡിഗ്രീ കഴിഞ്ഞ് നഴ്സിംഗ് പഠിക്കാൻ വാശിപിടിച്ച എന്നെ അച്ഛനും അമ്മയും കൂടി തമിഴ്നാട്ടിലേക്ക് പറിച്ചു നട്ടു . പുതിയ സ്ഥലം ... ഭാഷ .. ആളുകൾ ..!
ആദ്യമായി വീടുവിട്ടു നിൽക്കാൻ പോകുന്നു. ഉള്ളിൽ വിങ്ങുന്ന വേദനയുണ്ട് .. എങ്കിലും അച്ഛന്റെയും അമ്മയുടെയും സങ്കടം കണ്ടപ്പോൾ ഞാൻ കരച്ചിലടക്കി പുറമെ ചിരിച്ചു .. എനിക്കെന്തോ ആരെങ്കിലും കാൺകെ കരയാൻ വല്ലാത്ത മടിയാണ് !!
ഹോസ്റ്റൽ റൂമിൽ എന്നെ കൂടാതെ മൂന്നു പേർ .. എല്ലാവരും തമിഴ്നാട്ടുകാർ .. മലയാളം മാത്രം നന്നായി സംസാരിക്കുകയും ഇംഗ്ലീഷ് തട്ടി മുട്ടി സംസാരിക്കുകയും ചെയ്യുന്ന ഞാൻ അവർക്കിടയിൽ എന്ത് ചെയ്യാൻ ??
വല്ലാതെ ഒറ്റപ്പെടുന്നപോലെ തോന്നി .. പെട്ടികൾ തുറന്ന് സാധനങ്ങൾ എനിക്കനുവദിച്ച അലമാരയിൽ അടുക്കി വെച്ച് ഞാൻ എന്റെ ബെഡിൽ കയറി ചുരുണ്ടുകൂടി ... ഉറക്കം വരുന്നില്ല ..
വല്ലാത്ത സങ്കടം ..
ഒരുദിവസം പോലും അനിയൻകുട്ടനുമായി പുതപ്പിനടിയുണ്ടാക്കാതെ ഉറങ്ങിയിട്ടില്ല ..!! പുതപ്പു വലിച്ച് മുഖത്തേക്കിട്ട് ഞാൻ ശബ്ദമുണ്ടാക്കാതെ കരഞ്ഞു .. എപ്പഴോ ഉറങ്ങി !
പിറ്റെന്ന് റൂമിനുള്ളിലെ സംസാരം കേട്ടുകൊണ്ടാണ് കണ്ണു തുറന്നത് .. ക്ലാസ് തുടങ്ങാൻ ഇനിയും മൂന്നു ദിവസ്സം കഴിയണം .. ഞാൻ ഉണർന്നത് കണ്ട് ഒരു റൂംമേറ്റ് അടുത്തേക്ക് വന്ന് തമിഴിൽ എന്തോ പറഞ്ഞു .. എനിക്ക് മനസിലായില്ല .. ആ കുട്ടി എന്നോട് എന്തോ ചോദിച്ചതാണ് .. ഉത്തരത്തിനു വേണ്ടി എന്റെ മുഖത്തോട്ട് പ്രതീക്ഷയോടെ നോക്കുന്നു .. ഞാൻ ആകെ വിഷമിച്ചു ..
ബാക്കി രണ്ടുപേരും ഞങ്ങളെ നോക്കി ചിരിക്കുന്നു ..
ചോദ്യം എനിക്ക് മനസിലായില്ലെന്ന് അവൾക്കും മനസ്സിലായി .
അവൾ ചിരിച്ചു കൊണ്ട് ചോദ്യം ഇംഗ്ളീഷിലാക്കി ഒന്നുകൂടി ചോദിച്ചു
" യേസ്റ്റർഡേ വൈ യു സ്ലെപ്ട് സൊ ഏർളി? ആൻഡ് യൂ വേക്അപ്പ് ലേറ്റ് .. ബട്ട് നോ പ്രോബ്ലം.. സീ വീ കെപ്റ്റ്‌ യുവർ ബ്രെക്ഫാസ്റ്റ്‌ ഹിയർ "
അവൾ അടുത്ത മേശപുറത്തോട്ട് വിരൽ ചൂണ്ടി .. അവിടെ എനിക്കുള്ള ആഹാരം അടച്ചു വെച്ചിരുന്നു .. അപ്പോഴാണ് വിശപ്പിനെ കുറിച്ച് ഞാൻ ആലോചിക്കുന്നത് .. ശരിയാണ് .. എനിക്ക് വിശക്കുന്നുണ്ട് !
ഞാൻ അവളെ നോക്കി ചിരിച്ചു .. അവൾ സ്വയം പരിചയപ്പെടുത്തി
" ഐ ആം റൂത്ത് മനോ പീറ്റർ .. ഫ്രം വെല്ലൂർ "
പതിയെ പതിയെ ഞങ്ങൾ കൂട്ടായി .. എന്നെ തമിഴ് പഠിപ്പിക്കലായിരുന്നു റൂത്തിന്റെ പ്രധാന ജോലി .. ഏതാണ്ട് ഒരാഴ്ച കൊണ്ട് അവൾ അതിൽ ഏറെക്കുറേ വിജയിച്ചു !!
ഒരാഴ്ച കഴിഞ്ഞ് വേറെയും മലയാളികൾ എന്റെ ബാച്ചിൽ ജോയിൻ ചെയ്തു .. പക്ഷെ അപ്പോഴും റൂത്ത് ആയിരുന്നു എനിക്ക് കൂട്ട്..
വർഷങ്ങൾ വളരെ വേഗം ഓടി പോയി .. ഇതിനിടക്ക് ഒരിക്കൽ ഞാൻ നാട്ടിൽ പോയപ്പോൾ റൂത്തിനെയും കൂട്ടി .. തമിഴും ഇടക്ക് എന്റെകയ്യിൽ നിന്നും കിട്ടിയ ഇച്ചിരി മലയാളവും ചേർത്ത് അവൾ നാട്ടിൽ എല്ലാവരോടും സംസാരിച്ചത് പറഞ്ഞ് അമ്മ ഇപ്പോഴും ചിരിക്കും.
കോഴ്സ് തീരാൻ ഇനി ഏതാനും മാസങ്ങളെ ഉള്ളൂ .. റൂത്തിനെപ്പറ്റി ഇപ്പോൾ എനിക്ക് എല്ലാം അറിയാം .. അവളുടെ പഠിത്തത്തിന്റെ ചിലവെല്ലാം വഹിക്കുന്നത് ജര്മനിയിലുള്ള ആരോ ആണ് ..
അവളുടെ അച്ഛനും അമ്മയും വെല്ലൂർ കറിഗരി ഹോസ്പിറ്റലിലെ ലെപ്രസി
( കുഷ്ട രോഗം ) രോഗികളായിരുന്നു .. അസുഖം സുഖപ്പെട്ടീട്ടും രണ്ടുപേരുടെയും വീട്ടുകാർ അവരെ തിരികെ കൂട്ടിക്കൊണ്ടു പോകാൻ തയ്യാറായില്ല .. അങ്ങനെ ഇരിക്കെ അവിടെ മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി ജർമനിയിൽ നിന്നും എത്തിയ ഒരു പാസ്റ്റർ അവരെ രണ്ടുപേരുടെയും വിവാഹം മുൻകൈ എടുത്തു നടത്തി .. ആരുമില്ലാത്തവർ പരസ്പരം താങ്ങാവട്ടെ എന്ന് അദ്ദേഹം കരുതിയിരിക്കും !
വിവാഹം കഴിക്കുമ്പോൾ തന്നെ രണ്ടുപേർക്കും നാല്പത്തിന് മുകളിൽ പ്രായമുണ്ട് .. കുറച്ചു വർഷങ്ങൾക് ശേഷമാണ് റൂത്ത് ജനിക്കുന്നത് .. അവൾ പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവളുടെ പഠിത്തത്തിന്റെ എല്ലാ ചിലവുകളും ജര്മനിയിലുള്ള ഒരു ചാരിറ്റി സെസൈറ്റിയാണ് നടത്തിവരുന്നത് .. ആ സെസൈറ്റിയിലുള്ള ഏതോ ഒരു നല്ല മനസ് അവൾക്ക് മുടങ്ങാതെ പണമയച്ചുകൊണ്ടിരുന്നു !
കരിഗരി ഹോസ്പിറ്റലിലെ മുട്ടയുടെയും പാലിന്റെയും സപ്ലെയാണ് റൂത്തിന്റെ അച്ഛന്റെയും അമ്മയുടെയും ഉപജീവന മാർഗം ..
കോഴ്സ് തീരാൻ പോകുന്നതിന് മുൻപുള്ള ഒരു പൊങ്കൽ അവധികാലം .. കുറച്ചുപേരെല്ലാം വീട്ടിൽ പോയി .. വേറെ കുറച്ചുപേർ സുഹൃത്തുക്കളുടെ വീടുകളിലേക്കും .. റൂമിൽ ഞാനും റൂത്തും മാത്രം ..
ഒരു ദിവസം അവൾ ചോദിച്ചു
" നമുക്ക് വെല്ലൂർ പോയാലോ ?? നീ വരുമോ എന്റെ കൂടെ വീട്ടിലെക്ക്‌?"
ക്ലാസ് ഇല്ലാതെ റൂമിലിരുന്ന് എനിക്കും ബോറടിച്ചു തുടങ്ങിയിരുന്നു .. ഞാനും സമ്മതിച്ചു .. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ വെല്ലൂർക്ക് തിരിച്ചു ..
ഞങ്ങൾ റൂത്തിന്റെ വീട്ടിൽ എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു .. അവളുടെ അച്ഛനും അമ്മയും വീട്ടിലില്ല .. വരുന്ന കാര്യം ഞങ്ങൾ അറിയിച്ചിരുന്നില്ല .
മിറ്റത്തെ ചെടിച്ചട്ടിയിൽ തപ്പി റൂത്ത് വീടിന്റെ താക്കോൽ കണ്ടെടുത്തു .. ഞങ്ങൾ അകത്തു കയറി ..
ഒരു കുഞ്ഞു വീട് .. ഒരുമുറിയും അടുക്കളയും ബാത്റൂമും .. ഇതും ഹോസ്പിറ്റലുകാർ വെച്ചുകൊടുത്തതാണെന്ന് റൂത്ത് പറഞ്ഞത് ഞാനോർത്തു ...
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അച്ഛനും അമ്മയും എത്തി .. പെട്ടെന്ന് ഞങ്ങളെ കണ്ടപ്പോൾ രണ്ടുപേർക്കും ഭയങ്കര സന്തോഷം..
റൂത്ത് പറഞ്ഞു പറഞ്ഞാവണം എന്നെയും രണ്ടുപേർക്കും നല്ല പരിചയം !
ലെപ്രസിയുടെ ആക്രമണത്തിന്റെ ആഘാതം രണ്ടുപേരിലും നല്ലപോലെ ഉണ്ടായിരുന്നു .. റൂത്തിന്റ അച്ഛന്റെ മുഖത്താണ് അത് കൂടുതലെങ്കിൽ അമ്മക്ക് രണ്ടു കൈകളിലും ആയിരുന്നു അതിന്റെ പ്രത്യാഘാതം .. അവർക്ക് ഒന്നോ രണ്ടോ വിരലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ !!
പ്രായത്തിന്റെ വിവരമില്ലായ്മയാകാം .. എനിക്കാ അമ്മയുടെ കൈകളിലേക്ക് നോക്കിയപ്പോൾ ഒരു വല്ലായ്ക .. റൂത്ത് വിളിച്ചപ്പോൾ കൂടെ പോരണ്ടായിരുന്നു എന്നൊരു തോന്നൽ .. അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം ആവിയായി പോയപോലെ !!!
രൂത്ത് ചായ ഉണ്ടാക്കി .. ചായ കുടി കഴിഞ്ഞ് ഞങ്ങൾ റൂത്തിന്റ സൈക്കിളിലും അടുത്ത വീട്ടിൽ നിന്നും കടം വാങ്ങിയ മറ്റൊരു സൈക്കിളിലുമായി വെറുതെ ചുറ്റിയടിക്കാൻ പോയി .. തിരികെ വന്നപ്പോൾ സന്ധ്യയായി.. കുളിയും പ്രാർത്ഥനയും കഴിഞ്ഞ് ആഹാരം കഴിക്കാനുള്ള സമയമായി ..
രൂത്ത് അടുക്കളയിൽ ചെന്ന് ആഹാരം എടുത്തുകൊണ്ട് വന്നു .. ചോറും ചിക്കൻ കറിയും .. അമ്മ ഞങ്ങൾ കഴിക്കുന്നത് നോക്കി അടുത്തിരിപ്പുണ്ട് .. പ്ളേറ്റിൽ ചോറുവിളമ്പി കറിയൊഴിച്ചു റൂത്ത് എനിക്ക് നീട്ടി .. ഞാൻ മടിച്ചു മടിച്ചു കഴിച്ചു തുടങ്ങി .. എനിക്ക് ഇറങ്ങുന്നില്ല .. പക്ഷെ കഴിക്കാതിരുന്നാൽ അവർക്കെന്തു തോന്നും .. ??!!
അമ്മ എന്നോടായി പറഞ്ഞു
" നല്ലാ സാപ്പിട് കണ്ണാ ... ഉണക്കാകെ താൻ ചിക്കൻ വാങ്കി വെച്ചേ .. തയങ്കാമേ സാപ്പിട് .. സാദവും ചിക്കനും നാൻ സെയ്യലെ .. പക്കത്ത് വീട്ടു പിള്ളതാൻ സെൻജെ .. നാൻ സമച്ചാൽ ഉണക്കു പുടിക്കുമാന്ന് തെരിയലെ.. അതാ അന്ത പുള്ളക്കിട്ടെ സെയ്യ സൊന്നെ "
( നല്ല പോലെ കഴിക്കു കുട്ടി .. നിനക്ക് വേണ്ടിയാ ചിക്കൻ വാങ്ങിയേ .. മടിക്കാതെ കഴിക്കൂ .. ഈ ചോറും കറിയും ഞാനല്ല ഉണ്ടാക്കിയത് .. അടുത്ത വീട്ടിലെ ഒരു കുട്ടിയെ കൊണ്ട് ചെയ്യിച്ചതാ .. ഞാനുണ്ടാക്കിയാൽ മോൾക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി )
എനിക്ക് ചോറ് തൊണ്ടയിൽ തടഞ്ഞു നിൽക്കും പോലെ തോന്നി .. എന്റെ മനസിലെ തോന്നലുകൾ ആ അമ്മക്ക് മനസിലായികാണണം ... കണ്ണ് നിറഞ്ഞു വന്നു .. അവര് കാണാതിരിക്കാൻ ഞാൻ കുനിഞ്ഞിരുന്ന് ആഹാരം കഴിച്ചു .. എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് അവർ രൂത്തിനെ കൊണ്ടുതന്നെ ആഹാരം വിളമ്പിച്ചതെന്ന് എനിക്ക് മനസിലായി.. !!
പിറ്റേന്ന് തിരികെ പോകാനായി രാവിലെ തന്നെ ഞങ്ങൾ തയ്യാറായി ..
യാത്ര പറഞ്ഞപ്പോൾ ആ അമ്മ ചുരുട്ടിയ ഒരു പത്തു രൂപ നോട്ട് എന്റെ കയ്യിൽ വെച്ചുതന്നു .. എന്നീട്ട് പറഞ്ഞു
" ഉനക്ക്‌ ഒരുവേള സാപ്പാട് കൂടെ സമച്ചു തരമുടിയിലെ ചെല്ലം .. എല്ലാം എന്നുടെ വിധി .. ഇന്ത ജന്മം ഇപ്പടി പോച്ച് .. നല്ലാ പഠിക്കണം.. നല്ല പേരെടുക്കണം .. പോറ വഴിയിലെ ഏതാവത് വാങ്ങി സാപ്പിട്ടുക്കൊ"
( നിനക്ക് ഒരു നേരത്തെ ആഹാരം പോലും ഉണ്ടാക്കിത്തരാൻ പറ്റിയില്ല . എന്റെ വിധി .. എന്റെ ഈ ജന്മം ഇങ്ങനെ പോയി .. നീ നല്ലപോലെ പഠിക്കണം ... എല്ലാവരെ കൊണ്ടും നല്ലത് പറയിക്കണം .. പോകുന്ന വഴിക്ക് എന്തെങ്കിലും വാങ്ങി കഴിക്കണം )
ആ പത്തുരൂപ എന്റെ ഉള്ളം കയ്യിലിരുന്ന് എന്നെ ചുട്ടു പൊള്ളിക്കുന്ന പോലെ തോന്നി .. എത്ര ഇരുട്ടു കയറിയ മനസാണെനിക്ക് .. ഈ അമ്മ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കാനാണ് എനിക്ക് അറപ്പു തോന്നിയത് .. !! അവരുടെ ശരീരത്തിന് അംഗവൈകല്യം വരുത്താൻ മാത്രമേ കുഷ്ടരോഗത്തിനായുള്ളൂ .. പക്ഷെ എന്റെ മനസിനാണ് കുഷ്ഠം ബാധിച്ചിരിക്കുന്നത് ..!! ഞാൻ തെറ്റ് ചെയ്തിരിക്കുന്നു .. ആ അമ്മയോട്!! പക്ഷെ അതവരോട് തുറന്നു പറയാൻ മനസ്സനുവദിച്ചില്ല .. മനസ് മുഴുവൻ കുറ്റബോധവുമായി ഞാൻ തിരികെ പൊന്നു ..!!
ഇന്ന് ആ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല!! ഇത് അവർക്കു മുൻപിലുള്ള ഒരു ഏറ്റു പറച്ചിലാണ് .. രൂത്തിനെകുറിച്ച് ഓർക്കുമ്പോഴെല്ലാം ആ അമ്മയുടെ ദയനീയ മുഖം ഓർമയിൽ വരും ... അതെന്നിലെ കുറ്റബോധത്തിനെ വീണ്ടും ഉണർത്തും .. ഇത് അവർക്കു മുൻപിലുള്ള എന്റെ ഏറ്റുപറച്ചിലാണ്.. എവിടെയെങ്കിലുമിരുന്ന് ആ അമ്മ ഇതു കാണുന്നുണ്ടാവും .. !! അറിവില്ലായ്മ കൊണ്ട് ഞാൻ ചെയ്ത തെറ്റിന് എനിക്ക് മാപ്പ് തരുമായിരിക്കും 🙏🏻
(ആ അച്ഛന്റെയും അമ്മയുടെയും മനസിന്റെ നന്മയാവാം റൂത്ത് സുഖമായിരിക്കുന്നു.. ഭർത്താവും മക്കളുമൊത്ത് അയർലണ്ടിൽ )

vandana
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo