Slider

ഇൻബോക്സ്

0
ഇൻബോക്സ്
മുത്തേ നീ ഉറങ്ങിയോടി....
ഇല്ലിക്ക ഇങ്ങെളെന്താ ഈ നേരത്ത്....
കഴിക്കാൻ അര മണിക്കൂർ ഉണ്ട് ഇരുപത് മിനിറ്റ് അന്നോട് മിണ്ടാന്ന് നിരീച്ച്....
എന്തേയ് ഇപ്പൊ അങ്ങനെ തോന്നാൻ....
ഒന്നൂല്ല... ഞാനൊന്ന് പേടിച്ചു ലാഡറീന്ന് ഇറങ്ങാൻ നേരം കാലൊന്നു വയുതി...
എന്റെയിക്ക ഇങ്ങള് ശ്രദ്ധിക്കാത്ത എന്തേ ഇങ്ങക്ക് എന്തേലും പറ്റിയാൽ ഞാനും കുട്ട്യോളും പിന്നെ ഉണ്ടാകില്ല....
ഇജ് പേടിക്കണ്ട എനക്കൊന്നും പറ്റൂല്ല
എന്ന് തീരും ഇങ്ങക്ക് ഈ നൈറ്റ് ഡ്യൂട്ടി...
ഈ മാസം കൂടെ ഉണ്ടാകും.. മുത്തേ
കുട്ട്യോള് എന്നും സങ്കടാണ് ബാപ്പാന്ററൂടെ മുണ്ടാൻ പറ്റണില്ലെന്നും പറഞ്ഞ്....
ഉം....നീയ് കഴിച്ചോ...
ഞാൻ കഴിച്ച് ഇക്ക കഴിക്കണില്ലേ....
കഴിക്കാം
കുട്ട്യോള് കഴിച്ചോ...
ഉം... മൂത്താപ്പാന്റ മോൻ വന്നേക്കണു
എല്ലാരുടെ പൊറോട്ടയും ചിക്കനും മേടിച്ചു കയിച്ചു കിടന്നു....
നീയ് എന്തു പണിയാ കാണിക്കണ....
കുട്ട്യോൾക്ക് പൊറോട്ട കൊടുക്കരുതെന്ന്
ഞമ്മള് പറഞ്ഞിട്ടില്ലേ....
അതൊക്കെ വിഷമാണ് വിഷം....
എന്റിക്ക ഇങ്ങള് പോയേപ്പിന്നെ അവറ്റോള് കടയിലെ ആഹാരം ഇന്നാണ് കഴിക്കണത്
ആരാ അവരെ കൊണ്ട് പോകാൻ ഉള്ളത്....
ഉം... നീയ് എന്റെ കുട്ട്യോൾക്ക് ആഴ്ച്ചയിൽ ഒരുദിവസം ബിരിയാണി മേടിച്ച് കൊടുക്കണം കേട്ടോ മുത്തേ....
നമ്മുടെ രാസകുമാരനും രാസകുമാരിക്കും അവർ കഴിക്കട്ടെ നല്ലോണം....
കുഞ്ഞാള് എന്ത് പറയുന്നു മുത്തേ....
ഓന് ഈയിടെ ആയി വലിയ വാശിയാണ് ഇന്ന് ഞാനൊന്നു തച്ചു...
ആ സങ്കടത്തിൽ കരഞ്ഞ് കിടന്നുറങ്ങി....
എന്തിനാടി നീയെന്റെ സുൽത്താനെ തച്ചത്....
അതേയ് ഇസ്ക്കൂൾ പൂട്ടാൻ ഇനി ഒരു മാസമെ ഉള്ളു കാലിലിടുന്ന സോക്സൊക്കെ ചെറുതായൊന്ന് തയ്യൽ പോയി പുതിയത് വേണംന്ന്....
എന്താ നബീസു ഇജ് ഓന് പുതിയ സോക്സ് മേടിച്ച് കൊടുക്ക് നമ്മള കുട്ട്യോള് ഒന്നിനും ഒരു കുറവില്ലാതെ വളരണം....
നീയ് ഓന്റെ ഒരു പടം എടുത്ത് അയച്ചേ...
പാവം ല്ലേ.... മുത്തേ....
ന്റെ സുൽത്താൻ ഉറങ്ങണ ശേല് കണ്ടോ....
ഉം... ശരി ശരി ഇങ്ങക്ക് ഇപ്പോ എന്നോട് ഒരിഷ്ടവും ഇല്ല... രണ്ട് മാസമായി ഇങ്ങളൊരു ഫോട്ടം പോലും അയച്ചിട്ടില്ല ചോയിക്കുമ്പം പഴയ ഫോട്ടം ആണ് അയക്കണേ...
ഞമ്മള് അന്റെ ഖൽബിലില്ലേ മുത്തേ ഫോട്ടം എന്തിന്....
ഇജ് അന്റെ മുത്തല്ലേ....
അന്റെ ഫോട്ടം ഈ ഖൽബിൽ എപ്പോയും ഉണ്ടല്ലോ....
ഉം ശരി... ശരി..കൊഞ്ചല്ലേ...
ഓന്റെ തലമുടി വളന്നേക്കണൂല്ലോ ഇജ് എന്താ ഓനെ മുടി വെട്ടിക്കാത്തെ....
രണ്ടാഴ്ച ആയതെ ഉള്ളു വെട്ടിയിട്ട് ചെക്കന്റെ മുടി കാട് പോലെയാണ് വളരണത്.....
പണ്ടത്തെ പോലെ ഒന്നുമല്ല ഒരു വെട്ടിന് നൂറ് റുപ്പിയ കൊടുക്കണം...
അത് സാരമില്ല ഓൻ എപ്പൊഴും സുൽത്താനെ പോലെ നടക്കണം...
ഇജ് നാളെത്തന്നെ മുടി വെട്ടിക്ക്...
എല്ലാ രണ്ടാഴ്ച കൂടുംമ്പോഴും വെട്ടിക്കോളിൻ...
പൈസ ഒരു പ്രശ്നമല്ല കേട്ടോ മുത്തേ....
ഉം... ശരി..
സംസാരിച്ചിരിന്ന് സമയം പോകുന്നിക്കാ...
ജോലിക്ക് കയറാൻ ആ പഹയൻമാരിപ്പൊ വിളിക്കില്ലേ...
ഇങ്ങള് കഴിക്കുന്നില്ലേ....
അള്ളോ... ശരിയാണല്ലോ.. എന്നാൽ എന്റെ ഹൂറി ഉറങ്ങിക്കോട്ടെ ...
ഞാൻ രാവിലെ വിളിക്കാം ചക്കരയുമ്മേ.....
പോ അവിടെന്ന്...
ഒരു ഉമ്മ താ മുത്തേ...
ശരി.... ഒന്നല്ല... ന്റെ സുൽത്താന് ഒരു നൂറായിരം ഉമ്മ.........
ഫോൺ താഴെ വച്ച് അവൻ സമയം നോക്കി ഇനി അഞ്ചു മിനിറ്റേ ബാക്കിയുള്ളു
സേഫ്റ്റി ഷൂസ് അഴിച്ച് കാലുകൾ ഒന്നു സ്വതന്ത്രമാക്കിയവൻ
സോക്സുകൾ രണ്ടും വലപോലെ ആയിരിക്കുന്നു അതു കണ്ട് അവന്റെ മുഖത്തൊരു ചിരി പടർന്നു പെട്ടെന്ന് കഴിച്ച് പോകാനായി പ്ലാസ്റ്റിക് കവറിലെ ആഹാരം അവൻ തുറന്നു
രണ്ട് പൊറോട്ട പരിപ്പ് കറിയിൽ കുതിർന്ന് അതിനകത്തിരിപ്പുണ്ട്.
ആ കണ്ണുകൾ നിറഞ്ഞുവോ...
മെസ്സ് ഹാളിലെ വലിയ കണ്ണാടിയിലേക്കവൻ നോക്കി
തല മൊട്ടയടിച്ചിട്ട് മൂന്ന് മാസം ആയി
പത്ത് റിയാൽ എല്ലാമാസവും കളയാൻ വയ്യ
തലമുടി കാടുകയറി അടുത്ത മാസം വെട്ടിയിട്ട് ഓൾക്കൊരു സുന്ദരൻ പടം അയക്കണം
ടൈം ഖലാസ് താൽ......താൽ..... സൂപ്പർവൈസറുടെ ശബ്ദം...
പൊറോട്ട തൊണ്ടയിൽ ഇരുന്ന് ചുമ്മച്ചവൻ വെള്ളമെടുത്ത് കുടിച്ചെഴുന്നേറ്റു....
കണ്ണാടിയിലെ അവന്റെ മുഖം നിസ്സഹായകനായി അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു.....
(ഇങ്ങനുള്ള ഇൻബോക്സുകളും ഉണ്ടാകാം ആരും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം)
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo