Slider

#പെണ്ണുടൽ

0
പരിചയമില്ലാത്ത സ്ഥലം.
ആദ്യാമായാണ് തനിച്ചു ഒരിടത്ത്‌ എത്തിപ്പെടുന്നത്.എല്ലാത്തിനും
ഉത്തരവാദി അച്ഛനാണ്.ഇതുവരെയും
പര സഹായമില്ലാതെ ഞാനൊന്നും ചെയ്‌തിട്ടില്ല.അച്ഛന്റെ തീരുമാനത്തെ കുറ്റം പറയാൻ കഴിയില്ല.എത്രനാളെന്നു വെച്ച വീട്ടുകാരുടെ സഹായം ആശ്രയിച്ചു ജീവിക്കുന്നത്.അല്പം മനോധൈര്യമൊക്കെ വേണമെങ്കിൽ തനിച്ചു എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് അച്ഛന്റെ കണ്ടുപിടുത്തം.
"മേഡം ഓഫീസ് റൂം എവിടെയാണ്.?"
അടുത്ത് കണ്ടയാളോടു തന്നെ ചോദിച്ചു...
"മുന്നോട്ടു ചെന്ന് ഇടത്തെ വശത്തു കാണുന്ന ആദ്യ റൂമാണ്.പുതിയതായി ജോയിൻ ചെയ്‌തതാണൊ?."
മുഖത്തെ ഭാവവ്യത്യാസത്തിൽ നിന്നും ഊഹിച്ചെടുത്തതായിരിക്കണം...
"അതെ മേഡം.ഒരുപരിചയവുമില്ലാത്ത
സ്ഥലം തനിച്ചു ഒരിടത്തു ആദ്യമായിട്ടാണ്.
അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിനെ വ്യാകുലപ്പെടുത്തുന്നുണ്ട്."
"സാരമില്ല പോയി ജോയിൻ ചെയ്‌തിട്ട്‌
വരൂ.ഞാനിവിടെ കാത്തുനില്ക്കാം.
ഇപ്പോൾ ഫ്രീയാണ് ".
"താങ്ക്യൂ മേഡം."ആശ്വാസകരമായിരുന്നു
ആ വാക്കുകൾ.ജോയിൻ ചെയ്‌തു പുറത്തിറങ്ങിയപ്പോഴും എന്നെയുംകാത്തു മേഡം അവിടെത്തന്നെ നില്പ്പുണ്ടായിരുന്നു...
" സ്വാഗതം." .
"നന്ദി മേഡം.
പുറത്തുകാണുമോ ഇല്ലയോ
സംശയിച്ചിരുന്നു.
ഇപ്പോൾ ആശ്വാസമായി".
"എന്റെപേര് ദേവിക.
ഇംഗ്ലീഷ് ടീച്ചറാണ്.
മോളുടെ പേരെന്താണ്‌.
എവിടെയാണ്‌ സ്ഥലം."...
"പ്രീതി,പാലക്കാടാണ് സ്ഥലം.
മലയാളം അദ്ധ്യാപികയാണ്‌"...
"പോയിവരുകയാണോ അതോ
ഹോസ്റ്റലിൽ തങ്ങുന്നുവോ".
ഞാനിത്രയും നേരം ചിന്തിക്കുകയായിരുന്നു,
തങ്ങുന്നതിനെ കുറിച്ച്.മനസ്സറിഞ്ഞു
ഇങ്ങോട്ടു ചോദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു.
"പോയിവരുന്നതൊക്കെ ബുദ്ധിമുട്ടാണ് മേഡം.ഹോസ്റ്റൽ റൂം കണ്ടെത്തെണം".
"ആദ്യം മേഡമെന്ന വിളി നിർത്തൂ.
ചേച്ചിയെന്നു വിളിച്ചോളൂ.എന്റെ ഹോസ്റ്റലിൽ ഒരു ബെഡ് ഒഴിവുണ്ട്.
ബാക്കിയുള്ളവരോട് സംസാരിച്ചിട്ടു പറയാം.ഇന്നിപ്പോൾ തിരികെ പോവുകയാണോ".
"സ്നേഹം,ഇപ്പോൾ പോകുന്നു.
എന്റെ നമ്പർ സേവ് ചെയ്‌തു വെച്ചോളൂ.
വിളിച്ചറിയിച്ചാൽ മതിയാകും."
"ശരി മോളെ ഞാൻ വിളിക്കാം."
ഒരാളെ എത്രപെട്ടെന്നാണ്‌ പരിചയപ്പെട്ടത്. പതറിനില്ക്കുന്ന സാഹചര്യങ്ങളിൽ നമ്മുടെ മുന്നിലേക്ക്മനസ്സറിഞ്ഞു പെരുമാറുവാൻ ആരുകടന്നു വന്നാലും അത് വലിയൊരു ആശ്വാസമാണ്‌.ചേച്ചിയോട് യാത്ര പറഞ്ഞു തിരിക്കുമ്പോൾ നല്ലൊരു സൗഹൃദത്തിന്
തുടക്കം കുറിച്ചിരുന്നു...
ചേച്ചിയുടെ റൂമിൽ ഒഴിഞ്ഞു കിടന്ന ബെഡിൽ എനിക്ക് സ്ഥാനം കിട്ടി.
ആദ്യമായാണ് വീടുമാറി നില്ക്കുന്നത് അതിന്റെ വേദന മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു...
മോള് ചോറ് കഴിച്ചിട്ടുണ്ടാകുമോ.
ഞാൻ വാരി കൊടുക്കാതെ അവൾ കഴിക്കില്ല.എന്നെ കെട്ടിപ്പിടിച്ചു കിടക്കാതെ ഉറങ്ങില്ല.മനസ്സ് മുഴുവൻ മകളുടെ അടുത്തായിരുന്നു...
"എന്താണ് മോളെ ഇത്ര വിഷമം.
വീട് വിട്ടു നില്ക്കുന്നത് കൊണ്ടാണോ."
"അതെ ചേച്ചി മോളെ ഓർത്തിട്ടാണ്‌.
ഞാനില്ലാതെ അവൾക്കു പറ്റില്ല."
ആ രാത്രിയുടെ യാമങ്ങളിൽ
മനസ്സുകൾ പരസ്‌പരം പങ്കുവെച്ചു.
ചെറുപ്രായത്തില വിധവ ആകേണ്ടിവന്ന എന്നെയോർത്തു ചേച്ചി ഒരുപാട് പരിതപിച്ചു.
"മോളും അമ്മയും അച്ഛനുമാണ്
ഇപ്പോഴത്തെ എന്റെ ലോകം.
ഏട്ടന്റെ അപകടമരണം.തളർന്നുപോയ ജീവിതത്തിനും മനസ്സിനും ഒരു ഉണർവ് ആഗ്രഹിച്ചാണ് ടീച്ചറായി ജോയിൻ ചെയ്‌തത്.
സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റേണ്ടിവരുന്ന ഓരോ വേഷപകർച്ചയാണല്ലൊ ജീവിതം.
വെറുതെയിരിക്കുന്ന മനസ്സുകളെയാണ് വേദനിപ്പിക്കുന്ന ചിന്തകൾ കീറിമുറിക്കാറുള്ളത്.ചിന്തകൾക്ക്
മനസ്സിൽ ഇടം കിട്ടാതിരിക്കണമെങ്കിൽ തിരക്കുകളിലേയ്‌ക്ക് ഊളിയിട്ട് സഞ്ചരിക്കേണ്ടിവരും.വിഷാദം മനസ്സിനെ കീഴ്‌പ്പെടുത്താൻ തുടങ്ങിയിരുന്ന തിരിച്ചറിവാണ് എന്നെയിവിടെ എത്തിച്ചത്..."
മനസ്സ്തുറന്നു സംസാരിച്ചപ്പോൾ
ഉള്ളിൽ നിന്നും വലിയൊരു ഭാരമിറക്കിവെച്ചതു പോലെയായിരുന്നു...
ചേച്ചിക്കും പറയാനുണ്ടായിരുന്നു നഷ്ടമായ ജീവിതത്തെ കുറിച്ചു.ഭർത്താവുമായി പിരിഞ്ഞിട്ടു ഏഴ് വർഷത്തോളമായി.
മക്കളുണ്ടായിരുന്നില്ല.അയാൾ വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു.
അധികമായി ഒന്നും പറയുവാൻ ആഗ്രഹിക്കുന്നില്ലെന്നു മനസ്സിലായതുകൊണ്ട് കൂടുതൽ നിർബന്ധിക്കാൻ മുതിർന്നിരുന്നില്ല. ചിലർ ഇങ്ങനെയാണ് എല്ലാം ഉള്ളിലൊതുക്കി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്...
അന്നത്തെ സംഭാക്ഷണം അവസാനിച്ചു റൂമിലെ വെളിച്ചം അണഞ്ഞു...
പുതിയ സ്ഥലത്തെ ആദ്യ പുലരി.യാത്ര ചെയ്‌ത ക്ഷീണം കൊണ്ടോ നന്നായി ഉറങ്ങി.
ചായയുമായി വന്ന ചേച്ചിയാണ് തട്ടിവിളിക്കുന്നത്.
"എന്തൊരു ഉറക്കമാടോ."
"സോറി ചേച്ചി ഉറങ്ങിപ്പോയി."
"കുളിച്ചു ഫ്രഷായി വരൂ.
നമുക്ക് പുറത്തുനിന്നും കാപ്പി കുടിക്കാം.അവിടെനിന്നും കുറച്ചു ദൂരമേയുള്ളൂ സ്കൂളിലേയ്‌ക്ക്‌ " .
"ശരി ചേച്ചി."
പെട്ടന്നുതന്നെ പുറപ്പെടുവാൻ തയ്യാറായി...
സ്കൂളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു തുടങ്ങിയ നാളുകളിലൂടെയാണ്‌ കടന്നുപോയിരുന്നത്...
പുതിയ സൗഹൃദങ്ങൾ മുന്നോട്ടുള്ള ജീവിതത്തിന് ഉണർവു നല്‌കിയിരുന്നു.
എല്ലാം ചേച്ചിയുടെ മെന്റൽ സപ്പോർട്ട് കൊണ്ടുമാത്രമാണ് ഇത്രപെട്ടെന്ന് ഈ സാഹചര്യവുമായി ഇഴുകിച്ചേരുവാൻ എളുപ്പം കഴിഞ്ഞിത്.
കൂടെപ്പിറക്കാതെ ഒരു കൂടപ്പിറപ്പിനെ
കിട്ടുക.മനസ്സ് അത്രത്തോളം
സന്തോഷിച്ചു...
നാട്ടിലേയ്ക്ക് അവധിക്കു പോയിരുന്നാലും നൂറു പ്രാവശ്യമെങ്കിലും ചേച്ചി ഫോൺ വിളിച്ചു അന്വേഷിക്കും.നാളുകൾ കടന്നുപോകുന്തോറും എന്നോടുള്ള അടുപ്പവും കൂടിയിരുന്നു.
അടുക്കുന്ന മനസ്സുകൾക്ക് സ്വാതന്ത്ര്യത്തിന്റെ മതിൽക്കെട്ടുകൾ ഇല്ലാലോ.എപ്പോഴും വിശാലമായി അവർക്കുമുന്നിൽ തുറന്നുകിടക്കും ...
പലപ്പോഴും അതിശയിച്ചു പോയിരുന്നു എന്തിനാണ് ഇത്ര മാത്രം എന്നെ സ്നേഹിക്കുന്നതെന്നറിയാതെ.ഒരു കൂടപിറപ്പുണ്ടായിരുന്നെങ്കിൽ അവർപോലും ഇത്രമാത്രം സ്നേഹിക്കില്ല.അത്രത്തോളം
ചേച്ചി എന്നെ സ്നേഹിക്കുന്നുണ്ട്‌...
മറ്റുള്ളവരോട് സൗഹൃദ സംഭാക്ഷണത്തിനൊന്നും നില്ക്കാറില്ല.
എന്നോട് മാത്രമായിരുന്നു അടുപ്പത്തോടെ പെരുമാറിയിരുന്നത്.ഞാൻ മറ്റുള്ളവരോട് അധിക സ്വാതന്ത്ര്യം എടുക്കുന്നതും സംസാരിക്കുന്നതുമൊന്നും
ചേച്ചിക്ക്‌ ഇഷ്ടപ്പെട്ടിരുന്നില്ല.
പലപ്പോഴും തുറന്നുപറയുകയും ചെയ്തു.
എന്താണ്‌ ഈ ചേച്ചി ഇങ്ങനെയെന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് ... അമിതസ്നേഹം മനസ്സിൽ ഈഗോ സൃഷ്ടിക്കുമെന്ന് കേട്ടിട്ടുണ്ട്.
സ്വയം അനുഭവത്തിൽ നിന്നും ബോധ്യമായി.
സ്കൂളിന് അവധിവന്നു.
ഇത് കുറച്ചുനാളത്തെ അവധിയുണ്ട്.
മോളുടെ അടുത്ത്‌ കൂടുതൽ സമയം ചിലവഴിക്കാമെന്ന സന്തോഷത്തോടെയാണ് നാട്ടിലേയ്ക്ക് യാത്രതിരിക്കുവാൻ ഒരുങ്ങിയത്...
"മോളെ ചേച്ചിയെ ഫോൺ ചെയ്യണേ.മോളുടെ ശബ്ദമെങ്കിലും കേൾക്കാതെ ഒരുദിവസത്തെ തള്ളിനീക്കുവാൻ എനിക്കു കഴിയില്ല..."
ഒന്നു രണ്ടു ദിവസം കടന്നുപോയിരുന്നു.
നൂറുവട്ടമെങ്കിലും ചേച്ചി വിളിച്ചിട്ടുണ്ടാകും.
മണിക്കൂർ കണക്കിന് എന്തെങ്കിലുമൊക്കെ‌ സംസാരിച്ചിരിക്കും.എല്ലാം ഒരു മൂളലിലൂടെയായിരുന്നു എന്റെ മറുപടി...
ചില സമയങ്ങളിൽ തനിച്ചിരിക്കുവാൻ മനസ്സൊരുപാട് ആഗ്രഹിക്കാറുണ്ട്.
ചേച്ചിയുടെ ഫോൺ വിളി വല്ലാത്ത വീർപ്പുമുട്ടലായി തോന്നി തുടങ്ങി.
എങ്ങനെയാണ്‌ ഒന്നു പറയുക.
വിഷമം ആയാലോന്നു കരുതി ഒന്നും സൂചിപ്പിച്ചിരുന്നില്ല...
നേരം പുലർന്നപ്പോൾ ഇരുപത്തിയഞ്ചു
മിസ് കാൾ.ഇന്നലെ സംസാരിച്ചു കിടന്നതാണ്.അറിയാതെ ഉറങ്ങിപ്പോയിരുന്നു.ചേച്ചിയുടെ ഒരു കാര്യം.ഇന്നത്തെ ദിവസം ഫോൺ ഓഫിൽ തന്നെയിരിക്കട്ടെ.ഒന്നും ആലോചിക്കാതെ
ഫോൺ ഓഫ് ചെയ്‌തുവെച്ചു.
സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.
രാത്രിയിലെ ഭക്ഷണവും കഴിച്ചു മോളോടൊപ്പം കിടക്കയിലേക്കു ചാഞ്ഞു.
കണ്ണിൽ മയക്കം പിടിമുറുക്കാൻ തുടങ്ങിയിരുന്നു...
കോളിംഗ് ബെല്ല് കേട്ടാണ് കണ്ണുകൾ
തുറന്നത്.വാച്ചിലേയ്ക്ക് കണ്ണുകൾ സഞ്ചരിച്ചു.പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.
ഈ സമയത്തു ആരായിരിക്കും...
'അമ്മയാണ് എന്റെ വാതിൽ തട്ടി വിളിക്കുന്നത്..
"മോളെ നിന്നെക്കാണുവാനാണ്."
ഈ സമയത്തു എന്നെ ആര് കാണുവാൻ.
പരിഭ്രമിച്ചാണ് വാതിൽ തുറന്നു പുറത്തേയ്ക്കുനോക്കി...
"ചേച്ചി...
ഈ സമയത്തു എന്താണിവിടെ."
ഞാനൊരു നിമിഷം കൊണ്ടുവിയർത്തു കുളിച്ചു.അച്ഛനും അമ്മയും എന്തെന്നറിയാതെ എന്റെ മുഖത്തേയ്ക്കു തന്നെ സൂക്ഷിച്ചു നോക്കുകയാണ്‌...
"മോളുടെ ഫോൺ എന്താണ്‌ ഓഫ്.
ഞാൻ എത്ര തവണ വിളിച്ചിരുന്നെന്നോ.
വല്ല വയ്യായ്കയുമാണെന്നു കരുതി വിഷമിച്ചു.ഇപ്പോഴാണ് ആശ്വാസമായത്." ആകാംക്ഷാഭരിതമായി എന്റെ മുഖത്തേയ്ക്കു നോക്കി ചേച്ചി പറയുമ്പോൾ ആ കണ്ണുകളിൽ എന്തൊക്കയോ പ്രതിഫലിക്കുന്നുണ്ടെന്നു എനിക്കുതോന്നി...
ഒരു ആണ് പെണ്ണിനുകൊടുക്കുന്ന കരുതൽ.
അല്ലങ്കിൽ ഒരുപെണ്ണു ആണിൽനിന്നും ആഗ്രഹിക്കുന്ന കരുതൽ.എല്ലാം ചേച്ചിയിൽ പ്രകടമാണ്...
ഈ രാത്രിയിൽ കാറും വിളിച്ചു ഇത്ര ദൂരം എന്നെകാണുവാൻ വന്നുവെങ്കിൽ.ഞാൻ ചിന്തിച്ചിരുന്നതിനും അപ്പുറം എന്തൊക്കയോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട്.ഒന്നും ഉൾക്കൊള്ളാനും കഴിയുന്നില്ല..
ആ സംഭവത്തോട് കൂടി.
വല്ലാത്തൊരു ഉൾഭയം മനസ്സിനെ കീഴ്‌പ്പെടുത്തുവാൻ തുടങ്ങിയിരുന്നു.
എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ നിശ്‌ചയമില്ല.അമിതമായ സ്നേഹം മനസ്സിനെ വലിയ അപകടത്തിലേയ്ക്ക്
കൊണ്ടെത്തിക്കാം.ചേച്ചിയുമായി കുറച്ചകലം പാലിക്കുന്നതാകും
ഉചിതമെന്നു തോന്നി...
പുറത്തു കോരിച്ചൊരിയുന്ന മഴ.
ഹോസ്റ്റലിൽ ഞാനും ചേച്ചിയും മാത്രമേയുള്ളു.മറ്റുള്ളവർ അവധികഴിഞ്ഞു വന്നിരുന്നില്ല.വല്ലാത്തൊരു ഭയം മനസ്സിനെ പിടിമുറുക്കുന്നുണ്ട്.അവരുടെ ഓരോ ചലനങ്ങളും ഞാൻ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു...
കിടക്ക വിരിക്കുമ്പോൾ.
അവർ എന്നെ തന്നെ ആർത്തിയോടെ നോക്കുന്നപോലെ എനിക്കുതോന്നി....
"എന്താണ് മോളെ മുഖത്ത് വല്ലാത്തൊരു പരവേശം പോലെ."
"ഒന്നുമില്ല ."
"പുറത്തു കോരിച്ചൊരിയുന്ന മഴയാണ് അല്ലെ.ശരീരത്തിന് വല്ലാത്തൊരു കുളിരുതോന്നുന്നു.മോൾക്ക് തോന്നുന്നുണ്ടോ."
"യെ.."കൂടുതൽ മറുപടി കൊടുക്കാതെ കിടക്കയിലോട്ടു മുഖം തിരിച്ചു കിടന്നു."
"ഇപ്പോഴേ കിടന്നോ.നമ്മുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം."
"വല്ലാത്ത ക്ഷീണം.ഞാനൊന്നു കിടന്നോട്ടെ."നെഞ്ചിന്റെ തുടുപ്പു ഓരോ നിമിഷവും ഇരട്ടിച്ചുകൊണ്ടിരുന്നു.
എന്താണ് ഇനി സംഭവിക്കുന്നതെന്നറിയാതെ
ഹൃദയം വിതുമ്പി.
"വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ് മോൾക്കെന്തോ വയ്യാത്തത് പോലെ."
കിടക്കയിൽ നിന്നും എഴുന്നേറ്റു അവർ എന്റെ അടുക്കൽ വന്നിരുന്നു..
"പനിയുണ്ടോ ഞാനൊന്നു നോക്കട്ടെ."
നെറ്റിയിൽ കൈവച്ചു നോക്കി.
ഇവർക്ക് എന്താണ് വേണ്ടത് എന്താണ് ഉദ്ദേശിക്കുന്നത്.ചോദ്യങ്ങൾക്കു ഉത്തരം കിട്ടാതെ മനസ്സിന്റെ താളം തെറ്റിതുടങ്ങിയിരുന്നു.
ഭയത്താൽ ശരീരം വിറയ്ക്കുന്നുണ്ട്...
"ഒരുകുഴപ്പവുമില്ല .
പോയികിടന്നോളൂ."
ശബ്ദം കടുപ്പിച്ചു വാക്കുകൾ പുറത്തുവന്നത്...
"എനിക്ക് വല്ലാതെ കുളിരുന്നു മോളെ.
ഞാനും കൂടി ഇവിടെ കിടന്നോട്ടെ."
കൈയിലിറുക്കി പിടിച്ചു പറയുമ്പോൾ.
മറു കൈകൊണ്ട് അവരെ തട്ടിമാറ്റി..
"എനിക്ക് തനിയെ കിടന്നാലേ ഉറക്കംവരുള്ളൂ.അപ്പുറത്തു
പോയി കിടക്കൂന്നെ.എന്തൊരു ശല്യമായിത്."
കണ്ണുകൾ ഇറുക്കിയടച്ചു കമിഴ്ന്നു കിടന്നു.
കണ്ണുനീർതുള്ളികൾ തലയണയിലൂടെ ഒലിച്ചിറങ്ങി..
ഞാനിതുവരെ സംശയത്തോടെ അവരെ കണ്ടിരുന്നില്ല.പക്ഷെ ഇപ്പോൾ.
കടന്നുപോയ നാളുകളിലെ പലകാര്യങ്ങൾ വെച്ചു നോക്കുമ്പോൾ അവര് എന്നിൽ
നിന്നും എന്തൊക്കയോ ആഗ്രഹിക്കുന്നുണ്ട്.
ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശരീരത്തെ ആഗ്രഹിക്കുമോ.എന്തുമോശമായ ചിന്തയാണ്.അവരുടെ ഭാവത്തിന് വല്ലാത്തമാറ്റം അനുഭവപ്പെട്ടു.ഇങ്ങനെയുള്ള സ്ത്രീകളും നമുക്കിടയിലുണ്ടെന്നു കേട്ടറിവേ ഉള്ളായിരുന്നു.ഇപ്പോഴിതാ എന്റെ കൺമുന്നിൽ.എന്ത് ചെയ്യണം എങ്ങനെ പ്രതികരിക്കണം ഒരു പിടിയും കിട്ടിയിരുന്നില്ല.കൂടപ്പിറപ്പിനെപോലെ
കണ്ട സ്ത്രീയുടെ സ്വഭാവം ഇങ്ങനെ ആയിരുന്നല്ലോ.ദേഷ്യവും ദുഃഖവും കടിച്ചമർത്തി...
സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.
കാലിലൂടെ എന്തോ ഇഴഞ്ഞു കയറുന്നതു പോലെ.ആവുന്നതും കുതറിമാറാൻ ശ്രമിച്ചുവെങ്കിലും എനിക്കതിന് സാധിക്കുന്നുണ്ടായിരുന്നില്ല.
"എനിക്ക് മോളെ വേണം.
കണ്ടനാൾമുതൽ മനസ്സ് മോൾക്കു വേണ്ടി ദാഹിക്കുകയാണ്.നമുക്കായി സ്വർഗമൊരുക്കാം.കടന്നു വരൂ മോളെ എന്റെലോകത്തേയ്‌ക്ക്‌.നമ്മുടെ ഉടലുകൾ തമ്മിൽ ഒന്നുചേരാം."ബലംകൊണ്ടു അവരെന്നെ കീഴ്‌പ്പെടുത്തി കൊണ്ടിരുന്നു.
"എന്നെ വിടൂന്നെ.ഞാനൊരു പാവമാണ് ചേച്ചി.എന്നെ എന്റെ വഴിക്കുജീവിക്കാൻ അനുവദിക്കൂ.കാലുപിടിക്കാം ചേച്ചി.
എനിക്ക് ഇതൊന്നും ഇഷ്ടമല്ല.
ഞാൻചത്തുപോകും.എനിക്ക് കുഞ്ഞുണ്ട് ചേച്ചി.ദൈവങ്ങളെ."
എന്റെ നിലവിളിക്ക് അവരെ പിന്തിരിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല.
"മോളെ മോളെ എന്തുപറ്റി."
അവരുടെ ശബ്ദം കേട്ടാണ്
കണ്ണുകൾ ഞെട്ടി തുറന്നത്.
സ്വപ്നമായിരുന്നെന്ന് അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
നന്നായി കിതക്കുന്നുണ്ട്...
"സ്വപ്‍നം വല്ലതും കണ്ടോ.
വെള്ളമെടുത്തു കുടിക്കൂ. "
"ഉം.."ജെഗ്ഗിലെ വെള്ളം തൊണ്ടയെ നനച്ചു വേഗത്തിലിറങ്ങി.ഇനി എനിക്ക് ഒരുനിമിഷംപോലുമിവിടെ കഴിയാൻ പറ്റില്ല.
ജോലിയിൽ നിന്നും പിരിഞ്ഞുപോകണം.
ഇല്ലങ്കിൽ നെഞ്ചുപൊട്ടി ചത്തുപോകും.
അങ്ങനെ തിരികെപോകുവാനുള്ള
തീരുമാനത്തിൽ എത്തിച്ചേർന്നു.
സ്കൂളിലെ എല്ലാവരും കാരണങ്ങൾ അന്വേഷിച്ചു തുടങ്ങി.എല്ലാവരോടും
ഓരോ കള്ളങ്ങൾ പറഞ്ഞു
ഒഴിഞ്ഞുമാറുകയായിരുന്നു.
മനസ്സ് അപ്പോഴും അവർ എങ്ങനെയാകും ഞാനെടുത്ത തീരുമാനത്തെ പ്രതികരിക്കുക എന്നറിയാതെ വീർപ്പുമുട്ടുകയായിരുന്നു...
വസ്ത്രങ്ങൾ ബാഗിലേയ്‌ക്ക്‌ അടുക്കിവെയ്ക്കുമ്പോഴാണ് അവർ റൂമിലേയ്ക്ക് കടന്നുവന്നത്.
കാണാത്തതു പോലെ വസ്ത്രങ്ങൾ
ഓരോന്ന് ബേഗിലേയ്‌ക്ക്‌ പെറുക്കിവെച്ചു...
"മോളെ നീ പോവുകയാണോ."
തൊണ്ടയിടറി അവരുടെ വാക്കുകൾ
പുറത്തേയ്ക്കു വന്നു.
"ഉം."ഒരു മൂളലിൽ അവർക്കുള്ള മറുപടി കൊടുത്തു.
"എന്താ കാരണം.എന്നോട് ഇതുവരെയും സൂചിപ്പിച്ചതു പോലുമില്ലല്ലോ."
"കുഞ്ഞുമോളെ കാണാതെ
എനിക്ക് പറ്റില്ല.അവൾക്കും അതുപോലെയാണ്."
"അതൊന്നുമല്ല കാരണമെന്ന് എനിക്കറിയാം."
"അറിയാമെങ്കിൽ പിന്നെ എന്തിനാ ചോദിക്കുന്നത്."ദേഷ്യത്തോടെ തന്നെ പ്രതികരിച്ചു.
"മോള് ഈ ചേച്ചിയെ വെറുക്കരുതേ.
തനിച്ചുള്ള ജീവിതത്തിൽ മോളു കൂട്ടുവന്നപ്പോൾ വല്ലാതെ പ്രണയിച്ചുപോയി.എപ്പോഴും കൂടെയുണ്ടാകണമെന്നു ആഗ്രഹിച്ചുപോയി.
തെറ്റാണെന്നറിയാം.ഒരുപെണ്ണായ ഞാൻ മോളെ ഇഷ്ടപ്പെടുവാനൊ ആഗ്രഹിക്കാനൊ പാടില്ല.മനസ്സിനോട് നൂറുവട്ടം പറഞ്ഞിരുന്നു.
എന്നിട്ടും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
മനസ്സുകൊണ്ട് മാത്രമേ മോളെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു ഇത്രയും നാള്.
ഒരുനോക്കുകൊണ്ടുപോലും മോളെ വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല."
"എന്ത് വിവരക്കേടാണ് നിങ്ങൾ പറയുന്നത്.
സൈക്കോ ആണോ നിങ്ങൾ.സ്ത്രീ വർഗത്തിന് അപമാനമാണ് നിങ്ങളെപ്പോലുള്ളവർ.
നിങ്ങളെ ഇവിടെ നാണം കെടുത്താൻ അറിയാഞ്ഞിട്ടല്ല.കൂപ്പിറപ്പായി കണ്ടുപോയി.
നിങ്ങളെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഷിച്ച നാളുകളായി മാത്രമേ ഞാൻ ഓർമ്മിക്കുള്ളു.ഇനി നിങ്ങളുടെ ശബ്ദമോ രൂപമോ എന്റെ
മുന്നിൽ കടന്നു വരരുത്...."
ആ സ്ത്രീയോടുള്ള ദേഷ്യവും അമർഷവും പ്രകടിപ്പിച്ചു അവിടെ നിന്നും നാട്ടിലേയ്ക്കു യാത്ര തിരിച്ചു.
ഇത്രെയൊക്കെ പറഞ്ഞിട്ടും
മറുത്തു ഒരക്ഷരം പറഞ്ഞിരുന്നില്ല...
ജീവിതത്തിലെ കടന്നുപോയ അധ്യായം വല്ലാതെ വേദനിപ്പിച്ചു.മോളുടെ പുഞ്ചിരിക്കുവേണ്ടി സന്തോഷാവതിയാണെന്നു സ്വയം വിശ്വസിപ്പിക്കുവാൻ ശ്രമിച്ച നാളുകളായിരുന്നു...
മോളോടൊപ്പം ഷോപ്പിംഗ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്.പാലക്കാട് സ്കൂളിലുണ്ടായിരുന്ന ഒരു അധ്യാപികയെ യാദ്രൃിശ്ചികമായി അവിടെവെച്ചു കണ്ടുമുട്ടിയത്...
അവരിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചിരുന്നെങ്കിലും അവരുടെ കണ്ണിൽ ഞാൻ പെട്ടിരുന്നു...
ഓർക്കാൻ ഇഷ്ടമില്ലാത്ത വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുവാനാണ് ആഗ്രഹിക്കുന്നത് പലപ്പോഴും...
"എന്താണ് പ്രീതി കണ്ടിട്ടും കാണാത്ത
പോലെ പോകുന്നത്."
കുശല അന്വേഷണങ്ങൾ നീണ്ടു.
അവിടത്തെ വിശേഷങ്ങളെല്ലാം ഒരു മൂളലിലൂടെ കേട്ടു.
"എന്താ പ്രീതി ദേവിക മേഡത്തെ കുറിച്ചൊന്നും ചോദിച്ചതു പോലുമില്ലല്ലോ."
"ശരി നമുക്ക് പിരിയാം.
എന്നെങ്കിലും ഇതുപോലെ എവിടെയെങ്കിലും വെച്ചു കണ്ടുമുട്ടാം."ചോദിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നു അവർക്കു മനസ്സിലായിട്ടുണ്ടാകും.അതിനുവേണ്ടി തന്നെയാണ് ഇങ്ങനെ പറഞ്ഞതും.
എന്റെ മുന്നിൽ മൗനമായി തന്നെ
അവർ ഇരുന്നു.
"ആ സ്ത്രീയെ ഇതുപോലെ എവിടെയും
വെച്ച് കണ്ടുമുട്ടുരുതെന്നാണ്
എപ്പോഴും ആഗ്രഹിക്കുന്നത്.
പേടിയല്ല വെറുപ്പുമാത്രമാണ്
ആ സ്ത്രീയോട് എനിക്കുള്ളത്."
"ഇല്ല പ്രീതി.ഇനി ആ സ്ത്രീയെ കണ്ടുമുട്ടില്ല.
പ്രീതിക്ക് അല്ല ആരുടെ മുന്നിലും അവർ ഇനി വരില്ല.ഇന്ന് ഈ ഭൂമിയിൽ ആ സ്ത്രീ ജീവിച്ചിരിപ്പില്ല."
ഒരുനിമിഷം കൊണ്ട് മനോധൈര്യം എല്ലാം ചോർന്നുപോയിരുന്നു...
"പ്രീതി പോയ നാളുകളിൽ മേഡത്തിന് വല്ലാത്ത മാറ്റമായിരുന്നു.ആരോടും സംസാരിക്കാറില്ല.നിന്റെ ബെഡിലാണ് കിടക്കാറ്.ഒരു ദിവസം റൂമിൽ നോക്കുമ്പോൾ ബോധമറ്റ്‌ കിടക്കുന്നതാണ് കാണുന്നത്.
കുറച്ചുനാൾ ആശുപത്രിവാസം.പിന്നെ
മെന്റൽ ഹോസ്പിറ്റലിന്റെ റൂമിൽ ഭ്രാന്തിയായി നിലവിളിക്കുന്ന രൂപത്തിൽ.
അതിനു മുൻപും അവർ അവിടെ കിടന്നിട്ടുണ്ട് താളം തെറ്റിയ മനസ്സുമായി.
നാളുകൾക്കു ശേഷം അവിടെവച്ചു മരിക്കുകയായിരുന്നു.നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു.അവസാനമായി
കാണണമെന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ആരുണ്ടായിരുന്നില്ല അവർക്ക്.
അനാഥാലയത്തിലാണ് വളർന്നത്.
വിവാഹ ജീവിതത്തിലും അവർക്കൊരു സമാധാനം കിട്ടിയിരുന്നില്ല.ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർക്കു ഈ ഗതിവരില്ലായിരുന്നു.
ഒരു ആയുസ്സിൽ അനുഭവിക്കേണ്ടത് അവർ കുറച്ചു നാളുകൾകൊണ്ട് അനുഭവിച്ചു തീർത്തു"എന്റെ മോളെ നോക്കി അവൾ പറഞ്ഞുനിർത്തി.
ഒലിച്ചിറങ്ങിയ തുള്ളികൾ കുറ്റബോധത്തിന്റെ കണികകളായിരുന്നൊ.
ഞാൻ ആ സ്ത്രീയെ ഒരുനിമിഷംപോലും അറിയുവാൻ ശ്രമിച്ചിരുന്നില്ല.
എന്റെ ദുഃഖമാണ് ഏറ്റവും വലിയ ദുഃഖമെന്നു കരുതി എന്നിലൊതുങ്ങി.
എല്ലാം എന്റെതെറ്റായ ചിന്തയുടെ ഫലമാണ്.
ചേച്ചി അവസാനമായി പറഞ്ഞവാക്കുകൾ ഹൃദയത്തിന്റെ ആഴങ്ങളിൽ അലയടിക്കുന്നു.
മോളുടെ മനസ്സിനെ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.കൊടുക്കാമായിരുന്നു അല്പം സ്നേഹം.ആ മനസ്സു അതുമാത്രമല്ലെ ആഗ്രഹിച്ചിരുന്നുള്ളു.
കൊടുത്തിരുന്നെങ്കിൽ ഇന്നും നമ്മളോടൊപ്പം ചേച്ചി ഉണ്ടാകുമായിരുന്നില്ലേ.
തെറ്റുപറ്റിപ്പോയി തിരുത്തുവാൻ കഴിയാത്ത വലിയ തെറ്റ്.എന്ത് നീചയാണ് ഞാൻ....
മനസ്സിന്റെ നിയന്ത്രണം കൈവിട്ടുപോകുമെന്നു തോന്നിയ നിമിഷങ്ങൾ.കുഞ്ഞുമോളെ ചേർത്തുപിടിച്ചു പൊട്ടിക്കരയാനെ എനിക്ക് കഴിയുള്ളു.
മാപ്പു ചേച്ചി മാപ്പ്.എന്നോട് ക്ഷമിക്കൂ.....
സ്നേഹം മനസ്സറിഞ്ഞു കൊടുക്കാനുള്ളതാണ്.
ഒറ്റപ്പെടലിൽ പലരും ആഗ്രഹിക്കുന്നുണ്ട് തണലുള്ള തലോടലിനായി.ചിലർക്ക്‌ കിട്ടും മറ്റുചിലർക്ക് ജീവിതാവസാനംവരെയും കിട്ടാതെ പോകും.സ്നേഹം പ്രണയമെന്നത് ഉടലുകൾ തമ്മിലുള്ള ബന്ധമല്ല മനസ്സുകൾ തമ്മിലുള്ള ബന്ധമാണ്.അവിടെ നമ്മൾ ആഗ്രഹിക്കുന്നതല്ലാം ഉണ്ടാകും.
ആയുസ്സിനെ നീയന്ത്രിക്കുന്നതിൽ സ്നേഹത്തിനു വലിയ മൂല്യമുണ്ട്...
സ്നേഹമെന്നത് പല വികാരങ്ങൾ
ചേർന്ന ആത്മസംതൃപ്‍തിയാണ്‌...
ഒരുവാക്കു മതിയാകും ജീവിതത്തിലേക്ക് തിരികെ വരാൻ...
നന്ദി...
രചന:ശരൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo