#ഇപ്പളെങ്കിലും_വന്നൂലോ..........
ഇളംമഞ്ഞ നിറമുള്ള റോസാപൂക്കൾ കാക്കപ്പുള്ളിയുള്ള അവളുടെ വിരലുകൾക്കിടയിലേക്ക് നിർബന്ധിപ്പിച്ച് തിരുകിപിടിപ്പിക്കുമ്പോൾ അവൻ ആലോചിച്ചത് ദിവസങ്ങൾക്ക് മുന്നേ ഉണ്ടായ ആ phone call നെ കുറിച്ചായിരുന്നു..........
ഒന്ന് കാണാൻ തോന്നുന്നു എന്നേ അവൾ പറഞ്ഞുള്ളു...... അതിന് താൻ കൊടുത്ത മറുപടിയോ...!
"ഇങ്ങനെ ഇടക്കിടക്ക് കാണാൻ വര്വോ വര്വോ ന്ന് ചോദിക്കണംന്നില്യ, സമയോം സൗകര്യോം ഇണ്ടാവുമ്പോ ഞാൻ അറിയിച്ചോളാം. 2 ആഴ്ച കൂടുമ്പോൾ ആകെ 2 ദിവസത്തേക്കാ ഞാൻ വീട്ടിൽക്ക് വരണത്, അപ്പൊ ചെയ്ത് തീർക്കാൻ കുറെ കാര്യങ്ങളുണ്ടാവും. അതിന്റിടക്ക് നിന്നെ കാണാൻ വരാൻ സമയം ഇണ്ടാവില്യ. പിന്നെ, സിനിമക്ക് പൂവാൻ സമയണ്ടല്ലോന്ന് നീ ചോയ്ച്ചില്ലേ, നാട്ടിലെ friends എല്ലാരും കൂടി പോവുമ്പോ ഞാനെന്തിനാ നിന്നെ കാണാൻ വരാൻ വേണ്ടി മാറി നിക്കണത്...."
അവൻ ചുറ്റിലും നോക്കി....
സെമിത്തേരിയുടെ മടുപ്പിക്കുന്ന മൂകത പൊട്ടിച്ചെറിയാനുള്ള ശ്രമം ആരിലും അവൻ കണ്ടില്ല്യ. കരയാൻ ആരും ഇല്യാന്ന് മനസ്സിലായതുകൊണ്ടാവാം, ചാറി നിന്നിരുന്ന മഴ അവൾക്ക് വേണ്ടിയെന്നപോലെ പെട്ടന്ന് ആർത്തലച്ച് പെയ്യാൻ തുടങ്ങി, ഒരു തേങ്ങൽ പോലെ.
"ഹാവൂ ഇപ്പളെങ്കിലും ഒന്ന് വരാൻ തോന്നീലോ...", അവളുടെ പാതി അടഞ്ഞ കണ്ണുകളും വെട്ടുള്ള ചുണ്ടും തന്നോട് ചോദിക്കുന്നത്പോലെ അവന് തോന്നി.......
തന്റെ മുഖത്ത് വീണ മഴത്തുള്ളികൾ കൈകൾ കൊണ്ട് വകഞ്ഞുമാറ്റുമ്പോൾ അവനവളെ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു.
"മഴ പെയ്യാണെങ്കിൽ നനഞ്ഞ് drive ചെയ്യല്ലേ, എവിടെ എങ്കിലും കേറി നിക്കണട്ടോ......"
അവൻ തിരിഞ്ഞ്നോക്കാതെ നടന്നു, അവളുടെ വാക്കുകളെ മറന്ന്, മഴ നനഞ്ഞുകൊണ്ട് തന്നെ............
ദിൽന..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക