ചിത്രകാരന്റെ ഭാര്യ
---------------------------------
അയാൾ ചിത്രകാരൻ ആയിരുന്നു. ദിവസങ്ങളോളം മുറി അടച്ചിരുന്നു ഭ്രാന്തന്മാരെ പോലെ അയാൾ ചിത്രങ്ങൾ വരച്ചു കൂട്ടി. സ്വപ്നങ്ങളിൽ പോലും അയാൾക്കു പുതിയ പുതിയ ആശയങ്ങൾ വീണു കിട്ടുകയും അവ വിരൽത്തുമ്പിലൂടെ ക്യാൻവാസിൽ പുനർജനിക്കുകയും ചെയ്തു.
---------------------------------
അയാൾ ചിത്രകാരൻ ആയിരുന്നു. ദിവസങ്ങളോളം മുറി അടച്ചിരുന്നു ഭ്രാന്തന്മാരെ പോലെ അയാൾ ചിത്രങ്ങൾ വരച്ചു കൂട്ടി. സ്വപ്നങ്ങളിൽ പോലും അയാൾക്കു പുതിയ പുതിയ ആശയങ്ങൾ വീണു കിട്ടുകയും അവ വിരൽത്തുമ്പിലൂടെ ക്യാൻവാസിൽ പുനർജനിക്കുകയും ചെയ്തു.
അയാൾക്ക് മറ്റുള്ള ചിത്രകാരന്മാരോട് പുച്ഛം കലർന്ന സഹതാപം ആയിരുന്നു. എന്തെന്നാൽ അയാൾ നിറങ്ങളെ വെറുക്കുന്ന, കറുപ്പിന്റെ ഏറ്റക്കുറച്ചിലുകളെ മാത്രം സ്നേഹിച്ച ഒരുവനായിരുന്നു. കറുപ്പിന്റെ ആഴം കൂട്ടിയും കുറച്ചും ഏതൊരു ചിത്രത്തിനും ജീവൻ നല്കാൻ അയാൾക്കാകുമായിരുന്നു. അതിനു സാധിക്കാത്ത മറ്റുള്ളവർ ആശയങ്ങൾക്ക് മിഴിവ് നല്കാൻ നിറങ്ങളെ കൂട്ട് പിടിക്കുന്നു എന്ന ആക്ഷേപം മറ്റുള്ള ചിത്രകാരന്മാരെ ചില്ലറ ഒന്നുമല്ല ചൊടിപ്പിച്ചത്. എന്നാൽ അയാളുടെ ചിത്രങ്ങൾ നിറം ഉള്ള തങ്ങളുടെ ചിത്രങ്ങളേക്കാൾ മികച്ചവ ആണെന്ന സത്യം അംഗീകരിക്കാതെ അവർക്കു തരമുണ്ടായിരുന്നില്ല. നിറങ്ങൾ കൊണ്ട് വർണ വിസ്ഫോടനങ്ങൾ സൃഷ്ടിക്കുന്നവരെ ചിത്രകാരൻ എന്ന് വിളിക്കാതെ പെയ്ന്റർ എന്ന് വിളിക്കണം എന്ന് അയാൾ പരിഹാസ രൂപേണ പറയുന്നതിനോടൊപ്പം അയാൾ അങ്ങനെ തന്നെ വിശ്വസിക്കുന്നു എന്ന് അവർക്ക് ഉറപ്പായിരുന്നു.
നീലിമ നിറങ്ങളെ സ്നേഹിച്ചിരുന്നു. തന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പോലും കടുത്ത നിറങ്ങളും പ്രകൃതിയിൽ വിരളമായി കാണാവുന്ന വിചിത്ര വർണ്ണങ്ങളും അവൾക്ക് വേണ്ടിയിരുന്നു. ആഴമേറിയ തടാകങ്ങളെ ഓർമിപ്പിക്കുന്ന നീലക്കണ്ണുകൾ ഉള്ള പുരുഷന്മാരെ അവൾ സ്വപ്നം കണ്ടിരുന്നു. അവൾ ചിത്രകാരന്റെ കണ്ണുകളിൽ കണ്ടതും ആ നീലിമയാണ്. അയാളുടെ ഭാര്യയായി കടന്നു വരുമ്പോൾ ആ നീല കണ്ണുകളിൽ സ്നേഹത്തിന്റെ തിരയിളക്കം കണ്ടതായി അവൾ സങ്കല്പിച്ചു. അത് തന്നിലേക്ക് ആവാഹിക്കാൻ ആഗ്രഹിച്ചു.
ഒരു ചിത്രകാരന് നിറങ്ങളെ സ്നേഹിക്കാതെ ഇരിക്കാനാകുമോ? അതിശയമല്ല, ശ്വാസംമുട്ടലായിരുന്നു നീലിമക്ക് തോന്നിയത്. വിവാഹത്തിന് ശേഷം വലതുകാലെടുത്തു വച്ച് കയറിയ വീട് പഴയകാലങ്ങളിൽ കണ്ട ഏതോ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ പോലെ തോന്നിച്ചപ്പോ അവൾ അമ്പരന്നു. തന്നോടൊപ്പം നെഞ്ചോടടുക്കി പിടിച്ചു കൊണ്ടുവന്ന സ്വപ്നങ്ങളുടെ വർണ്ണ തുണ്ടുകൾ ആ പടിവാതിലിൽ ഉപേക്ഷിച്ചു കനം തൂങ്ങിയ മനസുമായി അകത്തേക്കു കയറുമ്പോൾ അവളെ ഒരു തരം നിർവികാരത ബാധിച്ചിരുന്നു.
അവൾക്ക് നിറങ്ങളെ വെറുക്കുവാൻ സാധിക്കുമായിരുന്നില്ല. എന്നാൽ അവൾ അവയെ കണ്ടില്ലെന്നു നടിച്ചു. ഒരു നുള്ളു സിന്ദൂരം അണിഞ്ഞു ചിത്രകാരന് അടുത്തേക്ക് എത്തിയ തന്നെ അറപ്പോടെ തള്ളി മാറ്റി ചുവപ്പ് തന്നെ ഭ്രാന്ത് പിടിപ്പിക്കും എന്ന് ആക്രോശിച്ചുകൊണ്ട് അയാൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ പ്രതീക്ഷയുടെ അവസാന കിരണങ്ങളും അസ്തമിക്കുന്നതും തന്റെ ശ്വാസത്തിൽ പോലും കറുത്ത മൂടുപടം വീഴുന്നതും അവൾ അറിഞ്ഞു.
ചിത്രകാരന്റെ ഭാര്യ നിറമുള്ള വസ്ത്രങ്ങൾ ഉടുക്കുകയോ സിന്ദൂരം അണിയുകയോ തന്റെ കുലനിയമപ്രകാരം ഭർതൃമതികളായ സ്ത്രീകൾ അണിയുന്ന കുപ്പിവളകൾ അണിയുകയിലൊ ചെയ്തില്ല. അവളെ മറ്റു സ്ത്രീകൾ പരസ്യമായും രഹസ്യമായും വിമർശിക്കുകയും ശാസിക്കുകയും ചെയ്തു. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ വിധവയെ പോലെ വേഷം ധരിച്ചിട്ടും അവൾ ശരീരം മുഴുവൻ ആഭരണങ്ങൾ അണിഞ്ഞ തങ്ങളേക്കാൾ സുന്ദരി ആയിരിക്കുന്നത് അവരെ രോഷാകുലരാക്കി. നീണ്ടു ഇടതൂർന്ന മുടി മാത്രമായി എന്തിന് വച്ചിരിക്കുന്നു. അത് കൂടി അങ്ങ് ഉപേക്ഷിച്ചുകൂടെ എന്ന് ചോദിച്ചവരോട് അവൾ മറുപടി പറഞ്ഞില്ല. മുടി കറുപ്പാണെന്നും അത് തന്റെ ജീവിതത്തിന്റെ നിറം ആണെന്നും അപ്പോഴേക്കും അവൾ മനസിലാക്കിയിരുന്നു. തങ്ങളുടെ ഭർത്താക്കന്മാർ നന്മയുടെയും കുലീനതയുടെയും മാതൃകയായി അവളെ ഉയർത്തിക്കാട്ടി തങ്ങളുടെ വസ്ത്ര പ്രേമത്തെയും ആഭരണ ഭ്രമത്തെയും പരിഹസിക്കുന്നതും അവർക്ക് ഒട്ടും രസിച്ചിരുന്നില്ല. ചിത്രകാരന്റെ ഭാര്യയെ രഹസ്യമായി "വിധവ" എന്ന് വിളിച്ചു അവർ ആനന്ദം കണ്ടെത്തി.
ചിത്രകാരന്റെ മരണം പെട്ടെന്നായിരുന്നു. ഒരു പുലർച്ചക്കു അയാളുടെ ഹൃദയം പണി മുടക്കി. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചു. ചിത്രകാരന്റെ ചെറുപ്പക്കാരിയായ വിധവയെ ആശ്വസിപ്പിക്കാനായി ആ മരണവീടിന്റെ ഉള്ളിലേക്ക് അടക്കിപ്പിടിച്ച തേങ്ങലുകൾക്ക് കാതോർത്തു കടന്നു ചെന്ന സ്ത്രീകൾ അകത്തളത്തിലെ കാഴ്ച കണ്ട് അത്ഭുതസ്തബ്ധരായി. ചിത്രകാരന്റെ ഭാര്യ ചുവന്ന പട്ടുചേല ഉടുത്തു സർവ്വാഭരണ വിഭൂഷിതയായി നിലക്കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കി നിശ്ചലയായി നിൽക്കുന്നുണ്ടായിരുന്നു. ഉദിച്ചുയരുന്ന സൂര്യന്റെ നേർത്ത പൊന്കിരണങ്ങൾ അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ ചുവപ്പിന് അസ്വാഭാവികമായ ഒരു തിളക്കം ചാർത്തുന്നുണ്ടായിരുന്നു. അവൾ, നീലിമ, വർണങ്ങൾ വെറുത്ത ചിത്രകാരന്റെ ഭാര്യ, "വിധവ"യായിരിക്കുന്നു.
Swapna A
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക