Slider

ഭാര്യ - 1

0
ഭാര്യ
----------
ഡാ... ഹരീ... നീ ഒന്നെഴുന്നേറ്റു ചെല്ല്. അവിടെ ആ രാഘവേട്ടൻ വന്നിരിക്കുന്നു. ഇപ്പോഴും ഇങ്ങനെ മുറിക്കകത്ത് അടച്ചിരിക്കാതെ അയാളുടെ കൂടെ പോയിട്ട് വാ...
അമ്മയുടെ വാക്കുകളെ ഒരു നീരസത്തോടെയാണ് ഹരി കേട്ടത്. രാഘവേട്ടന്റെ കൂടെ പോകേണ്ടത് പെണ്ണ് കാണാനാണ്. സന്തോഷത്തോടു കൂടി പോകാൻ ഇത് ഹരിയുടെ ആദ്യ വിവാഹം അല്ല. ഹരിയുടെ ഭാര്യ അഞ്ജലി മരിച്ചിട്ട് മൂന്ന് മാസം ആയതേ ഉള്ളു. മകൻ കിച്ചു ബെഡിൽ ശാന്തനായി ഉറങ്ങുന്നു. അമ്മയുടെ വിയോഗം ഒന്നും അറിയാനുള്ള പ്രായം അവന് ആയിട്ടില്ലലോ.
ഹരി മകന്റെ മുഖത്തേക്ക് നോക്കി. മുലപ്പാൽ നുണയാൻ പോലും ഭാഗ്യമില്ലാത്ത കുഞ്ഞ്. ഇവൻ ശരിക്കും ഒരു ഭാഗ്യദോഷി തന്നെ. അച്ഛന്റെ സ്നേഹം നൽകാൻ താനുണ്ടെങ്കിലും ഒരമ്മയുടെ സ്നേഹം കൂടി ഇവന് അനിവാര്യമാണ്. അതുകൊണ്ടാണ് താനിപ്പോൾ വീണ്ടും ഒരു വിവാഹത്തിന് നിർബന്ധിതനായത്. ഒട്ടും താല്പര്യം തോന്നുന്നില്ല. പക്ഷെ വേണം. പോകണം. ഹരി വേഷം മാറി യാത്രയായി.
രാഘവേട്ടന്റെ കൂടെ നടക്കുമ്പോളും ഹരിയുടെ ചിന്ത മകനിലായിരുന്നു. അവനെ സ്നേഹിക്കാനും ഒരമ്മയുടെ വാത്സല്യം നൽകുവാനും ആണ് താൻ ഈ ഉദ്യമത്തിന് മുതിരുന്നത്. പക്ഷെ എന്തോ... അവന്റെ മനസ്സനുവദിക്കാത്ത പോലെ. വന്നു കയറുന്നവൾ കുഞ്ഞിനെ നന്നായി നോക്കുമെന്ന് എന്താ ഉറപ്പ്? കുഞ്ഞിനെ നോക്കാൻ ഒരു ആളെ ശമ്പളത്തിന് നിർത്തേണ്ട ആവശ്യമല്ലേ ഉള്ളു? പോരാത്തതിന് താനും അമ്മയും അച്ഛനും ഒക്കെ ഉണ്ടല്ലോ.. ഈ വിധം പലതരം ചിന്തകൾ മനസ്സിനെ പിടിച്ച് കുലുക്കിയെങ്കിലും ഹരി മൗനിയായിരുന്നതേ ഉള്ളു.
യാത്രക്കൊടുവിൽ അവൻ ആ വീടിനു മുന്നിൽ എത്തി. നല്ലൊരു വീട്. സാമാന്യം വലിപ്പമുള്ള, നീളൻ വരാന്തയോട് കൂടിയ വീട്. മുറ്റത്ത് ചെറിയ ഒരു പൂന്തോട്ടം. ഒരു കുളിർമ അവനു തോന്നാതിരുന്നില്ല. അത്ര നേരത്തെ പിരിമുറുക്കത്തിന് ഒരു അയവ് വന്ന പോലെ. യോഗ്യനായ ഒരാൾ ഇറങ്ങി വന്ന് മാന്യമായി അവരെ സ്വീകരിച്ചിരുത്തി. ഹൃദ്യമായ അവരുടെ പെരുമാറ്റം അവനെ സന്തോഷിപ്പിച്ചു. പെണ്ണിന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരനും പെണ്ണിന്റെ സഹോദരനും ഉണ്ടായിരുന്നു. വീടും പരിസരവും ആളുകളും എല്ലാം ഹൃദ്യമായിരുന്നെങ്കിലും അവന്റെ മനസ്സിലെ ആശങ്കൾ അവനെ വിട്ടൊഴിഞ്ഞില്ല.
പരസ്പരം വിശദമായ പരിചയപ്പെടലുകൾ നടന്നു. വിവാഹവും കുഞ്ഞിന്റെ ജനനവും ഭാര്യയുടെ മരണവും എല്ലാം അതിൽ വിഷയങ്ങളായി. തന്റെ ദുരവസ്ഥയിൽ ഹരിക്ക് അലോസരമുണ്ടായി. പെൺകുട്ടിയുടെ കാര്യവും തന്നിൽ നിന്നും വ്യത്യസ്തമല്ലെന്നത് അവനെ വേദനിപ്പിച്ചു. വിവാഹം കഴിഞ്ഞു പത്താം നാൾ മരണപ്പെട്ട ഭർത്താവിന്റെ ഓർമ്മയിൽ ജീവിക്കുന്നത് തന്നെക്കാൾ വേദനാജനകമായ അവസ്ഥയാണെന്ന് ഹരിക്ക് തോന്നി.
ഒടുവിൽ അവൾ വന്നു. സുന്ദരിയായ പെൺകുട്ടി. കണ്ടാൽ ആർക്കും ഇഷ്ടം തോന്നുന്ന മുഖം. വിഷാദം നിഴലിച്ച ഭാവം. ഇതാണാള്... എന്ന് രാഘവേട്ടൻ പറഞ്ഞപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാൻ അവളൊരു വിഫല ശ്രമം നടത്തി. ദൈന്യതയാർന്ന അവളുടെ മുഖം കണ്ടപ്പോൾ ഭർത്താവിന്റെ മരണം അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് തോന്നി. ഹരിക്ക് ഇഷ്ടത്തിനെക്കാളേറെ സഹതാപമാണ് തോന്നിയത്.
തനിച്ച് സംസാരിക്കാൻ അവസരം കിട്ടിയപ്പോളും അവൾ മൗനമായി നിന്നതെ ഉള്ളൂ. ആ വിഷാദം നിറഞ്ഞ കണ്ണുകൾ ഹരിയുടെ മനസ്സിനെ പിന്നെയും വേദനിപ്പിച്ചു. ചോദിയ്ക്കാൻ ഉദ്ദേശിച്ചതൊന്നും ചോദിക്കാൻ കഴിയാത്തതുപോലെ അവനു തോന്നി. ഒടുവിൽ അവൻ തന്നെ സംസാരിക്കാൻ ആരംഭിച്ചു.
ഞാൻ ഹരി.
അവൾ തെല്ലൊന്ന് മുഖമുയർത്തി. പിന്നെയും തലതാഴ്ത്തി നിന്നു.
എനിക്കൊരു മകനുണ്ട്. മൂന്നുമാസം പ്രായം അയതെ ഉള്ളു. അവന്റെ അമ്മ പ്രസവത്തിൽ ആണ്...
എനിക്കറിയാം. എന്നോട് പറഞ്ഞിരുന്നു.
വളരെ പതുക്കെ അവൾ പറഞ്ഞു. കൂടുതൽ എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു ഹരിക്ക്. പക്ഷെ എന്തുകൊണ്ടോ അവന് അതിന് സാധിച്ചില്ല.
എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?
പെട്ടെന്നൊരുത്തരം പ്രതീക്ഷിച്ചില്ലെങ്കിലും അങ്ങനെ ചോദിക്കാൻ ആണ് ഹരിക്ക് തോന്നിയത്.
അവൾ മുഖമുയർത്തി ഹരിയെ നോക്കി. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
എന്റെ ഭർത്താവ് എന്നെ വിട്ടു പോയിട്ട് ഇപ്പൊ ഒരു വർഷം കഴിഞ്ഞു. എനിക്ക് മറ്റൊരു വിവാഹത്തിന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. പക്ഷെ വീട്ടുകാർ എന്നെ വല്ലാതെ നിർബന്ധിച്ചു. ആദ്യമൊക്കെ ഞാൻ ശക്തമായി എതിർത്തിരുന്നു. പക്ഷെ പിന്നീട് തോന്നി, വേണ്ട എന്ന്. കാലക്രമേണ ഞാൻ മറ്റുള്ളവർക്കൊരു ഭാരമായേക്കും. അതുകൊണ്ടാണ് ഇപ്പോൾ ഒരു വിവാഹത്തിന് തയ്യാറായത്. പിന്നെ...
ഞാൻ ആകാംഷയോടെ അവളുടെ വാക്കുകൾ കേട്ട് നിന്നു.
ഇഷ്ടവും അനിഷ്ടവും ഒന്നും ഇപ്പൊളില്ല. എല്ലാം വിധിപോലെ വരട്ടെ എന്ന് മാത്രമേ കരുതുന്നുള്ളൂ. എല്ലാ കാര്യങ്ങളും മുതിർന്നവർ ചേർന്ന് തീരുമാനിക്കും. ഞാൻ അത് അനുസരിക്കും. അത്ര മാത്രം.
അവളുടെ വാക്കുകൾ അവളുടെ അവസ്ഥയിൽ നന്നായി യോജിക്കുന്നവയായിരുന്നു. പക്ഷെ എനിക്ക് ആ ഉത്തരം അത്ര തൃപ്തികരമായിരുന്നില്ല. ആർക്കോ വേണ്ടി എന്നെ വിവാഹം ചെയ്താൽ ഇവൾ എന്റെ കുഞ്ഞിനെ നോക്കും എന്നതിന് എന്താണുറപ്പ്?
എന്നാൽ എന്റെ അവസ്ഥയും ഇതൊക്കെ തന്നെയല്ലേ എന്ന ചിന്തയും ഹരിയെ കുഴപ്പത്തിലാക്കി. താനും സ്വന്തം താത്പര്യപ്രകാരമല്ല കല്യാണം കഴിക്കാൻ തയ്യാറായത്. വേണ്ടത് കുഞ്ഞിനൊരു അമ്മയെ മാത്രമാണ്. ഒരു ഭാര്യയെ വേണമെന്ന് ഇപ്പോൾ തോന്നുന്നില്ല. എന്ത് ചെയ്യണം എന്ന ചിന്ത ഹരിയെ ആകെ ആശയക്കുഴപ്പത്തിലാക്കി.
അവിടന്നിറങ്ങുമ്പോളും ഹരിക്ക് ഒരുത്തരം കിട്ടിയിരുന്നില്ല. വരുന്ന വഴിയിൽ രാഘവേട്ടന്റെ ചോദ്യത്തിനും ഹരിക്ക് ഉത്തരം കൊടുക്കാൻ പറ്റിയില്ല. ഇഷ്ടത്തോടെ ഈ ബന്ധം സ്വീകരിക്കാൻ ആവില്ലെന്നവൻ മനസ്സിലാക്കി. പക്ഷെ വേണ്ടെന്ന് പറയാനും എന്തുകൊണ്ടോ അവന്റെ മനസ്സ് അനുവദിച്ചില്ല.
വീട്ടിൽ ചെല്ലുമ്പോളേക്കും കുഞ്ഞ് ഉണർന്ന് കരച്ചിൽ തുടങ്ങിയിരുന്നു. മകന്റെ കരച്ചിൽ അവനെ കൂടുതൽ ആലോചനകളിലേക്ക് തള്ളി വിട്ടു. ഒടുവിൽ ഈ ആലോചനക്ക് സമ്മതം മൂളാൻ തന്നെ തീരുമാനിച്ചു.
ഒരിക്കൽ ജാതക വിധിപ്രകാരം നടത്തിയ വിവാഹങ്ങൾ ആണ് രണ്ടുപേരുടെയും. അത് രണ്ടും ദുരന്തത്തിൽ അവസാനിച്ചതുകൊണ്ട് രണ്ടാമതൊരു പരീക്ഷണത്തിന് രണ്ടു കൂട്ടർക്കും താല്പര്യം ഉണ്ടായില്ല. അത് കാര്യങ്ങൾ കുറച്ചു കൂടി വേഗത്തിലാക്കി. ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെ ആ വിവാഹം നടന്നു.
മഞ്ജുള എന്നാണവളുടെ പേര്. കാഴ്ചയിൽ സുന്ദരി. സൗമ്യമായ പെരുമാറ്റം. എല്ലാവർക്കും അവളോട് ഒരിഷ്ടം തോന്നി. വന്നത് മുതൽ അമ്മ അവളെ സ്നേഹംകൊണ്ട് പൊതിയുകയായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യ ദിവസം ആയത്കൊണ്ട് അമ്മ കിച്ചുവിനെ അമ്മയുടെ മുറിയിൽ കിടത്തി. ഞങ്ങൾക്ക് മാത്രമായി സ്വകാര്യത ഒരുക്കിത്തന്നു. പക്ഷെ ഞാനോ അവളോ അതാസ്വദിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല. എനിക്ക് അപരിചിതയായ അവൾ കൂടെയുണ്ടെന്നതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അവളുടെ സ്ഥിതി അതായിരുന്നില്ല. അപരിചിതമായ വീടും ആളുകളും ഒട്ടും സന്തോഷകരമല്ലാത്ത മാനസികാവസ്ഥയും അവളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. പലരോടും അവൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും അതിൽ അൽപം പോലും ആത്മാർഥത ഉള്ളതായി എനിക്ക് തോന്നിയില്ല. ആരും ശ്രദ്ധിക്കാത്തപ്പോൾ ആ പഴയ വിഷാദം കണ്ണുകളിൽ തളംകെട്ടി നിന്നിരുന്നു.
രണ്ടാം ആദ്യരാത്രിയിൽ പാലുമായി അവൾ വന്നപ്പോൾ ഒട്ടും തന്നെ സന്തോഷം തോന്നിയില്ല. പക്ഷെ ഒരു വിരോധവും കൂടാതെ ഞാൻ അത് വാങ്ങി പാതി കുടിച്ച് ബാക്കി അവൾക്ക് നൽകി. അതവൾ കുടിച്ചു. ഒന്നും പറയാനില്ലാതെ മൗനം ഞങ്ങൾക്കിടയിൽ നിന്ന് നൃത്തമാടി. ലക്ഷ്യബോധമില്ലാത്ത നോട്ടത്തിൽ നിന്നും ചിന്തകളും വേദനകളും അവളെയും വലക്കുന്നുണ്ടെന്ന് എനിക്ക് വായിച്ചെടുക്കാമായിരുന്നു. ഒടുവിൽ ഞാൻ തന്നെ ആ മൗനത്തെ ഭഞ്ജിച്ചു.
കിടന്നോളൂ.
അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ വന്നിരുന്നു. ഞാൻ പതിയെ ഒരു വശത്തായി കിടന്നു. മറുവശത്ത് അവളും. ഏറെ നേരം മിണ്ടാതെ കിടന്നെങ്കിലും ഉറക്കം ഞങ്ങളെ രണ്ടുപേരെയും തെല്ലും തീണ്ടിയില്ല. ഈ അവസ്ഥ കൂടുതൽ ഭയാനകമാണെന്നെനിക്ക് തോന്നി. സ്വന്തം ഭാര്യയോട് സംസാരിക്കുവാൻ പോലും കഴിയുന്നില്ലെന്നത് ഏറെ ദുഷ്കരമായ സ്ഥിതിഗതി ആയിരുന്നു. ഞാൻ തന്നെ സംസാരത്തിന്‌ തുടക്കമിട്ടു.
മഞ്ജു...
ഹും...
ഇവിടമൊക്കെ ഇഷ്ടപ്പെട്ടോ?
ഹും...
അതൊട്ടും സത്യസന്ധമല്ലാത്ത മറുപടിയാണെന്ന് എനിക്ക് തോന്നി. എങ്കിലും ഒന്നും പുറത്ത് കാട്ടിയില്ല.
ഇവിടെ എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും എന്നോട് പറയാം. പിന്നെ പുതിയ വീടും ആളുകളും സാഹചര്യങ്ങളും ഒക്കെ ആണ്. എല്ലാം പതുക്കെ പൊരുത്തപെട്ടോളും. ഒന്നും ഓർത്ത് വിഷമിക്കണ്ട. കേട്ടോ...
അവൾ തിരിഞ്ഞ് എന്നെ നോക്കി. ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
കരയുകയാണോ? എന്തുണ്ടായി?
ഒന്നുമില്ല. എനിക്ക് പെട്ടെന്ന് അച്ഛനേം എട്ടനേം ഒക്കെ ഓർമ്മ വന്നു അതാ. സാരല്യ. ഞാൻ ഇവിടത്തെ സാഹചര്യങ്ങളുമായി ഇണങ്ങി ജീവിച്ചോളാം.
ഹും...
എനിക്ക് കൂടുതലൊന്നും പറയാൻ തോന്നിയില്ല. ഞാൻ തിരിഞ്ഞ് കിടന്നു. പിന്നെയും ഏറെ നേരം എടുത്തു നിദ്രാദേവി അനുഗ്രഹിക്കുവാൻ. അത്രയും നേരം അവളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.
പിറ്റേന്ന് രാവിലെ കിച്ചുവിന്റെ കരച്ചിൽ കേട്ടാണുണർന്നത്. ഉറങ്ങാൻ താമസിച്ചു പോയതുകൊണ്ട്‌ ഉണരാനും വൈകിയിരിക്കുന്നു. ബെഡിൽ അവളില്ല. പതിയെ എണീറ്റ് ഫ്രഷായി മുറിക്ക് പുറത്തേക്ക് വന്നു. അപ്പോളേക്കും കുഞ്ഞ് കരച്ചിൽ നിർത്തിയിരിക്കുന്നു. മഞ്ജുവാണ്‌ മോനെ എടുത്തിരിക്കുന്നത്. എന്തൊക്കെയോ പറഞ്ഞ് അവൾ മോനെ പാല് കുടിപ്പിക്കുകയാണ്‌. എന്തോ അത്ഭുതം കണ്ടിട്ടെന്ന ഭാവത്തിൽ അവനും അവൾ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് ആശ്ചര്യം തോന്നി. അല്പനേരത്തേക്കെങ്കിലും അവനെ ആശ്വസിപ്പിക്കാൻ മഞ്ജുവിന് സാധിച്ചിരിക്കുന്നു.
ദിവസങ്ങൾ പോകവെ അവൾ കിച്ചുവിന്റെ അമ്മയുടെ സ്ഥാനം ഏറ്റെടുത്തു. ഒരമ്മയുടെ കർത്തവ്യങ്ങൾ അവൾ ഭംഗിയായി നടത്താൻ തുടങ്ങിയിരിക്കുന്നു. എല്ലാവരുടെയും പ്രീതി സമ്പാദിക്കാൻ അവൾക്കധികം നേരം വേണ്ടി വന്നില്ല. ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ കിച്ചുവിലും പ്രകടമായ മാറ്റങ്ങൾ കാണാൻ തുടങ്ങിയിരുന്നു.
പക്ഷെ ഏകാന്തമായ സാഹചര്യങ്ങളിൽ ആ പഴയ ദുഃഖം അവളെ തേടിയെത്തുന്നുണ്ടായിരുന്നു. ഒരു മകളായും മരുമകളായും അമ്മയായും അവൾ വീട്ടിൽ ജീവിച്ചു. അതെനിക്ക് വലിയ രീതിയിൽ തന്നെ ആശ്വാസം ഉണ്ടാക്കി. പക്ഷെ ഞങ്ങൾക്കിടയിലെ അവസ്ഥക്ക് കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. എനിക്കും അവൾക്കുമിടയിൽ കിച്ചു ഉണ്ടെന്നുള്ളത് മാനസികമായും ശാരീരികമായും അകൽച്ചക്ക് കാരണമായിരുന്നു. ആ അവസ്ഥക്ക് മാറ്റം വരാൻ ഞാനോ അവളോ ആഗ്രഹിച്ചില്ല.
വിവാഹം കഴിഞ്ഞിട്ട് ആറു മാസം കടന്ന് പോയിരിക്കുന്നു. കിച്ചുവും മഞ്ജുവും യഥാർത്ഥത്തിൽ അമ്മയും മകനും ആയിരിക്കുന്നു. അവരുടെ സ്നേഹബന്ധത്തിനിടയിൽ എനിക്ക് പോലും സ്ഥാനമില്ലെന്ന് ചിലപ്പോഴൊക്കെ തോന്നി പോകാറുണ്ട്. അത്രക്കും ഒരടുപ്പം അവർക്കിടയിൽ ഉടലെടുത്തിരുന്നു.
(തുടരും)

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo