****ശ്വാസം ****
ശ്വാസം വിടാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. മൂക്കിൽ വച്ചേക്കുന്ന മാസ്ക്. അതിലൂടെ മൂക്കിലേക്ക് അടിച്ചു കയറുന്ന മായം ഇല്ലാത്ത ശുദ്ധ ഓക്സിജൻ.... നല്ല തണുപ്പുണ്ട് അതിനു.... തൊണ്ടയിലൂടെ ഒലിച്ചിറങ്ങുന്ന രക്തത്തുള്ളികൾ. അവയുടെ രുചി അവൾക്കു മനസിലാകുന്നില്ല.ഇന്ത്യൻ കോഫി ഹൌസ് ലേ മസാല ദോശ പോലെ രുചി എന്താണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരുകണക്കിന് നല്ലതാണ് എന്തിനാ രുചി അറിഞ്ഞിട്ടു . ദൂരെ നിന്നും ആരോ അവളുടെ പേര് വിളിക്കുന്നത് പോലെ തോന്നുന്നു. "ജെസ്സി, ക്യാൻ യു ഹിയർ മി ?". വലതും തിരിച്ചു പ്രതികരിക്കുന്നതിനു മുൻപ് അവളുടെ തൊണ്ടയിലൂടെ എന്തോ കുത്തി ഇറക്കി. ഒന്നു ആഞ്ഞു ഓക്കാനിക്കാൻ തോന്നിയെങ്കിലും അത് അങ്ങ് പൂർണമായും തോന്നുന്നതിനു മുൻപ് അവർ അത് കുത്തി ഇറക്കി വായിൽ ഒട്ടിച്ചു. തന്നെ ഇൻറ്യുബെറ്റ് ചെയ്തേക്കുകയാണ് എന്നവൾ മനസിലാക്കി. എന്താണ് സംഭവിച്ചത് എന്നവൾ ഓർത്തു നോക്കാൻ ശ്രമിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നു ഇറങ്ങിയ താൻ നേരെ നടന്നു ചെന്നു സൂപ്പർ മാർക്കറ്റിൽ കയറി.അതവൾ ഓർക്കുന്നുണ്ട്.
ക്രിസ്മസ് സമയം ആയ കൊണ്ട് അവിടം മുഴുവൻ അലങ്കരിച്ചിരുന്നു. ചുവപ്പും പച്ചയും ചേർന്നുള്ള തോരണങ്ങൾ. നാലഞ്ചു സ്നോമാന്, കുറെ നക്ഷത്രങ്ങൾ, സ്വർണനൂലിൽ ചുറ്റുന്ന പല പല വർണങ്ങളിൽ ഉള്ള ഉണ്ടകൾ. അങ്ങനെ ഒരുപാട് ഒരുപാട് ഭംഗിയുള്ള വസ്തുക്കൾ. ഇടയ്ക്കു വന്നു ഈ സൂപ്പർമാർകെറ്റിൽ ചുറ്റി നടക്കുന്നത് അവളുടെ ഹോബി ആയിരുന്നു. സെയിലും മറ്റും കിടക്കുന്ന സാധനങ്ങൾ വാങ്ങിക്കൂട്ടി സൂക്ഷിച്ചു വയ്ക്കും. നാട്ടിൽ പോകുമ്പോൾ അമ്മുവിനും അപ്പുവിനും കൊടുക്കുവാൻ ആണ്. കുഞ്ഞു കളിപ്പാട്ടങ്ങളും. കളർ പെൻസിലും മറ്റും. പക്ഷെ പിള്ളേരൊക്കെ പഴയ പോലൊന്നും അല്ല കഴിഞ്ഞ തവണ ചെന്നപ്പോൾ. ഐപാഡ് വേണം എന്ന് പറഞ്ഞായിരുന്നു ചെറുതിന്റെ കീറ്റൽ. അവൻ സ്കൂളിൽ പറഞ്ഞത്രേ അവന്റെ ആന്റിക്ക് മൂണിൽ അതായത് ഉത്തമ.... ഈ ചന്ദ്രൻ ഇല്ലേ ?......അവിടെ സ്ഥലം ഉണ്ട് പോലും. നാട്ടിൽ ഉള്ള സ്ഥലം തന്നെ വേലി മര്യാദയ്ക്കു കെട്ടാത്ത കൊണ്ട് പകുതി മുക്കാലോളം പോയപോലെ ആണ്.
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആ സംഭവം അങ്ങ് കഴിഞ്ഞു.തന്റെ ജീവിതത്തിലെ ഏറ്റവും വല്യ ട്വിസ്റ്റ്. അടിച്ചു പൊളിച്ചു പാറി നടന്ന തനിക്ക് മൂക്ക് കയർ ഇടാൻ അപ്പച്ചൻ ആളെ കണ്ടു പിടിച്ചു. അല്ലറ ചില്ലറ ഊച്ചാളി പ്രേമം അല്ലാതെ കളർ ആയി ഒന്നും തന്നെ ഇല്ലാത്തോണ്ട് ട്രൈ ചെയ്യാൻ താനും റെഡി എന്ന് പറഞ്ഞു .
അത് കൊണ്ട് തന്നെ ഇത്തവണ പോകാൻ നല്ല ടെൻഷൻ ഉം ഉണ്ട് എന്താകുമോ എന്തൊ.കഴിഞ്ഞ തവണ പെണ്ണുകാണൽ കഴിഞ്ഞു ചെക്കന് ഇഷ്ടാണ് എന്ന് പറഞ്ഞപ്പോൾ മുതൽ ഫോൺ നമ്പർ കിട്ടിയതാണ്. ആദ്യം ചാടി കയറി വിളിക്കാൻ ആണ് തോന്നിയത് പക്ഷെ ഇനി എന്റെ ആക്രാന്തം കൊണ്ട് കൊളം ആകണ്ട ഓർത്തു വിളികാണ്ടിരുന്നു.പണ്ടത്തെ പോലെ ഒന്നും അല്ല ഇപ്പോ ഒരു പെൺകുട്ടി ടെ നമ്പർ ഒന്നും കിട്ടിയാൽ അതിൽ വല്യ കാര്യം ഒന്നും ഇല്ല ഈ ചെക്കൻ മാർക്ക് . ഒടുവിൽ ഒരു വെള്ളിയാഴ്ച ആ വിളിവന്നു.പെണ്ണുകണ്ടു പോയ അന്ന് മിണ്ടിയതാ ഈ മഹാനോട്. കാൾ എടുത്ത ഉടനെ കേട്ടത് അപ്പുറത്ത് നിന്നും സ്റ്റീഫൻ ന്റെ ശബ്ദം ആണ്. പെട്ടെന്ന് ഒന്നും മിണ്ടാൻ പറ്റിയില്ല പിന്നെ എല്ലാം ഓക്കേ ആയി ആ കാൾ ഒരു രണ്ടു രണ്ടര മണിക്കൂർ നീണ്ടു. എയർടെൽ ലേ മുതലാളി എനിക്ക് വല്ല സമ്മാനവും തരും എന്ന് പറഞ്ഞാണ് സ്റ്റീഫൻ അവസാനം കാൾ വച്ചതു.
താൻ വിചാരിച്ച പോലെ വല്യ മുരടൻ ഒന്നും അല്ല. സ്നേഹത്തോടെ ഒക്കെ സംസാരികാൻ അറിയാം. ഒരുപാട് സമയം ആയല്ലോ എന്നോർത്താണ് സൂപ്പർ മാർക്കറ്റ് നിന്നു ഇറങ്ങിയതു. അഞ്ചു പൈസക്ക് സാധനം വാങ്ങാതെ അങ്ങനെ ഇറങ്ങി പോരാൻ ഉള്ള തൊലി കട്ടി വേണേൽ നല്ല ഒന്നാന്തരം കോട്ടയം അച്ചായതി ആയി തന്നെ ജനിക്കണം എന്ന് പറഞ്ഞു കൂട്ടുകാർ എപ്പോഴും കളിയാക്കാറുണ്ട്.ദൈവമേ ഇന്ന് അടുക്കളയിൽ ഡ്യൂട്ടി എനിക്കാണല്ലോ എന്നോർത്തു അവൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി. വീട്ടിൽ എത്തിയപ്പോൾ ഡ്യൂട്ടി കഴിഞ്ഞു എല്ലാവരും എത്തുന്നു. വേഗം അടുക്കളയിലോട്ടു വച്ചു പിടിച്ചപ്പോൾ തന്റെ രക്ഷക്കായി മീനാക്ഷി ചേച്ചി ഒരു രസവും ചമ്മന്തിയും ഉണ്ടാക്കിയിരുന്നു. സംഭവം അയർലണ്ട് ഒക്കെയാ പക്ഷെ ഞങ്ങൾക്ക് ഈ കോൺഫ്‌ളക്‌സ് ഉം റൊട്ടിയും ഒന്നും സെറ്റ് ആവില്ല. ചോറും രസവും ചമ്മന്തിയും, വല്ലപ്പോഴും മീനും തേങ്ങാക്കൊത്തിട്ട ബീഫും ഒക്കെ അടിച്ചു ജോലിക്ക് പോയാൽ ഒരുന്മേഷമാണ്. മനുഷ്യ സ്നേഹം അങ്ങൊഴുകും ക്വിന്റൽ കണക്കിന് . എല്ലാരും കൂടി ഒന്നിച്ചിരുന്നു ഉണ്ടു. എന്നിട്ടു കിടക്കാൻ ഒരുങ്ങി വലത്തേ ജനാല ജാൻസി ചേച്ചി സ്വന്തമാക്കി. നാട്ടിലെ സമയം ഒമ്പതു മണി മുതൽ വെളുപ്പിന് രണ്ടു മണി വരെ അത് ബുക്ഡ് ആണ്. പിന്നെ ബാൽക്കണി അവിടേക്കു നോക്കണ്ട. ചീട്ടു കളിയും, ഫേഷ്യൽ ലും, ത്രെഡിങ് ഉം ഒക്കെ ആയി ആ മൂല സ്ഥിരം ബിസി ആണ്. ബാത്‌റൂമിൽ പിന്നെ നിയമം ഉണ്ട്. പതിനഞ്ചു മിനുട്ടിൽ കൂടുതൽ ആരും നിൽക്കരുത് എന്ന്. പണ്ട് ജാൻസി ചേച്ചി മൊബൈൽ ഉം ആയി കയറിയിട്ടുണ്ട് ബാത്ത്ടബ്ബിൽ കിടന്നുറങ്ങി പോയിട്ട്. കുറെ പേരുടെ ആന്വൽ ലീവ് പോയതിൽ പിന്നെ വന്ന നിയമം ആണ് ഈ പതിനഞ്ചു മിനിറ്റ് നിയമം.
മുൻവശത്തെ സിറ്ഔട്ടിൽ ഇരിക്കാം എന്ന് വച്ചാലോ അപ്പുറത്തെ കറുമ്പൻ ചെക്കൻ മാർ നോക്കി കണ്ണ് കൊണ്ട് ജ്യൂസ് ആക്കും ഇവിടെ പതിനാലു സെക്കന്റ് നിയമം ഇല്ലലോ. അതുകൊണ്ട് സ്റ്റീഫൻനെ എങ്ങനെ വിളിക്കും എന്നോർത്തു വിഷമിച്ചപ്പോൾ. മെസ്സേജ് വന്നു ഞാൻ ബിസിയ ഇന്ന് കിടന്നോളു എന്ന്. എന്തേലും കള്ള് കുടി പാർട്ടി വന്നു കാണും. അല്ലേലും ഈ ആണുങ്ങൾ ഇങ്ങനെ ആണ് കൂട്ടുകാർക്കും കള്ളിനും ഒക്കെ ഫസ്റ്റ് പ്ലേസ്. നമ്മൾ വലതും പറഞ്ഞാലോ "അയ്യേ നീ മിഥുനത്തിലെ ഉർവശി ആവല്ലേ." എന്നൊക്കെ പറഞ്ഞു അതിന്റെ ഫുൾ സെൻസ് ഉം മാറ്റും
അന്ന് അങ്ങനെ ഒക്കെ മാസങ്ങൾക്കു മുൻപ് പിണങ്ങിയെങ്കിലും. ഇന്ന് നാട്ടിൽ പോകുന്നതിനു മുൻപായി ഡ്യൂട്ടി ഫ്രീഇൽ നിന്നും സ്റ്റീഫൻ നു വേണ്ടി അവൾ തന്നെ വാങ്ങി ഒരു ഷിവാസ്. എന്നെ കാണുമ്പോൾ ഒന്നു ഞെട്ടിച്ചെക്കാം അവൾ ഓർത്തു. കുപ്പിയും വാങ്ങി. കറങ്ങുന്ന ബെൽറ്റിൽ നിന്നും തന്റെ നീല ബാഗും വലിച്ചു കേറ്റി. ട്രോളി മുന്നോട്ടു ഉന്തിയപ്പോൾ വരാൻ പോകുന്ന പുതിയ ജീവിതത്തിന്റെ പല വർണങ്ങളിൽ ഉള്ള നിറങ്ങളായിരുന്നു അവളുടെ കണ്ണിനു ചുറ്റും. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ കല്യാണം ആണ്. അവൾ മനസ്സിൽ ഓർത്തു. അപ്പച്ചനും അമ്മച്ചിയും എത്തിയോ ആവോ. അറൈവൽ ലേക്ക് നടന്നിറങ്ങിയപ്പോൾ ആരെയും കാണാത്ത കൊണ്ട് അവൾ സൈഡ് ലോട്ട് മാറി നിന്നു ഒരു തൂണിൽ ചാരി. പലരുടെയും ജീവിതം മാറി മറിയുന്നത് ഒരു സെക്കൻഡിൽ ആന്നെന്നു കേട്ടിട്ടുണ്ട്. അതുപോലെ കണ്ണ് ചിമ്മി തുറന്നപ്പോളേക്കും. എങ്ങു നിന്നോ പാഞ്ഞു വന്നൊരു സ്കോർപിയോ അവളുടെ മേൽ ഇടിച്ചു കയറി. ബ്രേക്ക് ഫൈല്യർ ആയിരുന്നു. അവിടെ ഉണ്ടാർന്ന ആരെല്ലാമോ ചേർന്ന് അവളെ അടുത്തുള്ള ആസ്പത്രിയിൽ എത്തിച്ചു. മുറിവും വച്ചുകെട്ടും ഒക്കെ ആയി ഐസിയു വിൽ കിടന്നു രണ്ടാഴ്ച. ബോധം വന്നു വാർഡിലേക്ക് മാറ്റിയപ്പോൾ. സ്റ്റീഫൻ കാണാൻ വന്നു. അന്ന് സ്റ്റീഫൻ ആദ്യം ചോദിച്ചതെന്താണെന്നോ "എടിയേ നീ പറഞ്ഞ ചിവാസും പൊട്ടിയോ ?".നിറഞ്ഞു തുളുമ്പുന്ന കണ്ണുനീരിനിടയിലും അവൾ ചിരിച്ചു.
പക്ഷെ ഇന്നിപ്പോ എന്തിനാ ഇവിടെ വന്നത്. എന്തിനാ ഈ ട്യൂബ് ഇട്ടതു. ഒന്നും ഓർമ വരണില്ല. മൂന്ന് കുട്ട്യോളേം തന്നു. പതിനഞ്ചു കൊല്ലത്തോളം കൂടെ നിന്നിട്ടു സ്റ്റീഫൻ വിട്ടു പോയ അന്ന് മുതൽ ആണ് ഹൃദയം ആധാർ കാർഡ് പോലെ ആയതു. ഇടക്കൊക്കെ ഹോസ്പിറ്റലിൽ വന്നിട്ട് എന്തേലും ഒക്കെ ലിങ്ക് ചെയ്യണം. ഇല്ലേൽ ക്യാൻസൽ ആകും എന്നാ ഡോക്ടർ മാർ പറയണത്. മൂത്ത മോളും പേരകുട്ടിയും കൂടെ കയറി വന്നു. ബഹിരാകാശത്തു പോണപോലെ ഉണ്ട് അവരെ കണ്ടാൽ. തൊപ്പിയും മാസ്ക് ഉം ഒക്കെ ആയി. "അമ്മമ്മച്ചി പേടിപ്പിച്ചല്ലോ ഇന്നലെ ബോധംകെട്ടു വീണപ്പോൾ ഞാൻ ഓർത്തു തീർന്നു എന്ന്. "ആ കുരുന്നു പെൺകൊടി ചുറുചുറുക്കോടെ പറഞ്ഞപ്പോൾ. ഡെയ്സി അവളെ നുള്ളി. "അമ്മ വിഷമിക്കണ്ട പിള്ളേരൊരൊന്നു".അപ്പോൾ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു "എടി ഡെയ്സി യെ കുര്യച്ചന്റെ ചെറുതിന്റെ കൂടി തല തൊട്ടിട്ട് മാത്രേ ഈ അമ്മച്ചി പോകുന്നുള്ളൂ. "...............
അലാറം ശബ്‌ദിച്ചു തുടങ്ങിയിട്ട് കുറെ ആയി. സ്റ്റീഫൻ പോത്തു പോലെ ഉറങ്ങുവാ. വേഗം എഴുന്നേറ്റു ചായയ്ക്ക് വെള്ളം വച്ചു. സ്റ്റീഫൻ നെ വിളിച്ചു. "ഇന്നലെ ആരാടി മരിച്ചേ?രാത്രി മുഴുവൻ ഒച്ചപ്പാടും ബഹളവും ആയിരുന്നല്ലോ. " ഒരു പോള കണ്ണടച്ചിട്ടില്ല അതിനു സമ്മതിച്ചില്ല എന്ന് വേണേൽ പറയാം. ടോയ്ലറ്റ്ലേക്ക് മിന്നൽ വേഗത്തിൽ ഓടിയ സ്റ്റീഫന് ചായ മേശ പുറത്തു വച്ചപ്പോൾ അറിയാതെ എന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. തന്റെ ഈ സ്വപ്നം കാണൽ കാരണം ഉറക്കം പോകുന്നത് പാവം തന്റെ ഇച്ചായന്റെ ആണല്ലോ എന്നോർത്തുള്ള കള്ള ചിരി അവസാനിച്ചത് ഒരു ദീർഘ നിശ്വാസത്തിൽ ആയിരുന്നു .......
****ജിയ ജോർജ് ****
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക