രണ്ടു കടലുകൾ
ആഷ് അന്ന് രാത്രി ഡയറിയിൽ ഇങ്ങിനെ എഴുതി:
" നൂറാ.... നീ അരികിൽ ഇല്ലാത്ത ആദ്യത്തെ രാത്രി. നിന്റെ ചുടു നിശ്വാസം കഴുത്തിനു പിറകിൽ പുളകം കൊള്ളിക്കാതെ ഞാൻ എങ്ങിനെ ഉറങ്ങും ? നിന്റെ കവിളിൽ എനിക്ക് മാത്രമായി വിരിഞ്ഞിരുന്ന നിശാഗന്ധി നുകരാതെ ഞാൻ എങ്ങിനെ ഉണരും ? വിരഹാർദ്രയായ മരുഭൂമിയെ വരിഞ്ഞുമുറുക്കാൻ മരുക്കാറ്റ് ആഞ്ഞു വീശുന്നതിന്റെ നേർത്ത സീൽക്കാരം പുറത്ത് ഞാൻ കേൾക്കുന്നു . ഇവിടെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകൾ അറബിക്കടലിന്റെ ആഴങ്ങളും താണ്ടി നിന്നിലേക്ക് തന്നെ മടങ്ങുകയാണ്.. "
ശബ്ദമുണ്ടാക്കാതെ ആഷ് ഡയറി മടക്കി കട്ടിലിനടിയിലെ ബാഗിൽ വെച്ചു. ആകെയുണ്ടായിരുന്ന നൈറ്റ് ലാമ്പിന്റെ അരണ്ട വെളിച്ചവും കെടുത്തി കട്ടിലിലേക്ക് ചാഞ്ഞു. പ്രവാസ നഗരം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ അപ്പോഴും ആടിത്തിമർക്കുകയായിരുന്നു. ആദ്യമായ് വീട് വിട്ടു വന്ന ആഷ് നാളെമുതൽ ഈ മായാലോകത്തിന്റെ പതിനായിരക്കണക്കിന് കണ്ണികളിൽ ഒരാളായി തീരുകയാണ്.
അപ്പോൾ നൂറ അവളുടെ നോട്ടു ബുക്കിൽ ഇങ്ങിനെ എഴുതി: :
"” ആഷ് .. ഇരുട്ടിൽ ഞാൻ ആകാശം കാണാറുള്ള നിന്റെ കണ്ണുകളെ തിരയുകയാണ് ഞാനിപ്പോൾ . അറബിക്കടൽ കടന്നു നീ പോയപ്പോൾ അതിന്റെ നീലിമ കൂടുക മാത്രമേ ചെയ്തുള്ളൂ. പുറത്തു നേർത്ത മഴ പെയ്യുന്നതിന്റെ ആരവം ഞാൻ കേൾക്കുന്നു. രാക്കിളികൾ ഇനിയും ഉറങ്ങാതെ നമ്മുടെ കിളയരികിലുള്ള വാഗ മരച്ചില്ലയിൽ പാടുന്നു . എന്റെ ഹൃദയം കടമെടുത്തപോലെ അവ മീട്ടുന്നത് മുഴുവൻ വിരഹ രാഗങ്ങളാണ്. ആഷ്..നീ അരികിൽ ഉണ്ടാവുമ്പോൾ രാത്രിയുടെ യാമങ്ങൾ എത്ര പെട്ടെന്നായിരുന്നു കൊഴിഞ്ഞു വീണിരുന്നത് ? പക്ഷെ ഈ രാവ് പോലെ ഒരിക്കലും അവസാനിക്കാത്ത ഒരു രാവ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല നിന്റെ കൈകളിൽ എന്നെ കോരിയെടുക്കാൻ ഇനി ഞാൻ എത്ര യുഗങ്ങൾ കാത്തിരിക്കണം?! "
"” ആഷ് .. ഇരുട്ടിൽ ഞാൻ ആകാശം കാണാറുള്ള നിന്റെ കണ്ണുകളെ തിരയുകയാണ് ഞാനിപ്പോൾ . അറബിക്കടൽ കടന്നു നീ പോയപ്പോൾ അതിന്റെ നീലിമ കൂടുക മാത്രമേ ചെയ്തുള്ളൂ. പുറത്തു നേർത്ത മഴ പെയ്യുന്നതിന്റെ ആരവം ഞാൻ കേൾക്കുന്നു. രാക്കിളികൾ ഇനിയും ഉറങ്ങാതെ നമ്മുടെ കിളയരികിലുള്ള വാഗ മരച്ചില്ലയിൽ പാടുന്നു . എന്റെ ഹൃദയം കടമെടുത്തപോലെ അവ മീട്ടുന്നത് മുഴുവൻ വിരഹ രാഗങ്ങളാണ്. ആഷ്..നീ അരികിൽ ഉണ്ടാവുമ്പോൾ രാത്രിയുടെ യാമങ്ങൾ എത്ര പെട്ടെന്നായിരുന്നു കൊഴിഞ്ഞു വീണിരുന്നത് ? പക്ഷെ ഈ രാവ് പോലെ ഒരിക്കലും അവസാനിക്കാത്ത ഒരു രാവ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല നിന്റെ കൈകളിൽ എന്നെ കോരിയെടുക്കാൻ ഇനി ഞാൻ എത്ര യുഗങ്ങൾ കാത്തിരിക്കണം?! "
നൂറ നോട്ടുബുക് മടക്കി വെച്ചു. അതിലെ നീല മഷിയക്ഷരങ്ങൾ കരഞ്ഞു കലങ്ങി ചുവന്നുപോയി. അവൾ ജനൽ പാളികൾ മെല്ലെ തുറന്നിട്ടു. പുറത്തു പെയ്യുന്ന നേർത്ത മഴ അക്ഷമനായി അകത്തേക്ക് വന്നു തണുത്തു വിറച്ച അവളുടെ കരങ്ങളെ കവരാൻ വെറുതെ മോഹിച്ചു. ജനാലയിലൂടെ അവൾക്ക് നാട്ടുപാത ഇപ്പോഴും നേർത്തു കാണാം. ദൂരെ കുന്നിൽ മുകളിലെ കൂറ്റൻ മരങ്ങളും. അത് കഴിഞ്ഞാൽ അപ്പുറം കടലാണ്. കടൽ കടന്നാൽ അവിടെ ആഷ് കാത്തു നിൽക്കുന്നുണ്ടാവും
**********
രണ്ടു വയസ്സുകാരിയുടെ ഫോട്ടോ കയ്യിലെടുത്തു ആഷ് തന്റെ ഡയറിയിൽ ഇങ്ങിനെ എഴുതി :
**********
രണ്ടു വയസ്സുകാരിയുടെ ഫോട്ടോ കയ്യിലെടുത്തു ആഷ് തന്റെ ഡയറിയിൽ ഇങ്ങിനെ എഴുതി :
" നൂറാ.......എന്റെ മോൾ ഇനി വലുതാവേണ്ട. അവൾ ഇനി ഒരു ദിവസം പോലും വളരരുത്. ആദ്യത്തെ അവധിയിൽ ഞാനൊരു പുഴയായി ഒഴുകി നിന്നിൽ വസന്തം വിരിയിച്ചതിൽ ബാക്കിയായ അനുരാഗ മല്ലിയാണവൾ. എനിക്കവളെ ഈ പ്രായത്തിൽ എന്നും വേണം.. പിച്ച വെച്ച് നടന്നു കുറുമ്പ് കാട്ടുന്ന, കൊച്ചരി പല്ലുകൾ കാണിച്ചു കണ്ണുകൊണ്ടു ചിരിക്കുന്ന ഈ മോളെ എനിക്ക് എന്നും ഇതുപോലെ വേണം... ഞാനിത് എഴുതുന്നത് തൂലിക കൊണ്ടല്ല. ഹൃദയ ധമനികളിൽ ഏതോ ഒന്ന് മുറിച്ചെടുത്തു ചോരയുടെ ചൂടിൽ നിന്നിലേക്ക് എയ്തുവിടുന്ന അസ്ത്രങ്ങളാണ് ഇവ. നിനക്ക് വേദനിക്കും എന്നെനിക്കറിയാം. പക്ഷെ നീ അല്ലാത്തൊരു കേൾവിക്കാരി എനിക്കില്ലല്ലോ. . നൂറാ...എന്റെ പ്രവാസം അവസാനിക്കുന്നത് വരെ അവൾ ഇനി വളരരുത്.... “
മരുഭൂമിയിലേക്ക് കടൽകാറ്റ് ആഞ്ഞുവീശി. ആ കാറ്റിൽ ആഷിന്റെ കണ്ണീർ മേഘങ്ങൾ മോളുടെ ചിത്രത്തിലേക്ക് പെയ്തിറങ്ങി. ഊർന്നു വീഴാൻ പോകുന്ന ഫോട്ടോ നെഞ്ചോട് ചേർത്തു ആഷ് മുറിക്ക് വെളിയിൽ ഇറങ്ങി. പിന്നെ കാറ്റിനെ വകഞ്ഞു മാറ്റി അതിവേഗം കടൽക്കരയിലേക്ക് നടക്കാൻ തുടങ്ങി.....
അപ്പോൾ നൂറ അവളുടെ നോട്ട് ബുക്കിൽ ഇങ്ങിനെ എഴുതി.
"ആഷ്.. എനിക്കറിയാം നിനക്കിപ്പോൾ ഒരു മരുഭൂമിയും ഒരു കടലും കടക്കാൻ ഉണ്ടെന്ന്. ഞാനെന്ന വിരഹഭൂമിയും മോളെന്ന കണ്ണീർക്കടലും. ആഷ്, ഒരു വർഷത്തിന്റെ വേർപാട് കഴിഞ്ഞു നീ എന്നിൽ അണഞ്ഞ ആ ദിവസത്തിന്റെ ഓര്മയിലാണ് ഞാൻ ജീവിക്കുന്നത്. അനുരാഗം അഗ്നിപർവതം പോലെ ആളിക്കത്തിയ സായം സന്ധ്യകൾ, നിന്റെ വിരൽ തുമ്പിൽ കത്തിച്ചുവെച്ച തീവിളക്ക് എന്റെ കവിളുകളെ കരിച്ചു കളഞ്ഞ പുലർകാല യാമങ്ങൾ, എന്റെ മടിത്തട്ട് നിന്റെ മെത്തയായി മാറിയ നട്ടുച്ച നേരങ്ങൾ ....ഞാൻ ഒന്നും മറക്കുന്നില്ല...ഇപ്പോൾ എന്റെ മാറിൽ കരഞ്ഞു തളർന്നുറങ്ങുന്ന കണ്മണി എന്റെ ഒരു കണ്ണിലേക്ക് നോക്കിയിരിക്കുമ്പോൾ മറ്റേ കണ്ണിലേക്ക് നോക്കിയിരിക്കാൻ നീ കൂടെ എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ, വെറുതെ മോഹിച്ചു പോവുകയാണ്....”
ശക്തമായൊരു ഇടിവെട്ട് മേൽക്കൂരയെ പ്രകമ്പനം കൊള്ളിച്ചു. മഴ തിമർത്തു പെയ്യാൻ തുടങ്ങി. ആകാശച്ചെരുവിൽ നിന്ന് അടർന്നുപോയ നക്ഷത്രപൂക്കൾ കുന്നിൽ മുകളിലെ മഹാഗണി മരങ്ങൾക്ക് മീതെ വേദനയോടെ വീണു. കവിളിലൂടെ കുത്തിയൊഴുകുന്ന കണ്ണീരിൽ മോളെയും ചേർത്തു പിടിച്ചു നൂറ വീടിന്റെ വെളിയിലേക്കിറങ്ങി. വാഗ മരത്തിൽ ഒറ്റക്കായിപ്പോയൊരു രാക്കിളി അപ്പോഴും വിതുമ്പി കരഞ്ഞുകൊണ്ടിരുന്നു.
മഴയെയും മിന്നലിനെയും പിന്നിലേക്ക് തള്ളി നൂറ കുന്നിനെ ലക്ഷ്യമാക്കി വേഗം നടക്കാൻ തുടങ്ങി. നനവാർന്ന അവളുടെ ചുണ്ടുകൾ അപ്പോഴും ഇങ്ങിനെ മന്ത്രിച്ചു കൊണ്ടിരുന്നു :
"..ഈ കുന്നിനപ്പുറം കടലാണ്. കടലിനപ്പുറം ആഷ് കാത്തു നിൽക്കുന്നുണ്ട്.. ആഷ് കാത്തു നിൽക്കുന്നുണ്ട് ....ആഷ് ..."
harish

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക