Slider

ഒരു ന്യൂജന്‍ അമ്മയുടെ കഥ

0
ഒരു ന്യൂജന്‍ അമ്മയുടെ കഥ
“എടിയെ..ഈ എങ്ങോട്ടാ ഈ ഊരിവാരിപ്പിടിച്ച് ഓടുന്നത്?”
കൈയില്‍ ഒരു കുട്ടയുമായി ധൃതിയില്‍ എങ്ങോട്ടോ പോകുകയായിരുന്ന ദേവകിയോട് മേരിയമ്മ ചോദിച്ചു.
“എന്റെ കൊച്ചമ്മേ റേഷന്‍ കട വരെ പോവാ..ചോറ് വക്കാന്‍ നോക്കിയപ്പഴാ അരി തീര്‍ന്ന വിവരം ഞാന്‍ അറിഞ്ഞത്..” ദേവകി തന്റെ സഞ്ചാരത്തിനു താല്‍ക്കാലിക വിരാമം ഇട്ടുകൊണ്ട് പറഞ്ഞു.
“അതിനിപ്പം കട തുറക്കത്തില്ലല്ലോ..മണി പന്തണ്ട് കഴിഞ്ഞില്ലേ..നീ ഇപ്പഴത്തേക്ക് വേണ്ട അരി ഇവിടൂന്നു കൊണ്ടുപോ....വീട്ടീ വേറെ ആരുമില്ലെങ്കില്‍ ചോറ് ഇവിടുന്നുണ്ടിട്ട് പോടീ..”
മേരിയമ്മയുടെ വാക്കുകള്‍ ദേവകിയുടെ ഉള്ളം കുളിര്‍പ്പിച്ചു. തന്റെ അവസ്ഥ അറിഞ്ഞ് ഇതുപോലെ സഹായിക്കുന്ന മറ്റൊരു മനുഷ്യസ്ത്രീയും ഈ നാട്ടിലില്ല. സ്നേഹത്തിന്റെ പര്യായം ആണ് മേരിക്കൊച്ചമ്മ.
“വേണ്ട കൊച്ചമ്മേ..എന്തുമാത്രം തവണയാ കൊച്ചമ്മ എന്നെ ഇതുപോലെ ഓരോന്നിന് സഹായിച്ചിരിക്കുന്നത്..” നിറഞ്ഞു വന്ന കണ്ണുകള്‍ അവരെ കാണിക്കാതെ തുടച്ചുകൊണ്ട് ദേവകി പറഞ്ഞു.
“ഓ പിന്നെ..ഇതിപ്പോ വലിയ കാര്യമായിപ്പോയി..വീട്ടില്‍ അവനില്ലല്ലോ..വൈകിട്ടല്ലേ വരൂ?”
“ഉം”
“എന്നാല്‍ നീ വാ..ചോറും ഉണ്ട് കട തുറക്കുമ്പോ അരീം മേടിച്ചിട്ട് പോകാം..നിനക്ക് മനസുണ്ടെങ്കില്‍ ഇവിടുന്ന് കുറച്ച് അരി ഞാന്‍ തന്നുവിടാം..കടേല്‍ പിന്നെങ്ങാനും പോയാ മതി..വാ...”
ദേവകി ഒന്ന് മടിച്ചു നിന്നശേഷം ഉള്ളിലേക്ക് കയറി.
“പിന്നെ നീ അറിഞ്ഞോടീ പെണ്ണെ..എന്റെ മോന്‍ നാളെ വരും..കുഞ്ഞുണ്ടായ ശേഷം അവനും അവളും ഇങ്ങോട്ട് വന്നിട്ടില്ലല്ലോ..എനിക്കെന്റെ കൊച്ചുമോന്‍ കുട്ടനെ കാണാന്‍ അങ്ങ് കൊതിയായിട്ട് വയ്യാടി..എന്തു സുന്ദരന്‍ ആണെന്നോ അവന്‍..”
മേരിയമ്മ വര്‍ദ്ധിച്ച സന്തോഷത്തോടെ ദേവകിയോട് പറഞ്ഞു.
“അയ്യോ ആണോ കൊച്ചമ്മേ..എബിക്കുഞ്ഞിനെ ഞാനും ഒത്തിരി നാളായി കണ്ടിട്ട്..അവര് പേര്‍ഷ്യേല്‍ പോയേപ്പിന്നെ ഞാന്‍ കണ്ടിട്ടേ ഇല്ല..”
“പേര്‍ഷ്യേല്‍ അല്ലടി പെണ്ണെ..അവര് അമേരിക്കേല്‍ അല്യോ..”
“എന്റെ കൊച്ചമ്മേ എനിക്കീ സ്ഥലം ഒന്നും അറിയത്തില്ല..ആരാണ്ടൊക്കെ പറേന്നെ കേള്‍ക്കാം പേര്‍ഷ്യേലെ കാര്യം..ഞാന്‍ കരുതിയത് നമ്മുടെ എബി മോനും അവിടെത്തന്നെ ആരിക്കുമെന്നാ..” ദേവകി ചിരിച്ചു.
“വാ..അകത്തോട്ടു വാ..അവിടിരുന്ന് സംസാരിക്കാം..”
മേരിയമ്മ അവളെയും കൂട്ടി ഉള്ളിലേക്ക് കയറി. അവരുടെയും ഭര്‍ത്താവ് ഐവാച്ചന്റെയും ഏകപുത്രന്‍ എബി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്നും പത്നീ-പുത്ര സമേതനായി അടുത്ത ദിവസം നാട്ടിലേക്ക് എത്തുകയാണ്. അതിന്റെ സന്തോഷത്തില്‍ ആയിരുന്നു മേരിയമ്മ. ഐവാച്ചന്‍ പുത്രനെയും പുത്രഭാര്യയെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സാധനങ്ങള്‍ വാങ്ങാന്‍ ഓടി നടക്കുകയായിരുന്നു.
സാദാ കൂലിപ്പണിക്കാരനായ ഐവാച്ചന്‍ ഏകമകനെ വളരെ നല്ല രീതിയില്‍ പഠിപ്പിച്ചാണ് ഉയരങ്ങളില്‍ എത്തിച്ചത്. വീട്ടുകാര്യങ്ങള്‍ നന്നായി നോക്കി, കോഴിയും ആടും പശുവും ഒക്കെ വളര്‍ത്തി മകനെ പഠിപ്പിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ മേരിയമ്മയും കഠിനമായി അധ്വാനിച്ചിട്ടുണ്ട്. രണ്ടുപേരുടെയും ജീവിതലക്ഷ്യം തന്നെ മകന്റെ നല്ല ഭാവി ആയിരുന്നു. അതേപോലെ തന്നെ മറ്റുള്ളവരെ സഹായിക്കാനും ഇരുവര്‍ക്കും പൂര്‍ണ്ണ മനസും താല്‍പര്യവും ഉണ്ടായിരുന്നു. അമേരിക്കയില്‍ ജോലിയുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹാലോചന അവന് ലഭിച്ചതും അവന്റെ യോഗ്യതകള്‍ കാരണം ആയിരുന്നു. വിവാഹശേഷം തിരികെ പോയ എബിയും ഭാര്യ ജെനിയും ആദ്യമായി നാട്ടില്‍ വരുകയാണ്. അവര്‍ക്ക് കഴിഞ്ഞ വര്‍ഷമാണ്‌ ഒരു കുഞ്ഞു ജനിച്ചത്.
“എത്ര മണിക്കാ കൊച്ചമ്മേ അവര് വരുന്നത്?”
ഊണൊക്കെ കഴിഞ്ഞ് മേരിയമ്മ കൊടുത്ത അരിയും കുറച്ചു പച്ചക്കറികളുമായി പോകാന്‍ ഇറങ്ങിയ ദേവകി ചോദിച്ചു.
“നാളെ ഉച്ചയ്ക്ക് വരുമെടി...പന്ത്രണ്ടു മണി എങ്കിലും ആകും എന്നാ പറഞ്ഞത്”
“എന്നാ ഞാനും വരാം....എനിക്കും കുഞ്ഞിനെ ഒന്ന് കാണണം..”
“ശരിയെടി..”
ദേവകി യാത്ര പറഞ്ഞു പോയപ്പോള്‍ മേരിയമ്മ മകനും മരുമകള്‍ക്കും പലഹാരങ്ങള്‍ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി.
ഉണ്ണിയപ്പം, വിവിധതരം ഉപ്പേരികള്‍, മകന്റെ ഏറ്റവും ഇഷ്ട വിഭവമായ അരിയുണ്ട, അച്ചപ്പം, കുഴലപ്പം അങ്ങനെ മേരിയമ്മയുടെ കൈപ്പുണ്യത്തിന്റെ സ്വാദ് പേറുന്ന, എത്ര തിന്നാലും വീണ്ടും വീണ്ടും തിന്നണം എന്ന് തോന്നുന്ന വിവിധ പലഹാരങ്ങള്‍ പാത്രങ്ങളില്‍ നിറഞ്ഞു. താറാവും പുഴമീനും നാളെ രാവിലെ വയ്ക്കാന്‍ വേണ്ടി പറഞ്ഞു വച്ചിട്ടുണ്ട്. മരുമകള്‍ക്ക് പുഴമീന്‍ ഇഷ്ടമില്ലാത്തതിനാല്‍ അവള്‍ക്ക് വേണ്ടി വേറെ മത്സ്യം പ്രത്യേകം വാങ്ങിയിട്ടുണ്ട്. രണ്ടുപേരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം അറിഞ്ഞ് മേരിയമ്മ ഒരുങ്ങുകയായിരുന്നു. മറ്റു കാര്യങ്ങള്‍ക്കായി ഐവാച്ചന്‍ രണ്ടുമൂന്നു ദിവസങ്ങളായി തിരക്കിലാണ്.
അടുത്ത ദിവസം പതിനൊന്നു മണിക്ക് തന്നെ ദേവകി മേരിയമ്മയുടെ വീട്ടിലെത്തി. അടുക്കളയിലെ ഒരുക്കങ്ങള്‍ അപ്പോഴും തീര്‍ന്നിട്ടില്ലാഞ്ഞതിനാല്‍ ദേവകിയും ഒപ്പം കയറി ചില്ലറ സഹായങ്ങള്‍ ചെയ്ത് രണ്ട്പേരും എബിയുടെ ബാല്യകാലത്തെയും പഠന സമയത്തെയും വിശേഷങ്ങള്‍ പങ്ക് വച്ചു.
“ഇത്രേം സ്നേഹമുള്ള ഒരു കുഞ്ഞ് ഈ നാട്ടീ വേറെ ഇല്ല..അതെങ്ങനാ ആ അമ്മേടെയല്ലേ മോന്‍..”
ദേവകി പാത്രങ്ങള്‍ കഴുകി ഡൈനിംഗ് ടേബിളില്‍ വച്ചുകൊണ്ട് പറഞ്ഞു.
“അതേടി..അവനും അവളും..രണ്ടുപേര്‍ക്കും ഞങ്ങളെ ജീവനാ..അവന്റെ ആ നല്ല സ്വഭാവം ജെനി മോള്‍ക്കും ഉണ്ട്..”
“കൊച്ചമ്മേടെ ഭാഗ്യം..”
“നീ എന്തെടുക്കുവാടി...തെക്കൂന്ന് ഒരു വണ്ടി വരുന്നുണ്ട്..അവരാന്നാ തോന്നുന്നത്”
തിടുക്കത്തില്‍ ഉള്ളിലേക്ക് വന്ന് ഐവാച്ചന്‍ പറഞ്ഞു.
“യ്യോ ആണോ..ആ തോര്‍ത്ത് എന്തിയെ...”
മേരിയമ്മ കൈലിയില്‍ കൈകള്‍ തുടച്ചിട്ട് കതകിന്റെ മീതെ ഇട്ടിരുന്ന തോര്‍ത്ത് എടുത്ത് മാറ് മറച്ചുകൊണ്ട്‌ വെളിയിലേക്ക് തിടുക്കത്തില്‍ ഇറങ്ങി. ഒപ്പം ദേവകിയും.
“ആരേലും അവരെ വിളിക്കാന്‍ പോയാരുന്നോ കൊച്ചമ്മേ?” ദേവകി ചോദിച്ചു.
“ജെനി മോള്‍ടെ ചാച്ചനും അമ്മേം അനിയത്തീം പോയിട്ടുണ്ട്..”
അല്പം കഴിഞ്ഞപ്പോള്‍ ഒരു കാര്‍ വീടിന്റെ പടി കടന്ന് വന്നു നിന്നു. എബി കതക് തുറന്നു പുറത്തിറങ്ങിയപ്പോള്‍ ഐവാച്ചന്‍ സന്തോഷത്തോടെ ചെന്ന് മകനെ കെട്ടിപ്പിടിച്ചു.
“ചാച്ചാ..” എബിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
“അമ്മെ..” മകനെ കണ്ട് ഓടിയണഞ്ഞ അമ്മയെയും അവന്‍ പുണര്‍ന്നു.
“മോനങ്ങു ക്ഷീണിച്ചു..” അവന്റെ കവിളുകളില്‍ തലോടിക്കൊണ്ട് മേരിയമ്മ പറഞ്ഞു.
കാറിന്റെ മറ്റു വാതിലുകള്‍ വഴി ജെനിയും അവളുടെ അനുജത്തിയും അപ്പനും അമ്മയും ഇറങ്ങി. കുഞ്ഞ് അവളുടെ കൈയില്‍ ഉണ്ടായിരുന്നു.
“എന്റെ മോന്‍ കുട്ടാ..നിന്നെ ഒന്ന് കാണാന്‍ ഈ അമ്മച്ചി എന്തുമാത്രം കൊതിച്ച് ഇരിക്കുകയായിരുന്നെന്നോ..”
വലിയ സന്തോഷത്തോടെ തങ്ങള്‍ക്ക് ആദ്യമായി ലഭിച്ച കൊച്ചുമകനെ വാരിപ്പുണരാന്‍ മേരിയമ്മ ജെനിയുടെ അടുത്തേക്ക് ചെന്നു.
“മോളെ..യാത്ര ഒക്കെ സുഖമായിരുന്നോ?”
അവര്‍ മരുമകളുടെ കവിളില്‍ തലോടാന്‍ കൈകള്‍ നീട്ടിക്കൊണ്ടു പറഞ്ഞു. ജെനി ഒരു ചിരി വരുത്താന്‍ ശ്രമിച്ച് അവരുടെ സ്പര്‍ശനം ഏല്‍ക്കാതെ പിന്നോക്കം മാറി. മകനെയും കുടുംബത്തെയും കണ്ട സന്തോഷത്തില്‍ മതിമറന്നു നിന്നിരുന്ന മേരിയമ്മ അത് മനസിലാക്കിയില്ല എന്ന് മാത്രം.
“ഇങ്ങു വന്നേടാ കുട്ടാ..അമ്മച്ചി മോനെ ഒന്ന് ശരിക്ക് കണ്ടോട്ടെ..”
മേരിയമ്മ കുഞ്ഞുമകനെ എടുക്കാന്‍ വേണ്ടി തന്റെ കൈകള്‍ നീട്ടി. ജെനി അവരുടെ കൈകളിലേക്ക് നോക്കി. പിന്നെ കുഞ്ഞിനെ അവളുടെ അനുജത്തിയുടെ കൈകളില്‍ കൊടുത്തു.
“അമ്മച്ചി..പോയി കൈ നന്നായി കഴുകിയിട്ട് വാ..ഈ അഴുക്കു പിരണ്ട കൈകൊണ്ട് കുഞ്ഞിനെ എടുത്താല്‍ അവന് വല്ല ഇന്‍ഫക്ഷനും ഉണ്ടാകും..ഹൈജീനിക്ക് ചുറ്റുപാടില്‍ വളരുന്ന കുട്ടിയല്ലേ...”
അവള്‍ മേരിയമ്മയോട് പറഞ്ഞു.
ദേവകിക്ക് തന്റെ നെഞ്ചു പൊട്ടുന്നത് പോലെ തോന്നിയതിനാല്‍ അവള്‍ വേഗം തന്നെ അവിടെ നിന്നും മാറിക്കളഞ്ഞു. മേരിയമ്മ നീട്ടിയ കൈകള്‍ പിന്‍വലിച്ചു. അവര്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
“എങ്കില്‍ വാ മക്കളെ..വന്ന് വേഷമൊക്കെ മാറി വല്ലോം കഴിക്ക്..ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ..”
നിറയാന്‍ വന്ന കണ്ണുകളെ തടഞ്ഞു നിര്‍ത്തി അങ്ങനെ പറഞ്ഞിട്ട് അവര്‍ ഉള്ളിലേക്ക് നടന്നു. തന്റെ നെഞ്ചില്‍ ആരെങ്കിലും ഒരു കൂടം എടുത്ത് അടിച്ചിരുന്നെങ്കില്‍ പോലും തനിക്കിത്ര വേദനിക്കില്ലായിരുന്നു എന്ന് അവര്‍ക്ക് തോന്നി.
എബി ജെനിയെ ഒന്ന് നോക്കി. അവളുടെ രൂക്ഷമായ നോട്ടം നേരിടാന്‍ കഴിയാതെ അവന്‍ ചെന്ന് ലഗേജുകള്‍ ഇറക്കാന്‍ തുടങ്ങി.
“കൊച്ചമ്മേ..കരയല്ലേ..അവരൊക്കെ വല്യ ആള്‍ക്കാരാണ്..എന്റെ കൊച്ചമ്മയുടെ കാലിലെ പൊടിയുടെ വില പോലുമില്ലാത്ത നാറി..അവള്‍ ഇതിനനുഭവിക്കും..”
നിറഞ്ഞു വന്ന കണ്ണുകള്‍ തുടരെത്തുടരെ തുടച്ചുകൊണ്ട് തളര്‍ന്ന് അടുക്കള ഭിത്തിയില്‍ ചാരി നിന്ന മേരിയമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ദേവകി. മേരിയമ്മ കൈ നീട്ടി അവളുടെ വായ പൊത്തി.
“വേണ്ട മോളെ..വേണ്ട..അവളെ നീ ശപിക്കണ്ട..അവര് നന്നായി കിടക്കട്ടെ..ശരിയാണ്..എന്റെ വൃത്തികെട്ട കൈകള്‍ കൊണ്ട് കുഞ്ഞിനെ എടുത്താല്‍ അവന് വല്ല അസുഖവും പിടിക്കും..അമേരിക്കയില്‍ ജീവിക്കുന്ന കുഞ്ഞല്ലേ...”
“പക്ഷെ ഈ അഴുക്കുപിരണ്ട കൈകള്‍ കൊണ്ടാണ് അവളുടെ ഭര്‍ത്താവ് വളര്‍ന്നത് എന്നെങ്കിലും അവള്‍ ഓര്‍ക്കണമായിരുന്നു..എന്റെ കൊച്ചമ്മ വിഷമിക്കാതെ..ഈ മനസ് തകരുന്നത് എനിക്ക് സഹിക്കത്തില്ല..ഞാന്‍..ഞാന്‍ പോട്ടെ കൊച്ചമ്മേ..ദൈവം എന്നൊരാള്‍ മുകളിലുണ്ട്...അതവള്‍ക്ക് ഒരിക്കല്‍ മനസിലാകും.....”
ദേവകി തിടുക്കത്തില്‍ ഇറങ്ങി പുറത്തേക്ക് നടന്നു. മേരിയമ്മ കണ്ണുകള്‍ തുടച്ചിട്ട് വേഗം ചെന്ന് മുഖം കഴുകി പ്രസന്നത വരുത്തി മകനെയും ഭാര്യയെയും ഒപ്പം വന്നവരേയും സല്‍ക്കരിക്കാന്‍ ഉള്ള ഒരുക്കങ്ങളില്‍ മുഴുകി.
***************************
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു സായാഹ്നം; ദേവകി താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്ന മേരിയമ്മയെ കണ്ടുകൊണ്ടാണ് ഉള്ളിലേക്ക് കയറിയത്.
“എന്താ കൊച്ചമ്മേ? എന്ത് പറ്റി..മൊഖം വല്ലാതിരിക്കുന്നല്ലോ?”
“എന്റെ മോളെ..എബിയുടെ മോന് സുഖമില്ല..അവന്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി അവിടെ ഏതോ ആശൂത്രീല്‍ ആണ്..” ദുഖത്തോടെ മേരിയമ്മ പറഞ്ഞു.
“യ്യോ എന്ത് പറ്റി കൊച്ചമ്മേ കുഞ്ഞിന്?”
“എന്ത് രോഗമാണ് എന്ന് അറിയില്ലത്രേ..അവന്‍ കഴിക്കുന്നതെല്ലാം അപ്പോള്‍ത്തന്നെ ഛര്‍ദ്ദിച്ചു പോവാണെന്ന്..ഒരുപാട് നോക്കീട്ടും രോഗം അവര്‍ക്ക് മനസിലാകുന്നില്ലത്രേ..അവനും അവളും ആകെ വിഷമത്തിലാ..ഞങ്ങളെ വിളിച്ച് എന്നും പറേം പ്രാര്‍ഥിക്കാനും പള്ളീല്‍ നേര്‍ച്ച നേരാനും ഒക്കെ..എന്ത് ചെയ്തിട്ടും പക്ഷെ ഒരു ഗുണോം ഇതുവരെ ഒണ്ടായിട്ടില്ല..”
ദേവകി സഹതാപത്തോടെ അവിടെ അവരുടെ അരികില്‍ ഇരുന്നു. അവളുടെ മനസിലേക്ക് അന്നത്തെ സംഭവം തികട്ടി വന്നപ്പോള്‍ അവള്‍ മേരിയമ്മയെ നോക്കി.
“കൊച്ചമ്മ എന്തിനാ വിഷമിക്കുന്നത്..ഇത് ദൈവശിക്ഷയാ കൊച്ചമ്മേ..അന്ന് കൊച്ചമ്മ കുഞ്ഞിനെ ഒന്നെടുക്കാന്‍ ചെന്നപ്പോള്‍ അവള്‍ എന്താ പറഞ്ഞത്? ഈ മനസ് തകര്‍ന്നാല്‍, അത് തകര്‍ത്തവളെ അവിടുന്ന് വിടുവോ....”
ദേവകിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അത്ഭുതത്തോടെ മേരിയമ്മ അവളെ നോക്കി. സത്യത്തില്‍ ആ സംഭവം അവര്‍ മറന്നു കഴിഞ്ഞിരുന്നതാണ്. പക്ഷെ ഇവള്‍ അത് മറന്നിട്ടില്ല. തന്റെ മനസ് വേദനിച്ചാല്‍, അത് തന്നെക്കാള്‍ അവളെയാണ് ബാധിക്കുന്നത്. സ്വന്തക്കാര്‍ എന്ന് പറയുന്നവര്‍ ഒരിക്കലും സ്വന്തക്കാര്‍ ആകാറില്ല..ഇവളെപ്പോലെ ഒരു പെണ്ണിനെ തന്റെ മകന് ലഭിച്ചിരുന്നെങ്കില്‍ എന്ന് മേരിയമ്മ ചുമ്മാ മോഹിച്ചു. അവര്‍ സ്നേഹം നിറഞ്ഞു തുളുമ്പുന്ന മിഴികളോടെ അവളെ നോക്കി.
“എന്റെ മോളെ..നീ എന്താടീ എന്റെ വയറ്റില്‍ ജനിക്കാതെ പോയത്”
വാത്സല്യത്തോടെ അവളെ തഴുകിക്കൊണ്ട് മേരിയമ്മ അങ്ങനെ പറഞ്ഞപ്പോള്‍ ദേവകി തന്റെ ശിരസ്സ് അവരുടെ തോളിലേക്ക് ചാരി..

Samuel G
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo