Slider

#ചരിത്രം പേറിയ കുരുവംശവൃക്ഷം

0
#ചരിത്രം പേറിയ കുരുവംശവൃക്ഷം
പതിനെട്ടു ദിവസങ്ങൾ നീണ്ടു നിന്ന ഭയാനകമായ അന്തരീക്ഷത്തിന്റെ അലഞൊറികൾ അൽപം ശാന്തത കൈവരിച്ച സന്ധ്യയായിരുന്നു അത്‌... പക്ഷെ, അതിന്റെ തിരുശേഷിപ്പുകൾ ആ പകലുകളെക്കാൾ ഭീതി ജനിപ്പിച്ചിരുന്നു.... പാണ്ഡവപക്ഷത്തെ ഏഴ് അക്ഷൗണിയും, കൗരവപക്ഷത്തെ പതിനൊന്ന് അക്ഷൗണികളും ഏറ്റുമുട്ടിയ കുരുക്ഷേത്രഭൂമിയിൽ, പരസ്പരം മത്സരിച്ച ലോഹ ശബ്ദങ്ങൾ കെട്ടടങ്ങിയിരിക്കുന്നു .പുത്രദു:ഖവും, ഏതിനും കർമ്മസാക്ഷിയാകേണ്ടി വന്നതിന്റെ വ്യസനവും യുദ്ധക്കെടുതിയുടെ ഭീകരതയും സൂര്യഭഗവാന്റെ ആകുലതകൾ എന്നതുപോലെ,ചുവപ്പുരാശി അവിടമാകെ വ്യാപിച്ചു.. അന്തരീക്ഷത്തിൽ അതുവരെ തങ്ങിനിന്നിരുന്ന ശൗര്യശബദങ്ങൾ ദയനീയതയുടേതായി മാറി.. അന്നത്തെ പകലിന് ദൈർഘ്യം കൂടുതലായിരുന്നു. മുറിവേറ്റതും മൃതിപ്പെട്ടതുമായ ശരീരങ്ങളിൽ നിന്നും ചെറിയ അരുവിയായി ഒഴുകിയ രക്തം ദൃഷദ്വതിയുടെയും സരസ്വതിയുടെയും നടുവിലെ കുരുക്ഷേത്രഭൂമിയിലെങ്ങും കട്ടകെട്ടിക്കിടന്നു. ആർത്തനാദങ്ങളും നിലവിളികൾക്കപ്പുറം ക്ഷത്രിയ - വൈശ്യ - ശൂദ്ര രക്തങ്ങൾ വേർതിരിച്ചെടുക്കാനാകാത്ത വിധം സരസ്വതി നദിയിലെ ജലവുമായി കെട്ടുപിണഞ്ഞൊഴുകി.ആദ്യ ദിവസങ്ങളിൽ മരണം വരിച്ച ധീരയോധാക്കളുടെ മൃതദേഹങ്ങൾക്കൊപ്പം ആനയുടെയും കുതിരയുടെയും ശരീരങ്ങളും ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു. മൂർച്ചയേറിയ വാളുകളും ഗദകളും അമ്പുംവില്ലും അടക്കമുള്ള ആയുധങ്ങൾ അവിടവിടങ്ങളിൽ ചിന്നി ചിതറി കിടന്നു. മൃതദേഹങ്ങൾ ഭക്ഷിക്കാൻ വട്ടമിട്ട കഴുകന്മാരും നരികളും മറ്റൊരു യുദ്ധത്തിന് തയ്യാറാകാതെ, ക്ഷമയോടെ അവരുടെ വീതം ഭക്ഷിച്ചു. ഈ കാഴ്ചകളിൽ സമനില നശിച്ചതു പോലെ സരസ്വതിനദി ആർത്തലച്ച് ഒഴുകി.. പതിയെ പതിയെ സൂര്യഭഗവാൻ ചക്രവാള സീമകളിലെവിടെയൊ കണ്ണു പൊത്തി
ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷരുടെ പുത്രന്മാരും അദ്ദേഹത്തിന്റെ സഹോദരൻ പാണ്ഡുവിന്റെ പുത്രന്മാരും തമ്മിൽ നടന്ന മഹാഭാരതയുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഏറ്റുവാങ്ങിയ കുരുക്ഷേത്രപുണ്യഭൂമി ധർമ്മപുന:സ്ഥാപനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, മൃതിയുടെ ഭീദി ജനിപ്പിച്ച നിശ്വാസങ്ങളേറ്റു കിടന്നു.... സ്വന്തം ഗൃഹസ്ഥരുടെ മൃതദേഹങ്ങൾക്കു സമീപം തേങ്ങിക്കരഞ്ഞ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലൂടെ, അംഗഭംഗത്താലും മുറിവേറ്റതിനാലും നിലവിളിക്കുന്ന, സൈനീക ദേഹങ്ങൾക്കിടയിലൂടെ, അവർ നടന്നടുത്തു.. ദൈവത്തെക്കാൾ ശ്രേഷ്ഠമായ രാജാവിനും പെറ്റമ്മയെക്കാൾ ശ്രേഷ്oമായ സ്വന്തം രാജ്യത്തിനുംവേണ്ടി, ജീവൻ ബലി നൽകിയ മൃതദേഹങ്ങൾ അറിയാതെ പോലും പാദസ്പർശത്താൽ കളങ്കിതമാകാതെ, അതീവശ്രദ്ധയോടെ നാല് മൃദുലപാദങ്ങൾ കുരുക്ഷേത്ര മണ്ണിനെ സ്പർശിച്ചു .. വർഷങ്ങൾ വളർത്തിയ പകയുടെയും വൈര്യത്തിന്റെയും ശാപത്തിന്റെയും അനുഗ്രഹത്തിന്റെയും അധികാരത്തിന്റെയും രാജഗന്ധം പേറിയ ക്ഷത്രിയമാരുതൻ ഹസ്തിനപുരിയെ തഴുകി കടന്നുപോയി.... ആ കാറ്റിന്റെ അലകളിൽ പെട്ട്, അവരുടെ മുഖം മറച്ചിരുന്ന അംഗവസ്ത്രത്തിന്റെ തുമ്പ് താഴെ വീണു... പരിവേതനങ്ങൾക്കിടയിലൂടെ,ആ സുന്ദരമുഖങ്ങൾ കണ്ടതും വേദന മറന്ന സൈനീകർ തൊഴുകൈകൾ കൊണ്ട് ബഹുമാനമറിയിച്ചു....
അതിലൊരാൾ, യാദവ കുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ്‌, വസുദേവരുടെ സഹോദരിയും കുന്തള ദേശത്തെ ഭോജരാജാവിന്റെ ദത്തുപുത്രിയും സർവ്വോപരി, കർണ്ണന്റെയും യുധിഷ്ടരന്റെയും ഭീമന്റെയും അർജ്ജുനന്റെയും മാതാവുo, നകുലന്റെയും സഹദേവന്റെയും വളർത്തമ്മയുമായ കന്തീദേവിയായിരുന്നു....
മറ്റെയാൾ, പാഞ്ചാലദേശത്തെ ദ്രുപത രാജാവിന്റെ പ്രീയപുത്രിയും, പഞ്ചപാണ്ഡവരുടെ പ്രീയ പത്നിയും അസാധാരണ സൗന്ദര്യത്തിനുടമയായ, കൃഷ്ണയെന്നും സ്വർഗ്ഗലക്ഷ്മിയെന്നും വിളിപേരുള്ള ദ്രൗപതിയായിരുന്നു...
അന്തപ്പുരചുവരുകൾ കടന്ന് ഹസ്തിനപുരമാക്കെ അലയടിച്ച വിലാപമെന്നതു കണക്ക് അവരുടെ നിശ്വാസം കുരുക്ഷേത്രഭൂമിയിൽ ഗതികിട്ടാതലഞ്ഞ കാറ്റിനൊപ്പം ഒഴുകി പരന്നു...ഭാരത യുദ്ധത്തിന് ഹേതുവെന്ന് പിൻതലമുറ കുറ്റപ്പെടുത്തിയ ആ രാജസ്ത്രീകൾ, ഇരുളിന്റെ നേർത്ത ശീലുകൾക്കിടയിലൂടെ യുദ്ധക്കെടുതിയിൽ മനംനൊന്ത് നിശ്ചലരായി .... അവിടെ മുഴങ്ങികേട്ട ആർത്തനാദങ്ങളും രോധനങ്ങളും വിലാപങ്ങളും ആരുടെയൊ ഒളിയമ്പുകൾ എന്നതുപോലെ മനഃസാക്ഷിയെ മുറിവേൽപ്പിച്ചു. ഉള്ളിലുയർന്ന ഗദ്ഗദശീലുകൾ, അവരുടെ കാഴ്ചയെയും വാക്കുകളെയും മുറിച്ചു....
''മാതാശ്രീ.. നമുക്കിത് കണ്ടു നിൽക്കാനാകുന്നില്ല... ഈ യുദ്ധത്തിനുo, ഈ വിപത്തിനും നാമാണ് ഹേതു.. ഈ വിലാപo നമ്മുടെ വാശിയിൽ സംഭവിച്ചതാണ്‌... നമുക്ക് പട്ടമഹിഷിയാകണ്ട.. ഹസ്തിനപുരിയുടെ നാശഹേതുവായ കുമാരപത്നിയെന്ന വിശേഷണo നമ്മുടെ കാതുകളിൽ മുഴങ്ങുകയാണ്. ... ഇതൊരു ശാപമായി നമ്മെ വിഴുങ്ങുന്നു."
ദ്രൗപതിയുടെ വാക്കുകളിൽ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പരിവേദനങ്ങളില്ല.. ഒരു വ്യാഴവട്ടത്തെ വനവാസവും ഒരു വർഷത്തെ അഞ്ജാതവാസവും 'ചാർത്തിയ ശൗര്യവുമില്ലായിരുന്നു.. പകരം വിലപിക്കുന്ന ഹസ്തിനപുരത്തിന്റെ കെടുതികൾ മാത്രം....പാണ്ഡവർ കൗരവരോട് രണ്ടു തവണ ചൂതുകളിച്ചു.. കൗരവർ മാതുലൻ ശകുനിയെ മുൻനിർത്തിയാണ് ചൂത് കളിച്ചത്‌..കള്ളക്കളിയിൽ ആഗ്രഗണ്യനായ ശകുനിയെ തോൽപ്പിക്കാൻ രണ്ടുതവണയും പാണ്ഡവർക്ക് സാധിച്ചില്ല. അതിന്റെ പരിണിതഫലമായി,പന്ത്രണ്ടു സംവത്സരം വനവാസവും ഒരു വർഷം അജ്ഞാതവാസവും വിധിക്കപ്പെട്ടു...
''അല്ല പുത്രി.. നീ ആവശ്യപ്പെട്ടതും ചെയ്തതും ശരിയായിരുന്നു. അഴിഞ്ഞു വീണ നിന്റെ കേശഭാരങ്ങളും, ആക്ഷേപിക്കപ്പെട്ട നിന്റെ അംഗവസ്ത്രങ്ങളും അതാഗ്രഹിച്ചിരുന്നു.. നിന്നെ അപമാനിച്ചവന്റെ മാറു പിളർന്ന രക്തം കൊണ്ട് തന്നെ നിന്റെ കേശത്തെശുദ്ധി ചെയ്യണം.... ഇനിയൊരിക്കലും ഭാരത മണ്ണിൽ ഒരു സ്ത്രീയും അപമാനിക്കപ്പെടരുത്...തെറ്റ് നമ്മുടേതാണ് പുത്രി. നാമാണ് ഇതിന് കാരണം. നമ്മുടെ പക്വതയില്ലാത്ത മനസിന്റെ അഞ്ജതയും രാജപുത്രിയെന്ന ദാർഷ്ട്യവും നമ്മുടെ രാജ്യത്തെ നഷ്ടമാക്കിയിരിക്കുന്നു.. ഈ വിലാപങ്ങൾ നമുക്കുള്ള ശിക്ഷയാണ്.. സ്വന്തം പുത്രനെ ആർത്തലച്ചൊഴുകിയ ഗംഗയുടെ കരങ്ങളിലേല്പിച്ചപ്പോൾ, സൂത പുത്രനെന്നപമാനിക്കപ്പെട്ടപ്പോൾ നമ്മുടെ സുതൻ സൂതനല്ല, ക്ഷത്രിയനെന്ന് പറയാതിരുന്നപ്പോൾ, ഹസ്തിനപുരിയുടെ നാശമാകുമെന്നറിയാതെ നാം നമ്മുടെ നിലനിൽപ് മാത്രം നോക്കി .. അതിന്റെ പരിണിത ഫലമാണ് പുത്രീ, ഈ കാണുന്നതെല്ലാം..." കുന്തിയുടെ വാക്കുകൾ പാഞ്ചാലിയുടെ കനത്ത ദുഃഖത്തെ അല്പംപോലും ശമിപ്പിച്ചില്ല.
ആരെയാണോ അവർ തേടിവന്നത്, അദ്ദേഹത്തിന്റെ നേർത്ത ശബ്ദം അവരുടെ വിലാപങ്ങൾ തടസ്സപ്പെടുത്തി.. അദ്ദേഹത്തിന്റെ സമീപം ഉപവിഷ്ടരായികൊണ്ട്, അതുവരെയുള്ള യുദ്ധത്തിന്റെ ഭീകരമായ കാഴ്ചകൾ മരവിപ്പിച്ച ഹൃദയത്തെ ഒരിക്കൽ കൂടി വ്യസനിപ്പിക്കുന്ന ആ ദുഃഖത്തിൽ, അസ്ത്രങ്ങൾ തീർത്ത ശയ്യയിൽ, വേദനകൾ നൽകിയ ദുഃഖം കടിച്ചമർത്തി, ധീരനായ ക്ഷത്രിയനുതകും വിധം, ശാന്തനുവിന്റെയും ഗംഗയുടെയും പുത്രൻ, ചന്ദ്രവംശത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉൽകൃഷ്ടനായ പിതാമഹന്റെ പരിവേദനങ്ങളാൽ നേർത്ത ഞെരക്കത്തിൽ നിശബ്ദരായി നിലകൊണ്ടു... ഈ കാഴ്ചയിൽ, പുത്രന്മാരുടെയും പൗത്രരുടെയും മത്സരത്തിന്റെയും അധികാരമോഹത്തിന്റെയും ദുഖം ആ ധീഷ്‌ണമുഖത്തെ ദയനീയമാക്കിയിരിക്കുന്നതും കണ്ട് ആ സ്ത്രീ നയനങ്ങളിൽ അശ്രു നിറഞ്ഞു ...അതിന്റെ ദുഃഖം സഹിക്കാനാകാതെ കുന്തിദേവി വിലപിച്ചു...
"എന്റെ മഹേശാ! നമ്മുടെ വ്യഥ നമ്മുടേത് മാത്രമായിരുന്നെങ്കിൽ?.. ഹസ്തിനപുരിയിലെ ശാപത്തിന്റെ മൂലഹേതുവായ ഈ പാഴ്ജന്മം അവളുടെ കർമ്മം പൂർത്തിയാക്കിയെങ്കിൽ മോക്ഷം അർഹിക്കുന്നില്ല.. യാദവകുലത്തിലെ സുരസേനന്റെ പുത്രിയെങ്കിലും,കുന്തളദേശത്തെ ഭോജരാജന് ദത്തുനല്കിയപ്പോൾ, നഷ്ടമായത് നമ്മുടെ പിതൃത്വം മാത്രമായിരുന്നില്ല, സ്വന്തം കുലത്തിന്റെയും പാരമ്പര്യത്തിന്റെയും അസ്തിത്വം കൂടിയായിരുന്നു..പിതാവിന്റെ ആജ്ഞയെ ധിക്കരിക്കുക എന്നത് ഭാരതസ്ത്രീത്വത്തിന്റെ മഹിമ ഭംഗപ്പെടുത്തുമോയെന്നു സംശയിച്ചു പൂർണ്ണതൃപ്തിയോടെ ഭോജരാജനെ പിതാവെന്നഭിസംബോധന ചെയ്തും, കുന്തള ദേശത്തെ യുവകുമാരിയെന്നറിയപ്പെട്ടും നാം കാലം കഴിച്ചു.. തിരസ്‌കപ്പെട്ട പിതൃവാത്സല്യത്തിനു പകരം, മനസ്സിൽ ഭോജരാജനെ പ്രതിഷ്ഠിച്ച്, അദ്ദേഹത്തിന്റെ പ്രിയപുത്രിയായി നിഷിപ്തധർമ്മം വഹിച്ചു വരവേയാണ് ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ദുർവ്വാസാവ് മഹർഷിയെ പൂജിക്കാനും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പരിപാലിക്കാനും നമ്മെ നിയോഗപ്പെടുത്തിയത്. അത് കന്യകയായ നമ്മുടെ വിശുദ്ധി അടിയറവു വെക്കേണ്ടതിന്റെ ഉപാധിയെന്നു നാം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല...
ഒടുവിൽ നമ്മുടെ ഭക്തിയിലും പൂജയിലും സംപ്രീതനായ മുനിശ്രേഷ്ഠൻ നമുക്ക് നൽകിയ അനുഗ്രഹത്തിലൂടെ, പാലിക്കപ്പെട്ടത് കുന്തലദേശത്തെ കുലമഹിമായായിരുന്നു... ആഗ്രഹിക്കുന്ന അഞ്ചു പുരുഷന്മാരിൽ നിന്നും പുത്രഭാഗ്യമുണ്ടാവാനും, ഓരോ തവണ രതിസംഗമത്തിനു ശേഷവും
നമ്മുടെ കന്യകാത്വം തിരികെ ലഭിക്കുവാനും അദ്ദേഹം വരം നൽകിയിരുന്നു.. സത്യത്തിൽ അതു വരമോ ശാപമോ? രാജസുഖങ്ങൾ നൽകിയ സുഖതല്പരതയോ,നമ്മുടെ പ്രായത്തിന്റെ അഞ്ജതയോ, പരീക്ഷണത്തിനായി ആദിത്യനിൽ അനുരാഗം ജനിച്ചതും, ക്ഷണനേരത്തിൽ പ്രത്യക്ഷനായ അദ്ദേഹം നമ്മെ പരിണയം ചെയ്ത്,
പുത്രനെ നൽകിയതും ശാപമായല്ലാതെ നാമെങ്ങിനെ വ്യാഖാനിക്കണം?.. അന്തപുരവാതിലുകളും ചുവരുകളും മാത്രമറിഞ്ഞ നമ്മുടെ പ്രഥമ ഗർഭത്തിൽ,നമ്മുടെ പുത്രനുമായുള്ള ആന്മബന്ധത്തിന്റെ ആയുസ്സ് ഒരു രാവ് മാത്രമായിരുന്നു... ഉള്ളിൽ നിറഞ്ഞ മാതൃത്വത്തെയും നമ്മുടെ സുതനോടൊപ്പം, ഒരു പേടകത്തിൽ അടച്ച് ഗംഗയുടെ കരങ്ങളിൽ ഏൽപിച്ച നാൾ മുതൽ തേങ്ങുന്ന നമ്മുടെ ഹൃദയത്തിന്റെ ദീർഘനിശ്വാസം അന്തപുരങ്ങളിൽ തട്ടി പ്രതിധ്വനിച്ചിരുന്നു..അന്നുമുതൽ നമ്മുടെ പുത്രന്റെ ഓരോ വളർച്ചയിലും നമ്മുടെ കണ്ണുകൾ പിന്തുടർന്നിരുന്നു.. സൂതപുത്രനായി വളർന്നതും, അർഹതയുള്ള ശിക്ഷണം നിഷേധിക്കപ്പെട്ട്, പരശുരാമനിൽ നിന്നും വിദ്യ സ്വീകരിച്ചതും നാമറിഞ്ഞിരുന്നു... നമ്മുടെ പുത്രൻ അപമാനഭാരത്താൽ തലകുനിച്ചു നിന്നപ്പോഴൊക്കെയു൦ സത്യം വിളിച്ചുപറയാൻ, പലയാവർത്തി മുതിർന്ന നാവിനെയടക്കി നിർത്തിയത്, നമ്മുടെയവിവേകത്തിന്റെ പരിണിതഫലം ബാക്കി പുത്രന്മാരും അനുഭവിക്കരുത് എന്നു നിനച്ചാണ്...
സ്ത്രീസംസർഗ്ഗം നിഷേധിക്കപ്പെട്ട ശാപത്തിൽ പുത്രഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന നമ്മുടെ പതി പാണ്ഡുരാജന് നമ്മുടെ വരത്തെപ്രതി പുത്രഭാഗ്യം ലഭിക്കാനിടയായപ്പോൾ, മറ്റൊരു വരം കൂടി നാം നേടിയെടുത്തു... നമ്മുടെ പുത്രന്മാർ, പാണ്ഡുരാജന്റെ അസ്തിത്വത്തിൽ അറിയപ്പെടണം.. അവർ പാണ്ഡുപുത്രന്മാരെന്നു വിളിക്കപ്പെടണം... പൂർത്തീകരിക്കപ്പെടാത്ത അഗ്രഹമായി,പാണ്ഡുരാജന്റെ രണ്ടാമത്തെ പത്നിയും നമ്മുടെ സഹോദരിയുമായ മാദ്രിയുടെ സ്ത്രീത്വം വിതുമ്പിയപ്പോൾ, അവസാനത്തെ പുത്രയോഗം മാദ്രിക്കു കൈമാറി..പിന്നീട്, ശരീരത്തിന്റെ കാമനകളിൽ പെട്ട്, പാണ്ഡു മാദ്രിയെ സ്പർശിച്ചപ്പോൾ, അദ്ദേഹത്തിന്റെ മൃത്യുവിലൂടെ നമ്മുടെ വൈധവ്യം ആരംഭിക്കപ്പെട്ടു.. പാണ്ഡുരാജന്റെ മൃത്യുവിനു കാരണമെന്ന പശ്ചാത്താപം നിമിത്തം മാദ്രി സതിയനുഷ്ഠിച്ചു.പിന്നീട് സഹദേവനേയും നകുലനേയും നമ്മുടെ പുത്രന്മാരായി, നാം വളർത്തി.ഇതിനിടയിലെവിടെയോ നമുക്ക് തെറ്റുപറ്റിയിരിക്കുന്നു പിതാമഹാ. അവരിൽ അധികാരത്തിന്റെയും പകയുടെയും കനൽ നിറഞ്ഞതെന്താണെന്ന് നമുക്കറിയില്ല..നമ്മോടു പൊറുക്കാനാകാത്ത തെറ്റാണ് നാം നമ്മുടെ പുത്രന്മാരോടും, ഹസ്തിനപുരിയോടും അവിടുത്തോടും ചെയ്തത്. അവിടുത്തെ അവസ്ഥക്ക് നാമാണ്‌ ഹേതു.. ഇങ്ങിനെയൊരു പര്യവസാനമെന്നറിഞ്ഞിരുന്നെങ്കിൽ, പൂർത്തിയാക്കപ്പെടാത്ത സമസ്യകളുമായി നാം ദേഹത്യാഗം ചെയ്യുമായിരുന്നു..."
ഇപ്രകാരം വിലപിച്ചു കൊണ്ടിരുന്ന കുന്തിയോട് എന്തു പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ പാഞ്ചാലി വിറയാർന്ന കരങ്ങളാൽ മാതാവിനെ തലോടി.. ശരാശയ്യയിൽ ദേഹം അമരുന്നതിന്റെ വേദന ക്ഷത്രിയന് യോജിച്ച വിധം സഹിച്ചുകൊണ്ടു, ഭീഷ്മർ കുന്തിയോടും പാഞ്ചാലിയോടും പറഞ്ഞു തുടങ്ങീ....
"ഒരിക്കലുമല്ല പുത്രി.. നീ ചെയ്തത് നിന്റെ കർമ്മമാണ് .നമ്മുടെ പൂർവ്വജന്മഫലം നാം അനുഭവിക്കുന്നു.നമ്മുടെ ജന്മനിയോഗം നാം നിങ്ങൾക്ക് വിവരിച്ചു നൽകാം..."
____________________________________
ഭീഷ്മർ കഥ തുടങ്ങീ...
നാം അഷ്ടവസ്തുവിൽ ഒരാളായിരുന്നു. ഒരിക്കൽ, വസിഷ്ഠ മഹർഷിയുടെ നന്ദിനിപശുവിനെ മോഷ്ടിക്കാൻ ഞങ്ങൾ അഷ്ടവസ്തുക്കൾ തീരുമാനിച്ചു. ഇതറിഞ്ഞ മഹർഷി നമ്മളെ മനുഷ്യജന്മം സംഭവിക്കട്ടെയെന്നു ശപിച്ചു.. എങ്കിലും കവർച്ചയ്ക്ക് നേതൃത്വം നൽകിയ പ്രഭാസനെന്ന വസുവൊഴിച്ചു ബാക്കിയെല്ലാവരും ജനിച്ചയുടനെ മരണം വരിച്ചു ശാപമോക്ഷം നേടുമെന്നും മുനിയരുൾ ചെയ്തു. അങ്ങിനെ ശാപം കൊണ്ട പ്രഭാസൻ എന്ന വസു പിന്നീട് ശാന്തനുവിന്റെയും ഗംഗയുടെയും പുത്രൻ ദേവപ്രതൻ എന്ന ഭീഷ്മരായി ഭൂജാതനായി. മനുഷ്യായുസ്സിലെ എല്ലാ ശാപങ്ങളും ഏറ്റുവാങ്ങിയ ഈ ജന്മം പല സമസ്യകൾക്കും ഉത്തരം തേടി, കുരുവംശത്തിന്റെ അഭിവൃദ്ധിക്കായി മാത്രം നിലകൊണ്ടു. ഇവിടെ പൂർത്തിയാക്കപ്പെടുന്നത്,ഒരു ശാപമോക്ഷം ആണ്...നിന്റെ കർമ്മഫലം നീ അനുഭവിക്കുന്നതും നമ്മുടെ ജന്മനിയോഗവും രണ്ടാണ് പുത്രി..
ഗംഗാദേവി യുവാവായ ദേവവ്രതനെന്ന നമ്മെ,നമ്മുടെ പിതാവായ ശന്തനുരാജനെ ഏൽപ്പിക്കുകയും രാജൻ നമ്മെ യുവരാജാവായി വാഴിക്കുകയും ചെയ്തു. ഈ സമയത്താണ് നമ്മുടെ പിതാവിനു അതീവസുന്ദരിയായ സത്യവ്രതിയിൽ പ്രഥമദൃഷ്ട്യാ അനുരാഗമുളവാകുന്നത്. അദ്ദേഹം സത്യവ്രതിയുടെ പിതാവായ ദാസരാജനോട് പുത്രിയെ ആവശ്യപ്പെട്ടു. എന്നാൽ, ശന്തനുവിനു സത്യവ്രതിയിൽ ജനിക്കുന്ന പുത്രന്മാർ മാത്രമേ കുരുവംശത്തിലെ രാജാവാക്കാൻ പാടുള്ളു എന്നു ദാസരാജൻ നിബദ്ധന വെച്ചു..യുവരാജാവായി നമ്മുടെ പിതാവ് നമ്മെ നിശ്ചയിച്ചിരുന്നതിനാൽ അദ്ദേഹം അതീവഖിന്നനായി തിരികെയെത്തി. സമസ്യ മനസ്സിലാക്കിയ നാം പിതാവിന്റെ ആഗ്രഹസാധ്യത്തിനായി തന്റെ പിന്തുടർച്ചവകാശം നിഷേധിക്കുകയും, ഭാവിയിൽ നമ്മുടെ പുത്രന്മാർ രാജാധികാരം ഉന്നയിക്കാതിരിക്കാൻ നിത്യബ്രഹ്മചാരിയായി തുടരാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അതിൽ പ്രീതനായ ദാസരാജൻ ആണ് നമുക്ക് സ്വച്ഛന്ദമൃത്യു എന്ന വരം നൽകിയത്..
പിന്നീട്, വർഷങ്ങൾക്കിപ്പുറം ഈ യുദ്ധഭൂമിയിൽ ഒൻപതാം ദിവസം സത്യകിയെ അസ്ത്രമേല്പിച്ചു തകർത്ത അന്ന് അതിഘോരമായ യുദ്ധമാണ് നടന്നത്. അന്നേദിവസം രാത്രി യുധിഷ്ഠിരനും അർജ്‌ജുനനും കൃഷ്‌ണനും നമ്മെ ദർശിക്കുകയും ധർമ്മയുദ്ധം വിജയിക്കണമെങ്കിൽ, അതികായനായ നാം പരചയപ്പെടണമെന്ന സമസ്യ അവതരിപ്പിക്കുകയും ചെയ്തു. അതിൻപ്രകാരം നാം തന്നെയാണവരോട് ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ചെയ്യാനാവശ്യപ്പെട്ടത്.. ആണും പെണ്ണും കെട്ട ശിഖണ്ടിയോട് നാം യുദ്ധം ചെയ്യില്ലയെന്ന പ്രതിജ്ഞഅവരെ ഓർമ്മപ്പെടുത്തിയതും നാം തന്നെയാണ്. അതിനു കാരണം, ദിവസവും പതിനായിരത്തോളം സൈനികരെ വധിച്ചുകൊള്ളാമെന്നു നാം ദുര്യോധനന് വാക്കു നൽകിയിരുന്നു..അങ്ങിനെ ദിവസവും പതിനായിരത്തോളം സൈനികരെ കൊന്നൊടുക്കിയിരുന്ന നമുക്ക് മടുപ്പിക്കുന്ന അനുഭവം യുദ്ധചിന്തയിൽ നിന്നും മോക്ഷചിന്തയിലേക്ക് പരിവർത്തനം സംഭവിച്ചു.. അതുകൊണ്ട്, നാം നൽകിയ വാക്കുകൾ പാലിക്കപ്പെട്ടുകൊണ്ടുതന്നെ അതിൽ നിന്നും മുക്തി തേടി..മാത്രമല്ല, ശിഖണ്ഡിയുടെ ജന്മലക്ഷ്യം തന്നെ നമ്മെ വധിക്കുക എന്നതാണ്.ജന്മലക്ഷ്യം നിറവേറ്റപ്പെടുകതന്നെ വേണം
വസുവായി തിരികെയെത്തണമെങ്കിൽ, ഉത്തരായനത്തിൽതന്നെ മരണം കൈവരണം. അതിനായാണ് ഇത്രയേറെ ശരങ്ങൾ നമ്മെ മുറിപ്പെടുത്തിയിട്ടും നാം സ്വച്ഛന്ദമൃത്യു കാംക്ഷിക്കുന്നത്..
ഇതിൽ ആരുടെയും ശരിയോ തെറ്റോ വ്യാഖ്യാനിക്കപ്പെടുന്നില്ല. യുധിഷ്ഠിരനാവശ്യമുള്ള ഉപദേശങ്ങളും രാജനീതികളും നാം നൽകിക്കഴിഞ്ഞു.. ഇന്ന് രാത്രി, ഉത്തരായനത്തോട് അടുക്കുമ്പോൾ നാം മൃത്യു വരിക്കുന്നതാണ്. പിന്നീട് ശാപമോക്ഷം സംഭവിച്ചു നാം വസുവായി തന്നെ മടങ്ങുകയും ചെയ്യും.
പ്രിയപുത്രി, നീ ഇനി, ഇതുവരെയേറ്റ അപമാനത്താൽ വ്രണിതമായ നിന്റെ പുത്രൻ കർണ്ണന്റെ നിത്യശാന്തിക്കും മോക്ഷത്തിനും വേണ്ടി, ദാനധർമ്മങ്ങൾ അനുഷ്ഠിച്ചും, സൽകർമ്മങ്ങൾ ചെയ്തും, കാലം കഴിക്കണം. നൂറ് സഹോദരന്മാരെ വധിച്ച പാപത്തിൽ നിന്നും നിന്റെ പുത്രന്മാരെ രക്ഷിക്കാൻ ഗാന്ധാരിക്കും ധൃതരാഷ്ട്രർക്കുമൊപ്പം നീ വാനപ്രസ്ഥം അനുഷ്ഠിക്കേണ്ടതാണ് .അവിടെ വെച്ചു നിങ്ങൾക്ക് മോക്ഷം കൈവരുന്നതാണ്..."
_______________________________________
ഇത്രയുംപറഞ്ഞുകൊണ്ട്,ഭീഷ്മർ സംസാരം നിർത്തി, പാഞ്ചാലിയുടെ നേർക്കു നോക്കി ഇപ്രകാരം ഉരിയാടി.
"പുത്രി നിനക്കും നമ്മിൽ നിന്ന് പലതുമറിയാണുണ്ട്.. ഭാരതം കണ്ട ഏറ്റവും ശക്തയും ധീരയുമായ സ്ത്രീയാണ് നീ.. കുരുസഭാമണ്ഡപത്തിൽ, നിനക്കേറ്റ അപമാനം ഇന്നും നമ്മുടെ ശിരസ്സ്‌ നമിപ്പിക്കുന്നു.അന്ന് പുത്രസ്നേഹത്താൽ അന്ധനായ ധൃതരാഷ്ട്രരും, അധികാരത്തിൽ മതിമറന്ന ദുശ്ശാസനനും അവിടെ ഉപവിഷ്ടരായിരുന്ന നമ്മുടെയും ദ്രോണരുടെയും പ്രതികരണങ്ങൾ ചെവികൊണ്ടില്ല..വസുദേവപുത്രൻ മാധവൻ നിന്നെ രക്ഷിച്ചതിൽ നിന്നും യുഗങ്ങൾ പിന്നിട്ട് വേട്ടയാടേണ്ടിയിരുന്ന വലിയൊരു ശാപത്തിൽ നിന്നും ഭാരതത്തെ രക്ഷിക്കുകയുണ്ടായി."
പാഞ്ചാലി സംസാരിച്ചു തുടങ്ങീ..
"പിതാമഹ,അങ്ങേക്കു പ്രണാമം. നമുക്ക് പറയാനായി യാതൊന്നുമില്ല. അങ്ങയും ഗുരുനാഥൻ ദ്രോണരും ശതസഹോദരന്മാരും മൃത്യു വരിക്കാൻ നാമും നമ്മുടെ വാശിയും ഹേതുവെന്നറിയുമ്പോൾ, നാം തകർന്നുപോകുന്നു. പാണ്ഡവപക്ഷത്തെ ഏഴക്ഷൗണികളും,ഒരുലക്ഷത്തിൽ പരം ആനയും അത്രതന്നെ രഥങ്ങളും നാലുലക്ഷത്തിൽ പരം അശ്വസൈന്യവും ഏഴു ലക്ഷത്തിൽ പരം കാലാൾ പടയും നമ്മുടെ പുത്രന്മാരും സഹോദരനും, കൗരവപക്ഷത്തെ പതിനൊന്നക്ഷൗണിപ്പടയും അതിനൊത്ത അശ്വസൈന്യവും കരിവീരന്മാരും കാലാൾപ്പടയുംഏറ്റുമുട്ടിയപ്പോൾ നമുക്കെന്താണ് പിതാമഹ നേട്ടമെന്ന് അവകാശപ്പെടാനാകുക?പാണ്ഡവപക്ഷത്തു അവശേഷിക്കപ്പെട്ട എട്ടുപേരും കൗരവപക്ഷത്തു അവശേഷിച്ച നാലുപേരും അല്ലാതെ എന്താണ് മഹാന്മാ ഈ യുദ്ധത്തിന്റെ തിരുശേഷിപ്പ്?നമ്മുടെ രാഷ്ട്രത്തിന്റെ ഈ അവസ്ഥ നമുക്ക് കണ്ടുനിൽക്കാനാകുന്നില്ല...
രജസ്വലയായ നാൾ മുതൽ,സ്നേഹിച്ച പുരുഷന് വരണ്യമാല തയ്യാറാക്കി കാതിരുന്നവളാണ് നാം. എന്നാലവസാനം, അദ്ദേഹം പരീക്ഷകൾ വിജയിച്ചു നമ്മെ സ്വന്തമാക്കിയപ്പോൾ, ജന്മസാഫല്യമെന്നു നാം കരുതി.. പിന്നീട് ഭർതൃമാതാവിനെ ദർശിച്ചു അനുഗ്രഹം വാങ്ങാൻ എത്തിയപ്പോൾ , അഞ്ചുപുത്രന്മാർക്കും തുല്യമായി പുത്രവധുവിനെ വീതിക്കപ്പെട്ടു. ഒരു വ്യക്തിയിൽ കേന്ദ്രികൃതമായിരുന്ന നമ്മുടെ പ്രണയം അഞ്ചുപേർക്ക് തുല്യമായി ഭാഗിച്ചു നൽകേണ്ടി വന്നു.. ഭർതൃസഹോദരന്മാരെയു൦ ഭർത്താവായി കാണേണ്ടിവന്ന നമ്മുടെ വ്യഥ നമ്മുടേതുമാത്രമാണ്.ഊഴം വെച്ചു നമ്മുടെ അന്തപുരവാതിലിൽ പഞ്ചപാണ്ഡവർ മാറിമാറി കത്തുനിന്നപ്പോൾ, ഇഷ്ടമില്ലാതിരുന്നിട്ടുകൂടി, എല്ലാവർക്കും ശയനമുറി ഒരുക്കേണ്ടി വന്നു..,പരിഭവങ്ങളെത്തുമില്ലാതെ,ആയിരം സാളഗ്രാമങ്ങൾ അടിച്ചു കയറ്റുന്ന വേദനയോടെ നാം നിശ്ശബ്ദയായി കരഞ്ഞപ്പോൾ, നമ്മുടെ വേദന ഏറ്റുവാങ്ങിയ അന്തപുരച്ചുവരുകൾ ആ രഹസ്യം ഹസ്തിനപ്പുരിയിലെ മണൽത്തരികളോടും പങ്കുവെച്ചിരുന്നു.അഞ്ചു പുത്രന്മാർക്ക് ജന്മം നല്കിയെങ്കിലും, അഞ്ചു പിതാക്കന്മാരുടെയസ്ഥിത്വം മൂല൦ നമ്മുടെ പുത്രന്മാരു൦ പരിഹസിക്കപ്പെട്ടു. അവസാന൦ യുദ്ധമവസാനിച്ച രാവിൽ ,സ്വസ്ഥമായി നിദ്ര പൂകിയ നമ്മുടെ പുത്രന്മാരെ അഗ്നിക്കിരയാക്കീ, നമ്മുടെ മാതൃഹൃദയവു൦ മുറിപ്പെടുത്തി. സ൦രക്ഷകനാകേണ്ടിയിരുന്ന നമ്മുടെ പതി യുധിഷ്ടിര൯ ,വെറുമൊരു പണയവസ്തുവായി നമ്മെ സമർപ്പിച്ചതാണ് ദുശ്ശാസനന്റെ കരങ്ങളാൽ അപമാനിക്കപ്പെട്ടതിലു൦ നമ്മെ വ്യസനിപ്പിച്ചത്. അഞ്ചു പുരുഷന്മാരുടെ കരബലം തീർത്ത സംരക്ഷണമുണ്ടായിട്ടും, നാം, ഗുരുക്കന്മാരും പിതാക്ക്ന്മാരുമിരുന്ന സഭയിൽ വസ്ത്രാക്ഷേപത്തിനു വിധേയയായി അപമാനിക്കപ്പെട്ടപ്പോഴു൦ മാധവ൯ മാത്രമായിരുന്നു നമുക്കാശ്രയ൦ ..നോവിക്കപ്പെട്ട സ്ത്രീത്വം അഗ്നിപോലെ ആളിക്കത്തിയെന്നതും, നമ്മെ അപമാനിച്ചവന്റെ മാറുപ്പിളർന്നു, ആ രക്തത്തിൽ തന്റെ കേശം ശുദ്ധീകരിക്കണമെന്നു൦ നാം ആവശ്യപ്പെട്ടത് സത്യമാണ്. പക്ഷെ, അതിന്റെ അനന്തരഫലം, ഇത്രത്തോളം ഭയാനകമാകുമെന്ന് നാം നിരീച്ചിരുന്നില്ല.ശിഖണ്ഡിയെ മു൯നി൪ത്തി നമ്മുടെ പതിയാൽ അവിടുന്ന് ആക്രമിക്കപ്പെട്ടു, ഇപ്രകാരം ശരങ്ങൾ തീർത്ത ശയ്യയിൽ വേദനകൾ സഹിച്ചും രക്തമൊഴുക്കിയും കിടക്കുന്നതുകാണുമ്പോൾ, നാം ചിന്തിച്ചുപോകുന്നു, പാപഭാരം ഏത് നദിയിൽ ഒഴുക്കി നാം ശുദ്ധി തേടണം..?"
ദ്രൗപതിയുടെ വാക്കുകൾ കേട്ട് പിതാമഹൻ പുഞ്ചിരിച്ചു.അനുഗ്രഹം ചൊരിഞ്ഞ നയനങ്ങളാൽ ഭീഷ്മർ അവളെ കടാക്ഷിച്ചുകൊണ്ടു,പറഞ്ഞുതുടങ്ങീ..
"പുത്രി നിന്റെ നിയോഗം നീ അറിയാത്തതാണ്. ഇതിന്റെ ഉത്തരം നിന്റെ പൂർവ്വജന്മങ്ങൾ നല്കുന്നതാകയാൽ, അതു വിവരിച്ചു നിന്റെ കർമ്മപാതയെ വ്യക്തമാക്കുകയെന്ന കർത്തവ്യം കൂടി നാമിവിടെ പൂർത്തിയാക്കുന്നു.."
______________________________________
ഭീഷ്മർ , കൃഷ്ണയുടെ പൂർവ്വജന്മ കഥ പറഞ്ഞുതുടങ്ങീ......
സൂര്യദേവന് ഒരു പുത്രിജനിച്ചു. ദ്വാദശാദിത്യന്മാരിൽ ഒരാൾക്ക് സീതയുടെയതെ ഛായ ആയതിനാൽ, മായസീതയെന്ന നാമധേയതാൽ രാവനനിഗ്രഹത്തിനു കാരണമാകുക എന്നതായിരുന്നുഅവളുടെ കർത്തവ്യം. അതിനായി സീതാപഹരണത്തിനു തൊട്ടു മുമ്പ്, ലക്ഷ്മീദേവിയുടെ അവതാരമായ സീതയെ വൈകുണ്ഠത്തിൽ എത്തിക്കുകയും മായാസീതയെ സീതക്കു പകരം വനത്തിൽ വരുത്തുകയും ചെയ്തു. രാവണവധത്തിനിടക്ക്‌,ലക്ഷ്മണനോട്, മാരിച്ചനെ കണ്ടു മോഹിച്ച മായാസീതയുടെ ആഗ്രഹപൂർത്തീകരണത്തിനു, സ്വർണ്ണമാനിനെ തേടിപ്പോയ, രാമന്റെ ശബ്ദത്തിൽ മാരീചൻ നിലവിളിച്ചു. പോയി തന്റെ ഭർത്താവിനെ രക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ, ജ്യേഷ്ഠത്തിയുടെ സുരക്ഷ കണക്കിലെടുത്ത ലക്ഷ്മണൻ അതു മാരീചന്റെ കാപട്യമാണെന്നു തിരിച്ചറിഞ്ഞു പോകാൻ വിസമ്മിതിച്ചു.. ലക്ഷ്മണന്റെ ഉദാസീനത കണ്ട മായാസീത അത്യന്തം കോപത്തോടെ,
"ജ്യേഷ്ഠന്റെ മരണശേഷം നിനക്ക് നമ്മേ സ്വന്തമാക്കണമല്ലേ"
എന്നു ചോദിക്കുകയുണ്ടായി. അഞ്ജതമൂലമെങ്കിലും, മായസീതയുടെ അതിരുകടന്ന വാക്കുകൾ സൃഷ്ടിച്ച കളങ്കം, അവളെ ശാപത്തിലെത്തിച്ചു.
രാവണവധം കഴിഞ്ഞു, മായാസീത രാമന്റെ നിർദ്ദേശപ്രകാരം, ബദര്യാശ്രമത്തിൽ ചെന്നു പരമശിവനെ തപസ്സുചെയ്യാൻ തുടങ്ങീ. ശിവരൂപം മുമ്പിൽ അവ്യക്തമായി തെളിഞ്ഞുതുടങ്ങിയപ്പോൾമുതൽ തന്റെ ആഗ്രഹമവൾ പറഞ്ഞു തുടങ്ങീ.ശിവൻ പ്രത്യക്ഷനായപ്പോൾ, രാമന്റെ സ്വഭാവഗുണത്തോട് കൂടിയ പുരുഷനെ തനിക്കു ഭർത്താവായിവേണമെന്നയാവശ്യം അഞ്ചുപ്രാവശ്യം അവൾ പറഞ്ഞുകഴിഞ്ഞിരുന്നു. ഭക്തന്മാരുടെയേതാവശ്യവും നിറവേറ്റികൊടുക്കുന്ന ഭഗവാൻ നിനക്കു വരുംജന്മത്തിൽ അഞ്ചു ഭർത്താക്കന്മാരുണ്ടാകും എന്നനുഗ്രഹിച്ചു ..എന്നാൽ അധർമ്മം ഭഗവാൻ കൊടുക്കുകയില്ല. പിതാവായും പതിയായും പുത്രന്മാരായും നിനക്ക് അഞ്ചു സംരക്ഷകർ ഉണ്ടാകട്ടെ എന്നതാണ് ഭഗവാൻ നൽകിയ വരത്തിന്റെ സാരാംശം.
മായാസീതയായിരിക്കുമ്പോൾ ചെയ്ത ആ വലിയ തെറ്റിന്റെ ഫലമായി പരമശിവൻ പറഞ്ഞ അടുത്ത ജന്മത്തിനു മുമ്പ് അവൾക്ക് നളായനിയെന്ന ഉപജന്മം എടുക്കേണ്ടി വന്നു.മൗദ്ഗലൻ എന്ന വൃദ്ധനായ മുനിയുടെ ഭാര്യയായി മായാസീതയെന്ന നളായനി എന്നയവസ്ഥയിൽ ഭർതൃപരിചരണത്തിൽ മുഴുകി കഴിഞ്ഞുവന്നു. നളായനിയുടെ പരിചരണത്തിൽ തൃപ്തനായ മുനി അവളോടേതാഗ്രഹവും ചോദിച്ചുകൊള്ളാൻ ആവശ്യപ്പെട്ടു.
നളായനിയുടെ ആവശ്യം ഒരു മുനിപത്നിയും ആവശ്യപെടാത്തതും ഇപ്രകാരവും ആയിരുന്നു.:
"നിങ്ങൾ സുന്ദരന്മാരും അഞ്ചു വിശിഷ്ടഗുണങ്ങളുമുള്ള അഞ്ചു പുരുഷന്മാരുടെ രൂപത്തിൽ നമ്മെ സന്തോഷിപ്പിക്കുക.."
നളായനിയുടെ ആവശ്യം കേട്ട മൗദ്ഗലൻ അവൾ ആവശ്യപ്പെട്ടത്തിൻ പ്രകാരം,അഞ്ചു സുന്ദരരൂപം തപശക്തിയാൽ കൈകൊണ്ട് അവളെ സന്തുഷ്ടയാക്കിപോന്നു..കുറെയേറെ നാളുകൾ കഴിഞ്ഞപ്പോൾ വിരക്തിതോന്നി, തപസ്സിനായി ഒരുങ്ങിയ അദ്ദേഹത്തെ നളായണി തടയുകയും കോപം വന്ന അദ്ദേഹം അടുത്ത ജന്മത്തിൽ അഞ്ചു ഭർത്താക്കന്മാരുണ്ടാകട്ടെയെന്നു അവളെ ശപിക്കുകയും ചെയ്തു. സാക്ഷാൽ പരബ്രഹ്മത്തിന്റെ അംശമായ പരമേശ്വരൻ നൽകിയ വരവും ഉപജന്മമായ നളായനിക്ക് മൗദ്ഗലൻ നൽകിയ ശാപവും ഒന്നാണ്...
പിന്നീട്, യുഗങ്ങൾക്ക് ശേഷം,
പാഞ്ചാലദേശത്തെ സോമകരാജാവിന്റെ പുത്രനായ ദ്രുപതനും, കുരുവശപൗത്രരുടെ ഗുരുവുമായ ദ്രോണരും ദരദ്വാജമുനിയുടെ ആശ്രമത്തിലാണ് ആയുധവിദ്യയഭ്യസിക്കാനെതിയത്. സ്നേഹിതനായിത്തീർന്ന ദ്രോണരോട്, ദ്രുപതൻ ഇപ്രകാരം പറഞ്ഞു," സുഹൃത്തേ, നീ എന്റെ ഹൃദയത്തിന്റെ അംശമായ സ്നേഹിതനായി തീർന്നിരിക്കുന്നു. നമ്മുടെ പിതാവ് വിദ്യാലബ്ധിക്കു ശേഷം നമ്മെയാണ് രാജാവായി അവരോധിക്കുക. മിത്രമേ, നിന്റെ ദാരിദ്ര്യം അതോടെ പരിസമാപ്തിയിൽ എത്തിച്ചേരുന്നതാണ്. അവിടുത്തേക്ക് എന്താവശ്യമുണ്ടെങ്കിലും നമ്മെ സമീപിക്കുക"
വിദ്യാഭ്യാസത്തിനു ശേഷം,ദ്രുപതൻ പാഞ്ചാലദേശത്തെ രാജാവായി അവരോധിക്കപ്പെടുകയും, ദ്രോണർ കൃപിയെ വിവാഹം ചെയ്തു, അശ്വത്ഥാമാവിൻ്റെ പിതാവായി തീരുകയും ചെയ്തു. ദാരിദ്ര്യം മൂലം കഷ്ടപെട്ട ദ്രോണർക്ക് തന്റെ പുത്രന് ഒരുനേരത്തെ പാലുപോലും നൽകാൻ കഴിയാത്ത അവസ്ഥ വന്നുചേർന്നു.ഈ വിഷമാവസ്ഥയിൽ ദ്രോണർ, പണ്ട് സതീർഥ്യനായിരുന്ന ദ്രുപതന്റെ വാക്കുകൾ ഓർക്കുകയും ദൃപതന്റെ സമീപം സഹായത്തിനായി ചെല്ലുകയുംചെയ്തു., അധികാരമായയിൽ ഭ്രമിച്ച ദ്രുപതൻ ദ്രോണരെ അപമാനിച്ചു പറഞ്ഞയച്ചു . പകയൊടുങ്ങാതെ ദ്രോണർ പിന്നീട് കൗരവർക്കും പാണ്ഡവർക്കും ഗുരുവായി. വിദ്യാഭ്യാസപൂർത്തീകരണത്തിനു ശേഷം ഗുരുദക്ഷിണയായി, അർജ്ജുനോട് ദ്രോണർ ആവശ്യപ്പെട്ടത് ബന്ധനസ്ഥനായ ദ്രുപതനെ ആയിരുന്നു.. അപ്രകാരം ഗുരുദക്ഷിണ നൽകിയ അർജ്‌ജുനന്റെ കഴിവിൽ ഭയന്ന ദ്രുപതൻ ദ്രോണർക്ക് തൽകാലം പ്രായശ്ചിത്തമായി ദക്ഷിണപാഞ്ചാലം നൽകി.എങ്കിലും ഉള്ളിൽ പകയുടെ അഗ്നി ജ്വലിച്ചിരുന്നു.ദ്രോണരോട് നേരിട്ട് ഏറ്റുമുട്ടാൻ കഴിവില്ലാതിരുന്നതിനാൽ, അർജ്‌ജുനനെ പുത്രിവരനായി ലഭിക്കാൻ ഒരു പുത്രിക്കു വേണ്ടിയും,ദ്രോണരുടെ ഘാതകനാകാൻ ഒരു പുത്രനു വേണ്ടിയും ആഭിചാരം ചെയ്യാൻ തീരുമാനിച്ചു. മുനിസഹോദരന്മാരായ യാചന്റെയും ഉപചായന്റെയും സഹായത്തോടെ നടത്തിയ പതിനെട്ടു മാസം നീണ്ടു നിന്ന യാഗത്തിന്റെ പരിസമാപ്തിയിൽ അഗ്നിയിൽ നിന്നും ധൃഷ്ടദ്യുമനൻ എന്ന പുരുഷനും കൃഷ്ണ എന്ന സ്ത്രീയും ഉയർന്നു വന്നു. ഈ വീരൻ ഭാവിയിൽ ദ്രോണരെ വധിക്കുമെന്ന് അശരീരിയുണ്ടായി... കൃഷ്ണയുടെ അതുല്യമായ സൗന്ദര്യം എല്ലാവരെയും ആകർഷിച്ചു. ആ കൃഷ്ണയാണ് നീ.
കഴിഞ്ഞ ജന്മത്തിലെ ശാപവും അനുഗ്രഹവുമാണ് നിന്റെ ഈ ജന്മം. ഇനി നിനക്ക് കുറ്റബോധം പാടില്ല. നീ ഒരു നിമിത്തം മാത്രമാണ് പുത്രി. നിന്റെ നിയോഗങ്ങൾ നീ ഭംഗിയായി നിർവഹിച്ചു.കുരുവംശത്തിന്റെ രാജപത്നിയാണ് നീ ഇപ്പോൾ. രാജപത്നി ധീരയാകേണ്ടത് കുലത്തിന്റെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്ക് അനിവാര്യമാണ്."
ഭീഷ്മർ പറഞ്ഞു നിർത്തി.. അപ്പോൾ സമയം രാത്രിയുടെ ഒന്നാം യാമം പൂർത്തിയാകുകയും, രണ്ടാം യാമം ആരംഭിക്കുകയും ചെയ്തിരുന്നു. അവിടേക്ക് ഗാന്ധാരിയും ധൃതരാഷ്ട്രരും, പാണ്ഡവരും, ഹസ്തിനപുരിയിൽ അവശേഷിച്ച രാജാഗങ്ങളും സന്നിഹിതരായി,ഭീഷ്മർക്കു സമീപം ഉപവിഷ്ടരായി.
_______________________
"ഇപ്പോൾ സമയം ഉത്തരായനം ആയിരിക്കുന്നു. നമുക്ക് വിടപറയേണ്ട സമയം ആഗതമായിരിക്കുന്നു.."
ഭീഷ്മർ മന്ത്രിച്ചു...
അപ്പോൾ അവിടേക്ക് വന്നുചേ൪ന്നവരിൽ, പാണ്ഡവർക്കൊപ്പം കൃഷ്ണനും, സാത്യകിയും, യുയുൽസുവും, കൗരവ പക്ഷത്തു അവശേഷിച്ച, കൃപർ, കൃതവർമാവ്, വൃഷകേതു,അശ്വത്ഥാമാവ് എന്നിവരും ഉണ്ടായിരുന്നു.. ഭീഷ്മരെ വലയം ചെയ്ത നേർത്ത തേങ്ങലുകളിലേക്ക് പ്രകൃതി പോലും ചുരുങ്ങിയിരുന്നു. അഞ്ചു തലമുറകൾ പങ്കെടുത്ത ഭാരതയുദ്ധത്തിൽ, ഭീഷ്മപിതാമഹാനു മുമ്പും, അദ്ദേഹത്തിന് ശേഷവും എന്ന് തലമുറകൾ പകുത്തുമാറ്റപ്പെട്ടു.. കുരുവംശത്തിന്റെ ചരിത്രത്തെ താങ്ങിയിരുന്ന അതിബലമുള്ള ആ ചുമലുകൾ, ശാപത്തിന്റെ പൂർത്തികരണം ഇപ്രകാരം ശരശയ്യതീർത്ത വേദനകളിൽ നിന്നും എന്ന പര്യവസാനം താങ്ങാനാകാതെ, നക്ഷത്രസമൂഹവും ചന്ദ്രദേവനും മിഴികൾ അടച്ചു ദുഃഖം രേഖപ്പെടുത്തി. പിതാമഹന്റെ ദാഹം തീർക്കാൻ, അർജ്‌ജുനന്റെ ഒറ്റയസ്ത്രത്താൽ ചുരന്ന ഗംഗയുടെ സ്തനങ്ങൾ പുത്രന്റെ മൃത്യുവിന് സാക്ഷ്യ൦വഹിക്കാനാകാതെ ഭൂമിയിൽ വിലയം പ്രാപിച്ചു. നിശബ്ദമായി തെങ്ങിയ ഹസ്തിനപുരം വേർപാടിന്റെ വേദനയാൽ വിറപൂണ്ടു..അവസാനിക്കപ്പെടുന്ന യുഗത്തിന്റെ ചരിത്രമോതിയ ആ മഹാന്മാവിനെ യാത്രയായക്കാൻ കഴിയാതെ വിരഹദുഃഖം പേറിയ കൊട്ടാരവാതിലുകൾ കാറ്റിനാൽ കൊട്ടിയടക്കപ്പെട്ടു. കൃഷ്ണൻ സമീപത്തിരുന്നു വേദമോതി. പാണ്ഡവർ, അശ്രുപൂജയാൽ പ്രായശ്ചിതം നടത്തി. മൗനമായി യാത്രമൊഴിയേകി ശിഖണ്ഡി കുറ്റബോധത്താൽ, യുദ്ധഭൂമിയിൽ ശയനപ്രദക്ഷിണം നടത്തി.ചരിത്ര ഗന്ധം പേറിയ ആ യുഗപുരുഷനു മുമ്പിൽ, മന്ത്രിക്കുന്ന അധരങ്ങളാൽ മൗനമായി യാത്രമൊഴിയേകി. ഒരുപക്ഷേ ഇത്തരത്തിൽ, ഹൃദയഭേദകമായ അന്ത്യോപചാരം അതുവരെ ആർക്കും ലഭിച്ചുകാണില്ല. ശോകം തളം കെട്ടിയ അന്തരീക്ഷത്തിൽ, "യഥോ ധർമ്മസ്തതോ ജയ!" എന്നതിനൊപ്പം, ഗീതാസൂക്തങ്ങളും കുരുക്ഷേത്രയുദ്ധഭൂമിയിൽ,യാത്രാമൊഴിയെന്നോണം മുഴങ്ങികേട്ടു... തളം കെട്ടിനിന്ന വിലാപങ്ങൾക്കൊപ്പം ഹസ്തിനപുരിയിൽ മുഴങ്ങിയ ശബ്ദം ഭീഷ്മരെന്ന അതിമാനുഷികന്റെ അവസാനശ്വസവും ആയിരുന്നു....
സഹതപത്തിന്റെയല്ല, ധീരതയുടെ മരണം വരിച്ച, ചരിത്രം പേറിയ കുരുവംശവൃക്ഷം ഹസ്തിനപുരിയിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചുകൊണ്ട് കാലയവനികയിൽ മറഞ്ഞു...
അശ്വതി അരുൺ..
12/11/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo