Slider

പ്രണയം തെറ്റാണെന്ന് ഞാൻ പറയില്ല

0

"എപ്പോഴും ആ കുന്ത്രാണ്ടത്തിൽ നോക്കി കൊണ്ടിരുന്നാൽ കണ്ണിന്റെ കാഴ്ച പോകും കുട്ടിയേ.. "
അമ്മമ്മയുടെ ശബ്ദം കേട്ടാണ് തലയുയർത്തി നോക്കിയത്..
"ഞാൻ കഥ വായിക്കുവാ ഭവൂ... "
"എന്ത് കഥ.. ആ കുന്ത്രാണ്ടത്തിൽ എന്ത് കഥയാ ഉള്ളെ... "
"ഒരുപാട് കഥകൾ ഉണ്ട്.. ഒരുപാട് എഴുത്തുകാരും ഉണ്ട്.. "
"രാവിലെ മുതൽ അതിൽ തന്നെയല്ലേ നോക്കികൊണ്ടിരിക്കുന്നെ.. അതൊന്ന് ഓഫ്‌ ചെയ്തുവെയ്ക്ക്.. "
എന്നും പറഞ്ഞു അമ്മമ്മ അവിടെ ഇരുന്നു.. ലാപ്ടോപ് മടക്കി വെച്ചിട്ട് അമ്മമ്മയുടെ അടുത്ത് പോയി നീട്ടി വെച്ച കാലിൽ തലവെച്ചു കിടന്നു.
"ഭവൂ... നിക്ക് ഒരു കഥ പറഞ്ഞു തരോ."
"കഥയോ.. "
"ഉം.. നിക്കും ഒരു കഥ എഴുതണം..."
"നല്ല കാര്യായി.. നിക്ക് കഥയൊന്നും അറിയില്ല എന്റെ കുട്ടിയെ.. "
"അങ്ങനെ പറഞ്ഞാൽ പറ്റില്ല.. എന്തേലും ഒരു കഥ പറഞ്ഞു തന്നെ പറ്റൂ.. എന്റെ ഭവൂ ല്ലെ.. "
"ഉം.. ഞാൻ ഒന്ന് ആലോചിക്കട്ടെ.. "
"ആലോചിക്കാൻ ഒന്നുമില്ല പറഞ്ഞാലേ പറ്റൂ.. "
പെട്ടെന്നാണ് അമ്മ അങ്ങോട്ട് വന്നത്..
"അമ്മേ.. അപ്പുറത്തെ ജാനകി ചേച്ചിയുടെ മോൾ ഇല്ലേ.. ഒരു മാപ്പിളചെക്കന്റോടെ പോയ പെൺകുട്ടി. അവളെ വേണ്ടെന്ന് പറഞ്ഞു ആ ചെക്കൻ ഉപേക്ഷിച്ചെന്ന്.. ട്രെയിൻ ചാടാൻ പോയ അവളെ നാട്ടുകാർ ചേർന്ന് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെന്നും പറഞ്ഞു ഫോൺ വന്നെന്ന്.. "
"ന്റെ.. മുരുകാ എന്തൊക്കെയാ കേൾക്കണേ.. "
അമ്മമ്മ നെഞ്ചിൽ കൈ വെച്ചു..
"ഉം.. ശോഭനചേച്ചിയാ പറഞ്ഞത്.. ഇതൊക്കെ അറിഞ്ഞു ജാനകി ചേച്ചി തളർന്നു വീണെന്ന്... ആ പെണ്ണ് പോയ വിഷമം മറന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.. അപ്പോഴേക്കും ഇതും.."
"എന്താടി കണ്ണ് മിഴിച്ചു നോക്കണേ.. നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചു ഇന്നലെ കണ്ടവന്മാരോടെ ഇറങ്ങി പോകുന്നവളുമാർക്ക് ഒക്കെ ഇതുതന്നെയാ വിധി... "
എന്നും പറഞ്ഞു എന്റെ നേർക്ക്‌ ഒരു രൂക്ഷനോട്ടമെറിഞ്ഞു..
"ഇതൊക്കെ എന്തിനാ അമ്മ എന്നോട് പറയണേ.. ഞാൻ അങ്ങനെ ഒന്നും പോകില്ല.. കിട്ടാനുള്ളത് കൊണ്ടേ പോകൂ.. ആ പെണ്ണിനെ കാരണം എനിക്കാണ് ചെവി കേൾക്കാൻ കഴിയാത്തെ.. "
അവളെ മനസ്സിൽ രണ്ട് വഴക്കും പറഞ്ഞു അമ്മമ്മയുടെ വയറിൽ ചേർന്ന് കിടന്നു..
"നീ ഒന്ന് മിണ്ടാതിരിന്നെ പാറൂ.. എന്റെ കുട്ടി അങ്ങനെ ഒന്നും ചെയ്യില്ല.. വെറുതെ എന്തിനാ അതിനെ വഴക്ക് പറയണേ.. "
"അങ്ങനെ പറഞ്ഞു കൊടുക്ക് ഭവൂ.. "
"ഓരോന്ന് കേൾക്കുമ്പോ നെഞ്ചിൽ ആധിയാ.. ദെണ്ണം കൊണ്ട് പറഞ്ഞു പോകുന്നതാ.. ഞാൻ പോകുവാ.. അമ്മമ്മയും മോളും എന്തോ ആയിക്കോ.. "
എന്നും പറഞ്ഞു മുഖവും വീർപ്പിച്ചു അകത്തേയ്ക്ക് പോയി..
പാറുക്കുട്ടി അങ്ങനെയാ.. ഏതേലും പെണ്ണ് ആരോടെങ്കിലും ഒളിച്ചോടി എന്നറിഞ്ഞാൽ പിന്നെ ആധിയായി.. വഴക്കായി.. പരിഭവം പറച്ചിലായി.. മുഖം വീർപ്പിക്കലായി.. ഇനി അച്ഛൻ വന്ന് അച്ഛനെകൊണ്ട് എന്നെ ഉപദേശിപ്പിക്കാതെ പാറുകുട്ടിയ്ക്ക് ഒരു സമാധാനവും കാണില്ല.. അച്ഛന് അറിയാം.. ഉപദേശം ഇഷ്ടമല്ലെങ്കിലും അച്ഛൻ പറയുന്നത് എല്ലാം ഞാൻ കേൾക്കും കാരണം എന്താണെന്നോ.. എന്റെ പാറുകുട്ടിയ്ക്ക് സന്തോഷമാകാൻ.. എല്ലാം പറഞ്ഞു കഴിഞ്ഞു കണ്ണും നിറച്ചു ഒരു പറച്ചിലുണ്ട് പാറുകുട്ടിയ്ക്ക്
"അമ്മയുടെ ദെണ്ണം കൊണ്ട് പറയുന്നതാ മോളെ.. എന്റെ മോള് നല്ലകുട്ടിയാണെന്ന് അമ്മയ്ക്ക് അറിയാം.. "
എന്ന് പറഞ്ഞു നെറുകയിൽ തരുന്ന മുത്തത്തിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് ട്ടോ..
അല്ലെങ്കിലും അമ്മമനം അങ്ങനെ തന്നെയാണ്.. ആ പറഞ്ഞ പെൺകുട്ടി ഇറങ്ങി പോയത്‌ മുതൽ ഞാൻ കണ്ടിരുന്നു ജാനകിആന്റിയുടെ വിഷമം.. രണ്ട് ദിവസം കൊണ്ട് ആ അമ്മയും അച്ഛനും കണ്ടാൽ അറിയാത്ത വിധം മാറിപോയിരുന്നു.. ആ കണ്ണ് തോർന്നു കണ്ടിട്ടില്ല ഇന്നലെവരെയും.. ഇന്ന് ഇപ്പോൾ ഇതും കൂടെ എങ്ങനെ സഹിക്കുമോ എന്തോ..
പ്രണയം തെറ്റാണെന്ന് ഞാൻ പറയില്ല.. പക്ഷെ അത് നമ്മളെ സ്നേഹിക്കുന്ന... നമ്മളെ പോറ്റിവളർത്തിയ മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ടാകരുത്.. അവരുടെ കണ്ണ് അറിയാതെ നിറഞ്ഞാൽ.. ആ മനസ്സ് ഒന്ന് വേദനിച്ചാൽ... എന്ത് പ്രായശ്ചിത്തം ചെയ്താലും ആ ശാപം നമ്മളെ പിന്തുടരുക തന്നെ ചെയ്യും...
സാരംഗി....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo