പുസ്തകം വേണം .[കവിത]
....................................
പകർത്തിയെഴുതാൻ
ഇനിയും എനിക്കൊരു
പുസ്തകം വേണം!
നിഴലും നിലാവും ചുംബിച്ചു നില്ക്കേ,
നീലാകാശത്തിലെ വർണ്ണ നക്ഷത്രങ്ങൾ,
നീരദ ഹംസങ്ങളായിട്ടൊഴുകേ,
ഇണചേരും യാമങ്ങളാത്മഹർഷത്തിന്റെ
ഇന്ദ്രിയ മന്ത്രങ്ങളുരുവിട്ടു പിണയുന്ന
ഭാഗ്യമുഹൂർത്തം പകർത്തിയെഴുതുവാൻ
ഇനിയും എനിക്കൊരു
പുസ്തകം വേണം.!
കൈവിട്ടു പോയ കിനാവിനെ തേടി
കണ്ണീർ കയത്തിന്റെ ആഴങ്ങളിൽ,
അന്ധകാരത്തിന്റെ നീർ ചുഴിയിൽ,
ജീവിച്ചു പോയെന്റെ അഞ്ചു വർഷം.!
ചങ്ങല തീർത്ത മുറിവുകളിൽ
അള്ളിപ്പിടിച്ചപ്പുഴുക്കൾ പോലെ
തള്ളിക്കളഞ്ഞാലും വിട്ടുമാറാത്തെന്റെ
ജീവിതം ഒന്നു പകർത്തിവെക്കാൻ ഇനിയും എനിക്കൊരു
പുസ്തകം വേണം!
നാട്ടുവഴികളിൽ, നാടൻ കവലയിൽ
നാട്ടാർക്കുമൊപ്പം ഇരുന്നന്തി നേരത്തും
വല്ലതും ചൊല്ലി പറഞ്ഞ ആ നാളിനെ
ഇല്ലാ . തിരികെ ലഭിപ്പതില്ല. സത്യം
കൊല്ലും കൊലയുമല്ലേ യാ വഴികളിൽ.!
നാടിന്റെ സൗഹാർദ്ദമില്ലാതെയായി
നാമിന്ന് നമ്മളാരാണെന്നറിയാതെ പോയി.
ബന്ധത്തിൻ ഊഷ്മളം ഇല്ലാത്ത ബന്ധത്തെ" ബന്ധനം എന്നു വിളിക്കുന്നു ഞാൻ!
നഷ്ടവസന്തത്തിൻ മുറ്റത്തിരുന്ന്
ഇക്കഥ മെല്ലെ പകർത്തിവെക്കാൻ
ഇനിയും എനിക്കൊരു
പുസ്തകം വേണം!
ഒരു മുട്ട വിരിഞ്ഞുള്ള രണ്ടു കുഞ്ഞുങ്ങളാണീ മത, രാഷ്ട്രീയമെന്നറിയൂ.!
അവരെത്തി നില്ക്കുന്ന നരഭോജി സംസ്കാരമാണീ സമകാല
ജീവിതമെന്നത് കലികാലമെന്നേ ഞാൻ പറയൂ.!
പിന്നിൽ പതുങ്ങി വെട്ടിവീഴ്ത്തിടുന്ന
രാഷ്ട്രീയ മതവൈര കൂട്ടങ്ങളെ,
അനാഥമായ് തീരുന്ന, മർത്ഥ്യനീതിക്കായ്
കുത്തി കുറിച്ചൊന്ന് കാത്തു വെച്ചീടാനായ്.
ഇനിയും എനിക്കൊരു
പുസ്തകം വേണം.!
.............................
അസീസ് അറക്കൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക