Slider

പേര് തന്ന പണി

0
പേര് തന്ന പണി
--------------------------
കാലത്ത് തന്നെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞു കോളേജിലേക്ക് പോകാനുള്ള പരിപാടി ആണ്. ഇന്ന് കോളേജിൽ ആദ്യത്തെ ദിവസമാ. സ്കൂൾ ജീവിതം കഴിഞ്ഞു ഡിപ്ലോമക്ക് തൃശൂർ എംടിഐയിൽ സീറ്റ് കിട്ടിയിരിക്കുന്നു. അന്നൊക്കെ അവിടെ സീറ്റ് കിട്ടുന്നത് തന്നെ വലിയ കാര്യമാ. അതിന്റെ അഹങ്കാരം ഒരു പിടി കൈയിൽ ഉണ്ടായിരുന്നു.
കണ്ണാടിയുടെ മുമ്പിൽ നിന്ന് മേക്കപ്പിന്റെ അവസാന മിനുക്കു പണി നടക്കുമ്പോൾ ചേച്ചി പുറകിൽ വന്നു നിന്നു.
നിന്നെ പെണ്ണ് കാണാൻ വല്ലവരും വരുന്നുണ്ടോ?
ഒരു ചമ്മിയ ചിരിയോടെ ഞാൻ തിരിഞ്ഞു. വായിൽ നാക്ക് ഐഎഎസ് കഴിഞ്ഞു നിൽക്കുന്നോണ്ട് ചമ്മൽ മറക്കാൻ ഞാൻ മറു ഡയലോഗ് ഇട്ടു.
എന്നെ പെണ്ണ് കാണാൻ വന്നാൽ പിന്നെ ചേച്ചി കെട്ടാമങ്ക ആയി പോവൂലെ...?
എന്നെ ഒന്നിരുത്തി നോക്കിയിട്ട് ചേച്ചി മറുപടി പറയാതെ പോയി. ഇറങ്ങാൻ നേരം അച്ഛന്റെ മുഖത്ത് നോക്കി അനുഗ്രഹിക്കണേ അച്ഛാ... എന്ന് പറയാതെ പറഞ്ഞു. അത് മനസ്സിലാക്കിയിട്ടെന്നോണം അച്ഛൻ ചിരിച്ചു.
അല്ലേലും അച്ഛനെന്നിൽ പണ്ടേ ഭയങ്കര വിശ്വാസമാ. എവിടെപ്പോയാലും ഞാൻ ഒരു കേടുംകൂടാതെ തിരിച്ച് വരും എന്ന് അച്ഛന് നല്ലവണ്ണം അറിയാം. പിന്നെ എന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാൽ ഇരുപത്തിനാലു മണിക്കൂർ തികക്കും മുന്നേ തിരിച്ച് വീട്ടിൽ കൊണ്ട് വിട്ടിട്ട് വീട്ടുകാർക്ക് ഒരു അവാർഡും കൊടുക്കും. അത്രക്കുണ്ട് എന്നെകൊണ്ട് ശല്യം. പക്ഷെ എനിക്കതിൽ പണ്ടേ അഭിമാനമായിരുന്നു.
കോളേജിൽ ചെന്ന് കേറിയപ്പോ തന്നെ കരുതി വച്ച ധൈര്യം ബലൂണിലെ കാറ്റ് പോകുംപോലെ പോയി. സൂപ്പർ സീനിയർസ് എല്ലാം ജൂനിയേഴ്സിനെ കൈയ്യോടെ പൊക്കാൻ റെഡി ആയി നിൽപ്പുണ്ട്. ചേട്ടന്മാരുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ എന്റെ കിളി എങ്ങോ പറന്നു പോയി. പിന്നെ അഭിനയത്തിൽ ഞാൻ ഓസ്കാർ വാങ്ങും എന്നുള്ളത്കൊണ്ട് മണിച്ചിത്രത്താഴിൽ ഇന്നസെന്റ് ഗണേഷിന്റെ സൈക്കിളിന്റെ പുറകിൽ ഇരിക്കുമ്പോൾ ഉള്ള പോലത്തെ എക്സ്പ്രെഷൻ ഇട്ട് ബലം പിടിച്ച് അങ്ങ് നടന്നു.
എന്റെ ഐശ്വര്യമുള്ള കാലുകൾ ആ മണ്ണിൽ പതിഞ്ഞത്കൊണ്ടാണോ എന്നറിഞ്ഞൂടാ.. അന്ന് കോളേജിൽ സമരം. ഞങ്ങൾ ഫസ്റ്റ് ഇയേഴ്സ് ഒക്കെ പെട്ടെന്ന് കോളേജിൽ നിന്നു എസ്‌കേപ്പ് ചെയ്യാൻ നോക്കുമ്പോ പിന്നിൽ നിന്നും ഒരു വിളി. ചേട്ടന്മാർ റാഗ് ചെയ്യാൻ പിടിച്ചതാണെന്ന് നല്ല ബോധ്യം ഉള്ളത്കൊണ്ട്. തത്കാലം ചെവികേൾക്കാത്ത അന്ധയെപ്പോലെ ഞാൻ നടന്നു.
നിക്കടി അവിടെ...
ചേട്ടന്മാർ കലിപ്പിലായി. എന്നെ വളഞ്ഞിട്ട് ആക്രമിക്കാൻ അവർ സജ്ജരായി. അല്ലേലും അങ്ങനാ... എന്റെ മോന്ത കണ്ടാൽ ആർക്കും ഒന്നും റാഗ് ചെയ്യാൻ തോന്നും. അപാര ധൈര്യം കാണും മുഖത്ത്. പക്ഷെ ഉള്ളിൽ ആലില പോലെ വിറക്കുന്നുണ്ടാവും. വായ തുറന്ന് എന്തെങ്കിലും മൊഴിഞ്ഞാൽ പിന്നെ പറയേം വേണ്ട. എടുത്തിട്ട് പെരുമാറിയിട്ടേ പിന്നെ ബാക്കി സംസാരം കാണൂ.
എന്തോന്നാടി നിന്റെ പേര്?
ഒരു വളിച്ച പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
ശാമിനി..
എന്തോ...?
ശാമിനി
എന്നാ ശാമിലി ഒരു പാട്ട് പാട്.
ചേട്ടാ... എന്റെ പേര് ശാമിനി എന്നാ...
ആണോ എന്നാ ശ്യാമിനി...
ചേട്ടാ ശ്യാമിനി അല്ല ശാമിനി.. ശാ... മിനി.
നിന്റെ പേരിന്റെ സ്പെല്ലിങ് പറ.
എസ് എ എം ഐ എൻ ഐ
അത് സാമിനി എന്നല്ലേ...
പക്ഷെ അങ്ങനെ എഴുതിയാലും വായിക്കേണ്ടത് അങ്ങനല്ല. (ഞാൻ രാപ്പകലിലെ മമ്മൂട്ടി ആയി; അന്ന് ഈ രാപ്പകൽ സിനിമ ഇറങ്ങീട്ട് കൂടിയില്ലാട്ടോ)
ശരിക്കും നിന്റെ പേര് എന്താ...
ശാമിനി
ചേട്ടന്മാർ മര്യാദക്ക് നാക്കു വടിക്കാതോണ്ടാണോ എന്നറിഞ്ഞുകൂടാ.. ഒറ്റ ഒരെണ്ണം ആ പേര് മര്യാദക്ക് പറഞ്ഞില്ല. ഒടുവിൽ കലി കയറിയ അവർ ഇങ്ങനെ മൊഴിഞ്ഞു.
മോളെ ശ്യാമിലി നിന്റെ പേര് എന്ത് കുന്തമായാലും ഞങ്ങൾ ഇന്ന് മുതൽ ശ്യാമള എന്ന് വിളിക്കും കേട്ടോടി...
വേറെ നിവൃത്തിയില്ലാതെ ആ പേര് ഞാൻ സ്വീകരിച്ചു. പക്ഷെ ആ കോഴ്സ് കഴിയുന്നേന് മുന്നേ എനിക്ക് പലപേരും വീണു.
ശ്യാമള, സ്റ്റാമിനി, ശ്യാമ, അങ്ങനെ പലതും... ദൈവം സഹായിച്ച് ആരും കൃത്യമായി എന്റെ പേര് വിളിച്ചില്ല.
അവന്മാർ റാഗ് ചെയ്ത ദേഷ്യവും പിന്നെ പേരെ പറഞ്ഞു പഠിപ്പിച്ചതിന്റെ ക്ഷീണവും കൊണ്ട് ഞാൻ ഭദ്രകാളി തുള്ളിയാ വീട്ടിൽ എത്തിയത്.
വന്നപാടെ എന്തോന്നാടി ഇത്ര കലി..
അമ്മയാ... കലി അടക്കാൻ ഇരയെ വീണു കിട്ടിയപ്പോ പിന്നെ വച്ച് താമസിപ്പിച്ചില്ല.. നാല് ചാട്ടം അമ്മേടെ നേരെ ചാടി. ഈ പേരിട്ടതിന് അന്നേരം എന്തൊക്കെ പറഞ്ഞു എന്ന് ഇപ്പൊ ഓർക്കാൻ പറ്റുന്നില്ല. ഒടുവിൽ അച്ഛൻ ആഗതനായി.
പാവം അച്ഛനാണ് എനിക്കീ പേരിട്ടത്. ചേച്ചിക്ക് ശാലിനി എന്ന് പേരിട്ടപ്പോ അതിനു ചേർച്ചയായിട്ട് ഇട്ടതാ. പക്ഷെ അതിൽ അച്ഛനൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നത്രെ.. അത് കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു.
എന്നെ ഒരു വക്കീൽ ആക്കാൻ അച്ഛന് ഉദ്ദേശമുണ്ടായിരുന്നെന്ന്. അഡ്വക്കറ്റ് ശാമിനി എന്ന് പറയാൻ നല്ല അന്തസ്സുണ്ടായിരുന്നത്രെ. പാവം അച്ഛൻ എത്ര നടക്കാത്ത ആഗ്രഹം. അച്ഛൻ ആഗ്രഹിച്ച പോലെ ഞാൻ വക്കീൽ ആയില്ലേലും വീട്ടിൽ എന്റെ കാര്യങ്ങൾ നടക്കാൻ എന്ത് മുട്ടുന്യായവും നുണയും പറഞ്ഞ് വാദിച്ച് ജയിക്കുമായിരുന്നു. കോടതിയിൽ അല്ലെങ്കിൽ എന്താ ഞാൻ വാദിക്കുന്നില്ലേ...
ഈ പേര് എനിക്ക് പിന്നെ ജോലി സ്ഥലത്തും പിന്നീട് പെണ്ണുകാണലിലും ഒക്കെ പണി തന്നുകൊണ്ടിരുന്നു.
ഒരിക്കൽ പെണ്ണുകാണാൻ ഒരു ചൊങ്കൻ ചെക്കൻ വന്നു. ഞങ്ങടെ ഭാഷയിൽ പറഞ്ഞാൽ ഒരു സിംപ്ലൻ. അവര് ജാതകം നോക്കാണ്ട് കല്യാണം കഴിക്കാൻ റെഡി ആണെന്ന് പറഞ്ഞോണ്ട് എല്ലാര്ക്കും വല്യ പ്രതീക്ഷ ഉണ്ടായിരുന്നു. ഞാനാണേൽ പെണ്ണ് കാണൽ ചടങ്ങു ഭംഗിയായി ആസ്വദിച്ചു വരികയായിരുന്നു.
അതെന്താണ് എന്ന് വച്ചാൽ പെണ്ണുകാണാൻ ആളുകൾ വരുമ്പോൾ അവർക്ക് കൊടുക്കാൻ പലഹാരങ്ങൾ വാങ്ങുന്ന ചടങ്ങുണ്ട്. എന്റെ ഇഷ്ടപെട്ട പലഹാരങ്ങൾ ലിസ്റ്റ് ഇട്ട് ഞാൻ അച്ഛനെക്കൊണ്ട് വാങ്ങിപ്പിക്കുമായിരുന്നു. എന്നിട്ട് പെണ്ണുകാണാൻ വരുന്നവർക്ക് മുമ്പിൽ ചായയോടൊപ്പം പലഹാരം വച്ച കൊടുത്തിട്ട് ഞാൻ പ്രാർത്ഥിക്കും. ഇവന്മാര് ഇതൊന്നും തിന്നാതെ പോകണേ... എന്ന്. കഷ്ടകാലത്തിനു ഏതെങ്കിലും ഒരുത്തൻ അതീന്നു വല്ലതും തിന്നിട്ടുണ്ടേൽ അതിന്റെ പണി അവനു പിറ്റേന്ന് തന്നെ കിട്ടികാണണം. പെണ്ണുകാണലും കഴിഞ്ഞു അവന്മാർ പോകുമ്പോൾ മുതൽ എന്റെ അടുത്ത പ്രാർത്ഥന തുടങ്ങും. ഈ കെട്ട് മുടങ്ങാൻ... എന്നിട്ട് അടുത്ത ടീമ് ഉടനെ വരണേ... എന്നും ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു.
എന്റെ വിളി ദൈവം കേട്ടുകൊണ്ടിരുന്ന കാലത്ത് വന്ന ഒരുത്തനാണ് നമ്മുടെ സിംപ്ലൻ. അവനു എന്റെ പേര് എത്ര പറഞ്ഞിട്ടും നേരെ ചൊവ്വേ പറയാൻ പറ്റണില്ല. അപ്പൊ തന്നെ ഞാൻ കരുതി ഇവന്റെ കൂടെ ജീവിക്കുന്ന കാര്യം നടപ്പില്ല എന്ന്. പക്ഷെ എല്ലാർക്കും ആ ബന്ധം നല്ല ഇഷ്ടമായിരുന്നു. അവനെന്റെ പേര് പിടിക്കാഞ്ഞിട്ടോ അതോ വിലപേശൽ സംഖ്യയിൽ തൃപ്തി വരാഞ്ഞിട്ടോ എന്തോ ആ ആലോചന മുടങ്ങി പോയി. അങ്ങനെ ഒരിക്കൽ കൂടി ദൈവം എന്റെ പ്രാർത്ഥന കേട്ടു.
ഒടുവിൽ കല്യാണം കഴിഞ്ഞു വിദേശത്തേക്ക് ചേക്കേറി. പിറ്റേന്ന് അടുത്ത സുഹൃത്തുക്കളുടെ വീട്ടിൽ പരിചയപ്പെടാൻ ചെന്നപ്പോ അവർ പേര് ചോദിച്ചു. ഇനിയും പണി വാങ്ങാൻ വയ്യാത്തത്കൊണ്ട് ഗസറ്റിൽ പരസ്യപ്പെടുത്താതെ ഞാൻ എന്റെ പേരങ്ങുമാറ്റി. ഇന്ദു എന്നാക്കി (വീട്ടിൽ അങ്ങനെയാ വിളിച്ചിരുന്നതേ..) . ഇപ്പൊ ഒരു ശല്യവുമില്ല. ഒരാളുപോലും രണ്ടാമത് പേര് ചോദിക്കില്ല. തെറ്റി പറയുകയുമില്ല. സ്വസ്ഥം. ആദ്യമേ ഇങ്ങനെന്തെങ്കിലും പേര് ഇട്ടാ പോരായിരുന്നോ...
നോട്ട്: എന്റെ പേര് ആരെങ്കിലും ഒന്നു ശരിക്ക് വിളിക്കുന്ന കേട്ടിട്ട് മരിച്ചാൽ മതിയായിരുന്നു.. ശാമിനി ശാ... മിനി.. ശാ... ശാ...

Samini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo