വിഷമവൃത്തം
................................................................
................................................................
വർത്തമാനകാലത്തിന്റെ കഥയെഴുതാനായി അയാൾ തന്റെ തൂലിക കൈയ്യിലെടുത്തു. പൂർത്തിയാവാത്ത കഥാപാത്രങ്ങൾ പൂർണ്ണതയാചിച്ചു കൊണ്ട് അയാളുടെ തലക്കു മുകളിൽ കിടന്ന് കറങ്ങാൻ തുടങ്ങി.
തൊട്ടടുത്ത പ്രസ്സിൽ നിന്നും സായാഹ്ന പത്രത്തിനു വേണ്ടിയുള്ള അക്ഷരങ്ങൾ മഷി പുരട്ടി നിലവിളിച്ചു കൊണ്ടിരുന്നു.
മൂടികെട്ടിയ കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് തന്റെ സാനിധ്യമറിയിക്കാൻ ശ്രമിക്കുന്ന സൂര്യനെ പ്പോലെ ചുറ്റുപാടിൽ നിന്നും പലതും അയാളുടെ ചിന്തകളിലേക്കുള്ള സ്വാംശീകരണത്തിനായി കാത്തു കെട്ടി കിടന്നു.
വക്കീൽ ദാസന്റെ വീട്ടിൽ അടിച്ചു തളിക്കാരിയായി പോവുന്ന സീതയുo ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ജാമ്യം നിഷേധിച്ചു കഴിയുന്ന ഭർത്താവും .
ജീവിതത്തിന്റെ നല്ല കാലം ആ വീട്ടിലെ കരിയടുപ്പിന് മുന്നിൽ ആയിട്ടും ജാമ്യത്തിന് ശ്രമിക്കാത്ത യജമാനന് മുന്നിൽ കൂലിയായി കിട്ടിയ നോട്ടുകൾ വലിച്ചെറിഞ്ഞു വന്ന സീതയെ വർത്തമാനകാലത്തിലെ കണ്ണകിയായി അയാൾ സങ്കല്പ്പിച്ചു നോക്കി.
സ്വന്തം പാതിവൃത്യത്തിന്റെ ശക്തിയിൽ മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയുടെ കണ്ണുകളിലുണ്ടായിരുന്ന പ്രതികാരാഗ്നിക്കു പകരം സീതയുടെ കണ്ണുകളിലെ ദൈന്യഭാവം അയാളെ ഉദ്യമത്തിൽ നിന്നും പിൻതിരിച്ചു.
ചെറു ചട്ടികളിലായി കിളിർത്തു പൊങ്ങിയ ആന്തൂറിയത്തിലും വാനിലയിലയിലും കറങ്ങി തിരിഞ്ഞു കളിക്കുന്ന തുമ്പിയുടെ ചുണ്ടിൽ മധുനുകരാൻ പറ്റാത്തതിന്റെ നൈരാശ്യം
ഉള്ളതുപോലെ അയാൾക്ക് തോന്നി.
ഉള്ളതുപോലെ അയാൾക്ക് തോന്നി.
ഫാനിന്റെ കറക്കത്തിനൊപ്പം ചുറ്റുപാടുമുള്ളവരെ അയാൾ മനസ്സിലേക്കാവാഹിക്കാൻ ശ്രമം നടത്തി.
എല്ലാത്തിനും മറ്റുള്ളവരെ ശപിച്ചു കൊണ്ടിരിക്കുന്ന ഗ്രേസ്സി ആന്റി ,ഭാര്യയുടെ പിറകിൽ ഒതുങ്ങി നടക്കുന്ന ആന്റോ മാഷ്, കാലിന് മന്ത് പിടിച്ച് ആത്മഹത്യ ചെയ്യാൻ പുറപ്പെട്ടു മക്കളുടെ സ്നേഹത്തിന് മുന്നിൽ കീഴടങ്ങിയ ഗോപാലൻ നായർ, തന്റെ ഭാര്യയെ ഏറു കണ്ണിട്ട് നോക്കി ഉറക്കം കെടുത്തിയ പാരലൽ കോളേജ് മാഷ്, പത്തു മക്കളുള്ള പ്രാരാബ്ധക്കാരനായ പോക്കർ.
ഈയിടെ സ്ഥലം മാറി വന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും രവീന്ദ്രനാഥ ടാഗോറിന്റെ ജന്മസ്ഥലമായ ഠാക്കൂർ ബാഡി നിവാസിയും ആയ മദ്ധ്യവയസ്സൻ രാജ് ഘോഷും സുന്ദരിയും യുവതിയുമായ ഭാര്യ ജയാഘോഷും വരെ അയാളുടെ ചിന്തകളെ വലം വെച്ച് സഞ്ചരിച്ചു.
വൈത്തീശ്വരൻ കോവിലിലെ നാഡീ ജ്യോതിഷത്തിന്റെ അത്ഭുതങ്ങൾ പറഞ്ഞ് തന്നെ വിസ്മയിപ്പിച്ച ഹോമിയോ ഡോക്ടറും അദ്ധ്യാപകനും സഹപ്രവർത്തകനും ആയ രാംദാസ് മാഷും , മാഷുടെ മക്കളുടെ പേരും പൂർവ്വ കാമുകിയുടെ പേരും വരെ പറഞ്ഞ നാഡീ ജ്യോതിഷിയും മനസ്സിൽ കഥാപാത്രങ്ങളാവാനുള്ള ചലനങ്ങൾ ഉണ്ടാക്കിയില്ല
ഗോരഘ്പൂരും വാരാണസിയും കേരളക്കരയിലെ സോളാറും ലാവ്ലിനും അയാളുടെ മനസ്സിലൂടെ തെന്നി മാറി.
എഴുതി പൂർത്തിയാവാത്ത കഥാപാത്രങ്ങൾ വിഷമവൃത്തത്തിൽ ആക്കിയപ്പോൾ
പേന അടച്ചു വെച്ച് അയാൾ കട്ടിലിലേക്ക് ചാഞ്ഞു.
പേന അടച്ചു വെച്ച് അയാൾ കട്ടിലിലേക്ക് ചാഞ്ഞു.
പാതിമയക്കത്തിൽ ആശുപത്രി വരാന്തയിലെ ആർത്തനാദങ്ങളും ജീവനറ്റ കുഞ്ഞു ശരീരങ്ങളും നിറഞ്ഞു നിന്നു..
പ്രാണവായുവിന്റെ അഭാവത്തിൽ നീലിമയാർന്ന കുഞ്ഞു ശരീരങ്ങൾ വിടരും മുൻപേ കൊഴിഞ്ഞു വീണ ഇതളുകൾ പോലെ നിശ്ചലമായി കിടന്നു.
തൊട്ടപ്പുറത്തെ തമിഴ് കോളനിയിൽ നിന്നുമുള്ള ശംഖ നാദം അയാളുടെ ഉറക്കത്തെ തടസ്സപ്പെടുത്തി. മങ്ങിയ വെളിച്ചത്തിൽ ചുവരിൽ തെളിഞ്ഞ അമൂർത്തങ്ങളായ ചിത്രങ്ങൾ നോക്കി അയാൾ കിടന്നു.
ശംഖനാദം മുഴങ്ങിക്കൊണ്ടിരുന്നു. ആരോ മരണപ്പെട്ടിരിക്കുന്നു. താഴെ അടുക്കളയിൽ നിന്നുള്ള പാത്രങ്ങളുടെ ശബ്ദവും ഇപ്പോൾ കേൾക്കാനില്ല. വീടൊരു സ്മശാനഭൂമി പോലെ തോന്നി അയാൾക്ക്.
വായിച്ച കഥാപാത്രങ്ങളും എഴുതി അപൂർണ്ണമാക്കിയവയും അയാൾക്ക് ചുറ്റും വലയം വെക്കാൻ തുടങ്ങി.
ശവമഞ്ചം ശ്മശാനത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ആത്മാവിനെ സന്തോഷത്തോടെ യാത്രയാക്കാനുള്ള ബാന്റ് മേളവും നൃത്തച്ചുവടുകളും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി.
മോന്റെ സ്കൂൾ കെട്ടിടത്തിന് സമീപത്തുള്ള കോവിലിന് മുന്നിൽ പൂ കെട്ടി കൊണ്ടിരുന്ന പൂക്കാരിയും മോനും അയാളുടെ ചിന്തകളിലേക്ക് വന്നു.
സ്ക്കൂളിനു മുന്നിലെ ബലൂൺ വില്പനക്കാരനും, ഹൈഡ്രജൻ ബലൂണുകൾ കാറ്റത്ത് നീന്തുന്ന പട്ടങ്ങൾ പോലെ ഇടകിയാടുമ്പോൾ ചലനത്തിനനുസരിച്ച് തലയാട്ടി കൊണ്ടിരിക്കുന്ന പൂക്കാരിയുടെ കുട്ടിയും.
പൂക്കാരിയിലേക്ക് അയാൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ കാഴ്ച്ചയിൽ അവൾ കറുത്തിട്ടാണ്. സൂക്ഷ്മ പരിശോധനയിൽ അവൾ അയാളേക്കാൾ വെളുത്തിട്ടാണെന്ന് മനസ്സിലായി. ജീവിത പ്രാരാബ്ധം അവൾക്ക് കൊടുത്ത മറയാണ് കറുപ്പെന്ന് മനസ്സിലായി.
ഓലക്കുടിലിനു മുൻപിൽ
ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയായി അവളെ കണ്ടു. ഒട്ടിയ കവിളിൽ കണ്ണുനീരിനു പോലും ക്ഷാമമായി തോന്നി.ഉയർന്ന് പൊങ്ങുന്ന നിശ്വാസങ്ങൾ മാത്രം.
ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയായി അവളെ കണ്ടു. ഒട്ടിയ കവിളിൽ കണ്ണുനീരിനു പോലും ക്ഷാമമായി തോന്നി.ഉയർന്ന് പൊങ്ങുന്ന നിശ്വാസങ്ങൾ മാത്രം.
മുഴുക്കുടിയനായ ഭർത്താവിന്റെ പ്രഹരങ്ങൾ ഏറ്റുവാങ്ങിയ കവിൾ തടങ്ങളും കൈകാലുകളും രക്തം കട്ടപിടിച്ച പാടുപോലെ കാണപ്പെട്ടിരുന്നു. അയാളുടെ മടങ്ങിപ്പോക്ക് അവളിലെ സ്ത്രീക്കൊരു ആശ്വാസം തന്നെ.
ബാന്റ് മേളത്തിൽ മടങ്ങിയ ആത്മാവ് അയാളുടേത് തന്നെ.
ബാന്റ് മേളത്തിൽ മടങ്ങിയ ആത്മാവ് അയാളുടേത് തന്നെ.
കാണുന്നവർക്കെല്ലാം കടം കൊടുത്ത് തിരിച്ചു കിട്ടാതെ വിലപിക്കുന്ന കടക്കാരൻ ഖാദർക്കായുടെ ദയനീയ മുഖവും അയാൾ ചികഞ്ഞെടുത്തു.
വീണ്ടും പേനകൈയ്യിലെടുത്തു , അന്നത്തെ ചിന്തകളെ ഒരോന്നായി വിശകലനം ചെയ്യാൻ തുടങ്ങി. ഇവരൊക്കെ തന്നെയാണ് വർത്തമാനകാലത്തിന്റെ കഥാപാത്രങ്ങൾ.
അപ്പൂപ്പൻ സമ്മാനിച്ച പെൻഡുലം ക്ലോക്ക് പന്ത്രണ്ട് തവണ ശബ്ദമുണ്ടാക്കി.
എഴുതി മുഴുമിപ്പിക്കാത്ത കഥാപാത്രങ്ങൾ അപ്പോൾ നിശബ്ദരായി ഊഴം കാത്തു കിടന്നു.
(കവിതസഫൽ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക