#ഒരു പെണ്ണുകാണലിന്റെ ഓർമ്മകൾ #
======================
======================
പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈ മാസത്തിൽ ഞങ്ങളുടെ നാട്ടിലെ, പാർട്ടി പ്രവർത്തകയും ബ്രോക്കറുമായ തങ്കമണിചേച്ചി എന്റെ വീട്ടിൽ എത്തി. ഞാൻ അന്ന് പോസ്റ്റ്‌ഗ്രാജുവേഷനു പഠിക്കുന്ന സമയം. തങ്കമണി ചേച്ചിയുടെ ലക്‌ഷ്യം ഞാനാണ് എന്ന് മനസ്സിലായി. ഇന്നു വരെ ഒരു ബ്രോക്കറും വീട്ടിലെക്ക് വന്നിട്ടില്ലായിരുന്നു. പഠനം കഴിയട്ടെ എന്ന ചിന്തയിൽ ആണ് അങ്ങിനെയൊരു തീരുമാനം ഉണ്ടായത്. അപ്പൊഴാണ് ഞങ്ങളുടെ സ്ഥലത്തെ ആസ്ഥാനബ്രോക്കറായ തങ്കമണിചേച്ചി വീട്ടിലെത്തി തന്റെ കയ്യിലുള്ള പയ്യൻമാരുടെ ലിസ്റ്റ് പുറത്തെടുത്തു. "എനിക്ക് ഒരു മോളെ ഉള്ളു, അതിനെ ഞാൻ ദൂരേക്ക് കൊടുക്കില്ല, അടുത്തുള്ള വല്ല പയ്യൻമാരുമുണ്ടെങ്കിൽ നോക്കാം " എന്ന് അച്ഛൻ ആദ്യമേ പറഞ്ഞു . അച്ഛന്റെ താല്പര്യമില്ലായ്മ മനസ്സിലാക്കിയ തങ്കമണിചേച്ചി തന്റെ സന്ദർശനം ഒരു ചായയിൽ ഒതുക്കി. നേരെ എന്റെ അമ്മാവന്റെ വീട്ടിലേക്കാണ് അവർ കയറി ചെന്നത്. ഒരേ പാർട്ടി അനുഭാവമുളളവരായത് കൊണ്ട് തങ്കമണി ചേച്ചിക്ക് നല്ല സ്വീകരണമാണ് അവിടെ കിട്ടിയത്. അവർക്ക് വർണ്ണിക്കാനുള്ള പയ്യൻമാരുടെ നീണ്ട പട്ടികയും അവർ അവിടെ സുദീർഘമായി അവതരിപ്പിച്ചു. അമ്മാവന്റെയും മുത്തശ്ശിയുടെയും മനസ്സിൽ തങ്കമണിചേച്ചിയുടെ നീണ്ട പട്ടികയിലെ ഏറ്റവും അടുത്തു ചരപറമ്പിൽ നിന്നുള്ള ആലോചനയോട് കുറച്ചധികം ഇഷ്ടമുണ്ടാക്കി.
ഏകപുത്രിയായതു കൊണ്ടുള്ള അധികവാത്സല്യവം ഏവർക്കുമുണ്ട്. എന്റെ വീട്ടിൽ നിന്നു ഏതാണ്ട് ഒന്നരകിലോമീറ്റർ മാത്രം ദൂരം.. ഈ ആലോചന ഏവരെയും ബോധിച്ചു. വരാനും പോകാനുമുളള സൗകര്യം, ജോലി, കുടുംബാന്തരീക്ഷം എന്നിവയും ഒത്തുവന്നു. അവിടെ രണ്ടാൺമക്കൾഎന്നതും പെൺവീട്ടുക്കാർക്ക് പ്രലോഭനമുണ്ടാക്കി. ഇളയസന്തതിയായ ഇദ്ദേഹത്തെ ഞങ്ങളുടെ വീട്ടിൽ ഇരുത്തുകയും ചെയ്യാം എന്ന ഒരു ആശയം ബന്ധുജനങ്ങൾ മുൻപോട്ട് വെക്കുകയും ചെയ്തു. തങ്കമണി ചേച്ചി അത് പിൻതാങ്ങുകയും ചെയ്തു. തങ്കമണിചേച്ചിയുടെ നിരന്തര പ്രേരണ മൂലം അവസാനം ചെക്കന്റെ വീട്ടുക്കാർ വന്നു പെണ്ണിനെ കണ്ടിട്ട് പോകട്ടെ എന്നൊരു തീരുമാനമായി. ജീവിതത്തിൽ ആദ്യമായി പെണ്ണു കാണാൻ വരികയാണ്. എനിക്ക് അതിന്റെ എല്ലാ പിരിമുറുക്കവുമുണ്ട്. എന്റെ അവസ്ഥ കണ്ട് അമ്മാവൻ എന്നെ സമാധാനിപ്പിച്ചു., "ഇങ്ങനെ ഒരുപാട് പെണ്ണുകാണൽ ഉണ്ടാകും, കുഴപ്പമില്ല ഇത് ആദ്യത്തെയല്ലേ, ഇനി ശരിയായി കോളളും ".ഇത് കേട്ടതും എന്റെ ശ്വാസം നിലച്ചതു പോലെയായി!!!! ദൈവമേ ഇനി എത്ര പെണ്ണുകാണൽ ഘട്ടങ്ങൾ തരണം ചെയ്യണം.
അവസാനം ഓഗസ്റ്റ് മാസത്തിൽ പെണ്ണ്കാണാൻ വരാനുള്ള ദിവസം നിശ്ചയിച്ചു, ഓണം വെക്കേഷൻ സമയത്ത്. അങ്ങിനെ ആ ദിവസം വന്നെത്തി. രാവിലെ തന്നെ അമ്പലത്തിൽ പോയി വന്നു, ഒരുങ്ങി നിന്നു. അധികം വൈകാതെ തന്നെ അമ്മയുടെ വീട്ടുക്കാരും അച്ഛന്റെ വീട്ടുക്കാരും വന്നെത്തി പുറമേ ദേശക്കാരും, അച്ഛന്റെ സുഹൃത്തുക്കളും കൊണ്ട് വീട് നിറഞ്ഞു. ഏകദേശം പത്ത് മണിയോടെ പയ്യന്റെ വീട്ടുക്കാരുടെ വരവായി. പെൺവീട്ടുക്കാരുടെ ആളാധിക്യത്തെ കടത്തിവെട്ടുന്ന തരത്തിലുള്ള പ്രകടനമാണ് അവർ കാഴ്ചവെച്ചത്. രണ്ടു കാറ് കുത്തിനിറച്ചു ആൾക്കാരും പിന്നെ നാല് ബൈക്കും, ആൾക്കാരെ കണ്ട് ഞാൻ വിരണ്ടു പോയി എന്നത് നേര് തന്നെയാണ് . എന്റെ ബാല്യക്കാല സഖി ദീപ എനിക്ക് കൂട്ടായിട്ടുണ്ടായിരുന്നു. അടുത്ത സ്ഥലത്തിലുള്ളവരായാതു കൊണ്ട് ആർക്കും അപരിചിതത്വം ഉണ്ടായിരുന്നില്ല. വന്നവരിൽ ഏറെ പേരും എന്റെ ബന്ധുക്കളുടെ കൂടെ ഒരേ ക്ലാസ്സിൽ പഠിച്ചവർ ആയിരുന്നു. വന്നവരിൽ പലരും പഴയ പരിചയം പുതുക്കുന്നതു കണ്ടു. എന്റെ ഭയവും ആശങ്കയും ഞാൻ പങ്കു വെച്ചത് ദീപയോട് മാത്രമായിരുന്നു . വായ തുറന്ന് മിണ്ടാൻ പറ്റുന്നില്ലെങ്കിലും ഐസ് പോലെ തണുത്തുറഞ്ഞു ദീപയുടെ കയ്യിൽ മുറുക്കെ പിടിച്ചു നിന്നു ഞാൻ. ആ കയ്യിലെ പിടിത്തം ചരപറമ്പുക്കാരു പോയ ശേഷമാണ് ഞാൻ വിട്ടത്.
വീട്ടിൽ ബന്ധുക്കാരുടെയും പയ്യന്റെ വീട്ടുക്കാരുടെയും ബഹളത്തിൽ ഞങ്ങൾ പെണ്ണും ചെക്കനും വിസ്മരിക്കപെട്ടത് പോലെ തോന്നി. അരമണികൂറിലെ കോലഹലത്തിന്നു ശേഷം പതുക്കെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലായി. പ്ലേറ്റുകളിൽ വിവിധ തരം പലഹാരങ്ങൾ നിറച്ചു, ചായ ഗ്ലാസ്സുകളിൽ നിറച്ചു വന്നവർക്ക് കൊടുത്തു. ഉള്ളിൽ സ്ത്രിജനങ്ങൾക്ക് അമ്മയും ചെറിയമ്മമാരും അമ്മായിയും ചായകൊടുത്തു. പക്ഷെ മുൻവശത്തെ മുറിയിൽ ഇരിക്കുന്ന പുരുഷന്മാർക്ക് ചായ കൊടുക്കാൻ എന്നെ നിയോഗിച്ചു .. അതൊരു അലിഖിത നിയമമാണ്, കല്യാണ പെൺകുട്ടി തന്നെ ചായ കൊടുക്കണമെന്നു -അതിൽ മൂന്ന് കാര്യങ്ങളുണ്ട്, പെൺകുട്ടിയേ കാണുകയും ചെയ്യാം, ചായ കുടിക്കുകയുമാവാം, പെൺകുട്ടിയോട് ചോദിക്കാനുള്ള കാര്യങ്ങൾ ചോദിക്കുകയുമാവാം. ചായയുടെ ട്രെ കയ്യിൽ കിട്ടിയപ്പോൾ എന്റെ കൈ വിറക്കാൻ തുടങ്ങി, അത് കണ്ട് എന്റെ അമ്മാവൻ എന്റെ കയ്യിൽ നിന്നു ചായയുടെ ട്രെ വാങ്ങി മുന്നിൽ നടന്നു ഞാൻ പുറകെയും. മുൻവശത്ത് മുറിയിൽ ഒരു വൃത്തം തീർത്തിരിക്കുന്ന ജനകൂട്ടത്തിന്റെ നടുവിലേക്കാണ് ഞാൻ ചെന്നു കയറിയത്.. ആരോ ചെക്കനെ കാണിച്ചു തന്നു.. എല്ലാവരും എന്നെ നോക്കി പരിചയഭാവത്തിൽ ചിരിക്കുന്നുണ്ട്. എന്റെ തൊണ്ട വരണ്ടു വന്നു, ഒരു നനവ് പോലുമില്ല വായിൽ, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ എന്തു പറയുമെന്ന പരിഭ്രാന്തിയിൽ നിൽക്കുമ്പോഴാണ് പയ്യന്റെ അളിയന്റെ വക ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയുന്ന സ്കൂൾകുട്ടിയേ പോലെ ഞാൻ ഓരോന്നിനും മറുപടി കൊടുത്തു. എല്ലാം പതിവ് ചോദ്യങ്ങൾ അറിയാമെങ്കിലും പേര്, പഠിക്കുന്ന കോഴ്സ്, കോളേജ് എന്നിവയൊക്കെ തന്നെ വീണ്ടും ചോദിച്ചു.
അടുത്ത ഘട്ടം ചെറുക്കനും പെണ്ണും തമ്മിൽ സംസാരിക്കുക എന്നതായിരുന്നു. അവിടെയും ബന്ധുജനങ്ങളുടെ പരിചയം വീണ്ടും വില്ലനായി. ആരും റൂമിൽ നിന്നും പുറത്തു പോകുന്നില്ല, പോയവരാകട്ടെ വാതിലിൽ നിന്നും തല ഉള്ളിലേക്കിട്ട് ചെക്കനോട് ബാക്കി വിശേഷം പറച്ചിലാണ്. എന്റെ അവസ്ഥ പരിതാപകരമാണ് ഇവരുടെ എല്ലാം സംസാരത്തിന്റെ ഇടയിൽ വെപ്രാളത്തോടെ ഞാൻ ദീപയുടെ കയ്യും പിടിച്ചു നിൽപാണ്. പയ്യൻ റൂമിലൊരു കസേരയിൽ ഇരുന്നു എന്നോട് ഉള്ളിലേക്ക് പോകാൻ പറഞ്ഞപ്പോൾ ഞാൻ ദീപയുടെ കൈ വിടാതെ അവളെയും കൊണ്ട് റൂമിലേക്ക് കയറി. എനിക്കു ടെൻഷൻ കൂടുന്തോറും അവളുടെ കയ്യിലെ എന്റെ പിടിത്തവും മുറുകി വന്നു .പാവം ദീപ,.. അന്ന് അവളുടെ കൈ ചുവന്നു പോയി, എന്റെ പിരിമുറുക്കം ശെരിക്കും അറിഞ്ഞത് അവളുടെ കൈകളാണ്. അവിടെയും ഉണ്ടായി ചോദ്യങ്ങളും ഉത്തരങ്ങളും. ഹാവു.... ആ കടമ്പയും കടന്നു അപ്പോഴേക്കും കുറേ പേർ മുറിയിലേക്ക് കയറി, പിന്നെ അവരോടായി പയ്യന്റെ വർത്തമാനം... രക്ഷപെട്ട ആശ്വാസത്തിൽ ഞാൻ ദീപയുടെ കൈ പിടിച്ചു പുറത്തേക്ക് വന്നു. അങ്ങിനെ എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് തീർന്നു. പയ്യന്റെ വീട്ടുകാർ അന്ന് വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ ഒരു അരവം തന്നെ ഒതുങ്ങിയപ്പോലെ തോന്നി.
ജീവിതത്തിൽ പിന്നെയൊരു പെണ്ണുകാണലിനു നിന്നു കൊടുകേണ്ടി വന്നിട്ടില്ല എനിക്ക്. അന്ന് എന്നെ ആദ്യമായി കാണാൻ വന്നയാൾ തന്നെ എന്നെ കെട്ടി. പിന്നീടാണ് ഞാൻ അറിഞ്ഞത് പ്രകാശെട്ടന്റെയും ആദ്യത്തെ പെണ്ണ് കാഴ്ച്ചയായിരുന്നുവെന്ന്.
രണ്ടുപേരും ആദ്യം കണ്ട ആളുകളെ തന്നെ മതിയെന്നു വെച്ചു. ആ തീരമാനത്തിന്നു പ്രയത്നിച്ചത് തങ്കമണിചേച്ചി യായിരുന്നു. രണ്ടു വീട്ടുക്കാരെയും പറഞ്ഞു മനസിലാക്കാൻ തങ്കമണിചേച്ചി തന്റെ ബ്രോക്കർ ബുദ്ധി മുഴുവൻ ഉപയോഗിച്ചു.
ഇന്നു ഞങ്ങൾ പതിനഞ്ചു വർഷങ്ങൾക്കിപ്പുറം നിൽക്കുമ്പോൾ തങ്കമണി ചേച്ചിമണ്മറഞ്ഞുവെങ്കിലും,അവരുടെ അന്നത്തെ ആ വരവിനെ ഇന്നും നന്ദിയോടെ മാത്രമേ ഓർക്കാറുള്ളു. അന്ന് എന്റെ വീടുകാർ വിചാരിച്ച പോലെ പ്രകാശേട്ടൻ എന്റെ വീട്ടിൽ താമസിച്ചില്ല.. എന്റെ അച്ഛന്റെയും അമ്മയുടെയും പൂർണസമ്മതത്തോടെ ഞങ്ങൾ ചരപറമ്പിൽ തന്നെ താമസിച്ചു. പ്രകാശേട്ടൻ പെണ്ണ്കാണാൻ അന്ന് വന്നപ്പോൾ ദീപയുടെ കൈയിൽ പിടിച്ചു നിന്നതിനെ ഇന്നും മക്കളോട് നേരംപോക്ക് പറഞ്ഞു എന്നെ കളിയാക്കാറുണ്ട്. പിന്നെ എന്റെ കളിക്കൂട്ടുകാരി, ദീപ ഇന്നു കാര്യപ്രാപ്തിയുള്ള ഗൃഹണിയായി സസുഖം വാഴുന്നു..... ഇന്നും ഞങ്ങളുടെ സൗഹാർദത്തിന്റെ ഇഴയെടുപ്പിന്റെ അകലം കൂടാതെ കാക്കുന്നു.... എന്നെന്നും എന്റെ നല്ല കൂട്ടുകാരിയായി അവൾ ഉണ്ട് .....
ഇന്നു പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞു , രണ്ടു വീടുകൾ തമ്മിലുള്ള ദൂരക്കുറവ് ഇന്നു ഞങ്ങൾക്കൊരു അനുഗ്രഹമാണ്. എന്റെ അച്ഛനും അമ്മയും ഒറ്റക്കാണ് എന്ന ഒരു തോന്നലും അവർക്കും, ഞങ്ങൾക്കും ഇതുവരെ ഉണ്ടായിട്ടില്ല. എന്നും പേരകുട്ടികളും മകളും അവരുടെ ചുറ്റുവട്ടത്തിലുണ്ട്. ഏതൊരു ആഘോഷമായിക്കൊട്ടെ അത് രണ്ടു വീട്ടിലും ഒരുപോലെ ആഘോഷിക്കാറുണ്ട്. പ്രകാശെട്ടനും രണ്ടു വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞങ്ങളുടെത് പ്രേമവിവാഹമാണോ എന്ന് പോലും ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ട് , വീടുകൾ അടുത്തായത് കൊണ്ട് അങ്ങിനെയും ചില കിംവദന്തികൾ കെട്ടു.... എങ്കിലും വിവാഹം കഴിഞ്ഞു ഞങ്ങൾ നന്നായി തന്നെ പ്രേമിച്ചു....... ഇന്നു ഞങ്ങൾ അനുഭവിക്കുന്ന രണ്ടു വീടുകൾ തമ്മിലുള്ള ദൂരകുറവിന്റെ സൗകര്യവും സൗഭാഗ്യവും അസൂയയോട്കൂടിയാണ് മറ്റുള്ളവർ കാണുന്നത്.
എന്നിരുന്നാലും അന്നത്തെ ആ പെണ്ണുകാണൽ ഇന്നും ഞങ്ങൾ ചരപറമ്പ് വീട്ടിൽ ചർച്ചയാവാറുണ്ട്. "നിങ്ങളെന്താ അംഗബലം കാണിച്ചു, പെൺവീട്ടുക്കാരെ പേടിപ്പിക്കാണോ, അമ്മാതിരി വന്നത് ?" എന്ന് ഞാൻ കളിയായി നാത്തൂൻമാരോട് ചോദിക്കാറുണ്ട്. അതിനവർ മറുപടി തന്നത്, "ഒറ്റതവണ എല്ലാവരും കൂടി അങ്ങ് വന്നാൽ കാര്യങ്ങൾക്ക് പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാവുമല്ലോ, അതാണ് ഞങ്ങൾ മൊത്തത്തിൽ അങ്ങോട്ട് വന്നത്. " അന്ന് ആ ഒറ്റ വരവിൽ ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായി. ഇന്നു അതൊക്കെ മധുരതരമായ ഓർമ്മകളായി മാറി. ഇങ്ങനെയൊക്കെ പറയുമെങ്കിലും ഇപ്പൊഴും ചരപറമ്പ് കുടുംബത്തിൽ ഞാനടക്കമുളളവരുടെ ആ സ്വഭാവത്തിന്നു മാറ്റമൊന്നുമില്ല, ഏറ്റവും അവസാനം കല്യാണം നടന്ന ആളുടെ പെണ്ണുകാണലിനു ഒരു മിനിബസ്സിനുള്ള ആളുകളാണ് പോയത്!!!!!!...
സ്മിത പ്രകാശ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക