Slider

ഞാൻ അവളുടെ റോസാ പൂവുപോലെ ....

0
ഞാൻ അവളുടെ റോസാ പൂവുപോലെ മൃദുലമായ നെറ്റിയിൽ മെല്ലെ തലോടി..അപ്പോൾ അവൾ ഒന്നുകൂടി എന്നോട് ചേർന്നു നിന്നു. മെല്ലെ എന്റെ വിരലുകൾ പല്ലിനിടയിൽ വെച്ചു സുഖമുള്ള ഒരു കടി തന്നു.
ഞാൻ പറഞ്ഞു:
"നീ ഇവിടെ എന്റെ കണ്ണുകളിൽ നോക്കൂ " - അവൾ ചിരിച്ചുകൊണ്ട് വേഗം അനുസരിച്ചു. കുസൃതി നിറഞ്ഞ ആ കണ്ണുകളിൽ നോക്കിയിരുന്നപ്പോൾ എനിക്ക് ആഴിയും ആകാശവും ഇനി കാണേണ്ടെന്നു തോന്നി.
പെട്ടെന്ന് ഭാര്യയുടെ കാൽ പെരുമാറ്റം കേട്ടു. അവൾ എന്നെ വിട്ടു പെട്ടെന്ന് മാറിക്കളഞ്ഞു. ഒന്നും സംഭവിക്കാത്തത് പോലെ - അതിബുദ്ധിയാണ് അവൾക്ക്.
"ഞാൻ മോനെ നഴ്‌സറിയിൽ ആക്കിയിട്ടു ഇപ്പൊ വരാം" എന്ന് പറഞ്ഞു അവൾ പോയപ്പോൾ എനിക്കും അവൾക്കും ആശ്വാസമായി. ഞാൻ അവളെ വിളിച്ചു:
“വാടി.....നമുക്കൊന്ന് തൊടിയിൽ ഇറങ്ങാം”
മുട്ടിയുരുമ്മി ഞങ്ങൾ നടന്നു. പക്ഷെ കണ്ണുകൾ ചുറ്റുപാട് വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആരെങ്കിലും കണ്ടാൽ ? കിളയരികിലുള്ള മാവിൻ ചുവടാണ് ഞങ്ങളുടെ രഹസ്യ സംഗമ സ്ഥലം.
ഇങ്ങിനെയുള്ള മധുര മുഹൂർത്തങ്ങളിൽ ആണ് വില്ലന്മാർ രംഗ പ്രവേശം ചെയ്യുക. അപ്പുറം റോഡിൽ നിന്നു നീട്ടി ഒരു വിളി വന്നു. അത് കേൾക്കേണ്ട താമസം അവൾ ഓടി മരത്തിന്റെ പിറകിൽ മറഞ്ഞിരുന്നു. ഞാൻ വിളിയുടെ ഉടമയെ തേടി റോഡിൽ ഇറങ്ങി...
തിരിച്ചു വന്നു അവളെ നോക്കി ...അവൾ മാവിൻ ചുവട്ടിൽ ഉണ്ട്. ഞാൻ വിളിച്ചു .
ങേ ...തിരിഞ്ഞു നോക്കുന്നില്ലല്ലോ ?!
അപ്പോഴാ കണ്ടത് അവൾ കൂട്ടുകാരനുമൊത്ത് പ്രണയ ചേഷ്ടകൾ നടത്തുകയാണ്
"മ്യാ....മ്യാ... മ്യാവൂ " - എന്നെ നോക്കി അവൾ പറഞ്ഞു - കുറച്ചു സമയം ഞങ്ങളെ ഒറ്റക്ക് വിടൂ എന്ന് മലയാളം
ആകാശവും കടലും കളഞ്ഞുപോയ ഞാൻ വീട്ടിനുള്ളിലേക്ക് കടന്നു. ഭാര്യ എത്തിയിട്ടുണ്ട്. ഒരു റൊമാൻസ് മൂഡൊക്കെ ഉണ്ടാവുമ്പോൾ വിളിക്കുന്ന വിളി അവളെ വിളിച്ചു. അവളുടെ മൂഡ് എന്താണെന്നു അറിയില്ല - കിട്ടിയാൽ ആയി.
അവൾ കിച്ചണിൽ നിന്ന് വന്നു. നാണം കുണുങ്ങി കൺകോണുകളിൽ പ്രണയുമായി വരും എന്നൊക്കെ ആഗ്രഹിച്ചിരുന്ന എനിക്ക് ഒരു കയ്യിൽ വലിയൊരു തവിയും മറ്റേ കയ്യിൽ കത്തിയുമായി വരുന്ന കെട്ട്യോളെയാണ് കാണാൻ കഴിഞ്ഞത്...
"എന്താ രാവിലെതന്നെ ഒരു സ്നേഹം?"
"അത്....അത്...എടീ ...നമുക്ക് കണ്ണിൽ കണ്ണിൽ നോക്കി കുറച്ചു സമയം ഇരുന്നാലോ ?! "
അവൾ എന്റെ കണ്ണിൽ നോക്കി - ശരിക്കും നോക്കി. ആ നോട്ടത്തിൽ ഇന്നലെ രാത്രി ദഹിക്കാതെ കിടന്നിരുന്ന ബീഫ് വരട്ടിയത് ശരിക്കൊന്നു ദഹിച്ചു.
"ആ...വാ...അടുക്കളയിൽ "
ങേ... ഇവൾക്ക് പെട്ടെന്ന് എന്താ മാറ്റം !
ഞാൻ മെല്ലെ അടുക്കളയിലേക്ക് നടന്നു. ഒരടുപ്പിൽ പുട്ട് ആണ്. മറ്റേ അടുപ്പിൽ മീൻ വറുക്കുകയാണ്.
"അതേയ് ... പുന്നാര മോന്റെ ഒരു കണ്ണ് കൊണ്ട് പുട്ട് കുറ്റിയുടെ കണ്ണിൽ നോക്കിയിരിക്കുക- ആവി വരുന്നുണ്ടോന്ന്. മറ്റേ കണ്ണ് കൊണ്ട് മീനിന്റെ കണ്ണിലും നോക്കുക - കരിയുന്നുണ്ടോന്ന്... അവിടുന്ന് മാറരുത് ട്ടോ..ഞാൻ ഡ്രസ്സൊക്കെ ഒന്ന് എടുത്തു അടുക്കി വെച്ചിട്ട് വരാം"
പോകുന്ന പോക്കിൽ അവൾ ഇങ്ങിനെ പിറുപിറുക്കന്നത് കേട്ടു.
“ എഴുതുന്നവർക്ക് വട്ട് ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്....ന്നാലും മീൻ വറുക്കുന്ന നേരത്ത് കണ്ണിൽ കണ്ണിൽ നോക്കിയിരിക്കണത്രെ....കഷ്ടം ! ഇതിനൊക്കെ ഒരു സമയവും സന്ദർഭവും ഉണ്ടെന്നു ഈ പൊട്ടന്മാർക്ക് അറിയില്ലേ ? “
അപ്പോഴേക്കും പുട്ട്കുറ്റിയിൽ നിന്നുള്ള ചൂടുള്ള ആവി എന്റെ കണ്ണും തേടി വരാൻ തുടങ്ങിയിരുന്നു.
(ഹാരിസ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo