Slider

കോഴിമുട്ട

0
കോഴിമുട്ട
ഇന്ന് സാമാന്യം സാമ്പത്തിക ശേഷി ഉള്ള വീടുകളിലെ കുട്ടികളെ ആഹാരം കഴിപ്പിക്കുക എന്നത് അവരുടെ അമ്മമാരുടെ വളരെ വലിയ ഒരു ദൌത്യമായി മാറിയിട്ടുണ്ട്. അവരുടെ പ്രകടനം കണ്ടാല്‍ വിശപ്പ്‌ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല എന്നും, അത് നമ്മള്‍ പറഞ്ഞ് ഓര്‍മ്മിപ്പിച്ചു സൃഷ്ടിച്ചെടുക്കേണ്ട ഒരു സംഭവമാണ് എന്നും തോന്നിപ്പോകും.
മഹാഭാരതയുദ്ധത്തേക്കാള്‍ വലിയ യുദ്ധങ്ങളാണ് പല വീടുകളിലും ഇതിന്റെ പേരില്‍ അരങ്ങേറുന്നത്. ഈ കലാപരിപാടിയുടെ ഇരയായി മാറുന്ന കുട്ടിയുടെ ധാരണ ഈ ആഹാരം എന്നത് ആര്‍ക്കും വേണ്ടാത്തതും വല്ലവന്റെയും അണ്ണാക്കില്‍ നിര്‍ബന്ധപൂര്‍വ്വം തള്ളിത്തിരുകേണ്ടതുമായ എന്തോ സാധനമാണ് എന്നാണ്.
“അവന്‍ ഇന്നലെ ഒരു ദോശ മുഴുവനും തിന്നു”
എന്നൊക്കെ വലിയ ചാരിതാര്‍ത്ഥ്യത്തോടെ പറയുന്ന അമ്മമ്മാരെ കാണുന്നത് ഇന്ന് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനെയായിരുന്നില്ല ഞങ്ങളുടെയൊക്കെ ബാല്യകാലത്ത്. ഇപ്പോഴും അതെ സ്ഥിതി നിലനില്‍ക്കുന്ന ധാരാളം വീടുകള്‍ ഉണ്ടെന്നത് വിസ്മരിച്ചുകൊണ്ടല്ല അന്ന് അങ്ങനെ ആയിരുന്നു എന്ന് പറഞ്ഞത്.
“ഞാന്‍ ഒന്ന് കുളിക്കാന്‍ പോയി വന്നപ്പോഴേക്കും ഒരു കലം പഴങ്കഞ്ഞി കുടിച്ചിട്ട് ആ കാലമാടന്‍ എങ്ങാണ്ട് കളിച്ചു മറിയാന്‍ പൊയ്ക്കളഞ്ഞു ചേടത്തീ..അത് ദഹിക്കുമ്പോഴേക്കും അവന്‍ പിന്നേം കേറി വരും....”
എന്ന് സ്വന്തം മക്കളെക്കുറിച്ച് പറയുന്നവരും രണ്ടാമത് ചോറ് ചോദിച്ചാല്‍ തവിക്ക് കുത്തുന്നവരുമായ അമ്മമാര്‍ അന്ന് സര്‍വസാധാരണമാണ്. ഞങ്ങളുടെ വീട്ടില്‍ മീന്‍ വാങ്ങിയാല്‍ അമ്മ അത് സ്കെയില്‍ കൊണ്ട് അളന്നു മുറിക്കുന്നത് പോലെ മുറിച്ചാണ് കറി വയ്ക്കുക. അതില്‍ നിന്നും പരമാവധി രണ്ട് കഷണമാണ് എന്റെ പങ്ക്. പെങ്ങള്‍ക്കും അത്ര തന്നെ. കിട്ടിയ കഷണങ്ങളില്‍ വലിപ്പച്ചെറുപ്പം കണ്ടാല്‍ ഞാന്‍ കലാപം ഉണ്ടാക്കുമായിരുന്നു. അതിന്റെ പര്യവസാനം അമ്മയുടെ കൈയില്‍ നിന്നും കിട്ടുന്ന നല്ല ഒന്നാന്തരം ഒരു പെട ആയിരിക്കും. അങ്ങനെ ആക്രാന്തത്തോടെ തുടങ്ങുന്ന ഊണ്, ദുഖപര്യവസായിയായി മാറാറുണ്ട്. തുച്ഛമായ വരുമാനം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അപ്പന്റെയും അമ്മയുടെയും പ്രശ്നമൊന്നും നമുക്ക് അറിയേണ്ട കാര്യമില്ലല്ലോ.
അന്നൊക്കെ ദോശ, ഇഡ്ഡലി, പുട്ട്, അപ്പം തുടങ്ങിയ സാധനങ്ങള്‍ ഞങ്ങള്‍ക്ക് സ്വപ്നങ്ങളില്‍ മാത്രം വന്നു പോകുന്ന വിഭവങ്ങള്‍ ആയിരുന്നു. സ്ഥിരം പ്രാതല്‍ പഴങ്കഞ്ഞി ആണ്. വളരെ ചുരുക്കമായി മാത്രമാണ് മേല്‍പ്പറഞ്ഞ എന്തെങ്കിലും സാധനം ഉണ്ടാക്കുന്നത്. അരി വെള്ളത്തില്‍ ഇട്ട് അത് ആട്ടുകല്ലിലോ അരകല്ലിലോ ഉരലിലോ ഒക്കെ ഇട്ട് അരച്ചും ഇടിച്ചും, നിലത്ത് കുന്തിച്ചിരുന്ന് മൂന്ന് കല്ലുകള്‍ കൂട്ടിയ അടുപ്പില്‍ തീ ഊതിക്കത്തിച്ച് പാടുപെട്ട് അമ്മ അതൊക്കെ ഉണ്ടാക്കി തരുമ്പോള്‍ അത് നല്ല രുചിയുള്ളതാണ് എന്നൊരു നന്ദിവാക്കു പോലും ഞങ്ങള്‍ പറഞ്ഞിരുന്നില്ല എന്ന് മനസിലാക്കുന്നത് പ്രായമായ ശേഷമാണ്. കിണറ്റില്‍ നിന്നും വെള്ളം കോരി കൊണ്ടുവന്നാണ് പാത്രങ്ങള്‍ കഴുകുന്നതും ആഹാരം പാചകം ചെയ്യുന്നതും. ഇന്ന്, മോട്ടറിന്റെ സ്വിച്ച് ഇടാനും ഇട്ടാല്‍ അത് ഓഫ് ചെയ്യാനും മടി കാണിക്കുകയോ മറക്കുകയോ ഒക്കെ ചെയ്യുന്ന അഭിനവ വീട്ടമ്മമാരെ കാണുമ്പോള്‍, അന്നത്തെ അമ്മമാരുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം കണ്ണ് നനയ്ക്കാറുണ്ട്. അങ്ങനെയൊക്കെ വളര്‍ത്തി വലുതാക്കിയ മക്കള്‍, വാര്‍ധക്യത്തില്‍ എത്തുന്ന അവരെ വീട്ടുജോലിക്കാര്‍ക്ക് നല്‍കുന്ന വിലപോലും നല്‍കാതെ അടിച്ചൊതുക്കി ഭരിക്കുന്നത് കൂടി കാണുമ്പോള്‍, മനസിലുണ്ടാകുന്ന വികാരത്തിനു പേരിടാന്‍ എനിക്ക് സാധിച്ചിട്ടില്ല. ലോകത്തിലേക്കും ഏറ്റവും വലിയ ഹീനകൃത്യം ഏതാണ് എന്ന് ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ പറയും:
“അത് സ്വന്തം മാതാപിതാക്കളോട് കാണിക്കുന്ന ധിക്കാരവും, ബഹുമാനക്കുറവും” ആണെന്ന്. മാതാവും പിതാവും കഴിഞ്ഞാണ് ദൈവത്തിനു പോലും സ്ഥാനം എന്ന് പഠിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍. കാണപ്പെട്ട ദൈവങ്ങളായ അവരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യാത്ത ഒരുത്തനും ഒരിക്കലും ഒരു ദൈവത്തെയും പ്രസാദിപ്പിക്കാന്‍ സാധിക്കില്ല; അവന്‍ ചെയ്യുന്ന യാതൊരു പ്രവൃത്തിക്കും ദൈവമുന്‍പാകെ ഒരു വിലയും കാണുകയുമില്ല.
വളരെ ഗൌവമുള്ള കാര്യങ്ങള്‍ അറിയാതെ പറഞ്ഞു പോയ സ്ഥിതിക്ക് ഇനി വിഷയത്തിലേക്ക് വരാം.
അക്കാലത്ത് വീട്ടിലെ കോഴികള്‍ മുട്ട ഇടുമായിരുന്നു എങ്കിലും അത് തിന്നാനുള്ള യോഗം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.
“മുട്ടേ..മുട്ടയുടെ കാര്യം”
എന്ന് വിളിച്ചുകൊണ്ട് തലയില്‍ വലിയ ഒരു കൂടയുമായി മുട്ട വാങ്ങാന്‍ വരുന്ന കുഞ്ഞച്ചന്‍ എന്ന അച്ചായന് അമ്മ അതാതു ദിവസത്തെ മുട്ടകള്‍ കൃത്യമായി വില്‍ക്കും. മറ്റ് മുട്ടക്കച്ചവടക്കാരെക്കാള്‍ അദ്ദേഹമാണ് കൂടുതല്‍ വില നല്‍കുക. അങ്ങനെ വീട്ടിലെ കൊഴികളിടുന്ന മുട്ടകള്‍ മൊത്തം ആ മനുഷ്യന്‍ വന്നു വാങ്ങിക്കൊണ്ടു പോകുന്നതിനാല്‍, അയാള്‍ക്ക് വല്ല അസുഖവും പിടിച്ചു കിടപ്പിലാകണേ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ട്. മുട്ട എന്ന മനോഹരവും അതീവ രുചികരവുമായ സാധനം പുഴുങ്ങി കഴിക്കാന്‍ അത്യധികമായ ആക്രാന്തം ഉണ്ടായിരുന്ന എനിക്ക് അത് തിന്നാനുള്ള ഏകവഴി മോഷണം മാത്രമാണ് എന്ന് വളരെ നാളുകളായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. വീട്ടിലെ മുട്ട ഒരെണ്ണം കുറഞ്ഞാല്‍ അമ്മ അതറിയും. അതുപോലെ തന്നെ ഏതൊക്കെ കോഴി എന്നൊക്കെ മുട്ടയിടും എന്നും അമ്മയ്ക്ക് നല്ല നിശ്ചയമാണ്. അതുകൊണ്ട് വീട്ടില്‍ നിന്നും മുട്ട അടിച്ചു മാറ്റല്‍ അസാധ്യം. പക്ഷെ നമ്മുടെ കഷ്ടപ്പാടും ദുഖവും ഒക്കെ കാണുന്ന ദൈവം എന്നൊരാള്‍ ഉണ്ട് എന്ന് തെളിഞ്ഞ പല സന്ദര്‍ഭങ്ങള്‍ ചെറുപ്പത്തില്‍ തന്നെ എനിക്ക് ഉണ്ടായിട്ടുണ്ട്.
ഒരു ദിവസം ഞാന്‍ പ്രത്യേകിച്ചു പണി ഒന്നുമില്ലാതെ പറമ്പില്‍ വല്ല മാങ്ങയോ കശുമാങ്ങയോ ഉണ്ടോ എന്ന് തപ്പി നടക്കുമ്പോള്‍ ഒരു കോഴി ഞങ്ങളുടെ തുറുവിന്റെ (കച്ചി മരത്തില്‍ ഒരു പ്രത്യേക രീതിയില്‍ കെട്ടി സൂക്ഷിച്ചു വയ്ക്കുന്ന സംവിധാനം) കീഴില്‍ നിന്നും “കൊക്കൊക്കോ” എന്ന് കൊക്കിക്കൊണ്ട് ഇറങ്ങി പോകുന്നത് കണ്ടു. കോഴി ഞങ്ങളുടെ വീട്ടിലേതല്ല. ഈ കൊക്കല്‍ മുട്ട ഇട്ടാല്‍ മാത്രം കോഴികള്‍ ഉണ്ടാക്കുന്ന പ്രത്യേക ശബ്ദമാണ് എന്നെനിക്ക് അറിയാം. അമ്മ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് ഞാന്‍ ഒരു വിഗഹ വീക്ഷണം നടത്തി; ഇല്ല, ആശാട്ടി അടുക്കളയില്‍ ആണ്. രംഗം സുരക്ഷിതം. ഞാന്‍ പതുങ്ങി ചെന്ന് തുറുവിന്റെ കീഴില്‍ കയറി നോക്കി. എന്റെ കണ്ണ് തള്ളി എന്ന് പറഞ്ഞാല്‍ ശരിക്കും തള്ളി വെളിയില്‍ ചാടി. ഏതാണ്ട് പന്ത്രണ്ടോളം വെളുത്തു തുടുത്ത മുട്ടകള്‍ അവിടെ കിടന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നു; എടുത്തോണ്ട് പോയി തിന്നെടാ എന്ന ഭാവത്തില്‍. ഞാന്‍ വേഗം സംഭവ സ്ഥലത്ത് നിന്നും പുറത്തിറങ്ങി.
“ഈ പണ്ടാരം പിടിച്ച കോഴി എവിടോ പോയി മുട്ട ഇട്ടേച്ചു തിന്നാന്‍ വന്നേക്കുവാ..പോ കോഴീ”
അയലത്തെ തള്ള ഇവിടെ മുട്ടയിട്ടിട്ട് പോയ കോഴിയെ കല്ലെടുത്ത്‌ എറിയുന്നത് ഞാന്‍ കണ്ടു. അവരുടെ കോഴിയാണത്; നന്ദി ഇല്ലാത്ത സാധനം എന്നാകും തള്ള കരുതുന്നത്. പക്ഷെ എന്നോട് അതിനു സ്നേഹം തോന്നിയതിനു തള്ള ചൂടായിട്ടു കാര്യമുണ്ടോ എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു. അന്ന് ഇന്നത്തെ പോലെ മതിലുകളും അതിരുകളും വേലികളും ഒന്നും ഇല്ലാത്തതിനാല്‍, എല്ലാ സ്ഥലവും സ്വന്തം സ്ഥലം പോലെ കണ്ടാണ്‌ കോഴികള്‍ വിഹരിച്ചിരുന്നത്. എന്തായാലും ആക്രാന്തമൊക്കെ ഉണ്ടെങ്കിലും അവരുടെ മുട്ട അവര്‍ക്ക് കൊടുത്താലോ എന്നൊരു സദ്ചിന്ത എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. അപ്പോള്‍ത്തന്നെ എന്റെ തന്നെ ഉള്ളില്‍ നിന്നും ഗ്രഹണി പിടിച്ച മറ്റൊരു കാട്ടാള ചിന്ത എന്നോട് ശക്തമായി കയര്‍ത്തു:.
“എടാ മരത്തലയാ”
അവന്‍ യാതൊരു മാന്യതയും ഇല്ലാതെ എന്നെ വിളിക്കുന്നത് ഞാന്‍ കേട്ടു.
“എന്താ?”
“കഴിഞ്ഞ മാസം നിന്റെ തള്ള ഇതേപോലെ നിന്റെ വീട്ടിലെ ഒരു കോഴിയെ ഓടിച്ചു വിട്ടത് നിനക്ക് ഓര്‍മ്മ ഉണ്ടോ?”
“ഉണ്ട്”
“അത് എവിടെയാ മുട്ട ഇട്ടത്?”
“ആ”
“അത് നിന്റെ തള്ളയ്ക്ക് ആരെങ്കിലും തിരിച്ചു കൊടുത്തോ?”
“ഇല്ല”
“അത് പോട്ടെ..ഈ പോയ കോഴി നിന്റെ പറമ്പില്‍ നിന്നും പുഴുക്കളെയും കണ്ട കുന്ത്രാണ്ടങ്ങളും തിന്നാറില്ലേ?”
“ഉവ്വ്”
“അവരുടെ ബാക്കി കോഴികളും ഇവടെ കേറി മേയാറില്ലെ?”
“ഉവ്വ്”
“എന്നിട്ടാണോടാ മന്ദബുദ്ധീ നീ കൈയില്‍ കിട്ടിയ മുട്ട തിരികെ കൊടുക്കാന്‍ പോകുന്നത്?”
ഞാന്‍ പരുങ്ങി. കാട്ടാളന്‍ എന്നെ വിട്ടില്ല; അവന്‍ തുടര്‍ന്നു:
“എടാ നിന്റെ തള്ള സന്മനസോടെ നിനക്ക് ഒരു മുട്ട എന്നെങ്കിലും തരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
“അത് പിന്നെ..മനസോക്കെ ഉണ്ട്..പക്ഷെ..”
“ഒലക്ക..മനസൊണ്ട്.. പക്ഷെ സൌകര്യമില്ല.. നീ പണ്ടാരം അടങ്ങാന്‍ എന്തെങ്കിലും ചെയ്യ്‌...ഇനി മേല്‍ മുട്ട കിട്ടിയില്ലേ എന്നെങ്ങാനും നീ വിചാരിച്ചാല്‍ നിന്നെ ഞാന്‍...”
അവന്‍ ആകെ കലിപ്പായി പോകാന്‍ തുടങ്ങി.
“അയ്യോ പോകല്ലേ..ഞാന്‍ കൊടുക്കുന്നില്ല..പക്ഷെ ഇത് എങ്ങനെ പുഴുങ്ങും..”
“എടാ മണ്ടാ..ആനയെ കിട്ടി..പിന്നെ തോട്ടിക്ക് ആണോ പ്രശ്നം?”
“മനസിലായില്ല”
“ഇപ്പൊ നീ എത്രെണ്ണം തിന്നും”
“രണ്ട്”
“ശരി രണ്ടെണ്ണം എടുത്ത് നടക്ക്”
ഞാന്‍ അതില്‍ നിന്നും രണ്ടു മുട്ടകള്‍ എടുത്ത് പോക്കറ്റില്‍ തിരുകി. പിന്നെ വീടിന്റെ ഉള്ളിലേക്ക് നടന്നു.
“എടാ..ആ തീ ഒന്ന്‍ ഊതണം..ഞാന്‍ പ്രാര്‍ഥിച്ചിട്ട്‌ വരാം”
അടുക്കളയില്‍ നിന്നും തോളില്‍ ഒരു തോര്‍ത്തും ഇട്ടുവന്ന അമ്മ എന്നോട് പറഞ്ഞു.
“ശരി..”
അമ്മ എന്റെ പോക്കറ്റിന്റെ ഘനം നോക്കുന്നുണ്ടോ എന്ന് ഭയന്ന് ഞാന്‍ പറഞ്ഞു.
“എന്താടാ ഒരു കള്ള ലക്ഷണം”
“ഏയ്‌..ഒന്നുമില്ല..അമ്മ പൊക്കോ..തീ ഞാന്‍ നോക്കിക്കോളാം”
“ഉം....”
നീട്ടിയൊന്നു മൂളിയിട്ട് അമ്മ പോയി. എന്നും ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് അമ്മ പ്രാര്‍ത്ഥിക്കാന്‍ കയറും. രാവിലെ, ഉച്ച, സന്ധ്യ എന്നിങ്ങനെ മൂന്നു നേരം അമ്മ പ്രാര്‍ത്ഥിക്കും. അങ്ങനെ അമ്മ പ്രാര്‍ത്ഥിക്കാന്‍ പോയി.
“ഇങ്ങോട്ട് വാടാ”
അമ്മ പോകുന്നത് നോക്കി നിന്ന എന്നെ കാട്ടാളന്‍ വിളിച്ചു. ഞാന്‍ അടുക്കളയില്‍ കയറി. കലത്തില്‍ തിളയ്ക്കുന്ന ചോറ്.
“ഒരു തവി എടുക്ക്”
ചിന്ത ആജ്ഞാപിച്ചു. ഞാന്‍ അനുസരിച്ചു.
“ഇനി ആ മുട്ടകള്‍ കഴുകി അതില്‍ ഇട്”
ഞാന്‍ അതും അനുസരിച്ചു.
“ഇനി ആ തവി ചോറിന്റെ ഉള്ളിലേക്ക് ഇറക്കി പിടിക്ക്..മുട്ട ചോറിന്റെ ഉള്ളില്‍ വീഴരുത്..തവിയില്‍ തന്നെ ഇരിക്കണം. നിന്റെ തള്ള എപ്പോള്‍ വന്നാലും നൊടിയിടയില്‍ സാധനം തിരികെ എടുക്കാന്‍ പറ്റണം..മനസിലായോ?”
ഞാന്‍ മൂളി. കാട്ടാളന്‍ എനിക്ക് മാര്‍ഗ്ഗം പറഞ്ഞു തന്നിട്ട് വിശ്രമിക്കാന്‍ പോയപ്പോള്‍ ഞാന്‍ തവി പിടിച്ചുകൊണ്ട് ചെവിയോര്‍ത്തു. അമ്മയുടെ പ്രാര്‍ത്ഥന എപ്പോള്‍ തീരും എന്നെനിക്ക് അറിയാം. ഞാന്‍ പ്രാര്‍ത്ഥന തീരാന്‍ സമയം ആയപ്പോള്‍ മുട്ട എടുത്തു. അടുത്തുണ്ടായിരുന്ന ഒരു പാത്രത്തിലെ വെള്ളത്തില്‍ അത് ഇട്ട ശേഷം അമ്മ എത്തുന്നതിനു മുന്‍പേ എടുത്തു പോക്കറ്റില്‍ തിരുകി. ചൂട് മാറാത്ത മുട്ട എന്റെ കാല്‍ പൊള്ളിച്ചു എങ്കിലും ഞാന്‍ അതൊന്നും ഗണ്യമാക്കാതെ നേരെ പറമ്പിന്റെ ഏറ്റവും പിന്നിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്ന് ആരും കാണാതെ മുട്ട എടുത്ത് പൊളിച്ചു തിന്നു. അതിന്റെ സ്വാദ് വര്‍ണ്ണിക്കാന്‍ എന്റെ പക്കല്‍ വാക്കുകളില്ല. മുട്ടയുടെ രുചി ഏറെ നാളുകള്‍ക്ക് ശേഷം അറിഞ്ഞ ഞാന്‍ ഞങ്ങളുടെ തുറുവിന്റെ കീഴില്‍ മുട്ടയിടാന്‍ വന്ന കോഴിക്ക് മനസ്സില്‍ നന്ദി അര്‍പ്പിച്ചു.
ഇങ്ങനെ ആ കോഴിയിട്ട മുട്ടകള്‍ മൊത്തം ഞാന്‍ തന്നെ തിന്നുതീര്‍ത്തു. അത് കഴിഞ്ഞു കോഴി അടയായത്തോടെ എന്റെ മുട്ട തീറ്റയും അവസാനിച്ചു. പക്ഷെ മുട്ടയുടെ സ്വാദ് സ്ഥിരം അറിയാനിടയായ എന്നെ അത് അമിതമായി പ്രലോഭിപിക്കാന്‍ തുടങ്ങി. ഇതുപോലെയുള്ള ഭാഗ്യങ്ങള്‍ ഇനിയും ഉണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ ഞാനൊരു കോഴി നിരീക്ഷകനായി മാറി. അയലത്തുകാരുടെ കോഴികള്‍ എവിടെയൊക്കെ മുട്ടയിടാന്‍ പോകുന്നുണ്ട്, ഞങ്ങളുടെ കോഴികള്‍ അയല്‍വീടുകളില്‍ പോയി ഇടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയെങ്കിലും, ചെറിയ ചെറിയ ചില വിജയങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ എനിക്ക് ഉണ്ടായുള്ളൂ. അതില്‍ തൃപ്തി കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല.
അതുകൊണ്ട് മറ്റൊന്നായി എന്റെ ചിന്ത. അമ്മയുടെ പക്കല്‍ നിന്നും എങ്ങനെ മിനിമം ഒരു മുട്ട എങ്കിലും ദൈനംദിന വ്യവസ്ഥയില്‍ നേരായ മാര്‍ഗ്ഗത്തിലൂടെ ലഭിക്കും എന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചുതുടങ്ങി. അന്ന് ഒരു മുട്ടയ്ക്ക് 25 പൈസ മുതല്‍ 30 പൈസ വരെ വിലയുണ്ട്. മുപ്പത് പൈസ മുട്ടയ്ക്ക് നല്‍കുന്നത് കുഞ്ഞച്ചായന്‍ മാത്രമാണ്. പണം കൈയില്‍ ഉണ്ടായിരുന്നു എങ്കില്‍ അമ്മയ്ക്ക് അത് നല്‍കി മുട്ട വാങ്ങാമായിരുന്നു എന്നൊരു ആശയം മനസ്സില്‍ ഉദിച്ചപ്പോള്‍, പണം എങ്ങനെ ഉണ്ടാക്കും എന്നതായി അടുത്ത ചിന്ത. ധനാഗമാനത്തിനു പ്രത്യേകിച്ച് യാതൊരു മാര്‍ഗ്ഗവും ഇല്ലാതിരുന്ന അക്കാലത്ത്, എന്റെ ഈ മോഹം പൂവണിയാന്‍ പോകുന്നില്ല എന്ന് ഞാന്‍ ദുഖത്തോടെ മനസിലാക്കി.
അങ്ങനെയിരിക്കെ ആണ് എന്റെ ഒരു കൂട്ടുകാരനും ഞാനും കൂടി പുതിയ ഒരു ബിസിനസ് ആരംഭിച്ചത്; പറങ്കിയണ്ടി, കാഞ്ഞിരക്കുരു മുതലായ സാധനങ്ങള്‍ പെറുക്കി വില്‍ക്കുക എന്നതായിരുന്നു ആ പുതിയ ബിസിനസ്. മുട്ടയുടെ കാര്യത്തിലേതുപോലെ തന്നെ സ്വന്തം വീടുകളിലെ ഒരൊറ്റ പറങ്കിയണ്ടി പോലും എടുക്കാന്‍ എനിക്കോ അവനോ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് നാട്ടുകാരുടെ പറങ്കി മാവുകള്‍ ഞങ്ങളുടെ മാവുകള്‍ ആയി പ്രഖ്യാപിച്ച് പകല്‍ സമയങ്ങളില്‍ വിവിധ ഇടങ്ങളില്‍ കറങ്ങി പറങ്കിയണ്ടി മോഷണം ഞങ്ങള്‍ ആരംഭിച്ചു. ഇന്ന് റോഡില്‍ വീണു കിടന്നാല്‍ പോലും എടുക്കാന്‍ ആളില്ലാത്ത സാധനമായി മാറിയ പറങ്കിയണ്ടി തേടി ഞങ്ങള്‍ കാതങ്ങള്‍ സഞ്ചരിച്ചു. അങ്ങനെ പല ദിവസത്തെ അധ്വാനത്തിന്റെ ഫലമായി ഞങ്ങള്‍ രണ്ടാളും ഏതാണ്ട് അഞ്ചു രൂപ വീതം പറങ്കിയണ്ടി വിറ്റ്‌ ഉണ്ടാക്കി. അവന്‍ അതുകൊണ്ട് സിനിമ കാണും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഈ പണം കൊണ്ട് ഞാന്‍ മുട്ട തിന്നും എന്ന്. അങ്ങനെ അഞ്ചുരൂപയുടെ പച്ചനിറമുള്ള നോട്ട് എന്റെ പാഠപുസ്തകത്തില്‍ സൂക്ഷിച്ച ശേഷം ഞാന്‍ അമ്മയുമായി ഈ ഡീല്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. അമ്മ നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ വേണം കാര്യം അവതരിപ്പിക്കാന്‍. ഇല്ലെങ്കില്‍ പണി പാളും എന്നെനിക്ക് അറിയാമായിരുന്നു. കാരണം രൂപയുടെ സോഴ്സ് അമ്മ ചോദിക്കും!
ഒരു ദിവസം ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് അമ്മ പുറത്തിരുന്ന് എന്തോ ചെറിയ ജോലി ചെയ്യുന്ന സമയത്ത് ഞാന്‍ അവിടെ ചെന്നു. അമ്മയുടെ മുഖഭാവത്തില്‍ നിന്നും ആള് ദേഷ്യത്തിലല്ല എന്ന് മനസിലായതോടെ ഞാനൊന്നു മുരടനക്കി.
“അമ്മെ...ഈ കുഞ്ഞച്ചായന്‍ എത്ര പൈസയ്ക്കാ മുട്ട വാങ്ങുന്നത്?’ ഞാന്‍ ചോദിച്ചു.
“മുപ്പത്..ഉം എന്താ” എന്നെ നോക്കാതെയാണ്‌ ചോദ്യം.
“മുപ്പത്തിയഞ്ചു പൈസ ഒരു മുട്ടയ്ക്ക് തന്നാല്‍ അമ്മ ആ മുട്ട അയാള്‍ക്ക് കൊടുക്കാതെ ഇയാള്‍ക്ക് കൊടുക്കുമോ?”
“ആരു തരും അത്രേം വില..അയാള്‍ ആയിട്ടാ അത്ര തരുന്നത്”
“ഞാന്‍ തരും. അമ്മ ഒരു ദിവസം ഒരു മുട്ട എന്ന ക്രമത്തില്‍ എനിക്ക് തിന്നാന്‍ തന്നാല്‍, മുപ്പത്തിയഞ്ചു പൈസ വച്ചു ഞാന്‍ തരും”
അമ്മ എന്നെ ഒന്ന് നോക്കി. ഏതു സമയത്തും ഓടാനുള്ള തയാറെടുപ്പില്‍ ആണ് ഞാന്‍ നിന്നിരുന്നത്. തള്ളയുടെ സ്വഭാവം മാറുന്നത് എപ്പോഴാണ് എന്ന് പ്രവചിക്കുക അസാധ്യം.
“നീയോ? അതിനു നിന്റെല്‍ എവിടുന്നാടാ കാശ്” നോട്ടത്തിനൊടുവില്‍ ചോദ്യമെത്തി.
“ഞാന്‍ പറങ്ങാണ്ടി പെറുക്കി വിറ്റതാ..ഇവിടുതെയല്ല..റോഡില്‍ ഒക്കെ കിടക്കുന്നത് പെറുക്കി കൂട്ടി വിറ്റതാ” സോഴ്സ് കൃത്യമായി പറഞ്ഞില്ലെങ്കില്‍ പോലീസിനേക്കാള്‍ മൃഗീയമായി പീഡിപ്പിക്കുന്ന അമ്മയോട് ഞാന്‍ ഉള്ള സത്യം അങ്ങ് പറഞ്ഞു.
“വല്ലോന്റേം പറങ്ങാണ്ടി പെറുക്കി അവര് നിന്നെ എടുത്തിട്ടു മെതിക്കരുത്..”
“ഞാന്‍ റോഡില്‍ കിടന്നതാ പെറുക്കിയത്..അമ്മ മുട്ട തരുമോ ഇല്ലയോ” എനിക്ക് അതായിരുന്നു അറിയേണ്ടത്.
“കാശു കൊണ്ടുവാ..തരാം..” അമ്മ പറഞ്ഞു.
ഞാന്‍ ഓടിച്ചെന്ന് കാശെടുത്ത് കൊണ്ടുവന്ന് അമ്മയ്ക്ക് കൊടുത്തു. അമ്മ അത് വാങ്ങി മടിയില്‍ വയ്ക്കുകയും ചെയ്തു. അന്നും, അതിനടുത്ത ദിവസവും അമ്മ എനിക്ക് ഓരോ മുട്ടകള്‍ വീതം തന്നു. മൂന്നാം ദിവസം മുട്ടയ്ക്ക് ഞാന്‍ ചെന്നപ്പോള്‍ അമ്മ എന്ന ഓടിച്ചു.
“പോടാ ചെറുക്കാ..ഇവിടെ അരി മേടിക്കാന്‍ കാശില്ല..അപ്പഴാ അവന്റെ ഒരു മുട്ടതീറ്റി”
അമ്മ എന്നോട് തട്ടിക്കയറി. വന്‍ ചതിക്ക് ഇരയയിത്തീര്‍ന്ന ഞാന്‍ സംഭവിച്ച നഷ്ടത്തില്‍ ദുഖിച്ചു പുറത്തിറങ്ങി. കുഞ്ഞച്ചായന്‍ നല്‍കുന്ന വിലയ്ക്കാണ് എങ്കില്‍ പതിനഞ്ചു മുട്ടകള്‍ എനിക്ക് കിട്ടേണ്ടതാണ്. അമ്മയുമായി ഞാനുണ്ടാക്കിയ കരാര്‍ പ്രകാരം പതിന്നാലു മുട്ടകള്‍ എങ്കിലും ന്യായമായും തരേണ്ട സ്ഥാനത്ത് വെറും രണ്ടു മുട്ടകള്‍ തന്നിട്ട് എന്നെ ഭീഷണിപ്പെടുത്തി ഓടിച്ചിരിക്കുന്നു! എന്നിലെ പ്രതികാരദാഹി ഉണര്‍ന്നു. അമ്മയുടെ ഈ ചതിക്ക് പകരം വീട്ടണം! വീട്ടിയെ പറ്റൂ. അങ്ങനെ ഞാന്‍ മുറിഞ്ഞു പോയ എന്റെ മുട്ടതീറ്റിക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി നടക്കുമ്പോള്‍ ആണ്, തരികിടകളില്‍ ഉസ്താദ് ആയ എന്റെ സുഹൃത്തിന്റെ സുഹൃത്ത് ഒരു മാര്‍ഗ്ഗവുമായി എത്തുന്നത്.
“നിനക്ക് പച്ചമുട്ട ഇഷ്ടമാണോ” അവന്‍ എന്നോട് ചോദിച്ചു.
“തിന്നിട്ടില്ല..മുട്ട പച്ചയ്ക്ക് തിന്നാമോ?”
“പുഴുങ്ങിയാലെ നല്ല രുചി കിട്ടൂ..പക്ഷെ മുട്ട പച്ചയ്ക്ക് ആണ് കഴിക്കേണ്ടത്..അതാണ്‌ ആരോഗ്യത്തിന് നല്ലത്..കഴിക്കാം എങ്കില്‍ ഞാനൊരു വഴി പറഞ്ഞു തരാം. നിന്റെ അമ്മ അറിയത്തില്ല സംഗതി..”
പച്ചയെങ്കില്‍ പച്ച; എനിക്ക് മുട്ടയും തിന്നണം അമ്മയോട് പ്രതികാരവും ചെയ്യണം. ഞാന്‍ മൂളി.
“നീ കോഴി ഇടുന്ന സമയത്ത്, നിന്റെ അമ്മ അതെടുക്കാന്‍ വരുന്നതിനും മുന്‍പേ മുട്ട എടുക്കുക. എന്നിട്ട് സൂചികൊണ്ട് അതില്‍ ഒരു കിഴുത്ത (ദ്വാരം) ഇടണം. തീരെ ചെറിയ കിഴുത്തയെ ആകാവൂ. അതിലൂടെ മെല്ലെ മെല്ലെ വലിച്ചു കുടിക്കണം. അഥവാ വലിച്ചിട്ട് വന്നില്ല എങ്കില്‍ അതേപോലെ ഒരു ചെറിയ കിഴുത്ത കൂടി ഇടുക. സുഖമായി അതിലൂടെ നിനക്ക് മുട്ട വലിച്ചു കുടിക്കാം. കുടിച്ചിട്ട് തോട് അതേപോലെ അവിടെ വച്ചേക്കണം. നിന്റെ അമ്മ വന്നെടുക്കുമ്പോ മുട്ടയുണ്ട്‌..പക്ഷെ ഉള്ളില്‍ ഒന്നുമില്ല എന്നറിയും..കോഴിക്ക് വല്ല അസുഖമോ മറ്റോ ആണെന്ന് അമ്മ കരുതിക്കോളും”
അവന്‍ ഓപ്പറേഷന്‍ മെത്തേഡ് വിശദീകരിച്ചിട്ട് എന്നെ നോക്കി. ഞാന്‍ സമ്മതത്തോടെ തലയാട്ടി. അങ്ങനെ ഞാന്‍ ഈ മാര്‍ഗ്ഗത്തിലൂടെ മുട്ടകുടി തുടങ്ങി. സംഗതി വന്‍ വിജയമായിരുന്നു. പക്ഷെ അമ്മയ്ക്ക് കോഴിയുടെ ഈ ഉള്ളു പൊള്ളയായ മുട്ടയിടലില്‍ സംശയം തോന്നിത്തുടങ്ങിയിരുന്നത് ഞാനറിഞ്ഞിരുന്നില്ല. പലരുമായും ഈ വിഷയം അമ്മ ചര്‍ച്ചയും ചെയ്യുന്നുണ്ടായിരുന്നു. മുട്ടയിലെ ദ്വാരം അമ്മയ്ക്ക് കാണാന്‍ സാധിക്കുന്ന്തിലും ചെറുതായതിനാല്‍ ഞാന്‍ സുരക്ഷിതമായി ഓപ്പറേഷന്‍ പൂര്‍വാധികം ശക്തിയോടെ തുടരുകയും, അതില്‍ ആത്മവിശാസം കലര്‍ന്ന ഒരു അഹങ്കാരം ഉണ്ടാകുകയും ചെയ്തു. തല്‍ഫലമായി അല്പം അശ്രദ്ധയോക്കെ എന്റെ പക്കല്‍ നിന്നു സംഭവിക്കാനും തുടങ്ങിയത് ഞാന്‍ അറിഞ്ഞില്ല.
അങ്ങനെ ഒരു ദിവസം പതുങ്ങി നിന്നു മുട്ട വലിച്ചു കുടിക്കുമ്പോള്‍, എന്റെ കാല്‍മുട്ടിന് താഴെ പിന്നിലായി ഏതോ മാരകവസ്തു വന്നു പതിച്ചത് ഞാനറിഞ്ഞു. അതിന്റെ ഒപ്പം എന്റെ പെങ്ങളുടെ ചിരിയും കേട്ട ഞാന്‍ വേദന കൊണ്ട് പുളഞ്ഞ് രണ്ടടി മേലോട്ട് ചാടിപ്പോയി. അമ്മ കൈയില്‍ ഒരു വടിയുമായി സംഹാരരുദ്രയെപ്പോലെ പിന്നില്‍ നില്‍പ്പുണ്ടായിരുന്നു. എന്നെ നിര്‍ദ്ദയം ഒറ്റുകൊടുത്ത പെങ്ങള്‍ വിജയിയെപ്പോലെ ചിരിച്ചുകൊണ്ട് തൊട്ടടുത്തും. വീണ്ടും വടി അന്തരീക്ഷത്തിലേക്ക് ഉയരുന്നത് കണ്ടു ഞാനോടിയ ഓട്ടം സ്ഥിരമായി പരിശീലിച്ചിരുന്നു എങ്കില്‍, നിങ്ങളാരും ഈ ഉസൈന്‍ ബോള്‍ട്ടിനെയൊന്നും കണ്ട് ഒരിക്കലും ഞെട്ടില്ലായിരുന്നു.

Samuel
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo