ആലിലകൾ പൊഴിയുന്നു...
***********************
ഞെട്ടറ്റ് വീണ ഒരു ആലില തോളിലുരസി താഴേക്ക് വീണപ്പോഴാണ് അയാൾ കണ്ണ് തുറന്നത്. ആൽമരത്തിലെ ഓരോ ഇലകളും പൊഴിയുന്നത് ഓരോ ജീവനും പകരമായിട്ടാണത്രേ. ചുറ്റിലും നോക്കി. അസംഖ്യം ഇലകൾ വിധി ഏറ്റുവാങ്ങി മണ്ണിനോട് ചേർന്നിരിക്കുന്നു. മഞ്ഞ നിറമാർന്നതും പച്ച ഇലകളും തളിരിലകളും എല്ലാമുണ്ട് അക്കൂട്ടത്തിൽ. സാവിത്രി ഇതിലേതിലയായിരിക്കും? ഒരു ചോദ്യം ഉത്തരം കിട്ടാൻ കണ്ണുകളിൽ നിറഞ്ഞു നിന്നു.

താനെന്തൊരു വിഡ്ഢിയാണ്. മരിച്ച് ഏറെ ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. അവളെ പോലെ അതും മണ്ണിലലിഞ്ഞ് ചേർന്നിരിക്കുമെന്ന് അറിയാം. എന്നിട്ടും വെറുതെ കൈകളാൽ പരതി പാതിയും ദ്രവിച്ച ആലിലയൊന്ന് തിരഞ്ഞ് പിടിച്ച് അയാൾ നെഞ്ചോട് ചേർത്തു.
അഴുകിയ ഗന്ധത്തിനു പകരം എന്തുകൊണ്ടോ കുഴമ്പിന്റേയും എണ്ണയുടേയും ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. നീണ്ട 40 ദിനരാത്രങ്ങൾ കടന്നു പോയിരിക്കുന്നു.
രാവിലെ കിടക്ക വിട്ട് എഴുന്നേൽക്കുമ്പോഴും കണ്ണുകൾ തിരഞ്ഞത് സാവിത്രിയെയാണ്. അവൾ കിടന്നിരുന്നയിടം ശൂന്യമാണെന്ന് കണ്ട് കണ്ണുകൾ വേദനയോടെ പിൻവാങ്ങി.
രാവിലെ കിടക്ക വിട്ട് എഴുന്നേൽക്കുമ്പോഴും കണ്ണുകൾ തിരഞ്ഞത് സാവിത്രിയെയാണ്. അവൾ കിടന്നിരുന്നയിടം ശൂന്യമാണെന്ന് കണ്ട് കണ്ണുകൾ വേദനയോടെ പിൻവാങ്ങി.
"അരുൺ... വരില്ലേ കൃഷ്ണേട്ടാ? എന്റെ കുട്ടി ഇങ്ങോട്ട് വരാനാവാതെ നീറി പുകയുന്നുണ്ടാകും. ഒരു നോക്ക് കാണാൻ വിധിയുണ്ടാകില്ലേ എനിക്ക് ?" ചിലമ്പിച്ച ഒച്ചയിൽ സാവിത്രി ആരായുമ്പോൾ കൈകൾ തെരുപ്പിടിച്ച് ഒന്നും പറയാതെ നിന്നിരുന്നു.
അവളെ ബോധിപ്പിക്കാൻ ഏതോ നമ്പറിലേക്ക് വിളിച്ച് "അരുൺ മോനേ.." ന്നു വിളിച്ച് സംസാരിക്കുന്നതായി ഭാവിച്ചു. ഫോണിനു വേണ്ടി അവൾ കൈ നീട്ടിയപ്പോഴൊക്കെ മോൻ തിരക്കിലാണ്. ഓഫീസ് കഴിഞ്ഞിറങ്ങുമ്പോൾ അവൻ വിളിക്കാമെന്ന് പറഞ്ഞുവെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചു.
മരുന്നുകളുടെ ക്ഷീണത്തിൽ സാവിത്രി ഉറങ്ങുകയായിരുന്നുവെന്നും അരുൺ വിളിച്ചിരുന്നുവെന്നും പറയുമ്പോൾ നിരാശ തളം കെട്ടുന്ന അവളുടെ മിഴികൾ കണ്ടില്ലെന്നു നടിച്ചു.
അമ്മയുടെ മരണമറിയിച്ചിട്ടും വരാത്ത ഏക മകൻ. ഫോണിലൂടെ ഒഴുകിയെത്തിയ വാക്കുകൾ അവനാണ് പറഞ്ഞതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
"പ്രൊമോഷൻ കിട്ടാൻ ഏറെ ചാൻസുള്ള ടൈമാണച്ഛാ. നാട്ടിലേക്ക് ഓടിപ്പിടഞ്ഞു വന്നാൽ ഇത്രേം വർഷം ഞാൻ കഷ്ടപ്പെട്ടതൊക്കെ വെറുതെയാവും. മരിച്ചവർ മരിച്ചു. ബി പ്രാക്ടിക്കൽ അച്ഛാ. ലക്ഷ്മി അപ്പച്ചീടെ മോൻ അനന്തു എനിക്ക് പകരം കർമ്മങ്ങൾ ചെയ്തോളും. ഞാൻ വിളിച്ച് പറയാം."
ഒന്നും മിണ്ടാതെ റിസീവർ താഴെ വെയ്ക്കുമ്പോൾ മനസ്സ് ഒരു പാട് വർഷങ്ങൾ പിന്നിലേക്ക് ഓടി കഴിഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമില്ലാതെ കരഞ്ഞ് തളർന്ന് സാവിത്രിയും താനും എണ്ണിത്തീർത്ത നാളുകൾ. നേർച്ചകളും പ്രാർത്ഥനകളും ഒരുപാട് കഴിച്ചു. ചിതയിലേക്കെടുക്കുമ്പോൾ കൊള്ളിവെയ്ക്കാൻ ഒരു സന്താനത്തെ തരണേ ഭഗവാനേന്ന് കരഞ്ഞു പ്രാർത്ഥിച്ചു. അവസാനം സാവിത്രിയുടെ അടിവയറ്റിൽ കുഞ്ഞു അനക്കങ്ങൾ തുടങ്ങിയപ്പോൾ ആനന്ദാശ്രുക്കൾ കരകവിഞ്ഞൊഴുകി. ഇടവപ്പാതിയിലെ തോരാമഴയുടെ ശബ്ദത്തെ ഭേദിച്ചു കൊണ്ട് ഉച്ചത്തിൽ കരഞ്ഞ് പിറന്ന കുഞ്ഞ് ആണാണെന്നറിഞ്ഞപ്പോൾ എന്തുമാത്രം സന്തോഷിച്ചു. വാശികളെല്ലാം സാധിച്ചു കൊടുത്തു അവന്റെ സന്തോഷം മാത്രം നോക്കി വളർത്തി.
അവസാനം അവൻ വിദേശത്തേക്ക് യാത്രയായപ്പോൾ നെഞ്ച് പിടഞ്ഞു. മക്കളുടെ ഉയർച്ചകളിൽ സന്തോഷിക്കുകയാണ് വേണ്ടതെന്ന് മനസ്സിനെ ആവുന്നത്ര പറഞ്ഞു പഠിപ്പിച്ചു. എന്നിട്ടും കണ്ണുകൾ എന്തിനു കലങ്ങുന്നുവെന്ന് മനസ്സിലായില്ല.
ഫോൺ വിളികളുടെ നീളം കുറയുന്നതിനനുസരിച്ച് അവൻ ഉയരങ്ങൾ താണ്ടുകയാണെന്ന് മനസ്സിലായി.
സ്നേഹം കോരിച്ചൊരിഞ്ഞ് വളർത്തിയപ്പോൾ ബന്ധങ്ങളുടെ മൂല്യം അവൻ മനസ്സിലാക്കി കാണില്ല.
ആൽത്തറയിൽ നിന്നെഴുന്നേറ്റ് ഉറച്ച മനസ്സോടെ നടക്കുമ്പോൾ ദുഃഖമോ... പരാജിതന്റെ ക്ഷീണമോ... കാലുകളെ തളർത്താൻ നോക്കി കൊണ്ടിരുന്നു.
ഈറനുടുത്ത് കർമ്മിക്കു മുന്നിൽ ഇരിക്കുമ്പോൾ നിശ്ചയദാർഢ്യം കണ്ണുകളിൽ വ്യക്തമായിരുന്നു.
" മോനേ... ഒരുരുള കൂടി..." കൊഞ്ചിച്ചു കൊണ്ട് സാവിത്രി നീട്ടുന്ന ഉരുളയ്ക്ക് നേരെ വാ തുറക്കുന്ന അരുൺ... അവസാനമായി ഒന്നു കാണാൻ വരാത്ത തിരക്കുകളുള്ളവൻ... അവൾക്കുള്ള ഒരു പിടി ബലിച്ചോറ് നൽകാൻ ആവശ്യപ്പെട്ടാൽ പുച്ഛത്തോടെ ഫോൺ എറിയുന്നത് കേൾക്കാൻ വയ്യ. കറുകപ്പുൽ മോതിരമണിഞ്ഞ് രണ്ടുരുള ചോറുരുട്ടി എള്ളും പൂവും ചന്ദനവും നേർന്ന് നീർ നൽകി ബലികാക്കകളെ നനഞ്ഞ കൈ തട്ടി വിളിച്ചു. എങ്ങുനിന്നോ ഒരു ബലികാക്ക പറന്നു വരുന്നത് നിർന്നിമേഷനായി നോക്കി നിന്നു.

സാവിത്രിക്കായി ഒരുക്കിയ ബലിച്ചോറ് തിന്നുകൊണ്ട് കാക്ക പറന്നകലുന്നതും നോക്കി നിൽക്കേ നെഞ്ചിൽ ഒരു വിങ്ങൽ.
സ്വപുത്രനാൽ നേടാൻ കഴിയാത്ത ഒരുരുള തന്റെ തന്നെ പേരിൽ ഒരുക്കി വെച്ച ഹതഭാഗ്യന്റെ മിഴികളിൽ നീർ കുമിയാൻ തുടങ്ങി. അകത്തേക്ക് നടന്ന് സാവിത്രിയുടെ കുഴമ്പുമണമുള്ള നേര്യതിൽ ഒന്നെടുത്ത് കുരുക്കുണ്ടാക്കി കഴുക്കോലിൽ മുറുക്കുമ്പോൾ മുറ്റത്തെ മാവിൻ ചില്ലയിൽ ഇരുന്ന് ഒരു ബലികാക്ക സാകൂതം പിണ്ഡച്ചോറിലേക്കും ജനലഴികൾക്കിടയിലൂടെ അകത്തേക്കും നോക്കി കൊണ്ടിരുന്നു. ദൂരെ ക്ഷേത്ര മുറ്റത്തെ ആലിൻ കൊമ്പിൽ നിന്ന് ഒരില കൂടി അടർന്നു വീഴുവാൻ ആരംഭിച്ചിരുന്നു.
****
Ritu
****
Ritu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക