Slider

നാലുമണിപ്പൂക്കളുടെ മകള്‍

0
നാലുമണിപ്പൂക്കളുടെ മകള്‍
***************************************
“വേറൊന്നും തോന്നരുത് .ഉടനെ ഒരു നോവല്‍ പ്രസിദ്ധികരിക്കാന്‍ എനിക്ക് താല്പര്യമില്ല.ഈ സ്ഥാപനം തന്നെ കടുത്തനഷ്ടത്തിലാണ് പോകുന്നത്.പുതിയ പുസ്തകങ്ങള്‍ ഇറക്കാന്‍ ഉള്ള അവസ്ഥ ഇല്ല എന്നുള്ളതാണ് വാസ്തവം.”
നോവലിന്റെ കയ്യെഴുത്തുപ്രതി ആ സ്ത്രീക്ക് തിരിച്ചുനല്‍കിയതിന് ശേഷം നരേന്ദ്രന്‍ പറഞ്ഞു.അതിനുശേഷം അയാള്‍ നോട്ടം പുറത്തേക്ക് മാറ്റി.ആ സ്ത്രീയുടെ കണ്ണുകളിലേക്ക് നോക്കാന്‍ നരേന്ദ്രന് മടിതോന്നി.
ആ ഇടത്തരം പട്ടണത്തില്‍ ,ഒരല്‍പം ഉള്ളിലായിട്ടായിരുന്നു അയാളുടെ പബ്ളിഷിംഗ് ഹൗസ്.ഒരു ചെറിയ ഓഫീസ് .അതിനോട് ചേര്‍ന്ന് പ്രസ്.ജനാലക്കപ്പുറത്തു നാല്മണിപ്പൂക്കള്‍ പോക്കുവെയിലില്‍ ചുവന്നുനിന്നു.
നരേന്ദ്രന്റെ അച്ഛന്റെ വകയായിരുന്നു ആ സ്ഥാപനം..സ്ഥാപനം ഇപ്പോള്‍ നഷ്ടത്തിലാണ്.
ആകാശനീലയില്‍ ഇളംറോസ് പൂക്കള്‍ ഡിസൈന്‍ ചെയ്ത സാരിയായിരുന്നു അവര്‍ ധരിച്ചിരുന്നത്..ആ വെളുത്ത മുഖത്ത് ഒരു മുക്കുത്തിയുടെ തിളക്കം. അവര്‍ കടന്നുവന്നപ്പോള്‍ മുറിയില്‍ മുല്ലപ്പൂക്കളുടെ വാസന നിറഞ്ഞു. നരേന്ദ്രന്‍ അവരെ ആദ്യം കാണുകയായിരുന്നു.അവരുടെ പേര് ഉമാദേവിയെന്നാണ്.അവരുടെ വീടും നാടും മറ്റുകാര്യങ്ങളും അവര്‍ പറഞ്ഞില്ല.നരേന്ദ്രന്‍ ചോദിച്ചതുമില്ല.
“എനിക്ക് ഇത് പ്രസിദ്ധികരിക്കണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു.പ്രത്യേകിച്ച് പേരെടുക്കാനോ ഒന്നുമല്ല.എന്റെ അക്ഷരങ്ങള്‍ കടലാസില്‍ സൂക്ഷിക്കണമെന്ന ഒരു കൊതി.അത്രമാത്രം.”
അവരുടെ ശബ്ദം നേര്‍ത്തതെങ്കിലും വല്ലാത്ത ഒരു ശക്തിയുണ്ടെന്നു അയാള്‍ക്ക് തോന്നി.
“മറ്റു പ്രസാധകരെ സമീപിച്ചുകൂടെ.?” നരേന്ദ്രന്‍ ചോദിച്ചു.
“എനിക്ക് ശുപാര്‍ശ നടത്താന്‍ ആരുമില്ല.മാത്രമല്ല അവരൊക്കെ മുതിര്‍ന്ന എഴുത്തുകാരുടെ രചനകളാണ് പ്രസിദ്ധികരിക്കാന്‍ താത്പര്യപെടുന്നത്.”ഉമാദേവി പറഞ്ഞു.
കുറച്ചുനേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.ഉമാദേവി പോകാനായി എഴുന്നേറ്റു.പോകുന്നതിനു മുന്‍പ് ആ നോവലിന്റെ മാനുസ്ക്രിപ്പ്റ്റ് തിരികെവച്ചു.
“ഇതിവിടിരിക്കട്ടെ.എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കില്‍ വായിച്ചുനോക്കണം.”
അവര്‍ പോയപ്പോള്‍ നരേന്ദ്രന്‍ എഴുന്നേറ്റു പുറത്തുവന്നു..ആ സ്ത്രീ ഒരു ഇളംനീല പൊട്ടായി ദൂരെ വെയിലില്‍ മറയുന്നു.അപ്പോഴാണ്‌ നാലുമണിപൂക്കളുടെ തിളക്കം അയാള്‍ ശ്രദ്ധിച്ചത്.
ഇതു വരെ പൂക്കാതിരുന്ന നാലുമണിചെടികള്‍ ഇന്ന് പൂത്തിരിക്കുന്നു.ഇന്നത്തെ പോക്കുവെയിലിനു എന്തായിരുന്നു പ്രത്യേകത ?
ആ സ്ത്രീയുടെ മേല്‍വിലാസമോ ഫോണ്‍നമ്പരോ വാങ്ങിവയ്ക്കണ്ടതായിരുന്നു.നരേന്ദ്രന്‍ ഓര്‍ത്തു.ഒരുപക്ഷെ ആ മാനൂസ്ക്രിപ്പ്റ്റില്‍ കാണും.
ദിവസങ്ങള്‍ കടന്നു.ആ നോവലിന്റെ മാനുസ്ക്രിപ്പ്റ്റ് അയാളുടെ മേശപ്പുറത്തു തുറന്നുനോക്കാതെയിരുന്നു.ആ ദിവസങ്ങളില്‍ നാലുമണിപൂക്കള്‍ പൂത്തു ചുവന്നില്ല.അതയാള്‍ ശ്രദ്ധിച്ചില്ല.
ഇതിനിടയില്‍ ഒരുദിവസം കൂടി അവര്‍ വന്നു.അതും ഒരു വൈകുന്നേരമായിരുന്നു.അപ്പോള്‍ നരേന്ദ്രന്‍ പ്രസ് വാങ്ങാന്‍ വന്ന ഒരു പാര്‍ട്ടിയെ മെഷീനുകള്‍ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.നരേന്ദ്രന്‍ മുറിയില്‍ വന്നപ്പോഴേക്കും ഉമാദേവി പോയിരുന്നു.മുറിയില്‍ അപ്പോഴും മുല്ലപ്പൂവിന്റെ വാസനയുണ്ടായിരുന്നു.
കവര്‍ പൊട്ടിക്കാതെ മേശയില്‍ അന്ന് വച്ചത് പോലെയിരുന്ന നോവലിന്റെ മാനുസ്ക്രിപ്പ്റ്റ് കണ്ടപ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലായിക്കാണും.നരേന്ദ്രന്‍ നേരിയ നിരാശയോടെ വിചാരിച്ചു.
അന്നും നാലുമണിപ്പൂക്കള്‍ വൈകുന്നേരവെയിലില്‍ പൂത്തുനില്‍ക്കുന്നത് നരേന്ദ്രന്‍ കൗതുകത്തോടെ ശ്രദ്ധിച്ചു.അവര്‍ക്കും ആ പൂക്കളും തമ്മില്‍ എന്താണിത്ര ബന്ധം ?
സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതി തിരിച്ചുകയറാന്‍ കഴിയാത്തവിധം മോശമായി.സ്റ്റാഫിനെയെല്ലാം അയാള്‍ പറഞ്ഞുവിട്ടു.പ്രസ് വില്‍ക്കാന്‍ നോക്കിയിട്ട് ആവശ്യക്കാരില്ല.കച്ചവടക്കാര്‍ തീരെക്കുറഞ്ഞ വിലയാണ് പറയുന്നത്.വീടും സ്ഥലവും സഹിതം എല്ലാം വിറ്റാലും കടത്തിന്റെ നല്ലപങ്കും വീട്ടാന്‍ കഴിയില്ല.വല്ലാത്തൊരു നിരാശ അയാളെ പൊതിഞ്ഞു.അച്ഛനുണ്ടാക്കിയതെല്ലാം താന്‍ നശിപ്പിക്കുകയാണ്.ലോകത്ത് തനിച്ചായ ഒരു ചെറിയ പ്രസാധകന്റെ ആവശ്യമില്ലെന്ന് അയാള്‍ക്ക് തോന്നി.അങ്ങിനെയാണ് ഒരുച്ച നേരം മദ്യത്തില്‍ വിഷമരുന്ന് ചേര്‍ത്തു കഴിക്കാനായി അയാള്‍ തീരുമാനിച്ചത്.മീതൈല്‍ മെര്‍ക്കുറിയെന്ന മരുന്നായിരുന്നു അയാള്‍ തിരഞ്ഞെടുത്തത്.മദ്യത്തില്‍ ചേര്‍ത്ത്കഴിക്കുന്ന വിഷമെന്നു ഏതോ കുറ്റാന്വേഷണനോവലില്‍ അയാള്‍ വായിച്ചിരുന്നു.
അന്നായിരുന്നു മേശയിലിരുന്ന ആ മാനുസ്ക്രിപ്പ്റ്റ് അയാളുടെ കണ്ണില്‍പ്പെട്ടത്.ഒരു കൗതുകത്തിന് അയാള്‍ അത് തുറന്നു.വെളുത്തതാളുകളില്‍ നീല മഷി കൊണ്ട് കുനുകുനാ എഴുതിയ തുമ്പപ്പൂക്കളെ പോലെയുള്ള അക്ഷരങ്ങള്‍.അയാള്‍ക്ക് ഉമാദേവിയെ ഓര്‍മ്മവന്നു.
തീവ്രമായ ഒരു പ്രണയകഥയായിരുന്നു അത്.മാരകരോഗത്തിന് അടിമയായ സമ്പന്നയായ നായിക ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിക്കുന്നു ആരുമില്ലാത്ത അവളുടെ ദിനങ്ങൾ ദു:ഖഭരിതങ്ങളാണ്. പ്രണയമെന്നത് അവൾക്കു വെറുപ്പാണ്.അതിനിടയില്‍ താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാവുന്നത് അവള്‍ സ്വപ്നം കണ്ടു.അതോടെ മരിക്കുന്നതിനു മുന്‍പ് ഒരു കുഞ്ഞിനെവേണമെന്നും അമ്മയാവണമെന്നുമുള്ള മോഹം അവളില്‍ ശക്തമായി..തന്റെ ആഗ്രഹം തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും അവള്‍ അതിനായി ഒരു പ്രണയബന്ധം ആരംഭിക്കുന്നു. കാമുകന്‍ അവളുടെ അസുഖവിവരം അറിയാതെ അവളെ ആത്മാർത്ഥമായി പ്രണയിക്കുന്നു.ഒടുവില്‍ അയാളുടെ സ്നേഹത്തിന്റെ ഊഷ്മളതയിൽ അവളും പ്രണയത്തിന്റെ നീലക്കടലിൽ മുങ്ങാൻ തുടങ്ങുകയാണ് .
പതിനൊന്നു അദ്ധ്യായങ്ങള്‍ ആയിരുന്നു ആ നോവലില്‍ ഉണ്ടായിരുന്നത്.പന്ത്രണ്ടാമത്തെ അദ്ധ്യായം എന്ന് തലക്കെട്ട്‌ എഴുതിയ അവസാനതാള്‍ ശൂന്യമാണ്.തീരത്ത് ആഞ്ഞടിക്കുന്ന തിരകള്‍ തിരിച്ചുപോകാതെ ഉയര്‍ന്നുനില്‍ക്കുന്നതു പോലെ വല്ലാതെ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയില്‍ കഥ നിര്‍ത്തിയിരിക്കുന്നു.
എന്തായിരിക്കും അതിന്റെ അവസാനം ?
മരിക്കുമെന്ന് ഉറപ്പായതിനുശേഷം അമ്മയാകാന്‍ തീരുമാനിച്ച സ്ത്രീ.വ്യാജമായി അവള്‍ തുടങ്ങുന്ന പ്രണയം മരണത്തിനോട്‌ അടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നു.ആദ്യം മരണത്തെസ്നേഹിക്കുന്ന നായിക
ഒടുവിലെത്തുമ്പോള്‍ ജീവിതത്തെ വല്ലാതെ പ്രണയിക്കുവാന്‍ തുടങ്ങുന്നു.
എന്തായിരിക്കും ആ നായികക്കു സംഭവിച്ചിട്ടുണ്ടാകുക.?അവള്‍ മരിച്ചുവോ?അതോ അവള്‍ക്ക് അവള്‍ ആഗ്രഹിച്ച കുഞ്ഞുണ്ടായോ ?അങ്ങിനെ നിരാശപൂണ്ട ജീവിതത്തില്‍ തേടിവന്ന അപ്രിതിക്ഷിത സന്തോഷം അവളില്‍ അത്ഭുതങ്ങള്‍ സൃഷിച്ച് അവള്‍ക്ക് ജീവിതം തിരിച്ചുകിട്ടിയോ ?
പ്രസിദ്ധികരിച്ചിരുന്നുവെങ്കില്‍ ഈ കഥ വായനക്കാര്‍ നെഞ്ചിലേറ്റിയേനെ.അയാള്‍ ഉമാദേവിയുടെ ഫോണ്‍നമ്പര്‍ തിരഞ്ഞു.അതില്‍ വിലാസവും ഫോണ്‍നമ്പരും ഉണ്ടായിരുന്നില്ല.
അയാള്‍ക്ക് നെഞ്ചില്‍ വല്ലാത്തഭാരം തോന്നി.ഉറക്കം വരുന്നത് പോലെ.പകല്‍ക്കിനാവുകള്‍ പാതിമയക്കത്തില്‍ കൂട്കൂട്ടാന്‍ വരുന്ന തന്റെ അവസാനത്തെ ഉച്ചനേരം.വിഷക്കുപ്പിയില്‍ തലോടിക്കൊണ്ട് നരേന്ദ്രന്‍ ഉറക്കംതൂങ്ങി.
ആരുടെയോ കാലൊച്ച കേട്ടാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. പാതിതുറന്ന കണ്ണുകളില്‍ ഒരു ഇളംനീലനിറം അയാള്‍ കണ്ടു.മുറിയില്‍ മുല്ലപ്പൂവിന്റെ ഗന്ധം .
ഉമാദേവി.
അവര്‍ പരസ്പരം ചിരിച്ചു.
“നോവല്‍ ഞാന്‍ വായിച്ചു.വളരെ നല്ല എഴുത്ത്.വേറെ എവിടെയെങ്കിലും കൊടുത്തു അത് പ്രസിദ്ധികരിക്കണം.” അയാള്‍ പറഞ്ഞു.
“ഞാന്‍ നോവലിന്റെ കാര്യത്തിനല്ല വന്നത്.പ്രസ് കൊടുക്കാന്‍ പോവുകയാണ് എന്നറിഞ്ഞു.എനിക്ക് അതൊന്നു കാണണം.വാങ്ങാന്‍ താല്‍പര്യമുണ്ട്.” അവര്‍ പറഞ്ഞു.
അവരുടെ മറുപടി നരേന്ദ്രനെ ഞെട്ടിച്ചു.എങ്കിലും അയാള്‍ അവരെ പ്രസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ എഴുന്നേറ്റു.അതിനിടയില്‍ അയാള്‍ മറച്ചുവച്ച വിഷക്കുപ്പി കൈയില്‍നിന്ന് തട്ടിത്താഴെ മറിഞ്ഞു.അതിന്റെ ഗന്ധം. അവിടെപ്പരക്കാന്‍ തുടങി.
“മീതൈല്‍ മെര്‍ക്കുറി അല്ലെ ?” അവര്‍ ചോദിച്ചു.
അയാള്‍ അവളെ വിളറിയ ഒരു നോട്ടം മാത്രം നോക്കി.
“കുറ്റാന്വേഷണ നോവലുകളില്‍ പറയുന്ന പോലെ ഇതത്ര നല്ലവിഷം ഒന്നുമല്ല..” പിന്നെ അവള്‍ ഒരു നിമിഷം നിര്‍ത്തിയിട്ടു പറഞ്ഞു.
“ചിലപ്പോള്‍...ചിലപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്നും വരും.”അവരുടെ സ്വരം ഒരല്‍പം ഇടറിയോ എന്ന് നരേന്ദ്രന് തോന്നി.
അയാള്‍ അവരെക്കൂട്ടി പ്രസിലെക്ക് നടന്നു.മെഷീനുകളുടെ പേരും പ്രവര്‍ത്തനവും ഒക്കെ അയാള്‍ പറഞ്ഞുകൊടുത്തു.വലിയ മെഷീനുകള്‍ .മോട്ടോറുകള്‍.അവര്‍ക്കിടയില്‍ അവര്‍ രണ്ടുപേരും തനിച്ചുനിന്നു.ഓയിലിന്റെയും മഷിയുടെയും കടലാസിന്റെയും ഗന്ധം.പുറത്തു തിളയ്ക്കുന്ന വെയിലില്‍ ഒളിച്ചിരിക്കുന്ന പകല്‍.
“ഇത് ഞാന്‍ വാങ്ങാം. എന്റെ നോവല്‍ അച്ചടിക്കാന്‍...” അവര്‍ പറഞ്ഞു.
“ആ നോവലിന്റെ അവസാനത്തെ അദ്ധ്യായം എന്താണ് എഴുതാഞ്ഞത്?.നായികക്ക് എന്ത് സംഭവിച്ചു.?” നരേന്ദ്രന്‍ ചോദിച്ചു.
അവര്‍ അയാളുടെ അടുത്തേക്ക് ചേര്‍ന്ന് നിന്നു.പ്രസിലെ അച്ചടിഗന്ധത്തിന്റെ മുകളില്‍ മുല്ലപ്പൂവിന്റെ വാസന.അവളുടെ ചുവപ്പ് രാശിയോടിയ വിളറിയ ചുണ്ടില്‍ വിയര്‍പ്പ് തുള്ളികള്‍ തിളങ്ങി.
“നോവല്‍ അല്ലേ ..അതിന്റെ അവസാനം നമ്മളല്ലേ തീരുമാനിക്കുന്നത്‌.അത് എന്തുമാകാം..”അവള്‍ പറഞ്ഞു.
പെട്ടെന്ന് അവര്‍ പരസ്പരം ചുംബിച്ചു.അനിവാര്യമായയൊന്നു പോലെ അത് അവര്‍ക്കിടയില്‍ സംഭവിക്കുകയായിരുന്നു.ദീര്‍ഘനാള്‍ പരിചയമുള്ള കമിതാക്കള്‍ ജന്മങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നത് പോലെ അവര്‍ സ്നേഹം കൈമാറി.പുറത്തു പോക്കുവെയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ മരപ്പടര്‍പ്പുകളുടെ ഇരുണ്ട നിഴലുകളില്‍ പകലും കാറ്റും ഇണചേര്‍ന്നു.
അവള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തിരിഞ്ഞുനിന്ന് പറഞ്ഞു.
“ഇത് നിങളുടെ അവസാനത്തെ പകലല്ല.ആദ്യത്തെ പകലാണ്‌.”
അവള്‍ പോയതിനുശേഷം അയാള്‍ പുറത്തേക്കുനോക്കി.അന്ന് മാത്രം നാലുമണി പൂക്കള്‍ ചുവന്നു നില്‍ക്കുന്നത് കണ്ടില്ല.നരേന്ദ്രന് നിരാശതോന്നി.അയാള്‍ ചെടികളുടെ അരികിലേക്ക് ചെന്നു.അയാളെ അമ്പരിപ്പിച്ചുകൊണ്ട് ചെടികള്‍ക്കിടയില്‍ കുഞ്ഞിനെപോലെ ഒരു ചെറിയ പൂ മാത്രം വിടര്‍ന്നുനിന്നു. വെയിലില്‍നിന്ന് രക്ഷിക്കാനെന്ന പോലെ മറ്റുചെടികളുടെ ഇലകള്‍ ആ കൊച്ചുപൂവിന്റെമേല്‍ കുട വിരിച്ചു.മകളെയെന്ന പോലെ നരേന്ദ്രന്‍ മെല്ലെ അതിനെ തഴുകി.
(അവസാനിച്ചു )

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo